“ദശാംശം മുഴുവൻ ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ”
“ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, . . . പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ.—മലാഖി 3:10.
1. (എ) പൊ.യു.മു. അഞ്ചാം നൂററാണ്ടിൽ യഹോവ തന്റെ ജനത്തിന് എന്തു ക്ഷണമാണു നൽകിയത്? (ബി) പൊ.യു. ഒന്നാം നൂററാണ്ടിൽ ന്യായവിധിക്കായി യഹോവ തന്റെ ആലയത്തിലേക്കു വന്നതിന് എന്തു ഫലമുണ്ടായി?
പൊ.യു.മു. അഞ്ചാം നൂററാണ്ടിൽ ഇസ്രയേല്യർ യഹോവയോട് അവിശ്വസ്തരായിരുന്നു. അവർ ദശാംശം നിർത്തിക്കളയുകയും ഊനമുള്ള മൃഗങ്ങളെ യാഗമർപ്പിക്കുന്നതിന് ആലയത്തിലേക്കു കൊണ്ടുവരികയും ചെയ്തിരുന്നു. എന്നുവരികിലും, അവർ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവന്നിരുന്നെങ്കിൽ അവർക്കു മതിയാകുവോളം അനുഗ്രഹം ചൊരിയുമായിരുന്നുവെന്ന് അവൻ വാഗ്ദാനം ചെയ്തു. (മലാഖി 3:8-10) ഏതാണ്ട് 500 വർഷങ്ങൾക്കുശേഷം, നിയമദൂതനെന്ന നിലയിൽ യേശുവിനാൽ പ്രതിനിധാനം ചെയ്യപ്പെട്ടുകൊണ്ട് യഹോവ ന്യായംവിധിക്കുന്നതിനു യെരുശലേമിലെ ആലയത്തിലേക്കു വന്നു. (മലാഖി 3:1) ഒരു ജനതയെന്ന നിലയിൽ ഇസ്രയേൽ കുറവുള്ളതായി കാണപ്പെട്ടു, എന്നാൽ യഹോവയിലേക്കു മടങ്ങിവന്ന വ്യക്തികൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു. (മലാഖി 3:7) അവർ യഹോവയുടെ ആത്മീയ പുത്രൻമാർ, ഒരു പുതിയ സൃഷ്ടി, “ദൈവത്തിന്റെ ഇസ്രയേൽ” ആയിത്തീരാൻ അഭിഷേകം ചെയ്യപ്പെട്ടവരായിരുന്നു.—ഗലാത്യർ 6:16; റോമർ 3:25, 26.
2. മലാഖി 3:1-10-നു എപ്പോഴായിരുന്നു രണ്ടാം നിവൃത്തി ഉണ്ടാകേണ്ടിയിരുന്നത്, ഇതിനോടുള്ള ബന്ധത്തിൽ എന്തു ചെയ്യാനാണ് നാം ക്ഷണിക്കപ്പെടുന്നത്?
2 ഇതിന് ഏതാണ്ട് 1,900 വർഷങ്ങൾക്കുശേഷം, 1914-ൽ യേശു ദൈവത്തിന്റെ സ്വർഗ്ഗീയ രാജ്യത്തിന്റെ രാജാവായി സിംഹാസനസ്ഥനാക്കപ്പെട്ടു. മലാഖി 3:1-10-ലെ ദിവ്യനിശ്വസ്ത വചനങ്ങൾക്ക് ഒരു രണ്ടാം നിവൃത്തി ഉണ്ടാകാനിരിക്കയായിരുന്നു. ഈ രോമാഞ്ചജനകമായ സംഭവത്തോടുള്ള ബന്ധത്തിൽ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരാൻ ഇന്നു ക്രിസ്ത്യാനികളെ ക്ഷണിച്ചിരിക്കുന്നു. നാം അങ്ങനെ ചെയ്യുന്നെങ്കിൽ, മതിയാകുവോളം അനുഗ്രഹങ്ങൾ നാമും ആസ്വദിക്കും.
3. യഹോവക്കു മുമ്പാകെ വഴിയൊരുക്കിയ ദൂതൻ ആരായിരുന്നു, (എ) ഒന്നാം നൂററാണ്ടിൽ? (ബി) ഒന്നാം ലോകമഹായുദ്ധത്തിനുമുമ്പ്?
3 ആലയത്തിലേക്കുള്ള തന്റെ വരവിനെ സംബന്ധിച്ചു യഹോവ ഇങ്ങനെ പറഞ്ഞു: “ഇതാ! എനിക്കു മുമ്പായി വഴി നിരത്തേണ്ടതിനു ഞാൻ എന്റെ ദൂതനെ അയക്കുന്നു”. ഇതിന്റെ ഒന്നാം നൂററാണ്ടിലെ നിവൃത്തിയെന്നവണ്ണം പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കണമെന്നു പ്രസംഗിച്ചുകൊണ്ട് ഇസ്രയേലിലേക്കു യോഹന്നാൻ സ്നാപകൻ വന്നു. (മർക്കൊസ് 1:2, 3) തന്റെ ആലയത്തിലേക്കുള്ള യഹോവയുടെ രണ്ടാം വരവിനോടുള്ള ബന്ധത്തിൽ ഒരു പ്രാഥമിക ഒരുക്കൽവേല ഉണ്ടായിരുന്നോ? ഉണ്ടായിരുന്നു. ഒന്നാം ലോകയുദ്ധത്തിനു മുമ്പത്തെ പതിററാണ്ടുകളിൽ നിർമ്മലമായ ബൈബിൾതത്ത്വങ്ങൾ പഠിപ്പിച്ചുകൊണ്ടും ത്രിത്വം, തീനരകം എന്നീ പഠിപ്പിക്കലുകൾപോലെ ദൈവത്തെ അവമാനിക്കുന്ന വ്യാജങ്ങളെ തുറന്നുകാട്ടിക്കൊണ്ടും ബൈബിൾ വിദ്യാർത്ഥികൾ ലോകരംഗത്തു പ്രത്യക്ഷപ്പെട്ടു. ജാതികളുടെ കാലങ്ങൾ 1914-ൽ അവസാനിക്കുമെന്നും അവർ മുന്നറിയിപ്പു മുഴക്കിയിരുന്നു. സത്യത്തിന്റെ പ്രകാശവാഹകരായ ഇവരോട് അനേകർ പ്രതികരിച്ചു.—സങ്കീർത്തനം 43:3; മത്തായി 5:14, 16.
4. കർത്താവിന്റെ നാളിൽ ഏതു പ്രശ്നം പരിഹരിക്കേണ്ടിയിരുന്നു?
4 ബൈബിൾ പരാമർശിക്കുന്ന “കർത്തൃദിവസ”ത്തിനു തുടക്കം കുറിച്ചതു 1914 എന്ന വർഷമാണ്. (വെളിപ്പാടു 1:10) “വിശ്വസ്തനും വിവേകിയുമായ അടിമ”യെ തിരിച്ചറിയുന്നതും അവനെ (യജമാനനുള്ള) “സകലത്തിൻമേലും” നിയമിക്കുന്നതും ഉൾപ്പെടെ ആ ദിവസത്തിൽ ചരിത്രപ്രധാനമായ സംഭവങ്ങൾ നടക്കേണ്ടിയിരുന്നു. (മത്തായി 24:45-47) മുമ്പ് 1914-ൽ ആയിരക്കണക്കിനു സഭകൾ ക്രിസ്തീയമെന്ന് അവകാശപ്പെട്ടു. യജമാനനായ യേശുക്രിസ്തു തന്റെ വിശ്വസ്തനും വിവേകിയുമായ അടിമയായി ഏതു കൂട്ടത്തെയായിരിക്കും അംഗീകരിക്കുക? യഹോവ ആലയത്തിലേക്കു വന്നപ്പോൾ ആ പ്രശ്നത്തിന് തീർപ്പുകൽപ്പിക്കേണ്ടിയിരുന്നു.
ആത്മീയ ആലയത്തിലേക്കുള്ള വരവ്
5, 6. (എ) ഏത് ആലയത്തിലേക്കാണു യഹോവ ന്യായവിധിക്കായി വന്നത്? (ബി) ക്രൈസ്തവലോകത്തിനു യഹോവയിൽനിന്നു എന്തു ന്യായവിധി ഉണ്ടായി?
5 എന്നിരുന്നാലും ഏത് ആലയത്തിലേക്കാണ് അവിടുന്നു വന്നത്? വ്യക്തമായും യെരുശലേമിലുള്ള ഒരു അക്ഷരീയ ആലയത്തിലേക്കല്ല. അത്തരം ആലയങ്ങളിൽ അവസാനത്തേതു പൊ.യു. 70-ൽ നശിപ്പിക്കപ്പെട്ടു. എന്നുവരികിലും, യെരൂശലേമിലുള്ള ആലയം മുൻനിഴലാക്കിയ ഒരു മഹത്തരമായ ആലയം യഹോവക്കുണ്ട്. പൗലോസ് ഈ മഹത്തരമായ ആലയത്തെക്കുറിച്ചു പറയുകയും വിശുദ്ധ സ്ഥലം സ്വർഗ്ഗത്തിലുള്ളതും പ്രാകാരം ഭൂമിയിലുള്ളതുമായ അതു യഥാർത്ഥത്തിൽ എത്ര മഹത്വമുള്ളതാണെന്നു പ്രകടമാക്കുകയും ചെയ്തു. (എബ്രായർ 9:11, 12, 24; 10:19, 20) ഈ മഹത്തായ ആത്മീയ ആലയത്തിലേക്കാണു യഹോവ ന്യായവിധിവേല നിർവഹിക്കുന്നതിനു വന്നത്.—വെളിപ്പാടു 11:1; 15:8 താതമ്യംചെയ്യുക.
6 ഇത് എപ്പോഴാണ് സംഭവിച്ചത്? ലഭ്യമായ ഗണ്യമായ തെളിവുകളനുസരിച്ച്, 1918-ൽa ഫലമെന്തായിരുന്നു? ക്രൈസ്തവലോകത്തെ സംബന്ധിച്ചാണെങ്കിൽ, രക്തം പുരണ്ട കൈകളുള്ള ഒരു സ്ഥാപനത്തെ, സമ്പന്നരോടു മൈത്രീബന്ധം പുലർത്തുകയും ദരിദ്രരെ പീഡിപ്പിക്കുകയും ശുദ്ധാരാധന നടത്തുന്നതിനു പകരം വിജാതീയ തത്ത്വങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്ന, ഈ ലോകത്തോടു വ്യഭിചാരം ചെയ്ത, ഒരു ദുഷിച്ച മതസമൂഹത്തെയാണ് യഹോവ കണ്ടത്. (യാക്കോബ് 1:27; 4:4) മലാഖി മുഖേന യഹോവ ഇപ്രകാരം മുന്നറിയിപ്പു നൽകി: “ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും.” (മലാഖി 3:5) ക്രൈസ്തവലോകം ഇതും ഇതിലധികം വഷളായതും ചെയ്തിരുന്നു. ആയിരത്തിത്തൊള്ളായിരത്തിപ്പത്തൊൻപതോടെ വ്യാജമതങ്ങളുടെ ലോകവ്യാപക സൗധമായിരിക്കുന്ന മഹാബാബിലോനിൽ ശേഷിച്ചവയോടൊപ്പം അവളെ നാശത്തിനു വിധിച്ചിരിക്കുന്നു എന്നു വ്യക്തമായി കാണപ്പെട്ടു. അപ്പോൾമുതൽ നീതിഹൃദയരായവരോട് ഈ ആഹ്വാനമുണ്ടായി: “എന്റെ ജനമായുള്ളോരേ, അവളെ വിട്ടുപോരുവിൻ.”—വെളിപ്പാടു 18:1, 4.
7. യേശു തന്റെ വിശ്വസ്തനും വിവേകിയുമായ അടിമയായി അംഗീകരിച്ചത് ആരെയാണ്?
7 എങ്കിൽപിന്നെ ആരാണ് ഈ വിശ്വസ്തനും വിവേകിയുമായ അടിമ? ഒന്നാം നൂററാണ്ടിൽ അതു യോഹന്നാൻ സ്നാപകന്റെയും നിയമദൂതനായ യേശുക്രിസ്തുവിന്റെയും സാക്ഷ്യവേലയോടു പ്രതികരിച്ച ചെറിയ കൂട്ടത്തോടെ തുടങ്ങി. നമ്മുടെ നൂററാണ്ടിൽ, അത് 1914 വരെയുള്ള വർഷങ്ങളിൽ ബൈബിൾ വിദ്യാർത്ഥികളുടെ പ്രാഥമിക വേലയോടു പ്രതികരിച്ച ഏതാനും ആയിരങ്ങളായിരുന്നു. അവർ ഒന്നാം ലോകമഹായുദ്ധകാലത്തു കഠിനമായ പരിശോധനകളെ സഹിച്ചുനിൽക്കുകയും തങ്ങളുടെ ഹൃദയം യഹോവയോടൊപ്പമാണെന്നു പ്രകടമാക്കുകയും ചെയ്തു.
ഒരു ശുചീകരണ വേല
8, 9. ആയിരത്തിത്തൊള്ളായിരത്തിപ്പതിനെട്ടിൽ വിശ്വസ്തനും വിവേകിയുമായ അടിമക്ക് ഏതു വിധങ്ങളിലാണു ശുദ്ധീകരണം ആവശ്യമായിരുന്നത്, ഇതിനോടുള്ള ബന്ധത്തിൽ യഹോവ എന്തു വാഗ്ദാനമാണു ചെയ്തത്?
8 എന്നാൽ, ഈ കൂട്ടത്തിനുപോലും ശുദ്ധീകരണം ആവശ്യമായിരുന്നു. തങ്ങളിലേക്കുതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ചിലർ വിശ്വാസത്തിന്റെ ശത്രുക്കളായി മാറുകയും അവരെ തുടച്ചുനീക്കേണ്ടിവരികയും ചെയ്തു. (ഫിലിപ്പിയർ 3:18) മററു ചിലർ യഹോവയെ സേവിക്കുന്നതിൽ ഉൾപ്പെട്ടിരുന്ന ഉത്തരവാദിത്വങ്ങൾ വഹിക്കുന്നതിനു മനസ്സില്ലാത്തവരായിരിക്കുകയും ഒഴുകിപ്പോകുകയും ചെയ്തു. (എബ്രായർ 2:1) അതു കൂടാതെ, തുടച്ചുമാറേറണ്ടതാവശ്യമായിരുന്ന ബാബിലോന്യ ആചാരങ്ങൾ അവശേഷിക്കുന്നുണ്ടായിരുന്നു. വിശ്വസ്തനും വിവേകിയുമായ അടിമ സംഘടനാപരമായും ശുദ്ധീകരിക്കപ്പെടേണ്ടിയിരുന്നു. ഈ ലോകത്തോടുള്ള ബന്ധത്തിൽ, ഒരു ഉചിതമായ, നിഷ്പക്ഷമായ ഒരു നിലപാടു മനസ്സിലാക്കുകയും ബാധകമാക്കുകയും ചെയ്യേണ്ടിയിരുന്നു. ലോകം കൂടുതൽ കൂടുതൽ ദുഷിച്ചതായിത്തീർന്നപ്പോൾ, ധാർമ്മികവും ആത്മീയവുമായ അശുദ്ധി സഭകളിൽ നിന്നു അകററിനിർത്തുന്നതിനു കഠിന പോരാട്ടം നടത്തേണ്ടത് അവർക്ക് ആവശ്യമായിവന്നു.—യൂദാ 3, 4 താരതമ്യംചെയ്യുക.
9 അതേ, ശുദ്ധീകരണം ആവശ്യമായിരുന്നു, എങ്കിലും സിംഹാസനസ്ഥനാക്കപ്പെട്ട യേശുവിനെക്കുറിച്ചു യഹോവ സ്നേഹപൂർവ്വം ഇങ്ങനെ വാഗ്ദാനം ചെയ്തിരുന്നു: “അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രൻമാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയിൽ യഹോവെക്കു വഴിപാടു അർപ്പിക്കും.” (മലാഖി 3:3) യഹോവ നിയമദൂതൻ മുഖേന 1918-ൽ തുടങ്ങി തന്റെ വാഗ്ദാനം നിവർത്തിക്കുകയും തന്റെ ജനത്തെ ശുദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
10. ദൈവത്തിന്റെ ജനം ഏതുതരം വഴിപാടാണു കൊണ്ടുവന്നത്, യഹോവ അവർക്ക് ഏതു ക്ഷണം നൽകി?
10 ക്രിസ്തുവിന്റെ അഭിഷിക്ത സഹോദരൻമാരും പിന്നീടു യഹോവയുടെ സേവനത്തിൽ അവരോടു ചേർന്ന മഹാപുരുഷാരവുമെല്ലാം, വെള്ളി ശുദ്ധീകരിക്കുന്നവനും നിർമ്മലീകരിക്കുന്നവനും എന്ന നിലയിൽ യഹോവ പ്രവർത്തിച്ചതിൽനിന്നു പ്രയോജനമനുഭവിച്ചു. (വെളിപ്പാടു 7:9, 14, 15) ഒരു സംഘടനയെന്നനിലയിൽ ഒരു നീതിപൂർവമായ വഴിപാട് അർപ്പിച്ചുകൊണ്ട് അവർ വന്നു, ഇപ്പോഴും വരുന്നു. അവരുടെ വഴിപാട് “പുരാതന കാലത്തെന്നപോലെയും പണ്ടത്തെ ആണ്ടുകളിലെന്നപോലെയും യഹോവെക്കു പ്രസാദകര”മാണ്. (മലാഖി 3:4) ഇവരെയാണ് യഹോവ പ്രാവചനികമായി ഇങ്ങനെ ക്ഷണിച്ചത്: “എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ; ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”—മലാഖി 3:10.
വഴിപാടുകളും ദശാംശങ്ങളും
11. മോശയുടെ ന്യായപ്രമാണപ്രകാരമുള്ള വഴിപാടുകൾ മേലാൽ ആവശ്യമില്ലാത്തത് എന്തുകൊണ്ട്?
11 മലാഖിയുടെ നാളിൽ ജനങ്ങൾ ധാന്യം, പഴം, മൃഗം മുതലായവ പോലുള്ള അക്ഷരീയ വഴിപാടുകളും ദശാംശങ്ങളും കൊണ്ടുവന്നു. യേശുവിന്റെ നാളിൽപോലും വിശ്വസ്തരായ ഇസ്രയേല്യർ ആലയത്തിൽ അക്ഷരീയ വഴിപാടുകൾ നടത്തിയിരുന്നു. എന്നിരുന്നാലും, യേശുവിന്റെ മരണശേഷം അതെല്ലാം മാറിപ്പോയി. പ്രത്യേക വസ്തുക്കളുടെ വഴിപാടും ദശാംശവും അർപ്പിക്കണമെന്ന കല്പന ഉൾപ്പെടെയുള്ള ന്യായപ്രമാണം നീക്കിക്കളഞ്ഞു. (എഫെസ്യർ 2:15) യേശു ന്യായപ്രമാണത്തിൻ കീഴിലെ വഴിപാടുകളുടെ പ്രാവചനിക മാതൃകയെ നിവർത്തിച്ചു. (എഫെസ്യർ 5:2; എബ്രായർ 10:1, 2, 10) അങ്ങനെയെങ്കിൽ ക്രിസ്ത്യാനികൾക്ക് എങ്ങനെ വഴിപാടുകളും ദശാംശങ്ങളും കൊണ്ടുവരാൻ കഴിയും?
12. ഏതുതരം ആത്മീയ വഴിപാടുകളും യാഗങ്ങളുമാണ് ക്രിസ്ത്യാനികൾ അർപ്പിക്കുന്നത്?
12 അവർക്കു വഴിപാടുകൾ പ്രധാനമായും ആത്മീയമായ തരത്തിലുള്ളതാണ്. (ഫിലിപ്പിയർ 2:17; 2 തിമൊഥെയോസ് 4:6 താരതമ്യം ചെയ്യുക.) ഉദാഹരണത്തിന്, “അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏററുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക” എന്നു പൗലോസ് പറഞ്ഞപ്പോൾ പ്രസംഗവേലയെക്കുറിച്ച് അത് ഒരു വഴിപാടായിരിക്കുന്നതായിട്ടാണ് അദ്ദേഹം പ്രസ്താവിച്ചത്. “നൻമ ചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുത്. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്” എന്നു പൗലോസ് ഉദ്ബോധിപ്പിച്ചപ്പോൾ അദ്ദേഹം മറെറാരുതരം ആത്മീയ യാഗത്തിലേക്കു വിരൽ ചൂണ്ടി. (എബ്രായർ 13:15, 16) പയനിയർ സേവനത്തിൽ പ്രവേശിക്കാൻ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുമ്പോൾ അവർ അവരെ യഹോവക്ക് അർപ്പിക്കുകയാണെന്നു പറയാൻ കഴിയും. ഇത് ഏറക്കുറെ യിഫ്താഹ് തനിക്കു വിജയം നൽകിയ ദൈവത്തിനു തന്റെ മകളെ “ഒരു ഹനനയാഗമായി” അർപ്പിച്ചതുപോലെ തന്നെയാണ്.—ന്യായാധിപൻമാർ 11:30, 31, 39.
13. ക്രിസ്ത്യാനികൾ തങ്ങളുടെ വരുമാനത്തിന്റെ അക്ഷരാർത്ഥത്തിലുള്ള പത്തിലൊന്നു കൊടുക്കേണ്ടതില്ലാത്തതിന്റെ കാരണമെന്ത്?
13 എന്നിരുന്നാലും ദശാംശത്തെ സംബന്ധിച്ചെന്ത്? ക്രൈസ്തവലോകത്തിലെ ചില സഭകളിൽ ചെയ്യുന്നതിനു സമാനമായി, തങ്ങളുടെ ഭൗതിക വരുമാനത്തിന്റെ പത്തിലൊന്നു മാററിവെക്കാനും അതു യഹോവയുടെ സ്ഥാപനത്തിനു നൽകാനും ക്രിസ്ത്യാനികൾ കടപ്പെട്ടവരാണോ? അല്ല, അതിന്റെ ആവശ്യമില്ല. ക്രിസ്ത്യാനികൾക്ക് ഇതുപോലൊരു നിയമത്തെക്കുറിച്ചു പ്രസ്താവിക്കുന്ന യാതൊരു തിരുവെഴുത്തുമില്ല. യഹൂദ്യയിലെ മുട്ടുള്ളവർക്കുവേണ്ടി പൗലോസ് സംഭാവനകൾ ശേഖരിച്ചപ്പോൾ, നൽകേണ്ട ഒരു ക്ലിപ്ത ശതമാനം അവൻ സൂചിപ്പിച്ചില്ല. മറിച്ച് അവൻ ഇങ്ങനെ പറഞ്ഞു: “അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:7) പ്രത്യേക ശുശ്രൂഷകളിലുള്ളവരെക്കുറിച്ച് പറയവെ, ചിലരൊക്കെ സ്വമേധയാ സംഭാവനകളാൽ ഉചിതമായിത്തന്നെ സഹായിക്കപ്പെട്ടപ്പോൾ താൻ വേല ചെയ്യാനും തന്നേത്തന്നെ പോററാനും തയ്യാറായിരുന്നുവെന്നു പൗലോസ് പ്രകടമാക്കി. (പ്രവൃത്തികൾ 18:3, 4; 1 കൊരിന്ത്യർ 9:13-15) ഈ ഉദ്ദേശ്യത്തിനായി ദശാംശം ഒന്നും ചുമത്തിയിരുന്നില്ല.
14. (എ) ദശാംശം കൊണ്ടുവരുന്നതു യഹോവക്കു നാം എല്ലാം കൊടുക്കുന്നതിനെ പ്രതിനിധാനം ചെയ്യാത്തത് എന്തുകൊണ്ട്? (ബി) ദശാംശം എന്തിനെ ചിത്രീകരിക്കുന്നു?
14 വ്യക്തമായും, ദശാംശം ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം എന്തോ ഒന്നിനെ പ്രതീകപ്പെടുത്തുന്നു അല്ലെങ്കിൽ പ്രതിനിധാനം ചെയ്യുന്നു. അതു പത്തിലൊന്നായതിനാലും പത്തെന്ന സംഖ്യ ബൈബിളിൽ മിക്കപ്പോഴും ഭൗമിക പൂർണ്ണതയെ സൂചിപ്പിക്കുന്നതിനാലും ദശാംശം നമുക്കുള്ളതെല്ലാം യഹോവക്കു നൽകുന്നതിനെ ചിത്രീകരിക്കുന്നുവോ? ഇല്ല. നാം നമ്മേത്തന്നെ യഹോവക്കു സമർപ്പിക്കുകയും അതു ജലസ്നാപനത്താൽ ലക്ഷ്യപ്പെടുത്തുകയും ചെയ്യുമ്പോഴാണ് നാം നമുക്കുള്ളതെല്ലാം അവനു നൽകുന്നത്. നമ്മുടെ സമർപ്പണസമയം മുതൽ യഹോവയുടേതല്ലാത്തത് ഒന്നും നമുക്കില്ല. എന്നുവരികിലും തങ്ങൾക്കുള്ളതിനെ ക്രമപ്പെടുത്താൻ അവൻ വ്യക്തികളെ അനുവദിക്കുന്നു. നമുക്കു യഹോവയോടുള്ള സ്നേഹത്തിന്റെയും നാം അവനുള്ളവരാണെന്നുള്ള വസ്തുതയുടെ തിരിച്ചറിയലിന്റെയും ഒരു സൂചനയെന്നനിലയിൽ നാം നമുക്കുള്ളതിൽനിന്നു യഹോവക്കായി കൊണ്ടുവരുന്ന അഥവാ യഹോവയുടെ സേവനത്തിൽ ഉപയോഗിക്കുന്ന അംശത്തെയാണ് ദശാംശം പ്രതിനിധാനം ചെയ്യുന്നത്. ആധുനികകാല ദശാംശം പത്തിലൊന്നുതന്നെയായിരിക്കണമെന്നില്ല. ചിലപ്പോൾ അതു കുറവായിരുന്നേക്കാം, ചിലപ്പോൾ അതു കൂടുതലായിരുന്നേക്കാം. ഓരോ വ്യക്തിയും തന്റെ ഹൃദയം തന്നെ നിർബന്ധിക്കുന്നതും തന്റെ സാഹചര്യങ്ങൾ അനുവദിക്കുന്നതും കൊണ്ടുവരുന്നു.
15, 16. നമ്മുടെ ആത്മീയ ദശാംശത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
15 ഈ ആത്മീയ ദശാംശത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണ്? ഒരു സംഗതി, യഹോവക്കു നാം നമ്മുടെ സമയവും ഊർജ്ജവും കൊടുക്കുന്നതാണ്. യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും വയൽസേവനത്തിലും നാം ചെലവഴിക്കുന്ന സമയമെല്ലാം യഹോവക്കു നാം കൊടുക്കുന്നതാണ്—നമ്മുടെ ദശാംശത്തിന്റെ ഒരു ഭാഗംതന്നെ. രോഗികളെ സന്ദർശിക്കുന്നതിനും മററുള്ളവരെ സഹായിക്കുന്നതിനുംവേണ്ടി നാം ചെലവഴിക്കുന്ന സമയവും ഊർജ്ജവും—ഇവയും നമ്മുടെ ദശാംശത്തിന്റെ ഭാഗമാണ്. രാജ്യഹാളുകൾ പണിയുന്നതിൽ സഹായിക്കുന്നതും ഹാളിന്റെ കേടുപോക്കലിലും ശുചീകരണത്തിലും പങ്കുചേരുന്നതും അതുപോലെ ഒരു ഭാഗം തന്നെയാണ്.
16 നമ്മുടെ ദശാംശത്തിൽ സാമ്പത്തിക സംഭാവനകളും ഉൾപ്പെടുന്നു. യഹോവയുടെ സ്ഥാപനത്തിന്റെ ഈ അടുത്ത കാലത്തെ അസാധാരണമായ വളർച്ചയോടൊപ്പം സാമ്പത്തിക ബാധ്യതകളും വർദ്ധിച്ചിട്ടുണ്ട്. പുതിയ രാജ്യഹാളുകളും ബ്രാഞ്ച് സൗകര്യങ്ങളും സമ്മേളനഹാളുകളും ആവശ്യമാണ്. ഇതിനോടകം പണികഴിപ്പിച്ചിട്ടുള്ളവ നന്നായി നിലനിർത്തുകയും വേണം. പലപ്പോഴും വ്യക്തിപരമായ വലിയ ത്യാഗങ്ങൾ ചെയ്തുകൊണ്ടു പ്രത്യേക സേവനങ്ങളിൽ സ്വയം ലഭ്യമാക്കിയിട്ടുള്ളവരുടെ ചെലവുകൾ വഹിക്കുന്നതും അതിശക്തമായ ഒരു വെല്ലുവിളി സൃഷ്ടിക്കുന്നു. മിഷനറിമാരെയും സഞ്ചാരമേൽവിചാരകൻമാരെയും പ്രത്യേക പയനിയർമാരെയും മാത്രം സംരക്ഷിക്കുന്നതിന് 1991-ൽ 400 ലക്ഷം ഡോളറിലധികം ചെലവിട്ടു. ഇതെല്ലാം സ്വമേധയാ സംഭാവനകളിലൂടെയാണ് ലഭ്യമായത്.
17. നമ്മുടെ ആത്മീയ ദശാംശമെന്നനിലയിൽ നാം എന്താണു നൽകേണ്ടത്?
17 നമ്മുടെ ആത്മീയ ദശാംശമായി നാം എന്തുമാത്രം കൊടുക്കണം? യഹോവ ഒരു ശതമാനവ്യവസ്ഥ വെക്കുന്നില്ല. എന്നുവരികിലും, ഒരു സമർപ്പണബോധം, യഹോവയോടും സഹോദരങ്ങളോടും ഉള്ള ആത്മാർത്ഥമായ സ്നേഹം, ജീവൻ രക്ഷിക്കപ്പെടേണ്ട ആളുകൾ ഉണ്ടെന്ന ഒരു അടിയന്തിര ബോധം എന്നിവ നമ്മുടെ മുഴു ആത്മീയ ദശാംശവും കൊണ്ടുവരാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. കഴിവിന്റെ പരമാവധി യഹോവയെ സേവിക്കാൻ നമുക്കു നിർബന്ധം തോന്നുന്നു. നാം ലുബ്ധു കാണിക്കുകയോ നമ്മെത്തന്നെയോ നമ്മുടെ സ്വത്തുക്കളെയോ പിറുപിറുപ്പോടെ കൊടുക്കുകയോ ചെയ്യുന്നുവെങ്കിൽ അതു ദൈവത്തിൽനിന്നു കവർന്നെടുക്കുന്നതിനു തുല്യമായിരിക്കും.—ലൂക്കൊസ് 21:1-4 താരതമ്യം ചെയ്യുക.
മതിയാകുവോളം അനുഗ്രഹിക്കപ്പെടുന്നു
18, 19. തങ്ങളുടെ മുഴുദശാംശവും കൊണ്ടുവന്നതിനാൽ യഹോവയുടെ ജനം എങ്ങനെയാണ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത്?
18 ആയിരത്തിത്തൊള്ളായിരത്തിപ്പത്തൊൻപതു മുതൽ യഹോവയുടെ ജനം പ്രസംഗവേലയുടെ ആവശ്യത്തിനുവേണ്ടി തങ്ങളുടെ സമയംകൊണ്ടും ഊർജ്ജംകൊണ്ടും സാമ്പത്തിക വിഭവങ്ങൾകൊണ്ടും ഔദാര്യത്തോടെ പ്രതികരിച്ചിട്ടുണ്ട്. അവർ യഥാർത്ഥത്തിൽ മുഴു ദശാംശവും ഭണ്ഡാരത്തിലേക്കു കൊണ്ടുവന്നിട്ടുണ്ട്. തൽഫലമായി, യഹോവ തന്റെ വാഗ്ദാനം നിവർത്തിക്കുകയും മതിയാകുവോളം അനുഗ്രഹം വർഷിക്കുകയും ചെയ്തിരിക്കുന്നു. ഇത് അവരുടെ സംഖ്യാവർദ്ധനവിൽ ഏററവും നാടകീയമായി കാണപ്പെടുന്നു. യഹോവ തന്റെ ആലയത്തിലേക്കു വന്ന 1918-ൽ അവനെ സേവിച്ചിരുന്ന ഏതാനും ആയിരങ്ങളായിരുന്ന അഭിഷിക്തരിൽനിന്ന് ഇന്ന് അഭിഷിക്തരും അവരുടെ സഹകാരികളായ വേറെ ആടുകളും ചേർന്നു 229 രാജ്യങ്ങളിലായി നാൽപതുലക്ഷത്തിലും വളരെ കൂടിയ സംഖ്യയായി വളർന്നിരിക്കുന്നു. (യെശയ്യാവു 60:22) ഇവർ സത്യത്തിന്റെ ഗ്രാഹ്യത്തിന്റെ തുടർച്ചയായ വർദ്ധനവിനാലും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പ്രവാചക വചനം അവർക്കു കൂടുതൽ ഉറപ്പുള്ളതായിത്തീർന്നിരിക്കുന്നു. യഹോവയുടെ ഉദ്ദേശ്യങ്ങളുടെ നിവർത്തിയിലുള്ള അവരുടെ വിശ്വാസം ഉറപ്പായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. (2 പത്രൊസ് 1:19) അവർ സത്യമായും “യഹോവയാൽ പഠിപ്പിക്കപ്പെട്ട” ഒരു ജനമാണ്.—യെശയ്യാവു 54:13.
19 മലാഖിയിലൂടെ യഹോവ മറെറാരു അനുഗ്രഹവുംകൂടെ മുൻകൂട്ടിപ്പറഞ്ഞു: “യഹോവാഭക്തൻമാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തൻമാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കുംവേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.” (മലാഖി 3:16) ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന സകല സ്ഥാപനങ്ങളിലുംവെച്ചു യഹോവയുടെ സാക്ഷികൾ മാത്രമെ അവന്റെ നാമത്തെക്കുറിച്ചു ചിന്തിക്കുകയും ജാതികളുടെയിടയിൽ അതിനെ മഹത്വീകരിക്കുകയും ചെയ്യുന്നുള്ളു. (സങ്കീർത്തനം 34:3) യഹോവ അവരുടെ വിശ്വസ്തത ഓർക്കുന്നുവെന്ന ഉറപ്പ് അവർക്കു ലഭിക്കുന്നതിൽ അവർ എത്ര സന്തുഷ്ടരാണ്!
20, 21. (എ) ഏത് അനുഗ്രഹിക്കപ്പെട്ട ബന്ധമാണ് സത്യക്രിസ്ത്യാനികൾ ആസ്വദിക്കുന്നത്? (ബി) ക്രിസ്ത്യാനിത്വത്തെ സംബന്ധിച്ച് എന്തു വ്യത്യാസം കൂടുതൽ കൂടുതൽ വ്യക്തമായി വരുന്നു?
20 അഭിഷിക്ത ശേഷിപ്പു യഹോവയുടെ പ്രത്യേക ജനമാണ്, അവരോടു സഹവസിക്കാൻ കൂടിവരുന്ന മഹാപുരുഷാരം അവരോടൊപ്പം ശുദ്ധാരാധനയുടെ അനുഗ്രഹങ്ങൾ കൊയ്യുന്നു. (സെഖര്യാവു 8:23) മലാഖിയിലൂടെ യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ ‘അവർ എനിക്കു ഒരു നിക്ഷേപം ആയിരിക്കും’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ‘ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും.’” (മലാഖി 3:17) യഹോവക്ക് അവരോട് ഇത്ര വാത്സല്യപൂർവമുള്ള പരിഗണന ഉണ്ടായിരിക്കുന്നത് എന്തൊരനുഗ്രഹമാണ്!
21 തീർച്ചയായും, സത്യക്രിസ്ത്യാനികളും വ്യാജക്രിസ്ത്യാനികളും തമ്മിലുള്ള വ്യത്യാസം അധികമധികം പ്രകടമായി വരികയാണ്. യഹോവയുടെ ജനം അവന്റെ നിലവാരത്തിലെത്താൻ കഠിനശ്രമം ചെയ്യുമ്പോൾ ക്രൈസ്തവലോകം അശുദ്ധിയാകുന്ന ഈ ലോകത്തിന്റെ ചതുപ്പിൽ കൂടുതൽ കൂടുതൽ താഴ്ന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. സത്യമായി, യഹോവയുടെ വാക്കുകൾ വാസ്തവമാണെന്നു തെളിഞ്ഞിരിക്കുന്നു: “അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുമുള്ള വ്യത്യാസം വീണ്ടും കാണും.”—മലാഖി 3:18.
22. മുഴുദശാംശവും കൊണ്ടുവരുന്നതിൽ തുടരുന്നെങ്കിൽ നമുക്ക് ആസ്വദിക്കാമെന്ന് ഉറപ്പുണ്ടായിരിക്കാവുന്ന അനുഗ്രഹങ്ങൾ ഏവ?
22 പെട്ടെന്നുതന്നെ, വ്യാജക്രിസ്ത്യാനികളുമായി കണക്കുതീർക്കുന്നതിനുള്ള ദിവസം വരും. “‘ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിചെയ്യുന്നു.” (മലാഖി 4:1) ആ സമയത്ത്, യഹോവ തന്റെ ആത്മീയ ജനത്തെ പൊ.യു. 70-ൽ സംരക്ഷിച്ചതുപോലെ തങ്ങളെ സംരക്ഷിക്കുമെന്നു യഹോവയുടെ ജനത്തിനറിയാം. (മലാഖി 4:2) ആ ഉറപ്പുണ്ടായിരിക്കുന്നതിൽ അവർ എത്ര സന്തുഷ്ടരാണ്! അതിനാൽ, ആ സമയംവരെ മുഴു ദശാംശവും ഭണ്ഡാരത്തിലേക്കു കൊണ്ടുവന്നുകൊണ്ടു നമുക്കോരോരുത്തർക്കും യഹോവയോടുള്ള വിലമതിപ്പും സ്നേഹവും പ്രകടമാക്കാം. അപ്പോൾ നമുക്കു മതിയാകുവോളം യഹോവ നമ്മെ അനുഗ്രഹിക്കുന്നതിൽ തുടരുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.
[അടിക്കുറിപ്പുകൾ]
a കൂടുതൽ വിവരങ്ങൾക്ക് 1987 ജൂൺ 15-ലെ വാച്ച്ടവർ 14-20 പേജുകൾ കാണുക.
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ ആധുനിക നാളിൽ, യഹോവ തന്റെ നിയമദൂതനുമായി ആലയത്തിലേക്കു വന്നത് എന്നാണ്?
◻ വിശ്വസ്തനും വിവേകിയുമായ അടിമ ആരാണ്, 1918-നു ശേഷം എന്തു ശുദ്ധീകരണമാണ് അവർക്ക് ആവശ്യമായിവന്നത്?
◻ സത്യക്രിസ്ത്യാനികൾ യഹോവക്കു കൊണ്ടുവരുന്ന ആത്മീയവഴിപാടുകൾ ഏതു തരത്തിലുള്ളതാണ്?
◻ ക്രിസ്ത്യാനികൾ ഭണ്ഡാരത്തിലേക്കു കൊണ്ടുവരാൻ ക്ഷണിക്കപ്പെട്ടിരിക്കുന്ന ദശാംശം എന്താണ്?
◻ ആത്മീയ ദശാംശങ്ങൾ അർപ്പിക്കുന്നതിനാൽ എന്തനുഗ്രഹങ്ങളാണു ദൈവത്തിന്റെ ജനം ആസ്വദിക്കുന്നത്?
[15-ാം പേജിലെ ചിത്രം]
രാജ്യഹാളുകൾ നിർമ്മിക്കുന്നതിനു നമ്മുടെ ആരോഗ്യവും ഊർജ്ജവും അർപ്പിക്കുന്നതും ആത്മീയ ദശാംശങ്ങളിൽ ഉൾപ്പെടുന്നു
[16-ാം പേജിലെ ചിത്രം]
യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കുന്നതിനാൽ രാജ്യഹാളുകളും സമ്മേളനഹാളുകളും ഉൾപ്പെടെ വളരെയധികം നിർമ്മാണം ആവശ്യമായി വന്നിരിക്കുന്നു