നിങ്ങളുടെ സകല ഉത്കണ്ഠകളും യഹോവയുടെമേൽ ഇടുക
“ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”—1 പത്രൊസ് 5:6, 7.
1. നമ്മെ ഉത്കണ്ഠ ബാധിച്ചേക്കാവുന്നതെങ്ങനെ, ഇതെങ്ങനെ ദൃഷ്ടാന്തീകരിക്കാം?
ഉത്കണ്ഠയ്ക്കു നമ്മുടെ ജീവിതത്തെ കഠിനമായി ബാധിക്കാനാവും. റേഡിയോയിലൂടെ ഒഴുകിയെത്തുന്ന ഒരു ശ്രുതിമധുര സംഗീതത്തിനു ചിലപ്പോൾ നേരിടുന്ന തടസ്സവുമായി ഇതിനെ സാദൃശ്യപ്പെടുത്താവുന്നതാണ്. റേഡിയോ തരംഗങ്ങളെ തടസ്സപ്പെടുത്തുന്ന യാതൊന്നും ഇടയ്ക്കു സംഭവിക്കുന്നില്ലെങ്കിൽ, ശ്രോതാവിന് ഇമ്പമാർന്ന സംഗീതം ആസ്വദിക്കാനും പ്രശാന്തത അനുഭവിക്കാനും കഴിയും. എന്നാൽ, തടസ്സംഹേതുവായുള്ള പരുക്കൻ ഇരച്ചിലിനു നമ്മിൽ അസ്വസ്ഥതയും നിരാശയും സൃഷ്ടിച്ചുകൊണ്ട് ഏററവും വശ്യമായ സംഗീതത്തെപ്പോലും വികലമാക്കാനാവും. നമ്മുടെ പ്രശാന്തതയുടെമേൽ സമാനമായ ഫലമുളവാക്കാൻ ഉത്കണ്ഠയ്ക്കു സാധിക്കും. ജീവത്പ്രധാനമായ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ നമുക്കു പ്രയാസമാവുംവിധം നമ്മെ ഭാരപ്പെടുത്താൻ അതിനാവും. തീർച്ചയായും, ‘മനോവ്യസനം ഹേതുവായി മമനുഷ്യന്റെ മനസ്സിടിയുന്നു.’—സദൃശവാക്യങ്ങൾ 12:25.
2. “ജീവിതോത്കണ്ഠകളെ”ക്കുറിച്ചു യേശുക്രിസ്തു എന്തു പറഞ്ഞു?
2 അമിത ഉത്കണ്ഠ നിമിത്തം ശ്രദ്ധാശൈഥില്യത്തിനടിപ്പെടുന്നതിന്റെ അപകടത്തെക്കുറിച്ചു യേശുക്രിസ്തു സംസാരിക്കുകയുണ്ടായി. അന്ത്യനാളുകളെക്കുറിച്ചുള്ള തന്റെ പ്രവചനത്തിൽ അവൻ ഉദ്ബോധിപ്പിച്ചു: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാററിന്നും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.” (ലൂക്കൊസ് 21:34-36) അമിത തീററയും മദ്യപാനവും മാനസികമന്ദതയ്ക്കു കാരണമാകുന്നതുപോലെ, “ജീവിതോത്കണ്ഠകളാ”ൽ ഭാരപ്പെടുമ്പോൾ നമുക്കു നഷ്ടമാവുക വിവേചനയോടെ കാര്യങ്ങൾ വിലയിരുത്താനുള്ള നമ്മുടെ മാനസികപ്രാപ്തിയായിരിക്കും. അതിന്റെ ഫലം വിപൽക്കരവുമായിരിക്കും.
ഉത്കണ്ഠയുടെ അർഥം
3. “ഉത്കണ്ഠ”യെ നിർവചിച്ചിരിക്കുന്നതെങ്ങനെ, അതിന്റെ ചില കാരണങ്ങളേവ?
3 “സാധാരണമായി ആസന്നമായതോ സംഭവിക്കുമെന്നു വിചാരിക്കുന്നതോ ആയ ഒരു അനർഥത്തെച്ചൊല്ലിയുള്ള വേദനാജനകമോ ആശങ്കാജനകമോ ആയ മാനസികാസ്വസ്ഥതയായി” ഉത്കണ്ഠയെ നിർവചിച്ചിരിക്കുന്നു. അതു “ഭീതിജനകമായ വേവലാതിയോ ശ്രദ്ധയോ” ആണ്. കൂടാതെ, “(വിയർക്കൽ, പിരിമുറുക്കം, വർധിച്ച രക്തമിടിപ്പ്) എന്നിങ്ങനെയുള്ള ശാരീരിക ലക്ഷണങ്ങൾ, യാഥാർഥ്യത്തെയും ഭീഷണിയുടെ സ്വഭാവത്തെയും സംബന്ധിച്ചുള്ള സംശയം, അത് അഭിമുഖീകരിക്കാൻ തനിക്കു കഴിവില്ലെന്ന സംശയം എന്നിവ സവിശേഷതകളായുള്ള അസാധാരണവും വ്യാകുലപ്പെടുത്തുന്നതുമായ ഭയാശങ്ക”യുമാണ്. (വെബ്സ്റേറഴ്സ് നയന്ത് ന്യൂ കൊളീജിയററ് ഡിക്ഷ്ണറി) അതുകൊണ്ട്, ഉത്കണ്ഠ ഒരു സങ്കീർണ പ്രശ്നമായിത്തീരാം. രോഗം, വാർധക്യം പ്രാപിക്കൽ, കുററകൃത്യഭീതി, തൊഴിൽനഷ്ടം, ഒരുവന്റെ കുടുംബക്ഷേമത്തെക്കുറിച്ചുള്ള വ്യാകുലത എന്നിവയെല്ലാം അതിന്റെ പല കാരണങ്ങളിൽ ചിലതാണ്.
4. (എ) ആളുകളെയും അവരുടെ ഉത്കണ്ഠകളെയും കുറിച്ച് എന്ത് ഓർക്കുന്നതു നന്നായിരിക്കും? (ബി) നമ്മെ ഉത്കണ്ഠ അലട്ടുന്നുണ്ടെങ്കിൽ എന്തു ചെയ്യാനാവും?
4 ഉത്കണ്ഠയ്ക്ക് ഇടയാക്കുന്ന പലവിധ അവസ്ഥകളോ സാഹചര്യങ്ങളോ ഉള്ളതുപോലെ, വ്യക്തമായും ഉത്കണ്ഠയുടെ തീവ്രതയ്ക്ക് ഏററക്കുറച്ചിലുകളുണ്ട്. ഒരു സ്ഥിതിവിശേഷത്തോട് എല്ലാവരും ഒരേരീതിയിലല്ല പ്രതികരിക്കുന്നത്. അതുകൊണ്ട്, ഒരു പ്രത്യേക സംഗതി നമ്മെ ഒട്ടും വിഷമിപ്പിക്കുന്നില്ലെങ്കിൽപ്പോലും യഹോവയെ ആരാധിക്കുന്ന നമ്മുടെ ചില സഹകാരികൾക്ക് അതു കടുത്ത ഉത്കണ്ഠയ്ക്കു കാരണമായിരിക്കാമെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. ദൈവവചനത്തിലെ സ്വരച്ചേർച്ചയും സൗകുമാര്യവുള്ള സത്യത്തിൻമേൽ നമുക്കു ശ്രദ്ധ പതിപ്പിക്കാനാവാത്ത ഘട്ടത്തോളം ഉത്കണ്ഠ എത്തുന്നെങ്കിൽ എന്തു ചെയ്യാൻ കഴിയും? യഹോവയുടെ പരമാധികാരവും ക്രിസ്തീയ നിർമലതയും സംബന്ധിച്ച വാദവിഷയങ്ങൾ മനസ്സിൽ വ്യക്തമായി നിലനിർത്താനാവാത്തവിധം നാം ഉത്കണ്ഠയാൽ ബാധിക്കപ്പെടുന്നെങ്കിലോ? സാഹചര്യങ്ങൾ മാററിയെടുക്കാൻ നമുക്കു കഴിയില്ലായിരിക്കാം. അതിനുപകരം, ജീവിതത്തിന്റെ നീറുന്ന പ്രശ്നങ്ങൾ സൃഷ്ടിച്ച ക്രമാതീത ഉത്കണ്ഠയെ നേരിടാൻ നാം തിരുവെഴുത്ത് ആശയങ്ങൾ അന്വേഷിക്കേണ്ടതുണ്ട്.
സഹായം ലഭ്യമാണ്
5. സങ്കീർത്തനം 55:22-നു ചേർച്ചയിൽ നമുക്ക് എങ്ങനെ പ്രവർത്തിക്കാം?
5 ക്രിസ്ത്യാനികൾക്ക് ആത്മീയ സഹായം ആവശ്യമുള്ളപ്പോൾ, ഉത്കണ്ഠകളാൽ ഭാരപ്പെട്ടിരിക്കുമ്പോൾ, അവർക്കു ദൈവവചനത്തിൽനിന്ന് ആശ്വാസം നേടാനാവും. അതു വിശ്വാസയോഗ്യമായ മാർഗനിർദേശം പ്രദാനം ചെയ്യുന്നു. അങ്ങനെ അതു യഹോവയുടെ വിശ്വസ്ത ദാസൻമാർ എന്നനിലയിൽ നാം തനിച്ചല്ല എന്നതിനുള്ള അനേകം ഉറപ്പുകൾ നമുക്കു നൽകുന്നു. ഉദാഹരണത്തിന്, സങ്കീർത്തനക്കാരനായ ദാവീദ് പാടി: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.” (സങ്കീർത്തനം 55:22) ഈ വാക്കുകളോടുള്ള യോജിപ്പിൽ നമുക്ക് എങ്ങനെ പ്രവർത്തിക്കാനാവും? നമ്മുടെ സകല ഉത്കണ്ഠകളും വിഷമങ്ങളും ഭയങ്ങളും നിരാശകളും നമ്മുടെ സ്നേഹനിധിയായ സ്വർഗീയ പിതാവിന്റെമേൽ ഇട്ടുകൊണ്ട്. സുരക്ഷാബോധവും ഹൃദയപ്രശാന്തതയും നമുക്കു ലഭിക്കാൻ ഇതു സഹായകമാവും.
6. ഫിലിപ്പിയർ 4:6, 7 പറയുന്നപ്രകാരം നമ്മുടെ കാര്യത്തിൽ പ്രാർഥനക്ക് എന്തു ചെയ്യാനാവും?
6 നമ്മുടെ സകല ഉത്കണ്ഠയുമുൾപ്പെടെയുള്ള നമ്മുടെ ഭാരം യഹോവയുടെമേൽ ഇടണമെങ്കിൽ ഹൃദയംഗമമായി നിരന്തരം പ്രാർഥിക്കേണ്ടത് അനുപേക്ഷണീയമാണ്. ഇതു നമുക്ക് ആന്തരികസമാധാനം കൈവരുത്തും. എന്തെന്നാൽ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത് [“ഉത്കണ്ഠപ്പെടരുത്,” NW]; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) അങ്ങേയററം പീഡനാത്മകമായ സാഹചര്യങ്ങളിൽപ്പോലും യഹോവയുടെ സമർപ്പിത ദാസൻമാർ അനുഭവിക്കുന്ന ഒരു അസാധാരണ പ്രശാന്തതയാണ് അനുപമമായ ഈ “ദൈവസമാധാനം.” ദൈവവുമായുള്ള നമ്മുടെ വ്യക്തിപരമായ അടുത്ത ബന്ധത്തിൽനിന്ന് ഉത്ഭൂതമാകുന്നതാണത്. നാം പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കുമ്പോൾ, നമ്മെ പ്രചോദിപ്പിക്കാൻ അതിനെ അനുവദിക്കുമ്പോൾ, നാം ജീവിതത്തിന്റെ സകല പ്രശ്നങ്ങളിൽനിന്നും മുക്തരാകുകയില്ലായിരിക്കാം, എന്നാൽ നാം ആത്മാവിന്റെ ഫലമായ സമാധാനം ആസ്വദിക്കുകതന്നെ ചെയ്യും. (ലൂക്കൊസ് 11:13; ഗലാത്യർ 5:22, 23) ഉത്കണ്ഠ നമ്മെ കീഴ്പെടുത്തുന്നില്ല. എന്തെന്നാൽ യഹോവ തന്റെ സകല വിശ്വസ്ത ജനത്തെയും “നിർഭയം വസിക്കു”മാറാക്കുന്നുവെന്നും നമുക്കു ശാശ്വതദോഷത്തിനിടയാക്കുന്ന യാതൊന്നും ഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും നമുക്ക് അറിയാം.—സങ്കീർത്തനം 4:8.
7. ഉത്കണ്ഠയെ നേരിടാൻ സഹായിക്കുന്നതിൽ ക്രിസ്തീയ മൂപ്പൻമാർക്ക് എന്തു പങ്കു വഹിക്കാനാവും?
7 നാം തിരുവെഴുത്തുകളെക്കുറിച്ചു ധ്യാനിക്കുകയും പ്രാർഥനയിൽ ഉററിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽപ്പോലും അപ്പോഴും ഉത്കണ്ഠ വിട്ടുമാറുന്നില്ലെങ്കിലോ? (റോമർ 12:12) സഭയിലെ നിയമിത മൂപ്പൻമാരും നമ്മെ ആത്മീയമായി സഹായിക്കാനുള്ള യഹോവയുടെ ഏർപ്പാടിൽപ്പെടുന്നതാണ്. ദൈവവചനം ഉപയോഗിച്ചുകൊണ്ടും നമുക്കുവേണ്ടി നമ്മോടൊപ്പം പ്രാർഥിച്ചുകൊണ്ടും അവർക്കു നമ്മെ ആശ്വസിപ്പിക്കാനും സഹായിക്കാനും കഴിയും. (യാക്കോബ് 5:13-16) ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിനു മനസ്സോടെ, ഉത്സാഹത്തോടെ, മാതൃകാപരമായ വിധത്തിൽ ഇടയവേല ചെയ്യാൻ അപ്പോസ്തലനായ പത്രോസ് തന്റെ സഹമൂപ്പൻമാരെ ഉദ്ബോധിപ്പിക്കുകയുണ്ടായി. (1 പത്രൊസ് 5:1-4) ആത്മാർഥമായി നമ്മുടെ കാര്യങ്ങളിൽ ഏററവും താത്പര്യം കാട്ടുന്ന ഈ മനുഷ്യർ നമ്മെ സഹായിക്കാൻ ആഗ്രഹിക്കുന്നവരാണ്. തീർച്ചയായും, മൂപ്പൻമാരുടെ സഹായത്തിൽനിന്നു മുഴുവനായി പ്രയോജനം നേടാൻ, സഭയിൽ ആത്മീയമായി അഭിവൃദ്ധിനേടി മുന്നേറാൻ, നാമെല്ലാവരും പത്രോസിന്റെ ഈ ബുദ്ധ്യുപദേശം ബാധകമാക്കേണ്ടയാവശ്യമുണ്ട്: “ഇളയവരേ, മൂപ്പൻമാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ. ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നൽകുന്നു.”—1 പത്രൊസ് 5:5.
8, 9. ഒന്നു പത്രൊസ് 5:6-11-ൽനിന്ന് എന്ത് ആശ്വാസം നേടാനാവും?
8 പത്രോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും [“ഉത്കണ്ഠ,” NW] അവന്റെമേൽ ഇട്ടുകൊൾവിൻ. നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്നു. ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ. എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും. ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.”—1 പത്രൊസ് 5:6-11.
9 ‘അവൻ നമുക്കായി കരുതുന്നതാകയാൽ നമ്മുടെ സകല ഉത്കണ്ഠയും ദൈവത്തിന്റെമേൽ ഇടാനാവുമെന്നു’ തിരിച്ചറിയുന്നത് എന്തൊരു ആശ്വാസമാണ്! പീഡനവും മററു ദുരിതങ്ങളും വരുത്തിക്കൊണ്ട് യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കാൻ പിശാചു നടത്തുന്ന പ്രവർത്തനങ്ങളാണു നമ്മുടെ ഉത്കണ്ഠയുടെ ഒരു കാരണമെങ്കിൽ, നിർമലതാപാലകരെ സംബന്ധിച്ച് അതെല്ലാം ശുഭകരമായി പര്യവസാനിക്കുമെന്ന് അറിയുന്നത് ആശ്ചര്യകരമല്ലേ? അതേ, കുറച്ചു സമയം സഹിച്ചതിനുശേഷം, അനർഹദയയുള്ള ദൈവം നമ്മുടെ പരിശീലനം അവസാനിപ്പിച്ച് നമ്മെ ഉറപ്പുള്ളവരും ശക്തരുമാക്കിത്തീർക്കും.
10. ഉത്കണ്ഠ ലഘൂകരിക്കാൻ നമ്മെ സഹായിക്കാനാവുന്ന ഏതു മൂന്നു ഗുണങ്ങളെപ്പററി 1 പത്രൊസ് 5:6, 7 സൂചന തരുന്നു?
10 ഉത്കണ്ഠയെ നേരിടാൻ നമ്മെ സഹായിക്കാനാവുന്ന മൂന്നു ഗുണഗണങ്ങളെപ്പററി 1 പത്രൊസ് 5:6, 7 നമുക്കു സൂചന തരുന്നുണ്ട്. അതിലൊന്നാണ് താഴ്മ, അഥവാ “മനസ്സിന്റെ വിനയം,” [NW]. ക്ഷമയുടെ ആവശ്യം സൂചിപ്പിക്കുന്നതാണ് 6-ാം വാക്യത്തിലെ “തക്കസമയത്തു” എന്ന പ്രയോഗം. ‘അവൻ നമുക്കായി കരുതുന്നതാകയാൽ’ ഉത്കണ്ഠയെല്ലാം നമുക്ക് ഉറപ്പായും ദൈവത്തിനുമേൽ ഇടാനാവുമെന്ന് 7-ാം വാക്യം പ്രകടമാക്കുന്നു. തന്നെയുമല്ല, യഹോവയിൽ സമ്പൂർണ വിശ്വാസമർപ്പിക്കാൻ ആ വാക്കുകൾ നമ്മെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, താഴ്മ, ക്ഷമ, ദൈവത്തിലുള്ള സമ്പൂർണ ആശ്രയം എന്നിവ എങ്ങനെയാണ് ഉത്കണ്ഠ ലഘൂകരിക്കാൻ സഹായിക്കുന്നതെന്നു നമുക്കു നോക്കാം.
താഴ്മ സഹായിക്കുന്ന വിധം
11. ഉത്കണ്ഠയെ നേരിടാൻ താഴ്മ നമ്മെ എങ്ങനെ സഹായിച്ചേക്കാം?
11 നാം താഴ്മയുള്ളവരാണെങ്കിൽ, നമ്മെക്കാൾ അപാരമാം ശ്രേഷ്ഠതയുള്ളതാണ് ദൈവത്തിന്റെ ചിന്തകളെന്നു നാം സമ്മതിക്കും. (യെശയ്യാവു 55:8, 9) യഹോവയുടെ സർവതലസ്പർശിയായ കാഴ്ചപ്പാടിനോടുള്ള താരതമ്യത്തിൽ നമ്മുടെ മാനസികപ്രാപ്തി പരിമിതിയുള്ളതാണെന്ന് അംഗീകരിക്കാൻ താഴ്മ നമ്മെ സഹായിക്കുന്നു. നീതിമാനായ ഇയ്യോബിന്റെ കാര്യത്തിൽ പ്രകടമാക്കപ്പെട്ടതുപോലെ, നാം വിവേചിച്ചറിയാത്ത കാര്യങ്ങൾ അവൻ കാണുന്നു. (ഇയ്യോബ് 1:7-12; 2:1-6) “ദൈവത്തിന്റെ ബലമുള്ള കൈക്കീഴു” നമ്മെത്തന്നെ താഴ്ത്തുമ്പോൾ, പരമാധികാരിയായവനുമായുള്ള ബന്ധത്തിൽ നമ്മുടെ താഴ്ന്ന സ്ഥാനത്തെ നാം അംഗീകരിക്കുകയാണ്. അതിന്റെ ഫലമോ, അവൻ അനുവദിക്കുന്ന സാഹചര്യങ്ങളെ നേരിടാൻ ഇതു നമ്മെ സഹായിക്കുന്നു. പെട്ടെന്നുള്ള ഒരു ആശ്വാസത്തിനായി നമ്മുടെ ഹൃദയങ്ങൾ കേഴുകയാവാം. എന്നാൽ യഹോവയുടെ ഗുണങ്ങൾ പരിപൂർണമായും സന്തുലിതമായതുകൊണ്ട്, നമുക്കുവേണ്ടി എപ്പോൾ, എങ്ങനെ പ്രവർത്തിക്കണമെന്ന് അവനു കൃത്യമായി അറിയാം. അപ്പോൾ, ഉത്കണ്ഠകളെ നേരിടാൻ അവൻ നമ്മെ സഹായിക്കുമെന്ന ഉറപ്പോടെ, നമുക്കു കൊച്ചുകുട്ടികളെപ്പോലെ, യഹോവയുടെ കരുത്തുററ കരങ്ങളിൽ താഴ്മയോടെ പിടിക്കാം.—യെശയ്യാവു 41:8-13.
12. നാം എബ്രായർ 13:5-ലെ വാക്കുകൾ താഴ്മയോടെ ബാധകമാക്കുമ്പോൾ അതു ഭൗതിക സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഉത്കണ്ഠയെ എങ്ങനെ ബാധിച്ചേക്കാം?
12 ദൈവവചനത്തിൽനിന്നുള്ള ബുദ്ധ്യുപദേശം ബാധകമാക്കാനുള്ള മനസ്സൊരുക്കം താഴ്മയിൽപ്പെടുന്നുണ്ട്. മിക്കപ്പോഴും ഉത്കണ്ഠയെ ലഘൂകരിക്കാൻ ദൈവവചനത്തിനു കഴിയും. ഉദാഹരണത്തിന്, ഭൗതിക കാര്യങ്ങളിൽ പരിധിവിട്ട് ഉൾപ്പെട്ടതിന്റെപേരിൽ ഉണ്ടായതാണു നമ്മുടെ ഉത്കണ്ഠയെങ്കിൽ, പൗലോസിന്റെ ഈ ബുദ്ധ്യുപദേശത്തെക്കുറിച്ചു ധ്യാനിക്കുന്നതു നന്നായിരിക്കും: ‘നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു ദൈവം തന്നേ അരുളിചെയ്തിരിക്കുന്നുവല്ലോ.’ (എബ്രായർ 13:5) അത്തരം ബുദ്ധ്യുപദേശം താഴ്മയോടെ ബാധകമാക്കിക്കൊണ്ട്, ഭൗതികസുരക്ഷിതത്വം സംബന്ധിച്ച വലിയ ഉത്കണ്ഠയിൽനിന്ന് അനേകരും സ്വയം മുക്തിനേടിയിട്ടുണ്ട്. അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിരിക്കാനിടയില്ലെങ്കിലും അത് അവരുടെ ചിന്തകളെ ആത്മീയ ദോഷത്തിലേക്കു നയിച്ചില്ല.
ക്ഷമയുടെ പങ്ക്
13, 14. (എ) ക്ഷമാപൂർവമായ സഹിച്ചുനിൽപ്പു സംബന്ധിച്ച്, ഇയ്യോബ് എന്ന മനുഷ്യൻ ഏതു മാതൃക വെച്ചു? (ബി) യഹോവക്കായി ക്ഷമാപൂർവം കാത്തിരിക്കുമ്പോൾ അതു നമുക്ക് എന്തു കൈവരുത്തും?
13 ക്ഷമാപൂർവകമായ സഹിച്ചുനിൽപ്പിനെ സൂചിപ്പിക്കുന്നതാണ് 1 പത്രൊസ് 5:6-ലെ “തക്കസമയത്തു” എന്ന പ്രയോഗം. ചിലപ്പോൾ ഒരു പ്രശ്നം കുറെ അധികം നാൾ നീണ്ടുപോകുന്നു. അതിന് ഉത്കണ്ഠ വർധിപ്പിക്കാനാവും. അപ്പോഴാണു നാം യഹോവയുടെ കരങ്ങളിൽ കാര്യങ്ങൾ വിശേഷിച്ചും ഏൽപ്പിക്കേണ്ടയാവശ്യമുള്ളത്. ശിഷ്യനായ യാക്കോബ് എഴുതി: “നോക്കൂ! സഹിച്ചുനിന്നവരെ നാം സന്തുഷ്ടരായി പ്രഖ്യാപിക്കുന്നു. നിങ്ങൾ ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ചു കേൾക്കുകയും യഹോവ അവനോട് അവസാനം എന്തു പ്രവർത്തിച്ചുവെന്നു കാണുകയും ചെയ്തിരിക്കുന്നു. യഹോവ പ്രീതിയിൽ വളരെ ആർദ്രതയുള്ളവനും അനുകമ്പയുള്ളവനുമാണ്.” (യാക്കോബ് 5:11, NW) ഇയ്യോബിനു സാമ്പത്തിക നഷ്ടങ്ങളുണ്ടായി, അവന്റെ പത്തു മക്കളും മരിച്ചു, ബീഭത്സമായ അസുഖം പിടിപെട്ടു, വ്യാജ ആശ്വാസകർ തെററായി കുററംവിധിച്ചു. അത്തരം സാഹചര്യങ്ങളിൽ ചുരുങ്ങിയപക്ഷം കുറച്ചൊക്കെ ഉത്കണ്ഠ സാധാരണമാണ്.
14 ഏതുപ്രകാരത്തിലും, ക്ഷമാപൂർവമായ സഹിച്ചുനിൽപ്പിൽ ഇയ്യോബ് മാതൃകയായിരുന്നു. വിശ്വാസത്തിന്റെ ഒരു കഠിന പരിശോധനയ്ക്കു നാം വിധേയമായിരിക്കുകയാണെങ്കിൽ, അവൻ ചെയ്തതുപോലെ ആശ്വാസത്തിനായി നാം കാത്തിരിക്കേണ്ടതുണ്ടായിരിക്കാം. എന്നാൽ അവസാനം ദൈവം അവനെ ദുരിതങ്ങളിൽനിന്നു മോചിപ്പിച്ചുകൊണ്ടും സമൃദ്ധമായി പ്രതിഫലം കൊടുത്തുകൊണ്ടും അവനുവേണ്ടി പ്രവർത്തിക്കുകതന്നെ ചെയ്തു. (ഇയ്യോബ് 42:10-17) യഹോവക്കായി ക്ഷമാപൂർവം കാത്തിരിക്കുന്നതു നമ്മുടെ സഹിഷ്ണുത വളർത്തുകയും അവനോടുള്ള നമ്മുടെ ഭക്തിയുടെ ആഴം വെളിപ്പെടുത്തുകയും ചെയ്യും.—യാക്കോബ് 1:2-4.
യഹോവയിലുള്ള ആശ്രയം
15. യഹോവയിൽ നാം സമ്പൂർണമായി ആശ്രയിക്കേണ്ടത് എന്തുകൊണ്ട്?
15 ‘അവൻ നമുക്കായി കരുതുന്നതാകയാൽ നമ്മുടെ സകല ഉത്കണ്ഠയും ദൈവത്തിന്റെമേൽ ഇടാൻ’ പത്രോസ് ഉദ്ബോധിപ്പിച്ചു. (1 പത്രൊസ് 5:7) അതുകൊണ്ട്, യഹോവയിൽ സമ്പൂർണ ആശ്രയം വെക്കാൻ നമുക്കു കഴിയും, കഴിയേണ്ടതാണ്. സദൃശവാക്യങ്ങൾ 3:5, 6 പറയുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” കഴിഞ്ഞകാല അനുഭവങ്ങളുടെപേരിൽ, ഉത്കണ്ഠാകുലരായ ചിലർക്കു മററു മനുഷ്യരിൽ ആശ്രയമർപ്പിക്കാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ നമ്മുടെ ജീവന്റെ ഉറവും ജീവൻ നിലനിർത്തുന്നവനുമായ നമ്മുടെ സ്രഷ്ടാവിൽ ആശ്രയം വെക്കാൻ നമുക്കു തീർച്ചയായും കാരണമുണ്ട്. ചില സംഗതികളോടു നാം എങ്ങനെ പ്രതികരിക്കുമെന്നു നമുക്കു നിശ്ചയമില്ലായിരിക്കാം. എങ്കിലും ദുരന്തങ്ങളിൽനിന്നു നമ്മെ രക്ഷിക്കാൻ നമുക്ക് എല്ലായ്പോഴും യഹോവയിൽ ആശ്രയിക്കാനാവും.—സങ്കീർത്തനം 34:18, 19; 36:9; 56:3, 4.
16. ഭൗതികവസ്തുക്കളെ സംബന്ധിച്ചുള്ള ഉത്കണ്ഠയെക്കുറിച്ചു യേശുക്രിസ്തു എന്തു പറഞ്ഞു?
16 ദൈവത്തിൽ ആശ്രയം വെക്കുന്നതിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിനെ അനുസരിക്കുന്നതും ഉൾപ്പെടുന്നു. പിതാവിൽനിന്നു പഠിച്ച സംഗതികളാണ് അവൻ പഠിപ്പിച്ചത്. (യോഹന്നാൻ 7:16) യഹോവയെ സേവിച്ചുകൊണ്ട് ‘സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കാൻ’ യേശു തന്റെ ശിഷ്യൻമാരെ ഉദ്ബോധിപ്പിച്ചു. എന്നാൽ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയുൾപ്പെടുന്ന ഭൗതികാവശ്യങ്ങളെ സംബന്ധിച്ചോ? “നിങ്ങൾ വിചാരപ്പെടരുതു, [‘ഉത്കണ്ഠാകുലരാകുന്നതു നിർത്തുക,’ NW]” എന്നു യേശു ബുദ്ധ്യുപദേശിച്ചു. ദൈവം പക്ഷികളെ തീററിപ്പോററുന്നുവെന്ന് അവൻ സൂചിപ്പിച്ചു. അവൻ പുഷ്പങ്ങളെ മനോജ്ഞമായി അണിയിക്കുന്നു. ഇവയെക്കാളെല്ലാം മൂല്യമില്ലേ ദൈവത്തിന്റെ മാനുഷദാസൻമാർക്ക്? തീർച്ചയായും ഉണ്ട്. അതുകൊണ്ട്, “മുമ്പെ അവന്റെ രാജ്യവും [ദൈവത്തിന്റെ] നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും” എന്നു യേശു ഉദ്ബോധിപ്പിച്ചു. “അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി” എന്ന് അവൻ തുടർന്നുപറയുകയും ചെയ്തു. (മത്തായി 6:20, 25-34) അതേ, നമുക്കു ഭക്ഷണവും വസ്ത്രവും പാർപ്പിടവും ആവശ്യമാണ്. എന്നാൽ യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ, ഈ വക സംഗതികളെക്കുറിച്ചു നാം അനാവശ്യമായി വ്യാകുലപ്പെടുകയില്ല.
17. മുമ്പെ രാജ്യം അന്വേഷിക്കേണ്ടതിന്റെ ആവശ്യം നമുക്ക് എങ്ങനെ ദൃഷ്ടാന്തീകരിക്കാനാവും?
17 മുമ്പേ രാജ്യം അന്വേഷിക്കാൻ, നാം ദൈവത്തിൽ ആശ്രയം വെക്കുകയും നമ്മുടെ മുൻഗണനകൾ അതതിന്റെ ക്രമത്തിൽ വെക്കുകയും വേണം. ശ്വാസോച്ഛ്വാസത്തിനുവേണ്ടുന്ന യന്ത്രസാമഗ്രികളൊന്നും കൂടാതെ മുത്തുച്ചിപ്പി തേടി ഒരു മുങ്ങൽകാരൻ വെള്ളത്തിനടിയിലേക്കു മുങ്ങാങ്കുഴിയിട്ടേക്കാം. ഇത് അയാളുടെ കുടുംബത്തെ തീററിപ്പോററാനുള്ള ഉപാധിയാണ്. തീർച്ചയായും പ്രാധാന്യമുള്ള ഒരു മുൻഗണനതന്നെ! എന്നാൽ എന്തിനാണു കൂടുതൽ പ്രാധാന്യം? വായുവിന്! ശ്വാസകോശങ്ങളിൽ വായു നിറക്കാൻ അയാൾ മുടക്കംകൂടാതെ വെള്ളത്തിനു മുകളിൽ വന്നേ തീരൂ. വായുവിനാണു കൂടുതൽ പ്രാധാന്യമുള്ള മുൻഗണന. അതുപോലെ, ജീവിതത്തിലെ അത്യാവശ്യ സാധനങ്ങൾ ഉണ്ടാക്കാൻ നാം ഏതെങ്കിലും തരത്തിൽ ഈ വ്യവസ്ഥിതിയിൽ ഉൾപ്പെടേണ്ടിവന്നേക്കാം. എന്നുവരികിലും, ആത്മീയ കാര്യങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കണം. കാരണം നമ്മുടെ കുടുംബത്തിന്റെ ജീവൻതന്നെ ആശ്രയിച്ചിരിക്കുന്നത് ഈ സംഗതികളിലാണ്. ഭൗതിക സംഗതികളെക്കുറിച്ചുള്ള അനാവശ്യ ഉത്കണ്ഠ ഒഴിവാക്കാൻ നമുക്കു ദൈവത്തിൽ സമ്പൂർണ ആശ്രയം ഉണ്ടായിരിക്കണം. അതിലുപരി, ‘കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ടായിരിക്കുന്ന’തും ഉത്കണ്ഠ ലഘൂകരിക്കാൻ സഹായിക്കും. എന്തെന്നാൽ “യഹോവയിങ്കലെ സന്തോഷം” നമ്മുടെ ശക്തിദുർഗമാണ്.”—1 കൊരിന്ത്യർ 15:58, NW; നെഹെമ്യാവു 8:10.
നിങ്ങളുടെ ഉത്കണ്ഠ യഹോവയിൽ ഇടുന്നതിൽ തുടരുക
18. ഉത്കണ്ഠകളെല്ലാം യഹോവയിൽ ഇടുന്നതു നമ്മെ വാസ്തവത്തിൽ സഹായിക്കുമെന്നതിന് എന്തു തെളിവുണ്ട്?
18 ആത്മീയ ലക്ഷ്യത്തിൽ വ്യക്തമായി ദൃഷ്ടിപതിപ്പിച്ചു നിലകൊള്ളാൻ, നാം നമ്മുടെ ഉത്കണ്ഠ യഹോവയുടെമേൽ ഇടുന്നതിൽ തുടരണം. തന്റെ ദാസൻമാർക്കുവേണ്ടി അവൻ വാസ്തവത്തിൽ കരുതുന്നുവെന്ന് എല്ലായ്പോഴും ഓർക്കുക. ഒരു ദൃഷ്ടാന്തം പറയാം: ഭർത്താവ് അവിശ്വസ്തത കാണിച്ചതുകൊണ്ട് ഒരു ക്രിസ്തീയ സ്ത്രീ ക്രമാതീതമായി ഉത്കണ്ഠാകുലയായി. അങ്ങനെ, ഉറങ്ങാൻപോലും സാധ്യമല്ലാതായി. (താരതമ്യം ചെയ്യുക: സങ്കീർത്തനം 119:28.) എന്നിരുന്നാലും കിടക്കയിലായിരിക്കുമ്പോൾ അവൾ തന്റെ ഉത്കണ്ഠയെല്ലാം യഹോവയുടെമേൽ ഇട്ടു. താനും തന്റെ രണ്ടു കൊച്ചു പെൺകുട്ടികളും അനുഭവിക്കുകയായിരുന്ന മനോവേദനയെക്കുറിച്ച് അവൾ ഹൃദയം തുറന്ന് അവനോടു പറയുമായിരുന്നു. ആശ്വാസത്തിനായി ഉള്ളുരുകി ഉറക്കെ പ്രാർഥിച്ചശേഷം അവൾക്ക് എല്ലായ്പോഴും ഉറങ്ങാൻ സാധിക്കുമായിരുന്നു. എന്തെന്നാൽ, തന്നെയും കുട്ടികളെയും യഹോവ പരിപാലിക്കുമെന്ന വിശ്വാസം അവൾക്കുണ്ടായിരുന്നു. തിരുവെഴുത്തുപരമായി വിവാഹമോചനം നേടിയ ഈ സ്ത്രീ ഒരു മൂപ്പനെ വിവാഹം ചെയ്ത് ഇപ്പോൾ സന്തുഷ്ടയായി കഴിയുകയാണ്.
19, 20. (എ) ഉത്കണ്ഠയെ നേരിടാനാവുന്ന ഏതാനും വിധങ്ങളേവ? (ബി) നമ്മുടെ ഉത്കണ്ഠകൾ സംബന്ധിച്ചു നാം എന്തു ചെയ്യുന്നതിൽ തുടരണം?
19 യഹോവയുടെ ജനം എന്നനിലയിൽ, ഉത്കണ്ഠയെ നേരിടാൻ നമുക്കു വ്യത്യസ്ത വിധങ്ങളുണ്ട്. ദൈവവചനം ബാധകമാക്കുന്നതു വിശേഷാൽ സഹായകമാണ്. സഹായകവും നവോൻമേഷപ്രദവുമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരവും ഉണരുക!യും ഉൾപ്പെടെ, “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ ദൈവം പ്രദാനം ചെയ്യുന്ന സമ്പന്നമായ ആത്മീയ ഭക്ഷണം നമുക്കുണ്ട്. (മത്തായി 24:45-47, NW) ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായവുമുണ്ട്. സ്ഥിരവും തീക്ഷ്ണവുമായ പ്രാർഥനയും നമുക്കു വലിയ പ്രയോജനങ്ങൾ കൈവരുത്തുന്നു. ആത്മീയ സഹായവും ആശ്വാസവും പ്രദാനം ചെയ്യാൻ നിയമിത ക്രിസ്തീയ മൂപ്പൻമാർ തയ്യാറുള്ളവരും മനസ്സൊരുക്കമുള്ളവരുമാണ്.
20 നമ്മെ കുഴക്കിയേക്കാവുന്ന ഉത്കണ്ഠയെ നേരിടാൻ നമ്മുടെതന്നെ താഴ്മയും ക്ഷമയും അത്യന്തം പ്രയോജനം ചെയ്യും. വിശേഷാൽ പ്രാധാന്യമുള്ളതു യഹോവയിലുള്ള സമ്പൂർണ ആശ്രയമാണ്. എന്തെന്നാൽ നമുക്ക് അവന്റെ സഹായവും നിർദേശവും ലഭിക്കുമ്പോൾ നമ്മുടെ വിശ്വാസം കെട്ടിപ്പെടുക്കപ്പെടുന്നു. ഫലമോ, അനാവശ്യമായി കുഴങ്ങുന്നവരായിത്തീരുന്നതിൽനിന്നു ദൈവത്തിലുള്ള വിശ്വാസം നമ്മെ തടയും. (യോഹന്നാൻ 14:1) മുമ്പേ രാജ്യം അന്വേഷിക്കാനും കർത്താവിന്റെ ആഹ്ലാദകരമായ വേലയിൽ തിരക്കോടെ ഏർപ്പെടാനും വിശ്വാസം നമ്മെ പ്രേരിപ്പിക്കും. ഉത്കണ്ഠയെ നേരിടാൻ അതു നമ്മെ സഹായിക്കുകയും ചെയ്യും. അത്തരം പ്രവൃത്തി ദൈവത്തിന്റെ സ്തുതികൾ നിത്യമായി പാടുന്നവരുടെ ഇടയിൽ നമ്മെ സുരക്ഷാബോധമുള്ളവരാക്കും. (സങ്കീർത്തനം 104:33) അതുകൊണ്ട്, നമുക്കു തുടർന്നും നമ്മുടെ ഉത്കണ്ഠ യഹോവയുടെമേൽ ഇടാം.
നിങ്ങൾ എങ്ങനെ പ്രതികരിക്കും?
◻ ഉത്കണ്ഠയെ എങ്ങനെ നിർവചിക്കാം?
◻ നമുക്ക് ഉത്കണ്ഠയെ നേരിടാനാവുന്ന ചില വിധങ്ങളേവ?
◻ ഉത്കണ്ഠ ലഘൂകരിക്കാൻ താഴ്മയും ക്ഷമയും സഹായിക്കുന്നതെങ്ങനെ?
◻ ഉത്കണ്ഠയെ നേരിടുന്നതിൽ, യഹോവയിലുള്ള സമ്പൂർണ ആശ്രയം മർമപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ നാം നമ്മുടെ ഉത്കണ്ഠകളെല്ലാം യഹോവയിൽ ഇടുന്നതിൽ തുടരേണ്ടത് എന്തുകൊണ്ട്?
[24-ാം പേജിലെ ചിത്രം]
“ഉത്കണ്ഠാകുലരാകുന്നതു നിർത്തുക” എന്നു യേശു പറഞ്ഞതെന്തുകൊണ്ടെന്നു നിങ്ങൾക്ക് അറിയാമോ?