രാജ്യപ്രഘോഷകർ ഭൂമിയിലെങ്ങും സജീവർ
“നിങ്ങൾ . . . ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികൾ ആകും.”—പ്രവൃത്തികൾ 1:8.
1. നമ്മുടെ നാളുകളിൽ തന്റെ അനുഗാമികൾ എന്തു സന്ദേശം പ്രഘോഷിക്കുമെന്നാണ് യേശു പറഞ്ഞത്?
യഹോവ ഏതു വേല ചെയ്യുന്നതിനുവേണ്ടി തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചുവോ ആ വേലയെക്കുറിച്ചു വിവരിക്കവേ യേശു പറഞ്ഞു: “ദൈവരാജ്യത്തിന്റെ സുവാർത്ത ഞാൻ . . . പ്രഖ്യാപിക്കേണ്ടതാണ്.” (ലൂക്കോസ് 4:43, NW) സമാനമായി, യേശു രാജ്യാധികാരത്തോടെ തിരിച്ചുവരുമ്പോൾ തന്റെ ശിഷ്യൻമാർ ഭൂമിയിൽ ചെയ്യുമായിരുന്ന വേലയെപ്പററി വിശദീകരിക്കവേ അവിടുന്ന് പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല രാഷ്ട്രങ്ങൾക്കും ഒരു സാക്ഷ്യമായി നിവസിതഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:14, NW.
2. (എ) രാജ്യസന്ദേശത്തിനു വ്യാപകമായ പ്രചരണം നൽകണമെന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) നാമെല്ലാവരും നമ്മോടു തന്നെ ഏതു ചോദ്യം ചോദിക്കേണ്ടതുണ്ട്?
2 ദൈവരാജ്യത്തെപ്പററിയുള്ള വാർത്ത എന്തുകൊണ്ടാണ് ഇത്ര പ്രാധാന്യമുള്ളതായിരിക്കുന്നത്? എന്തുകൊണ്ടാണ് രാജ്യത്തിന് ഇത്രമാത്രം വ്യാപകമായ പ്രചരണം ആവശ്യമായിരിക്കുന്നത്? എന്തുകൊണ്ടെന്നാൽ ആ മിശിഹൈകരാജ്യമാണ് യഹോവയുടെ സാർവത്രികപരമാധികാരത്തെ സംസ്ഥാപിക്കാൻ പോകുന്നത്. (1 കൊരിന്ത്യർ 15:24-28) അതു മുഖാന്തരം യഹോവ ഇപ്പോഴത്തെ സാത്താന്യ വ്യവസ്ഥിതിക്കെതിരെ ന്യായവിധി നടത്തുകയും ഭൂമിയിലെ സകല കുടുംബങ്ങളെയും അനുഗ്രഹിക്കുമെന്നുള്ള തന്റെ വാഗ്ദത്തം നിവർത്തിക്കുകയും ചെയ്യും. (ഉല്പത്തി 22:17, 18; ദാനീയേൽ 2:44) രാജ്യത്തെ സംബന്ധിച്ചുള്ള സാക്ഷ്യം നൽകുന്നതിലൂടെ യഹോവ തന്റെ പുത്രനോടൊപ്പം കൂട്ടവകാശികളായി ഭരിക്കാൻ അവിടുന്ന് പിന്നീട് അഭിഷേകം ചെയ്തവരെ കണ്ടെത്തി. രാജ്യപ്രഘോഷണവേലയിലൂടെ ഒരു വേർതിരിക്കൽ വേലയും ഇന്നു നിർവഹിച്ചുകൊണ്ടിരിക്കുകയാണ്. (മത്തായി 25:31-33) സകല ജനതകളും തന്റെ ഉദ്ദേശ്യത്തെപ്പററി അറിഞ്ഞിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. തന്റെ രാജ്യത്തിന്റെ പ്രജകളായിരിക്കുന്നതിന് അവർ ജീവൻ തിരഞ്ഞെടുക്കുവാനും അവിടുന്ന് ആഗ്രഹിക്കുന്നു. (യോഹന്നാൻ 3:16; പ്രവൃത്തികൾ 13:47) ഈ രാജ്യപ്രഘോഷണത്തിൽ നിങ്ങൾക്ക് ഒരു പൂർണ പങ്കുണ്ടോ?
വിജാതീയരുടെ കാലങ്ങളുടെ അന്ത്യം പ്രതീക്ഷിച്ചുകൊണ്ട്
3. (എ) ബൈബിൾ അധ്യയനങ്ങൾക്കായി കൂട്ടങ്ങളെ സംഘടിപ്പിക്കുന്നതിനുവേണ്ടി നടത്തിയ ആദ്യ പര്യടനത്തിലൊന്നിൽ സി. ററി. റസ്സൽ പ്രതിപാദിച്ച ഉചിതമായ വിഷയമെന്തായിരുന്നു? (ബി) ദൈവരാജ്യത്തിനു തങ്ങളുടെ ജീവിതത്തിലുണ്ടായിരിക്കേണ്ട സ്ഥാനത്തെക്കുറിച്ച് ആ ആദ്യകാല വിദ്യാർഥികൾ എന്താണു തിരിച്ചറിഞ്ഞത്?
3 ബൈബിൾ അധ്യയനത്തിനു കൂട്ടങ്ങൾ രൂപീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി വീക്ഷാഗോപുരം മാസികയുടെ ആദ്യത്തെ എഡിറററായ ചാൾസ് റെറയ്സ് റസ്സൽ 1880-ൽ വടക്കു കിഴക്കൻ ഐക്യനാടുകളിലൂടെ ഒരു പര്യടനം നടത്തി. യഥോചിതമായി, “ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ” എന്ന വിഷയത്തെക്കുറിച്ചായിരുന്നു അദ്ദേഹം പ്രസംഗം നടത്തിയത്. വീക്ഷാഗോപുരത്തിന്റെ ആദ്യ ലക്കങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നപ്രകാരം, ദൈവരാജ്യത്തിൽ പങ്കുണ്ടായിരിക്കാൻ യോഗ്യരെന്നു തെളിയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ തങ്ങളുടെ ജീവിതവും പ്രാപ്തികളും സ്വത്തുക്കളും അതിന്റെ സേവനത്തിനായി സന്തോഷത്തോടെ ഉപയോഗിച്ചുകൊണ്ട് രാജ്യം പ്രഥമ താത്പര്യമാക്കേണ്ടതുണ്ട് എന്നു ബൈബിൾ വിദ്യാർഥികൾ (യഹോവയുടെ സാക്ഷികൾ അന്ന് അപ്രകാരമാണ് അറിയപ്പെട്ടിരുന്നത്) തിരിച്ചറിഞ്ഞു. അവരുടെ ജീവിതത്തിൽ മറെറല്ലാ കാര്യങ്ങൾക്കും രണ്ടാം സ്ഥാനമേ ഉള്ളൂ. (മത്തായി 13:44-46) മററുള്ളവരോടു ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രഖ്യാപിക്കുന്നത് അവരുടെ ഉത്തരവാദിത്വത്തിൽ ഉൾപ്പെടുന്നു. (യെശയ്യാവു 61:1, 2) വിജാതീയരുടെ കാലം 1914-ൽ അവസാനിക്കുന്നതിനു മുമ്പ് എത്രത്തോളം അവർ ആ വേല ചെയ്തു?
4. ബൈബിൾ വിദ്യാർഥികളുടെ ചെറിയ സംഘം 1914-നു മുമ്പ് എത്രത്തോളം ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്തു?
4 1870-കൾ മുതൽ 1914 വരെ ബൈബിൾ വിദ്യാർഥികൾ എണ്ണത്തിൽ താരതമ്യേന കുറവായിരുന്നു. പരസ്യ സാക്ഷീകരണം നടത്തുന്നതിന് 1914-ൽ ഏതാണ്ട് 5,100 പേർ മാത്രമേ സജീവമായി പ്രവർത്തിച്ചിരുന്നുള്ളൂ. എന്നാൽ എന്തോരു അസാധാരണമായ സാക്ഷീകരണമായിരുന്നു അത്! വീക്ഷാഗോപുരം ആദ്യം പ്രസിദ്ധീകരിച്ചു രണ്ടുവർഷം കഴിഞ്ഞ് 1881-ൽ സഹോദരങ്ങൾ ചിന്തകരായ ക്രിസ്ത്യാനികൾക്കു ഭക്ഷണം [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണത്തിന്റെ വിതരണത്തിൽ ഏർപ്പെട്ടു. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ അവർ 12,00,000 പ്രതികൾ വിതരണം ചെയ്തു. വർഷംതോറും ലക്ഷക്കണക്കിനു ലഘുലേഖകൾ അനേകഭാഷകളിൽ വിതരണം ചെയ്യുന്നതിന് ചുരുങ്ങിയ വർഷങ്ങൾകൊണ്ട് അവർക്കു കഴിഞ്ഞു.
5. കോൽപോർട്ടർമാർ ആരായിരുന്നു, ഏതു രീതിയിലുള്ള ആത്മാവാണ് അവർ പ്രകടിപ്പിച്ചത്?
5 കൂടാതെ 1881-ൽ തുടങ്ങി ചിലർ കോൽപോർട്ടർസുവിശേഷകരായി സേവനമനുഷ്ഠിച്ചു. ഇവർ ഇന്നത്തെ പയനിയർമാരുടെ (മുഴുസമയ സുവിശേഷകരുടെ) മുന്നോടികളായിരുന്നു. ചില കോൽപോർട്ടർമാർ കാൽനടയായും സൈക്കിളിലും സഞ്ചരിച്ച് തങ്ങൾ താമസിച്ചിരുന്ന രാജ്യത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും വ്യക്തിപരമായി സാക്ഷ്യം കൊടുത്തു. മററുചിലർ വിദേശ വയലുകളിലേക്ക് എത്തിപ്പിടിക്കുകയും ഫിൻലൻഡ്, ബാർബഡോസ്, ബർമ്മ (ഇപ്പോഴത്തെ മ്യാൻമാർ) എന്നിവിടങ്ങളിൽ ആദ്യമായി സുവാർത്ത എത്തിക്കുകയും ചെയ്തു. യേശുക്രിസ്തുവും അവിടുത്തെ അപ്പോസ്തലൻമാരും കാട്ടിയതുപോലുള്ള ശുഷ്കാന്തി അവർ മിഷനറി വേലയിൽ പ്രകടിപ്പിച്ചു.—ലൂക്കൊസ് 4:43; റോമർ 15:23-25.
6. (എ) ബൈബിൾ സത്യങ്ങൾ പ്രചരിപ്പിക്കുന്നതിനുവേണ്ടി റസ്സൽ സഹോദരൻ എത്രത്തോളം സഞ്ചരിച്ചു? (ബി) വിജാതീയരുടെ കാലങ്ങൾ തികയുന്നതിനുമുമ്പ് രാജ്യത്തിന്റെ സുവാർത്ത വിദേശ വയലുകളിൽ വ്യാപിപ്പിക്കേണ്ടതിനു മറെറന്തുകൂടി ചെയ്തു?
6 സത്യം പ്രചരിപ്പിക്കുന്നതിനു റസ്സൽ സഹോദരൻ വിപുലമായി യാത്ര ചെയ്തു. അദ്ദേഹം ആവർത്തിച്ചു കാനഡയിൽ പോയി; പനാമാ, ജമെയ്ക്ക, ക്യൂബ എന്നിവിടങ്ങളിൽ സംസാരിച്ചു; യൂറോപ്പിലേക്ക് ഒരു ഡസൻ പ്രാവശ്യം പര്യടനങ്ങൾ നടത്തി; സുവിശേഷവേലക്കായി ഭൂഗോളം ചുററി. വിദേശ വയലുകളിൽ സുവാർത്ത പ്രസംഗിക്കുന്നതിനു തുടക്കം കുറിക്കുന്നതിനും നേതൃത്വം വഹിക്കുന്നതിനുമായി അദ്ദേഹം മററുള്ളവരേയും പറഞ്ഞയച്ചു. അഡോൾഫ് വെബറിനെ 1890-കളുടെ മധ്യത്തിൽ യൂറോപ്പിലേക്കയയ്ക്കുകയും അദ്ദേഹത്തിന്റെ ശുശ്രൂഷ സ്വിററ്സർലണ്ടിൽനിന്നു ഫ്രാൻസ്, ഇററലി, ജർമനി, ബെൽജിയം എന്നിവിടങ്ങളിലേക്കു വ്യാപിക്കുകയും ചെയ്തു. ഇ. ജെ. കോവാർഡിനെ കരീബിയൻ പ്രദേശത്തേക്ക് അയച്ചു. റോബർട്ട് ഹോളിസ്റററിന് 1912-ൽ പൗരസ്ത്യദേശങ്ങളിലേക്ക് നിയമനം നൽകി. അവിടെ പത്തു ഭാഷകളിൽ പ്രത്യേക ലഘുലേഖകൾ ഉണ്ടാക്കുകയും അതിന്റെ ലക്ഷക്കണക്കിനു പ്രതികൾ ഇന്ത്യ, ചൈന, കൊറിയ എന്നിവിടങ്ങളിലെല്ലാം സ്ഥലത്തെ വിതരണക്കാരെ ഉപയോഗിച്ചു വിതരണം ചെയ്യുകയും ചെയ്തു. നിങ്ങൾ ആ കാലയളവിൽ ജീവിച്ചിരുന്നെങ്കിൽ നിങ്ങളുടെ സമുദായത്തിലും അതിനപ്പുറവുമുള്ള ആളുകളുടെ പക്കൽ സുവാർത്തയുമായി എത്തിച്ചേരാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്താൻ നിങ്ങളുടെ ഹൃദയം നിങ്ങളെ പ്രേരിപ്പിക്കുമായിരുന്നോ?
7. (എ) സാക്ഷീകരണം ശക്തമാക്കാൻ പത്രങ്ങൾ ഉപയോഗിച്ചത് എപ്രകാരമായിരുന്നു? (ബി) “സൃഷ്ടിപ്പിൻ ഫോട്ടോനാടകം” എന്തായിരുന്നു, കേവലം ഒരു വർഷത്തിനുള്ളിൽ അത് എത്രപേർ കണ്ടു?
7 വിജാതീയരുടെ കാലങ്ങൾ കഴിയാറായപ്പോഴേക്കും റസ്സൽ സഹോദരൻ നൽകിയ പ്രഭാഷണങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു പത്രങ്ങൾ ഉപയോഗിച്ചു. അവർ പ്രഥമമായി ഊന്നൽ കൊടുത്തത് 1914-ന് ആയിരുന്നില്ല മറിച്ച്, ദൈവത്തിന്റെ ഉദ്ദേശ്യത്തിൻമേലും അതിന്റെ നിവൃത്തിയുടെ ഉറപ്പിൻമേലുമായിരുന്നു. 1,50,00,000 വായനക്കാരുടെ അടുക്കലെത്തുന്ന 2,000 പത്രങ്ങൾ ഒരേ സമയം ഈ പ്രഭാഷണങ്ങൾ പ്രസിദ്ധപ്പെടുത്തി. പിന്നീട്, 1914-ന്റെ തുടക്കത്തോടെ സൊസൈററി “സൃഷ്ടിപ്പിൻ ഫോട്ടോനാടക”ത്തിന്റെ പരസ്യ പ്രദർശനം തുടങ്ങി. രണ്ടുമണിക്കൂർ വീതമുള്ള നാല് അവതരണത്തിൽ അതു സൃഷ്ടിമുതൽ സഹസ്രാബ്ദംവരെയുള്ള ബൈബിൾ സത്യങ്ങൾ അവതരിപ്പിച്ചു. ഒററവർഷത്തിനുള്ളിൽ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലായി 90 ലക്ഷത്തിലധികം പ്രേക്ഷകർ ഇതു കണ്ടുകഴിഞ്ഞിരുന്നു.
8. ബൈബിൾ വിദ്യാർഥികൾ 1914-ഓടെ സുവാർത്തയുമായി എത്ര രാജ്യങ്ങളിൽ എത്തിച്ചേർന്നു?
8 ലഭ്യമായ രേഖകളനുസരിച്ച് 1914-ന്റെ രണ്ടാംപകുതിയോടെ തീക്ഷ്ണതയുള്ള സുവിശേഷകരുടെ ഈ സംഘം 68 രാജ്യങ്ങളിൽ ദൈവരാജ്യ പ്രഘോഷണം നടത്തി.a എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു!
സ്ഥാപിത രാജ്യത്തെക്കുറിച്ചു തീക്ഷ്ണതയോടെ പ്രഘോഷിക്കുന്നു
9. സിഡാർപോയൻറിൽ നടന്ന കൺവെൻഷനുകളിൽ രാജ്യസാക്ഷീകരണ വേലയ്ക്കു പ്രത്യേക പ്രചോദനം നൽകപ്പെട്ടതെങ്ങനെ?
9 ബൈബിൾ വിദ്യാർഥികൾ 1919-ൽ ഒഹായോ, സിഡാർപോയൻറിൽ സമ്മേളിച്ചപ്പോൾ വാച്ച് ടവർ സൊസൈററിയുടെ അപ്പോഴത്തെ പ്രസിഡൻറായിരുന്ന ജെ. എഫ്. റഥർഫോർഡ് പ്രഖ്യാപിച്ചു: “നമ്മുടെ ദൈവനിയോഗം മിശിഹായുടെ ആഗതമായിരിക്കുന്ന മഹനീയമായ ദൈവരാജ്യം പ്രഖ്യാപിക്കുക എന്നതായിരുന്നു, ഇപ്പോഴും അതുതന്നെയാണ്.” സിഡാർപോയൻറിൽ 1922-ൽ നടന്ന രണ്ടാമത്തെ കൺവെൻഷനിൽവച്ച്, 1914-ൽ വിജാതീയരുടെ കാലയളവിന്റെ അവസാനത്തോടെ ‘മഹത്ത്വത്തിന്റെ രാജാവ് തന്റെ മഹത്തായ ശക്തി ധരിക്കുകയും ഭരണം ആരംഭിക്കുകയും ചെയ്തു’ എന്ന വസ്തുത റഥർഫോർഡ് സഹോദരൻ വിശേഷവൽക്കരിച്ചു. അടുത്തതായി ഈ വസ്തുത മുഴു സദസ്യരുടെയും മുമ്പാകെ ഇട്ടുകൊണ്ടു പറഞ്ഞു: “മഹത്ത്വത്തിന്റെ രാജാവു ഭരണം തുടങ്ങിയെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ? അങ്ങനെയെങ്കിൽ അത്യുന്നതനായ ദൈവത്തിന്റെ പുത്രൻമാരേ, വീണ്ടും വയലിലേക്കിറങ്ങുവിൻ! . . . ഈ സന്ദേശം ഉടനീളം പ്രഖ്യാപിക്കുവിൻ. യഹോവ ദൈവമാണെന്നും യേശുക്രിസ്തു രാജാധിരാജാവും കർത്താധികർത്താവുമാണെന്നും ലോകം അറിയുകതന്നെ വേണം. ഇതാണു സകലദിനങ്ങളിലുംവച്ച് ഏററവും സുപ്രധാന ദിനം. ഇതാ, രാജാവു വാഴുന്നു! നിങ്ങൾ അവിടുത്തെ പരസ്യ ഏജൻറുമാരാണ്.”
10, 11. ആളുകളുടെ പക്കൽ രാജ്യസത്യവുമായി എത്തിച്ചേരുന്നതിനു റേഡിയോ, ശബ്ദം സജ്ജീകരണം ചെയ്ത കാറുകൾ, പ്ലാക്കാർഡുകൾ എന്നിവ ഫലപ്രദമായി ഉപയോഗിച്ചതെങ്ങനെ?
10 സിഡാർപോയൻറിലെ ആ കൺവെൻഷനുകൾ കഴിഞ്ഞ് 70-ലധികം വർഷങ്ങളായി—യഹോവ തന്റെ പുത്രന്റെ മിശിഹൈകഭരണം മുഖാന്തരം അവിടുത്തെ പരമാധികാരം പ്രകടിപ്പിക്കാൻ തുടങ്ങിയിട്ട് ഏകദേശം 80 വർഷവും. യഹോവയുടെ സാക്ഷികൾ ദൈവവചനത്തിൽ തങ്ങൾക്കായി നൽകിയിട്ടുള്ള വേല ഏതളവിൽ നിർവഹിച്ചിരിക്കുന്നു? നിങ്ങൾക്ക് അതിൽ വ്യക്തിപരമായി എന്തു പങ്കാണുള്ളത്?
11 1920-കളുടെ ആരംഭത്തിൽ രാജ്യസന്ദേശത്തിനു വ്യാപകമായ പ്രസിദ്ധി നൽകുന്നതിനുപററിയ ഉപകരണമായി റേഡിയോ ലഭ്യമായി. 1930-കളിൽ ലോകത്തിന്റെ പ്രത്യാശ രാജ്യമാണെന്നു പ്രതിപാദിച്ചുകൊണ്ടുള്ള കൺവെൻഷൻ പ്രസംഗങ്ങൾ റേഡിയോ നെററ്വർക്ക് വഴിയോ ഭൂഗോളം മുഴുവൻ ചുററിയിരിക്കുന്ന ടെലിഫോൺ ലൈനുകൾ വഴിയോ ഒരേസമയം വ്യത്യസ്ത സ്ഥലങ്ങളിലായി പ്രചരിപ്പിച്ചു. പൊതുസ്ഥലങ്ങളിൽ ബൈബിൾപ്രസംഗങ്ങൾ കേൾപ്പിക്കുന്നതിനു പര്യാപ്തമായ രീതിയിൽ ഉച്ചഭാഷിണികൾ ഘടിപ്പിച്ച കാറുകളും ഉപയോഗിച്ചിരുന്നു. പിന്നീട് 1936-ൽ സ്കോട്ട്ലൻഡിലെ ഗ്ളാസ്ഗോയിൽ നമ്മുടെ സഹോദരങ്ങൾ പരസ്യപ്രസംഗങ്ങൾ പ്രസിദ്ധമാക്കുന്നതിനു വ്യാപാരമേഖലകളിലൂടെ അണിയണിയായി പൊയ്ക്കൊണ്ട് പ്ലാക്കാർഡുകൾ ധരിക്കുന്ന രീതിക്കു നാന്ദികുറിച്ചു. ഈ രീതികളെല്ലാം നാം നമ്മുടെ അംഗങ്ങൾ എണ്ണത്തിൽ കുറവായിരുന്ന നാളുകളിൽ അനേകമാളുകൾക്കു ഫലപ്രദമായ സാക്ഷ്യം നൽകുന്നതിനു സ്വീകരിച്ച മാർഗങ്ങളായിരുന്നു.
12. തിരുവെഴുത്തു കാണിക്കുന്നപ്രകാരം, വ്യക്തിപരമായി സാക്ഷ്യം കൊടുക്കുന്നതിനുള്ള ഏററവും ഫലപ്രദമായ മാർഗങ്ങളിലൊന്ന് എന്താണ്?
12 ക്രിസ്ത്യാനികളെന്ന നിലയിൽ സാക്ഷ്യം കൊടുക്കുന്നതിനു തീർച്ചയായും നമുക്കു വ്യക്തിപരമായ ഉത്തരവാദിത്വം ഉണ്ടെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. പത്രലേഖനങ്ങളിലൂടെയോ റേഡിയോ പ്രക്ഷേപണങ്ങളിലൂടെയോ മാത്രമായി ഈ വേല നിർവഹിക്കപ്പെടാൻ നാം അനുവദിച്ചുകൂടാ. പുരുഷൻമാരും സ്ത്രീകളും യുവാക്കളുമായ ആയിരക്കണക്കിനു വിശ്വസ്ത ക്രിസ്ത്യാനികൾ ആ ഉത്തരവാദിത്വം ഏറെറടുത്തിരിക്കുന്നു. തത്ഫലമായി വീടുതോറുമുള്ള സാക്ഷീകരണം യഹോവയുടെ സാക്ഷികളെ തിരിച്ചറിയുന്നതിനുള്ള അടയാളമായി തീർന്നിരിക്കുന്നു.—പ്രവൃത്തികൾ 5:42; 20:20.
നിവസിത ഭൂമിയിലെങ്ങും എത്തിച്ചേരുന്നു
13, 14. (എ) ചില സാക്ഷികൾ തങ്ങളുടെ ശുശ്രൂഷ നിർവഹിക്കുന്നതിനു മററു നഗരങ്ങളിലേക്കോ രാജ്യങ്ങളിലേക്കുപോലുമോ പോകുന്നതിന്റെ കാരണമെന്ത്? (ബി) ഒരുവന്റെ ജൻമനാട്ടിലെ ജനങ്ങളെക്കുറിച്ചുള്ള സ്നേഹപൂർവകമായ കരുതൽ സുവാർത്ത വ്യാപിക്കുവാൻ സഹായിച്ചതെങ്ങനെ?
13 രാജ്യസന്ദേശം നിവസിത ഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടേണ്ടതുണ്ട് എന്നു യഹോവയുടെ സാക്ഷികൾക്കറിയാം. അതുകൊണ്ട് അവരിൽ ചിലർ തങ്ങളുടെ സമുദായത്തിനും അപ്പുറമുള്ള മേഖലകളിലേക്ക് എത്തിച്ചേരേണ്ടതിനായി തങ്ങൾ എന്തു ചെയ്യണമെന്നു ഗൗരവമായി പരിചിന്തിക്കുന്നുണ്ട്.
14 അനേകം ആളുകളും സത്യം പഠിച്ചതു തങ്ങളുടെ സ്വദേശത്തുനിന്നു മാറിപ്പോയതിനുശേഷമാണ്. അവർ ഭൗതിക നേട്ടങ്ങൾക്കു വേണ്ടിയാകാം അന്യനാട്ടിലേക്കു പോയിരിക്കുന്നതെങ്കിലും അതിനെക്കാൾ വിലയേറിയ ചിലത് അവർ കണ്ടെത്തിയിരിക്കുന്നു. തന്നിമിത്തം സത്യം പങ്കിടുന്നതിനുവേണ്ടി തങ്ങളുടെ ജൻമനാട്ടിലേക്കു തിരികെ പോകാൻ ചിലർ പ്രേരിതരാകുകയും ചെയ്തിട്ടുണ്ട്. അങ്ങനെ, ഈ നൂററാണ്ടിന്റെ ആരംഭത്തിൽ സ്കാൻഡിനേവിയ, ഗ്രീസ്, ഇററലി, പൂർവയൂറോപ്പിലെ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും മററനേകം പ്രദേശങ്ങളിലേക്കും സുവാർത്താ പ്രസംഗം വ്യാപിച്ചു. ഈ 1990-കളിൽപ്പോലും അതേവിധത്തിൽ രാജ്യസുവാർത്ത വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
15. യെശയ്യാവു 6:8-ൽ പ്രകടമാക്കിയിരിക്കുന്ന മനോഭാവമുള്ള ചിലർ 1920-കളിലും 1930-കളിലും എന്താണു നിർവഹിച്ചത്?
15 ദൈവവചനത്തിലെ ഉപദേശങ്ങൾ തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിയതിന്റെ ഫലമായി, മുമ്പു താമസിച്ചിട്ടില്ലാത്ത സ്ഥലത്തു സേവിക്കുന്നതിനു മററു ചിലർ തങ്ങളെത്തന്നെ ലഭ്യമാക്കിത്തീർത്തു. ഡബ്ള്യൂ. ആർ. ബ്രൗൺ (മിക്കപ്പോഴും “ബൈബിൾ ബ്രൗൺ” എന്നുവിളിക്കപ്പെട്ടിരിക്കുന്നു) ഇവരിലൊരാളായിരുന്നു. സുവിശേഷവേല വ്യാപിപ്പിക്കുന്നതിന് അദ്ദേഹം 1923-ൽ ട്രിനിഡാഡിൽനിന്നു പശ്ചിമ ആഫ്രിക്കയിലേക്കു സ്ഥലം മാറി. 1930-കളിൽ ആഫ്രിക്കയുടെ പൂർവ തീരത്തേക്കു രാജ്യസന്ദേശം വഹിച്ചുകൊണ്ടുപോയവരിൽ പെട്ടവരാണ് ഫ്രാങ്ക്, ഗ്രേ സ്മിത്ത്, റോബർട്ട് നിസ്ബത്ത്, ഡേവിഡ് നോർമൻ എന്നിവർ. മററുള്ളവർ ദക്ഷിണ അമേരിക്കയിലെ വയൽ ഒരുക്കുന്നതിനു സഹായിച്ചു. കാനഡക്കാരനായ ജോർജ് യങ് അർജൻറീന, ബ്രസീൽ, ബൊളീവിയ, ചിലി, പെറു എന്നിവിടങ്ങളിലും മററു ലാററിൻ അമേരിക്കൻ രാജ്യങ്ങളിലും 1920-കളുടെ ആരംഭത്തിൽ വേലയിൽ പങ്കുപററി. സ്പെയിനിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന ചുവാൻ മൂനീസ്, അർജൻറീന, ചിലി, പരഗ്വെ, ഉറുഗ്വെ എന്നിവിടങ്ങളിൽ തുടർന്നു പ്രവർത്തിച്ചു. ഇവരെല്ലാം യെശയ്യാവു 6:8-ൽ കൊടുത്തിരിക്കുന്ന പ്രകാരം “അടിയൻ ഇതാ, അടിയനെ അയക്കേണമേ” എന്ന മനോഭാവം പ്രകടിപ്പിച്ചിട്ടുള്ളവരാണ്.
16. യുദ്ധത്തിനുമുമ്പുള്ള വർഷങ്ങളിൽ ജനപ്പെരുപ്പമുള്ള മുഖ്യ കേന്ദ്രങ്ങൾക്കുപുറമേ വേറെ എവിടെയും സാക്ഷീകരണം നടത്തിയിട്ടുണ്ട്?
16 സുവാർത്തയുടെ പ്രസംഗം ഏററവും ബഹുദൂര പ്രദേശങ്ങളിൽപ്പോലും എത്തിച്ചേരുകയായിരുന്നു. ന്യൂഫൗണ്ട്ലൻഡിലെ ഉൾതുറമുഖങ്ങളിലും എല്ലാ ഉത്തരധ്രുവത്തിലെ നോർവീജിയൻ തീരങ്ങളിലും പസഫിക്ക് ദ്വീപസമൂഹങ്ങളിലും ഏഷ്യയുടെ ദക്ഷിണപൂർവ തുറമുഖങ്ങളിലും സാക്ഷികൾതന്നെ ബോട്ടുകൾ ഓടിച്ചു സന്ദർശിച്ചു.
17. (എ) സാക്ഷികൾ 1935-ഓടെ എത്ര രാജ്യങ്ങളിൽ എത്തിച്ചേർന്നിരുന്നു? (ബി) ആ കാലഘട്ടത്തിൽ വേല അവസാനിക്കാതിരുന്നതിനു കാരണമെന്ത്?
17 വിസ്മയാവഹമായി, 1935-ാമാണ്ടോടെ യഹോവയുടെ സാക്ഷികൾ 115 രാജ്യങ്ങളിൽ പ്രസംഗവേലയിൽ തിരക്കുള്ളവരായിരുന്നു. സാക്ഷ്യ പര്യടനം മുഖേനയോ തപാൽവഴി അയച്ച സാഹിത്യംമുഖേനയോ അവർ വേറെ 34 രാജ്യങ്ങളിൽകൂടി എത്തിച്ചേർന്നു. എങ്കിലും വേല സമാപിച്ചിരുന്നില്ല. പുതിയ ലോകത്തിലേക്ക് അതിജീവിക്കാൻ അർഹതയുള്ള “ഒരു മഹാപുരുഷാര”ത്തെ സംബന്ധിച്ചുള്ള തന്റെ ഉദ്ദേശ്യത്തിലേക്ക് യഹോവ അതേ വർഷം അവരുടെ ശ്രദ്ധ തിരിച്ചു. (വെളിപ്പാടു 7:9, 10, 14) കൂടുതൽ സാക്ഷീകരണം പിന്നെയും നടത്തേണ്ടതുണ്ടായിരുന്നു!
18. രാജ്യപ്രഘോഷണത്തിൽ ഗിലെയാദ് സ്കൂൾ, ശുശ്രൂഷാ പരിശീലന സ്കൂൾ എന്നിവ എന്തു പങ്കുവഹിച്ചിരിക്കുന്നു?
18 രണ്ടാം ലോകമഹായുദ്ധം ഭൂമിയെ മുഴുവൻ ഗ്രസിച്ചപ്പോൾ അനേകം രാജ്യങ്ങളിലും യഹോവയുടെ സാക്ഷികളുടെ സാഹിത്യങ്ങൾ അല്ലെങ്കിൽ പ്രവർത്തനങ്ങൾ നിരോധനത്തിൻ കീഴിലായിരുന്നു. എങ്കിലും, ഭാവിയിലെ മിഷനറിമാരെയും മററുള്ളവരെയും ഇതിലും വലിയ സാർവദേശീയ രാജ്യപ്രഘോഷണം നിർവഹിക്കുവാൻ പരിശീലിപ്പിക്കുന്നതിനുവേണ്ടി വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ അതിന്റെ കവാടം തുറന്നു. ഗിലെയാദിൽനിന്നു പരിശീലനം നേടിയവർ ഈ ദിവസംവരെ 200-ലധികം രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവർ സാഹിത്യങ്ങൾ സമർപ്പിച്ചിട്ടു മറെറാരിടത്തേക്കു മാറുന്നതിലും അധികം ചെയ്തിട്ടുണ്ട്. അവർ ബൈബിൾ അധ്യയനങ്ങൾ നടത്തുകയും സഭകൾ സംഘടിപ്പിക്കുകയും ദിവ്യാധിപത്യ ഉത്തരവാദിത്വം ഏറെറടുക്കുന്നതിനു മററുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്തിരിക്കുന്നു. അടുത്തയിടെ ശുശ്രൂഷാ പരിശീലന സ്കൂളിൽനിന്നു പരിശീലനം നേടിയ മൂപ്പൻമാരും ശുശ്രൂഷാദാസൻമാരുമായവർ ആറു ഭൂഖണ്ഡങ്ങളിൽ ഈ വേലയോടു ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങൾ നിറവേററുന്നതിനു സഹായം നൽകിയിട്ടുണ്ട്. തുടർന്നുള്ള വളർച്ചക്കായി ഒരു ഉറപ്പുള്ള അടിസ്ഥാനം ഇട്ടിരിക്കുന്നു.—താരതമ്യം ചെയ്യുക: 2 തിമൊഥെയൊസ് 2:2.
19. കൂടുതൽ ആവശ്യമുള്ള പ്രദേശത്തു പ്രവർത്തിക്കുന്നതിനുള്ള ക്ഷണത്തോടു യഹോവയുടെ ദാസർ എത്രത്തോളം പ്രതികരിച്ചിരിക്കുന്നു?
19 പ്രവർത്തിച്ചിട്ടില്ലാത്ത ചില പ്രദേശങ്ങളിലുള്ളവർക്കുവേണ്ടി കരുതുന്നതിനു മററുള്ളവർക്കു സഹായിക്കാൻ കഴിയുമായിരുന്നോ? 1957-ൽ ലോകവ്യാപകമായി കൺവെൻഷനുകളിൽ വ്യക്തികളെയും കുടുംബങ്ങളെയും—പക്വതപ്രാപിച്ച യഹോവയുടെ സാക്ഷികളെ—അധികം ആവശ്യമുള്ള പ്രദേശങ്ങളിലേക്കു മാറിത്താമസിച്ച് അവിടെ ശുശ്രൂഷ നിർവഹിക്കുന്നതിനെപ്പററി പരിചിന്തിക്കാൻ പ്രോത്സാഹിപ്പിക്കയുണ്ടായി. ഇത് അപ്പോസ്തലനായ പൗലോസിനു ദൈവം നൽകിയ ക്ഷണം പോലെ ഒന്നായിരുന്നു. “മക്കദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക” എന്ന് ഒരു പുരുഷൻ അപേക്ഷിക്കുന്നതായി അദ്ദേഹം അവിടെ ദർശനത്തിൽ കണ്ടു. (പ്രവൃത്തികൾ 16:9, 10) ചിലർ 1950-കളിൽ മാറിത്താമസിച്ചു; മററുചിലർ പിന്നീടും. ഏതാണ്ട് ആയിരത്തോളം ആളുകൾ അയർലണ്ടിലേക്കും കൊളംബിയയിലേക്കും മാറിത്താമസിച്ചു; നൂറുകണക്കിനാളുകൾ മററു ചില സ്ഥലങ്ങളിലേക്കും താമസംമാററി. ആയിരക്കണക്കിനാളുകൾ തങ്ങളുടെതന്നെ രാജ്യത്തു കൂടുതൽ ആവശ്യമുള്ള പ്രദേശങ്ങളിലേക്കു മാറിത്താമസിച്ചു.—സങ്കീർത്തനം 110:3.
20. (എ) മത്തായി 24:14-ലെ യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തിയായി എന്താണു നിർവഹിച്ചിരിക്കുന്നത്? (ബി) കഴിഞ്ഞ ചുരുക്കം ചില വർഷങ്ങൾക്കുള്ളിൽ വേല എങ്ങനെ ത്വരിതഗതിയിലായി?
20 തന്റെ ജനത്തിൻമേലുള്ള യഹോവയുടെ അനുഗ്രഹംനിമിത്തം രാജ്യപ്രഘോഷണവേല ഒരു അസാധാരണ വേഗത്തിൽ അനുസ്യൂതം തുടരുകയാണ്. 1935 മുതൽ പ്രസാധകരുടെ എണ്ണം മിക്കവാറും എൺപത് ഇരട്ടിയായി വർധിച്ചിരിക്കുന്നു. കൂടാതെ, പയനിയർ അണിയുടെ വർധനനിരക്ക് പ്രസാധകരുടേതിനെക്കാൾ 60 ശതമാനമാണ്. 1930-കളിലാണു ഭവന ബൈബിളധ്യയന ക്രമീകരണം നിലവിൽ വന്നത്. ശരാശരി 45 ലക്ഷത്തിലധികം ബൈബിളധ്യയനങ്ങൾ പ്രതിമാസം നടത്തിവരുന്നു. 1935-നു ശേഷം രാജ്യപ്രഘോഷണവേലയിൽ 1,500 കോടി മണിക്കൂറുകൾ പങ്കിട്ടിരിക്കുന്നു. സുവാർത്താ പ്രസംഗം ഇപ്പോൾ നിരന്തരമായി 231 രാജ്യങ്ങളിൽ നടത്തിക്കൊണ്ടിരിക്കയാണ്. പൂർവ യൂറോപ്പിലേയും ആഫ്രിക്കയിലേയും പ്രദേശങ്ങൾ സ്വതന്ത്രമായി സുവാർത്ത പ്രസംഗിക്കുന്നതിനു തുറന്നിരിക്കുന്നതിനാൽ രാജ്യസന്ദേശം പൊതുജനങ്ങളുടെ ഇടയിൽ പ്രമുഖമായി അവതരിപ്പിക്കുന്നതിനു സാർവദേശീയ കൺവെൻഷനുകൾ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നു. യെശയ്യാവു 60:22-ൽ യഹോവ ദീർഘകാലംമുമ്പേ വാഗ്ദത്തം ചെയ്തപ്രകാരം അവിടുന്ന് തീർച്ചയായും ‘തക്ക സമയത്തു വേല ശീഘ്രമായി നിവർത്തിക്കുക’യാണ്. അതിൽ പങ്കുപററുകയെന്നതു നമ്മെ സംബന്ധിച്ച് എത്ര മഹത്തായ പദവിയാണ്!
സാധ്യമായ എല്ലാവരുടെയും അടുക്കൽ സുവാർത്തയുമായി എത്തിച്ചേരൽ
21, 22. നാം എവിടെ സേവനം അനുഷ്ഠിച്ചാലും ഫലപ്രദരായ സാക്ഷികളായിരിക്കാൻ നമുക്കു വ്യക്തിപരമായി എന്തുചെയ്യാനാകും?
21 വേല പൂർത്തിയായെന്നു കർത്താവ് ഇതുവരെ പറഞ്ഞിട്ടില്ല. അനേകായിരങ്ങൾ ഇപ്പോഴും സത്യാരാധന സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട്, ഈ വേലക്കായി യഹോവയുടെ ക്ഷമ അനുവദിച്ചിരിക്കുന്ന സമയം നല്ലരീതിയിൽ പ്രയോജനപ്പെടുത്തുവാൻ സാധ്യമായതെല്ലാം നാം ചെയ്യുന്നുണ്ടോ എന്ന ചോദ്യം ഉദിക്കുന്നു.—2 പത്രൊസ് 3:15.
22 പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശത്തേക്കു മാറിത്താമസിക്കാൻ സകലർക്കും കഴിയില്ല. എന്നാൽ നിങ്ങൾക്കു ലഭ്യമായ സകല സാഹചര്യങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ടോ? നിങ്ങളുടെ സഹപ്രവർത്തകർക്കു സാക്ഷ്യം കൊടുക്കാറുണ്ടോ? അധ്യാപകരുടെയും സഹപാഠികളുടെയും കാര്യത്തിൽ അങ്ങനെ ചെയ്യാറുണ്ടോ? നിങ്ങളുടെ പ്രദേശത്തു മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാറുണ്ടോ? മാററം വന്നുകൊണ്ടിരിക്കുന്നതരം തൊഴിൽ രീതികൾ മൂലം ഒരുപക്ഷേ ചുരുക്കം ചിലരേ പകൽസമയത്തു വീട്ടിലുണ്ടാവൂ. അവരെ വൈകുന്നേരം സന്ദർശിക്കാൻ തക്കവിധം നിങ്ങളുടെ സമയപ്പട്ടികയിൽ മാററം വരുത്തിയിട്ടുണ്ടോ? കെട്ടിടങ്ങളിൽ ക്ഷണിക്കപ്പെടാത്ത സന്ദർശകർക്കു പ്രവേശനമില്ലെങ്കിൽ നിങ്ങൾ ടെലിഫോണിലൂടെയോ തപാലിലൂടെയോ സാക്ഷ്യം കൊടുക്കാറുണ്ടോ? കണ്ടെത്തിയ താത്പര്യം വികസിപ്പിച്ചെടുത്ത് ഭവന ബൈബിളധ്യയനങ്ങൾ വാഗ്ദാനം ചെയ്യാറുണ്ടോ? നിങ്ങൾ നിങ്ങളുടെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കുന്നുണ്ടോ?—താരതമ്യം ചെയ്യുക: പ്രവൃത്തികൾ 20:21; 2 തിമൊഥെയൊസ് 4:5.
23. യഹോവയുടെ സേവനത്തിൽ നാം ചെയ്യുന്നത് അവിടുന്ന് നിരീക്ഷിക്കുന്ന സ്ഥിതിക്ക് നമ്മുടെ കാര്യത്തിൽ എന്തു സ്പഷ്ടമായിരിക്കണം?
23 ഈ നിർണായകഘട്ടത്തിൽ യഹോവയുടെ സാക്ഷികളായിരിക്കുക എന്നതു നമ്മെ സംബന്ധിച്ച് ഏററവും വലിയ പദവിയാണെന്നതു നാം വിലമതിക്കുന്നുവെന്നു യഹോവയുടെ മുമ്പാകെ സ്പഷ്ടമായും തെളിയിക്കുന്നവിധത്തിൽ നമുക്കോരോരുത്തർക്കും നമ്മുടെ ശുശ്രൂഷ നിർവഹിക്കാം. യഹോവ ഈ പഴയ ദുഷ്ടവ്യവസ്ഥിതിയുടെമേൽ തന്റെ ന്യായവിധി നടത്തുകയും രാജാവായ യേശുക്രിസ്തുവിന്റെ മഹനീയമായ സഹസ്രാബ്ദ വാഴ്ച ആനയിക്കുകയും ചെയ്യുമ്പോൾ അതിനു ദൃക്സാക്ഷികളായിരിക്കാനുള്ള പദവി നമുക്കുണ്ടായിരിക്കട്ടെ!
[അടിക്കുറിപ്പ്]
a ഇത് 1990-കളുടെ ആരംഭത്തിൽ ഭൂമി വിഭജിതമായിരുന്ന പ്രകാരമാണു കണക്കാക്കിയിട്ടുള്ളത്.
പുനരവലോകനത്തിൽ
◻ രാജ്യസന്ദേശം പ്രസംഗിക്കുന്നത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
◻ സുവാർത്ത 1914 വരെ എത്ര വ്യാപകമായി പ്രസംഗിക്കപ്പെട്ടു?
◻ രാജ്യ സ്ഥാപനംമുതൽ എത്ര തീവ്രമായിട്ടാണു സാക്ഷ്യം നൽകിയിരിക്കുന്നത്?
◻ ശുശ്രൂഷയിലുള്ള നമ്മുടെ സ്വന്തം പങ്കിനെ കൂടുതൽ ഉത്പാദനക്ഷമമാക്കിത്തീർത്തേക്കാവുന്നത് എന്ത്?
[16, 17 പേജിലെ ചതുരം]
യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ
ലോകവ്യാപകമായി 1993-94-ൽ നടന്ന നൂറുകണക്കിനു കൺവെൻഷനുകളിൽ യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ എന്ന പുതിയ പുസ്തകം പ്രകാശനം ചെയ്യുന്നതായി പ്രഖ്യാപനം നടത്തിയിരുന്നു. ഇത് യഹോവയുടെ സാക്ഷികളുടെ വളരെ വിജ്ഞാനപ്രദവും സമഗ്രവുമായ ചരിത്രമാണ്. 752 പേജുള്ളതും 96 വ്യത്യസ്ത രാജ്യങ്ങളിൽനിന്നായി ശേഖരിച്ചിട്ടുള്ള ആയിരത്തിലേറെ ചിത്രങ്ങൾകൊണ്ടു ഭംഗിയായി അലങ്കരിച്ചിട്ടുള്ളതുമായ ഒരു പുസ്തകമാണിത്. 1993-ന്റെ അവസാനത്തോടെ ഇതിന്റെ പരിഭാഷ 25 ഭാഷകളിൽ നടന്നുകഴിഞ്ഞു. ഇനിയും കൂടുതൽ ഭാഷകളിൽ നടന്നുകൊണ്ടിരിക്കുകയുമാണ്.
ഇത്തരം ഒരു പുസ്തകത്തെ സമയോചിതമാക്കിത്തീർക്കുന്നത് എന്താണ്? സമീപ വർഷങ്ങളിൽ ലോകവ്യാപകമായി ലക്ഷക്കണക്കിനാളുകൾ യഹോവയുടെ സാക്ഷികളായിത്തീർന്നിട്ടുണ്ട്. തങ്ങൾ സഹവസിക്കുന്ന സ്ഥാപനത്തിന്റെ ചരിത്രം അവർ നന്നായി അറിയേണ്ടതുണ്ട്. കൂടാതെ, അവരുടെ പ്രസംഗവും ആരാധനാരീതിയും ലോകമെമ്പാടുമുള്ള ദേശീയവും വർഗീയവുമായ കൂട്ടങ്ങളിലേക്കു നുഴഞ്ഞിറങ്ങിയിരിക്കുകയാണ്. തന്നെയുമല്ല, ചെറുപ്പക്കാരും പ്രായമായവരുമുൾപ്പെടെ സകലവിധ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരത്തിലുമുള്ളവർ അത് സ്വീകരിച്ചിട്ടുമുണ്ട്. തത്ഫലമായി, സംഭവിക്കുന്നകാര്യങ്ങൾ നിരീക്ഷിക്കുന്ന അനേകരും സാക്ഷികളെക്കുറിച്ച്—അവരുടെ വിശ്വാസം സംബന്ധിച്ചുമാത്രമല്ല മറിച്ച് അവരുടെ തുടക്കം, ചരിത്രം, സംഘാടനം, ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ചും—അറിയാൻ ആഗ്രഹിക്കുന്നു. എല്ലായ്പോഴും നിഷ്പക്ഷമായിട്ടല്ലെങ്കിൽപോലും മററുചിലർ അവരെക്കുറിച്ച് എഴുതിയിട്ടുണ്ട്. എന്നിരുന്നാലും, യഹോവയുടെ സാക്ഷികളുടെ ആധുനിക നാളിലെ ചരിത്രം സാക്ഷികൾക്കറിയാവുന്നതിനെക്കാൾ നന്നായി മററാർക്കും അറിഞ്ഞുകൂടാ. വസ്തുനിഷ്ഠവും സത്യസന്ധവുമായി ആ ചരിത്രം അവതരിപ്പിക്കാൻ ഈ പുസ്തകത്തിന്റെ പ്രസാധകർ പരിശ്രമം ചെയ്തിരിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ക്രിസ്തുവിന്റെ സാന്നിധ്യം സംബന്ധിച്ചു മത്തായി 24:14-ൽ രേഖപ്പെടുത്തിയിരിക്കുന്ന അടയാളത്തിന്റെ ഇന്നേവരെയുള്ള നിവൃത്തിയുടെ മുഖ്യമായ വശങ്ങൾ രേഖാമൂലം തെളിയിച്ചിട്ടുണ്ട്. അവിടെ മുൻകൂട്ടി പറഞ്ഞിരിക്കുന്ന വേലയിൽ മുഴുകിയിരിക്കുന്ന ആളുകൾക്കുമാത്രം നൽകാൻ കഴിയുന്ന വിശദാംശങ്ങൾ സഹിതമാണ് അവർ ഇതു ചെയ്തിരിക്കുന്നത്.
ഈ പുസ്തകം ഏഴു പ്രധാന ഭാഗങ്ങളായിട്ടു തിരിച്ചിരിക്കുന്നു:
ഭാഗം 1: ഈ ഭാഗം യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിന്റെ വേരുകൾ തേടിപ്പോകുന്നു. ഇതിൽ 1870 മുതൽ 1992 വരെയുള്ള ആധുനിക നാളിലെ അവരുടെ ചരിത്രത്തിന്റെ നിർവ്യാജവും വിജ്ഞാനപ്രദവുമായ സംഗ്രഹം ഉൾക്കൊള്ളുന്നു.
ഭാഗം 2: യഹോവയുടെ സാക്ഷികളെ മററു മതവിഭാഗങ്ങളിൽനിന്നു വേർതിരിച്ചുകാണിക്കുന്ന വിശ്വാസങ്ങൾ ക്രമാനുഗതമായി വികാസംപ്രാപിച്ചതിന്റെ വ്യക്തമായ പുനരവലോകനമാണ് ഇത്.
ഭാഗം 3: പുസ്തകത്തിന്റെ ഈ ഭാഗം അവരുടെ സ്ഥാപനത്തിന്റെ ഘടനയുടെ വികാസം പരിശോധിക്കുന്നു. ഇത് അവരുടെ സഭാ യോഗങ്ങളെയും കൺവെൻഷനുകളെയും കുറിച്ചു രസാവഹമായ കാര്യങ്ങൾ വിവരിക്കുന്നു. രാജ്യഹാളുകൾ, വലിയ സമ്മേളനഹാളുകൾ എന്നിവ പണിയുന്ന അവരുടെ വിധം സംബന്ധിച്ചും ബൈബിൾ സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ സംബന്ധിച്ചും വിശദീകരണം നൽകിയിട്ടുണ്ട്. യഹോവയുടെ സാക്ഷികൾ ദൈവരാജ്യം പ്രഘോഷിക്കുമ്പോൾ പ്രകടിപ്പിക്കുന്ന തീക്ഷ്ണതയെപ്പററിയും വിഷമസമയത്തു പരസ്പരം കരുതുന്നതിനെപ്പററിയും ഇതു പറയുന്നു.
ഭാഗം 4: ദൈവരാജ്യത്തെപ്പററിയുള്ള പ്രഘോഷണം പ്രമുഖ രാഷ്ട്രങ്ങളിലും ഗോളത്തിനുചുററുമുള്ള ബഹുദൂര ദ്വീപുകളിലും എത്തിച്ചേർന്നതെങ്ങനെയെന്ന മനംകവരുന്ന വിവരണങ്ങൾ ഇവിടെ നിങ്ങൾക്കു കാണാം. 1914-ൽ വെറും 43 രാജ്യങ്ങളിൽ പ്രസംഗം നടത്തിയിട്ട് 1992-ൽ 229 രാജ്യങ്ങളിൽ പ്രസംഗം നടത്തുന്നത് ഒന്ന് ആലോചിച്ചു നോക്കൂ! ലോകവിസ്തൃതമായ ഈ വികസനത്തിൽ പങ്കുപററിയിട്ടുള്ളവരുടെ അനുഭവങ്ങൾ ഹൃദയോഷ്മളമാണ്.
ഭാഗം 5: രാജ്യപ്രഘോഷണവേലയുടെ ഈ നിർവഹണമെല്ലാം ബൈബിളും ഇരുന്നൂറിൽപ്പരം ഭാഷകളിൽ ബൈബിൾ സാഹിത്യങ്ങളും പ്രസിദ്ധീകരിക്കുന്നതിനുവേണ്ട സാർവദേശീയ സൗകര്യങ്ങളുടെ വികസനം ആവശ്യമാക്കിത്തീർത്തു. ഈ ഭാഗത്ത് അവരുടെ വേലയുടെ ആ വിശദാംശങ്ങൾ നിങ്ങൾക്കു മനസ്സിലാക്കാം.
ഭാഗം 6: സാക്ഷികൾ പരിശോധനകളെയും നേരിട്ടിട്ടുണ്ട്—ചിലതു മനുഷ്യരുടെ അപൂർണതനിമിത്തവും മററുചിലതു കള്ള സഹോദരങ്ങൾമൂലവും. എന്നാൽ ഏററവും കൂടുതൽ അനുഭവിച്ചതു നേരിട്ടുള്ള പീഡനങ്ങൾ മൂലമാണ്. ഇത് ഇപ്രകാരമായിരിക്കുമെന്നു ദൈവവചനം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. (ലൂക്കൊസ് 17:1; 2 തിമൊഥെയൊസ് 3:12; 1 പത്രൊസ് 4:12; 2 പത്രൊസ് 2:1, 2) പുസ്തകത്തിലെ ഈ ഭാഗം യഥാർഥത്തിൽ സംഭവിച്ചതെന്താണെന്നും വിജയശ്രീലാളിതരായി വരാൻ യഹോവയുടെ സാക്ഷികളുടെ വിശ്വാസം തങ്ങളെ എങ്ങനെ പ്രാപ്തരാക്കിയെന്നും സുവ്യക്തമായി വിവരിക്കുന്നു.
ഭാഗം 7: ഉപസംഹാരമായി യഹോവയുടെ സാക്ഷികൾ തങ്ങൾ ഭാഗമായിരിക്കുന്ന സ്ഥാപനം വാസ്തവമായും ദൈവത്താൽ നയിക്കപ്പെടുന്നുവെന്നു ബോധ്യമുള്ളവരായിരിക്കുന്നതിന്റെ കാരണം പരിചിന്തിക്കുന്നു. സ്ഥാപനപരവും വ്യക്തിപരവുമായി ജാഗ്രതയുള്ളവരായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് അവർക്കു തോന്നുന്നതിന്റെ കാരണവും അതു ചർച്ചചെയ്യുന്നു.
മുകളിൽ പറഞ്ഞിരിക്കുന്നതിനു പുറമേ, യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ഉപയോഗിക്കുന്ന ലോക ആസ്ഥാനത്തിന്റെയും ബ്രാഞ്ച് സൗകര്യങ്ങളുടെയും മനോഹരവും വളരെ വിജ്ഞാനപ്രദവുമായ വർണചിത്രങ്ങളടങ്ങിയ 50 പേജുള്ള ഭാഗവും ആകർഷകമായി രൂപഭംഗിവരുത്തിയ ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു.
മനം കവരുന്ന ഈ പുസ്തകത്തിന്റെ ഒരു പ്രതി ഇതുവരെയും നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ അതിലൊന്നു സ്വന്തമാക്കുകയും അതു വായിക്കുകയും ചെയ്യുന്നതിൽനിന്നു നിങ്ങൾ തീർച്ചയായും പ്രയോജനമനുഭവിക്കും.
അതു വായിച്ച ചിലരിൽനിന്നുള്ള അഭിപ്രായങ്ങൾ
ഈ പുസ്തകം ഇതിനോടകം വായിച്ചു കഴിഞ്ഞ ചിലരുടെ പ്രതികരണം എന്താണ്? ഇതാ, ചിലതു ചുവടെ ചേർക്കുന്നു:
“യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ എന്ന മനം കവരുന്ന, ഉജ്ജ്വലാവിഷ്കരണം ഞാൻ വായിച്ചു കഴിഞ്ഞതേയുള്ളൂ. വിശ്വസ്തതയോടും താഴ്മയോടും കൂടെ സത്യത്തിന് അർപ്പിച്ചിരിക്കുന്ന ഒരു സ്ഥാപനത്തിനുമാത്രമേ ഇങ്ങനെ വെട്ടിത്തുറന്ന്, ധൈര്യപൂർവം, വികാരഭരിതമായ രീതിയിൽ എഴുതാനാകൂ.”
“ഈ പുസ്തകം സത്യസന്ധവും നിഷ്കപടവുമായതിനാൽ ഇതു വായിക്കുമ്പോൾ പ്രവൃത്തികളുടെ പുസ്തകം വായിക്കുന്നതുപോലുണ്ട്.”
“എന്തോരു വശ്യമനോഹരമായ പുതിയ പ്രസിദ്ധീകരണം! . . . അതിശ്രേഷ്ഠമായ ഒരു ചരിത്ര കൃതിയാണിത്.”
പുസ്തകത്തിന്റെ ഏതാണ്ടു പകുതി വായിച്ചുകഴിഞ്ഞ് ഒരു വ്യക്തി എഴുതി: “ഞാൻ അത്ഭുതപരവശനായി, സ്തബ്ധനായി. കരച്ചിലിന്റെ വക്കോളമെത്തുകയും ചെയ്തു. . . . ഇത്രയും വികാരഭരിതമായ വേറൊരു പ്രസിദ്ധീകരണവും എന്റെ ജീവിതത്തിൽ ഇതുവരെ വായിച്ചിട്ടില്ല.”
“ഇന്നു സ്ഥാപനത്തിലേക്കു വരുന്ന യുവജനങ്ങളുടെയും പുതിയവരുടെയും വിശ്വാസത്തെ ഈ പുസ്തകം എത്രമാത്രം ബലപ്പെടുത്തുമെന്ന് ഓർക്കുമ്പോൾ എന്റെ ഹൃദയം ആനന്ദത്താൽ തുടിക്കുന്നു.”
“ഞാൻ എല്ലായ്പോഴും സത്യത്തെ വിലമതിച്ചിരുന്നു, എന്നാൽ ഈ പുസ്തകത്തിന്റെ വായന എന്റെ കണ്ണുകൾ തുറക്കുകയും യഹോവയുടെ ആത്മാവാണ് ഇതിന്റെ പിന്നിലുള്ളത് എന്നു മനസ്സിലാക്കാൻ എന്നത്തേതിലുമധികം എന്നെ സഹായിക്കുകയും ചെയ്തു.”
[18-ാം പേജിലെ ചിത്രം]
സാക്ഷികൾ എണ്ണത്തിൽ കുറവായിരുന്നപ്പോൾപ്പോലും രാജ്യസന്ദേശം അനേകംപേരുടെ അടുക്കൽ എത്തിച്ചു