അവർ ഞങ്ങൾക്കൊരു മാതൃകവെച്ചു
ക്രേഗ് സങ്കർ പറഞ്ഞപ്രകാരം
എട്ടു വർഷമായി എന്റെ ഭാര്യ ഗെയ്ലും ഞാനും പയനിയർമാർ അഥവാ യഹോവയുടെ സാക്ഷികളുടെ മുഴുസമയപ്രവർത്തകരാണ്. കഴിഞ്ഞ ആറു വർഷമായി ഞങ്ങൾ ഓസ്ട്രേലിയയിലെ ഒററപ്പെട്ടുകിടക്കുന്ന ഉൾനാടുകളിലെ ആദിവാസി ജനങ്ങളുടെ ഇടയിൽ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ മാതാപിതാക്കളും വല്യപ്പനും വല്യമ്മയും ഞങ്ങൾക്കുവെച്ച നല്ല മാതൃക പിൻപററുകമാത്രമാണു ഞങ്ങൾ ചെയ്യുന്നത്.
എന്റെ വല്യപ്പനെയും വല്യമ്മയെയും കുറിച്ച് ഞാൻ ഒന്നു പ്രത്യേകം പറഞ്ഞോട്ടെ. ഞങ്ങൾ സ്നേഹപൂർവം അവരെ എല്ലായ്പോഴും ഓപ്പ എന്നും ഓമ എന്നുമാണു വിളിച്ചിരുന്നത്. അത് ഡച്ച് ഭാഷയിൽ വല്യപ്പനെയും വല്യമ്മയെയും അർഥമാക്കുന്നു. എന്റെ വല്യപ്പനായ ചാൾസ് ഹാരിസ് ഇപ്പോഴും മെൽബണിൽ തീക്ഷ്ണതയോടെ സേവനമനുഷ്ഠിക്കുകയാണ്. അദ്ദേഹം അവിടെ ജീവിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 50 വർഷത്തോളമായി.
ബൈബിൾ സത്യങ്ങൾ പഠിക്കുന്നു
ഓസ്ട്രേലിയയിലെ ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയിലെ ഒരു ചെറിയ പട്ടണത്തിലാണ് ഓപ്പ ജനിച്ചത്. 1924-ൽ, ഓപ്പയ്ക്കു 14 വയസ്സു പ്രായമുള്ളപ്പോൾ അദ്ദേഹത്തിന്റെ പിതാവ് നാവികരുടെ ഒരു വലിയ പെട്ടി ലേലംചെയ്തുകൊണ്ടുവന്നു. ആത്മീയമായ അർഥത്തിൽ പറഞ്ഞാൽ അത് വാസ്തവത്തിൽ ഒരു നിധിപ്പെട്ടി ആയിരുന്നു. കാരണം, അതിനുള്ളിൽ വാച്ച് ടവർ സൊസൈററിയുടെ ആദ്യത്തെ പ്രസിഡൻറായ ചാൾസ് റെറയ്സ് റസ്സൽ എഴുതിയ ഒരു കൂട്ടം പുസ്തകങ്ങൾ ഉണ്ടായിരുന്നു.
പ്രത്യക്ഷത്തിൽ ഓപ്പയുടെ പിതാവിന് ഈ പുസ്തകങ്ങളിൽ അത്ര താത്പര്യമില്ലായിരുന്നു. എന്നാൽ ഓപ്പ അതു വായിക്കാൻ തുടങ്ങുകയും അതിൽ ജീവത്പ്രധാനമായ ബൈബിൾ സത്യങ്ങൾ അടങ്ങിയിരിക്കുന്നുവെന്നു മനസ്സിലാക്കുകയും ചെയ്തു. അതുകൊണ്ട്, ഈ പുസ്തകത്തിന്റെ പ്രതിനിധികളായ, ഇപ്പോൾ യഹോവയുടെ സാക്ഷികൾ എന്നു വിളിക്കപ്പെടുന്ന, അന്താരാഷ്ട്ര ബൈബിൾ വിദ്യാർഥികളെ തേടിപ്പിടിക്കുന്നതിന് ഓപ്പ ഇറങ്ങിത്തിരിച്ചു. താൻ പഠിച്ചുകൊണ്ടിരിക്കുന്ന ബൈബിൾ സത്യങ്ങളെക്കുറിച്ചു കൂടുതൽ അറിയുന്നതിനുവേണ്ടി അദ്ദേഹം അവരുമായി സംസാരിക്കാൻ ആഗ്രഹിച്ചു.
വളരെയധികം അന്വേഷണങ്ങൾക്കുശേഷം, മററുള്ളവരെ പഠിപ്പിക്കുന്ന വേലയിൽ സജീവരായിരുന്ന പ്രായമുള്ള മൂന്നു സ്ത്രീകളെ ഓപ്പ കണ്ടുമുട്ടി. യുവാവായ ചാൾസിന്റെമേൽ ശക്തമായ സ്വാധീനം ചെലുത്തുന്നതിന് അവർക്കു കഴിഞ്ഞു. ഒടുവിൽ, 1930-ൽ അദ്ദേഹം യഹോവക്കു സമർപ്പിച്ച് ജലസ്നാപനമേററു. അദ്ദേഹത്തിന്റെ തൊഴിലായിരുന്ന ഇറച്ചിവെട്ടു നിർത്തിയശേഷം വടക്കുള്ള സിഡ്നിയിലേക്കു യാത്രതിരിച്ചു. അവിടെ ഓപ്പയ്ക്ക് ഒരു മുഴുസമയ സുവിശേഷപ്രസംഗകൻ എന്ന നിയമനം ലഭിച്ചു.
ഓസ്ട്രേലിയയിലെ പയനിയറിങ്
അടുത്ത ഏതാനും വർഷങ്ങളിൽ ചാൾസിന്റെ പ്രസംഗപ്രദേശങ്ങളിൽ സിഡ്നിയുടെ സമുദ്രതീരപ്രദേശമായ ബോൻഡൈയുടെ കടലോര പ്രാന്തങ്ങളും ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു. പിന്നീട്, ആയിരക്കണക്കിനു കിലോമീററർ അകലെ ഭൂഖണ്ഡത്തിന്റെ നേരെ അങ്ങേയററത്തു സ്ഥിതിചെയ്യുന്ന പശ്ചിമ ഓസ്ട്രേലിയയിലെ പെർത്തിലേക്ക് അദ്ദേഹത്തിനു നിയമനം ലഭിച്ചു. ആറു മാസത്തോളം അദ്ദേഹം പെർത്തിലെ വ്യാപാരമേഖലയിൽ പ്രവർത്തിച്ചു. അതിനുശേഷം വേറെ രണ്ടു പയനിയർമാരോടൊപ്പം വടക്കുപടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ജനവാസം കുറവുള്ള വിശാലമായ പ്രദേശത്തേക്ക് അദ്ദേഹത്തെ നിയമിച്ചു.
ഈ മൂവരുടെ—ആർഥർ വില്ലീസ്, ജോർജ് റോൾസ്ററൻ, ചാൾസ്—പ്രസംഗ നിയമനം ഇററലിയുടെ നാലിരട്ടി വലിപ്പം വരുന്ന ഒരു പ്രദേശത്തായിരുന്നു! ജനവാസം കുറവ്, നാട്ടിൻപുറം ശൂന്യം, അതിനുപുറമേ അത്യുഷ്ണവും. ചിലപ്പോഴെല്ലാം, കന്നുകാലിവളർത്തൽകേന്ദ്രങ്ങൾ എന്നറിയപ്പെടുന്ന കൃഷിയിടങ്ങൾക്കിടയിൽ 500 കിലോമീറററിലധികം ദൂരം സഞ്ചരിക്കേണ്ടത് അത്യാവശ്യമായിരുന്നു. അവർ ഉപയോഗിച്ചിരുന്ന വാഹനം 1930-കളിലെ സാമ്പത്തിക മാന്ദ്യകാലത്തെ നിലവാരത്തിനുപോലും ഒക്കാത്ത പൊട്ടിപ്പൊളിഞ്ഞ ഒന്നായിരുന്നു. എന്നാൽ അവർക്ക് ഉറച്ച വിശ്വാസവും നല്ല നിശ്ചയദാർഢ്യവും ഉണ്ടായിരുന്നു.
കുണ്ടുംകുഴിയും നിറഞ്ഞ വീതികുറഞ്ഞ മൺറോഡിനു തലങ്ങും വിലങ്ങും ഒട്ടകങ്ങൾ സഞ്ചരിക്കുന്ന വഴിയുണ്ടായിരുന്നു. കൂടാതെ അവിടവിടെയായി മരക്കുററികൾ പൊടി (ബുൾഡസ്ററ്) മൂടികിടന്നിരുന്നു. കാറിന്റെ ആക്സിലുമായി പിടിപ്പിച്ചിരിക്കുന്ന സ്പ്രിങ്ങുകൾ പലവട്ടം പൊട്ടിപ്പോയതിൽ അതിശയിക്കാനില്ല. പുറകിലത്തെ ആക്സിൽ രണ്ടു പ്രാവശ്യം ഒടിഞ്ഞുപോയി. അതുമാത്രമല്ല, പല തവണ ടയർ കീറിപ്പോയിട്ടുണ്ട്. ആ പയനിയർമാർ പലപ്പോഴും പഴയ ടയറിൽനിന്നു കഷണം ചെത്തിയെടുത്ത് കിടക്കുന്ന ടയറിനുള്ളിൽ തിരുകി റൂഫ്ബോൾട്ടിട്ടു മുറുക്കുമായിരുന്നു. അവരുടെ യാത്ര മുടങ്ങാതിരിക്കുന്നതിന് അത് അത്യാവശ്യമായിരുന്നു.
അത്തരം പ്രയാസകരമായ സാഹചര്യങ്ങളിലും തുടർന്നു പ്രവർത്തിക്കുന്നതിന് അവരെ എന്താണു പ്രേരിപ്പിച്ചത് എന്ന് ഞാൻ കുഞ്ഞായിരുന്നപ്പോൾ ഓപ്പയോടു ചോദിച്ചു. അവരുടെ ഒററപ്പെട്ട അവസ്ഥയിൽ യഹോവയുമായി അടുത്തബന്ധം ആസ്വദിച്ചിരുന്നുവെന്നായിരുന്നു ഓപ്പയുടെ വിശദീകരണം. ഒരിക്കൽ അനുഭവപ്പെട്ടിരുന്ന ശാരീരിക ബുദ്ധിമുട്ട് ആത്മീയ അനുഗ്രഹമായി കലാശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഭൗതിക സമ്പത്തു കുന്നുകൂട്ടുന്നതിനായി അനേകം ആളുകൾ അമിത താത്പര്യമെടുക്കുന്നതിൽ ഓപ്പ അതിശയം പ്രകടിപ്പിച്ചു. എന്നാൽ, ഏതെങ്കിലും വിധത്തിലുള്ള ഉന്നതമനോഭാവത്തിന്റെയോ ആത്മപ്രശംസയുടെയോ ലവലേശംപോലുമില്ലാതെയാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. “സാധനസാമഗ്രികൾ എത്ര കുറഞ്ഞിരിക്കുന്നുവോ ജീവിതം അത്രയും മെച്ചമായിരിക്കും. തുറസ്സായ സ്ഥലങ്ങളിൽ താമസിക്കേണ്ടത് ആവശ്യമായിവന്നപ്പോൾ അങ്ങനെ ചെയ്യുന്നതിന് യേശു മനസ്സു പ്രകടിപ്പിച്ചസ്ഥിതിക്ക് നമ്മുടെ നിയമനം അത് ആവശ്യമാക്കിത്തീർക്കുന്നപക്ഷം നാമും അങ്ങനെ ചെയ്യാൻ സന്തോഷമുള്ളവരായിരിക്കണം” എന്ന് അദ്ദേഹം എന്നെ ഓർമിപ്പിച്ചു. (മത്തായി 8:19, 20) വാസ്തവം പറയട്ടെ, ഓപ്പയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അങ്ങനെതന്നെ ചെയ്യുകയുണ്ടായി.
ഒരു വിദേശ വയലിലേക്ക് ക്ഷണിക്കപ്പെടുന്നു
1935-ൽ ദക്ഷിണ പസഫിക്കിലെ ദ്വീപുവാസികളോടു സാക്ഷീകരിക്കുന്നതിനുള്ള ഒരു പുതിയ പ്രസംഗ നിയോഗം ഓപ്പയ്ക്കു ലഭിച്ചു. വേറെ ആറുപേരടങ്ങുന്ന ഒരു നാവികഗണത്തോടൊപ്പം അദ്ദേഹം വാച്ച് ടവർ സൊസൈററിയുടെ, 52 അടിവരുന്ന ലൈററ്ബെയറർ എന്ന ബോട്ടിൽ യാത്രതിരിച്ചു.
ഒരിക്കൽ ഓസ്ട്രേലിയയുടെ വടക്കുള്ള കാരൻ കടലിലായിരിക്കുമ്പോൾ, ലൈററ്ബെയററിന്റെ എൻജിൻ തകർന്നുപോയി. കാറെറന്നു പറയുന്ന സംഗതിയേ ഇല്ലായിരുന്നു. അതുകൊണ്ട്, കരയിൽനിന്ന് അനേകം കിലോമീറററുകൾ അകലെ അവർ കുടുങ്ങിപ്പോയി. ഗ്രെയ്ററ് ബാരിയർ റീഫിൽ കപ്പൽച്ചേതം സംഭവിക്കുന്നതിനുള്ള അപകടസാധ്യതയുണ്ടായിരുന്നിട്ടും അവിടത്തെ തികഞ്ഞ പ്രശാന്തത ഓപ്പയെ ഹഠാതാകർഷിച്ചു. “കടൽ തീർത്തും നിശബ്ദമായിരുന്നു. ശാന്തമായ ആ കടലിലെ ഓരോ സന്ധ്യയിലെയും സൂര്യാസ്തമയം ഞാൻ ഒരിക്കലും മറക്കില്ല. എല്ലായ്പോഴും എന്റെ സ്മരണയിൽ കൊത്തിവയ്ക്കാൻപോന്നവിധം ആ ദൃശ്യം അത്ര വശ്യമനോഹരമായിരുന്നു” എന്ന് ഓപ്പ അദ്ദേഹത്തിന്റെ ഡയറിയിൽ കുറിച്ചിട്ടു.
സന്തോഷകരമെന്നുപറയട്ടെ, റീഫിലേക്ക് അവരെ ഒഴുക്കിക്കൊണ്ടുപോകുന്നതിനുമുമ്പ് കാററു തിരിച്ചെത്തി. കപ്പൽപ്പായ്കളുടെ സഹായത്തോടെ അവർ സുരക്ഷിതരായി പാപ്പുവ ന്യൂ ഗിനിയിലെ മോർസ്ബി തുറമുഖത്ത് എത്തിച്ചേർന്നു. അവിടെ അവർ എൻജിന്റെ കേടുപാടുകൾ തീർത്തു. മോർസ്ബി തുറമുഖത്തുനിന്ന് അവർ തേസ്ഡേ ദീപിലേക്കും, അവിടെനിന്ന് ഇൻഡോനേഷ്യയിലെ വലിയ ദ്വീപുകളിലൊന്നായ ജാവയിലേക്കും യാത്രതിരിച്ചു. ഈ രാജ്യത്തെ ഓപ്പ അഗാധമായി സ്നേഹിച്ചു. ഇതിനെ “ഭൂമധ്യരേഖയെ ചുററിയിരിക്കുന്ന പവിഴ മാലയായി” വർണിച്ചിരിക്കുന്നു. ആ കാലഘട്ടത്തിൽ ഇൻഡോനേഷ്യ ഒരു ഡച്ച് കോളനിയായിരുന്നു. അതിനാൽ ഓപ്പ ഡച്ച്ഭാഷയും ഇൻഡോന്യേഷ്യഭാഷയും പഠിച്ചു. എന്നിരുന്നാലും, പ്രസംഗവേലയിൽ അദ്ദേഹം ഡച്ച്, ഇൻഡോനേഷ്യ, ചൈനീസ്, ഇംഗ്ലീഷ്, അറബിക്ക് എന്നീ അഞ്ചു ഭാഷകളിലാണ് സാഹിത്യങ്ങൾ സമർപ്പിച്ചിരുന്നത്.
ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കുന്നതിൽ ഓപ്പ വളരെയധികം വിജയിച്ചു. നമ്മുടെ പ്രസംഗവേല സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരു ഡച്ച് ഓഫീസർ വാച്ച് ടവർ സൊസൈററിയുടെ ബാട്ടാവിയയിലെ (ഇപ്പോഴത്തെ ജക്കാർത്ത) ഡിപ്പോയുടെ മേൽനോട്ടം വഹിച്ചിരുന്ന ക്ലെം ഡേഷാനെ ഒരിക്കൽ തന്റെ മുമ്പാകെ വിളിപ്പിച്ചു. “കിഴക്കൻ ജാവയിൽ നിങ്ങളുടെ എത്ര ആളുകൾ വേലചെയ്യുന്നുണ്ട്?” ആ ഓഫീസർ ചോദിച്ചു.
“ഒരാൾ മാത്രം” എന്ന് ഡെഷാൻ സഹോദരൻ മറുപടി നൽകി.
“ഞാൻ അതു വിശ്വസിക്കുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?” എന്ന് ഓഫീസർ ശബ്ദമുയർത്തിക്കൊണ്ടു ചോദിച്ചു. “എല്ലായിടത്തും വിതരണം ചെയ്തിരിക്കുന്ന സാഹിത്യങ്ങളുടെ എണ്ണം നോക്കിയാൽ അറിയാമല്ലോ അവിടെ നിങ്ങളുടെ പ്രവർത്തകരുടെ ഒരു സൈന്യംതന്നെ കാണുമെന്ന്!”
അത് തന്റെ ജീവിതത്തിലെ ഏററവും സംതൃപ്തിദായകമായ അനുമോദനമായിരുന്നുവെന്ന് ഓപ്പ കരുതുന്നു. എന്നാൽ അദ്ദേഹം ആ അനുമോദനത്തിന് അർഹനായിരുന്നു. കാരണം, ഓരോ മാസവും 1,500-നും 3,000-ത്തിനുമിടയിൽ സാഹിത്യങ്ങൾ സമർപ്പിക്കുകയെന്നത് ഓപ്പയെ സംബന്ധിച്ചിടത്തോളം ഒരു അസാധാരണ സംഗതിയായിരുന്നില്ല.
വിവാഹം, നിരോധനം, യുദ്ധം
1938 ഡിസംബറിൽ വിൽഹെൽമീനാ എന്നു പേരുള്ള ഒരു ഇൻഡോനേഷ്യക്കാരിയെ ഓപ്പ വിവാഹം ചെയ്തു. അങ്ങനെ അവർ എന്റെ വല്യമ്മയുമായി. ഓമ അഥവാ വല്യമ്മ, വളരെ ദയാലുവും സൗമ്യയും കഠിനാധ്വാനിയും മൃദുഭാഷിയുമായിരുന്നു. എന്റെ ബാല്യകാലത്തെ ഉററസഖി ഓമയായിരുന്നതിനാൽ എനിക്കതു നന്നായറിയാം.
വിവാഹത്തിനുശേഷം ഓപ്പയും ഓമയും ഒരുമിച്ചു പയനിയർ സേവനം തുടർന്നു. അതിനോടകം ലൈററ്ബെയററിന്റെ സഞ്ചാരസംഘത്തിലെ മററംഗങ്ങൾ ലോകത്തിന്റെ മററു ഭാഗങ്ങളിലേക്കു ചിതറിപ്പോവുകയോ വീട്ടിലേക്കു മടങ്ങുകയോ ചെയ്തു. എന്നാൽ ഓപ്പ ഇൻഡോനേഷ്യയെ സ്വന്തം നാടായി കരുതി, അവിടെ താമസമുറപ്പിക്കുവാൻ നിശ്ചയിച്ചു.
രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ ഇൻഡോനേഷ്യ ഭരിച്ചുകൊണ്ടിരുന്ന ഡച്ച് ഗവൺമെൻറ് വൈദികരുടെ സമ്മർദത്തിനു വഴങ്ങി യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങി. ക്രമേണ അത് നമ്മുടെ വേല നിരോധിക്കുന്നതിന് ഇടയാക്കി. തത്ഫലമായി, ബൈബിൾ മാത്രം ഉപയോഗിച്ച് വളരെ ബുദ്ധിമുട്ടുസഹിച്ചാണു പ്രസംഗവേല ചെയ്തിരുന്നത്. ഓപ്പയും ഓമയും സന്ദർശിച്ച എല്ലാ പട്ടണങ്ങളിലും അവരെ അധികാരികളുടെ മുമ്പാകെ വിളിച്ചു വിചാരണ ചെയ്തു. കുററവാളികളെപ്പോലെ അവരോടു പെരുമാറി. നിരോധനം ഏർപ്പെടുത്തി അധികം താമസിയാതെ ഓമയുടെ സഹോദരീഭർത്താവ് ക്രിസ്തീയ നിഷ്പക്ഷത നിമിത്തം ജയിലിലായി. അദ്ദേഹം ഡച്ച് അധീനതയിലുള്ള ഒരു ജയിലിൽവെച്ചു മൃതിയടഞ്ഞു.
സഞ്ചാരസൗകര്യം ക്രമീകരിച്ച ഒരു ട്രക്കിലാണ് ഓപ്പയും ഓമയും താമസിച്ചത്. ഈ സഞ്ചരിക്കുന്ന ഭവനം ഉപയോഗിച്ചുകൊണ്ട് അവർ മുഴു ജാവയിലും പ്രസംഗിച്ചു. 1940-ൽ ജപ്പാൻ സൈന്യത്തിന്റെ ആക്രമണം ശക്തി പ്രാപിച്ചുവരുന്ന അവസരത്തിൽ അവർക്ക് ഒരു പെൺകുട്ടിയുണ്ടായി. അതാണ് എന്റെ അമ്മ. കുഞ്ഞിന് അവർ വിക്ടറി എന്നു പേരിട്ടു. വിക്ടറി എന്നത് രണ്ടു വർഷം മുമ്പ് വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ പ്രസിഡൻറായിരുന്ന ജെ. എഫ്. റതർഫോർഡ് നടത്തിയ പ്രസംഗത്തിന്റെ ശീർഷകമായിരുന്നു. കുട്ടിയുണ്ടായ സമയത്തും അവർ പ്രസംഗവേല തുടർന്നു.
1942-ന്റെ ആദ്യഘട്ടത്തിൽ ഓപ്പയും ഓമയും വിക്ടറിയും ഒരു ഡച്ച് ചരക്കുകപ്പലിൽ ബോർണിയോയിൽനിന്നു തിരിച്ചുവരുന്നവഴി ഒരു ജപ്പാൻ യുദ്ധക്കപ്പലിൽനിന്നു വെടിവെപ്പിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു. വെളിച്ചമെല്ലാം അണഞ്ഞു. ജനങ്ങൾ അലറിക്കരഞ്ഞു. ഇങ്ങനെ യുദ്ധം എന്റെ കുടുംബാംഗങ്ങളുടെ ഇടയിലും വന്നുപെട്ടു. അവർ സുരക്ഷിതരായി തുറമുഖത്ത് എത്തിച്ചേർന്നുവെങ്കിലും ഏതാനും ദിവസങ്ങൾക്കുശേഷം ജപ്പാൻകാർ ജാവയെ ആക്രമിച്ചു. ഒരു ഡച്ച് ഉദ്യോഗസ്ഥൻ ഓപ്പയെയും ഓമയെയുംപററിയുള്ള വിവരങ്ങൾ ജപ്പാൻ സൈനികർക്കു പറഞ്ഞുകൊടുത്തു.
ജപ്പാൻകാർ അവരെ കണ്ടുപിടിച്ചപ്പോൾ, എന്തിനുപറയുന്നു, ശിശുവായിരുന്ന വിക്ടറിയുടെ കളിസാമാനങ്ങൾ ഉൾപ്പെടെ അവരിൽനിന്നു സകലതും കവർന്നെടുത്തു. അതിനുശേഷം അവരെ രണ്ടു വ്യത്യസ്ത തടങ്കൽപ്പാളയങ്ങളിലേക്ക് അയച്ചു. വിക്ടറിയെ ഓമയോടൊപ്പമായിരിക്കാൻ അനുവദിച്ചു. അടുത്ത മൂന്നരവർഷത്തേക്ക് ഓപ്പ അവരെ കണ്ടില്ല.
തടങ്കൽപ്പാളയങ്ങളിലെ ജീവിതം
തടങ്കലിലായിരുന്നപ്പോൾ ഓപ്പയെ പട്ടണംതോറും സ്ഥലംമാററിക്കൊണ്ടിരുന്നു. സുരബൈയയിൽനിന്ന് എങ്കാവിയിലേക്കും ബാൻഡുങ്കിലേക്കും ഒടുവിൽ ചിമാഹിയിലേക്കും മാററിക്കൊണ്ടിരുന്നു. ഏതെങ്കിലും രീതിയിലുള്ള രക്ഷപെടൽ നടപടിയെ തകിടംമറിക്കുക എന്നതായിരുന്നു തുടർച്ചയായുള്ള ഈ മാററത്തിന്റെ ഉദ്ദേശ്യം. തടവുകാരിൽ അധികവും ഡച്ചുകാരായിരുന്നു. എങ്കിലും, ഏതാനും ബ്രിട്ടീഷുകാരും ചുരുക്കം ചില ഓസ്ട്രേലിയക്കാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. തടങ്കൽപ്പാളയങ്ങളിൽവെച്ച് ഓപ്പ ക്ഷൗരം ചെയ്യുന്ന വേല പഠിച്ചു. ഇപ്പോഴും ചിലവേളകളിൽ അദ്ദേഹം ആ വേലയിൽ ഏർപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ കൈവശം വയ്ക്കാൻ അനുവദിച്ച ഏക മതഗ്രന്ഥം ബൈബിൾ മാത്രമായിരുന്നു—അദ്ദേഹത്തിന്റെ സ്വന്തം പ്രതിയായിരുന്ന, ജയിംസ് രാജാവിന്റെ ഭാഷാന്തരം.
ഇതിനോടകം ഓമയെയും വിക്ടറിയെയും തടങ്കൽപ്പാളയങ്ങൾതോറും മാററിക്കൊണ്ടിരുന്നു. ഈ പാളയങ്ങളിലെ സേനാധിപൻ സ്ത്രീകളോട് വെളിയിൽ “സാമൂഹിക സേവനം” അനുഷ്ഠിക്കുവാൻ ആവശ്യപ്പെടുമായിരുന്നു. ഏതോ കാരണത്താൽ ഓമയെ ഒരിക്കലും അതിനായി തിരഞ്ഞെടുത്തില്ല. ജപ്പാൻ പടയാളികൾക്കു വേശ്യകളായി വർത്തിക്കുന്നതിനാണ് അത്തരം സ്ത്രീകളെ കൊണ്ടുപോയതെന്ന് ഓമ പിന്നീടു മനസ്സിലാക്കി.
ജപ്പാൻ പടയാളികൾ പെൺകുട്ടികളെ ഇഷ്ടപ്പെട്ടിരുന്നില്ല. തൻമൂലം ഓമ വിക്ടറിയെ എല്ലായ്പോഴും ആൺകുട്ടിയെപ്പോലെ വേഷമണിയിക്കുകയും തലമുടി പറെറ വെട്ടിനിർത്തുകയും ചെയ്തു. വിക്ടറിയെന്ന പേര് വലിയ കുഴപ്പത്തിനിടയാക്കി. കാരണം, ആ പേര് എന്തിനെ സൂചിപ്പിക്കുന്നുവെന്നറിയാൻ പാളയത്തിലെ സേനാധിപന് ആഗ്രഹമുണ്ടായി. വിക്ടറിയെന്നത് ജപ്പാൻ സാമ്രാജ്യത്തിന്റെ വിജയത്തെക്കുറിക്കുന്നുവോ അതോ അമേരിക്കയുടെ വിജയത്തെക്കുറിക്കുന്നുവോ എന്ന് അയാൾക്കറിയണം.
“സകല ഭൗമിക ഗവൺമെൻറുകൾക്കുംമേലുള്ള ദൈവരാജ്യത്തിന്റെ വിജയം!” എന്ന് ഓമ അഭിമാനത്തോടെ പറഞ്ഞു.
“ജപ്പാൻ സാമ്രാജ്യത്തിന്റെ വിജയം” എന്നു പറയാൻ വിസമ്മതിച്ചതിന്റെ ശിക്ഷയായി ഓമയും അഞ്ചുവയസ്സു പ്രായമുള്ള മകളും ചുട്ടുപൊള്ളുന്ന വെയിലിൽ എട്ടുമണിക്കൂർ വടിപോലെ, നിശ്ചലമായി നിൽക്കാൻ നിർബന്ധിതരായി. തണലോ വെള്ളമോ ഇരിപ്പിടമോ ഒന്നുമില്ലായിരുന്നു, എന്തിന്, മുന്നിലേക്കൊന്നു കുനിയാൻപോലും അനുവാദമില്ലായിരുന്നു. എന്നാൽ യഹോവയുടെ സഹായത്താൽ ഈ ഭീതിജനകമായ പരീക്ഷണത്തെ അതിജീവിക്കുന്നതിന് അവർക്കു കഴിഞ്ഞു.
തടങ്കലിലാക്കി ഒരു വർഷം കഴിഞ്ഞപ്പോൾ ഭർത്താവു മരിച്ചുപോയെന്ന് ഓമയോട് പാളയത്തിലെ സേനാധിപൻ പറഞ്ഞു! അതീവ ദുഃഖത്തോടെ ഓമ ഓപ്പയുടെ ഫോട്ടോ തന്റെ പൊട്ടിപ്പൊളിഞ്ഞ സ്യൂട്ട്കേസിന്റെ ഏററവും അടിയിൽ സൂക്ഷിച്ചു. അവർ ദുഃഖം ഗണ്യമാക്കാതെ കഴിഞ്ഞുകൂടി.
ജയിൽവാസം കഷ്ടപ്പാടുനിറഞ്ഞതായിരുന്നു. ഒരാൾക്കു ദിവസേന ലഭിക്കുന്ന റേഷൻ, പ്രാതലായി ഒരു കപ്പ് കപ്പയും ഉച്ചഭക്ഷണമായി ചവ്വരികൊണ്ട് ഉണ്ടാക്കിയ 190 ഗ്രാം വരുന്ന റൊട്ടിയുമായിരുന്നു. അത്താഴമാണെങ്കിൽ വെള്ളംപോലെയുള്ള പച്ചക്കറിസൂപ്പിൽകുഴച്ച ഒരു കപ്പ് ചോറും. ഇത്തരം തുച്ഛമായ റേഷൻ കാരണം വികലപോഷണം ഒരു സാധാരണ സംഗതിയായിരുന്നു. വയറുകടിമൂലം ആളുകൾ ദിവസേന മരിച്ചുകൊണ്ടിരുന്നു.
തടങ്കലിൽ ആയിരുന്നപ്പോൾ ഓപ്പയ്ക്ക് പെല്ലഗ്രരോഗം ബാധിച്ചു. കൂടാതെ ആരോഗ്യക്ഷയത്താലുള്ള രക്തക്കുഴൽവീക്കവും (പട്ടിണിമൂലമുണ്ടാകുന്ന രോഗം) ഉണ്ടായി. ഓമയും ഏതാണ്ട് ചാകാറായിരുന്നു. കാരണം പിഞ്ചുകുഞ്ഞായ വിക്ടറി പട്ടിണിമൂലം മരിക്കാതിരിക്കുവാൻ ഓമ മിക്കപ്പോഴും സ്വന്തം ഭക്ഷണം അവൾക്കു കൊടുക്കുമായിരുന്നു. ക്രൂരതയും പട്ടിണിയും സന്തതസഹചാരികളായിരുന്നു. തങ്ങളുടെ ദൈവമായ യഹോവയോടു പററിനിന്നതിനാൽ മാത്രമാണ് അവർക്ക് അതിജീവിക്കാൻ കഴിഞ്ഞത്.
ഓപ്പ കൂടെക്കൂടെ പറഞ്ഞിരുന്ന ഒരു കാര്യം ഞാൻ ഓർക്കുന്നു. “ദിവ്യനായ യഹോവയുമായി പൊരുത്തത്തിലായിരിക്കുന്നതാണു സ്വാതന്ത്ര്യം” എന്ന്. അങ്ങനെ കഠിന തടവിലിരിക്കുമ്പോഴും താൻ യഥാർഥത്തിൽ സ്വതന്ത്രനാണെന്ന് ഓപ്പ കരുതിയിരുന്നു. ഓപ്പയ്ക്കും ഓമയ്ക്കും ദൈവത്തോടുണ്ടായിരുന്ന സ്നേഹം ‘എല്ലാം സഹിക്കുന്ന’തിന് അവരെ തീർച്ചയായും സഹായിച്ചു. (1 കൊരിന്ത്യർ 13:7) ദൈവത്തോടുള്ള അത്തരം ഉററബന്ധമാണു ഗെയ്ലും ഞാനും വെച്ചുപുലർത്താൻ ശ്രമിക്കുന്നത്.
സ്വാതന്ത്ര്യവും മഹത്തായ പുനഃസമാഗമവും
ഒടുവിൽ, രണ്ടാം ലോകമഹായുദ്ധം 1945-ൽ അവസാനിച്ചു. ജപ്പാൻ കീഴടങ്ങിയശേഷം അധികം താമസിയാതെ ഓപ്പയെ ട്രെയിനിൽ മറെറങ്ങോട്ടേക്കോ കൊണ്ടുപോകുകയായിരുന്നു. ജക്കാർത്തയിൽനിന്ന് ബാൻഡുങ്ങിലേക്കുള്ള യാത്രയിൽ ഇൻഡോനേഷ്യൻ പടയാളികൾ തീവണ്ടി തടഞ്ഞു. ജപ്പാൻകാരുമായുള്ള യുദ്ധം അവസാനിച്ചിരുന്നെങ്കിലും ഇൻഡോനേഷ്യക്കാർ ഡച്ചുകാരിൽനിന്നു സ്വാതന്ത്ര്യം നേടുന്നതിനുള്ള പോരാട്ടത്തിലായിരുന്നു. ട്രെയിനിൽനിന്നു പെട്ടെന്നു വലിച്ചിറക്കിയതിന്റെ ഞെട്ടലിൽ ഓപ്പ ഇംഗ്ലീഷിൽ സംസാരിക്കാൻ മറന്നുപോയി, പകരം ഡച്ച് ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. ഇൻഡോനേഷ്യക്കാരെ സംബന്ധിച്ചിടത്തോളം ഡച്ച് ശത്രുവിന്റെ ഭാഷയായിരുന്നു, ശത്രുവിനെ കൊല്ലുകയുംവേണം.
ദൈവാനുഗ്രഹമെന്നു പറയട്ടെ, പടയാളികൾ ഓപ്പയെ പരിശോധിക്കുന്നതിനിടയിൽ അവർ അദ്ദേഹത്തിന്റെ ഓസ്ട്രേലിയൻ ലൈസൻസ് കണ്ടെടുത്തു. ഓപ്പ അതേക്കുറിച്ചു തീർത്തും മറന്നുപോയിരുന്നു. ഇൻഡോനേഷ്യക്കാർ ഓസ്ട്രേലിയയുമായി യുദ്ധത്തിലല്ലായിരുന്നു എന്നത് സന്തോഷകരമായ ഒരു വസ്തുതയായിരുന്നു. തന്റെ ഓസ്ട്രേലിയൻ പൗരത്വത്തിനു തെളിവു നൽകിയ ആ ലൈസൻസു കണ്ടുപിടിച്ചത് ദിവ്യമായ ഇടപെടലായിരുന്നുവെന്നാണ് ഓപ്പ ഇന്നുവരേക്കും കരുതുന്നത്. കാരണം അതേ സ്റേറാപ്പിൽവെച്ച് വെറും മണിക്കൂറുകൾക്കു ശേഷം ട്രെയിനിൽ യാത്രചെയ്ത 12 ഡച്ചുകാരെ അതേ സൈന്യം കൊന്നൊടുക്കി.
ഈ സംഭവത്തിന് ശേഷം ഏറെ താമസിയാതെ ഓമയും വിക്ടറിയും യുദ്ധബാധിതപ്രദേശത്തുനിന്നു പോകാൻവേണ്ടി വാഹനത്തിനായി കാത്തുനിൽക്കുകയായിരുന്നു. അവർ വഴിവക്കിൽ ഇരിക്കുമ്പോൾ പടയാളികളെയും പൗരൻമാരെയും വഹിച്ചുകൊണ്ട് ട്രക്കുകളുടെ ഒരു നീണ്ട നിരതന്നെ കടന്നുപോയി. എന്തോ കാരണത്താൽ വണ്ടികൾ പെട്ടെന്നു നിശ്ചലമായി. ഏററവും അടുത്തുനിർത്തിയ ട്രക്കിന്റെ തുറന്ന പിൻഭാഗത്തേക്ക് ഓമ വെറുതെയൊന്നു നോക്കാനിടയായി. അപ്പോഴുണ്ട് ഓമയെ അതിശയിപ്പിക്കുമാറ് അതാ, അവിടെ ഒരു മെല്ലിച്ച മനുഷ്യൻ ഇരിക്കുന്നു. താമസലേശമന്യേ ഓമ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അതു ഭർത്താവായിരുന്നു! അവരുടെ പുനഃസംഗമത്തെ വിവരിക്കാൻ വാക്കുകൾക്കാവില്ല.
വീണ്ടും ഓസ്ട്രേലിയയിൽ
1946-ൽ വല്യപ്പൻ കുടുംബസമേതം ഓസ്ട്രേലിയയിൽ തിരിച്ചെത്തി. ഇൻഡോനേഷ്യയിലെ 11 വർഷത്തെ ജീവിതത്തിനുശേഷം ഓസ്ട്രേലിയയിലെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. നിരാലംബരായി, വികലപോഷിതരായി, യുദ്ധത്തിലെ അഭയാർഥികളായി അവർ തിരിച്ചെത്തി. തന്നെയുമല്ല തദ്ദേശവാസികൾ അവരെ സംശയദൃഷ്ട്യാ വീക്ഷിക്കാനും തുടങ്ങി. ഏഷ്യയിൽനിന്നുവന്ന കുടിയേററക്കാരോടുള്ള കടുത്ത വർഗീയ മുൻവിധി ഓമയ്ക്കും വിക്ടറിക്കും സഹിക്കേണ്ടിവന്നു. കുടുംബത്തെ പോററുന്നതിനും ഒരു താമസസൗകര്യം ക്രമീകരിക്കുന്നതിനുംവേണ്ടി ഓപ്പയ്ക്ക് മണിക്കൂറുകളോളം ജോലിചെയ്യേണ്ടിവന്നു. ഈ ബുദ്ധിമുട്ടുകളെല്ലാം ഉണ്ടായിരുന്നിട്ടും തങ്ങളുടെ ആത്മീയതയ്ക്കു കോട്ടംതട്ടാത്തവിധം എല്ലാം സഹിക്കുന്നതിനും തരണംചെയ്യുന്നതിനും അവർക്കു കഴിഞ്ഞു.
48 വർഷങ്ങൾക്കുശേഷം ഇപ്പോൾ ഓപ്പ മെൽബണിൽ താമസിക്കുകയാണ്. അവിടെ അദ്ദേഹം ഇപ്പോഴും വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കുന്നു. വിക്ടറിയും മക്കളും സത്യം സ്വീകരിച്ച് തങ്ങളുടെ ജീവിതം യഹോവക്കു സമർപ്പിക്കുകയും അവരവരുടെ ഊഴം വന്നപ്പോൾ ഓരോരുത്തരായി മുഴുസമയ പയനിയർ സേവനത്തിൽ ഏർപ്പെടുകയും ചെയ്യുന്നത് അദ്ദേഹം കണ്ടിരിക്കുന്നു.
വിക്ടറിയും എന്റെ പിതാവായിത്തീർന്ന ഡെസ് സങ്കറും 1950-കളുടെ ആരംഭത്തിൽ സ്നാപനമേററു. 1958-ൽ ഡെസ് ഓസ്ട്രേലിയയിലെ ബെഥേൽ കുടുംബത്തിൽ ഒരംഗമായി. പ്രത്യേക പയനിയറായി സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന വിക്ടറിയെ വിവാഹം ചെയ്തശേഷം അവർ കുറേക്കാലത്തോളം പയനിയറിങ് ചെയ്തു. പിന്നീട്, സഞ്ചാരസേവനത്തിന് അവർക്കു നിയമനം ലഭിച്ചു. അപ്പോഴാണു ഞാൻ ജനിച്ചത്. അതുകൊണ്ട്, എന്നെ വളർത്തുന്നതിനുവേണ്ടി അവർ സഞ്ചാരവേല നിർത്തേണ്ടിവന്നു. എങ്കിലും 27 വർഷങ്ങൾക്കുശേഷം ഡാഡി ഇപ്പോഴും പയനിയറിങ് ചെയ്യുകയാണ്.
1990-ന്റെ ആരംഭത്തിൽ ഓമ വീട്ടിൽവെച്ച്, അതേ, എന്നെ വളർത്തിയ അതേ വീട്ടിൽവെച്ച്, സമാധാനത്തോടെ മരിച്ചു. മെൽബണിലെ ഈ വീട്ടിലാണു ഞാനും എന്റെ ഇളയ സഹോദരനും സഹോദരിയും വളർന്നുവന്നത്. ഒരേ വീട്ടിൽ ഒരുമിച്ചുതാമസിക്കുക എന്നത് ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് ഒരു അനുഗ്രഹമായിരിക്കുന്നു. ചിലപ്പോഴെല്ലാം മരുങ്ങുതിരിയാൻ ഇടയില്ലായിരുന്നു, എങ്കിൽപ്പോലും അതേപ്പററി എന്നെങ്കിലും വിഷമിക്കേണ്ടിവന്നതായി ഞാൻ ഓർക്കുന്നില്ല. എന്റെ വിവാഹശേഷമുള്ള ആദ്യത്തെ നാലുവർഷംപോലും ഭാര്യ ഗെയ്ലിന് അതുമായി സസന്തോഷം പൊരുത്തപ്പെടാൻകഴിഞ്ഞു. അവൾക്ക് അത് ഇഷ്ടമായിരുന്നു. ഒടുവിൽ, ഞങ്ങളുടെ പുതിയ നിയമനത്തിലേർപ്പെടുന്നതിനായി വീടുവിട്ടപ്പോൾ ഞാൻ കരഞ്ഞുപോയി. വളരെയേറെ പിന്തുണയും സ്നേഹവും ആ വീട്ടിൽ എനിക്കു ലഭിച്ചിരുന്നു.
എന്നിരുന്നാലും, ഇപ്പോൾ എനിക്കും ഗെയ്ലിനും സമൃദ്ധമായി സന്തോഷിക്കാനുള്ള വകയുണ്ട്. കാരണം, ഞങ്ങളുടെ മാതാപിതാക്കൾക്കും അവർക്കുമുമ്പ് അവരുടെ മാതാപിതാക്കൾക്കും ചെയ്യാൻ കഴിഞ്ഞവേല ഇപ്പോൾ ഞങ്ങൾക്കു ചെയ്യാൻ സാധിക്കുന്നു. വീടുവിട്ടുപോന്നപ്പോൾ ഞങ്ങളുടെ പോക്കിന്റെ കാരണമോർത്തു സമാശ്വസിച്ചു. അത് മുഴുസമയശുശ്രൂഷയിൽ യഹോവയുടെ ഹിതംചെയ്യുക എന്നതായിരുന്നല്ലോ. വിശ്വസ്തരായ ഞങ്ങളുടെ പൂർവികരുടെ ഉത്തമ മാതൃക പിൻപററുന്നതിനു ഞങ്ങൾ കഠിനമായി ശ്രമിക്കുകയാണ്. പ്രയാസകരമായ നിയമനങ്ങളിലും കൊടും ദാരിദ്ര്യത്തിലും എന്തിന്, ജപ്പാൻ തടങ്കൽപ്പാളയങ്ങളിൽ വർഷങ്ങളോളം കഴിഞ്ഞുകൂടേണ്ടിവന്നപ്പോൾപോലും സമാനമായി അവർ സമാശ്വസിച്ചിരുന്നു.—2 കൊരിന്ത്യർ 1:3, 4.
“നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു” എന്ന് യഹോവയെക്കുറിച്ചു ദാവീദ് രാജാവ് എഴുതിയ നിശ്വസ്ത വചനങ്ങളിൽ ഓപ്പ എല്ലായ്പോഴും സാന്ത്വനം കണ്ടെത്തി. (സങ്കീർത്തനം 63:3) ആ സ്നേഹദയ നിത്യം ആസ്വദിക്കുക എന്നത് എപ്പോഴും എന്റെ വല്യപ്പന്റെ ഉൽക്കടമായ ആഗ്രഹമായിരുന്നു. അദ്ദേഹത്തോടൊപ്പം അതിൽ പങ്കുചേരുക എന്നതാണ് അദ്ദേഹത്തിന്റെ മുഴുകുടുംബത്തിന്റെയും ആഗ്രഹം.
[21-ാം പേജിലെ ചിത്രം]
ഓമ ഹാരിസും ഓപ്പ ഹാരിസും
[23-ാം പേജിലെ ചിത്രം]
ക്രേഗ് സങ്കർ (പിറകിൽ) ഭാര്യയും മാതാപിതാക്കളും ഇളയ സഹോദരനും സഹോദരിയുമൊത്ത്