നിങ്ങളെ സന്തുഷ്ടനാക്കാൻ ആവശ്യമായിരിക്കുന്നത് എന്ത്?
ജനങ്ങൾ തിരഞ്ഞെടുക്കുന്ന രാഷ്ട്രീയക്കാർ ആ ജനത്തെ സന്തുഷ്ടരാക്കാൻ കഠിനമായി പരിശ്രമിക്കുന്നത് അവരുടെ ലക്ഷ്യമാക്കുന്നു. ഏതായാലും അവരുടെ ജോലി അതിൻമേലാണല്ലോ ആശ്രയിച്ചിരിക്കുന്നത്. എന്നാൽ ഒരു വാർത്താപത്രിക പോളണ്ടിലെ “മിഥ്യാബോധം നീങ്ങിയവരും ബന്ധം മുറിഞ്ഞവരുമായ സമ്മതിദായകരെ”ക്കുറിച്ചു പറയുന്നു. “ഔപചാരിക രാഷ്ട്രീയത്തോട് അവിശ്വാസം നിറഞ്ഞ” ഒരു സമൂഹമാണ് ഐക്യനാടുകളെന്ന് ഒരു പത്രപ്രവർത്തകൻ വിശദീകരിക്കുന്നു. മറെറാരു ലേഖകൻ “ഫ്രാൻസിലെ വളർന്നുവരുന്ന രാഷ്ട്രീയ വിരക്തി”യെക്കുറിച്ചു നമ്മോടു പറയുന്നു. യാതൊരു കാരണവശാലും ഈ മൂന്നു രാജ്യങ്ങളിൽ ഒതുങ്ങിനില്ക്കാത്ത, വ്യാപകമായ അത്തരം വിരക്തിയും അതൃപ്തിയും വെളിവാക്കുന്നതു രാഷ്ട്രീയക്കാർ ജനങ്ങളെ സന്തുഷ്ടരാക്കാനുള്ള ശ്രമത്തിൽ പരാജയപ്പെടുന്നു എന്നാണ്.
മതനേതാക്കൻമാരും സന്തോഷം വാഗ്ദാനം ചെയ്യുന്നുണ്ട്, ഈ ജീവിതത്തിലല്ലെങ്കിൽ ഭാവിയിലെങ്കിലും. പലയാളുകളും വ്യത്യസ്ത കാരണങ്ങൾകൊണ്ടു നിരസിക്കുന്നതും ബൈബിൾ വ്യക്തമായി ഖണ്ഡിക്കുന്നതുമായ മനുഷ്യന് അമർത്ത്യതയുള്ള അല്ലെങ്കിൽ ദേഹാന്തരം പ്രാപിക്കുന്ന ഒരു ദേഹിയുണ്ട് എന്ന പ്രമേയത്തിൻമേൽ അവർ ഇത് അടിസ്ഥാനപ്പെടുത്തുന്നു. സന്തുഷ്ടിക്കു മർമപ്രധാനമായി മതത്തെ മേലാൽ ലക്ഷക്കണക്കിനാളുകൾ പരിഗണിക്കുന്നില്ലെന്നാണ് ഒഴിഞ്ഞ പള്ളികളും കുറയുന്ന അംഗസംഖ്യയും പ്രകടമാക്കുന്നത്.—ഉല്പത്തി 2:7, 17; യെഹെസ്കേൽ 18:4, 20.
അതൃപ്തരായ വെള്ളിപ്രിയർ
രാഷ്ട്രീയത്തിലോ മതത്തിലോ അല്ലെങ്കിൽ പിന്നെ സന്തുഷ്ടി എവിടെ കണ്ടെത്താം? ഒരുപക്ഷേ വാണിജ്യമേഖലയിൽ? അതും സന്തുഷ്ടി പ്രദാനം ചെയ്യാനുള്ള പ്രാപ്തിയുണ്ടെന്ന് അവകാശപ്പെടുന്നു. പണംകൊടുത്തു വാങ്ങാൻ കഴിയുന്ന എല്ലാ ഭൗതിക വസ്തുക്കളും സേവനങ്ങളും ഉണ്ടായിരിക്കുന്നതിൽനിന്നാണു സന്തുഷ്ടി ലഭിക്കുന്നതെന്നു വ്യക്തമായി പറഞ്ഞുകൊണ്ട് അത് അതിന്റെ വാദഗതി പരസ്യത്തിന്റെ മാധ്യമത്തിലൂടെ അവതരിപ്പിക്കുന്നു.
ഈ രീതിയിൽ സന്തുഷ്ടി തേടുന്ന ആളുകളുടെ എണ്ണം വർധിക്കുന്നതായി തോന്നുന്നു. കുറെ വർഷങ്ങൾക്കു മുമ്പു ജർമനിയിൽ രണ്ടു കുടുംബാംഗങ്ങളിൽ ഒന്ന് എന്ന തോതിൽ ഗൗരവമായ കടത്തിൽ ആണെന്നു റിപ്പോർട്ടു ചെയ്യപ്പെട്ടു. അപ്പോൾ പ്രശസ്ത ജർമൻ ദിനപ്പത്രമായ ദീ സ്സൈററ്, “അവയിൽ പലതും എന്നെങ്കിലും കടത്തിൽനിന്നു കരകേറുന്നതിന് അശേഷം സാദ്ധ്യതയില്ലാതെയാണു നിലകൊള്ളുന്നത്” എന്നു പ്രവചിച്ചതിൽ അത്ഭുതമൊന്നുമില്ല. അത് ഇപ്രകാരം വിശദീകരിച്ചു: “ബാങ്ക് നിങ്ങൾക്കു നിരന്തരം അനുവദിക്കുന്ന പരിധിയോളം തുക പററുന്നതു വളരെ എളുപ്പവും അതിൽനിന്നു തല ഊരുന്നതു വളരെ ദുഷ്ക്കരവുമാണ്.”
അത്യന്തം വ്യവസായവത്കൃതമായ മററു രാജ്യങ്ങളിലെ സ്ഥിതിവിശേഷം സമാനമാണ്. ഏതാനും വർഷം മുമ്പു ന്യൂയോർക്ക് സിററി യൂണിവേഴ്സിററിയിലെ ഒരു സാമൂഹികശാസ്ത്രജ്ഞനായ ഡേവിഡ് കാപ്ലോവിററ്സ്, ഐക്യനാടുകളിൽ രണ്ടു കോടിക്കും രണ്ടര കോടിക്കുമിടയിലുള്ള വീട്ടുകാർ ഭാരിച്ച കടത്തിലാണെന്നു കണക്കാക്കി. “ജനങ്ങൾ കടത്തിൽ മുങ്ങിയിരിക്കുകയാണെന്നും അത് അവരുടെ ജീവിതങ്ങളെ നശിപ്പിക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു.
അതു അശേഷം സന്തുഷ്ടിയായി തോന്നുന്നില്ല! എന്നാൽ മറേറ രണ്ടിനും (രാഷ്ട്രീയത്തിനും മതത്തിനും) വ്യക്തമായും കഴിയാത്തതു വാണിജ്യലോകത്തിനു നേടാൻ കഴിയുമെന്നു നാം പ്രതീക്ഷിക്കണമോ? ധനികനായ ശലോമോൻ രാജാവ് ഒരിക്കൽ ഇങ്ങനെ എഴുതി: “ദ്രവ്യപ്രിയന്നു [വെള്ളിപ്രിയന്, NW] ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന്നു ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായ അത്രേ.”—സഭാപ്രസംഗി 5:10.
ഭൗതിക സ്വത്തുക്കളിൽ സന്തുഷ്ടി തേടുന്നത് ആകാശക്കോട്ട കെട്ടുന്നതുപോലെയാണ്. ആകാശക്കോട്ട കെട്ടുന്നതു ആവേശജനകമായിരിക്കാം, എന്നാൽ അതിൽ ജീവിക്കാൻ തുനിഞ്ഞാൽ നിങ്ങൾക്കു പ്രശ്നങ്ങൾ ഉണ്ടാകും.
സന്തുഷ്ടി നേടിയെടുക്കാവുന്നതാണ്, എന്നാൽ എങ്ങനെ?
അപ്പോസ്തലനായ പൗലോസ് യഹോവയെ “സന്തുഷ്ടനായ ദൈവ”മെന്നു വിളിക്കുന്നു. (1 തിമൊഥെയോസ് 1:11, NW) തന്റെ പ്രതിച്ഛായയിൽ മനുഷ്യരെ സൃഷ്ടിച്ചുകൊണ്ടു സന്തുഷ്ടനായ ദൈവം അവർക്കു സന്തുഷ്ടരായിരിക്കാനുള്ള കഴിവുകൂടി നൽകി. (ഉല്പത്തി 1:26) എന്നാൽ “യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ” എന്നു സങ്കീർത്തനക്കാരൻ പ്രകടമാക്കിയതുപോലെ അവരുടെ സന്തുഷ്ടി അവരുടെ ദൈവത്തെ സേവിക്കുന്നതിൻമേൽ ആശ്രയിച്ചിരിക്കണമായിരുന്നു. (സങ്കീർത്തനം 144:15ബി) നമ്മൾ പുതിയ ലോക ഭാഷാന്തരത്തിൽ “സന്തുഷ്ടമായ” എന്നും “സന്തുഷ്ടി” എന്നുമുള്ള വാക്കുകൾ പ്രത്യക്ഷപ്പെടുന്ന 110 സ്ഥലങ്ങളിൽ ചിലതു പരിചിന്തിക്കുന്നുവെങ്കിൽ ദൈവത്തോടുള്ള നമ്മുടെ സേവനത്തിൽ എന്തുൾപ്പെടുന്നുവെന്നും നാം അവിടുത്തെ സേവിക്കുന്നത് എപ്രകാരം യഥാർഥ സന്തുഷ്ടിയിലേക്കു നയിക്കുന്നുവെന്നും കൂടുതൽ മെച്ചമായി മനസ്സിലാക്കാം.
ആത്മീയ ആവശ്യങ്ങൾ തിരിച്ചറിയൽ
“തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ സംബന്ധിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു” എന്നു ദൈവപുത്രനായ യേശുക്രിസ്തു തന്റെ പ്രശസ്തമായ ഗിരിപ്രഭാഷണത്തിൽ പറഞ്ഞു. (മത്തായി 5:3, NW) വാണിജ്യലോകം സന്തുഷ്ടിക്കു സുഖഭോഗവസ്തുക്കൾ വാങ്ങിയാൽ മതിയെന്നു നമ്മെ തെററിധരിപ്പിക്കുവാൻ പരിശ്രമിക്കുന്നു. ഒരു ഗൃഹകമ്പ്യൂട്ടർ, ഒരു വീഡിയോ ക്യാമറ, ഒരു ടെലഫോൺ, ഒരു കാർ, ഏററവും നൂതനമായ സ്പോർട്ട്സ് ഉപകരണം, സ്റൈറലൻ വസ്ത്രം മുതലായവ ഉണ്ടായിരിക്കുന്നതാണു സന്തുഷ്ടി എന്ന് അതു നമ്മോടു പറയുന്നു. ലോകത്തിൽ കോടിക്കണക്കിനാളുകൾക്ക് ഇവയില്ലെന്നും എന്നിട്ടും അവർ അവശ്യം അസന്തുഷ്ടരല്ല എന്നുമാണ് അവർ നമ്മളോടു പറയാത്തത്. ജീവിതത്തെ പലപ്പോഴും കൂടുതൽ ആശ്വാസപ്രദവും സൗകര്യപ്രദവുമാക്കുന്നുണ്ടെങ്കിലും അവ സന്തുഷ്ടിക്കു മർമപ്രധാനമല്ല.
പൗലോസിനെപ്പോലെ തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ സംബന്ധിച്ചു ബോധമുള്ളവർ ഇങ്ങനെ പറയേണ്ടയാവശ്യമുണ്ട്: “ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.” (1 തിമൊഥെയൊസ് 6:8) എന്തുകൊണ്ട്? ആത്മീയ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതാണു നിത്യജീവനിലേക്കു നയിക്കുന്നത്.—യോഹന്നാൻ 17:3.
നമ്മുടെ കൈവശം പണമുണ്ടെങ്കിൽ നല്ല വസ്തുക്കൾ വാങ്ങി ആസ്വദിക്കുന്നതിൽ എന്തെങ്കിലും തെററുണ്ടോ? സാധാരണമായി ഇല്ല. എന്നാലും ഏതു വ്യാമോഹങ്ങളിലും മുഴുകാതിരിക്കാനോ നിർവാഹമുണ്ടെന്നതിനാൽ മാത്രം എന്തും വാങ്ങുന്നത് ഒഴിവാക്കാനോ പഠിക്കുന്നതു നമ്മുടെ ആത്മീയതയെ ബലിഷ്ഠമാക്കുന്നു. അങ്ങനെ യേശുവിന്റെ സാമ്പത്തികനില ലോകത്തിന്റെ നിലവാരമനുസരിച്ച് ഏററവും നല്ലതല്ലായിരുന്നിട്ടു പോലും അവിടുന്നു സംതൃപ്തി അറിയുകയും സന്തുഷ്ടി നിലനിർത്തുകയും ചെയ്തതുപോലെ നമുക്കും സംതൃപ്തി അറിയാനും സന്തുഷ്ടി നിലനിർത്താനും കഴിയും. (മത്തായി 8:20) “ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നതു; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു. താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു” എന്നു പൗലോസ് എഴുതിയപ്പോൾ അദ്ദേഹം അസന്തുഷ്ടി പ്രകടിപ്പിക്കുകയായിരുന്നില്ല.—ഫിലിപ്പിയർ 4:11, 12.
യഹോവയിലുള്ള ആശ്രയം
ഒരുവന്റെ ആത്മീയ ആവശ്യങ്ങളെ സംബന്ധിച്ച ബോധം ദൈവത്തിൽ ആശ്രയിക്കുവാനുള്ള മനസ്സൊരുക്കത്തെ സൂചിപ്പിക്കുന്നു. “യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ” എന്നു ശലോമോൻ രാജാവു വിശദീകരിച്ചതുപോലെ ഇതു സന്തുഷ്ടിക്കു വഴിയൊരുക്കുന്നു.—സദൃശവാക്യങ്ങൾ 16:20.
എന്നിരുന്നാലും പലയാളുകളും ദൈവത്തിലർപ്പിക്കുന്നതിനെക്കാൾ കൂടുതൽ ആശ്രയം അവരുടെ പണത്തിലും സ്വത്തുക്കളിലും അർപ്പിക്കുന്നുവെന്നത് ഒരു വസ്തുതയല്ലേ? ഈ നിലപാടിൽ നോക്കുമ്പോൾ, യു.എസ്. കറൻസിയിൽ കാണപ്പെടുന്ന വാക്കുകളായ “ഞങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നു” എന്ന ആപ്തവാക്യം പ്രദർശിപ്പിക്കാൻ പണത്തെക്കാൾ കൂടുതൽ അനുചിതമായ ഒരു സ്ഥലവും ഉണ്ടാകില്ല.
പണം കൊടുത്തു വാങ്ങാൻ കഴിയുന്ന എല്ലാമുണ്ടായിരുന്ന ശലോമോൻ രാജാവ് ഭൗതിക സ്വത്തുക്കൾ നിലനിൽക്കുന്ന സന്തോഷത്തിലേക്കു നയിക്കുന്നില്ലെന്നു തിരിച്ചറിഞ്ഞു. (സഭാപ്രസംഗി 5:12-15) ബാങ്ക് പൊളിയുന്നതിലൂടെയോ പണപ്പെരുപ്പത്തിലൂടെയോ ബാങ്കിലെ പണം നഷ്ടപ്പെടാം. ഭൂസ്വത്തുക്കൾ ശക്തമായ കൊടുങ്കാററുകളാൽ നശിപ്പിക്കപ്പെടാം. ഇൻഷ്വറൻസ് പോളിസികൾ ഭാഗികമായി ഭൗതിക നഷ്ടങ്ങൾ നികത്തുമ്പോൾ വൈകാരിക നഷ്ടങ്ങൾ പരിഹരിക്കാൻ അവക്ക് ഒരിക്കലും കഴിയുന്നില്ല. സ്റേറാക്കും ബോണ്ടുകളും രായ്ക്കുരാമാനം പെട്ടെന്നുള്ള ഒരു വിപണിത്തകർച്ചയിൽ വിലയില്ലാത്തതായിത്തീരാം. ഇന്നു നല്ല ശമ്പളമുള്ള ഒരു ജോലി പലകാരണങ്ങൾകൊണ്ടു നാളെ പൊയ്പ്പോയിരിക്കാം.
ഈ കാരണങ്ങളാൽ യഹോവയിൽ ആശ്രയിക്കുന്നവൻ യേശുവിന്റെ ഈ മുന്നറിയിപ്പിനു ശ്രദ്ധ കൊടുക്കുന്നതിന്റെ ജ്ഞാനം കാണുന്നു: “പുഴുവും തുരുമ്പും കെടുക്കയും കള്ളൻമാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളൻമാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.”—മത്തായി 6:19, 20.
ഒരുവൻ തന്റെ ആശ്രയം എല്ലായ്പോഴും പരിപാലിക്കുന്ന സർവശക്തനായ ദൈവത്തിൽ അർപ്പിച്ചിരിക്കുന്നു എന്ന് അറിയുന്നതിനെക്കാൾ വലിയ സുരക്ഷിതത്വബോധവും സന്തുഷ്ടാനുഭവവും എന്താണ്?—സങ്കീർത്തനം 94:14; എബ്രായർ 13:5, 6.
ദിവ്യശാസന സ്വീകരിക്കൽ
സ്നേഹത്തിന്റെ ആത്മാവിൽ ഒരു യഥാർഥ സുഹൃത്തിനാൽ നൽകപ്പെടുന്ന ബുദ്ധ്യുപദേശം, ശാസനയായാലും സ്വാഗതം ചെയ്യപ്പെടുന്നു. ദൈവദാസനായ ഇയ്യോബിന്റെ സുഹൃത്താണെന്നു ഭാവിച്ച ഒരാൾ സ്വയനീതിക്കാരനായി ഒരിക്കൽ അദ്ദേഹത്തോടു: “ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ” എന്നു പറഞ്ഞു. ഈ പ്രസ്താവന സത്യമാണെങ്കിലും, ഈ വാക്കുകളാൽ എലീഫസ് അർഥമാക്കിയത്—ഇയ്യോബ് ഗുരുതരമായ തെററിനു കുററക്കാരനായിരുന്നു എന്നത്—സത്യമായിരുന്നില്ല. എന്തൊരു ‘കുഴപ്പക്കാരനായ ആശ്വാസകൻ!’ എന്നിരുന്നാലും യഹോവ പിന്നീട് ഇയ്യോബിനെ സ്നേഹപൂർവം ശാസിച്ചപ്പോൾ ഇയ്യോബ് താഴ്മയോടെ ശാസന സ്വീകരിക്കുകയും തന്നെത്തന്നെ ഏറിയ സന്തുഷ്ടിയുടെ പാതയിലാക്കുകയും ചെയ്തു.—ഇയ്യോബ് 5:17; 16:2; 42:6, 10-17.
ദൈവം ഇയ്യോബിനോടു പറഞ്ഞതുപോലെ, അവിടുന്ന് ഇന്നു തന്റെ ദാസൻമാരോടു നേരിട്ടു സംസാരിക്കുന്നില്ല. പകരം, അവിടുന്നു തന്റെ വചനത്തെയും തന്റെ ആത്മാവിനാൽ നയിക്കപ്പെടുന്ന സ്ഥാപനത്തെയും ഉപയോഗിച്ചുകൊണ്ട് അവരെ ശാസിക്കുന്നു. ഏതായാലും, ഭൗതിക താത്പര്യങ്ങൾ പിന്തുടരുന്ന ക്രിസ്ത്യാനികൾക്കു പലപ്പോഴും ബൈബിൾ ക്രമമായി പഠിക്കുന്നതിനും യഹോവയുടെ സ്ഥാപനം ഒരുക്കുന്ന എല്ലാ യോഗങ്ങളിലും സംബന്ധിക്കുന്നതിനും സമയമോ ശക്തിയോ താത്പര്യമോ ഇല്ല.
ദൈവം ശാസിക്കുന്ന മനുഷ്യൻ, സദൃശവാക്യങ്ങൾ 3:11-18-നോടു ചേർച്ചയിൽ അത്തരം ശാസന സ്വീകരിക്കുന്നതിന്റെ ജ്ഞാനം തിരിച്ചറിയുന്നു. “ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. അതു മുത്തുകളിലും വിലയേറിയതു. നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല. അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാൻമാർ.”
ശുദ്ധിയുള്ളവരും സമാധാനപ്രേമികളുമായിരിക്കൽ
യേശു സന്തുഷ്ട ജനത്തെ “ഹൃദയശുദ്ധിയുള്ളവരും” “സമാധാനം ഉണ്ടാക്കുന്നവരും” എന്നു വർണിച്ചു. (മത്തായി 5:8, 9) എന്നാൽ ഭൗതിക ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ലോകത്തിൽ സ്വാർഥപരമായ, ഒരുപക്ഷേ അശുദ്ധം പോലുമായ, ആഗ്രഹങ്ങൾ നമ്മുടെ ഹൃദയങ്ങളിൽ വേരു പിടിക്കുവാൻ എത്ര എളുപ്പമായിരിക്കും! ദിവ്യജ്ഞാനത്താൽ നയിക്കപ്പെടുന്നില്ലെങ്കിൽ നമുക്കു മററുള്ളവരുമായുള്ള സമാധാനപൂർണ്ണമായ ബന്ധം തകർക്കുന്ന, ചോദ്യം ചെയ്യപ്പെടാവുന്ന മാർഗങ്ങളിലൂടെ, സാമ്പത്തിക ക്ഷേമം അന്വേഷിക്കുന്നതിലേക്കു വഴിതെററിക്കപ്പെടുന്നതിനു പോലും എത്ര എളുപ്പമായിരിക്കും! കാരണമില്ലാതെയല്ല, ബൈബിൾ “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു” എന്നു മുന്നറിയിപ്പു കൊടുക്കുന്നത്.—1 തിമൊഥെയൊസ് 6:10.
പണസ്നേഹം, അതൃപ്തിയും നന്ദിയില്ലായ്മയും അത്യാഗ്രഹവും ഊട്ടിവളർത്തുന്ന ഗർവിഷ്ഠമായ ഒരു കാഴ്ചപ്പാടിനു പ്രോത്സാഹിപ്പിക്കുന്നു. അത്തരം തെററായ ആത്മാവു വികാസം പ്രാപിക്കുന്നതു തടയാൻ ചില ക്രിസ്ത്യാനികൾ വലിയ സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു മുമ്പ് അവരോടുതന്നെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നു: എനിക്ക് ഇതു വാസ്തവത്തിൽ ആവശ്യമുണ്ടോ? ഇത്ര വിലപിടിച്ച ഒരു വാങ്ങൽ അല്ലെങ്കിൽ ഇത്രയും നല്ല ശമ്പളമുള്ള, സമയം വളരെ എടുക്കുന്ന ജോലി, ഇവയൊന്നുമില്ലാതെ ജീവിക്കുന്ന ലക്ഷക്കണക്കിനു ജനങ്ങളെക്കാൾ കൂടുതലായി എനിക്ക് ആവശ്യമുണ്ടോ? സത്യാരാധനയിലെ എന്റെ പങ്കു വികസിപ്പിക്കുന്നതിനോ ഒരുപക്ഷേ ലോകവ്യാപക പ്രസംഗവേലയെ പിന്തുണച്ചുകൊണ്ടോ എന്നെക്കാൾ കുറഞ്ഞ ചുററുപാടുള്ളവരെ സഹായിച്ചുകൊണ്ടോ എനിക്കു കൂടുതൽ മെച്ചപ്പെട്ട രീതിയിൽ എന്റെ പണമോ സമയമോ ചെലവിടാനാകുമോ?
സഹിഷ്ണുത പ്രകടമാക്കൽ
സഹിച്ചുനിൽക്കുവാൻ ഇയ്യോബ് നിർബന്ധിതനായ പീഡാനുഭവങ്ങളിൽ ഒന്ന് സാമ്പത്തിക നഷ്ടമായിരുന്നു. (ഇയ്യോബ് 1:14-17) അദ്ദേഹത്തിന്റെ ദൃഷ്ടാന്തം പ്രകടമാക്കുന്നതുപോലെ ജീവിതത്തിന്റെ എല്ലാവശങ്ങളിലും സഹിഷ്ണുത ആവശ്യമായിവരുന്നു. ചില ക്രിസ്ത്യാനികൾ പീഡനം സഹിച്ചുനിൽക്കണം; മററുചിലർ പരീക്ഷകൾ; ഇനിയും ചിലർ മോശമായ സാമ്പത്തിക അവസ്ഥകൾ. എന്നാൽ ഏതു തരത്തിലുള്ള സഹിഷ്ണുതയ്ക്കും യഹോവ പ്രതിഫലം നൽകും, എന്തുകൊണ്ടന്നാൽ ഇയ്യോബിനോടുള്ള ബന്ധത്തിൽ ക്രിസ്തീയ ശിഷ്യനായ യാക്കോബ് ഇങ്ങനെ എഴുതി: “സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാൻമാർ എന്നു പുകഴ്ത്തുന്നു.”—യാക്കോബ് 5:11.
സാമ്പത്തികനില മെച്ചപ്പെടുത്തുവാൻ ആത്മീയ താത്പര്യങ്ങൾ അവഗണിക്കുന്നതു താത്ക്കാലിക സാമ്പത്തികാശ്വാസം കൈവരുത്തിയേക്കാം, എന്നാൽ ദൈവരാജ്യത്തിൻകീഴിലെ സ്ഥിരമായ സാമ്പത്തികാശ്വാസത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ ശോഭനമായി നിർത്താൻ അതു സഹായിക്കുമോ? ഇതു മൂല്യവത്തായ ഒരു ഭാഗ്യപരീക്ഷണമാണോ?—2 കൊരിന്ത്യർ 4:18.
ഇപ്പോഴും എന്നന്നേക്കും സന്തോഷം കണ്ടെത്തൽ
മനുഷ്യരെ സന്തുഷ്ടരാക്കാൻ എന്താവശ്യമാണെന്നുള്ളതു സംബന്ധിച്ച യഹോവയുടെ വീക്ഷണത്തെ ചിലയാളുകൾ പ്രത്യക്ഷത്തിൽ ചോദ്യം ചെയ്യുന്നു. പ്രാധാന്യമേറിയ ദീർഘകാല പ്രയോജനങ്ങളെ അവഗണിച്ചുകൊണ്ടു ദൈവം ബുദ്ധിയുപദേശിക്കുന്നതു ചെയ്യുന്നതിൽ വ്യക്തിപരമായ സത്വര പ്രയോജനം അവർ കാണുന്നില്ല. ഭൗതിക വസ്തുക്കളിൽ ആശ്രയിക്കുന്നതു വ്യർഥമെന്നും അത് ആശാഭംഗത്തിലേക്കു നയിക്കുന്നുവെന്നും തിരിച്ചറിയുവാൻ അവർ പരാജയപ്പെടുന്നു. ബൈബിൾ എഴുത്തുകാരൻ ശരിയായി ഇങ്ങനെ ചോദിക്കുന്നു: “വസ്തുവക പെരുകുമ്പോൾ അതുകൊണ്ടു ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന്നു കണ്ണുകൊണ്ടു കാണുകയല്ലാതെ മറെറന്തു പ്രയോജനം?” (സഭാപ്രസംഗി 5:11; 2:4-11; 7:12കൂടെ കാണുക.) താത്പര്യം എത്ര വേഗത്തിലാണ് അപ്രത്യക്ഷമാകുന്നത്. നമുക്കു വേണ്ടതുതന്നെയാണെന്നു നാം വിചാരിച്ച വസ്തുക്കൾ ഒരു ഷെൽഫിലേക്കു മാററിവെക്കുകയും അവിടെയിരുന്നു പൊടിപിടിക്കുകയും ചെയ്യുന്നതിൽ അതു കലാശിക്കുന്നു.
ഭൗതികമായി അയൽക്കാരനുള്ളതെല്ലാം തനിക്കും വേണം എന്ന സമ്മർദമുണ്ടാകാൻ ഒരു സത്യക്രിസ്ത്യാനി തന്നെത്തന്നെ ഒരിക്കലും അനുവദിക്കുകയില്ല. യഥാർഥമൂല്യം അളക്കേണ്ടത് ഒരാൾക്ക് എന്തൊക്കെയുണ്ട് എന്നതിനാലല്ല, പിന്നെയോ ഒരാൾ എന്തായിരിക്കുന്നു എന്നതിനാലാണെന്ന് അയാൾക്കറിയാം. ഒരു വ്യക്തിയെ സന്തുഷ്ടനാക്കുവാൻ—യഥാർഥത്തിൽ സന്തുഷ്ടനാക്കുവാൻ—എന്താണാവശ്യമായിരിക്കുന്നത് എന്നതു സംബന്ധിച്ച് അയാളുടെ മനസ്സിൽ ഒരു സംശയവുമില്ല: യഹോവയുമായി ഒരു നല്ല ബന്ധം ആസ്വദിക്കുന്നതും അവിടുത്തെ സേവനത്തിൽ തിരക്കോടെ ഏർപ്പെടുന്നതുംതന്നെ.
[20-ാം പേജിലെ ചിത്രം]
ഭൗതികവസ്തുക്കൾക്കു മാത്രം നിലനിൽക്കുന്ന സന്തുഷ്ടി കൈവരുത്തുവാൻ ഒരിക്കലും കഴിയില്ല
[22-ാം പേജിലെ ചിത്രം]
“തങ്ങളുടെ ആത്മീയ ആവശ്യം സംബന്ധിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു” എന്നു ബൈബിൾ പറയുന്നു