അതു വാസ്തവത്തിൽ മോഷണമോ?
അബിയോദൻ നൈജീരിയയിലെ ഒരു വലിയ ഹോട്ടലിലെ പ്രധാന പരിചാരകരിൽ ഒരുവനായിരുന്നു. ഒരു സന്ധ്യയ്ക്ക് വിരുന്നു ശാല പൂട്ടുന്നേരം 1,827 അമേരിക്കൻ ഡോളറിനു തുല്യമായ തുക അടങ്ങിയ ഒരു സഞ്ചി അദ്ദേഹം കണ്ടെത്തി. താമസംവിനാ അദ്ദേഹം ആ പണം യഥാസ്ഥാനത്ത് ഏല്പിച്ചു, ഹോട്ടലിലെ ഒരു അതിഥിയായിരുന്ന അതിന്റെ ഉടമസ്ഥ പിന്നീട് അതിന് അവകാശം ഉന്നയിച്ചു. ഹോട്ടലിന്റെ മാനേജുമെൻറ് ഒരു ഇരട്ട ഉദ്യോഗക്കയററം കൊടുത്തുകൊണ്ട് അബിയോദനു പ്രതിഫലം നൽകുകയും “ആ വർഷത്തെ ഏററവും നല്ല ജോലിക്കാര”നുള്ള അവരുടെ അവാർഡ് അദ്ദേഹത്തിനു നൽകുകയും ചെയ്തു. പണത്തിന്റെ ഉടമസ്ഥയും അദ്ദേഹത്തിനു പ്രതിഫലം നൽകി.
സ്ഥലത്തെ ഒരു വാർത്താപത്രികയായ ക്വാളിററി അബിയോദന് ഒരു “നല്ല ശമര്യാക്കാരൻ” എന്നു പേരു നൽകിക്കൊണ്ട് ഈ വിവരം പ്രതിപാദിച്ചു. ആ പണം സ്വന്തമാക്കാൻ പ്രലോഭിതനായോ എന്നു ക്വാളിററി ചോദിച്ചപ്പോൾ അബിയോദൻ പറഞ്ഞു: ‘ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരുവനാണ്. അതുകൊണ്ട് എന്റേതല്ലാത്ത എന്തെങ്കിലും കണ്ടാൽ ഞാൻ അത് അതിന്റെ ഉടമസ്ഥനു തിരികെ കൊടുക്കും.’
ആ സമുദായത്തിൽ അനേകരും അബിയോദന്റെ സത്യസന്ധതയുടെ പ്രകടനം കണ്ട് അത്ഭുതംകൂറി. സംഭവിച്ചകാര്യത്തിൽ അബിയോദന്റെ സഹ സാക്ഷികൾ സന്തുഷ്ടരായിരുന്നു, എന്നാൽ അത് അവരെ അത്ഭുതപ്പെടുത്തിയില്ല. യഹോവയുടെ സാക്ഷികളുടെ ഉയർന്ന തത്ത്വങ്ങൾ സംബന്ധിച്ച് അവർ ഭൂവ്യാപകമായി അറിയപ്പെടുന്നു. അവയിൽ സത്യസന്ധത ഒഴിവാക്കപ്പെട്ടിട്ടില്ല; അതു നിയമമാണ്, സത്യക്രിസ്ത്യാനിത്വത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ്.
എന്നിരുന്നാലും, ചില സാഹചര്യങ്ങളിൽ സത്യസന്ധതയും സത്യസന്ധതയില്ലായ്മയും തമ്മിൽ തിരിച്ചറിയുക ബുദ്ധിമുട്ടായേക്കാം. ഈ സാഹചര്യം പരിചിന്തിക്കുക. പശ്ചിമ ആഫ്രിക്കയിൽ യഹോവയുടെ സാക്ഷികളുടെ ഒരു സഭയിൽ സംഭാവനകളും കണക്കുകളും കൈകാര്യംചെയ്തുകൊണ്ടിരുന്ന ഫെസ്ററസിന് പണത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ആവശ്യമുണ്ടായി.a അദ്ദേഹത്തിന്റെ ഭാര്യയ്ക്കു ഗുരുതരമായ ഒരു ഓപ്പറേഷൻ വേണ്ടിയിരുന്നു, അതു താമസിപ്പിക്കാൻ പാടുള്ളതല്ലെന്ന് അവരെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു. പകുതി തുക മുൻകൂറായി ആശുപത്രിക്കാർ ആവശ്യപ്പെട്ടു.
ഫെസ്ററസിന്റെ കൈവശം പണമില്ലായിരുന്നു. ലോണിനുവേണ്ടി അദ്ദേഹം പലരെയും സമീപിച്ചെങ്കിലും നിരാശയടയുകയായിരുന്നു ഫലം. അപ്പോൾ തന്റെ കൈവശം സൂക്ഷിച്ചിരുന്ന പണത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ ന്യായവാദം ചെയ്യാൻ തുടങ്ങി. ‘എന്റെ ഭാര്യയെ മരണത്തിൽനിന്നു തടയാൻ എനിക്ക് എന്തെങ്കിലും ചെയ്യാനാകുമ്പോൾ അങ്ങനെ ചെയ്യാതിരിക്കുന്നതു ശരിയാണോ? സഭയുടെ പണത്തിൽനിന്ന് എന്തുകൊണ്ടു “കടം” വാങ്ങിക്കൂടാ? മററുള്ളവർ എനിക്കു തരാനുള്ള പണം കിട്ടുമ്പോൾ അതു മടക്കിക്കൊടുക്കാനാകുമല്ലോ.’
തന്റേതല്ലാതിരുന്ന ആ പണം ആശുപത്രിയിൽ കൊടുക്കുന്നതിനുവേണ്ടി ഫെസ്ററസ് ഉപയോഗിച്ചു. അദ്ദേഹത്തിന്റെ ന്യായവാദം ശരിയായിരുന്നോ? അദ്ദേഹം അഭിമുഖീകരിച്ച അടിയന്തിര സാഹചര്യത്തിന്റെ വീക്ഷണത്തിൽ അദ്ദേഹത്തിന്റെ പ്രവൃത്തി ന്യായീകരിക്കാവുന്നതാണോ?
അത് ആരുടെ പണമാണ്?
ഈ ചോദ്യങ്ങൾ വിശകലനം ചെയ്തുകൊണ്ട് ഫെസ്ററസ് എടുത്തമാതിരിയുള്ള പണത്തിന്റെ ഉറവിടവും ഉദ്ദേശ്യവും സംബന്ധിച്ച് ഏതാനും ചില വിശദാംശങ്ങൾ നമുക്കൊന്നു ചുരുക്കത്തിൽ പുനരവലോകനം ചെയ്യാം. ഫണ്ടുകൾ വരുന്നത് യഹോവയുടെ നിർമലാരാധനയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സഭയിലെ അംഗങ്ങൾ നൽകുന്ന സ്വമേധയായുള്ള സംഭാവനകളിലൂടെ ആണ്. (2 കൊരിന്ത്യർ 9:7) സഭയിൽ ആർക്കും അവർ ചെയ്യുന്ന വേലയ്ക്കു വേതനം കൊടുക്കുന്നില്ലാത്തതിനാൽ അതു ശമ്പളം നൽകുന്നതിനായി ഉപയോഗിക്കുന്നില്ല. അതിനു വിപരീതമായി, സംഭാവന ചെയ്യപ്പെട്ട തുക പ്രധാനമായും ഉപയോഗിക്കുന്നത് ഒരു യോഗ സ്ഥലം, സാധാരണമായി ഒരു രാജ്യഹാൾ ലഭ്യമാക്കിത്തീർക്കുന്നതിനും അതു പരിപാലിക്കുന്നതിനുമാണ്. ചെറുപ്പക്കാരും പ്രായമുള്ളവരും ധനികരും ദരിദ്രരുമായ ആളുകൾക്കു ബൈബിൾ പ്രബോധനം സ്വീകരിക്കുന്നതിനു കൂടിവരാൻ ഈ ഹാൾ സൗകര്യപ്രദവും സുഖപ്രദവുമായ ഒരു സ്ഥലം ഒരുക്കുന്നു.
ആരുടേതാണ് ആ പണം? അതു സഭയുടെ മൊത്തമാണ്. പണം എങ്ങനെ ചെലവിടണമെന്ന് സഭയിലെ ഏതെങ്കിലും ഒരംഗമല്ല തീരുമാനിക്കുന്നത്. ക്രമമായിട്ടുള്ള സഭാചെലവുകൾ മൂപ്പൻമാരുടെ സംഘം നിർവഹിക്കവേ ഒരു അസാധാരണമായ ചെലവ് ആവശ്യമുള്ളപ്പോൾ അനുമതിക്കുവേണ്ടി മുഴു സഭയുടെയും മുമ്പാകെ മൂപ്പൻമാർ സംഗതി അവതരിപ്പിക്കുന്നു.
കടംവാങ്ങലോ മോഷണമോ?
കഴിയുന്നിടത്തോളം നേരത്തെ പണം തിരികെ വയ്ക്കാൻ ഫെസ്ററസ് ഉദ്ദേശിച്ചിരുന്നതിനാൽ തന്റെ പ്രവൃത്തി വായ്പ വാങ്ങലാണെന്ന് അദ്ദേഹം കരുതി. എന്നിരുന്നാലും, “മറെറാരാളുടെ വസ്തു അയാളുടെ അനുവാദം കൂടാതെ കട്ടെടുക്കുന്നതിന് അഥവാ അയാൾ അറിയാതെ കൈക്കലാക്കുകയോ എടുത്തു മാററുകയോ ചെയ്യുന്നതിന്” വെബ്സ്റേറഴ്സ് ന്യൂ ഡിക്ഷ്നറി ഓഫ് സിനോനിംസ് ചില വാക്കുകൾ ഉപയോഗിക്കുന്നു. ആ വാക്കുകൾ “മോഷണം” “മോഷ്ടാവ്” എന്നിവയാണ്. അനുവാദമോ നിയോഗമോ കൂടാതെ ഫെസ്ററസ് സഭയുടേതായിരുന്ന പണം കൈവശപ്പെടുത്തി. അതേ, അതുകൊണ്ട് അയാൾ മോഷണക്കുററം വഹിച്ചു. അയാൾ ഒരു മോഷ്ടാവായിരുന്നു.
എന്നാൽ മോഷണത്തിനുള്ള പ്രേരണയ്ക്കു പിന്നിൽ അപരാധത്തിന്റെ വ്യത്യസ്ത അളവുകളുണ്ട്. അതു നമുക്ക് യൂദാ ഇസ്കര്യോത്തയുടെ ദൃഷ്ടാന്തത്തിൽനിന്നു കാണാവുന്നതാണ്. യേശുവിന്റെയും വിശ്വസ്തരായ അപ്പോസ്തലൻമാരുടെയും കൈവശമുണ്ടായിരുന്ന പണം കൈകാര്യം ചെയ്യാൻ ഏല്പിച്ചിരുന്നത് അയാളെയായിരുന്നു. ‘യൂദാസ് കള്ളനായിരുന്നു.’ “പണപ്പെട്ടി അയാളുടെ പക്കലായിരുന്നു. അതിൽ ഇടുന്ന പണം അയാൾ എടുക്കാറുമുണ്ടായിരുന്നു.” (യോഹന്നാൻ 12:6, ഓശാന ബൈബിൾ) ഒരു മോശമായ ഹൃദയവും തികഞ്ഞ അത്യാഗ്രഹവും നിമിത്തം യൂദാ വഷളായിക്കൊണ്ടിരുന്നു. ഒടുവിൽ അയാൾ ദൈവപുത്രനെ 30 വെള്ളിക്കാശിന് ഒററിക്കൊടുക്കാൻമാത്രം തരംതാണുപോയി.—മത്തായി 26:14-16.
എന്നാൽ, ഫെസ്ററസിനു പ്രേരണ നൽകിയത് രോഗിയായ ഭാര്യയെക്കുറിച്ചുള്ള ഉത്കണ്ഠയായിരുന്നു. അദ്ദേഹം നിരപരാധിയായിരുന്നുവെന്ന് ഇതിനർഥമുണ്ടോ? തീർച്ചയായും ഇല്ല. അടിയന്തിരമെന്നു തോന്നിക്കുന്ന മറെറാരു സാഹചര്യത്തിൽ മോഷണത്തെക്കുറിച്ചു ബൈബിൾ എന്തു പറയുന്നുവെന്നു പരിചിന്തിക്കുക: “കള്ളൻ വിശന്നിട്ടു വിശപ്പടക്കുവാൻ മാത്രം കട്ടാൽ ആരും അവനെ നിരസിക്കുന്നില്ല. അവനെ പിടികിട്ടിയാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കാം.” (സദൃശവാക്യങ്ങൾ 6:30, 31) മററു വാക്കുകളിൽ പറഞ്ഞാൽ, പിടിക്കപ്പെടുമ്പോൾ കള്ളൻ ന്യായപ്രമാണത്തിൻ കീഴിലുള്ള മുഴു ശിക്ഷയും അനുഭവിക്കണം. മോശൈക ന്യായപ്രമാണപ്രകാരം ഒരു കള്ളൻ തന്റെ കുററത്തിനു പരിഹാരം ചെയ്യേണ്ടതുണ്ടായിരുന്നു. അതുകൊണ്ട്, മോഷണത്തെ പ്രോത്സാഹിപ്പിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നതിനു പകരം, അടിയന്തിര സാഹചര്യങ്ങളിൽപോലും മോഷണം സാമ്പത്തിക നഷ്ടത്തിലോ അവമാനത്തിലോ ഏററവും ഗൗരവമായി ദൈവത്തിന്റെ അംഗീകാരം നഷ്ടപ്പെടുന്നതിലോ കലാശിച്ചേക്കാമെന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു.
യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ എല്ലാ സത്യക്രിസ്ത്യാനികളും, വിശേഷാൽ സഭയിൽ ഉത്തരവാദിത്വം വഹിക്കുന്നവർ, മാതൃകായോഗ്യരും “കുററമററ”വരും ആയിരിക്കണം. (1 തിമൊ. 3:10, ഓശാന ബൈ.) ഫെസ്ററസ് പ്രതീക്ഷിച്ച പണം അദ്ദേഹത്തിനു കിട്ടിയില്ല, അതുകൊണ്ട് താൻ എടുത്ത പണം തിരികെ വയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അദ്ദേഹം ചെയ്ത കാര്യം പരസ്യമായി. അദ്ദേഹത്തിന് എന്തു സംഭവിച്ചു? പശ്ചാത്തപിക്കാത്ത ഒരു മോഷ്ടാവായിരുന്നുവെങ്കിൽ ശുദ്ധമായ ക്രിസ്തീയ സഭയിൽനിന്ന് അദ്ദേഹത്തെ പുറത്താക്കുമായിരുന്നു. (1 പത്രൊസ് 4:15) എന്നാൽ അദ്ദേഹത്തിനു മനോവേദന അനുഭവപ്പെടുകയും പശ്ചാത്തപിക്കുകയും ചെയ്തു. തത്ഫലമായി സേവനപദവികൾ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിനു സഭയിൽ തുടരുന്നതിനു കഴിഞ്ഞു.
ദൈവത്തിൽ ആശ്രയിക്കൽ
യഹോവയെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി നടത്തുന്ന മോഷണത്തിന് ദൈവനാമത്തിനും അവിടുത്തെ നാമം വഹിക്കുന്ന ജനത്തിനുംമേൽ നിന്ദ കൈവരുത്താനാകും എന്ന് അപ്പോസ്തലനായ പൗലോസ് മുന്നറിയിപ്പു നൽകി. “ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നേ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? ‘നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു’” എന്നു പൗലോസ് എഴുതി.—റോമർ 2:21, 24.
പുരാതന നാളിൽ ആഗൂർ എന്നു പേരുള്ള ഒരു ജ്ഞാനിയായ മനുഷ്യൻ ഇതേ സംഗതിതന്നെ പറഞ്ഞു. “ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു [തന്റെ] ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ” എന്ന് അദ്ദേഹം പ്രാർഥനയിൽ അപേക്ഷിച്ചു. (സദൃശവാക്യങ്ങൾ 30:9) എന്നാൽ, ദാരിദ്ര്യത്തിനു നീതിമാനായ ഒരു വ്യക്തിയെപ്പോലും പ്രലോഭിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കാനാകുമെന്ന് ആ ജ്ഞാനിയായ മനുഷ്യൻ സമ്മതിച്ചുപറഞ്ഞുവെന്നതു കുറിക്കൊള്ളുക. അതേ, ദുർഘടസമയങ്ങൾക്ക് തന്റെ ജനങ്ങളുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാനുള്ള യഹോവയുടെ പ്രാപ്തിയിൽ ഒരു ക്രിസ്ത്യാനിക്കുള്ള വിശ്വാസത്തെ പരിശോധിക്കാനാവും.
എങ്കിലും, ദൈവം “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു” എന്നു പാവപ്പെട്ടവരുൾപ്പെടെയുള്ള യഹോവയുടെ വിശ്വസ്ത സാക്ഷികൾ വിശ്വസിക്കുന്നു. (എബ്രായർ 11:6) യഹോവ തന്റെ വിശ്വസ്തരായവർക്ക് അവരുടെ ആവശ്യങ്ങളെ നേരിടാൻ സഹായിച്ചുകൊണ്ടു പ്രതിഫലം നൽകും. ഇത് അവർക്കറിയാം. യേശു മലമ്പ്രസംഗത്തിൽ പിൻവരുന്നവിധം പറഞ്ഞുകൊണ്ട് അതു വ്യക്തമാക്കി: “നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. . . . സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”—മത്തായി 6:31-33.
ക്രിസ്തീയസഭയിൽ സഹായം ആവശ്യമുള്ളവർക്കുവേണ്ടി ദൈവം എങ്ങനെയാണു കരുതൽ ചെയ്യുന്നത്? അനവധി വിധങ്ങളിൽ അതു ചെയ്യുന്നു. സഹവിശ്വാസികളിലൂടെ ലഭ്യമാക്കിത്തീർക്കുന്നതാണ് ഒരു വിധം. ദൈവത്തിന്റെ ജനങ്ങൾ പരസ്പരം ആത്മാർഥമായ സ്നേഹം പ്രകടിപ്പിക്കുന്നു. “ഈ ലോകത്തിന്റെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരനു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും? കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക” എന്നുള്ള ബൈബിൾ ശാസനം അവർ ഗൗരവമായെടുക്കുന്നു.—1 യോഹന്നാൻ 3:17, 18.
ലോകമാസകലം 73,000-ത്തിൽപ്പരം സഭകളിലായി നാല്പത്തഞ്ചു ലക്ഷത്തിലധികം യഹോവയുടെ സാക്ഷികൾ ദൈവത്തിന്റെ നീതിയുള്ള തത്ത്വങ്ങളിൻപ്രകാരം അവിടുത്തെ സേവിക്കുന്നതിനു കഠിനമായി പ്രയത്നിക്കുന്നു. ദൈവം തന്റെ വിശ്വസ്തരായവരെ ഒരിക്കലും കൈവെടിയുകയില്ല എന്ന് അവർക്ക് അറിയാം. “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല” എന്ന് എഴുതിയ ദാവീദ് രാജാവിനോടു ചേർന്നുകൊണ്ട് യഹോവയെ അനേകം വർഷങ്ങൾ സേവിച്ച ജനങ്ങൾ ആർപ്പുവിളിക്കുന്നു.—സങ്കീർത്തനം 37:25.
മോഷ്ടിക്കാനുള്ള പ്രലോഭനത്തിന് എപ്പോഴെങ്കിലും വഴിപ്പെട്ട് ഒരുപക്ഷേ ദൈവാംഗീകാരംകൂടെ നഷ്ടപ്പെടാൻ ഇടയാകുന്നതിനു പകരം ആ വാക്കുകൾ നിശ്വസ്തമാക്കിയ ദൈവത്തിൽ വിശ്വസിക്കുന്നത് എത്രയധികം മെച്ചമാണ്!—1 കൊരിന്ത്യർ 6:9, 10.
[അടിക്കുറിപ്പ്]
a പേരു മാററിയിരിക്കുന്നു.