യഹോവ ക്ഷമിക്കുന്നതുപോലെ നിങ്ങൾ ക്ഷമിക്കുന്നുണ്ടോ?
“നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെപിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.”—മത്തായി 6:14, 15.
1, 2. ഏതുതരത്തിലുള്ള ദൈവത്തെയാണു നമുക്കാവശ്യമായിരിക്കുന്നത്, എന്തുകൊണ്ട്?
“യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല [“കുററം കണ്ടുപിടിച്ചുകൊണ്ടേയിരിക്കയില്ല,” NW]; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല. അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തൻമാരോടു വലുതായിരിക്കുന്നു. ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകററിയിരിക്കുന്നു. അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തൻമാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.”—സങ്കീർത്തനം 103:8-14.
2 പാപത്തിൽ ഗർഭം ധരിക്കുകയും പാപത്തോടെയും പാപത്തിന്റെ നിയമത്തിന്റെ പിടിയിലേക്കു നമ്മെ എല്ലായ്പോഴും വലിച്ചിഴയ്ക്കുന്ന അവകാശപ്പെടുത്തിയ അപൂർണതകളോടെയും പിറന്നുവീഴുകയും ചെയ്തിരിക്കുന്നവരാണു നാം. അതുകൊണ്ട്, ‘നാം പൊടിയാണെന്ന് ഓർക്കുന്ന’ ഒരു ദൈവം നമുക്കുണ്ടായിരുന്നേ പററൂ. സങ്കീർത്തനം 103-ൽ ദാവീദ് ഇത്ര മനോഹരമായി യഹോവയെ വർണിച്ച് മുന്നൂറു വർഷം കഴിഞ്ഞ്, ഏതാണ്ടു സമാനമായ രീതിയിൽ മറെറാരു ബൈബിളെഴുത്തുകാരനായ മീഖായും ഇതേ ദൈവത്തെക്കുറിച്ച് അങ്ങേയററം പുകഴ്ത്തി പറയുകയുണ്ടായി. ഒരിക്കൽ ചെയ്തുപോയ പാപങ്ങൾ സദയം ക്ഷമിക്കുന്ന ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “അപരാധങ്ങൾ പൊറുക്കുകയും അതിക്രമങ്ങൾ ക്ഷമിക്കുകയും കോപം എന്നേക്കും വെച്ചുകൊള്ളാതിരിക്കുകയും ദയ കാട്ടുന്നതിൽ പ്രസാദിക്കുകയും ചെയ്യുന്ന നിന്നെപ്പോലെ ഒരു ദൈവം ആരുണ്ട്? ഒരിക്കൽക്കൂടെ ഞങ്ങളോടു കരുണ കാട്ടേണമേ, ഞങ്ങളുടെ അകൃത്യങ്ങളെ ചവുട്ടിമെതിക്കേണമേ, ഞങ്ങളുടെ പാപങ്ങളെ ഒക്കെയും നീ ആഴിയുടെ അഗാധത്തിലേക്ക് എറിയേണമേ.”—മീഖാ 7:18, 19, ദ ജറുസലേം ബൈബിൾ.
3. ക്ഷമിക്കുകയെന്നാൽ അർഥമെന്ത്?
3 ഗ്രീക്കു തിരുവെഴുത്തുകളിൽ “ക്ഷമിക്കുക” എന്ന പദത്തിന്റെ അർഥം “വിട്ടുകളയുക” എന്നാണ്. മേലുദ്ധരിച്ച ദാവീദും മീഖായും ലാവണ്യ വിവരണത്തിലൂടെ അതേ അർഥം കൊടുക്കുന്നു. യഹോവയുടെ ക്ഷമയുടെ അമ്പരപ്പിക്കുന്ന വ്യാപ്തി മുഴുവനും വിലമതിക്കാൻ നമുക്ക് ഏതാനും സംഭവങ്ങൾ പുനരവലോകനം ചെയ്യാം. നശിപ്പിക്കുന്നതിൽനിന്നു ക്ഷമിക്കുന്നതിലേക്കു തന്റെ മനസ്സിനെ മാററാൻ യഹോവക്കു കഴിയുമെന്നു പ്രകടമാക്കുന്നതാണ് ആദ്യത്തേത്.
മോശ മധ്യസ്ഥത വഹിക്കുന്നു—യഹോവ ശ്രദ്ധിക്കുന്നു
4. യഹോവയുടെ ശക്തിയുടെ ഏതു പ്രകടനങ്ങൾക്കുശേഷവും വാഗ്ദത്തദേശത്തു പ്രവേശിക്കാൻ ഇസ്രായേൽ ജനത ഭയമുള്ളവരായിരുന്നു?
4 സ്വദേശമായി അവർക്കു നൽകാമെന്നു താൻ വാഗ്ദാനം ചെയ്തിരുന്ന ദേശത്തു പ്രവേശിക്കാൻ യഹോവ ഇസ്രായേൽ ജനതയെ സുരക്ഷിതമായി ഈജിപ്തിൽനിന്നു കൊണ്ടുവന്നു. എന്നാൽ കനാൻ ദേശത്തെ വെറും മനുഷ്യരെ ഭയപ്പെട്ട അവർ മുന്നോട്ടു പോകാൻ വിസ്സമ്മതിച്ചു. അതേസമയം അവർ നേരിട്ടു കണ്ടകാര്യങ്ങൾ നോക്കുക. യഹോവ ഈജിപ്തിൽ പത്തു മാരക ബാധകൾ വരുത്തി അവരെ മോചിപ്പിച്ചു, ചെങ്കടലിലൂടെ രക്ഷപെടാൻ ഒരു പാതയുണ്ടാക്കി, അവരെ പിന്തുടരാൻ ശ്രമിച്ച ഈജിപ്ഷ്യൻ സൈന്യത്തെ നശിപ്പിച്ചു, അവരെ യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ജനതയാക്കിത്തീർത്ത ഉടമ്പടി സീനായ് പർവതത്തിൽവെച്ച് ഉദ്ഘാടനം ചെയ്തു, അവരെ തീററിപ്പോററാൻ സ്വർഗത്തിൽനിന്നു ദിവസേന അത്ഭുതകരമാംവിധം മന്നാ വർഷിച്ചു. എന്നിട്ടും സാധാരണയിൽ കവിഞ്ഞ വളർച്ചയുള്ള ചില കനാന്യരെപ്രതി വാഗ്ദത്തദേശത്തു പ്രവേശിക്കാൻ അവർ ഭയപ്പെട്ടു.—സംഖ്യാപുസ്തകം 14:1-4.
5. വിശ്വസ്തരായ രണ്ട് ഒററുനോട്ടക്കാർ ഇസ്രായേല്യരെ ഒരുമിച്ചുനിർത്താൻ ശ്രമിച്ചതെങ്ങനെ?
5 അന്തംവിട്ടുപോയ മോശയും അഹരോനും കമിഴ്ന്നുവീണു. ഒററുനോക്കാൻപോയ വിശ്വസ്തരായ യോശുവയും കാലേബും ഇസ്രായേല്യരെ ഒരുമിച്ചുനിർത്താൻ ശ്രമിച്ചു: ‘ആ ദേശം എത്രയും നല്ലത്, പാലും തേനും ഒഴുകുന്ന ദേശം. ജനത്തെ ഭയപ്പെടരുത്. നമ്മോടുകൂടെ യഹോവ ഉണ്ടല്ലോ!’ അത്തരം വാക്കുകളാൽ പ്രോത്സാഹിതരാകുന്നതിനു പകരം പേടിച്ചരണ്ട, മത്സരികളായ ആ ജനം യോശുവയെയും കാലേബിനെയും കല്ലെറിയാൻ ശ്രമിച്ചു.—സംഖ്യാപുസ്തകം 14:5-10.
6, 7. (എ) വാഗ്ദത്തദേശത്തേക്കു മുന്നേറാൻ ഇസ്രായേൽ ജനത വിസ്സമ്മതിച്ചപ്പോൾ യഹോവ എന്തു ചെയ്യാൻ തീരുമാനിച്ചു? (ബി) ഇസ്രായേലിനെ സംബന്ധിച്ച യഹോവയുടെ തീരുമാനത്തിനു മോശ തടസ്സം പറഞ്ഞത് എന്തുകൊണ്ട്, അതിന്റെ ഫലമെന്തായിരുന്നു?
6 യഹോവ കോപാകുലനായി! അവസാനം “യഹോവ മോശെയോടു: ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും? ഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ചു സംഹരിച്ചുകളകയും നിന്നെ അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും എന്നു അരുളിച്ചെയ്തു. മോശെ യഹോവയോടു പറഞ്ഞതു: എന്നാൽ മിസ്രയീമ്യർ അതു കേൾക്കും; നീ ഈ ജനത്തെ അവരുടെ ഇടയിൽനിന്നു നിന്റെ ശക്തിയാൽ കൊണ്ടുപോന്നുവല്ലോ. അവർ അതു ഈ ദേശനിവാസികളോടും പറയും. . . . നീ ഇപ്പോൾ ഈ ജനത്തെ ഒക്കെയും ഒരു ഒററ മനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ നിന്റെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ: ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടുപോകുവാൻ യഹോവെക്കു കഴിയായ്കകൊണ്ടു അവൻ അവരെ മരുഭൂമിയിൽവെച്ചു കൊന്നുകളഞ്ഞു എന്നു പറയും.”—സംഖ്യാപുസ്തകം 14:11-16.
7 യഹോവയുടെ നാമത്തെപ്രതി മോശ ക്ഷമയ്ക്കായി യാചിച്ചു: “നിന്റെ മഹാദയെക്കു തക്കവണ്ണം മിസ്രയീംമുതൽ ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ. അതിന്നു യഹോവ അരുളിച്ചെയ്തതു: നിന്റെ അപേക്ഷപ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു.”—സംഖ്യാപുസ്തകം 14:19, 20.
മനശ്ശെയുടെ വിഗ്രഹാരാധനയും ദാവീദിന്റെ വ്യഭിചാരവും
8. യഹൂദായുടെ രാജാവായ മനശ്ശെ ഏതുതരം കാര്യങ്ങൾ ചെയ്തു?
8 യഹോവയുടെ ക്ഷമയുടെ ഒരു മുന്തിയ ദൃഷ്ടാന്തമാണു നല്ല രാജാവായ ഹിസ്കിയാവിന്റെ പുത്രനായ മനശ്ശെയുടെ കാര്യത്തിൽ കാണുന്നത്. 12 വയസ്സുള്ളപ്പോഴായിരുന്നു മനശ്ശെ യെരുശലേമിൽ ഭരണം ഏറെറടുക്കുന്നത്. അവൻ പൂജാഗിരികൾ പണികഴിപ്പിച്ചു, ബാലിനു ബലിപീഠങ്ങൾ തീർത്തു, അശേരാപ്രതിഷ്ഠകൾ സ്ഥാപിച്ചു, ആകാശനക്ഷത്രങ്ങളെ വണങ്ങി, ആഭിചാരങ്ങളും ക്ഷുദ്രങ്ങളും പ്രയോഗിച്ചു, ആത്മമധ്യവർത്തികളെയും ഭാഗ്യംപറച്ചിൽകാരെയും നിയോഗിച്ചു, യഹോവയുടെ ആലയത്തിൽ കൊത്തുരൂപങ്ങൾ സ്ഥാപിച്ചു, തന്റെ പുത്രൻമാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിപ്രവേശം ചെയ്യിച്ചു. “യഹോവെക്കു അനിഷ്ടമായുള്ളതു പലതും [“വിപുലമായ തോതിൽ,” NW] ചെയ്തു അവനെ കോപിപ്പിച്ചു.” അങ്ങനെ “മനശ്ശെ യഹോവ യിസ്രായേൽപുത്രൻമാരുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികൾ ചെയ്തതിലും അധികം വഷളത്വം പ്രവർത്തിപ്പാൻ തക്കവണ്ണം യെഹൂദയെയും യെരുശലേംനിവാസികളെയും തെററുമാറാക്കി [“വശീകരിച്ചുകൊണ്ടേയിരുന്നു,” NW].”—2 ദിനവൃത്താന്തം 33:1-9.
9. മനശ്ശെയുടെ നേർക്കു യഹോവയുടെ മുഖം അയവുള്ളതായിത്തീർന്നതെങ്ങനെ, എന്തു ഫലമുണ്ടായി?
9 അവസാനം, യഹോവ യഹൂദായുടെ നേരേ അസീറിയക്കാരെ വരുത്തി. അവർ മനശ്ശെയെ ബാബിലോനിലേക്കു പിടിച്ചുകൊണ്ടുപോയി. “കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. തന്റെ പിതാക്കൻമാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏററവും താഴ്ത്തി അവനോടു പ്രാർഥിച്ചു. അവൻ അവന്റെ പ്രാർത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരുശലേമിൽ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി.” (2 ദിനവൃത്താന്തം 33:11-13) അതോടെ മനശ്ശെ അന്യദൈവങ്ങളെയും വിഗ്രഹങ്ങളെയും ബലിപീഠങ്ങളെയും നീക്കി നഗരത്തിനു വെളിയിലെറിഞ്ഞുകളഞ്ഞു. അവൻ യഹോവയുടെ ബലിപീഠത്തിൻമേൽ ബലികളർപ്പിക്കാനും സത്യദൈവത്തെ ആരാധിക്കാൻ യഹൂദായിൽ നേതൃത്വമെടുക്കാനും തുടങ്ങി. താഴ്മയും പ്രാർഥനയും അനുതാപത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുന്ന തിരുത്തൽനടപടിയും ഉള്ളപ്പോൾ യഹോവ ക്ഷമിക്കാൻ മനസ്സൊരുക്കമുള്ളവനാണ് എന്നു കാണിക്കുന്നതിന്റെ ഒരു വിസ്മയാവഹമായ പ്രകടനമായിരുന്നു ഇത്!—2 ദിനവൃത്താന്തം 33:15, 16.
10. ഊരീയാവിന്റെ ഭാര്യയുമായുള്ള തന്റെ പാപം മൂടിവെക്കാൻ ദാവീദ് ശ്രമിച്ചതെങ്ങനെ?
10 ഹിത്യനായ ഊരീയാവിന്റെ ഭാര്യയുമായുള്ള ദാവീദ് രാജാവിന്റെ വ്യഭിചാരപാപം നന്നായി അറിയപ്പെടുന്നതാണ്. അവൻ അവളുമായി വ്യഭിചാരം ചെയ്യുക മാത്രമല്ല, അവൾ ഗർഭിണിയായെന്ന് അറിഞ്ഞപ്പോൾ തന്റെ സുരക്ഷയ്ക്കുവേണ്ടി സംഗതി ആരും അറിയാതിരിക്കാൻ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. രാജാവ് ഊരീയാവിനു യുദ്ധത്തിൽനിന്ന് ഒഴിവുണ്ടാക്കിക്കൊടുത്തു. അവൻ വീട്ടിൽച്ചെന്ന് ഭാര്യയുമായി വേഴ്ചയിൽ ഏർപ്പെട്ടുകൊള്ളുമെന്നായിരുന്നു ദാവീദിന്റെ പ്രതീക്ഷ. എന്നാൽ യുദ്ധമുന്നണിയിലെ തന്റെ സഹസൈനികരോടുള്ള ആദരവു നിമിത്തം ഊരീയാവ് അതു നിരസിച്ചു. പിന്നെ ദാവീദ് അവനെ ഒരു ഭക്ഷണത്തിനു ക്ഷണിച്ചു. അവനു മദ്യം കൊടുത്തു മത്തനാക്കി. എന്നിട്ടും ഊരീയാവ് ഭാര്യയുടെ അടുക്കൽ പോയില്ല. പിന്നെ ദാവീദ് ഊരീയാവിനെ ഘോരപോരാട്ടം നടക്കുന്ന യുദ്ധത്തിന്റെ മുൻനിരയിലേക്കു മാററാൻ തന്റെ സൈന്യാധിപനു സന്ദേശമയച്ചു. ഊരീയാവിനെ കൊല്ലിക്കാനുള്ള ഏർപ്പാടായിരുന്നു അത്. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു.—2 ശമൂവേൽ 11:2-25.
11. എങ്ങനെയാണു ദാവീദിനെ പാപത്തെക്കുറിച്ച് അനുതാപമുള്ളവനാക്കിയത്, എന്നിട്ടും അവൻ എന്ത് അനുഭവിച്ചു?
11 രാജാവിന്റെ പാപം വെളിച്ചത്തുകൊണ്ടുവരുവാനായി യഹോവ തന്റെ പ്രവാചകനായ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. “ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.” (2 ശമൂവേൽ 12:13) തന്റെ പാപത്തെക്കുറിച്ച് അങ്ങേയററം കുററബോധത്തിലാണ്ടുപോയ ദാവീദ് യഹോവയോടു ഹൃദയംനൊന്തു പ്രാർഥിച്ചു. അതിൽ അവൻ തന്റെ അനുതാപം ഇങ്ങനെ പ്രകടിപ്പിച്ചു: “ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാൻ അർപ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല. ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.” (സങ്കീർത്തനം 51:16, 17) തകർന്ന ഹൃദയവുമായി ദാവീദ് നടത്തിയ പ്രാർഥനയെ യഹോവ തള്ളിക്കളഞ്ഞില്ല. എങ്കിലും, ദാവീദ് കഠിന ശിക്ഷ അനുഭവിക്കുകതന്നെ ചെയ്തു. പുറപ്പാടു 34:6, 7 [NW]-ലെ ക്ഷമയെക്കുറിച്ചുള്ള യഹോവയുടെ പ്രസ്താവനയോടുള്ള ചേർച്ചയിലായിരുന്നു അത്: “യാതൊരു കാരണവശാലും അവൻ ശിക്ഷ ഒഴിവാക്കുകയില്ല.”
ശലോമോന്റെ ആലയസമർപ്പണം
12. ആലയ സമർപ്പണനേരത്തു ശലോമോൻ എന്തു യാചിച്ചു, യഹോവയുടെ പ്രതികരണമെന്തായിരുന്നു?
12 യഹോവയുടെ ആലയത്തിന്റെ പണി പൂർത്തിയാക്കിയ ശലോമോൻ അതിന്റെ സമർപ്പണവേളയിൽ ഇങ്ങനെ പ്രാർഥിക്കുകയുണ്ടായി: “ഈ സ്ഥലത്തുവെച്ചു പ്രാർത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേൾക്കേണമേ; നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേൾക്കേണമേ; കേട്ടുക്ഷമിക്കേണമേ.” യഹോവയുടെ പ്രതികരണം ഇതായിരുന്നു: “മഴ പെയ്യാതിരിക്കേണ്ടതിന്നു ഞാൻ ആകാശം അടെക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ, എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.”—2 ദിനവൃത്താന്തം 6:21; 7:13, 14.
13. ഒരു വ്യക്തിയെ യഹോവ വീക്ഷിക്കുന്നതു സംബന്ധിച്ചു യെഹെസ്കേൽ 33:13-16 എന്തു പ്രകടമാക്കുന്നു?
13 യഹോവ നിങ്ങളെ നോക്കുമ്പോൾ, നിങ്ങൾ എന്തായിരുന്നു എന്നല്ല, നിങ്ങൾ ഇപ്പോൾ എന്തായിരിക്കുന്നു എന്നു നോക്കിയാണ് അവൻ നിങ്ങളെ അംഗീകരിക്കുന്നത്. അതു യെഹെസ്കേൽ 33:13-16-ൽ പറഞ്ഞിരിക്കുന്നതുപോലെയായിരിക്കും: “നീതിമാൻ ജീവിക്കുമെന്നു ഞാൻ അവനോടു പറയുമ്പോൾ, അവൻ തന്റെ നീതിയിൽ ആശ്രയിച്ചു അകൃത്യം പ്രവർത്തിക്കുന്നു എങ്കിൽ, അവന്റെ നീതിപ്രവൃത്തികൾ ഒന്നും അവന്നു കണക്കിടുകയില്ല; അവൻ ചെയ്ത നീതികേടുനിമിത്തം അവൻ മരിക്കും. എന്നാൽ ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു പറയുമ്പോൾ അവൻ തന്റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിക്കയും പണയം തിരികെ കൊടുക്കയും അപഹരിച്ചതു മടക്കിക്കൊടുക്കയും നീതികേടു ഒന്നും ചെയ്യാതെ ജീവന്റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്താൽ അവൻ മരിക്കാതെ ജീവിക്കും. അവൻ ചെയ്ത പാപം ഒന്നും അവന്നു കണക്കിടുകയില്ല; അവൻ നീതിയും ന്യായവും പ്രവർത്തിച്ചിരിക്കുന്നു. അവൻ ജീവിക്കും.”
14. യഹോവയുടെ ക്ഷമയുടെ സവിശേഷത എന്ത്?
14 തികച്ചും വ്യത്യസ്തമായ സവിശേഷതയുള്ളതാണു യഹോവയാം ദൈവം നമ്മോടു കാട്ടുന്ന ക്ഷമ. മനുഷ്യസൃഷ്ടികൾ പരസ്പരം കാണിക്കുന്ന ക്ഷമയിൽ പ്രസ്തുത സവിശേഷത ഉൾപ്പെടുക പ്രയാസമാണ്—അവൻ ക്ഷമിക്കുക മാത്രമല്ല, മറക്കുകയും ചെയ്യുന്നു. ചിലർ പറയാറുണ്ട്, ‘നിങ്ങൾ എന്നോടു ചെയ്തതു ഞാൻ ക്ഷമിക്കാം, പക്ഷേ എനിക്ക് അതു മറക്കാനാവില്ല (അല്ലെങ്കിൽ മറന്നുകളയുന്ന പ്രശ്നമില്ല).’ ഇതിൽനിന്നു വ്യത്യസ്തമായി, താൻ ചെയ്യുമെന്നു യഹോവ പറയുന്നത് എന്താണെന്നു ശ്രദ്ധിക്കുക: “ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല.”—യിരെമ്യാവു 31:34.
15. ക്ഷമിക്കുന്നതിന്റെ എന്തു ചരിത്രമാണ് യഹോവക്കുള്ളത്?
15 ഭൂമിയിലെ തന്റെ ആരാധകരോട് ആയിരക്കണക്കിനു വർഷങ്ങളായി യഹോവ ക്ഷമിച്ചുകൊണ്ടിരിക്കുന്നു. അവർ അറിഞ്ഞും അറിയാതെയും ചെയ്യുന്ന പാപങ്ങൾ അവൻ ക്ഷമിച്ചുകൊണ്ടിരിക്കുന്നു. അവൻ കാണിക്കുന്ന കരുണ, ദീർഘക്ഷമ, ക്ഷമ എന്നിവയ്ക്കൊന്നും യാതൊരു അന്തവുമില്ല. യെശയ്യാവു 55:7 പറയുന്നു: “ദുഷ്ടൻ തന്റെ വഴിയെയും നീതികെട്ടവൻ തന്റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവൻ അവനോടു കരുണകാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവൻ ധാരാളം ക്ഷമിക്കും.”
ക്ഷമ, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ
16. യേശു ക്ഷമ കാണിച്ചതു യഹോവയുടെ കാഴ്ചപ്പാടുമായുള്ള യോജിപ്പിലാണെന്നു നമുക്കു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
16 ദൈവം ക്ഷമ കാണിച്ചതിന്റെ വിവരണങ്ങൾ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ ഉടനീളം കാണാവുന്നതാണ്. യേശു അതിനെക്കുറിച്ചു പലപ്പോഴും സംസാരിക്കുന്നുണ്ട്. അങ്ങനെ ഈ വിഷയത്തിൽ യഹോവയുടെ അതേ വീക്ഷണംതന്നെ തനിക്കുമുണ്ടെന്ന് അവൻ പ്രകടമാക്കി. യേശുവിന്റെ ചിന്ത യഹോവയിൽനിന്നു വരുന്നു. അവൻ യഹോവയെ പ്രതിഫലിപ്പിക്കുന്നു. അവൻ യഹോവയുടെ സത്തയെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നു. അവനെ കാണുകയെന്നാൽ യഹോവയെ കാണുകയെന്നാണർഥം.—യോഹന്നാൻ 12:45-50; 14:9; എബ്രായർ 1:3.
17. യഹോവ ധാരാളമായി ക്ഷമിക്കുന്നവനാണെന്നു യേശു ദൃഷ്ടാന്തീകരിച്ചതെങ്ങനെ?
17 യേശുവിന്റെ ഉപമകളിലൊന്നു യഹോവ ധാരാളമായി ക്ഷമിക്കുന്നവനാണെന്ന വസ്തുത സൂചിപ്പിക്കുന്നു. അതിൽ ഒരു രാജാവ് ഒരു ദാസന്റെ 10,000 താലന്ത് (ഏതാണ്ട് 33,000,000 അമേരിക്കൻ ഡോളർ) കടം ഇളെച്ചുകൊടുക്കുന്നു. എന്നാൽ തന്റെ ഒരു സഹദാസന്റെ നൂറു ദിനാറയുടെ (ഏതാണ്ട് 60 അമേരിക്കൻ ഡോളർ) കടം അവൻ ഇളച്ചുകൊടുത്തില്ല. ഇതിൽ രാജാവ് രോഷാകുലനായി. “ദുഷ്ടദാസനേ, നീ എന്നോടു അപേക്ഷിക്കയാൽ ഞാൻ ആ കടം ഒക്കെയും ഇളെച്ചുതന്നുവല്ലോ. എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു. അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു.” എന്നിട്ട്, യേശു അതിന്റെ പ്രയുക്തത വ്യക്തമാക്കി: “നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെതന്നേ നിങ്ങളോടും ചെയ്യും.”—മത്തായി 18:23-35.
18. ക്ഷമയെക്കുറിച്ചുള്ള പത്രോസിന്റെ വീക്ഷണവും യേശുവിന്റെ വീക്ഷണവും താരതമ്യം ചെയ്തിരിക്കുന്നതെങ്ങനെ?
18 യേശു മേൽപ്പറഞ്ഞ ഉപമ പറയുന്നതിനു തൊട്ടുമുമ്പ്, പത്രോസ് യേശുവിന്റെ അടുത്തുവന്നു ചോദിച്ചു: “കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴെച്ചാൽ ഞാൻ ക്ഷമിക്കേണം? ഏഴുവട്ടം മതിയോ എന്നു ചോദിച്ചു.” മഹാ ഔദാര്യമതിയാണു താനെന്നു പത്രോസ് വിചാരിച്ചു. ശാസ്ത്രിമാരും പരീശൻമാരും ക്ഷമിക്കുന്നതിന് ഒരു പരിധി നിശ്ചയിച്ചിരുന്നെങ്കിലും യേശു പത്രോസിനോടു പറഞ്ഞു: “ഏഴുവട്ടമല്ല, ഏഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു.” (മത്തായി 18:21, 22) ഏഴു പ്രാവശ്യം ക്ഷമിക്കുന്നത് ഒരു ദിവസത്തേക്കുപോലും മതിയാവില്ല. യേശു പറഞ്ഞു: “സൂക്ഷിച്ചുകൊൾവിൻ; സഹോദരൻ പിഴെച്ചാൽ അവനെ ശാസിക്ക; അവൻ മാനസാന്തരപ്പെട്ടാൽ അവനോടു ക്ഷമിക്ക. ദിവസത്തിൽ ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്റെ അടുക്കൽ വന്നു: ഞാൻ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താൽ അവനോടു ക്ഷമിക്ക.” (ലൂക്കൊസ് 17:3, 4) യഹോവ ക്ഷമിക്കുമ്പോൾ അവൻ നമ്മെ സംബന്ധിച്ച് ഒരു കണക്കു സൂക്ഷിക്കുന്നില്ലെന്നത് എത്ര സന്തുഷ്ടകരമാണ്.
19. യഹോവയുടെ ക്ഷമ ലഭിക്കാൻ നാം എന്തു ചെയ്യണം?
19 അനുതാപം പ്രകടിപ്പിക്കാനും നമ്മുടെ പാപങ്ങൾ ഏററുപറയാനുമുള്ള താഴ്മ നമുക്കുണ്ടെങ്കിൽ, യഹോവ നമ്മോട് അനുകൂലമായി പ്രതികരിക്കാൻ മനസ്സു കാട്ടുന്നു: “നമ്മുടെ പാപങ്ങളെ ഏററുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.”—1 യോഹന്നാൻ 1:9.
20. പാപം ക്ഷമിക്കാൻ സ്തേഫാനോസ് എങ്ങനെയുള്ള മനസ്സൊരുക്കം പ്രകടമാക്കി?
20 കോപാകുലരായ ജനക്കൂട്ടം യേശുവിന്റെ അനുഗാമിയായ സ്തേഫാനോസിനെ കല്ലെറിഞ്ഞ സമയത്ത് അവൻ ക്ഷമയുടെ ആത്മാവ് ഒരു ശ്രദ്ധേയമായ വിധത്തിൽ പ്രകടിപ്പിക്കുകയുണ്ടായി. ഇങ്ങനെ ഉറക്കെ യാചിച്ചു: “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ. . . അവനോ മുട്ടുകുത്തി: “കർത്താവേ, [“യഹോവേ,” NW] അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്ര പ്രാപിച്ചു.”—പ്രവൃത്തികൾ 7:59, 60.
21. റോമൻ പടയാളികളോടു ക്ഷമിക്കാനുള്ള യേശുവിന്റെ മനസ്സൊരുക്കം അങ്ങേയററം മികച്ചതായിരുന്നതെന്തുകൊണ്ട്?
21 ക്ഷമിക്കുന്ന കാര്യത്തിൽ അതിലും മികച്ച ദൃഷ്ടാന്തം യേശു വെക്കുകയുണ്ടായി. ശത്രുക്കൾ അവനെ അറസ്ററു ചെയ്തു, അന്യായമായ വിധത്തിലുള്ള വിചാരണ നടത്തി, കുററപ്പെടുത്തി, പരിഹസിച്ചു, അവന്റെമേൽ തുപ്പി, എല്ലും ലോഹക്കഷണങ്ങളും പിടിപ്പിച്ചിരിക്കാനിടയുള്ള ചാട്ടവാറുകൊണ്ട് അടിച്ചു, അവസാനം മണിക്കൂറുകളോളം സ്തംഭത്തിൻമേൽ തറച്ചിട്ടു. ഇതിലെല്ലാം നിസ്സാര പങ്കായിരുന്നില്ല റോമാക്കാർക്ക് ഉണ്ടായിരുന്നത്. എന്നിട്ടും ദണ്ഡനസ്തംഭത്തിൽ കിടന്നു മരിക്കാൻ നേരത്ത്, തന്നെ തറച്ച പടയാളികളെക്കുറിച്ച് അവൻ തന്റെ സ്വർഗീയ പിതാവിനോടു പറഞ്ഞു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ.”—ലൂക്കൊസ് 23:34.
22. നാം ഗിരിപ്രഭാഷണത്തിൽനിന്നുള്ള ഏതു വാക്കുകൾ ബാധകമാക്കാൻ ശ്രമിക്കണം?
22 തന്റെ ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ പറഞ്ഞിരുന്നു: “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.” തന്റെ ഭൗമിക ശുശ്രൂഷയുടെ അവസാനംവരെ അവൻ ആ തത്ത്വം ബാധകമാക്കി. ഇതു വീഴ്ചഭവിച്ച ജഡത്തിന്റെ ബലഹീനതകളോടു പൊരുതുന്ന നമുക്കു വഹിക്കാനാവാത്ത ഭാരമാണോ? തന്റെ അനുഗാമികൾക്കു മാതൃകാ പ്രാർഥന പറഞ്ഞുകൊടുത്തശേഷം യേശു ഉപദേശിച്ച വാക്കുകളെങ്കിലും ബാധകമാക്കാൻ നാം പരിശ്രമിക്കണം: “നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.” (മത്തായി 5:44; 6:14, 15) യഹോവ ക്ഷമിക്കുന്നതുപോലെ നാം ക്ഷമിക്കുന്നെങ്കിൽ, നാം ക്ഷമിക്കുകയും മറക്കുകയും ചെയ്യും.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ നമ്മുടെ പാപങ്ങളെ യഹോവ കൈകാര്യം ചെയ്യുന്നതെങ്ങനെ, എന്തുകൊണ്ട്?
◻ മനശ്ശെയെ വീണ്ടും രാജാവാക്കിയത് എന്തുകൊണ്ട്?
◻ മനുഷ്യർക്ക് അനുകരിക്കാൻ വളരെ പ്രയാസമായ ഏതു സവിശേഷതയാണ് യഹോവയുടെ ക്ഷമയ്ക്കുള്ളത്?
◻ ക്ഷമിക്കാനുള്ള യേശുവിന്റെ മനസ്സൊരുക്കം അങ്ങേയററം മികച്ചതായിരിക്കുന്നതെന്തുകൊണ്ട്?
[24-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ ക്ഷമയുടെ ആവശ്യം മനസ്സിലാക്കാൻ നാഥാൻ ദാവീദിനെ സഹായിച്ചു