“ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനുകൾ
യഹോവയാൽ പഠിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാവരും “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനുകൾക്കുവേണ്ടി താത്പര്യപൂർവ്വം നോക്കിപ്പാർത്തിരിക്കുന്നു. ഈ നാലു ദിവസത്തെ പരിപാടി വ്യക്തിപരമായ പ്രശ്നങ്ങളും ലോകകുഴപ്പങ്ങളും പെരുകിവരുന്ന ഇക്കാലത്തു ക്രിസ്ത്യാനികളെ സംരക്ഷിക്കുന്ന തിരുവെഴുത്തുബോധനത്തിന്റെ സാർത്ഥകമായ വശങ്ങളെ പ്രദീപ്തമാക്കും. ‘പത്ഥ്യോപദേശത്തിനു വിപരീതമായ എന്തി’നെയും ചെറുത്തുനിൽക്കുന്നതിനും ദൈവവചനത്തിന്റെ നല്ല ഉപദേഷ്ടാക്കളായിത്തീരുന്നതിനും പരിപാടി അവരെ സഹായിക്കും.—1 തിമൊഥെയൊസ് 1:10.
നമുക്ക് അനുകരിക്കുന്നതിന് എന്തു നല്ല ദൃഷ്ടാന്തങ്ങളാണ് ഉള്ളത്! ഏററവും മഹാനായ ഉപദേഷ്ടാവു യഹോവയാം ദൈവമല്ലാതെ മററാരുമല്ല! അതിനാൽ, യഹോവയാണു “ഭൂമിയിലെ മൃഗങ്ങളെക്കാൾ നമ്മെ പഠിപ്പിക്കുന്നവനും ആകാശത്തിലെ പക്ഷികളെക്കാൾ നമ്മെ ജ്ഞാനികളാക്കുന്നവനും” എന്ന് എലീഹു ശരിയായി ഇയ്യോബിനോടു പറഞ്ഞു. അദ്ദേഹം യഹോവയെക്കുറിച്ച്: “അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?” എന്നു ചോദിക്കുകയും ചെയ്തു. (ഇയ്യോബ് 35:10, 11; 36:22) യെശയ്യാവു 30:20-ൽ (NW) ദൈവത്തെ “മഹാനായ ഉപദേഷ്ടാവ്” എന്നു പരാമർശിച്ചിരിക്കുന്നു.
ഒരു ഉപദേഷ്ടാവെന്ന നിലയിൽ യഹോവയുടെ അടുത്ത സ്ഥാനം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനാണ്. അവിടുന്നു “ഗുരു” എന്നും “ഉപദേഷ്ടാവ്” എന്നും അറിയപ്പെട്ടിരുന്നു, അപ്രകാരം സുവിശേഷങ്ങളിൽ ഏതാണ്ട് 50 പ്രാവശ്യം പരാമർശിച്ചിരിക്കുന്നു. യേശുവിന്റെ വികാരോദ്ദീപകമായ അനവധി സൗഖ്യമാക്കലുകളും മററത്ഭുതങ്ങളും ഉണ്ടായിരുന്നിട്ടും അവിടുന്നു വൈദ്യൻ എന്നല്ല, ഗുരുവെന്നും ഉപദേഷ്ടാവെന്നുമാണ് അറിയപ്പെട്ടത്.—മത്തായി 8:19; ലൂക്കൊസ് 5:5; യോഹന്നാൻ 13:13.
ഏററവും ചേർച്ചയായി, താൻ ആയിരുന്നതുപോലെതന്നെ ഉപദേഷ്ടാക്കളായിരിക്കാൻ യേശു തന്റെ ശിഷ്യൻമാരെയും അപ്പോസ്തലൻമാരെയും പഠിപ്പിച്ചു. നമുക്കിതു മത്തായി 10:5 മുതൽ 11:1 വരെയും ലൂക്കൊസ് 10:1-11-ലും കാണാൻ കഴിയും. സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നതിനു തൊട്ടുമുമ്പ്, യേശു മത്തായി 28:19, 20-ൽ രേഖപ്പെടുത്തിയിരിക്കുന്ന സുപ്രസിദ്ധ പഠിപ്പിക്കൽ ദൗത്യം നൽകി. യേശുവിന്റെ ആദ്യകാല ശിഷ്യൻമാർ ഈ പഠിപ്പിക്കൽ ദൗത്യം എത്ര തീക്ഷ്ണമായും വിദഗ്ദ്ധമായും വിശ്വസ്തമായും നിർവ്വഹിച്ചുവെന്നു പ്രവൃത്തികളുടെ പുസ്തകവും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ അതിനുശേഷമുള്ള നിശ്വസ്ത ലേഖനങ്ങളും പ്രതിപാദിക്കുന്നു.
ഈ പഠിപ്പിക്കൽവേല മുമ്പെന്നത്തെക്കാളും ഇന്ന് ഏറെ അടിയന്തിരമാണ്. നാം ഈ വ്യവസ്ഥിതിയുടെ അവസാന നാളുകളിലാണു ജീവിക്കുന്നത്, അതുകൊണ്ടു നമ്മുടെ ജീവൻ ഉൾപ്പെട്ടിരിക്കുന്നു. ആളുകൾ മഹാബാബിലോന്റെ പാപങ്ങളിൽ ഓഹരിക്കാരാകാതിരിക്കാനും അവളുടെ ബാധകളുടെ പങ്കു ലഭിക്കാതിരിക്കാനും മഹാബാബിലോനിൽനിന്നു പുറത്തുവന്നുകൊണ്ടു യഹോവക്കും അവിടുത്തെ രാജ്യത്തിനുംവേണ്ടി നിലകൊള്ളുന്നതിന് അവരെ പഠിപ്പിക്കുകയും സഹായിക്കുകയും വേണം.—വെളിപ്പാടു 18:4.
തങ്ങളുടെ പഠിപ്പിക്കൽ ദൗത്യം നിറവേററുന്നതിനുള്ള യഹോവയുടെ സാക്ഷികളുടെ ശ്രമങ്ങളിൽ അവരെയെല്ലാം സഹായിക്കുന്നതിനു യഹോവ തന്റെ സ്ഥാപനത്തിലൂടെ “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനുകൾ ഒരുക്കിയിരിക്കുന്നു. ഈ ചതുർദിന കൺവെൻഷനുകൾ ഇൻഡ്യയിൽ സെപ്ററംബറിൽ തുടങ്ങും. വ്യാഴാഴ്ച ഉച്ചതിരിഞ്ഞുള്ള പ്രാരംഭഗീതവും പ്രാർത്ഥനയും മുതൽ ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള സമാപന പ്രാർത്ഥനവരെ സന്നിഹിതനായിരിക്കുകയും ശ്രദ്ധിക്കുകയും ചെയ്തുകൊണ്ട് ഈ കൺവെൻഷനുകളിൽ ഒന്നിലെങ്കിലും സംബന്ധിക്കുന്നു എന്നു യഹോവക്കു സമർപ്പിതരായ എല്ലാ ദാസൻമാരും ഉറപ്പുവരുത്തട്ടെ.