ദിവ്യ ബോധനം വിജയിക്കുന്നു
“നിങ്ങളുടെ കണ്ണുകൾ നിങ്ങളുടെ മഹാ ഉപദേഷ്ടാവിനെ കാണുന്ന കണ്ണുകളായിത്തീരണം. ‘എന്റെ ജനമേ, വഴി ഇതാണ്. ഇതിൽ നടന്നുകൊൾവിൻ’ എന്നു നിങ്ങളുടെ പിന്നിൽനിന്നു പറയുന്ന ഒരു വാക്കു നിങ്ങളുടെ ചെവികൾ കേൾക്കും.”—യശയ്യാ 30:20, 21, NW.
1. യഹോവയുടെ പ്രബോധനത്തെ ദിവ്യ ബോധനമെന്നു വിളിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
ഏതൊരാൾക്കും ലഭിക്കാവുന്ന ഏററവും നല്ല പഠിപ്പിക്കലിന്റെ ഉറവു യഹോവയാണ്. വിശേഷാൽ തന്റെ വിശുദ്ധ വചനത്തിലൂടെ അവിടുന്നു സംസാരിക്കുമ്പോൾ നാം ശ്രദ്ധിക്കുന്നുവെങ്കിൽ അവിടുന്നു നമ്മുടെ മഹാ ഉപദേഷ്ടാവ് ആയിരിക്കും. (യെശയ്യാവു 30:20) എബ്രായ ബൈബിൾ പാഠം അവിടുത്തെ “ദിവ്യനായവൻ” എന്നും വിളിക്കുന്നു. (സങ്കീർത്തനം 50:1, NW) അക്കാരണത്താൽ യഹോവയുടെ പ്രബോധനം ദിവ്യ ബോധനമാണ്.
2. ദൈവം മാത്രമാണു ജ്ഞാനി എന്നതു സത്യമായിരിക്കുന്നത് ഏത് അർഥത്തിലാണ്?
2 ലോകം അതിന്റെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളെച്ചൊല്ലി അഭിമാനം കൊള്ളുന്നു, എന്നാൽ അവയിൽ ഒന്നുപോലും ദിവ്യ ബോധനം പകരുന്നില്ല. എന്തിന്, യുഗങ്ങൾകൊണ്ടു നേടിയ ലൗകിക ജ്ഞാനം മുഴുവനും യഹോവയുടെ അപരിമേയമായ ജ്ഞാനത്തിൽ ആധാരിതമായ ദൈവിക പ്രബോധനവുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാരമായിത്തീരുന്നു. ദൈവം മാത്രമാണു ജ്ഞാനി എന്നു റോമർ 16:27 പറയുന്നു, ജ്ഞാനത്തിന്റെ പരിപൂർണത യഹോവക്കു മാത്രമേ ഉള്ളൂ എന്ന അർഥത്തിൽ ഇതു സത്യമാണ്.
3. ഭൂമിയിൽ നടന്നിട്ടുള്ള ഏററവും മഹാനായ അധ്യാപകനാണ് യേശുക്രിസ്തു, എന്തുകൊണ്ട്?
3 ദൈവപുത്രനായ യേശുക്രിസ്തു ജ്ഞാനത്തിന്റെ ഒരു ഉത്തമ മാതൃകയാണ്, അവൻ ഭൂമിയിൽ നടന്നിട്ടുള്ള ഏററവും മഹാനായ അധ്യാപകൻ ആയിരുന്നു. എന്തിനാശ്ചര്യപ്പെടണം! യുഗങ്ങളോളം സ്വർഗങ്ങളിൽ യഹോവയായിരുന്നു യേശുവിന്റെ അധ്യാപകൻ. വാസ്തവത്തിൽ, ദൈവം തന്റെ ആദ്യ സൃഷ്ടിയെ, തന്റെ ഏകജാതനായ പുത്രനെ പ്രബോധിപ്പിക്കാൻ തുടങ്ങിയതുമുതലാണു ദിവ്യ ബോധനം ആരംഭിച്ചത്. അതുകൊണ്ടു യേശുവിനു പറയാൻ കഴിഞ്ഞു: “പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങൾ ഞാൻ സംസാരിക്കുന്നു.” (യോഹന്നാൻ 8:28, പി.ഒ.സി. ബൈബിൾ; സദൃശവാക്യങ്ങൾ 8:22, 30) ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ക്രിസ്തുവിന്റെതന്നെ വാക്കുകൾ ദിവ്യ ബോധനത്തെക്കുറിച്ചുള്ള നമ്മുടെ പരിജ്ഞാനം വളരെയധികം വർധിപ്പിക്കുന്നു. യേശു പഠിപ്പിച്ച സംഗതികൾ മററുള്ളവരെ പഠിപ്പിച്ചുകൊണ്ട് അഭിഷിക്ത ക്രിസ്ത്യാനികൾ തങ്ങളുടെ മഹാ പ്രബോധകനെ അനുസരിക്കുന്നു, “ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം” സഭ മുഖാന്തരം അറിയപ്പെടണമെന്നാണ് അവിടുത്തെ ഇച്ഛ.—എഫെസ്യർ 3:10, 11; 5:1; ലൂക്കൊസ് 6:40.
ജ്ഞാനത്തിനായുള്ള അന്വേഷണം
4. തലച്ചോറിന്റെ കഴിവിനെക്കുറിച്ച് എന്തു പറഞ്ഞിരിക്കുന്നു?
4 ദിവ്യ ബോധനത്തിന്റെ ഫലമായി ലഭിക്കുന്ന ജ്ഞാനം നേടുന്നതിനു നമ്മുടെ ദൈവദത്തമായ ചിന്താ പ്രാപ്തികളുടെ ഉത്സാഹപൂർവകമായ ഉപയോഗം ആവശ്യമാണ്. ഇതു സാധ്യമാണ്, എന്തുകൊണ്ടെന്നാൽ മാനുഷ മസ്തിഷ്കത്തിനുള്ള സംഭരണശേഷി അപാരമാണ്. അവിശ്വസനീയമായ യന്ത്രം [ഇംഗ്ലീഷ്] എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “നമുക്കു വിഭാവന ചെയ്യാൻ കഴിയുന്ന അത്യന്താധുനികമായ കമ്പ്യൂട്ടറുകൾപോലും മാനുഷ മസ്തിഷ്കത്തിന്റെ മിക്കവാറും അനന്തമായ സങ്കീർണതയോടും വഴക്കത്തോടും താരതമ്യപ്പെടുത്തുമ്പോൾ അപരിഷ്കൃതമാണ്. രാസവൈദ്യുത സംജ്ഞകളുടെ സങ്കീർണവും വിദഗ്ധവുമായ സംവിധാനമാണ് ഈ വിശേഷതകൾക്കു നിദാനം. . . . നിങ്ങളുടെ തലച്ചോറിലൂടെ ഏതു നിമിഷവും മിന്നിമറയുന്ന ലക്ഷക്കണക്കിനു സംജ്ഞകൾ ഒരു അസാധാരണമായ അളവിൽ വിവരങ്ങൾ വഹിക്കുന്നു. അവ നിങ്ങളുടെ ശരീരത്തിന്റെ ആന്തരികവും ബാഹ്യവുമായ പരിസ്ഥിതികൾ സംബന്ധിച്ചു വാർത്തകൾ കൊണ്ടുവരുന്നു: നിങ്ങളുടെ കാൽവിരലിലെ തരിപ്പ്, കാപ്പിയുടെ നറുമണം, അല്ലെങ്കിൽ ഒരു സുഹൃത്തിന്റെ ഫലിതം എന്നിവയൊക്കെ തന്നെ. മററു സംജ്ഞകൾ വിവരങ്ങളെ അപഗ്രഥിച്ചു വിശകലനം ചെയ്യുമ്പോൾ അവ ഒരു തീരുമാനത്തിലേക്കെത്തിക്കുന്ന ചില വികാരങ്ങളോ സ്മരണകളോ ചിന്തകളോ ആസൂത്രണങ്ങളോ ഉളവാക്കുന്നു. ഉടൻതന്നെ നിങ്ങളുടെ തലച്ചോറിൽനിന്നുള്ള സംജ്ഞകൾ നിങ്ങളുടെ ശരീരത്തിന്റെ മററു ഭാഗങ്ങളോട് എന്തുചെയ്യണമെന്നു പറയുന്നു: നിങ്ങളുടെ കാൽവിരൽ പുളയ്ക്കുക, കാപ്പി കുടിക്കുക, ചിരിക്കുക, അല്ലെങ്കിൽ സരസമായ ഒരു മറുപടി കൊടുക്കുക എന്നെല്ലാംതന്നെ. അതേസമയം നിങ്ങളുടെ തലച്ചോറ് നിങ്ങളറിയാതെതന്നെ ശ്വസനം, രക്ഷ രസതന്ത്രം, ഊഷ്മാവ്, മററ് അവശ്യ പ്രവർത്തനങ്ങൾ എന്നിവയെയെല്ലാം ക്രമീകരിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ പരിസ്ഥിതിയിലെ തുടർച്ചയായ മാററങ്ങളിൻമധ്യേയും അതു നിങ്ങളുടെ ശരീരം സ്ഥിരമായി പ്രവർത്തിക്കുന്നതിനുള്ള ആജ്ഞകൾ അയയ്ക്കുന്നു. അതു ഭാവി ആവശ്യങ്ങൾക്കുവേണ്ടിയും തയ്യാറാകുന്നു.”—പേ. 326.
5. തിരുവെഴുത്തുപരമായ അർഥത്തിൽ ജ്ഞാനം എന്താണ്?
5 മാനുഷ മസ്തിഷ്കത്തിനു നിസ്സംശയമായും അത്ഭുതകരമായ പ്രാപ്തിയുണ്ട്, എന്നാൽ നമുക്കെങ്ങനെയാണു മനസ്സിനെ ഏററവും നന്നായി ഉപയോഗിക്കാൻ കഴിയുന്നത്? ഭാഷ, ചരിത്രം, ശാസ്ത്രം എന്നിവയുടെ പഠനത്തിലോ താരതമ്യ മതപഠനത്തിലോ മാത്രം ആമഗ്നരായി കഴിയുന്നതിലൂടെ അല്ല. നാം നമ്മുടെ ചിന്താപ്രാപ്തികളെ പ്രാഥമികമായി ദിവ്യ ബോധനം സ്വീകരിക്കുന്നതിന് ഉപയോഗിക്കണം. അതു മാത്രമാണു സാക്ഷാലുള്ള ജ്ഞാനത്തിൽ കലാശിക്കുന്നത്. എന്നാൽ യഥാർഥ ജ്ഞാനം എന്താണ്? തിരുവെഴുത്തുകളുടെ അർഥത്തിൽ ജ്ഞാനം എന്ന പദം സൂക്ഷ്മ പരിജ്ഞാനത്തിലും യഥാർഥ ഗ്രാഹ്യത്തിലും വേരൂന്നിയ പക്വമായ ന്യായബോധത്തിന് ഊന്നൽ കൊടുക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കുക, അപകടങ്ങൾ ഒഴിവാക്കുകയോ തടുക്കുകയോ ചെയ്യുക, മററുള്ളവരെ സഹായിക്കുക, ലക്ഷ്യങ്ങൾ നേടുക എന്നിവയ്ക്കുവേണ്ടി അറിവും ഗ്രാഹ്യവും വിജയപൂർവം ഉപയോഗിക്കാൻ ജ്ഞാനം നമ്മെ സഹായിക്കുന്നു. രസാവഹമായി, വിഡ്ഢിത്തം, മന്ദത എന്നിങ്ങനെ നാം തീർച്ചയായും ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ലക്ഷണങ്ങളും ജ്ഞാനവും തമ്മിലുള്ള വൈരുദ്ധ്യം ബൈബിൾ വ്യക്തമാക്കുന്നുണ്ട്.—ആവർത്തനപുസ്തകം 32:6; സദൃശവാക്യങ്ങൾ 11:29; സഭാപ്രസംഗി 6:8.
യഹോവയുടെ മഹത്തായ പാഠപുസ്തകം
6. യഥാർഥ ജ്ഞാനം പ്രകടിപ്പിക്കണമെങ്കിൽ നാം നന്നായി ഉപയോഗിക്കേണ്ടതെന്ത്?
6 നമുക്കു ചുററും ധാരാളം ലൗകിക ജ്ഞാനമുണ്ട്. (1 കൊരിന്ത്യർ 3:18, 19) എന്തിന്, വിദ്യാലയങ്ങളും ദശലക്ഷക്കണക്കിനു പുസ്തകങ്ങൾ ഉള്ള ലൈബ്രറികളുംകൊണ്ടു നിറഞ്ഞിരിക്കുകയാണ് ഈ ലോകം! ഭാഷ, ഗണിതം, ശാസ്ത്രം എന്നിവയിലും വിജ്ഞാനത്തിന്റെ മററു മേഖലകളിലും പ്രബോധനം പകരുന്ന പാഠ്യപുസ്തകങ്ങളാണ് ഇവയിലനേകവും. എന്നാൽ മറെറല്ലാ പുസ്തകങ്ങളെക്കാൾ മികച്ചു നിൽക്കുന്ന പാഠ്യപുസ്തകമാണു നമ്മുടെ മഹാ പ്രബോധകൻ പ്രദാനം ചെയ്തിരിക്കുന്നത്—അവിടുത്തെ നിശ്വസ്തവചനമായ ബൈബിൾ. (2 തിമൊഥെയൊസ് 3:16, 17) ചരിത്രം, ഭൂമിശാസ്ത്രം, സസ്യശാസ്ത്രം എന്നിങ്ങനെയുള്ള വിഷയങ്ങൾ പരാമർശിക്കുമ്പോൾ മാത്രമല്ല ഭാവിയെക്കുറിച്ചു മുൻകൂട്ടി പറയുമ്പോഴും അതു കൃത്യമാണ്. കൂടാതെ, ഇപ്പോൾത്തന്നെ ഏററവും സന്തുഷ്ടവും ഫലപ്രദവുമായ ജീവിതം നയിക്കാൻ അതു നമ്മെ സഹായിക്കുന്നു. തീർച്ചയായും, ലൗകിക വിദ്യാലയത്തിലെ വിദ്യാർഥികൾ അവരുടെ പുസ്തകങ്ങൾ ഉപയോഗിക്കേണ്ട ആവശ്യമുള്ളതുപോലെ “യഹോവയാൽ പഠിപ്പിക്കപ്പെട്ട”വരെപ്പോലെ യഥാർഥ ജ്ഞാനം പ്രകടിപ്പിക്കണമെങ്കിൽ നാം ദൈവത്തിന്റെ മഹത്തായ പാഠ്യപുസ്തകവുമായി നല്ല പരിചയത്തിലാവുകയും അത് ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്.—യോഹന്നാൻ 6:45, NW.
7. ബൈബിളുമായി ഒരു മാനസിക പരിചയം മാത്രം പോരാ എന്നു നിങ്ങൾ പറയുന്നത് എന്തുകൊണ്ട്?
7 എങ്കിലും, യഥാർഥ ജ്ഞാനവും ദിവ്യബോധനത്തിന്റെ അനുവർത്തനവും ബൈബിളുമായി കേവലം മാനസിക പരിചയപ്പെടൽ നടത്തുന്നതിൽനിന്നു വളരെ വിഭിന്നമാണ്. ദൃഷ്ടാന്തം പറയുകയാണെങ്കിൽ, പൊ.യു 17-ാം നൂററാണ്ടിൽ കൊർന്നേലിയസ് വാൻഡർ സ്റേറയ്ൻ എന്നു പേരുള്ള ഒരു കത്തോലിക്കൻ ഒരു ജെസ്യൂട്ട് സന്ന്യാസി ആയിത്തീരാൻ ഇറങ്ങിത്തിരിച്ചു, എന്നാൽ പൊക്കം കുറവാണെന്ന കാരണത്താൽ അദ്ദേഹത്തെ എടുത്തില്ല. ജെസ്യൂട്ട് സന്ന്യാസിമാർ—യേശുവിന്റെ സമുദായത്തിന്റെ ചരിത്രവും ഐതിഹ്യവും [ഇംഗ്ലീഷ്] എന്ന തന്റെ പുസ്തകത്തിൽ മാൻഫ്രെഡ് ബാർറെറൽ പറയുന്നു: “ഉയര നിബന്ധന മാററാൻ തങ്ങൾ തയ്യാറാണെന്നു കമ്മിററി വാൻഡർ സ്റേറയ്നിനെ അറിയിച്ചു, എന്നാൽ അദ്ദേഹം മുഴു ബൈബിളും മനഃപാഠമായി ഉരുവിടാൻ പഠിക്കണം എന്ന പ്രത്യേകവ്യവസ്ഥ വെച്ചു. വാൻഡർ സ്റേറയ്ൻ ഈ ഔദ്ധത്യപൂർവകമായ അഭ്യർഥനയ്ക്കു വഴങ്ങിയിരുന്നില്ലെങ്കിൽ ഈ കഥ പറയുന്നതിൽ കഴമ്പുണ്ടായിരിക്കുമായിരുന്നില്ല.” മുഴു ബൈബിളും മനഃപാഠമാക്കുന്നത് എന്തുമാത്രം ശ്രമകരമായിരുന്നിരിക്കണം! എന്നാൽ, മനഃപാഠമാക്കുന്നതിനെക്കാൾ എത്രയോ പ്രധാനമാണു ദൈവവചനം മനസ്സിലാക്കുക എന്നത്.
8. ദിവ്യ ബോധനത്തിൽനിന്നു പ്രയോജനം നേടാനും യഥാർഥ ജ്ഞാനം പ്രകടിപ്പിക്കാനും നമ്മെ എന്തു സഹായിക്കും?
8 നമുക്കു ദിവ്യ ബോധനത്തിൽനിന്നു യഥാർഥമായ പ്രയോജനം അനുഭവിക്കണമെങ്കിൽ, യഥാർഥ ജ്ഞാനം പ്രകടമാക്കണമെങ്കിൽ, തിരുവെഴുത്തിന്റെ സൂക്ഷ്മ പരിജ്ഞാനം ആവശ്യമാണ്. നാം യഹോവയുടെ പരിശുദ്ധാത്മാവിനാൽ അഥവാ കർമോദ്യുക്ത ശക്തിയാൽ നയിക്കപ്പെടേണ്ടതുമുണ്ട്. “ദൈവത്തിന്റെ ആഴങ്ങൾ,” അതായത്, ഗഹനമായ സത്യങ്ങൾ, മനസ്സിലാക്കുന്നതിന് ഇതു നമ്മെ സഹായിക്കും. (1 കൊരിന്ത്യർ 2:10) അക്കാരണത്താൽ യഹോവയുടെ മഹത്തായ പാഠ്യപുസ്തകം ഉത്സാഹത്തോടെ പഠിക്കുകയും പരിശുദ്ധാത്മാവിനാലുള്ള അവിടുത്തെ വഴിനടത്തിപ്പിനായി നമുക്കു പ്രാർഥിക്കുകയും ചെയ്യാം. സദൃശവാക്യങ്ങൾ 2:1-6-നോടുള്ള ചേർച്ചയിൽ നമുക്കു ജ്ഞാനത്തിനു ചെവികൊടുക്കാം, വിവേകത്തിനായി നമ്മുടെ ഹൃദയത്തെ ചായ്ക്കാം, ഗ്രാഹ്യത്തിനായി വിളിച്ചപേക്ഷിക്കാം. മറഞ്ഞിരിക്കുന്ന നിക്ഷേപങ്ങളെ തേടുന്നതുപോലെ നാം ഇതു ചെയ്യേണ്ടതുണ്ട്, എന്തുകൊണ്ടെന്നാൽ അപ്പോൾ മാത്രമേ നാം ‘യഹോവാഭയം മനസ്സിലാക്കുകയും ദൈവിക പരിജ്ഞാനംതന്നെ കണ്ടെത്തുകയും’ ചെയ്യുകയുള്ളൂ. ദിവ്യ ബോധനത്തിന്റെ ചില വിജയങ്ങളും പ്രയോജനങ്ങളും പരിചിന്തിക്കുന്നതു ദൈവദത്ത ജ്ഞാനത്തോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കും.
ക്രമാനുഗതമായ ഗ്രാഹ്യം
9, 10. ഉല്പത്തി 3:15-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ദൈവം എന്താണു പറഞ്ഞിരിക്കുന്നത്, ആ വാക്കുകളുടെ ശരിയായ ഗ്രാഹ്യമെന്താണ്?
9 യഹോവയുടെ ജനത്തിനു തിരുവെഴുത്തുകളുടെ ഒരു ക്രമാനുഗതമായ ഗ്രാഹ്യം പകർന്നുകൊണ്ടു ദിവ്യ ബോധനം വിജയം വരിക്കുന്നു. ഉദാഹരണത്തിന്, ഏദനിൽ ഒരു സർപ്പത്തിലൂടെ സംസാരിച്ചതും വിലക്കപ്പെട്ട കനി ഭക്ഷിച്ചാൽ ശിക്ഷ മരണമായിരിക്കുമെന്നു ദൈവം പറഞ്ഞപ്പോൾ അവിടുന്നു നുണ പറയുകയായിരുന്നുവെന്നു തെററായി ആരോപിച്ചതും പിശാചായ സാത്താനായിരുന്നുവെന്നു നാം പഠിച്ചിട്ടുണ്ട്. എന്നാൽ യഹോവയാം ദൈവത്തോടുള്ള അനുസരണക്കേടു മനുഷ്യവർഗത്തിൻമേൽ മരണം കൊണ്ടുവന്നു എന്നു നാം കാണുന്നു. (ഉല്പത്തി 3:1-6; റോമർ 5:12) എന്നിരുന്നാലും, “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും” എന്നു പ്രത്യക്ഷത്തിൽ സർപ്പത്തെ സംബോധന ചെയ്തുകൊണ്ടു സാത്താനോടു പറഞ്ഞപ്പോൾ ദൈവം മനുഷ്യവർഗത്തിനു പ്രത്യാശ കൊടുക്കുകയായിരുന്നു.—ഉല്പത്തി 3:15.
10 ആ വാക്കുകളിൽ ഒരു രഹസ്യം അടക്കം ചെയ്യപ്പെട്ടിരുന്നു. അതു ദിവ്യ ബോധനത്തിലൂടെ പടിപടിയായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. ബൈബിളിന്റെ പരമപ്രധാനമായ വിഷയം രാജ്യഭരണത്തിനു നിയമപരമായി അവകാശമുള്ളവനായി അബ്രഹാമിന്റെയും ദാവീദിന്റെയും ഒരു വംശജനായ സന്തതി മുഖേനയുള്ള യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനമാണെന്നു നാം പഠിച്ചിരിക്കുന്നു. (ഉല്പത്തി 22:15-18; 2 ശമൂവേൽ 7:12, 13; യെഹെസ്കേൽ 21:25-27) ദൈവത്തിന്റെ സാർവത്രിക സ്ഥാപനമായ “സ്ത്രീ”യുടെ മുഖ്യ സന്തതി യേശുക്രിസ്തുവാണെന്നും നമ്മുടെ മഹാ ഉപദേഷ്ടാവു നമ്മെ പഠിപ്പിച്ചിരിക്കുന്നു. (ഗലാത്യർ 3:16) സാത്താൻ യേശുവിന്റെമേൽ എല്ലാവിധ പരിശോധനകൾ കൊണ്ടുവന്നിട്ടും അവിടുന്നു മരണംവരെ—സന്തതിയുടെ കുതികാൽ തകർക്കൽവരെ—നിർമലത പാലിച്ചു. മനുഷ്യവർഗത്തിൽനിന്നുള്ള 1,44,000 രാജ്യ കൂട്ടവകാശികൾ സാത്താന്റെ, “പഴയ പാമ്പി”ന്റെ തല തകർക്കുന്നതിൽ യേശുവിനോടൊപ്പം പങ്കുചേരുമെന്നും നാം മനസ്സിലാക്കിയിരിക്കുന്നു. (വെളിപ്പാടു 14:1-4; 20:2; റോമർ 16:20; ഗലാത്യർ 3:29; എഫെസ്യർ 3:4-6) ദൈവവചനത്തിന്റെ അത്തരം പരിജ്ഞാനം നാം എത്ര വിലമതിക്കുന്നു!
ദൈവത്തിന്റെ അത്ഭുതപ്രകാശത്തിലേക്ക്
11. ജനങ്ങളെ ആത്മീയ വെളിച്ചത്തിലേക്കു കൊണ്ടുവന്നുകൊണ്ടു ദിവ്യ ബോധനം വിജയം വരിക്കുന്നുവെന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
11 ആളുകളെ ആത്മീയ വെളിച്ചത്തിലേക്കു കൊണ്ടുവന്നുകൊണ്ടു ദിവ്യ ബോധനം വിജയം വരിക്കുന്നു. 1 പത്രൊസ് 2:9 നിവർത്തിച്ചുകൊണ്ട് അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ആ അനുഭവം ഉണ്ടായിരുന്നിട്ടുണ്ട്: “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” ഒരു പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയോടെ ഇന്ന് “ഒരു മഹാപുരുഷാര”വും ദൈവദത്ത പ്രകാശം ആസ്വദിക്കുന്നു. (വെളിപ്പാടു 7:9; ലൂക്കൊസ് 23:43) ദൈവം തന്റെ ജനത്തെ പഠിപ്പിക്കുമ്പോൾ സദൃശവാക്യങ്ങൾ 4:18 സത്യമായി ഭവിച്ചുകൊണ്ടിരിക്കുന്നു. “നീതിമാൻമാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.” വ്യാകരണം, ചരിത്രം, അല്ലെങ്കിൽ മററുചില വിഷയങ്ങൾ പഠിക്കുമ്പോൾ ഒരു അധ്യാപകന്റെ മെച്ചമായ സഹായം മൂലം വിദ്യാർഥികൾ അഭിവൃദ്ധി പ്രാപിക്കുന്നതുപോലെ ഈ ക്രമാനുഗതമായ പഠന പ്രക്രിയ ദിവ്യ ബോധനത്തിലുള്ള നമ്മുടെ ഗ്രാഹ്യത്തെ ശുദ്ധീകരിക്കുന്നു.
12, 13. ദിവ്യ ബോധനം ഉപദേശപരമായ ഏത് അപകടങ്ങളിൽനിന്നു യഹോവയുടെ ജനത്തെ സംരക്ഷിച്ചിരിക്കുന്നു?
12 വീണ്ടും, ദിവ്യ ബോധനത്തിന്റെ മറെറാരു വിജയം അത് അതിന്റെ താഴ്മയുള്ള സ്വീകർത്താക്കളെ “ഭൂതങ്ങളുടെ ഉപദേശങ്ങ”ളിൽനിന്നും സംരക്ഷിക്കുന്നു എന്നതാണ്. (1 തിമൊഥെയൊസ് 4:1) അതേസമയം ക്രൈസ്തവലോകത്തെ നോക്കൂ! പണ്ട് 1878-ൽ, റോമൻ കത്തോലിക്കാ ബിഷപ്പായ ജോൺ ഹെൻട്രി ന്യൂമാൻ എഴുതി: “ദുഷ്ടതയുടെ കടന്നുകയററത്തെ ചെറുക്കുന്നതിനും ഭൂതാരാധനയുടെ ആചാരാനുഷ്ഠാനങ്ങളും ആരാധനോപാധികളും സുവിശേഷവേലയ്ക്ക് ഉപയോഗിക്കുന്നതിന് അവയെ രൂപാന്തരപ്പെടുത്തുന്നതിനും, . . . ആദിമകാലംമുതൽക്കേ ഉള്ള ക്രിസ്ത്യാനിത്വത്തിന്റെ ശക്തിയിൽ വിശ്വസിച്ചുകൊണ്ടു ജനസാമാന്യത്തിന്റെ നിലവിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും അതുപോലെ അഭ്യസ്തവർഗത്തിന്റെ തത്ത്വശാസ്ത്രവും അവസരം വരുമ്പോൾ കടമെടുക്കുന്നതിനോ പകർത്തുന്നതിനോ സഭയിലനുവദിക്കുന്നതിനോ സഭാമേലധികാരികൾ തയ്യാറായിരുന്നു.” ഹന്നാം വെള്ളം, വൈദിക പദവി വസ്ത്രങ്ങൾ, പ്രതിമകൾ എന്നിവ പോലുള്ള കാര്യങ്ങൾ “എല്ലാം പുറജാതി ഉത്ഭവമുള്ളവയും സഭ അവയെ സ്വീകരിച്ചു പ്രതിഷ്ഠിക്കുകവഴി വിശുദ്ധീകരിക്കപ്പെട്ടവയും ആയിരുന്നു” എന്നുകൂടി ന്യൂമാൻ പറയുകയുണ്ടായി. ദിവ്യ ബോധനം അത്തരം വിശ്വാസത്യാഗത്തിൽനിന്നു നമ്മെ സംരക്ഷിക്കുന്നതിൽ നാം നന്ദിയുള്ളവരാണ്. അത് എല്ലാ രൂപത്തിലുമുള്ള ഭൂതസേവക്കുമേൽ വിജയം വരിക്കുന്നു.—പ്രവൃത്തികൾ 19:20.
13 ദിവ്യ ബോധനം മതപരമായ തെററുകൾക്കുമേൽ എല്ലാവിധത്തിലും വിജയം വരിക്കുന്നു. ഉദാഹരണത്തിന്, വ്യാജമതത്തിന്റെ ഭക്തരിൽനിന്നു വ്യത്യസ്തമായി നാം ദൈവത്താൽ പഠിപ്പിക്കപ്പെട്ടവരെന്ന നിലയിൽ ത്രിത്വത്തിൽ വിശ്വസിക്കുന്നില്ല, മറിച്ച് അത്യുന്നതൻ യഹോവയാണെന്നും യേശു അവിടുത്തെ പുത്രനാണെന്നും പരിശുദ്ധാത്മാവു ദൈവത്തിന്റെ കർമോദ്യുക്ത ശക്തിയാണെന്നും അംഗീകരിക്കുന്നു. നാം നരകാഗ്നിയെ ഭയപ്പെടുന്നില്ല, കാരണം, ബൈബിളിൽ പറയുന്ന നരകം മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയാണെന്നു നാം തിരിച്ചറിയുന്നു. മനുഷ്യ ദേഹി അമർത്ത്യമാണെന്നു വ്യാജമതസ്ഥർ പറയുമ്പോൾ മരിച്ചവർ ഒന്നിനെക്കുറിച്ചും ബോധമില്ലാത്തവരാണെന്നു നമുക്കറിയാം. ദിവ്യ ബോധനത്തിലൂടെ സമ്പാദിച്ച സത്യങ്ങളുടെ പട്ടിക ഇങ്ങനെ നീണ്ടുപോകുന്നു. വ്യാജമതങ്ങളുടെ ലോകസാമ്രാജ്യമായ മഹാബാബിലോന്റെ ആത്മീയ അടിമത്തത്തിൽനിന്നു സ്വതന്ത്രരായിരിക്കുക എന്നത് എന്തൊരു അനുഗ്രഹമാണ്!—യോഹന്നാൻ 8:31, 32; വെളിപ്പാടു 18:2, 4, 5.
14. ആത്മീയ വെളിച്ചത്തിൽ തുടർന്നു നടക്കാൻ ദൈവദാസർക്കു കഴിയുന്നതെന്തുകൊണ്ട്?
14 മതപരമായ തെററുകൾക്കുമേൽ ദിവ്യ ബോധനം വിജയം വരിക്കുന്നതിനാൽ അതു ദൈവജനത്തെ ആത്മീയ പ്രകാശത്തിൽ നടക്കാൻ പ്രാപ്തരാക്കുന്നു. വാസ്തവത്തിൽ, “വഴി ഇതാണ്. ഇതിൽ നടന്നുകൊൾവിൻ” എന്ന് അവരുടെ പിന്നിൽനിന്നു പറയുന്ന ഒരു വാക്ക് അവർ കേൾക്കുന്നു. (യശയ്യാ 30:21, NW) ദൈവത്തിന്റെ പ്രബോധനം തന്റെ ദാസരെ തെററായ ന്യായവാദങ്ങളിൽനിന്നും സംരക്ഷിക്കുന്നു. കൊരിന്തിലെ സഭയിൽ “കള്ള അപ്പോസ്തലൻമാർ” കുഴപ്പങ്ങളുണ്ടാക്കിയപ്പോൾ അപ്പോസ്തലനായ പൗലോസ് എഴുതി: “ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ. അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിനു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി.” (2 കൊരിന്ത്യർ 10:4, 5; 11:13-15) സഭയിൽ സൗമ്യതയോടെ കൊടുക്കുന്ന പ്രബോധനവും പുറത്തുള്ളവരോടുള്ള നമ്മുടെ സുവാർത്ത പ്രസംഗവും ദിവ്യ ബോധനത്തിനു വിരുദ്ധമായ ന്യായവാദങ്ങളെ തകർക്കുന്നു.—2 തിമൊഥെയൊസ് 2:24-26.
സത്യത്തിലും ആത്മാവിലും ആരാധിക്കുക
15, 16. യഹോവയെ ആത്മാവിലും സത്യത്തിലും ആരാധിക്കുകയെന്നാൽ അർഥമെന്ത്?
15 രാജ്യപ്രസംഗവേല നിർവിഘ്നം മുന്നേറുമ്പോൾ, ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കേണ്ടത് എങ്ങനെയെന്നു സൗമ്യരെ കാണിക്കുന്നതിൽ ദിവ്യ ബോധനം വിജയം വരിക്കുന്നു. സുഖാർ പട്ടണത്തിനു സമീപമുള്ള യാക്കോബിന്റെ കിണററിങ്കൽ, നിത്യജീവൻ പകർന്നുകൊടുക്കുന്ന ജലം പ്രദാനം ചെയ്യാൻ കഴിയുമെന്നു യേശു ഒരു ശമര്യ സ്ത്രീയോടു പറഞ്ഞു. ശമര്യക്കാരെ പരാമർശിച്ചുകൊണ്ട് അവിടുന്നു കൂട്ടിച്ചേർത്തു: “നിങ്ങൾ അറിയാത്തതിനെ നമസ്ക്കരിക്കുന്നു; . . . സത്യനമസ്ക്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്ക്കരിക്കുന്ന നാഴിക വരുന്നു. തന്നേ നമസ്ക്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.” (യോഹന്നാൻ 4:7-15, 21-23) യേശു അപ്പോൾ തന്നേത്തന്നെ മിശിഹായായി തിരിച്ചറിയിച്ചു.
16 എന്നാൽ നമുക്കെങ്ങനെയാണു ദൈവത്തെ ആത്മാവിൽ ആരാധിക്കാൻ കഴിയുന്നത്? ദൈവവചനത്തിന്റെ സൂക്ഷ്മപരിജ്ഞാനത്തിൽ ആധാരിതമായ ദൈവസ്നേഹം നിറഞ്ഞ നന്ദിയുള്ള ഹൃദയങ്ങളിൽനിന്നുള്ള നിർമലാരാധന നടത്തുന്നതിനാൽ. മതപരമായ വ്യാജങ്ങൾ നിരസിച്ച് അവിടുത്തെ മഹത്തായ പാഠ്യപുസ്തകത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന ദിവ്യേഷ്ടം ചെയ്യുന്നതിനാൽ നമുക്ക് അവിടുത്തെ സത്യത്തിൽ ആരാധിക്കാൻ കഴിയും.
പരിശോധനകളിൽമേലും ലോകത്തിൻമേലും വിജയം
17. ദിവ്യ ബോധനം യഹോവയുടെ ദാസരെ പരിശോധനകൾ അഭിമുഖീകരിക്കാൻ സഹായിച്ചിരിക്കുന്നു എന്നു നിങ്ങൾ എങ്ങനെ തെളിയിക്കും?
17 ദൈവത്തിന്റെ ജനം പരിശോധനകളെ അഭിമുഖീകരിക്കുമ്പോൾ ദിവ്യ ബോധനം വീണ്ടും വീണ്ടും വിജയം വരിക്കുന്നു. ഇതു പരിഗണിക്കുക: 1939 സെപ്ററംബറിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ യഹോവയുടെ ദാസൻമാർക്ക് അവിടുത്തെ മഹത്തായ പാഠ്യപുസ്തകത്തിന്റെ പ്രത്യേക ഉൾക്കാഴ്ച ആവശ്യമായിരുന്നു. 1939 നവംബർ 1 വീക്ഷാഗോപുരത്തിലെ ഒരു ലേഖനം വലിയ സഹായം ആയിരുന്നു, അതു ക്രിസ്തീയ നിഷ്പക്ഷതയുടെ കാര്യത്തിലെ ദിവ്യ ബോധനം വ്യക്തമായി അവതരിപ്പിച്ചു. (യോഹന്നാൻ 17:16) സമാനമായി, ഗവൺമെൻറിന്റെ “ശ്രേഷ്ഠാധികാര”ങ്ങളോടുള്ള ആപേക്ഷിക കീഴ്പെടലിനെക്കുറിച്ച് 1960-കളുടെ ആരംഭത്തിൽ വന്ന വീക്ഷാഗോപുര ലേഖനങ്ങൾ സാമൂഹിക അസ്വസ്ഥതയുടെ കാലങ്ങളിൽ ദിവ്യ ബോധനം അനുസരിക്കാൻ ദൈവത്തിന്റെ ദാസൻമാരെ സഹായിച്ചു.—റോമർ 13:1-7; പ്രവൃത്തികൾ 5:29.
18. പൊതുയുഗം രണ്ടും മൂന്നും നൂററാണ്ടുകളിൽ ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടവർ അധമ വിനോദങ്ങളെ എങ്ങനെ വീക്ഷിച്ചു, ഇന്ന് ദിവ്യ ബോധനം ഇക്കാര്യത്തിൽ എന്തു സഹായം നൽകുന്നുണ്ട്?
18 അധമമായ ഉല്ലാസങ്ങൾ അന്വേഷിക്കുന്നതിനുള്ള വശീകരണങ്ങൾപോലുള്ള പ്രലോഭനങ്ങൾക്കുമേൽ വിജയം വരിക്കാനും ദിവ്യ ബോധനം നമ്മെ സഹായിക്കുന്നു. പൊതുയുഗം രണ്ടും മൂന്നും നൂററാണ്ടുകളിലെ ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടവർ പറഞ്ഞതെന്താണെന്നു ശ്രദ്ധിക്കുക. തെർത്തുല്യൻ എഴുതി: “സർക്കസിന്റെ ഭ്രാന്തും തിയേറററിലെ നിർലജ്ജതയും പോർക്കളത്തിലെ കാടത്തവും സംബന്ധിച്ചു സംസാരിക്കാനാകട്ടെ കാണാനാകട്ടെ കേൾക്കാനാകട്ടെ യാതൊന്നിനും ഞങ്ങളില്ല.” ആ കാലയളവിലെ മറെറാരു എഴുത്തുകാരൻ ചോദിച്ചു: “ദുഷ്ടതയെക്കുറിച്ചു ചിന്തിക്കുക പോലുമില്ലാത്തപ്പോൾ വിശ്വസ്തനായ ഒരു ക്രിസ്ത്യാനിക്ക് ഇവയിൽ എന്തിലാണ് ഏർപ്പെടാനാകുക? കാമാർത്തിയുടെ അവതരണങ്ങളിൽ അയാൾ എന്തിന് ആനന്ദം കണ്ടെത്തണം?” ഒന്നാംനൂററാണ്ടിലെ ക്രിസ്ത്യാനികൾക്ക് ഏതാനും വർഷങ്ങൾ ശേഷമാണ് ഈ എഴുത്തുകാർ ജീവിച്ചിരുന്നതെങ്കിലും അവർ അധമ വിനോദങ്ങളെ കുററംവിധിച്ചു. ഇന്ന്, അശ്ലീല, അധാർമിക, അക്രമ വിനോദം വർജിക്കുന്നതിനു ദിവ്യ ബോധനം നമുക്കു ജ്ഞാനം നൽകുന്നു.
19. ലോകത്തിൻമേൽ വിജയം വരിക്കാൻ ദിവ്യ ബോധനം നമ്മെ സഹായിക്കുന്നതെങ്ങനെ?
19 ദിവ്യ ബോധനം അനുസരിക്കുന്നതു ലോകത്തെത്തന്നെ ജയിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. അതേ, നമ്മുടെ മഹാ പ്രബോധകന്റെ പഠിപ്പിക്കൽ ബാധകമാക്കുന്നതു സാത്താന്റെ അധീനതയിൽ കിടക്കുന്ന ഈ ലോകത്തിന്റെ ദുഷ്ട സ്വാധീനങ്ങൾക്കുമേൽ നമ്മെ വിജയികളാക്കുന്നു. (2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 5:19) നാം ആകാശത്തിലെ അധികാരത്തിനു ചേർച്ചയായി നടന്നുപോന്നപ്പോൾ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്നു, എങ്കിലും ദൈവം നമ്മെ ഉയിർപ്പിച്ചു എന്ന് എഫെസ്യർ 2:1-3 പറയുന്നു. ലൗകിക അഭിലാഷങ്ങളിൽനിന്നും യഹോവയുടെയും നമ്മുടെയും ശത്രുവായ, പ്രമുഖ വഞ്ചകനായ പിശാചായ സാത്താനിൽനിന്ന് ഉത്ഭവിക്കുന്ന ആത്മാവിൽനിന്നും വിജയം കൈവരിക്കാൻ ദിവ്യ ബോധനം നമ്മെ സഹായിക്കുന്നതിൽ നാം യഹോവയ്ക്കു നന്ദി കരേററുന്നു!
20. കൂടുതലായ പരിഗണനയർഹിക്കുന്ന ചോദ്യങ്ങളേവ?
20 അപ്പോൾ, ദിവ്യ ബോധനം ഒട്ടനവധി വിധങ്ങളിൽ വിജയം വരിക്കുന്നു എന്നതു വ്യക്തമാണ്. വാസ്തവത്തിൽ, എല്ലാ വിജയങ്ങളും വിവരിച്ചു പറയുകയെന്നത് അസാധ്യമായി തോന്നുന്നു. അതു ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്നു. എന്നാൽ അതു നിങ്ങൾക്കുവേണ്ടി എന്താണു ചെയ്യുന്നത്? ദിവ്യ ബോധനം നിങ്ങളുടെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നത്?
നിങ്ങൾ എന്തു പഠിച്ചിരിക്കുന്നു?
◻ യഥാർഥ ജ്ഞാനത്തെ എങ്ങനെ നിർവചിക്കാം?
◻ ഉല്പത്തി 3:15-നെ സംബന്ധിച്ചു ദൈവം ക്രമാനുഗതമായി എന്തു വെളിപ്പെടുത്തിയിരിക്കുന്നു?
◻ ആത്മീയ കാര്യങ്ങളിൽ ദിവ്യ ബോധനം വിജയം വരിച്ചിരിക്കുന്നതെങ്ങനെ?
◻ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുകയെന്നാൽ അർഥമെന്ത്?
◻ പരിശോധനകളുടെമേലും ലോകത്തിൻമേലും വിജയം വരിക്കാൻ യഹോവയുടെ ദാസരെ ദിവ്യ ബോധനം സഹായിച്ചിരിക്കുന്നതെങ്ങനെ?
[10-ാം പേജിലെ ചിത്രം]
യേശു മരണംവരെ—സന്തതിയുടെ കുതികാൽ തകർക്കൽവരെ—നിർമലത പാലിച്ചു