ആർദ്രാനുകമ്പയുള്ളവർ ആയിരിക്കുക
“അനുകമ്പയുടെ മൃദുലവാത്സല്യങ്ങളും ദയയും . . . ധരിച്ചുകൊൾക.”—കൊലോസ്യർ 3:12, NW.
1. ഇന്ന് ഗണ്യമായ അളവിൽ അനുകമ്പ ആവശ്യമായിരിക്കുന്നതിനു കാരണമെന്ത്?
ചരിത്രത്തിൽ മുമ്പൊരിക്കലും ഇത്രയധികം ആളുകൾക്ക് അനുകമ്പാപൂർവകമായ സഹായം ആവശ്യമായിരുന്നിട്ടില്ല. രോഗം, വിശപ്പ്, തൊഴിലില്ലായ്മ, കുററകൃത്യം, യുദ്ധങ്ങൾ, അരാജകത്വം, പ്രകൃതി വിപത്തുകൾ എന്നിവ നടമാടുന്ന ഈ സമയത്ത് ലക്ഷങ്ങൾക്കു സഹായം ആവശ്യമാണ്. എന്നാൽ അതിലും ഗുരുതരമായ ഒരു പ്രശ്നമുണ്ട്. അത് മനുഷ്യവർഗത്തിന്റെ പരിതാപകരമായ ആത്മീയ അവസ്ഥയാണ്. സാത്താൻ, തനിക്ക് അൽപ്പകാലമേയുള്ളൂ എന്നറിഞ്ഞുകൊണ്ട് “ഭൂതലത്തെ മുഴുവൻ തെററിച്ചു കളയു”കയാണ്. (വെളിപ്പാടു 12:9, 12) അതുകൊണ്ട്, പ്രത്യേകിച്ചും സത്യക്രിസ്തീയ സഭയ്ക്കു വെളിയിലുള്ളവരുടെ ജീവൻ നഷ്ടപ്പെടുന്നതിനുള്ള അപകടസാധ്യതയുണ്ട്. കൂടാതെ, ന്യായവിധിദിവസത്തിൽ വധിക്കപ്പെടുന്നവർക്ക് പുനരുത്ഥാനം ലഭിക്കുമെന്ന യാതൊരു പ്രത്യാശയും ബൈബിൾ തരുന്നില്ല.—മത്തായി 25:31-33, 41, 46; 2 തെസ്സലൊനീക്യർ 1:6-9.
2. യഹോവ ദുഷ്ടൻമാരെ നശിപ്പിക്കുന്നതിൽനിന്നു പിൻവാങ്ങിനിൽക്കുന്നത് എന്തുകൊണ്ട്?
2 എങ്കിലും, അന്ത്യകാലത്തിന്റെ ഈ വൈകിയവേളയിലും നന്ദിഹീനരുടെയും ദുഷ്ടരുടെയുംനേർക്കു യഹോവയാം ദൈവം തുടർന്നും ക്ഷമയും അനുകമ്പയും പ്രകടമാക്കുന്നു. (മത്തായി 5:45; ലൂക്കൊസ് 6:35, 36) അവിശ്വസ്ത ഇസ്രായേല്യരെ ശിക്ഷിക്കാൻ താമസിച്ച അതേ കാരണത്താലാണ് അവൻ ഇതും ചെയ്യുന്നത്. “എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; യിസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കുന്നു.”—യെഹെസ്കേൽ 33:11.
3. തന്റേതല്ലാത്ത ജനത്തോടുള്ള യഹോവയുടെ അനുകമ്പയുടെ എന്തു ദൃഷ്ടാന്തം നമുക്കുണ്ട്, നാം ഇതിൽനിന്ന് എന്തു പഠിക്കുന്നു?
3 ദുഷ്ടരായിരുന്ന നിനെവേക്കാരോടും യഹോവ അനുകമ്പ കാട്ടി. ആസന്നമായ നാശത്തെക്കുറിച്ച് അവർക്കു മുന്നറിയിപ്പു നൽകുന്നതിനു യഹോവ തന്റെ പ്രവാചകനായ യോനായെ അയച്ചു. അവർ യോനായുടെ പ്രസംഗത്തോട് അനുകൂലമായി പ്രതികരിക്കുകയും അനുതപിക്കുകയും ചെയ്തു. അപ്പോൾ ആ പട്ടണം നശിപ്പിക്കാതിരിക്കാൻ ഈ സംഗതി അനുകമ്പയുള്ള ദൈവമായ യഹോവയെ പ്രേരിപ്പിച്ചു. (യോനാ 3:10; 4:11) പുനരുത്ഥാനത്തിനു സാധ്യതയുണ്ടായിരുന്ന നിനെവേക്കാരെപ്രതി ദൈവത്തിനു ഖേദം തോന്നിയെങ്കിൽ നിത്യനാശത്തെ അഭിമുഖീകരിക്കുന്ന ഇന്നത്തെ ജനങ്ങളെപ്രതി അവന് എത്രയധികം അനുകമ്പ തോന്നേണ്ടതാണ്!—ലൂക്കൊസ് 11:32.
അനുകമ്പയുടെ അഭൂതപൂർവമായ വേല
4. ഇന്ന് ആളുകളോട് യഹോവ അനുകമ്പ പ്രകടിപ്പിക്കുന്നത് എങ്ങനെ?
4 അനുകമ്പയുള്ള തന്റെ വ്യക്തിത്വത്തിനു ചേർച്ചയിൽ യഹോവ തന്റെ സാക്ഷികളെ ‘ദൈവരാജ്യത്തിന്റെ സുവിശേഷ’വുമായി അവരുടെ അയൽക്കാരെ തുടർന്നു സന്ദർശിക്കാൻ നിയോഗിച്ചിരിക്കയാണ്. (മത്തായി 24:14) ആളുകൾ വിലമതിപ്പോടെ ഈ ജീവരക്ഷാകരമായ വേലയോടു പ്രതികരിക്കുമ്പോൾ രാജ്യസന്ദേശം ഉൾക്കൊള്ളുന്നതിന് യഹോവ അവരുടെ ഹൃദയങ്ങൾ തുറക്കുന്നു. (മത്തായി 11:25; പ്രവൃത്തികൾ 16:14) തങ്ങളുടെ ദൈവത്തെ അനുകരിച്ചുകൊണ്ട് സത്യക്രിസ്ത്യാനികൾ താത്പര്യക്കാരായ ആളുകളെ വീണ്ടും സന്ദർശിച്ച് സാധ്യമുള്ളിടത്തെല്ലാം ഒരു ബൈബിളധ്യയനത്തിലൂടെ അവരെ സഹായിക്കാൻ തക്കവിധം ആർദ്രാനുകമ്പ പ്രകടിപ്പിക്കുന്നു. അങ്ങനെ, 1993-ൽ 45 ലക്ഷത്തിലധികം യഹോവയുടെ സാക്ഷികൾ 231 രാജ്യങ്ങളിൽ വീടുതോറും പ്രസംഗിച്ചുകൊണ്ടും തങ്ങളുടെ അയൽക്കാർക്കു ബൈബിളധ്യയനം നടത്തിക്കൊണ്ടും നൂറുകോടിയിലധികം മണിക്കൂർ ചെലവഴിച്ചു. തൻമൂലം താത്പര്യക്കാരായ ഈ പുതിയവർക്കു തങ്ങളുടെ ജീവിതം യഹോവക്കു സമർപ്പിക്കുന്നതിനും അവന്റെ സ്നാപനമേററ സാക്ഷികളുടെ അണിയോടു ചേരുന്നതിനുമുള്ള അവസരം ലഭിക്കുന്നു. അങ്ങനെ, ഇപ്പോഴും സാത്താന്റെ നശിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ കുടുക്കിലകപ്പെട്ടിരിക്കുന്ന ഭാവി ശിഷ്യരെപ്രതി അവരും അനുകമ്പയുടെ അഭൂതപൂർവമായ ഈ വേലയിൽ പങ്കുപററുന്നു—മത്തായി 28:19, 20; യോഹന്നാൻ 14:12.
5. ദിവ്യാനുകമ്പ അതിന്റെ പരിധിയുടെ അങ്ങേയററം എത്തുമ്പോൾ ദൈവത്തെ തെററായി പ്രതിനിധാനം ചെയ്യുന്ന മതങ്ങൾക്ക് എന്തു സംഭവിക്കും?
5 പെട്ടെന്നുതന്നെ യഹോവ “യുദ്ധവീരൻ” ആയി പ്രവർത്തിക്കും. (പുറപ്പാടു 15:3) തന്റെ നാമത്തോടും ജനത്തോടുമുള്ള അനുകമ്പ നിമിത്തം അവൻ ദുഷ്ടത തുടച്ചുമാററുകയും നീതിയുള്ള ഒരു പുതിയ ലോകം സംസ്ഥാപിക്കുകയും ചെയ്യും. (2 പത്രൊസ് 3:13) ദൈവത്തിന്റെ ക്രോധദിവസം ആദ്യം അനുഭവിക്കുന്നത് ക്രൈസ്തവലോകത്തിലെ സഭകളായിരിക്കും. യെരുശലേമിലെ തന്റെ ആലയംപോലും ദൈവം ബാബിലോന്യ രാജാവു കയ്യടക്കുന്നതിൽനിന്നും വിടുവിക്കാതിരുന്നതുപോലെ, തന്നെ തെററായി പ്രതിനിധാനം ചെയ്തിരിക്കുന്ന മതസ്ഥാപനങ്ങളെയും അവൻ വെറുതെവിടുകയില്ല. ക്രൈസ്തവലോകത്തെയും മറെറല്ലാവിധത്തിലുള്ള വ്യാജമതങ്ങളെയും ശൂന്യമാക്കാൻ അവൻ ഐക്യരാഷ്ട്രങ്ങളിലെ അംഗങ്ങളുടെ ഹൃദയത്തിൽ തോന്നിക്കും. (വെളിപ്പാടു 17:16, 17) “ഞാനോ എന്റെ കണ്ണിന്നു ആദരവു തോന്നാതെയും ഞാൻ കരുണ [“അനുകമ്പ,” NW] കാണിക്കാതെയും അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും” എന്നു യഹോവ പ്രഖ്യാപിക്കുന്നു.—യെഹെസ്കേൽ 9:5, 10.
6. ഏതു വിധങ്ങളിലാണ് യഹോവയുടെ സാക്ഷികൾ അനുകമ്പ പ്രകടിപ്പിക്കാൻ പ്രേരിതരായിരിക്കുന്നത്?
6 സമയം അവശേഷിച്ചിരിക്കുന്ന സ്ഥിതിക്ക് യഹോവയുടെ സാക്ഷികൾ തങ്ങളുടെ അയൽക്കാരോടു ദൈവത്തിന്റെ രക്ഷാസന്ദേശം പ്രസംഗിച്ചുകൊണ്ട് തുടർന്നും അനുകമ്പ പ്രകടമാക്കുന്നു. കഴിയുന്നിടത്തെല്ലാം അവർ സ്വാഭാവികമായും ഭൗതിക സഹായം ആവശ്യമുള്ളവരെയും സഹായിക്കുന്നു. ഇക്കാര്യത്തിൽ അവരുടെ പ്രഥമ ഉത്തരവാദിത്വം തങ്ങളുടെ ഉററ കുടുംബാംഗങ്ങളുടെയും വിശ്വാസത്തിൽ ബന്ധപ്പെട്ടിരിക്കുന്നവരുടെയും ആവശ്യങ്ങൾ നിറവേററുക എന്നതാണ്. (ഗലാത്യർ 6:10; 1 തിമൊഥെയൊസ് 5:4, 8) വിവിധ തരം വിപത്തുകൾക്കിരയായ സഹവിശ്വാസികൾക്കുവേണ്ടി യഹോവയുടെ സാക്ഷികൾ നടത്തിയിരിക്കുന്ന ദുരിതാശ്വാസ സേവനങ്ങൾ അനുകമ്പയുടെ മകുടോദാഹരണങ്ങളാണ്. എന്നിരുന്നാലും, അനുകമ്പ കാണിക്കുന്നതിന് ഒരു പ്രതിസന്ധിക്കായി ക്രിസ്ത്യാനികൾ കാത്തിരിക്കേണ്ട ആവശ്യമില്ല. ദൈനംദിന ജീവിതത്തിലെ ഏററക്കുറച്ചിലുകളെ അഭിമുഖീകരിക്കുമ്പോൾ അവർ പെട്ടെന്നുതന്നെ ഈ ഗുണം പ്രദർശിപ്പിക്കുന്നു.
പുതിയ വ്യക്തിത്വത്തിന്റെ ഭാഗം
7. (എ) കൊലോസ്യർ 3:8-13-ൽ എങ്ങനെയാണ് അനുകമ്പ പുതിയ വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നത്? (ബി) ആർദ്രാനുകമ്പ എന്തുചെയ്യാൻ ക്രിസ്ത്യാനികൾക്ക് എളുപ്പമുള്ളതാക്കിത്തീർക്കുന്നു?
7 നമ്മുടെ പാപപങ്കിലമായ സ്വഭാവവും സാത്താന്റെ ലോകത്തിന്റെ മോശമായ സ്വാധീനങ്ങളും ആർദ്രാനുകമ്പയുള്ളവരായിരിക്കുന്നതിന് നമുക്കു തടസ്സങ്ങളാണെന്നതു ശരിതന്നെ. അതുകൊണ്ടാണു “കോപം, ക്രോധം, തിൻമ, ചീത്തസംസാരം, അസഭ്യസംസാരം” ഇവ ഒക്കെയും വിട്ടുകളയുന്നതിനു ബൈബിൾ നമ്മെ പ്രേരിപ്പിക്കുന്നത്. അതിനു പകരം ‘പുതിയ വ്യക്തിത്വം—ദൈവത്തിന്റെ പ്രതിച്ഛായയോട് ഒത്തുവരുന്ന ഒരു വ്യക്തിത്വം—ധരിക്കാനാണു’ നാം ബുദ്ധ്യുപദേശിക്കപ്പെട്ടിരിക്കുന്നത്. ആദ്യംതന്നെ, “അനുകമ്പയുടെ മൃദുലവാത്സല്യങ്ങളും ദയയും മനസ്സിന്റെ എളിമയും സൗമ്യതയും ദീർഘക്ഷമയും” ധരിക്കുന്നതിനു നമ്മോടു കൽപ്പിച്ചിരിക്കുന്നു. അതിനുശേഷം, ഈ ഗുണങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള പ്രായോഗിക വഴിയും ബൈബിൾ നമുക്കു കാണിച്ചു തരുന്നു. “ആർക്കെങ്കിലും മറെറാരുവനോട് പരാതിക്കു കാരണമുണ്ടെങ്കിൽ നിർലോഭമായി അന്യോന്യം പൊറുക്കുന്നതിലും അന്യോന്യം ക്ഷമിക്കുന്നതിലും തുടരുക. യഹോവ നിർലോഭമായി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്യുവിൻ.” നമ്മുടെ സഹോദരൻമാരെപ്രതി നാം ‘അനുകമ്പയുടെ മൃദുലവാത്സല്യം’ നട്ടുവളർത്തിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുന്നവരാകാൻ വളരെ എളുപ്പമാണ്.—കൊലോസ്യർ 3:8-13, NW.
8. ക്ഷമിക്കുന്നതിനുള്ള മനസ്സുണ്ടായിരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
8 നേരേമറിച്ച്, അനുകമ്പയോടെയുള്ള ക്ഷമ പ്രദർശിപ്പിക്കുന്നതിലുള്ള പരാജയം യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ അപകടത്തിലാക്കും. ഇത് “കടമൊക്കെയും തീർക്കുവോളം” യജമാനൻ ജയിലിലടച്ച ക്ഷമിക്കാഞ്ഞ അടിമയെ സംബന്ധിച്ചുള്ള ദൃഷ്ടാന്തത്തിലൂടെ യേശു ശക്തമായി കാണിക്കുകയുണ്ടായി. കരുണയ്ക്കുവേണ്ടി തന്നോടു യാചിച്ച സഹയടിമയോട് അനുകമ്പ കാണിക്കുന്നതിൽ ഞെട്ടിപ്പിക്കുംവിധം പരാജയപ്പെട്ടതിനാൽ അടിമ ഈ ശിക്ഷക്ക് അർഹനായി. “നിങ്ങൾ ഓരോരുത്തരും ഹൃദയപൂർവം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെതന്നേ നിങ്ങളോടും ചെയ്യും” എന്നു പറഞ്ഞുകൊണ്ട് യേശു ദൃഷ്ടാന്തം ഉപസംഹരിക്കുന്നു.—മത്തായി 18:34, 35.
9. ആർദ്രാനുകമ്പ പുതിയ വ്യക്തിത്വത്തിന്റെ ഏററവും പ്രധാന ഘടകവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
9 ആർദ്രാനുകമ്പയുള്ളവരായിരിക്കുക എന്നത് സ്നേഹത്തിന്റെ ഒരു പ്രധാന ഘടകമാണ്. സ്നേഹം സത്യക്രിസ്ത്യാനിത്വത്തിന്റെ തിരിച്ചറിയിക്കൽ അടയാളമാണ്. (യോഹന്നാൻ 13:35) അതുകൊണ്ട് ഇപ്രകാരം പറഞ്ഞുകൊണ്ടു ബൈബിൾ പുതിയ വ്യക്തിത്വത്തിന്റെ വിവരണം ഉപസംഹരിക്കുന്നു: “ഇതിനെല്ലാം പുറമേ സ്നേഹം ധരിച്ചുകൊൾക, എന്തുകൊണ്ടെന്നാൽ അത് ഐക്യത്തിന്റെ ഒരു സമ്പൂർണ ബന്ധമാകുന്നു.”—കൊലോസ്യർ 3:14, NW.
അസൂയ—അനുകമ്പയ്ക്ക് ഒരു തടസ്സം
10. (എ) നമ്മുടെ ഹൃദയത്തിൽ അസൂയ വേരുറയ്ക്കുന്നതിന് എന്ത് ഇട നൽകിയേക്കാം? (ബി) അസൂയയുടെ ഫലമായി എന്തു ചീത്ത ഫലങ്ങൾ ഉളവായേക്കാം?
10 നമ്മുടെ പാപപങ്കിലമായ സ്വഭാവം നിമിത്തം അസൂയക്ക് നമ്മുടെ ഹൃദയങ്ങളിൽ എളുപ്പം വേരുറപ്പിക്കാൻ കഴിയും. നമുക്കില്ലാത്ത സ്വാഭാവിക ഗുണങ്ങളോ ഭൗതികനേട്ടങ്ങളോ സഹിതം ഒരു സഹോദരനോ സഹോദരിയോ അനുഗ്രഹിക്കപ്പെട്ടിരിക്കാം. അതല്ലെങ്കിൽ, ആർക്കെങ്കിലും പ്രത്യേക ആത്മീയ അനുഗ്രഹങ്ങളും പദവികളും ലഭിച്ചുവെന്നുവരാം. അത്തരക്കാരോടു നാം അസൂയപ്പെടുന്നപക്ഷം ആർദ്രാനുകമ്പയോടെ അവരോടു പെരുമാറാൻ നമുക്കു കഴിയുമോ? ഒരുപക്ഷേ, ഇല്ല. മറിച്ച്, വിമർശനങ്ങളിലൂടെയോ ദയാരഹിതമായ പ്രവൃത്തികളിലൂടെയോ അസൂയയുടെ വികാരങ്ങൾ ക്രമേണ താനേ പ്രകടമാവും. കാരണം യേശു പറഞ്ഞു: “ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നത്.” (ലൂക്കൊസ് 6:45) മററുചിലർ വിമർശനത്തിനു കൂട്ടുനിന്നേക്കാം. അങ്ങനെ കുടുംബത്തിന്റെയോ ദൈവജനത്തിന്റെ സഭയുടെയോ സമാധാനം ഛിന്നഭിന്നമായേക്കാം.
11. യോസേഫിന്റെ പത്തു സഹോദരൻമാർ തങ്ങളുടെ ഹൃദയത്തിൽ അനുകമ്പയ്ക്കിടം കൊടുക്കാതിരുന്നത് എങ്ങനെ, എന്തു ഫലങ്ങളോടെ?
11 ഒരു വലിയ കുടുംബത്തിൽ എന്തു സംഭവിച്ചുവെന്നു പരിചിന്തിക്കുക. യാക്കോബിന്റെ മൂത്ത പത്ത് ആൺമക്കൾക്ക് അവരുടെ ഇളയ സഹോദരനായ യോസേഫിനോട് അസൂയതോന്നി. അവൻ തങ്ങളുടെ പിതാവിന് ഏററവും പ്രിയങ്കരനായിരുന്നു എന്നതായിരുന്നു കാരണം. തത്ഫലമായി, “അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.” പിന്നീട്, ദിവ്യസ്വപ്നങ്ങൾ കാണുന്നതിനുള്ള അനുഗ്രഹം യോസേഫിനു ലഭിച്ചു. യഹോവയുടെ അംഗീകാരം അവന്റെമേൽ ഉണ്ടായിരുന്നുവെന്നതിന് അത് തെളിവു നൽകി. ഇത് അവന്റെ സഹോദരങ്ങൾ അവനെ ‘പിന്നെയും അധികം പകെക്കുന്നതിന്’ കാരണമായി. അവർ തങ്ങളുടെ ഹൃദയങ്ങളിൽനിന്ന് അസൂയ പിഴുതെറിയാഞ്ഞതിനാൽ അത് അനുകമ്പയ്ക്കിടം കൊടുക്കാതിരിക്കയും ഗുരുതരമായ പാപത്തിലേക്കു നയിക്കുകയും ചെയ്തു.—ഉല്പത്തി 37:4, 5, 11.
12, 13. അസൂയ നമ്മുടെ ഹൃദയത്തിൽ പ്രവേശിക്കുമ്പോൾ നാം എന്തു ചെയ്യണം?
12 അവർ യോസേഫിനെ നിഷ്കരുണം അടിമത്തത്തിലേക്കു വിററുകളഞ്ഞു. തങ്ങളുടെ തെററു മൂടിവെക്കുന്നതിനുള്ള ഉദ്യമത്തിൽ, യോസേഫിനെ വന്യമൃഗം കൊന്നുകളഞ്ഞുവെന്നു ചിന്തിക്കാൻ ഇട നൽകിക്കൊണ്ട് അവർ തങ്ങളുടെ പിതാവിനെ വഞ്ചിച്ചു. പിന്നീട്, വർഷങ്ങൾക്കു ശേഷം ഭക്ഷ്യക്ഷാമംമൂലം ഈജിപ്തിൽ പോയി ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ നിർബന്ധിതരായപ്പോൾ അവരുടെ പാപം വെളിച്ചത്തു വന്നു. ഭക്ഷ്യമേൽവിചാരകൻ യോസേഫാണെന്ന് അവർ തിരിച്ചറിഞ്ഞില്ല. അവർ ചാരൻമാരാണെന്നു കുററംചുമത്തുകയും അവരുടെ ഇളയ സഹോദരനായ ബെന്യാമീനെ കൊണ്ടുവരാതെ തന്റെ സഹായം വീണ്ടും തേടേണ്ടതില്ലെന്ന് അവൻ അവരെ അറിയിക്കുകയും ചെയ്തു. ഇതിനോടകം ബെന്യാമീൻ അവരുടെ പിതാവിനു പ്രിയങ്കരനായിക്കഴിഞ്ഞിരുന്നു. തൻമൂലം യാക്കോബ് അവനെ പോകാൻ അനുവദിക്കുകയില്ലെന്നും അവർ അറിഞ്ഞിരുന്നു.
13 അതുകൊണ്ട് യോസേഫിന്റെ മുമ്പിൽ നിൽക്കുമ്പോൾ “ഇതു നമ്മുടെ സഹോദരനോടു [യോസേഫിനോടു] നാം ചെയ്ത ദ്രോഹമാകുന്നു; അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു” എന്നു സമ്മതിച്ചു പറയാൻ മനസ്സാക്ഷി അവരെ പ്രേരിപ്പിച്ചു. (ഉല്പത്തി 42:21) അനുകമ്പയുള്ള, എന്നാൽ ഉറച്ച തന്റെ പെരുമാററത്തിലൂടെ അവരുടെ അനുതാപത്തിന്റെ ആത്മാർഥത തെളിയിക്കുന്നതിനു യോസേഫ് തന്റെ സഹോദരൻമാരെ സഹായിച്ചു. അതിനുശേഷം അദ്ദേഹം സ്വയം അവർക്കു വെളിപ്പെടുത്തിക്കൊടുക്കുകയും ഔദാര്യപൂർവം അവരോടു ക്ഷമിക്കുകയും ചെയ്തു. അങ്ങനെ കുടുംബ ഐക്യം പുനഃസ്ഥാപിക്കപ്പെട്ടു. (ഉല്പത്തി 45:4-8) ക്രിസ്ത്യാനികളെന്ന നിലയിൽ നാം ഇതിൽനിന്ന് ഒരു പാഠം പഠിക്കണം. അസൂയയുടെ ചീത്ത പരിണത ഫലങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, അസൂയാവഹമായ വികാരങ്ങളുടെ സ്ഥാനത്ത് ‘അനുകമ്പയുടെ മൃദുലവാത്സല്യം’ സംസ്ഥാപിക്കുന്നതിന് നാം യഹോവയോടു പ്രാർഥിക്കണം.
അനുകമ്പയ്ക്കുള്ള മററു തടസ്സങ്ങൾ
14. അനാവശ്യമായി അക്രമങ്ങൾ വീക്ഷിക്കുന്നത് നാം എന്തുകൊണ്ട് ഒഴിവാക്കണം?
14 അനാവശ്യമായി അക്രമങ്ങൾ വീക്ഷിക്കുന്നത് നാം അനുകമ്പയുള്ളവരായിരിക്കുന്നതിനു തടസ്സം സൃഷ്ടിക്കാം. അക്രമങ്ങൾ അടങ്ങിയ സ്പോർട്സും വിനോദവും അക്രമം കണ്ടാസ്വദിക്കാനുള്ള ആവേശം വളർത്തും. ബൈബിൾ കാലങ്ങളിൽ പുറജാതിക്കാർ റോമാ സാമ്രാജ്യത്തിന്റെ പോർക്കളങ്ങളിൽ ദ്വന്ദ്വയുദ്ധങ്ങളും മററു വിധത്തിലുള്ള മനുഷ്യ പീഡനങ്ങളും ക്രമമായി വീക്ഷിച്ചിരുന്നു. ഒരു ചരിത്രകാരൻ പറയുന്ന പ്രകാരം, അത്തരം വിനോദങ്ങൾ “മനുഷ്യരെ മൃഗങ്ങളിൽനിന്നു വേർതിരിക്കുന്ന ചേതോവികാരത്തെ, കഷ്ടപ്പാടുകൾ കാണുമ്പോൾ തോന്നുന്ന സഹാനുഭൂതിയെ, ഇല്ലായ്മ ചെയ്തു.” ഇന്നത്തെ ആധുനിക ലോകത്തിലെ വിനോദങ്ങളിൽ അധികവും ഇതേ ഫലമാണു ചെയ്യുന്നത്. ആർദ്രാനുകമ്പയുള്ളവരായിരിക്കാൻ ശ്രമിക്കുന്ന ക്രിസ്ത്യാനികൾ വായനാ വിഷയങ്ങൾ, ചലച്ചിത്രങ്ങൾ, ടിവി പരിപാടികൾ എന്നിവ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അത്യന്തം ശ്രദ്ധയുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യമുണ്ട്.“സാഹസപ്രിയനെ [യഹോവയുടെ] ഉള്ളം വെറുക്കുന്നു” എന്ന സങ്കീർത്തനം 11:5-ലെ വാക്കുകൾ അവർ ജ്ഞാനപൂർവം മനസ്സിൽ പിടിക്കുന്നു.
15. (എ) ഒരുവൻ ഗുരുതരമായ വിധത്തിൽ അനുകമ്പ പ്രകടമാക്കുവാൻ പരാജയപ്പെടുന്നതെങ്ങനെ? (ബി) സഹവിശ്വാസികളുടെയും അയൽക്കാരുടെയും ആവശ്യങ്ങളോട് സത്യക്രിസ്ത്യാനികൾ എങ്ങനെ പ്രതികരിക്കുന്നു?
15 സ്വാർഥതത്പരനായ ഒരു വ്യക്തിയും അനുകമ്പയില്ലാത്തവനായിരിക്കാനാണു സാധ്യത. അപ്പോസ്തലനായ യോഹന്നാൻ വിശദീകരിക്കുന്നപ്രകാരം ഇതു ഗുരുതരമായ കാര്യമാണ്: “ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു [“ആർദ്രാനുകമ്പ,” NW] കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?” (1 യോഹന്നാൻ 3:17) സമാനമായ അനുകമ്പയില്ലായ്മയാണ് അയൽക്കാരനായ ശമര്യാക്കാരനെപ്പററിയുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിലെ പുരോഹിതനും ലേവ്യനും കാണിച്ചത്. തങ്ങളുടെ അർധപ്രാണനായ യഹൂദ സഹോദരന്റെ ദയനീയ സ്ഥിതി കണ്ടിട്ട് അവർ റോഡ് കുറുകെ കടന്നു തങ്ങളുടെ വഴിക്കുപോയി. (ലൂക്കൊസ് 10:31, 32) നേരേമറിച്ച്, അനുകമ്പയുള്ള ക്രിസ്ത്യാനികൾ തങ്ങളുടെ സഹോദരങ്ങളുടെ ഭൗതികവും ആത്മികവുമായ ആവശ്യങ്ങളോട് ഉടനെ പ്രതികരിക്കുന്നു. യേശുവിന്റെ ഉപമയിലെ ശമര്യാക്കാരനെപ്പോലെ അവർ അപരിചിതരുടെ കാര്യത്തിലും ചിന്തയുള്ളവരാണ്. അങ്ങനെ, അവർ സന്തോഷപൂർവം തങ്ങളുടെ സമയവും ഊർജവും ഭൗതിക വസ്തുക്കളും ശിഷ്യരെ ഉളവാക്കൽ വേലക്കുവേണ്ടി ചെലവിടുന്നു. ഈ വിധത്തിൽ ലക്ഷങ്ങളുടെ രക്ഷക്കുവേണ്ടി അവർ സംഭാവന ചെയ്യുന്നു.—1 തിമൊഥെയൊസ് 4:16.
രോഗികളോട് അനുകമ്പ
16. രോഗബാധിതരുമായി ഇടപെടുമ്പോൾ നാം എന്തു പരിമിതികളെ നേരിടുന്നു?
16 അപൂർണരായ, മരിക്കുന്ന മനുഷ്യവർഗത്തിന്റെ ഭാഗധേയമാണു രോഗം. ക്രിസ്ത്യാനികൾ ഇക്കാര്യത്തിൽ ഒഴിവുള്ളവരല്ല. അവരിൽ മിക്കവരും വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരല്ല. ക്രിസ്തുവിൽനിന്നും അപ്പോസ്തലൻമാരിൽനിന്നും ശക്തിലഭിച്ച ആദിമ ക്രിസ്ത്യാനികൾ ചെയ്തതുപോലെ അവർക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാനും കഴിയുകയില്ല. ക്രിസ്തുവിന്റെ അപ്പോസ്തലൻമാരുടെയും തങ്ങളുടെ സഹകാരികളുടെയും മരണത്തോടെ അത്തരം അത്ഭുത ശക്തികൾ പൊയ്പോയി. തൻമൂലം, തലച്ചോറിന്റെ തകരാറും ചിത്തഭ്രമവും പോലുള്ള ശാരീരിക രോഗമുള്ളവരെ സഹായിക്കുന്നതിനുള്ള നമ്മുടെ പ്രാപ്തി പരിമിതമാണ്.—പ്രവൃത്തികൾ 8:13, 18; 1 കൊരിന്ത്യർ 13:8.
17. രോഗബാധിതനും സന്തപ്തനുമായ ഇയ്യോബിനോടു പെരുമാറിയ വിധത്തിൽനിന്നു നാം എന്തു പാഠം പഠിക്കുന്നു?
17 മിക്കപ്പോഴും രോഗത്തോടൊപ്പം വിഷാദവുമുണ്ടാകുന്നു. ദൃഷ്ടാന്തത്തിന്, സാത്താൻ തന്റെമേൽ വരുത്തിയ കഠിനമായ രോഗവും ദുരിതങ്ങളും നിമിത്തം ഇയ്യോബ് വളരെ വിഷാദമഗ്നനായിരുന്നു. (ഇയ്യോബ് 1:18, 19; 2:7; 3:3, 11-13) ആർദ്രാനുകമ്പയോടെ പെരുമാറുകയും ‘ആശ്വാസദായകമായി സംസാരിക്കുകയും’ ചെയ്യുന്ന സുഹൃത്തുക്കളെയായിരുന്നു അദ്ദേഹത്തിന് ആവശ്യം. (1 തെസലോനിക്യർ 5:14, NW) പകരം, ആശ്വാസദായകരെന്നു നടിച്ച മൂന്നു പേർ അദ്ദേഹത്തെ സന്ദർശിക്കുകയും ഉടനടി തെററായ നിഗമനങ്ങളിലേക്ക് എടുത്തുചാടുകയും ചെയ്തു. ഇയ്യോബിന്റെ ദുരിതങ്ങൾ അദ്ദേഹത്തിന്റെ പക്ഷത്തുനിന്നുണ്ടായ ചില തെററുകൾ മൂലമാണെന്ന് അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് ഇയ്യോബിന്റെ വിഷാദാവസ്ഥയെ അവർ കൂടുതൽ വഷളാക്കി. സഹവിശ്വാസികൾ രോഗബാധിതരോ വിഷാദമഗ്നരോ ആയിരിക്കുമ്പോൾ ആർദ്രാനുകമ്പയുള്ളവരായിരുന്നുകൊണ്ട് സമാനമായ കെണികളിൽ അകപ്പെടാതെ ക്രിസ്ത്യാനികൾ ഒഴിഞ്ഞുനിൽക്കും. ചിലപ്പോഴൊക്കെ അത്തരം ആളുകൾക്ക് ആവശ്യമായ പ്രധാന സംഗതി അനുകമ്പയോടെ ശ്രദ്ധിക്കുകയും സഹാനുഭൂതി കാണിക്കുകയും സ്നേഹപുരസ്സരമായ തിരുവെഴുത്ത് ഉപദേശങ്ങൾ നൽകുകയും ചെയ്യുന്ന മൂപ്പൻമാരുടെയും മററു പക്വതയുള്ള ക്രിസ്ത്യാനികളുടെയും ചില ദയാപുരസ്സരമായ സന്ദർശനങ്ങളാണ്.—റോമർ 12:15; യാക്കോബ് 1:19.
ബലഹീനരോട് അനുകമ്പ
18, 19. (എ) ബലഹീനരോട് അല്ലെങ്കിൽ തെററുചെയ്തവരോട് മൂപ്പൻമാർ എങ്ങനെ ഇടപെടേണ്ടതുണ്ട്? (ബി) ഒരു നീതിന്യായക്കമ്മിററി രൂപീകരിക്കേണ്ട ആവശ്യം വന്നാൽപ്പോലും ദുഷ്പ്രവൃത്തിക്കാരോട് അനുകമ്പയോടെ പെരുമാറുന്നത് മൂപ്പൻമാരെ സംബന്ധിച്ചിടത്തോളം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
18 മൂപ്പൻമാർ പ്രത്യേകിച്ചും ആർദ്രാനുകമ്പയുള്ളവരായിരിക്കണം. (പ്രവൃത്തികൾ 20:29, 35) ‘ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കണം’ എന്നു ബൈബിൾ കൽപ്പിക്കുന്നു. (റോമർ 15:1) അപൂർണരെന്ന നിലയിൽ നാമെല്ലാം തെററുകൾ ചെയ്യുന്നു. (യാക്കോബ് 3:2) ‘അബദ്ധവശാൽ വല്ല തെററിലും അകപ്പെടുന്ന’ ഒരുവനുമായി ഇടപഴകുന്നതിന് ആർദ്രാനുകമ്പ ആവശ്യമാണ്. (ഗലാത്യർ 6:1, NW) ദൈവനിയമത്തിന്റെ ബാധകമാക്കലിൽ സ്വയനീതിക്കാരായ പരീശൻമാരെപ്പോലെ ന്യായയുക്തതയില്ലാത്തവരായിരിക്കാൻ മൂപ്പൻമാർ ഒരിക്കലും ആഗ്രഹിക്കുകയില്ല.
19 അതിനു വിപരീതമായി, മൂപ്പൻമാർ യഹോവയുടെയും യേശുക്രിസ്തുവിന്റെയും ആർദ്രാനുകമ്പയോടെയുള്ള ദൃഷ്ടാന്തങ്ങൾ പിൻപററുന്നു. അവരുടെ പ്രധാന വേല ദൈവത്തിന്റെ ആടുകളെ പോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഉൻമേഷം പകരുകയും ചെയ്യുകയെന്നതാണ്. (യെശയ്യാവു 32:1, 2) നിയമങ്ങളുടെ ബാഹുല്യത്താൽ കാര്യാദികളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനു പകരം അവർ ദൈവവചനത്തിലുള്ള ഉത്തമ തത്ത്വങ്ങളെ ആശ്രയിക്കുന്നു. അതുകൊണ്ട്, മൂപ്പൻമാരുടെ കർത്തവ്യം കെട്ടുപണിചെയ്യുക അഥവാ തങ്ങളുടെ സഹോദരൻമാരുടെ ഹൃദയത്തിൽ യഹോവയുടെ നൻമയെപ്രതി സന്തോഷവും വിലമതിപ്പും വളർത്തിയെടുക്കുക എന്നതായിരിക്കണം. ഒരു സഹവിശ്വാസി ഒരു ചെറിയ തെററു ചെയ്യുന്നപക്ഷം മററുള്ളവർ കേൾക്കെ അദ്ദേഹത്തെ ഗുണദോഷിക്കാതിരിക്കാൻ സാധാരണഗതിയിൽ ഒരു മൂപ്പൻ ശ്രദ്ധിക്കും. സംസാരിച്ചേ മതിയാകൂ എന്നുവരികിൽ ആ വ്യക്തിയെ മാററിനിർത്തി മററുള്ളവർ കേൾക്കാതെ പ്രശ്നം ചർച്ചചെയ്യുന്നതിന് അനുകമ്പയുടെ മൃദുലവികാരങ്ങൾ മൂപ്പനു പ്രേരണയേകും. (താരതമ്യം ചെയ്യുക: മത്തായി 18:15.) ഒരുവനുമായി ഒത്തുപോകുന്നത് എത്രതന്നെ പ്രയാസകരമായിരുന്നാലും മൂപ്പന്റെ സമീപനം ക്ഷമയോടും സഹായ മനഃസ്ഥിതിയോടും കൂടെയായിരിക്കണം. അത്തരമൊരു വ്യക്തിയെ സഭയിൽനിന്നു പുറത്താക്കാൻ പഴുതുകൾ തേടാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിക്കുന്നില്ല. നീതിന്യായക്കമ്മിററി രൂപീകരിക്കേണ്ട സാഹചര്യത്തിൽ പോലും ഗുരുതരമായ ദുഷ്പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയുമായി ഇടപെടുമ്പോൾ മൂപ്പൻമാർ ആർദ്രാനുകമ്പ പ്രകടിപ്പിക്കും. അവരുടെ മൃദുലത ആ വ്യക്തിയെ അനുതപിക്കുന്നതിന് സഹായിച്ചെന്നുവരാം.—2 തിമൊഥെയൊസ് 2:24-26.
20. വൈകാരികമായ അനുകമ്പാ പ്രകടനങ്ങൾ അനുചിതമായിരിക്കുന്നത് എപ്പോൾ, എന്തുകൊണ്ട്?
20 എന്നിരുന്നാലും, യഹോവയുടെ ദാസൻമാർക്ക് അനുകമ്പ കാണിക്കാൻ കഴിയാത്ത സന്ദർഭങ്ങളുമുണ്ട്. (താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 13:6-9.) സഭയിൽനിന്നു പുറത്താക്കിയ ഒരു ഉററ സുഹൃത്തുമായിട്ടോ ബന്ധുവുമായിട്ടോ ഉള്ള “സഹവാസം നിർത്തുക” എന്നത് വാസ്തവത്തിൽ ഒരു പരീക്ഷണംതന്നെ ആയേക്കാം. അത്തരമൊരു സന്ദർഭത്തിൽ ദയ തോന്നാതിരിക്കാൻ ശ്രദ്ധിക്കേണ്ടതു വളരെ പ്രധാനമാണ്. (1 കൊരിന്ത്യർ 5:11-13, NW) അത്തരം ഉറച്ച മനഃസ്ഥിതിയുള്ളവരായിരിക്കുന്നത് തെററുചെയ്തയാളെ അനുതപിക്കാൻ പ്രോത്സാഹിപ്പിക്കുകപോലും ചെയ്തേക്കാം. കൂടാതെ എതിർലിംഗവർഗത്തിൽപ്പെട്ടവരുമായി ഇടപെടുമ്പോൾ ലൈംഗിക അധാർമികതയിലേക്കു നയിക്കാനിടയുള്ള അനുചിതമായ അനുകമ്പാ പ്രകടനങ്ങൾ ക്രിസ്ത്യാനികൾ ഒഴിവാക്കണം.
21. മറേറതെല്ലാം തലങ്ങളിൽ നാം ആർദ്രാനുകമ്പ പ്രകടമാക്കേണ്ടതുണ്ട്, പ്രയോജനങ്ങൾ ഏവ?
21 ആർദ്രാനുകമ്പ ആവശ്യമായിട്ടുള്ള വിവിധ തലങ്ങളെക്കുറിച്ച്—പ്രായം ചെന്നവരോടും മരണവിയോഗം അനുഭവിക്കുന്നവരോടും അവിശ്വാസിയായ ഇണയിൽനിന്നുള്ള പീഡനമനുഭവിക്കുന്നവരോടും പെരുമാറുമ്പോൾ—ചർച്ചചെയ്യുന്നതിനു സ്ഥലം പോരാ. അതുപോലെ, കഠിനാധ്വാനം ചെയ്യുന്ന മൂപ്പൻമാരോടും ആർദ്രാനുകമ്പയോടെ പെരുമാറേണ്ടതുണ്ട്. (1 തിമൊഥെയൊസ് 5:17) അവരെ ആദരിക്കുകയും അവർക്കു പിന്തുണ നൽകുകയും ചെയ്യുക. (എബ്രായർ 13:7, 17) ‘എല്ലാവരും . . . ആർദ്രാനുകമ്പ ഉള്ളവരായിരിപ്പിൻ’ എന്ന് അപ്പോസ്തലനായ പത്രോസ് എഴുതി. (1 പത്രോസ് 3:8, NW) ആവശ്യമുള്ള എല്ലാ സന്ദർഭങ്ങളിലും ഇപ്രകാരം പെരുമാറിക്കൊണ്ട് നാം സഭയിൽ ഐക്യവും സന്തുഷ്ടിയും വളർത്തിയെടുക്കുന്നുവെന്നുമാത്രമല്ല പുറത്തുള്ളവരെ സത്യത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. എല്ലാററിനുമുപരി നാം നമ്മുടെ ആർദ്രാനുകമ്പയുള്ള പിതാവായ യഹോവക്കു മഹത്ത്വം കരേററുന്നു.
പുനരവലോകന ചോദ്യങ്ങൾ
◻ പാപികളായ മനുഷ്യവർഗത്തോടു യഹോവ അനുകമ്പ കാണിക്കുന്നത് എങ്ങനെ?
◻ ആർദ്രാനുകമ്പയുള്ളവരായിരിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
◻ ആർദ്രാനുകമ്പയുള്ളവരായിരിക്കുന്നതിനു നമ്മുടെ മുന്നിലുള്ള ചില തടസ്സങ്ങൾ ഏവ?
◻ രോഗികളും വിഷാദമഗ്നരുമായവരോടു നാം എങ്ങനെ പെരുമാറണം?
◻ ആരാണ് പ്രത്യേകിച്ചും ആർദ്രാനുകമ്പയുള്ളവരായിരിക്കേണ്ടത്, എന്തുകൊണ്ട്?
[19-ാം പേജിലെ ചതുരം]
അനുകമ്പാഹീനരായ പരീശൻമാർ
വിശ്രമത്തിനുള്ള ശബത്തുദിവസം യഹോവയുടെ ജനത്തെ സംബന്ധിച്ചിടത്തോളം ആത്മീയവും ശാരീരികവുമായ ഒരു അനുഗ്രഹമായിരിക്കേണ്ടിയിരുന്നു. എന്നിരുന്നാലും, യഹൂദ മതനേതാക്കൻമാർ ദൈവത്തിന്റെ ശബത്തുനിയമത്തെ അനാദരിക്കുന്ന അനേകം നിയമങ്ങൾ ഉണ്ടാക്കുകയും അത് ആളുകൾക്ക് ഭാരമാക്കിത്തീർക്കുകയും ചെയ്തു. ഉദാഹരണത്തിന്, ആർക്കെങ്കിലും ഒരു അപകടമോ രോഗമോ ഉണ്ടായെന്നിരിക്കട്ടെ. അയാളുടെ ജീവൻ അപകടത്തിലാണെങ്കിൽ മാത്രമേ ശബത്തിൽ അയാൾക്കു സഹായം ലഭിക്കുമായിരുന്നുള്ളൂ.
പരീശൻമാരുടെ ഒരു വിഭാഗം പിൻവരുന്നവിധം പറയാൻ തക്കവണ്ണം അത്ര കർശനമുള്ളവരായിരുന്നു: “ശബത്തിൽ ഒരുവൻ വിലപിക്കുന്നവരെ ആശ്വസിപ്പിക്കുകയോ രോഗികളെ സന്ദർശിക്കുകയോ ചെയ്യുന്നില്ല.” മററു ചില മതനേതാക്കൻമാർ ശബത്തിൽ അത്തരം സന്ദർശനത്തിന് അനുവാദം നൽകി എന്നാൽ “കരയാൻ പാടില്ല” എന്ന് വ്യവസ്ഥചെയ്തു.
അങ്ങനെ, നീതി, സ്നേഹം, കരുണ എന്നിങ്ങനെ ന്യായപ്രമാണത്തിലെ കൂടുതൽ പ്രധാനമായ വ്യവസ്ഥകൾ അവഗണിക്കുന്നതിനെതിരെ യേശു പരീശൻമാരെ ശരിയായിത്തന്നെ കുററംവിധിച്ചു. “ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു” എന്ന് അവൻ പരീശൻമാരോടു പറഞ്ഞതിൽ അതിശയിക്കാനില്ല”!—മർക്കൊസ് 7:8, 13; മത്തായി 23:23; ലൂക്കൊസ് 11:42.
[17-ാം പേജിലെ ചിത്രം]
231 രാജ്യങ്ങളിലായി ആളുകളുടെ വീടുകളിലും തെരുവുകളിലും ജയിലുകളിൽപ്പോലും യഹോവയുടെ സാക്ഷികൾ അനുകമ്പയുടെ അഭൂതപൂർവമായ ഒരു വേല നിർവഹിച്ചുകൊണ്ടിരിക്കുന്നു
[18-ാം പേജിലെ ചിത്രം]
ടിവിയിൽ കാണുന്നപോലുള്ള അക്രമങ്ങൾ വീക്ഷിക്കുന്നത് ആർദ്രാനുകമ്പയ്ക്ക് തുരങ്കം വയ്ക്കുന്നു