ജീവൻ—ദൈവത്തിൽനിന്നുള്ള ഒരു സമ്മാനം
ദിവസത്തിന്റെ ഇരുപത്തിനാലു മണിക്കൂറും നമ്മുടെ ഹൃദയം ശരീരത്തിലൂടെ വിലയേറിയ രക്തം പമ്പുചെയ്തുവിടുന്നു. നാം ഉറങ്ങുന്നു, അപ്പോഴും നമ്മുടെ ശ്വാസകോശങ്ങൾ വികസിക്കുന്നതിലും സങ്കോചിക്കുന്നതിലും തുടരുന്നു. നാം ഒരു ഭക്ഷണം കഴിക്കുന്നു, അനന്തരം ഭക്ഷണം താനേ ദഹിക്കുന്നു. ഇതെല്ലാം നമ്മുടെ ഭാഗത്തെ ബോധപൂർവമായ യാതൊരു ശ്രമവും കൂടാതെ എല്ലാ ദിവസവും നടക്കുന്നു. വളരെ അനായാസം ചിന്തകൂടാതെ അംഗീകരിക്കുന്ന ഈ ദുർഗ്രഹവും അത്ഭുതകരവുമായ പ്രക്രിയകൾ നാം ജീവൻ എന്നു വിളിക്കുന്ന സമ്മാനത്തിന്റെ ഭാഗമാണ്. ഒരർത്ഥത്തിൽ അത് അത്യത്ഭുതകരമെന്നു വിളിക്കാവുന്ന ഒരു സമ്മാനമാണ്.
മനുഷ്യഗർഭധാരണത്തിന്റെയും ജനനത്തിന്റെയും പ്രക്രിയയെക്കുറിച്ചു പരിചിന്തിക്കുക. ശരീരം സാധാരണഗതിയിൽ അന്യകലയെ പുറന്തള്ളുന്നുവെങ്കിലും ബീജസംയോജനം നടന്ന ഒരു അണ്ഡത്തിന്റെ കാര്യത്തിൽ ഗർഭാശയം വ്യത്യസ്തമായി പെരുമാറുന്നു. വളർന്നുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ അന്യകലയെന്ന നിലയിൽ പുറന്തള്ളുന്നതിനു പകരം അത് ഒരു ശിശുവായി പുറത്തുവരാൻ തയ്യാറാകുന്നതുവരെ ഗർഭാശയം അതിനെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. അന്യകലയെ പുറന്തള്ളുന്ന നിയമത്തിന് ഈ നിർണ്ണായകവ്യത്യസ്തത ഉളവാക്കാനുള്ള ഗർഭാശയത്തിന്റെ പ്രാപ്തിയില്ലായിരുന്നെങ്കിൽ മാനുഷജനനം അസാദ്ധ്യമാകുമായിരുന്നു.
അങ്ങനെയാണെങ്കിൽപോലും, ഒരു ഗർഭസ്ഥശിശുവിനു വെറും നാലുമാസം മാത്രം പ്രായമുള്ളപ്പോൾ ഗർഭാശയത്തിൽ നടക്കുന്ന ഒരു സംഭവവികാസം നിമിത്തമല്ലായിരുന്നെങ്കിൽ ഒരു നവജാതശിശുവിന്റെ ജിവിതകാലം ഹ്രസ്വമായിരിക്കുമായിരുന്നു. ആ സമയത്ത് അത് തള്ളവിരൽ നുണയാൻ തുടങ്ങുന്നു, പിന്നീട് അതിന്റെ മാതാവിന്റെ മുല കുടിക്കാൻ അതിനെ പ്രാപ്തമാക്കുന്ന മാംസപേശികൾക്കു വ്യായാമം കൊടുത്തുകൊണ്ടുതന്നെ. ഇത് ഒരു ശിശുവിന്റെ ജനനത്തിനു ദീർഘനാൾമുമ്പേ പരിഹരിക്കപ്പെടുന്ന അനേകം ജീവൻമരണ കാര്യങ്ങളിൽ ഒന്നുമാത്രമാണ്.
ഗർഭസ്ഥശിശു ഗർഭാശയത്തിലായിരിക്കുമ്പോൾ, അതിന്റെ ഹൃദയഭിത്തിയിൽ ഒരു ദ്വാരമുണ്ട്. എന്നിരുന്നാലും, ഈ ദ്വാരം ജനനസമയത്ത് താനേ അടയുന്നു. അതിനുപുറമേ, ഗർഭസ്ഥശിശു ഗർഭാശയത്തിലായിരിക്കെ, ശ്വാസകോശങ്ങളുടെ പാർശ്വത്തിലൂടെ ഒഴിഞ്ഞുമാറിപ്പോകുന്ന ഒരു വലിയ രക്തക്കുഴൽ ജനനസമയത്ത് താനേ ചുരുങ്ങുന്നു; ഇപ്പോൾ രക്തം ശ്വാസകോശങ്ങളിലേക്കു പോകുന്നു, ശിശു ആദ്യമായി ശ്വസിച്ചുതുടങ്ങുമ്പോൾ അവിടെ അതിന് പ്രാണവായുവുമായി രാസസംയോജനം സാധിക്കും.
ഇതെല്ലാം തുടക്കം മാത്രമാണ്. വിശിഷ്ടമായി രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ള വ്യൂഹങ്ങളുടെ (ശ്വസനം, രക്തപരിസഞ്ചരണം, നാഡി, അന്തഃസ്രാവിഗ്രന്ഥി എന്നിങ്ങനെയുള്ളവയുടെ) ഒരു പരമ്പര ജീവിതത്തിലുടനീളം മനുഷ്യഗ്രാഹ്യത്തെ അമ്പരിപ്പിക്കുന്ന കാര്യക്ഷമതയോടെ പ്രവർത്തിക്കുകയും അവയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യും—എല്ലാം ജീവന്റെ നിലനിൽപ്പിനുവേണ്ടിത്തന്നെ. ഒരു പുരാതന എഴുത്തുകാരൻ ദൈവത്തെ സംബന്ധിച്ച്: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു” എന്നു പറഞ്ഞത് അതിശയമല്ല.—സങ്കീർത്തനം 139:14.
ആ മനോഹരമായ വാക്കുകളുടെ എഴുത്തുകാരൻ ജീവൻ കേവലം അന്ധമായ പരിണാമാത്മകസംഭവ്യതയുടെയോ അവിചാരിതസംഭവത്തിന്റെയോ ഉത്പന്നം മാത്രമാണെന്നു വിശ്വസിച്ചില്ലെന്നു വ്യക്തമാണ്. വാസ്തവമതായിരുണെങ്കിൽ, നാം നമ്മുടെ ജീവിതത്തെ ഉപയോഗിക്കുന്ന വിധം സംബന്ധിച്ചു നമുക്കു യഥാർത്ഥമായ കടപ്പാടുകളോ ഉത്തരവാദിത്തങ്ങളോ ഉണ്ടായിരിക്കുമായിരുന്നില്ല. ഏതായാലും ജീവന്റെ മെക്കാനിസങ്ങൾ വ്യക്തമായി രൂപകല്പനയെ പ്രതിഫലിപ്പിക്കുന്നു, രൂപകല്പന ഒരു രൂപസംവിധായകന്റെ ആവശ്യമുളവാക്കുന്നു. ബൈബിൾ ഈ തത്വം വെക്കുന്നു: “ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവവും ചമെച്ചവൻ ദൈവം തന്നേ.” (എബ്രായർ 3:4) അതുകൊണ്ട് “യഹോവ തന്നേ ദൈവം എന്നറി”യുന്നതു മർമ്മപ്രധാനമാണ്. “അവൻ നമ്മെ ഉണ്ടാക്കി; നാം അവന്നുള്ളവർ ആകുന്നു.” (സങ്കീർത്തനം 100:3) അതെ, ജീവിതം അനുകൂലമായ ഒരു അവിചാരിതസംഭവമല്ല, അത് ദൈവത്തിൽനിന്നുതന്നെയുള്ള ഒരു സമ്മാനമാണ്.—സങ്കീർത്തനം 36:9.
വാസ്തവമതാകയാൽ, ജീവദാതാവിനോടു നമുക്ക് എന്തു കടപ്പാടുകളാണുള്ളത്? നാം നമ്മുടെ ജീവിതത്തെ എങ്ങനെ ഉപയോഗിക്കാൻ അവൻ പ്രതീക്ഷിക്കുന്നു? അടുത്ത ലേഖനത്തിൽ ഇവയും ബന്ധപ്പെട്ട ചോദ്യങ്ങളും പരിചിന്തിക്കപ്പെടും.