‘അനീതിയുള്ള ധനംകൊണ്ട് സ്നേഹിതൻമാരെ ഉണ്ടാക്കിക്കൊൾവിൻ’
“അനീതിയുള്ള മമ്മോനെക്കൊണ്ടു [ധനംകൊണ്ട്, NW] നിങ്ങൾക്കു സ്നേഹിതൻമാരെ ഉണ്ടാക്കിക്കൊൾവിൻ . . . അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ.”—ലൂക്കൊസ് 16:9, 10.
1. ഈജിപ്തിൽനിന്നു രക്ഷപെട്ടശേഷം മോശയും ഇസ്രായേൽ മക്കളും യഹോവയെ സ്തുതിച്ചതെങ്ങനെ?
ഒരു അത്ഭുതത്തിലൂടെ രക്ഷപെടുത്തുകയെന്നതു വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന എന്തോരനുഭവമാണ്! ഈജിപ്തിൽനിന്നുള്ള ഇസ്രായേല്യരുടെ കൂട്ടപ്പലായനത്തിന്റെ ഏക കാരണം സർവശക്തനായ യഹോവയല്ലാതെ വേറാരുമല്ല. “എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും. അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും” എന്ന് മോശയും ഇസ്രായേല്യരും പാടിയതിൽ ഒട്ടും അതിശയിക്കാനില്ല.—പുറപ്പാടു 15:1, 2; ആവർത്തനപുസ്തകം 29:2.
2. ഈജിപ്തു വിട്ടുപോന്നപ്പോൾ യഹോവയുടെ ജനം തങ്ങളോടൊപ്പം എന്തു കൊണ്ടുപോയി?
2 ഇസ്രായേല്യർക്കു പുതുതായി ലഭിച്ച സ്വാതന്ത്ര്യം അവർ ഈജിപ്തിൽ ആയിരുന്നപ്പോഴത്തെ അവസ്ഥയെക്കാൾ എത്രയോ വ്യത്യസ്തമായിരുന്നു! ഇപ്പോൾ യാതൊരു തടസ്സവും കൂടാതെ അവർക്കു യഹോവയെ ആരാധിക്കാൻ കഴിയുമായിരുന്നു. അവർ വെറുങ്കയ്യോടെയല്ല ഈജിപ്തിൽനിന്നു പോന്നതും. മോശ ഇങ്ങനെ വിവരിക്കുന്നു: “യിസ്രായേൽമക്കൾ . . . മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. യഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവർ ചോദിച്ചതൊക്കെയും അവർ അവർക്കു കൊടുത്തു; അങ്ങനെ അവർ മിസ്രയീമ്യരെ കൊള്ളയിട്ടു.” (പുറപ്പാടു 12:35, 36) എന്നാൽ ഈജിപ്തിന്റെ ഈ സമ്പത്ത് അവർ എങ്ങനെയാണ് ഉപയോഗിച്ചത്? അത് ‘യഹോവയെ പുകഴ്ത്തു’ന്നതിൽ കലാശിച്ചോ? നാം അവരുടെ ദൃഷ്ടാന്തത്തിൽനിന്ന് എന്താണു പഠിക്കുന്നത്?—താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 10:11.
‘യഹോവക്കു സംഭാവന’
3. ഇസ്രായേല്യർ വ്യാജാരാധനയിൽ സ്വർണം ഉപയോഗിച്ചത് എന്തു ചെയ്യുന്നതിനു യഹോവയെ പ്രേരിപ്പിച്ചു?
3 ഇസ്രായേലിനുവേണ്ടി ദൈവനിർദേശങ്ങൾ സ്വീകരിക്കുന്നതിനായി സീനായി പർവതത്തിൽ മോശ 40 ദിവസം തങ്ങിയപ്പോൾ താഴെ കാത്തുനിന്ന ജനങ്ങൾ അക്ഷമരായി. അവരുടെ കാതിലെ പൊൻകുണുക്കുകൾ പറിച്ച് അഹരോന്റെ കയ്യിൽ കൊടുത്തിട്ടു തങ്ങൾക്ക് ആരാധിക്കാൻ ഒരു പ്രതിമ ഉണ്ടാക്കിത്തരാൻ അവർ അവനോടു നിർദേശിച്ചു. അഹരോൻ അവർക്ക് ഒരു യാഗപീഠവും പണിതു കൊടുത്തു. അടുത്തദിവസം രാവിലെ അവർ അവിടെ യാഗങ്ങൾ അർപ്പിച്ചു. അവർ സ്വർണം ഈ വിധത്തിൽ ഉപയോഗിച്ചത് അവരെ തങ്ങളുടെ രക്ഷിതാവിലേക്ക് അടുപ്പിച്ചോ? തീർച്ചയായും ഇല്ല! “എന്റെ കോപം അവർക്കു വിരോധമായി ജ്വലിച്ചു ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന്നു എന്നെവിടുക” എന്നു യഹോവ മോശയോട് അരുളിച്ചെയ്തു. മോശ കേണപേക്ഷിച്ചതുകൊണ്ടു മാത്രമാണു യഹോവ ജനതയെ വെറുതെ വിട്ടത്. എങ്കിലും മത്സരികളായ ലഹളത്തലവൻമാർ ദൈവകോപത്തിനിരയായി കൊല്ലപ്പെട്ടു.—പുറപ്പാടു 32:1-6, 10-14, 30-35.
4. ‘യഹോവക്കു സംഭാവന’ എന്തായിരുന്നു, അതു നൽകിയതാർ?
4 പിന്നീട്, യഹോവയെ സന്തോഷിപ്പിച്ച വിധത്തിൽ തങ്ങളുടെ സമ്പാദ്യം ഉപയോഗിക്കുന്നതിന് ഇസ്രായേല്യർക്ക് അവസരം കൈവന്നു. അവർ “യഹോവെക്കു ഒരു വഴിപാടു [“സംഭാവന,” NW]” കൊണ്ടുവന്നു.a പൊന്ന്, വെള്ളി, ചെമ്പ്, നീലനൂൽ, വിവിധയിനം വർണപദാർഥങ്ങൾ, ആട്ടുകൊററന്റെ തോൽ, തഹശുതോൽ, ഖദിരമരം എന്നിവ തിരുനിവാസം പണിതു പൂർത്തിയാക്കുന്നതിനുവേണ്ടി നൽകിയ സംഭാവനകളിൽ ചിലതാണ്. ആ വൃത്താന്തം, സംഭാവന നൽകിയവരുടെ മനോഭാവത്തിൻമേൽ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാക്കുന്നു. “നല്ല മനസ്സുള്ളവനെല്ലാം യഹോവെക്കു വഴിപാടു [“സംഭാവന,” NW] കൊണ്ടുവരേണം.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്. [പുറപ്പാടു 35:5-9]) ഇസ്രായേൽ ഹൃദയംഗമമായി പ്രതികരിച്ചു. തൻമൂലം, ഒരു പണ്ഡിതന്റെ വാക്കുകളിൽ പറഞ്ഞാൽ, തിരുനിവാസം “മനോഹാരിതയുടെയും പ്രതാപത്തിന്റെയും ഒരു മുന്തിയ” നിർമാണമായിരുന്നു.
ആലയത്തിനുവേണ്ടിയുള്ള സംഭാവന
5, 6. ആലയത്തോടുള്ള ബന്ധത്തിൽ ദാവീദ് തന്റെ സ്വത്തുക്കൾ എങ്ങനെ ഉപയോഗിച്ചു, മററുള്ളവർ എങ്ങനെ പ്രതികരിച്ചു?
5 യഹോവയുടെ ആരാധനയ്ക്കുവേണ്ടി ശാശ്വതമായ ഒരു ഭവനത്തിന്റെ നിർമാണത്തിനു ശലോമോൻ രാജാവു മാർഗനിർദേശം നൽകിയെങ്കിലും അവന്റെ പിതാവായ ദാവീദായിരുന്നു അതിനുവേണ്ടി വൻതോതിൽ ഒരുക്കങ്ങളൊക്കെ നടത്തിയത്. ദാവീദ് സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, തടി, വിലയേറിയ കല്ലുകൾ എന്നിവ ഒരു വലിയ അളവിൽ തൊരുക്കൂട്ടി. ദാവീദ് ജനത്തോട് ഇങ്ങനെ പറഞ്ഞു: “എന്റെ ദൈവത്തിന്റെ ആലയത്തോടു എനിക്കുള്ള പക്ഷംനിമിത്തം വിശുദ്ധമന്ദിരത്തിന്നു വേണ്ടി ഞാൻ ശേഖരിച്ചതൊക്കെയും കൂടാതെ എന്റെ സ്വന്തഭണ്ഡാരത്തിലെ പൊന്നും വെള്ളിയും ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിന്നായി കൊടുത്തിരിക്കുന്നു. ആലയത്തിന്റെ ഭിത്തികളെ . . . പൊതിവാനും . . . മൂവായിരം താലന്തു പൊന്നും ഏഴായിരം താലന്ത് ഊതിക്കഴിച്ച വെള്ളിയും തന്നേ.” ഉദാര മനസ്കരായിരിക്കാൻ ദാവീദ് മററുള്ളവരെയും പ്രോത്സാഹിപ്പിച്ചു. പ്രതികരണം കണക്കിലേറെയായിരുന്നു: കൂടുതൽ സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ്, വിലയേറിയ കല്ലുകൾ. അങ്ങനെ “ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു [“സ്വമേധയാ,” NW] അവർ യഹോവെക്കു കൊടുത്തതു.”—1 ദിനവൃത്താന്തം 22:5; 29:1-9.
6 ഈ സ്വമേധയാ സംഭാവനകളിലൂടെ ഇസ്രായേല്യർ യഹോവയുടെ ആരാധനയിൽ ആഴമായ വിലമതിപ്പു പ്രകടമാക്കി. ദാവീദ് താഴ്മയോടെ പ്രാർഥിച്ചു: “ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളൂ?” എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ “സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു. . . . ഞാനോ എന്റെ ഹൃദയപരമാർഥതയോടെ ഇവയെല്ലാം മനഃപൂർവ്വമായി തന്നിരിക്കുന്നു.”—1 ദിനവൃത്താന്തം 29:14, 17.
7. ആമോസിന്റെ നാളിൽനിന്ന് എന്തു മുന്നറിയിപ്പിൻ പാഠമാണു നാം പഠിക്കുന്നത്?
7 എങ്കിലും ഇസ്രായേൽ ഗോത്രങ്ങൾ യഹോവയുടെ ആരാധന തങ്ങളുടെ മനസ്സുകളിലും ഹൃദയങ്ങളിലും മുഖ്യസ്ഥാനത്തു വയ്ക്കുന്നതിൽ പരാജയപ്പെട്ടു. പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) ഒൻപതാം നൂററാണ്ടോടെ, വിഭജിതരായ ഇസ്രായേൽ ആത്മീയ അവഗണനയുടെ കുററം വഹിക്കേണ്ടിവന്നു. വടക്കുള്ള പത്തുഗോത്ര ഇസ്രായേൽ രാജ്യത്തെക്കുറിച്ചു യഹോവ ആമോസ് പ്രവാചകൻ മുഖാന്തരം ഇങ്ങനെ അരുളിച്ചെയ്തു: “സീയോനിൽ സ്വൈരികളായി ശമര്യാപർവ്വതത്തിൽ നിർഭയരായി . . . വന്നു ചേരുന്നവരായുള്ളോരേ, നിങ്ങൾക്കു അയ്യോ കഷ്ടം!” “ആനക്കൊമ്പുകൊണ്ടുള്ള കട്ടിലുകളിൻമേൽ ചാരിയിരിക്കയും . . . ശയ്യകളിൻമേൽ നിവർന്നു കിടക്കയും ആട്ടിൻകൂട്ടത്തിൽനിന്നു കുഞ്ഞാടുകളെയും തൊഴുത്തിൽനിന്നു പശുക്കിടാക്കളെയും തിന്നുകയും . . . കലശങ്ങളിൽ വീഞ്ഞു കുടിക്കയും ചെയ്യുന്ന” പുരുഷൻമാർ എന്ന് അവൻ അവരെ വർണിച്ചു. എന്നാൽ അവരുടെ സമ്പത്ത് അവർക്കു സംരക്ഷണമായിരുന്നില്ല. “അവർ ഇപ്പോൾ പ്രവാസികളിൽ മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവർന്നു കിടക്കുന്നവരുടെ മദ്യപാനഘോഷം തീർന്നുപോകും” എന്ന് ദൈവം മുന്നറിയിപ്പു നൽകി. പൊ.യു.മു. 740-ൽ ഇസ്രായേൽ അസീറിയ മുഖാന്തരം ദുരിതങ്ങൾ അനുഭവിച്ചു. (ആമോസ് 6:1, 4, 6, 7) തന്നെയുമല്ല ദക്ഷിണ രാജ്യമായ യഹൂദ യഥാക്രമം ഭൗതികത്വത്തിന് ഇരയാവുകയും ചെയ്തു.—യിരെമ്യാവു 5:26-29.
ക്രിസ്തീയകാലങ്ങളിൽ സമ്പത്തിന്റെ ഉചിതമായ ഉപയോഗം
8. വസ്തുവകകൾ ഉപയോഗിക്കുന്ന കാര്യത്തിൽ യോസേഫും മറിയയും എന്തു നല്ല ദൃഷ്ടാന്തമാണു വെച്ചിരിക്കുന്നത്?
8 അതിനു വിപരീതമായി, പിൽക്കാലങ്ങളിൽ ദൈവദാസൻമാരുടെ താരതമ്യേന ദരിദ്രമായ അവസ്ഥ ദൈവസേവനത്തിൽ തീക്ഷ്ണത പ്രകടിപ്പിക്കുന്നതിൽനിന്ന് അവരെ തടഞ്ഞില്ല. മറിയയെയും യോസേഫിനെയും കുറിച്ചു പരിചിന്തിക്കുക. ഔഗൊസ്തൊസ് കൈസറുടെ കൽപ്പനയനുസരിച്ച് അവർ തങ്ങളുടെ ജൻമനാടായ ബേത്ലഹേമിലേക്കു യാത്ര തിരിച്ചു. (ലൂക്കൊസ് 2:4, 5) അവിടെവെച്ചായിരുന്നു യേശു ജനിച്ചത്. നാൽപ്പതു നാൾ കഴിഞ്ഞു യോസേഫും മറിയയും നിർദേശാനുസരണം ശുദ്ധീകരണയാഗം അർപ്പിക്കുന്നതിന് അടുത്തുള്ള യെരുശലേമിലെ ആലയം സന്ദർശിച്ചു. തങ്ങളുടെ താഴ്ന്ന ഭൗതിക നിലയെ സൂചിപ്പിച്ചുകൊണ്ടു മറിയ രണ്ടു ചെറിയ പക്ഷികളെ ബലിയർപ്പിച്ചു. അവളോ യോസേഫോ തങ്ങൾ ദരിദ്രരാണെന്ന് ഒഴികഴിവു പറഞ്ഞില്ല. മറിച്ച്, അവർ അനുസരണയോടെ തങ്ങളുടെ പരിമിത ഉപജീവനമാർഗം ഉപയോഗിച്ചു.—ലേവ്യപുസ്തകം 12:8; ലൂക്കൊസ് 2:22-24.
9-11. (എ) നാം പണം എങ്ങനെ ചെലവഴിക്കണം എന്നതു സംബന്ധിച്ചു മത്തായി 22:21 നമുക്ക് എന്തു മാർഗനിർദേശമാണു നൽകുന്നത്? (ബി) വിധവയുടെ ചെറിയ സംഭാവന വൃഥാവിലാകാഞ്ഞത് എന്തുകൊണ്ട്?
9 പിന്നീട്, പരീശൻമാരും ഹെരോദാവിന്റെ അനുഗാമികളും, “നിനക്ക് എന്തുതോന്നുന്നു? കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം” എന്നു പറഞ്ഞുകൊണ്ടു യേശുവിനെ പരീക്ഷിക്കാൻ ശ്രമിച്ചു. യേശുവിന്റെ മറുപടി അവന്റെ വിവേചനയെ വെളിപ്പെടുത്തി. അവർ നൽകിയ നാണയത്തുട്ടിനെ പരാമർശിച്ചുകൊണ്ടു യേശു ചോദിച്ചു: “ഈ സ്വരൂപവും മേലെഴുത്തും ആരുടേതു?” “കൈസരുടേതു” എന്ന് അവർ മറുപടി പറഞ്ഞു. “എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്നു ജ്ഞാനപൂർവം പറഞ്ഞുകൊണ്ട് അവൻ ഉപസംഹരിച്ചു. (മത്തായി 22:17-21) നാണയം പുറത്തിറക്കിയ അധികാരി നികുതി പ്രതീക്ഷിക്കുന്നുവെന്നു യേശുവിന് അറിയാമായിരുന്നു. എന്നാൽ സത്യക്രിസ്ത്യാനികൾ ‘ദൈവത്തിന്നുള്ളതു ദൈവത്തിന്നു’ കൊടുക്കാനും ശ്രമംചെലുത്തുമെന്നു തന്റെ അനുഗാമികളും ശത്രുക്കളും തിരിച്ചറിയാൻ അവൻ അവിടെ അവരെ സഹായിക്കുകയായിരുന്നു. ഇതിൽ ഒരുവന്റെ ഭൗതിക സമ്പാദ്യങ്ങളുടെ ഉചിതമായ ഉപയോഗവും ഉൾപ്പെടുന്നു.
10 യേശു ദേവാലയത്തിൽ നിരീക്ഷിച്ച ഒരു സംഭവം ഇതിനു ദൃഷ്ടാന്തമാണ്. ‘വിധവമാരുടെ വീടുകളെ വിഴുങ്ങിയ’ അത്യാഗ്രഹികളായ ശാസ്ത്രിമാരെ അവൻ കുററം വിധിച്ചിട്ട് അധികം വൈകുംമുമ്പേ “അവൻ തലപൊക്കി ധനവാൻമാർ ഭണ്ഡാരത്തിൽ വഴിപാടു ഇടുന്നതു കണ്ടു” എന്നു ലൂക്കൊസ് റിപ്പോർട്ടു ചെയ്യുന്നു. “ദരിദ്രയായൊരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവൻ: ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽനിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.” (ലൂക്കൊസ് 20:46, 47; 21:1-4) ആലയം വിലയേറിയ കല്ലുകൾകൊണ്ട് അലങ്കരിച്ചതാണെന്നു ചിലയാളുകൾ സൂചിപ്പിച്ചു. “ഈ കാണുന്നതിൽ ഇടിഞ്ഞുപോകാതെ കല്ലു കല്ലിൻമേൽ ശേഷിക്കാത്ത കാലം വരും” എന്നു യേശു അതിനു പ്രത്യുത്തരം നൽകി. (ലൂക്കൊസ് 21:5, 6) ആ വിധവയുടെ എളിയ സംഭാവന വൃഥാവായോ? തീർച്ചയായും ഇല്ല. ആ സമയത്തു യഹോവ സ്ഥാപിച്ചിരുന്ന ഒരു ക്രമീകരണത്തെ അവൾ പിന്തുണയ്ക്കുകയായിരുന്നു.
11 യേശു തന്റെ യഥാർഥ അനുഗാമികളോടു പറഞ്ഞു: “ഒരു ഭൃത്യന് രണ്ടു യജമാനൻമാരെ സേവിക്കാൻ സാധിക്കുകയില്ല. ഒന്നുകിൽ അവൻ ഒരുവനെ ദ്വേഷിക്കുകയും മററവനെ സ്നേഹിക്കുകയും ചെയ്യും. അല്ലെങ്കിൽ ഒരുവനോടു ഭക്തികാണിക്കുകയും മററവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാൻ നിങ്ങൾക്കു കഴിയുകയില്ല.” (ലൂക്കാ 16:13, പി.ഒ.സി. ബൈ.) അപ്പോൾ, നമ്മുടെ ഭൗതിക വസ്തുവകകളുടെ ഉപയോഗത്തിന്റെ കാര്യത്തിൽ നമുക്ക് എങ്ങനെ ശരിയായ സമനില പ്രകടിപ്പിക്കാനാവും?
വിശ്വസ്ത ഗൃഹവിചാരകൻ
12-14. (എ) ക്രിസ്ത്യാനികൾ ഏതു വസ്തുവകകളുടെ ഗൃഹവിചാരകൻമാരാണ്? (ബി) ഏത് മഹത്തരമായ വിധങ്ങളിലാണു യഹോവയുടെ സാക്ഷികൾ തങ്ങളുടെ ഗൃഹവിചാരകത്വം വിശ്വസ്തതയോടെ നിർവഹിക്കുന്നത്? (സി) ദൈവവേലയെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ പണം ഇന്ന് എവിടെനിന്നു വരുന്നു?
12 നാം നമ്മുടെ ജീവിതം യഹോവക്കു സമർപ്പിക്കുമ്പോൾ ഫലത്തിൽ നമുക്കുള്ളതെല്ലാം, നമ്മുടെ സകല വസ്തുവകകളും അവനുള്ളതാണ് എന്നു പറയുകയാണു നാം ചെയ്യുന്നത്. എങ്കിൽ, നമുക്കുള്ളതു നാം എങ്ങനെയാണ് ഉപയോഗിക്കേണ്ടത്? സഭയിൽ ക്രിസ്തീയ സേവനത്തെക്കുറിച്ചു ചർച്ചചെയ്തുകൊണ്ടു വാച്ച് ടവർ സൊസൈററിയുടെ ഒന്നാമത്തെ പ്രസിഡണ്ടായിരുന്ന സി. ററി. റസ്സൽ സഹോദരൻ എഴുതി: “ഓരോരുത്തരേയും കർത്താവ് അവനവന്റെ സമയം, സ്വാധീനം, പണം തുടങ്ങിയവയുടെമേൽ ഗൃഹവിചാരകനായി നിയമിച്ചിരിക്കുന്നതായി ഓരോരുത്തരും കരുതേണ്ടതുണ്ട്. ഓരോരുത്തരും യജമാനന്റെ മഹിമയ്ക്കുവേണ്ടി ഈ താലന്തുകൾ തന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കാൻ പഠിക്കേണ്ടതാണ്.”—പുതിയ സൃഷ്ടി (ഇംഗ്ലീഷ്) പേജ് 345.
13 “ഗൃഹവിചാരകൻമാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം” എന്നതാണെന്ന് 1 കൊരിന്ത്യർ 4:2 പ്രസ്താവിക്കുന്നു. ഒരു അന്താരാഷ്ട്രീയ സംഘടന എന്നനിലയിൽ യഹോവയുടെ സാക്ഷികൾ ആ വിവരണത്തിനു ചേർച്ചയിൽ ജീവിക്കുന്നതിനു തങ്ങളാൽ കഴിയുന്നത്രയും സമയം ക്രിസ്തീയ ശുശ്രൂഷയിൽ ചെലവഴിക്കുകയും പഠിപ്പിക്കാനുള്ള കഴിവുകൾ ശ്രദ്ധാപൂർവം നട്ടുവളർത്തുകയും ചെയ്തുകൊണ്ടു കഠിനശ്രമം ചെയ്യുന്നു. കൂടാതെ, പ്രാദേശിക നിർമാണക്കമ്മിററിയുടെ മാർഗനിർദേശത്തിൻ കീഴിൽ സന്നദ്ധസേവകരുടെ സംഘങ്ങൾ ആരാധനയ്ക്കുവേണ്ടി ഒന്നാന്തരം യോഗ ഹാളുകൾ നിർമിക്കുന്നതിനു തങ്ങളുടെ സമയം, ശക്തി, വൈദഗ്ധ്യം എന്നിവ സ്വമനസ്സാലേ നൽകുന്നു. ഇതിലെല്ലാം യഹോവ വളരെ സന്തുഷ്ടനാണ്.
14 ഇത്രയും വിപുലമായ പഠിപ്പിക്കൽ പ്രസ്ഥാനത്തെയും നിർമാണ പ്രവർത്തനത്തെയുമൊക്കെ പിന്തുണയ്ക്കുന്നതിനു പണം എവിടെനിന്നാണു വരുന്നത്? തിരുനിവാസത്തിന്റെ നിർമാണ നാളിലെന്നപോലെ മനസ്സൊരുക്കമുള്ളവരിൽനിന്ന്. വ്യക്തിഗതമായി നമുക്ക് അതിലൊരു പങ്കുണ്ടോ? യഹോവയുടെ സേവനം നമുക്കു പരമപ്രധാനമാണെന്നു നാം നമ്മുടെ ഭൗതിക വസ്തുവകകൾ ഉപയോഗിക്കുന്ന വിധം പ്രകടമാക്കുന്നുണ്ടോ? പണസംബന്ധമായ കാര്യങ്ങളിൽ നമുക്കു വിശ്വസ്ത ഗൃഹവിചാരകൻമാർ ആയിരിക്കാം.
ഉദാരതയുടെ ഒരു മാതൃക
15, 16. (എ) പൗലോസിന്റെ നാളിലെ ക്രിസ്ത്യാനികൾ എങ്ങനെയാണ് ഉദാര മനഃസ്ഥിതി പ്രകടിപ്പിച്ചത്? (ബി) നാം ഈ ചർച്ചയെ എങ്ങനെ വീക്ഷിക്കേണ്ടതുണ്ട്?
15 മക്കെദോന്യയിലും അഖായയിലുമുള്ള ക്രിസ്ത്യാനികളുടെ ഉദാര മനഃസ്ഥിതിയെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് എഴുതി. (റോമർ 15:26) സ്വയം ബുദ്ധിമുട്ടിലായിരുന്നിട്ടും തങ്ങളുടെ സഹോദരങ്ങളെ സഹായിക്കുന്നതിന് അവർ സത്വരം സംഭാവനചെയ്തു. കൊരിന്തിലെ ക്രിസ്ത്യാനികളെ, അവരുടെ സുഭിക്ഷം മററുള്ളവരുടെ കുറവു നികത്തുന്നതിന് ഉദാരമനസ്സോടെ ദാനം ചെയ്യാൻ പൗലോസ് പ്രോത്സാഹിപ്പിച്ചു. അപഹരിച്ചെടുക്കുകയായിരുന്നെന്ന് ആർക്കും പൗലോസിനെ ന്യായമായി കുററപ്പെടുത്താനാവില്ലായിരുന്നു. “ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരാളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ. അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു” എന്ന് അവൻ എഴുതി.—2 കൊരിന്ത്യർ 8:1-3, 14; 9:5-7, 13.
16 ഇന്നത്തെ ലോകവ്യാപകമായ രാജ്യവേലയ്ക്കുവേണ്ടി സഹോദരങ്ങളും താത്പര്യക്കാരും നൽകുന്ന അകമഴിഞ്ഞ സംഭാവനകൾ അവർ ഈ പദവിയെ എത്രമാത്രം വിലമതിക്കുന്നുവെന്നതിന്റെ തെളിവാണ്. പൗലോസ് കൊരിന്ത്യരെ ഓർമിപ്പിച്ചതുപോലെ നാമും ഈ ചർച്ചയെ ഒരു ഓർമിപ്പിക്കലായി കരുതുന്നതു നന്നായിരിക്കും.
17. ഏതുവിധത്തിലുള്ള നൽകലിനെയാണു പൗലോസ് പ്രോത്സാഹിപ്പിച്ചത്, ഇത് ഇന്നു ബാധകമാക്കാമോ?
17 സംഭാവന നൽകുന്ന കാര്യത്തിൽ ജീവിതത്തിൽ ഒരു സംഘടിത ക്രമീകരണം പിൻപററാൻ സഹോദരൻമാർക്കു പൗലോസ് പ്രചോദനമേകി. “ആഴ്ചവട്ടത്തിൽ ഒന്നാം നാൾതോറും നിങ്ങളിൽ ഓരോരുത്തൻ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കൽ വെച്ചുകൊള്ളേണം” എന്ന് അവൻ പറഞ്ഞു. (1 കൊരിന്ത്യർ 16:1, 2) സഭയിലൂടെയോ വാച്ച് ടവർ സൊസൈററിയുടെ ഏററവും അടുത്ത ബ്രാഞ്ച് ഓഫീസിലേക്ക് നേരിട്ടോ സംഭാവന നൽകുന്ന കാര്യത്തിൽ അത് നമുക്കും നമ്മുടെ കുട്ടികൾക്കും ഒരു ദൃഷ്ടാന്തമായി ഉതകാവുന്നതാണ്. പൂർവ ആഫ്രിക്കയിലെ പട്ടണത്തിൽ പ്രസംഗവേലക്കായി നിയമിതരായ ഒരു മിഷനറി ദമ്പതിമാർ ഒരു ബൈബിളധ്യയനത്തിൽ പങ്കെടുക്കാൻ താത്പര്യക്കാരെ ക്ഷണിച്ചു. ആദ്യത്തെ ഈ യോഗത്തിനുശേഷം മിഷനറിമാർ വിവേകപൂർവം ചില നാണയത്തുട്ടുകൾ “രാജ്യവേലയ്ക്കുവേണ്ടിയുള്ള സംഭാവനകൾ” എന്നെഴുതിയ ഒരു പെട്ടിയിൽ നിക്ഷേപിച്ചു. ഹാജരായിരുന്ന മററുള്ളവരും അങ്ങനെതന്നെ ചെയ്തു. പിന്നീട്, ഈ പുതിയവർ ഒരു ക്രിസ്തീയ സഭയായി സംഘടിതമായപ്പോൾ സർക്കിട്ട് മേൽവിചാരകൻ സന്ദർശിക്കുകയും സംഭാവന നൽകുന്നതിലുള്ള അവരുടെ ക്രമത്തിൽ അവരെ അനുമോദിക്കുകയും ചെയ്തു.—സങ്കീർത്തനം 50:10, 14, 23.
18. നമ്മുടെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ നമുക്ക് എങ്ങനെ സഹായിക്കാനാവും?
18 പ്രകൃതി വിപത്തുകൾക്ക് ഇരയായവരെയും യുദ്ധത്താൽ ശൂന്യമാക്കപ്പെട്ട സ്ഥലങ്ങളിൽ ജീവിക്കുന്നവരെയും സഹായിക്കുന്നതിനുവേണ്ടി നമ്മുടെ വസ്തുവകകൾ ഉപയോഗിക്കുന്നതിനുള്ള പദവിയും നമുക്കുണ്ട്. സാമ്പത്തികവും രാഷ്ട്രീയവുമായ കോളിളക്കങ്ങൾ പൂർവ യൂറോപ്പിൽ ആഞ്ഞടിച്ചപ്പോൾ ലോകത്തിന്റെ ആ ഭാഗത്തേക്കു ദുരിതാശ്വാസ സാധനങ്ങൾ അയച്ചുവെന്നു വായിച്ച് നാം എത്ര പുളകിതരായി! വസ്തുവകകളായും പണമായും നമ്മുടെ സഹോദരങ്ങൾ നൽകിയ സംഭാവനകൾ വിഷമസ്ഥിതിയിലായിരുന്ന ക്രിസ്ത്യാനികളോടുണ്ടായിരുന്ന അവരുടെ ഉദാരതയെയും ഐക്യത്തെയും പ്രകടമാക്കി.b—2 കൊരിന്ത്യർ 8:13, 14.
19. മുഴുസമയ സേവനത്തിലുള്ളവരെ സഹായിക്കുന്നതിനു നമുക്ക് എന്തെല്ലാം പ്രായോഗിക സംഗതികൾ ചെയ്യാനാവും?
19 പയനിയർമാർ, സഞ്ചാരമേൽവിചാരകൻമാർ, മിഷനറിമാർ, ബെഥേൽ സന്നദ്ധസേവകർ എന്നീ നിലകളിൽ മുഴുസമയ സേവനത്തിൽ ഏർപ്പെടുന്ന സഹോദരങ്ങളുടെ വേലയെ നാം അത്യന്തം വിലമതിക്കുന്നു, ഇല്ലേ? നമ്മുടെ സാഹചര്യം അനുവദിക്കുന്നതുപോലെ അവർക്കു നേരിട്ടു ഭൗതിക സഹായം നൽകുന്നതിനു നമുക്കു കഴിഞ്ഞേക്കും. ദൃഷ്ടാന്തത്തിന്, സർക്കിട്ട് മേൽവിചാരകൻ നിങ്ങളുടെ സഭ സന്ദർശിക്കുന്ന സമയത്ത് അദ്ദേഹത്തിനു താമസസൗകര്യം, ഭക്ഷണം, അല്ലെങ്കിൽ യാത്രച്ചെലവ് എന്നിവ നൽകുന്നതിനു നിങ്ങൾക്കു കഴിഞ്ഞേക്കും. അത്തരം ഉദാരത നമ്മുടെ സ്വർഗീയ പിതാവിന്റെ ശ്രദ്ധയിൽ പെടാതെ പോകുന്നില്ല. കാരണം, തന്റെ ദാസൻമാരെ പരിപാലിക്കണമെന്നാണ് അവൻ ആഗ്രഹിക്കുന്നത്. (സങ്കീർത്തനം 37:25) ഏതാനും വർഷം മുമ്പ്, ലഘുഭക്ഷണം മാത്രം നൽകാൻ പ്രാപ്തിയുണ്ടായിരുന്ന ഒരു സഹോദരൻ ഒരു സഞ്ചാരമേൽവിചാരകനെയും ഭാര്യയെയും ക്ഷണിക്കുകയുണ്ടായി. ആ ദമ്പതികൾ സായാഹ്ന വയൽസേവനത്തിനായി ഇറങ്ങിത്തിരിക്കുന്നേരം സഹോദരൻ തന്റെ സന്ദർശകരുടെ കൈവശം ഒരു കവർ നൽകി. അതിനുള്ളിൽ ഒരു ബാങ്ക് നോട്ടും (ഒരു യു.എസ്. ഡോളറിന്റെ മൂല്യമുള്ളത്) അതോടൊപ്പം, ഒരു കുറിപ്പും ഉണ്ടായിരുന്നു. കുറിപ്പിൽ “ഒരു കപ്പു ചായക്ക് അല്ലെങ്കിൽ നാലര ലിററർ പെട്രോളിന്” എന്ന് എഴുതിയിരുന്നു. ഈ എളിയ പെരുമാററരീതിയിൽ എത്രമാത്രം വിലമതിപ്പാണു പ്രകടമായിരിക്കുന്നത്!
20. നാം മറന്നുകളയാൻ ആഗ്രഹിക്കാത്ത പദവിയും ഉത്തരവാദിത്വവും ഏവ?
20 ആത്മീയമായി, യഹോവയുടെ ജനം അനുഗൃഹീതരാണ്! നമ്മുടെ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും നാം ആത്മീയ വിരുന്ന് ആസ്വദിക്കുന്നു. പുതിയ പ്രസിദ്ധീകരണങ്ങളും നല്ല ബോധനവും പ്രായോഗിക ബുദ്ധ്യുപദേശവും നമുക്ക് അവിടെനിന്നു ലഭിക്കുന്നു. ആത്മീയ അനുഗ്രഹങ്ങൾമൂലം നമ്മുടെ ഹൃദയങ്ങൾ വിലമതിപ്പിനാൽ നിറഞ്ഞുതുളുമ്പുന്നു. തൻമൂലം ദൈവരാജ്യത്തിന്റെ താത്പര്യങ്ങൾ ലോകവ്യാപകമായി വ്യാപിപ്പിക്കുന്നതിനു സംഭാവന നൽകുന്നതിനുള്ള നമ്മുടെ പദവിയും ഉത്തരവാദിത്വവും നാം മറന്നു കളയുന്നില്ല.
‘അനീതിയുള്ള ധനംകൊണ്ടു സ്നേഹിതൻമാരെ ഉണ്ടാക്കിക്കൊൾവിൻ’
21, 22. ‘അനീതിയുള്ള ധന’ത്തിന് ഉടൻ എന്തു സംഭവിക്കും, തൻമൂലം നാം ഇപ്പോൾ എന്തു ചെയ്യേണ്ടിയിരിക്കുന്നു?
21 യഹോവയുടെ ആരാധന നമ്മുടെ ജീവിതത്തിൽ പ്രഥമസ്ഥാനത്തു നിൽക്കുന്നുവെന്നു നമുക്ക് അനേക വിധങ്ങളിൽ കാണിക്കാൻ കഴിയും. അപ്രകാരം ചെയ്യുന്നതിനുള്ള ഒരു പ്രധാന മാർഗം യേശുവിന്റെ പിൻവരുന്ന ബുദ്ധ്യുപദേശം കൈക്കൊള്ളുന്നതാണ്: “അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതൻമാരെ ഉണ്ടാക്കിക്കൊൾവിൻ . . . അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും.”—ലൂക്കൊസ് 16:9.
22 അനീതിയുള്ള ധനം ക്ഷയിച്ചുപോകുമെന്നു യേശു പറഞ്ഞുവെന്നതു ശ്രദ്ധിക്കുക. അതേ, ഈ വ്യവസ്ഥിതിയുടെ ധനത്തിനു വിലയില്ലാതാകുന്ന നാൾ വരും. “അവർ തങ്ങളുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്നു അവർക്കു മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിന്നും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിപ്പാൻ കഴികയില്ല” എന്ന് എസെക്കിയേൽ പ്രവചിക്കുകയുണ്ടായി. (യെഹെസ്കേൽ 7:19) ഇതു സംഭവിക്കുന്നതുവരെ നാം നമ്മുടെ ഭൗതിക വസ്തുവകകളുടെ ഉപയോഗത്തിൽ ജ്ഞാനവും വിവേചനയും ഉപയോഗിക്കണം. തൻമൂലം, “നിങ്ങൾ അനീതിയുള്ള മമ്മോനിൽ [ധനത്തിന്റെ കാര്യത്തിൽ, NW] വിശ്വസ്തരായില്ല എങ്കിൽ സത്യമായതു നിങ്ങളെ ആർ ഭരമേല്പിക്കും? നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും [ധനത്തെയും, NW] സേവിപ്പാൻ കഴികയില്ല” എന്ന യേശുവിന്റെ മുന്നറിയിപ്പിനു ചെവി ചായ്ച്ചില്ലല്ലോ എന്നോർത്തു പിന്നീടു നാം ഖേദിക്കേണ്ടി വരില്ല.—ലൂക്കൊസ് 16:11-13.
23. നാം ഏതു സംഗതി ജ്ഞാനപൂർവം ഉപയോഗിക്കണം, നമ്മുടെ പ്രതിഫലം എന്തായിരിക്കും?
23 അതുകൊണ്ട്, യഹോവയുടെ ആരാധന നമ്മുടെ ജീവിതത്തിൽ പ്രഥമ സ്ഥാനത്തു വയ്ക്കാനും നമ്മുടെ ഭൗതിക വസ്തുവകകളെല്ലാം ജ്ഞാനപൂർവം ഉപയോഗിക്കാനുമുള്ള ഈ ഓർമിപ്പിക്കലുകൾക്കു നമുക്കെല്ലാം വിശ്വസ്തതയോടെ ചെവികൊടുക്കാം. അങ്ങനെ, സമ്പത്തു കൈവെടിയുമ്പോൾ നിത്യജീവന്റെ പ്രത്യാശ സഹിതം നമ്മെ സ്വർഗീയ രാജ്യത്തിലെയോ പറുദീസാ ഭൂമിയിലെയോ “നിത്യകൂടാരങ്ങളിൽ . . . ചേർത്തുകൊ”ള്ളുമെന്നു വാഗ്ദത്തം ചെയ്തിരിക്കുന്ന യഹോവയും യേശുവുമായുള്ള നമ്മുടെ സുഹൃദ്ബന്ധം നമുക്കു നിലനിർത്താം.—ലൂക്കൊസ് 16:9.
[അടിക്കുറിപ്പുകൾ]
a “സംഭാവന” എന്ന എബ്രായ പദം, “ഉയർന്നിരിക്ക; ഉന്നതമാക്കപ്പെടുക; ഉയർത്തുക” എന്ന് അക്ഷരാർഥമുള്ള ഒരു ക്രിയാപദത്തിൽനിന്നാണു വന്നിരിക്കുന്നത്.
b 1993-ൽ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 307-15 പേജുകൾ കാണുക.
നിങ്ങൾ ഓർക്കുന്നുവോ?
◻ തിരുനിവാസത്തിന്റെ നിർമാണത്തിനു സംഭാവന നൽകുന്നതിനുള്ള യഹോവയുടെ ക്ഷണത്തോട് ഇസ്രായേല്യർ എങ്ങനെ പ്രതികരിച്ചു?
◻ വിധവയുടെ സംഭാവന വൃഥാവാകാഞ്ഞത് എന്തുകൊണ്ട്?
◻ ക്രിസ്ത്യാനികൾ തങ്ങളുടെ വസ്തുവകകൾ ഉപയോഗിക്കുന്നതിനോടുള്ള ബന്ധത്തിൽ എന്ത് ഉത്തരവാദിത്വം വഹിക്കുന്നു?
◻ ഖേദിക്കേണ്ടി വരാത്തവിധം നമുക്ക് എങ്ങനെ പണം ചെലവഴിക്കാം?
[15-ാം പേജിലെ ചിത്രം]
വിധവയുടെ സംഭാവന ചെറുതെങ്കിലും വൃഥാവായില്ല
[16, 17 പേജിലെ ചിത്രം]
നമ്മുടെ സംഭാവന ലോകവ്യാപക രാജ്യവേലയെ പിന്തുണയ്ക്കുന്നു