ജീവനാകുന്ന അമൂല്യ സമ്മാനത്തെ വിലമതിക്കൽ
ജീവൻ—എന്തൊരു അമൂല്യസ്വത്ത്! അതില്ലെങ്കിൽ നമുക്ക് യാതൊന്നും ചെയ്യാൻ കഴികയില്ല. അതു നഷ്ടപ്പെട്ടാൽ യാതൊരു മാനുഷമുഖാന്തരങ്ങളാലും അതു പുനഃസ്ഥാപിക്കുക സാധ്യമല്ല. നമ്മുടെ ജീവൻ അപകടത്തിലാണെങ്കിൽ, അതു സംരക്ഷിക്കുന്നതിനു നമുക്കു ന്യായമായി സാദ്ധ്യമായതെല്ലാം നാം ചെയ്യുന്നു. എന്തിന്, ചിലർ കഷ്ടപ്പാടനുഭവിക്കുമ്പോൾ, മനുഷ്യാതീത സഹായം അഭ്യർത്ഥിക്കുകപോലും ചെയ്യും!
സമുദ്രത്തിൽ ഒരു ശക്തമായ കൊടുങ്കാററിൽ അകപ്പെട്ട ഒരു കപ്പലിനെക്കുറിച്ചുള്ള ഒരു ബൈബിൾവിവരണം നാം ഓർക്കുന്നു. കപ്പൽ തകർന്നുപോകാറായപ്പോൾ, “കപ്പല്ക്കാർ ഭയപ്പെട്ടു ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു.” പിന്നീട് അവരെല്ലാം സത്യദൈവത്തോട്: “അയ്യോ യഹോവേ, . . . ഞങ്ങൾ നശിച്ചുപോകരുതേ” എന്നു നിലവിളിച്ചുപറഞ്ഞു. ബൈബിൾവിവരണം ഇങ്ങനെയും പറയുന്നു: “കപ്പലിന്നു ഭാരം കുറക്കേണ്ടതിന്നു അവർ അതിലെ ചരക്കു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു.”—യോനാ 1:4-6, 14; പ്രവൃത്തികൾ 27:18, 19 താരതമ്യം ചെയ്യുക.
ആ നാവികർ തങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള ശ്രമത്തിൽ പ്രിയങ്കരങ്ങളായ ഭൗതികസ്വത്തുക്കൾ ബലി ചെയ്യാൻപോലും തയ്യാറായിരുന്നു. നമുക്കു ഭൗതികസ്വത്തുക്കൾ വീണ്ടും നേടാൻ കഴിയും—എന്നാൽ ജീവൻ അങ്ങനെയല്ല. നാം നൈസർഗ്ഗികമായി നമ്മുടെ ജീവനെ സ്നേഹിക്കുന്നതുകൊണ്ടു നാം അപകടത്തിൽനിന്നു പിൻമാറുന്നു. നാം നമ്മുടെ ശരീരങ്ങളെ പോഷിപ്പിക്കുകയും ഉടുപ്പിക്കുകയും പോററുകയും ചെയ്യുന്നു. നാം രോഗികളായിരിക്കുമ്പോൾ വൈദ്യചികിത്സ തേടുന്നു.
എന്നിരുന്നാലും, ജീവദാതാവു നമ്മുടെ ആത്മസംരക്ഷകമായ സഹജവാസനകളെ കേവലം പിന്തുടരുന്നതിനെക്കാളധികം നമ്മോടാവശ്യപ്പെടുന്നു. ഏതായാലും, ജീവൻ അനർഘമായ ഒരു സമ്മാനമാണ്, അത് അഖിലാണ്ഡത്തിലെ അതിപ്രധാന വ്യക്തിയിൽനിന്നാണു വരുന്നത്. ദാതാവിനോടും ദാനത്തോടുമുള്ള ആത്മാർത്ഥമായ വിലമതിപ്പിൽനിന്നു നാം ജീവനെ പ്രിയങ്കരമായി കരുതേണ്ടയോ? അതിൽ മററുള്ളവരുടെ ജീവനോട് ആദരവുണ്ടായിരിക്കുന്നത് ഉൾപ്പെടുകയില്ലേ?
അപ്പോൾ, ദൈവം ഇസ്രയേൽ ജനതക്കു കൊടുത്ത ന്യായപ്രമാണത്തിൽ മററുള്ളവരുടെ ജീവനെയും ആരോഗ്യത്തെയും സംരക്ഷിക്കാനുദ്ദേശിച്ചിട്ടുള്ള കല്പനകൾ ഉൾപ്പെട്ടിരുന്നതു നമ്മെ അതിശയിപ്പിക്കരുത്. (പുറപ്പാട് 21:29; ആവർത്തനം 22:8) ഇന്നു ക്രിസ്ത്യാനികൾ അതുപോലെ സുരക്ഷിതത്വബോധമുള്ളവരായിരിക്കണം. ദൃഷ്ടാന്തത്തിന്, നിങ്ങളുടെ വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ, കുട്ടികൾ മുത്തുമണികളോ പിന്നുകളോ തുളഞ്ഞുകയറുന്ന വസ്തുക്കളോ ഉപയോഗിച്ചു ദോഷമറിയാതെ കളിക്കുന്നതോ അവ വിഴുങ്ങുന്നതോ ഗുരുതരമായ അപകടം വരുത്തിക്കൂട്ടാമെന്നിരിക്കെ, നിങ്ങൾ അങ്ങനെയുള്ള വസ്തുക്കൾ അവരുടെ എത്തുപാടിൽ അശ്രദ്ധമായി ഇടാറുണ്ടോ? അപകടകരമായ രാസവസ്തുക്കളും ഔഷധങ്ങളും കുട്ടികളുടെ എത്തുപാടിൽനിന്നു മാററി സൂക്ഷിക്കുന്നുവോ? തറയിൽ വെള്ളം തൂകുന്നുവെങ്കിൽ ഒരു അപകടത്തെ തടയത്തക്കവണ്ണം നിങ്ങൾ അതു പെട്ടെന്നു തുടച്ചുവൃത്തിയാക്കുന്നുവോ? നിങ്ങൾ കേടുബാധിച്ച ഉപകരണങ്ങൾ പെട്ടെന്നു നന്നാക്കുന്നതിൽ ശ്രദ്ധിക്കുന്നുവോ? നിങ്ങളുടെ വാഹനത്തിനു ക്രമമായി അററകുററപ്പണികൾ നടത്തുന്നുവോ? നിങ്ങൾ സുരക്ഷിതത്വബോധമുള്ള ഒരു ഡ്രൈവറാണോ? നിങ്ങൾ യഥാർത്ഥത്തിൽ ജീവന്റെ മൂല്യത്തെ വിലമതിക്കുന്നുവെങ്കിൽ നിങ്ങൾ ഈ മണ്ഡലങ്ങളിലും സമാനമായ മണ്ഡലങ്ങളിലും ന്യായമായ മുൻകരുതലുകൾ സ്വീകരിക്കാൻ പ്രേരിതരാകും.
എന്നിരുന്നാലും, ചിലർ സ്വന്തം ജീവനെപ്പോലും നിസ്സാരമായി കരുതുന്നു. ദൃഷ്ടാന്തത്തിന്, സിഗരററുവലി അനാരോഗ്യകരമാണെന്ന് ഇന്ന് അറിയാൻപാടില്ലാത്തതാർക്കാണ്? എന്നിട്ടും, ദശലക്ഷങ്ങൾ ആ ശീലത്തിന്റെ അടിമകളായിത്തീർന്നിരിക്കുന്നു, അതേസമയം അവർ വിഷമയമായ പുക വലിച്ചുകയററുന്ന ഓരോ പ്രാവശ്യവും അവരുടെ ആരോഗ്യം ക്ഷയിക്കുകയാണ്. മററു ചിലർ ലഹരിമരുന്നുകൾ ദുർവിനിയോഗം ചെയ്യുന്നു, വേറെ ചിലർ മദ്യം ദുരുപയോഗപ്പെടുത്തുന്നു, എല്ലാം അവർക്കു ഹാനികരം തന്നെ. എയ്ഡ്സ് അറിയപ്പെടുന്ന പ്രതിവിധിയില്ലാത്ത മാരകമായ ഒരു രോഗമാണ്. എന്നാൽ ലൈംഗികദുർമ്മാർഗ്ഗവും ചിലതരം മയക്കുമരുന്നുദുരുപയോഗവും രക്തപ്പകർച്ചകളും ഒഴിവാക്കിയിരുന്നെങ്കിൽ അനേകർക്ക് ഈ രോഗം പിടിപെടുന്നത് ഒഴിവാക്കാൻ കഴിയുമായിരുന്നു. ജീവനോടുള്ള വിലമതിപ്പിന്റെ ദാരുണമായ എന്തൊരഭാവം!—റോമർ 1:26, 27; 2 കൊരിന്ത്യർ 7:1.
മാററം സാദ്ധ്യം!
തങ്ങളുടെ മഹദ്സ്രഷ്ടാവായ യഹോവയെ വിലമതിക്കുന്നവർക്കു ജീവനെ വിലയേറിയതായി വീക്ഷിക്കാൻ ശക്തമായ ഒരു കാരണമുണ്ട്. ജീവൻ അവന്റെ പവിത്രമായ ഒരു സമ്മാനമാണ്. തന്നിമിത്തം അവർ അതിനെ ഒരു ദിവ്യസമ്മാനമായി കരുതാൻ ആവശ്യമായ ഏതു മാററങ്ങളും വരുത്താൻ സന്നദ്ധരാണ്. ഘാനായിലെ ഒരു അദ്ധ്യാപകനായ ക്വാക്കുവിന്റെ അനുഭവം പരിചിന്തിക്കുക. ഒരു ലക്കുകെട്ട മദ്യാസക്തനായിരുന്ന അയാൾ തന്റെ ജീവിതത്തെ പാഴാക്കുകയായിരുന്നു.
ക്വാക്കു ഇങ്ങനെ അനുസ്മരിക്കുന്നു: “എന്നെ ബഹുമാനിക്കാൻ ഞാൻ മിക്കപ്പോഴും എന്റെ ഭാര്യയെ നിർബന്ധിക്കാൻ ശ്രമിച്ചിരുന്നു, അതു മിക്കപ്പോഴും ചൂടുപിടിച്ച വാഗ്വാദങ്ങളിലേക്കും വഴക്കുകളിലേക്കും നയിച്ചു, വിശേഷാൽ ഞാൻ മദ്യപിച്ചിട്ടുള്ളപ്പോൾ. അമിത മദ്യാസക്തി നിമിത്തം എനിക്കു മിക്കപ്പോഴും പണമില്ലായിരുന്നു, കുടുംബത്തെ പോററുന്നതിനു പണം കരുതുന്നതിൽ ഞാൻ കൂടെക്കൂടെ വീഴ്ചവരുത്തി. ഇത് എന്റെ ഭാര്യയെ വളരെയധികം പ്രകോപിപ്പിച്ചതു മനസ്സിലാക്കാം. എനിക്കു പണമില്ലാതെവന്നപ്പോഴെല്ലാം (ഇതു വളരെ കൂടെക്കൂടെ സംഭവിച്ചിരുന്നു) എന്റെ മദ്യപാനശീലം നിലനിർത്താൻ എനിക്കു സാധിക്കുന്ന എന്തും ഞാൻ ചെയ്തു. ഒരിക്കൽ ഒരു പബ്ലിക്ക് പരീക്ഷക്കു കുട്ടികളടെ പേർ രജിസ്ററർചെയ്യാനുള്ള ഉദ്ദേശ്യത്തിൽ അവരിൽ നിന്നു ഞാൻ ശേഖരിച്ചിരുന്ന പണം വ്യക്തിപരമായി ഉപയോഗിക്കാൻ പോലും ഞാൻ മുതിർന്നു. ഞാൻ കുടിച്ചുമറിയുകയും എന്റെ കുടിയൻമാരായ സുഹൃത്തുക്കൾക്കുവേണ്ടി മദ്യം വാങ്ങുകയും ചെയ്തു. പെട്ടെന്നുതന്നെ ഞാൻ കണക്കുതീർക്കേണ്ട ദിവസം വന്നു. ഹെഡ്മാസ്ററർ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ എനിക്ക് എന്റെ ജോലി നഷ്ടപ്പെട്ടേനെ.
“എന്റെ ജീവിതം താറുമാറായിപ്പോയിരുന്നു. എനിക്കു ബുദ്ധിമുട്ടനുഭവപ്പെട്ടു, എന്നാൽ ഞാൻ പെട്ടെന്നുതന്നെ അതിനെ തരണംചെയ്തു. പിന്നീട് ഞാൻ ജീവിതത്തിൽ ഒരു പരാജയമാണെന്നു വിചാരിച്ചതുകൊണ്ടു ആത്മഹത്യ ചെയ്യാനുള്ള ചിന്തകൾ വളർത്താൻ തുടങ്ങി. അപ്പോഴും എനിക്കു മദ്യാസക്തിയിൽനിന്നു വിട്ടുമാറാൻ കഴിഞ്ഞില്ല. എന്നാൽ ഒരു ദിവസം ഒരു മദ്യശാലയിൽവെച്ചു ഞാൻ കുടിച്ചുമറിഞ്ഞു ബഹളമുണ്ടാക്കുകയും കുത്തേൽക്കുകയും ചെയ്തപ്പോൾ വേദനാജനകമായി എന്റെ മദ്യപ്രിയം ഒരു ദിവസം എന്റെ ജീവനെ നഷ്ടമാക്കുമെന്നുള്ള ബോധോദയം എനിക്കുണ്ടായി.
“ആ കാലത്ത്, യഹോവയുടെ സാക്ഷികൾ കാലികമായി ഞങ്ങളുടെ വീടു സന്ദർശിക്കുകയും ബൈബിളിൽ ഞങ്ങൾക്കു താത്പര്യമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്റെ ഭാര്യയും ഞാനും അവർ ഒരു ശല്യമാണെന്നു വിചാരിച്ചതുകൊണ്ട് എല്ലായ്പ്പോഴും അവരിൽനിന്ന് ഒഴിഞ്ഞുമാറി. എന്നിരുന്നാലും ഒരു ദിവസം സഹതാപം നിമിത്തം അവരെ ശ്രദ്ധിക്കാൻ ഞാൻ തീരുമാനിച്ചു. ബൈബിളിന്റെ ഒരു പഠനം പെട്ടെന്നുതന്നെ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ എന്നേക്കും ജീവിക്കുന്നതിന്റെ അത്ഭുതകരമായ പ്രത്യാശസംബന്ധിച്ച് എന്റെ കണ്ണു തുറന്നു. യഹോവയുടെ സാക്ഷികളുടെ സഹായത്തോടെ എത്രയധികം ഞാൻ ബൈബിൾ പഠിച്ചുവോ അത്രയധികം നമ്മുടെ ജീവദാതാവെന്ന നിലയിൽ യഹോവയോടും ജീവന്റെ സമ്മാനത്തോടുമുള്ള എന്റെ വിലമതിപ്പ് ആഴമേറിയതായിത്തീരുകയും ബൈബിൾബുദ്ധിയുപദേശത്തിന്റെ പ്രായോഗികതയിൽ എനിക്കു കൂടുതൽ മതിപ്പുളവാകുകയും ചെയ്തു. ഇത് എന്റെ ജീവിതത്തെ ശുദ്ധീകരിക്കാൻ എന്നെ കൂടുതലായി പ്രോൽസാഹിപ്പിച്ചു. അത് എളുപ്പമായിരുന്നില്ല, കാരണം ഞാൻ മദ്യത്തെയും അതുപോലെതന്നെ എന്റെ പഴയ സുഹൃത്തുക്കളെയും ചെറുത്തുനിൽക്കേണ്ടതുണ്ടായിരുന്നു. പ്രാർത്ഥനകേൾക്കുന്നവനായ യഹോവ എന്റെ ഹൃദയത്തിന്റെ ഉറപ്പു കാണുകയും എന്റെ പ്രാർത്ഥന കേൾക്കുകയും ചെയ്തു.a
“എന്റെ ഭാര്യ, യഹോവയുടെ സാക്ഷികളിലൊരാളല്ലെങ്കിലും, എന്റെ ജീവിതത്തിലും ദാമ്പത്യബന്ധത്തിലും അവൾ നിരീക്ഷിക്കുന്ന വലിയ പരിവർത്തനം നിമിത്തം എന്നെയും എന്റെ മതത്തെയും അതിയായി വിലമതിക്കുന്നു. എന്റെ ഭാര്യയും ഞാനും തമ്മിലുള്ള വഴക്കുകളിൽ അയൽക്കാർ മേലാൽ ഇടപെടേണ്ടയാവശ്യമില്ല. ഇപ്പോൾ ഞാൻ അനുഭവിക്കുന്ന മനഃസമാധാനത്തെ ഞാൻ വിലമതിക്കുന്നു. തീർച്ചയായും, യഹോവയാം ദൈവത്തെ നമ്മുടെ ജീവദാതാവായി വിലമതിക്കുന്നതും ജീവന്റെ അനർഘതയെ സംബന്ധിച്ച അവന്റെ വീക്ഷണം സ്വീകരിക്കുന്നതും ജീവിതവിധം സംബന്ധിച്ച അവന്റെ നിർദ്ദേശങ്ങളനുസരിക്കുന്നതുമാണ് പ്രയോജനകരമായ ഏക ജീവിതരീതി.”
നിത്യജീവന്റെ ദൈവികവാഗ്ദാനം
യഹോവയുടെ സാക്ഷികൾ “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരി”ക്കാൻ ക്വാക്കുവിനെപ്പോലെയുള്ള ആയിരങ്ങളെ സഹായിച്ചിട്ടുണ്ട്. (എഫേസ്യർ 4:24) അവർ ഇപ്പോഴത്തെ തങ്ങളുടെ ജീവനെ മാത്രമല്ല, ഒരു ഭൗമികപറുദീസയിലെ നിത്യജീവന്റെ പ്രത്യാശയെയും വിലമതിക്കാനിടയായിരിക്കുന്നു. ദൈവം നിർമ്മിക്കുന്ന ആ പറുദീസയിൽ യാതൊരു ഭൂവാസിക്കും നിരന്തരം ശല്യപ്പെടുത്തുന്ന വിശപ്പിന്റെ വേദനകൾ അനുഭവപ്പെടുകയില്ല, എന്തുകൊണ്ടെന്നാൽ “സൈന്യങ്ങളുടെ യഹോവ . . . സകല ജാതികൾക്കും മൃഷ്ട ഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും.”—യെശയ്യാവ് 25:6.
ഇപ്പോൾ, ജീവൻ അത്ഭുതകരമായ ഒരു സമ്മാനമാണെങ്കിലും, താത്കാലികമാണ്. സകലരും മരണത്തെ അഭിമുഖീകരിക്കുന്നു, മരണം എന്തൊരാഘാതമേൽപ്പിക്കുന്ന പ്രഹരമാണ്! ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും ജീവനുള്ളവരുടെ ഇടയിൽനിന്നു ശവക്കുഴിയുടെ മൂകതയിലേക്ക് അപ്രത്യക്ഷപ്പെടുന്നതു വളരെ ശോകാവഹമാണ്. എന്നാൽ ക്രിസ്തുവിനാൽ ഭരിക്കപ്പെടുന്ന ദൈവരാജ്യത്തിൻകീഴിൽ യഹോവയുടെ ഈ വാഗ്ദത്തം നിറവേറും: “ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4.
ആ കാലത്തു ജീവന്റെ സമ്മാനം അത്ഭുതകരമായ വിധത്തിൽ വെച്ചുനീട്ടപ്പെടും. ഈ ഭൂമിയിലെ അന്തിമ ഉപദ്രവത്തെ അതിജീവിക്കുന്നവർക്കു ജീവന്റെ പൂർണ്ണതയിലേക്കു പ്രവേശിക്കുന്നതിനുള്ള അവസരം ലഭിക്കും. അനന്തരം ജീവനിലേക്കുള്ള ഒരു തിരിച്ചുവരുത്തലായ പുനരുത്ഥാനം മുഖാന്തരം യഹോവയാം ദൈവം മരണത്തിൽ നിദ്രകൊള്ളുന്നവർക്കു തന്റെ അമൂല്യസമ്മാനം തിരികെ കൊടുക്കും. (യോഹന്നാൻ 5:24, 28, 29) ഇതു മരിച്ച പ്രിയപ്പെട്ടവരും ദൈവഭയമുണ്ടായിരുന്ന പുരാതനകാലത്തെ മനുഷ്യരും തിരിച്ചുവരുന്നതിനെ അർത്ഥമാക്കും!
ഇതെല്ലാം സത്യമായിരിക്കാൻ കഴിയാത്തവിധം മികച്ചതാണോ? അല്ല, കാരണം “ദൈവത്തിനു ഒരു കാര്യവും അസാദ്ധ്യമല്ല.”—ലൂക്കോസ് 1:37; ഇയ്യോബ് 42:2 താരതമ്യപ്പെടുത്തുക.
ഇതെല്ലാം നടക്കുമെന്നുള്ളതിനു യഹോവയാംദൈവം തന്നെ മനുഷ്യവർഗ്ഗത്തിന് ഒരു ഉറപ്പുനൽകിയിട്ടുണ്ട്. എങ്ങനെ? നമ്മെ പാപത്തിൽനിന്നും മരണത്തിൽനിന്നും വീണ്ടെടുക്കുന്നതിനു തന്റെ ഹൃദയത്തിന് അതിപ്രിയങ്കരനായവനെ, തന്റെ പ്രിയപുത്രനായ യേശുക്രിസ്തുവിനെ, ബലി ചെയ്തതിനാൽ. റോമർ 8:32 നമുക്ക് ഇങ്ങനെ ഉറപ്പുനൽകുന്നു: “സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നൽകാതിരിക്കുമോ?” ഇതിൽ ധാർമ്മികജീർണ്ണതയിൽനിന്നു മനുഷ്യവർഗ്ഗത്തെ ശുദ്ധീകരിക്കുന്നതും സകല രൂപങ്ങളിലുമുള്ള അനീതിയും കുററകൃത്യവും അക്രമവും നീക്കംചെയ്യുന്നതും ഉൾപ്പെടുമെന്നു ബൈബിൾ നമ്മോടു പറയുന്നു. (യെശയ്യാവ് 11:9) ഇനിയൊരിക്കലും ജീവനെ വിലയില്ലാത്തതായി വീക്ഷിക്കുകയില്ല.
ഇപ്പോൾപോലും, അപൂർണ്ണാവസ്ഥകളിൽ, ജീവൻ വളരെ ആസ്വദ്യമായിരിക്കാൻ കഴിയും. ഭക്ഷ്യവസ്തുക്കളുടെ കൊതിപ്പിക്കുന്ന വാസനയിലും ചൂടുള്ള ഒരു ദിവസത്തെ കുളിർകാററിലും ഒരു ഗംഭീരപർവതത്തിന്റെ കാഴ്ചയിലും ശോഭായമാനമായ ഒരു സൂര്യാസ്തമയത്തിലും ശാന്തമായി ഒഴുകുന്ന ഒരു അരുവിയിലും പുളകമണിയിക്കുന്ന വർണ്ണശോഭയുള്ള പുഷ്പങ്ങളിലും മധുരസംഗീതത്തിന്റെ മന്ദ്രനാദത്തിലും അല്ലെങ്കിൽ പക്ഷികളുടെ പാട്ടിലും ആരാണാഹ്ലാദിക്കാത്തത്? ഒരു നിമിഷം നിൽക്കുക. ചിന്തിക്കുക, അങ്ങനെയുള്ള കാര്യങ്ങൾ നിത്യതയിലെല്ലാം ആസ്വദിക്കുന്നത് എങ്ങനെയിരിക്കും?
അപ്പോൾ, നിരർത്ഥകവും സുഖലോലുപവുമായ ഒരു ജീവിതം നൽകിയേക്കാവുന്ന ഏതെങ്കിലും താത്ക്കാലിക ഉല്ലാസം നിമിത്തം എന്നേക്കും ജീവിക്കാനുള്ള അമൂല്യപദവി തള്ളിക്കളയുന്നതു ബുദ്ധിയായിരിക്കുമോ? (എബ്രായർ 11:25 താരതമ്യം ചെയ്യുക.) ജ്ഞാനപൂർവം ‘നമ്മുടെ ശിഷ്ടജീവിതകാലം മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവേഷ്ടത്തിനുവേണ്ടി ജീവിക്കാൻ’ ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (1 പത്രോസ് 4:2, NW) ദൈവവചനമായ ബൈബിൾ പഠിച്ചുകൊണ്ടും നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ പ്രായോഗികമാക്കിക്കൊണ്ടും അങ്ങനെ ചെയ്യാൻ ഞങ്ങൾ നിങ്ങളെ സസന്തോഷം പ്രോൽസാഹിപ്പിക്കുന്നു, അതെ ശക്തമായി ഉപദേശിക്കുന്നു. (യോഹന്നാൻ 13:17) അങ്ങനെ നിങ്ങൾ നൻമയും കരുണയും വഴിഞ്ഞൊഴുകുന്ന, നിങ്ങൾക്കു നിത്യജീവന്റെ പ്രതിഫലം നൽകാൻ കഴിയുന്ന, ദൈവമായ യഹോവയുമായുള്ള ഒരു നല്ല ബന്ധത്തിലേക്കു വരും!
[അടിക്കുറിപ്പ്]
a മദ്യാസക്തിയിൽനിന്നുള്ള മുക്തി ഏററം പ്രയാസമുള്ള ഒരു സംഗതിയാണ്, മിക്കപ്പോഴും വിദഗ്ദ്ധസഹായം ആവശ്യവുമാണ്. ഈ വിഷയംസംബന്ധിച്ച സഹായകമായ വിവരങ്ങൾക്കായി 1992 മെയ് 22-ലെ ഞങ്ങളുടെ ഉണരുക! (ഇംഗ്ലീഷ്) എന്ന കൂട്ടുമാസിക കാണുക.
[5-ാം പേജിലെ ചിത്രം]
നിങ്ങളുടെ ജീവിതരീതി ജീവനോടുള്ള വിലമതിപ്പിനെ പ്രതിഫലിപ്പിക്കുന്നുവോ?
[7-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകം ജീവിതോല്ലാസങ്ങൾ നിത്യമായി അനുഭവിക്കുന്നതിനു നമ്മെ അനുവദിക്കും!