യഹോവയുടെ വിലയേറിയ ആടുകളെ ആർദ്രതയോടെ മേയിക്കുന്നു
മൂപ്പൻമാർ സൂക്ഷ്മശ്രദ്ധയോടെ ചെവികൊടുത്തു. അപ്പോസ്തലനായ പൗലോസിൽനിന്നു നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി അവർ എഫേസൂസിൽനിന്ന് ഏകദേശം 50 കിലോമീററർ യാത്രചെയ്ത് മിലേത്തോസിൽ വന്നിരുന്നു. ഇത് അദ്ദേഹത്തെ കാണുന്നതിൽ അവസാനത്തെ അവസരമായിരിക്കുമെന്നു കേട്ടതിൽ അവർ ദുഃഖിതരായി. അതുകൊണ്ട്, തങ്ങൾ കേൾക്കാൻ പോകുന്ന വാക്കുകൾ അങ്ങേയററം പ്രധാനമായിരിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു: “നിങ്ങൾക്കുതന്നെയും മുഴു ആട്ടിൻകൂട്ടത്തിനും ശ്രദ്ധകൊടുക്കുക, ദൈവം സ്വന്തപുത്രന്റെ രക്തത്താൽ വിലയ്ക്കുവാങ്ങിയ തന്റെ സഭയെ മേയിക്കാൻ അതിന്റെ ഇടയിൽ പരിശുദ്ധാത്മാവ് നിങ്ങളെ മേൽവിചാരകൻമാരായി നിയമിച്ചിരിക്കുന്നു.”—പ്രവൃത്തികൾ 20:25, 28, 38, NW.
ഇടയൻമാരെക്കുറിച്ചുള്ള പൗലോസിന്റെ ഹ്രസ്വമായ പരാമർശം തീർച്ചയായും ആ എഫേസ്യ മൂപ്പൻമാർക്കു ധാരാളം വിവരങ്ങൾ പ്രദാനം ചെയ്തു. ചുററുപാടുമുള്ള നാട്ടിൻപുറങ്ങളിൽ ആടുകളെ മേയിക്കുന്ന വേല അവർക്കു പരിചിതമായിരുന്നു. എബ്രായ തിരുവെഴുത്തുകളിൽ ഇടയൻമാരെക്കുറിച്ചുള്ള അനേകം പരാമർശനങ്ങളും അവർക്കു പരിചിതമായിരുന്നു. യഹോവ തന്റെ ജനത്തിന്റെ ഒരു ഇടയനോടു തന്നെത്തന്നെ ഉപമിച്ചതായി അവർക്കറിയാമായിരുന്നു.—യെശയ്യാവു 40:10, 11.
പൗലോസ് അവരെപ്പററി “ആട്ടിൻകൂട്ട”ത്തിന്റെ ഇടയിലെ “മേൽവിചാരകൻമാർ” എന്ന നിലയിലും “സഭയുടെ” “ഇടയൻമാർ” എന്ന നിലയിലും സംസാരിച്ചു. “മേൽവിചാരകൻ” എന്ന പദം അവരുടെ നിയമനം എന്ത് എന്നു സൂചിപ്പിക്കുമ്പോൾ “ഇടയൻമാർ” എന്ന പദം അവർ ആ മേൽവിചാരണ നിർവഹിക്കേണ്ട വിധത്തെ വർണിക്കുന്നു. ഒരു ഇടയൻ തന്റെ ആടുകളെ സംരക്ഷിക്കുന്ന സ്നേഹനിർഭരമായ അതേ രീതിയിൽത്തന്നെ സഭയിലെ ഓരോ അംഗത്തെയും മേൽവിചാരകൻമാർ പരിപാലിക്കണമായിരുന്നു.
ഇന്ന്, അധികം മൂപ്പൻമാർക്ക് അക്ഷരീയ ആടുകളെ മേയിക്കുന്നതിൽ നേരിട്ടുള്ള അനുഭവപരിചയമില്ല. എന്നാൽ ബൈബിൾ, വിശേഷാൽ ആലങ്കാരിക അർഥത്തിൽ ആടുകളെയും ആട്ടിടയൻമാരെയും വളരെയധികം പ്രാവശ്യം പരാമർശിക്കുന്നതുകൊണ്ടു പൗലോസിന്റെ വാക്കുകൾക്കു കാലാതീതമായ സ്വാധീനശക്തിയുണ്ട്. തന്നെയുമല്ല, പുരാതനകാലങ്ങളിൽ ദൈവത്തിന്റെ ആനുകൂല്യം ഉണ്ടായിരുന്ന ഇടയൻമാരെപ്പററിയുള്ള വിവരണങ്ങളിൽനിന്നു ധാരാളം കാര്യങ്ങൾ പഠിക്കാൻ കഴിയും. അവരുടെ ശ്രദ്ധേയമായ മാതൃകകൾക്കു ദൈവത്തിന്റെ സഭയെ മേയിക്കുന്നതിനു തങ്ങൾ ഏതു ഗുണങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ടെന്നു കാണാൻ ഇക്കാലത്തെ മൂപ്പൻമാരെ സഹായിക്കാൻ കഴിയും.
നിർഭയനായ ഇടയനായിരുന്ന ദാവീദ്
ബൈബിൾ കാലങ്ങളിലെ ഇടയൻമാരെപ്പററി ചിന്തിക്കുമ്പോൾ നാം മിക്കവാറും ദാവീദിനെ ഓർക്കും, കാരണം അദ്ദേഹം ഒരു ആട്ടിടയനായിട്ടാണു തുടക്കം കുറിച്ചത്. നാം ദാവീദിന്റെ ജീവിതത്തിൽനിന്നു പഠിക്കുന്ന ആദ്യ പാഠങ്ങളിൽ ഒന്ന് ഒരു ഇടയനായിരിക്കുക എന്നതു പ്രാമുഖ്യതയുള്ള ഒരു പദവി അല്ല എന്നതാണ്. വാസ്തവത്തിൽ, യിശ്ശായിയുടെ ഒരു മകനെ ഇസ്രയേലിന്റെ ഭാവി രാജാവായി അഭിഷേകം ചെയ്യുന്നതിനു ശമൂവേൽ എത്തിച്ചേർന്നപ്പോൾ ബാലനായ ദാവീദിനെ ആദ്യം തീർത്തും അവഗണിച്ചു. അവന്റെ മൂത്ത ഏഴു സഹോദരൻമാരെയും യഹോവ നിരസ്സിച്ചശേഷം മാത്രമാണ് വയലിൽ “ആടുകളെ മേയ്ക്ക”യായിരുന്ന ദാവീദിനെപ്പററി സൂചനയുണ്ടായത്. (1 ശമൂവേൽ 16:10, 11) എന്നുവരികിലും ദാവീദ് ഇടയനായി ചെലവഴിച്ച വർഷങ്ങൾ ഇസ്രയേൽ ജനതയെ മേയിക്കുന്ന ശ്രമകരമായ വേലക്ക് അദ്ദേഹത്തെ സജ്ജനാക്കി. “[യഹോവ] തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിൻ തൊഴുത്തുകളിൽനിന്നു അവനെ വരുത്തി. തന്റെ ജനമായ യാക്കോബിനെയും . . . മേയിക്കേണ്ടതിന്നു” എന്നു സങ്കീർത്തനം 78:70, 71 പറയുന്നു. യഥോചിതം, ദാവീദ് മനോഹരവും പ്രസിദ്ധവുമായ 23-ാം സങ്കീർത്തനം “യഹോവ എന്റെ ഇടയനാകുന്നു” എന്ന വാക്കുകളാൽ തുടക്കമിട്ടുകൊണ്ട് എഴുതി.
ദാവീദിനെപ്പോലെ ക്രിസ്തീയ സഭയിലുള്ള മൂപ്പൻമാർ താഴ്മയുള്ള ഉപ ഇടയൻമാരായി സേവിക്കുകയും അനുചിതമായ പ്രാമുഖ്യം തേടാതിരിക്കുകയും വേണം. അപ്പോസ്തലനായ പൗലോസ് തിമൊഥെയോസിന് എഴുതിയതുപോലെ, ഈ മേയിക്കൽ ഉത്തരവാദിത്വങ്ങൾ എത്തിപ്പിടിക്കുന്നവർ “നല്ലവേല ആഗ്രഹിക്കുന്നു,” പ്രാമുഖ്യം അല്ല.—1 തിമൊഥെയൊസ് 3:1.
ഒരു അക്ഷരീയ ഇടയനെന്നനിലയിലുള്ള ദാവീദിന്റെ തൊഴിൽ താണതായിരുന്നുവെങ്കിലും ചിലപ്പോഴെല്ലാം അതു വലിയ ധൈര്യം ആവശ്യമാക്കിത്തീർത്തു. ദൃഷ്ടാന്തത്തിന്, ഒരിക്കൽ ഒരു സിംഹവും മറെറാരിക്കൽ ഒരു കരടിയും തന്റെ പിതാവിന്റെ ആട്ടിൻകൂട്ടത്തിൽനിന്ന് ആടുകളെ പിടിച്ചുകൊണ്ടുപോയപ്പോൾ ദാവീദ് നിർഭയനായി എതിരിടുകയും ആ ഹിംസ്രമൃഗങ്ങളെ കൊല്ലുകയും ചെയ്തു. (1 ശമൂവേൽ 17:34-36) ഒരു സിംഹത്തിനു അതിനെക്കാൾ വളരെ വലിയ മൃഗങ്ങളെ കൊല്ലാമെന്നത് ഒരുവൻ പരിചിന്തിക്കുമ്പോൾ ഇതു ധൈര്യത്തിന്റെ പ്രശംസാർഹമായ ഒരു പ്രകടനമായിരുന്നു. കൂടാതെ പാലസ്തീനിൽ ഉണ്ടായിരുന്ന 140 കിലോഗ്രാമോളം തൂക്കം വരുന്ന സിറിയൻ ചെങ്കരടിക്ക് അതിന്റെ നഖമുള്ള ശക്തമായ പാദംകൊണ്ട് ഒരു മാനിനെ ഒററ അടിക്കു കൊല്ലാൻ കഴിയും.
ദാവീദിനു തന്റെ പിതാവിന്റെ ആടുകളിലുണ്ടായിരുന്ന ധീരമായ താത്പര്യം ക്രിസ്തീയ സഭയിലെ ഇടയൻമാർക്ക് ഒരു ഉത്തമ ദൃഷ്ടാന്തമാണ്. പൗലോസ് എഫേസൂസിലെ മൂപ്പൻമാർക്ക് “ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്ക”ളെപ്പററി മുന്നറിയിപ്പു നൽകി. (പ്രവൃത്തികൾ 20:29) ആധുനിക നാളുകളിലും ക്രിസ്തീയ ഇടയൻമാർക്കു യഹോവയുടെ ആടുകളുടെ ആത്മീയ ക്ഷേമം കാത്തു സൂക്ഷിക്കുന്നതിനു ധൈര്യം കാട്ടേണ്ടതായ സന്ദർഭങ്ങൾ ഉയർന്നു വരും.
ആടുകളെ ധൈര്യപൂർവം സംരക്ഷിക്കേണ്ടതുണ്ടെങ്കിലും സ്നേഹമുള്ള ഇടയനായ ദാവീദിന്റെയും നല്ല ഇടയനായ യേശുക്രിസ്തുവിന്റെയും മാതൃക അനുകരിച്ചുകൊണ്ട് അവയെ ഏററവും ആർദ്രതയോടുകൂടെ പരിപാലിക്കേണ്ടതുമുണ്ട്. (യോഹന്നാൻ 10:11) ആട്ടിൻകൂട്ടം യഹോവയുടേതാണെന്ന് അറിഞ്ഞുകൊണ്ടു മൂപ്പൻമാർ “ദൈവത്തിന്റെ അവകാശമായിരിക്കുന്നവരുടെമേൽ കർതൃത്വം” നടത്തിക്കൊണ്ട് ഒരിക്കലും ആടുകളോടു പരുഷരായിരിക്കരുത്.—1 പത്രോസ് 5:2, 3, NW; മത്തായി 11:28-30; 20:25-27.
കണക്കു ബോധിപ്പിക്കൽ
ഗോത്രപിതാവായ യാക്കോബ് മറെറാരു പ്രസിദ്ധനായ ഇടയനായിരുന്നു. തന്റെ സംരക്ഷണത്തിൽ ഏൽപ്പിച്ചിരുന്ന ഓരോ ആടിനും താൻ വ്യക്തിപരമായി ഉത്തരവാദിയാണെന്നു യാക്കോബ് കരുതി. തന്റെ അമ്മായപ്പനായ ലാബാന്റെ ആട്ടിൻകൂട്ടങ്ങളെ വളരെ വിശ്വസ്തമായി പരിപാലിച്ചതുകൊണ്ട് 20 വർഷത്തെ തന്റെ സേവനത്തിനുശേഷം, “നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല; നിന്റെ കൂട്ടത്തിലെ ആട്ടുകൊററൻമാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല. ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന്നു ഉത്തരവാദിയായിരുന്നു; പകൽ കളവു പോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു” എന്നു യാക്കോബിനു പറയാൻ കഴിഞ്ഞു.—ഉല്പത്തി 31:38, 39.
നമ്മുടെ ദേഹികളുടെ ഇടയനായ യഹോവയാം ദൈവം “സ്വന്ത പുത്രന്റെ രക്തത്താൽ വിലയ്ക്കുവാങ്ങിയ” ആടുകളോടു ക്രിസ്തീയ മേൽവിചാരകൻമാർ അതിലും കൂടിയ താത്പര്യം പ്രകടമാക്കുന്നു. (പ്രവൃത്തികൾ 20:28; 1 പത്രൊസ് 2:25; 5:4) നേതൃത്വം വഹിക്കുന്ന പുരുഷൻമാർ “കണക്കുബോധിപ്പിക്കുന്നവരെന്ന നിലയിൽ നിങ്ങളുടെ ദേഹികളെ കാവൽചെയ്തുകൊണ്ടിരിക്കുന്നു” എന്ന് എബ്രായ ക്രിസ്ത്യാനികളെ ഓർമിപ്പിച്ചപ്പോൾ പൗലോസ് ഭാരിച്ച ഈ ഉത്തരവാദിത്വത്തെ ഊന്നിപ്പറഞ്ഞു.—എബ്രായർ 13:17, NW.
ഒരു ഇടയന്റെ തൊഴിലിനു സമയപരിധി ഇല്ല എന്നും യാക്കോബിന്റെ ദൃഷ്ടാന്തം കാണിക്കുന്നു. ഇതു രാപകലില്ലാതെ ചെയ്യേണ്ടതും മിക്കപ്പോഴും ആത്മത്യാഗം ആവശ്യമാക്കിത്തീർക്കുന്നതുമായ ഒരു തൊഴിലാണ്. അദ്ദേഹം ലാബാനോടു പറഞ്ഞു: “ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻ ക്ഷയിച്ചു; എന്റെ കണ്ണിന്നു ഉറക്കമില്ലാതെയായി.”—ഉല്പത്തി 31:40.
പിൻവരുന്ന ദൃഷ്ടാന്തങ്ങൾ വിശദമാക്കുന്ന പ്രകാരം ഇന്നു സ്നേഹമുള്ള അനേകം ക്രിസ്തീയ മൂപ്പൻമാരുടെ കാര്യത്തിലും ഇതു ശരിയാണ്. തലച്ചോറിലെ ക്യാൻസർ നീക്കംചെയ്തതിനെ തുടർന്നു കുഴപ്പങ്ങളുണ്ടായശേഷം ഒരു സഹോദരനെ ആശുപത്രിയിലെ ഇൻറൻസീവ് കെയർ യൂണിററിൽ കിടത്തി. രാവും പകലും അദ്ദേഹത്തോടൊപ്പം നിൽക്കാൻ അദ്ദേഹത്തിന്റെ കുടുംബം ക്രമീകരണം ചെയ്തു. സ്ഥലത്തെ മൂപ്പൻമാരിലൊരാൾ രോഗിയെയും അയാളുടെ കുടുംബത്തെയും എല്ലാദിവസവും സന്ദർശിച്ച് ആവശ്യമായ ധാർമിക പിന്തുണയും പ്രോത്സാഹനവും നൽകുന്നതിനുവേണ്ടി തന്റെ തിരക്കുള്ള സമയപ്പട്ടികയിൽ ക്രമീകരണം വരുത്തി. ആശുപത്രിയിലെ കർശനമായ ചികിത്സാ മുറ നിമിത്തം എല്ലായ്പോഴും പകൽ സമയത്തു സന്ദർശിക്കുന്നതിന് അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. അതിന്റെ അർഥം രാത്രി വളരെ വൈകിയും അദ്ദേഹത്തിന് ആശുപത്രിയിൽ നിൽക്കേണ്ടിവരുമായിരുന്നു എന്നാണ്. എന്നാൽ അദ്ദേഹം സന്തോഷപുരസ്സരം ഓരോ രാത്രിയിലും അവിടെ പോകുമായിരുന്നു. “എനിക്കു സൗകര്യപ്രദമായ സമയത്തല്ല, രോഗിക്കു സൗകര്യപ്രദമായ സമയത്താണു ഞാൻ സന്ദർശിക്കേണ്ടത് എന്ന് ഞാൻ തിരിച്ചറിഞ്ഞു” എന്ന് ആ മൂപ്പൻ പറഞ്ഞു. ആശുപത്രിയിൽ മറെറാരിടത്തേക്കു മാററാൻ തക്കവണ്ണം സഹോദരന്റെ അവസ്ഥ മെച്ചപ്പെട്ടപ്പോൾ ഈ മൂപ്പൻ തന്റെ പ്രോത്സാഹജനകമായ ദൈനംദിന സന്ദർശനം തുടർന്നു.
ഒരു ഇടയനെന്ന നിലയിൽ മോശ പഠിച്ചത്
മോശ “ഭൂതലത്തിൽ ഉള്ള സകല മനുഷ്യരിലും അതിസൌമ്യനായിരുന്നു” എന്നു ബൈബിൾ വർണിക്കുന്നു. (സംഖ്യാപുസ്തകം 12:3) എന്നാൽ എല്ലായ്പോഴും വാസ്തവമിതായിരുന്നില്ല എന്നു രേഖ കാണിക്കുന്നു. അദ്ദേഹം ഒരു യുവാവായിരുന്നപ്പോൾ, സഹ ഇസ്രയേല്യനെ അടിച്ചുവെന്ന കാരണത്താൽ ഒരു ഈജിപ്ററുകാരനെ കൊന്നിരുന്നു. (പുറപ്പാടു 2:11, 12) ഇതു തീർച്ചയായും സൗമ്യനായ ഒരു വ്യക്തിയുടെ പ്രവൃത്തിയല്ല! എന്നാൽപ്പോലും ലക്ഷങ്ങൾ വരുന്ന ഒരു ജനതയെ മരുഭൂമിയിലൂടെ വാഗ്ദത്തദേശത്തേക്കു നയിക്കാൻ ദൈവം പിന്നീടു മോശയെ ഉപയോഗിക്കുമായിരുന്നു. അപ്പോൾ, സ്പഷ്ടമായും മോശക്കു കൂടുതൽ പരിശീലനത്തിന്റെ ആവശ്യമുണ്ടായിരുന്നു.
മോശക്ക് അപ്പോൾത്തന്നെ “മിസ്രയീമ്യരുടെ സകല ജ്ഞാന”ത്തിലും മതേതര പരിശീലനം ലഭിച്ചിരുന്നെങ്കിലും യഹോവയുടെ ആടുകളെ മേയിക്കുന്നതിന് അദ്ദേഹത്തിന് കൂടുതൽ ആവശ്യമായിരുന്നു. (പ്രവൃത്തികൾ 7:22) കൂടുതലായ ഈ പരിശീലനം ഏതു രൂപത്തിലായിരിക്കാൻ സാധ്യതയുണ്ടായിരുന്നു? കൊള്ളാം, മിദ്യാൻദേശത്ത് ഒരു എളിയ ഇടയനായി 40 വർഷക്കാലം സേവിക്കാൻ ദൈവം മോശയെ അനുവദിച്ചു. തന്റെ അമ്മായപ്പനായ യിത്രോയുടെ ആടുകളെ മേയിക്കവേ മോശ ക്ഷമ, സൗമ്യത, താഴ്മ, ദീർഘക്ഷമ, സൗമ്യപ്രകൃതം, ആത്മനിയന്ത്രണം എന്നീ ഗുണങ്ങൾ വളർത്തിയെടുത്തു. യഹോവക്കായി കാത്തിരിക്കാനും അദ്ദേഹം പഠിച്ചു. അതേ, അക്ഷരീയ ആടുകളെ മേയിച്ച ഇസ്രയേൽ ജനതയുടെ ഒരു പ്രാപ്തിയുള്ള ഇടയനായിരിക്കാൻ മോശയെ യോഗ്യതയുള്ളവനാക്കി.—പുറപ്പാടു 2:15-3:1; പ്രവൃത്തികൾ 7:29, 30.
ദൈവത്തിന്റെ ജനത്തെ ഇന്നു പരിപാലിക്കുന്നതിന് ഒരു മൂപ്പന് ആവശ്യമായിരിക്കുന്നത് ഇതേ ഗുണങ്ങൾ തന്നെയല്ലേ? അതേ, കാരണം “കർത്താവിന്റെ ദാസൻ എല്ലാവരോടും ശാന്തനും ഉപദേശിപ്പാൻ സമർത്ഥനും ദോഷം സഹിക്കുന്നവനും” വിരോധികളെ “സൌമ്യതയോടെ പഠിപ്പി”ക്കുന്നവനുമായിരിക്കേണം എന്നു പൗലോസ് തിമൊഥെയോസിനെ ഓർമിപ്പിച്ചു.—2 തിമൊഥെയൊസ് 2:24-26.
ഈ ഗുണങ്ങൾ പൂർണമായി വളർത്തിയെടുക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ഒരു മൂപ്പന് ചിലസമയങ്ങളിൽ നിരാശതോന്നിയേക്കാം. എന്നുവരികിലും അദ്ദേഹം ശ്രമം ഉപേക്ഷിക്കരുത്. മോശയുടെ കാര്യത്തിലെന്നപോലെ ഒരുവന് ഒരു നല്ല ഇടയനായിരിക്കാൻ ആവശ്യമായ ഗുണങ്ങൾ പൂർണമായി വളർത്തിയെടുക്കാൻ ഒരുപക്ഷേ ദീർഘകാലം ആവശ്യമായിവന്നേക്കാം. എന്നാൽ കാലക്രമേണ അങ്ങനെയുള്ള കഠിന പരിശ്രമങ്ങൾക്കു ഫലം കിട്ടും.—1 പത്രൊസ് 5:10 താരതമ്യം ചെയ്യുക.
ഒരുപക്ഷേ ഒരു മൂപ്പനെന്ന നിലയിൽ നിങ്ങളെ മററുള്ളവരെപ്പോലെ പൂർണമായി ഉപയോഗിക്കുന്നില്ലായിരിക്കാം. മോശയുടെ കാര്യത്തിലെന്നപോലെ ചില പ്രധാന ഗുണങ്ങൾ കൂടുതൽ പൂർണമായി വളർത്തിയെടുക്കാൻ യഹോവ നിങ്ങളെ അനുവദിക്കുകയായിരിക്കുമോ? യഹോവ “നിങ്ങൾക്കായി കരുതുന്നു”വെന്നത് ഒരിക്കലും മറക്കരുത്. എന്നിരുന്നാലും, ‘ദൈവം നിഗളികളോടു എതിർത്തുനിൽക്കുകയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നതുകൊണ്ടു തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിക്കേണ്ടതിന്റെ’ ആവശ്യവും നാം മനസ്സിൽ പിടിച്ചുകൊള്ളേണ്ടതുണ്ട്. (1 പത്രൊസ് 5:5-7) നിങ്ങൾ ദത്തശ്രദ്ധനായിരിക്കുകയും യഹോവ അനുവദിക്കുന്ന പരിശീലനം കൈക്കൊള്ളുകയും ചെയ്യുന്നെങ്കിൽ മോശയെപ്പോലെ നിങ്ങൾക്കും യഹോവക്കു കൂടുതൽ പ്രയോജനമുള്ളവരായിരിക്കുന്നതിനു കഴിയും.
യഹോവയുടെ എല്ലാ ആടുകളും വിലയേറിയവരാണ്
ബൈബിൾ കാലങ്ങളിലെ ആശ്രയിക്കാവുന്ന, സ്നേഹമുള്ള ഇടയൻമാർക്ക് ഓരോ ആടിന്റെ കാര്യത്തിലും ഒരു ഉത്തരവാദിത്വബോധം ഉണ്ടായിരുന്നു. ആത്മീയ ഇടയൻമാരുടെ കാര്യത്തിലും ഇതു വാസ്തവമായിരിക്കണം. “മുഴു ആട്ടിൻകൂട്ടത്തിനും ശ്രദ്ധകൊടുക്കുക” എന്ന പൗലോസിന്റെ വാക്കുകളിൽനിന്ന് ഇതു വ്യക്തമാകുന്നുണ്ട്. (പ്രവൃത്തികൾ 20:28, NW) “മുഴു ആട്ടിൻകൂട്ട”ത്തിലും ആരെല്ലാം ഉൾപ്പെടും?
നൂറ് ആടുകളുണ്ടായിരുന്നിട്ട് തെററി ഉഴന്നുപോയ ഒന്നിനെ കൂട്ടത്തിലേക്കു തിരികെ കൊണ്ടുവരുന്നതിനു സത്വരം അന്വേഷിച്ചിറങ്ങിയ ഒരു മനുഷ്യനെപ്പററിയുള്ള ഉപമ യേശു പറഞ്ഞു. (മത്തായി 18:12-14; ലൂക്കൊസ് 15:3-7) സമാനമായ രീതിയിൽ ഒരു മേൽവിചാരകനു സഭയിലെ ഓരോ അംഗത്തോടും താത്പര്യം ഉണ്ടായിരിക്കണം. ശുശ്രൂഷയിലോ ക്രിസ്തീയ യോഗങ്ങളിൽ ഹാജരാകുന്നതിലോ ഉള്ള നിഷ്ക്രിയത്വം ആ ആട് മേലാൽ ആട്ടിൻകൂട്ടത്തിന്റെ ഭാഗമല്ലെന്ന് അർഥമാക്കുന്നില്ല. യഹോവയോട് മൂപ്പൻമാർ “കണക്കു ബോധിപ്പിക്കേണ്ട” “മുഴു ആട്ടിൻകൂട്ട”ത്തിന്റെയും ഭാഗമായിത്തന്നെ അയാൾ നിലകൊള്ളുന്നു.
സഭയോടു സഹവസിച്ചുകൊണ്ടിരുന്ന ചിലർ നിഷ്ക്രിയത്വത്തിലേക്കു മാറിപ്പോയതിൽ മൂപ്പൻമാരുടെ ഒരു സംഘം തീർത്തും ഉത്ക്കണ്ഠയുള്ളവരായി. ഈ വ്യക്തികളുടെ ഒരു ലിസ്ററ് തയ്യാറാക്കുകയും അവരെ സന്ദർശിക്കുന്നതിനും യഹോവയുടെ തൊഴുത്തിലേക്കു തിരിച്ചുവരുന്നതിന് അവരെ സഹായിക്കുന്നതിനും ഒരു പ്രത്യേക ശ്രമം നടത്തുകയും ചെയ്തു. രണ്ടരവർഷംകൊണ്ട് 30 പേരെ യഹോവയുടെ സേവനത്തിൽ വീണ്ടും സജീവരായിത്തീരുന്നതിനു സഹായിക്കാൻ കഴിഞ്ഞതിൽ ഈ മൂപ്പൻമാർ ദൈവത്തോട് എത്ര നന്ദിയുള്ളവരായിരുന്നു. അങ്ങനെ സഹായിക്കപ്പെട്ടവരിലൊരാൾ ഏതാണ്ട് 17 വർഷത്തോളം നിഷ്ക്രിയനായിരുന്നു!
ആടുകളെ “ദൈവം സ്വന്തപുത്രന്റെ രക്തത്താൽ വിലയ്ക്കുവാങ്ങിയ”താണ് എന്ന വസ്തുത മേൽവിചാരകൻമാരെ ഈ ഉത്തരവാദിത്വത്തിന്റെ ഗൗരവം കൂടുതലായി ബോധ്യപ്പെടുത്തുന്നു. (പ്രവൃത്തികൾ 20:28, NW) ഈ വിലയേറിയ ആടുകൾക്കുവേണ്ടി ഇതിലും വലിയ വില കൊടുക്കാൻ കഴിയുമായിരുന്നില്ല. തന്നെയുമല്ല, ഓരോ ചെമ്മരിയാടുതുല്യ വ്യക്തിയെയും കണ്ടുപിടിക്കുന്നതിനും സഹായിക്കുന്നതിനും ശുശ്രൂഷയിൽ ചെലവഴിച്ച സമയത്തെയും ശ്രമത്തെയും പററി ചിന്തിക്കുക! അവരെയെല്ലാം ദൈവത്തിന്റെ ആട്ടിൻതൊഴുത്തിൽ സൂക്ഷിക്കാൻ സമാനമായ ഒരു പരിശ്രമം നടത്തേണ്ടതല്ലേ? തീർച്ചയായും സഭയിലെ ഓരോ ആടും വിലയേറിയതാണ്.
ആട്ടിൻകൂട്ടത്തിലെ ഒരംഗം ഗൗരവമായ ദുഷ്പ്രവൃത്തിയിൽ ഉൾപ്പെടുമ്പോൾപ്പോലും മൂപ്പൻമാരുടെ ഉത്തരവാദിത്വത്തിനു മാററം വരുന്നില്ല. അവർ തുടർന്നും കരുതലുള്ള ഇടയൻമാരായിരിക്കുകയും എങ്ങനെയും സാധ്യമെങ്കിൽ ദുഷ്പ്രവൃത്തിക്കാരനെ രക്ഷിക്കാൻ ആർദ്രതയോടും സൗമ്യതയോടും കൂടെ പരിശ്രമിക്കുകയും ചെയ്യുന്നു. (ഗലാത്യർ 6:1, 2) പരിതാപകരമെന്നുപറയട്ടെ, ചില സംഭവങ്ങളിൽ സഭയിലെ ഒരംഗത്തിനു താൻ ചെയ്ത ഗൗരവമായ തെററിൽ ദൈവിക ദുഃഖത്തിന്റെ അഭാവമുള്ളതായി തെളിയുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ ഈ ദുഷിപ്പിക്കുന്ന സ്വാധീനത്തിൽനിന്നു സഭയിലെ മററ് ആടുകളെ സംരക്ഷിക്കുന്നതിനുള്ള തിരുവെഴുത്തുപരമായ ഉത്തരവാദിത്വം സ്നേഹനിധികളായ ഇടയൻമാർക്കുണ്ട്.—1 കൊരിന്ത്യർ 5:3-7, 11-13.
എന്നിരുന്നാലും, തെററി ഉഴന്നുപോയ ആടുകളോടു കരുണകാണിക്കുന്നതിൽ യഹോവയാം ദൈവം പൂർണതയുള്ള ദൃഷ്ടാന്തം വെക്കുന്നു. നമ്മുടെ വലിയ ഇടയൻ അനുകമ്പയോടെ പറയുന്നു: “കാണാതെപോയതിനെ ഞാൻ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചുവരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും.” (യെഹെസ്കേൽ 34:15, 16; യിരെമ്യാവു 31:10) ഈ മഹത്തായ ദൃഷ്ടാന്തം അനുകരിച്ചുകൊണ്ട് ഇപ്പോൾ തങ്ങളുടെ സഹായത്തോടു പ്രതികരിച്ചേക്കാവുന്ന പുറത്താക്കപ്പെട്ടവരെ സന്ദർശിക്കുന്നതിന് ആധുനികനാളിലെ ആത്മീയ ഇടയൻമാർ സ്നേഹനിർഭരമായ ഒരു ക്രമീകരണം ചെയ്തിരിക്കുന്നു. അപ്രകാരം നഷ്ടപ്പെട്ട ആടുകളെ തിരികെ വരുത്തുന്നതിനുള്ള ദയാപുരസ്സരമായ പരിശ്രമങ്ങൾ നല്ല ഫലം ഉളവാക്കിയിട്ടുണ്ട്. പുനഃസ്ഥിതീകരിക്കപ്പെട്ട ഒരു സഹോദരി പറഞ്ഞു: “മൂപ്പൻമാരുടെ സന്ദർശനം എനിക്കു തിരികെ വരുന്നതിനുള്ള പ്രോത്സാഹനമായിരുന്നു.”
സംശയലേശമെന്യേ, എഫേസൂസിലെ മൂപ്പൻമാരോടു മിലേത്തോസിൽവച്ചു പൗലോസ് പറഞ്ഞ വാക്കുകൾ അർഥസമ്പൂർണമായിരുന്നു.—അവർക്കും ഇന്നത്തെ മേൽവിചാരകൻമാർക്കും. ഇടയൻമാരെ സംബന്ധിച്ച അദ്ദേഹത്തിന്റെ പരാമർശം മേൽവിചാരകൻമാരിൽ സ്പഷ്ടമായി പ്രകടമായിരിക്കേണ്ട ആകർഷകമായ ഗുണങ്ങളുടെ ഒരു ഓർമപുതുക്കൽ ആയിരുന്നു—ഇടയരാജാവായ ദാവീദ് ദൃഷ്ടാന്തീകരിച്ചപ്രകാരം താഴ്മയും, ധൈര്യവും പോലുള്ള ഗുണങ്ങൾ; യാക്കോബിന്റെ രാപകൽ സേവനത്തിൽ തെളിഞ്ഞിരുന്ന ഉത്തരവാദിത്വത്തിന്റെയും സംരക്ഷണാത്മക പരിപാലനത്തിന്റെയും വ്യക്തിപരമായ ബോധം; മോശ പ്രകടമാക്കിയപ്രകാരം ക്ഷമാപൂർവം കൂടുതൽ പരിശീലനം സ്വീകരിക്കുന്നതിനുള്ള മനസ്സൊരുക്കം. തീർച്ചയായും, ബൈബിളിലുള്ള ഈ ദൃഷ്ടാന്തങ്ങൾ “ദൈവം സ്വന്തപുത്രന്റെ രക്തത്താൽ വിലയ്ക്കുവാങ്ങിയ തന്റെ സഭയെ” ആർദ്രതയോടെ “മേയിക്കാൻ” ആവശ്യമായ ഗുണങ്ങൾ വളർത്തിയെടുക്കാനും പ്രകടിപ്പിക്കാനും സഭാമൂപ്പൻമാരെ സഹായിക്കും.