സാത്താന്റെയും അവന്റെ വേലകളുടെയുംമേൽ വിജയംവരിക്കൽ
1. “ദുഷ്ടന്റെ കൈ” മുഖാന്തരം മനുഷ്യവർഗം ഇന്ന് എങ്ങനെയാണു ബാധിക്കപ്പെട്ടിരിക്കുന്നത്?
“നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.”—യാക്കോബ് 4:7.
“ഭൂമി ദുഷ്ടന്റെ കൈകളിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നു” എന്ന് ഇയ്യോബ് ശരിയായി പ്രസ്താവിക്കുകയുണ്ടായി. (ഇയ്യോബ് 9:24, NW) മനുഷ്യ ചരിത്രത്തിലെ ഏററവും ദുർഘടമായ സമയത്തെ അഭിമുഖീകരിക്കുകയാണു നാമിപ്പോൾ. എന്തുകൊണ്ട്? എന്തെന്നാൽ, ഭൂമിയുടെമേലുള്ള സാത്താന്റെ പൈശാചിക മേധാവിത്വത്തിന്റെ “അവസാന നാളുക”ളാണ് ഇവ. സാത്താന്റെ പ്രേരണയാൽ ‘ദുഷ്ടമനുഷ്യരും മായാവികളും [“വഞ്ചകരും,” NW] വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരുന്ന’തിൽ അത്ഭുതപ്പെടാനില്ല. (2 തിമൊഥെയൊസ് 3:1, 13) ഇതിനുപുറമേയാണു പീഡനങ്ങൾ, അനീതി, ദുഷ്ടത, കുററകൃത്യങ്ങൾ, സാമ്പത്തിക ഞെരുക്കങ്ങൾ, മാറാരോഗങ്ങൾ, വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ, വൈകാരികത്തകർച്ചകൾ എന്നിവയുള്ളത്. ഇവയും മററു പലസംഗതികളും നമ്മെ അതിയായി ഭാരപ്പെടുത്തിയേക്കാം.
2. സാത്താന്റെ ആക്രമണങ്ങളെ നമുക്ക് ഇന്ന് എങ്ങനെ നേരിടാം?
2 പിശാചായ സാത്താൻ എന്ന വലിയ പ്രതിയോഗി മനുഷ്യവർഗത്തിന്റെമേൽ, പ്രത്യേകിച്ച് ദൈവത്തിന്റെ സത്യാരാധകരുടെമേൽ, ഉന്നംവെച്ചുള്ള ആക്രമണം നടത്തുകയാണ്. നിർമലത പാലിക്കാൻ സാധ്യതയുള്ള സകലരെയും ദൈവത്തിനെതിരെ തിരിച്ച്, തനിക്കും തന്റെ ഭൂതദൂതൻമാർക്കുമൊപ്പം അവരെയും നാശത്തിലെത്തിക്കുകയാണ് അവന്റെ ലക്ഷ്യം. എങ്കിലും, നിർമലതയോടെ സഹിച്ചുനിൽക്കുന്നെങ്കിൽ, പിശാചു നമ്മെ വിട്ട് ഓടിപ്പോകുമെന്ന ഉറപ്പു നമുക്കുണ്ട്. യേശുവിനെപ്പോലെ, നാം സഹിക്കുന്ന സംഗതികളിലൂടെ ദൈവത്തോടുള്ള “അനുസരണം പഠി”ക്കാൻ നമുക്കു കഴിയും. അങ്ങനെ അവന്റെ അനർഹദയയാൽ നിത്യജീവനും കരസ്ഥമാക്കാനാവും.—എബ്രായർ 5:7, 8; യാക്കോബ് 4:7; 1 പത്രൊസ് 5:8-10.
3, 4. (എ) ബാഹ്യമായ ഏതു പരിശോധനകളോടാണു പൗലോസിനു പോരാടേണ്ടിയിരുന്നത്? (ബി) ഒരു ക്രിസ്തീയ മൂപ്പൻ എന്നനിലയിൽ പൗലോസിന് എന്തു ചിന്താഭാരമുണ്ടായിരുന്നു?
3 അപ്പോസ്തലനായ പൗലോസും അനേകവിധങ്ങളിൽ പരീക്ഷിക്കപ്പെടുകയുണ്ടായി. ക്രിസ്തുവിന്റെ ഒരു ശുശ്രൂഷകൻ എന്നനിലയിലുള്ള തെളിവുകൾ പ്രസ്താവിച്ചുകൊണ്ട് അവൻ എഴുതി: “ഞാൻ ഏററവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; യെഹൂദരാൽ ഞാൻ ഒന്നുകുറയ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു; മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളൻമാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജാതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസഹോദരൻമാരാലുള്ള ആപത്തു; അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത.
4 “എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവ്വ സഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു. ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു?” (2 കൊരിന്ത്യർ 11:23-29) അങ്ങനെ, പുറമേനിന്നു പീഡനങ്ങളും പരിശോധനകളും നേരിട്ടപ്പോൾ പൗലോസ് നിർമലത കാത്തു. ഒരു ക്രിസ്തീയ മൂപ്പൻ എന്നനിലയിൽ, സഭയിലെ ബലഹീനരായ സഹോദരീസഹോദരൻമാരെ നിർമലത കാത്തുകൊള്ളാൻ സഹായിച്ചുകൊണ്ട് ശക്തീകരിക്കുന്നതിൽ അവൻ ബദ്ധശ്രദ്ധനായിരുന്നു. ഇന്നത്തെ ക്രിസ്തീയ മൂപ്പൻമാർക്ക് എന്തൊരു ഉത്തമ മാതൃക!
പീഡനത്തിൻമധ്യേ നിർമലത
5. നേരിട്ടുള്ള പീഡനത്തിനുള്ള മറുമരുന്ന് എന്ത്?
5 നിർമലത തകർക്കാൻ സാത്താൻ ഉപയോഗിക്കുന്ന തന്ത്രങ്ങൾ എന്തെല്ലാമാണ്? മുകളിൽ സൂചിപ്പിച്ചതുപോലെ, നേരിട്ടുള്ള പീഡനമാണു സാത്താന്റെ ഏററവും നീചമായ ഒരു തന്ത്രം. എന്നാൽ അതിനു മറുമരുന്നുണ്ട്. “കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ. പിശാചിന്റെ തന്ത്രങ്ങളോടു [‘കൗശല പ്രവൃത്തികളോട്,’ NW അടിക്കുറിപ്പ്] എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ” എന്ന് എഫെസ്യർ 6:10, 11 നമ്മെ ബുദ്ധ്യുപദേശിക്കുന്നു.
6. യഹോവയുടെ സാക്ഷികൾ “പൂർണ്ണജയം പ്രാപി”ച്ചിരിക്കുന്നുവെന്ന് എങ്ങനെ പ്രകടമാക്കാം?
6 ഈ അന്ത്യനാളുകളിൽ യഹോവയുടെ സാക്ഷികൾക്കു പലപ്പോഴും പരിശോധനകളെ നേരിടേണ്ടതായി വന്നിട്ടുണ്ട്. അതുകൊണ്ട്, പൗലോസിനോടൊപ്പം നമുക്ക് ഇങ്ങനെ പറയാനാവും: “നാമോ നമ്മെ സ്നേഹിച്ചവൻമുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.” (റോമർ 8:37) 1933-നും 1945-നുമിടയിലെ നാസിഭരണ കാലഘട്ടത്തിൽ ജർമനി, ഓസ്ട്രിയ, പോളണ്ട്, യൂഗോസ്ലാവിയ എന്നിവിടങ്ങളിലെ തടങ്കൽപ്പാളയങ്ങളിലും 1945 മുതൽ 1989 വരെയുള്ള കാലഘട്ടത്തിൽ പൂർവ യൂറോപ്യൻ രാജ്യങ്ങളിൽ നടന്ന കമ്മ്യുണിസ്ററ് അടിച്ചമർത്തലുകളിലും ഈയിടെ ആഫ്രിക്കയുടെയും ലാററിൻ അമേരിക്കയുടെയും പലഭാഗങ്ങളിൽ നടന്ന പീഡനങ്ങളിലും യഹോവയുടെ സാക്ഷികൾ പ്രകടമാക്കിയ നിർമലതയുടെ ചരിത്രം ഇതിനുള്ള തെളിവുകളാണ്.
7. എത്യോപ്യയിൽനിന്നു റിപ്പോർട്ടു ചെയ്യുന്ന, നിർമലതയുടെ പ്രചോദനാത്മകമായ ദൃഷ്ടാന്തമേത്?
7 1974-നും 1991-നും ഇടയിൽ എത്യോപ്യയിലെ യഹോവയുടെ സാക്ഷികൾ നിർമലതയുടെ ഹൃദയസ്പർശിയായ ദൃഷ്ടാന്തം കാഴ്ചവെക്കുകയുണ്ടായി. തടവിലായിരുന്ന ഒരു സഹോദരനോടു രാഷ്ട്രീയ ലക്ഷ്യം മനസ്സിൽപ്പിടിച്ചുകൊണ്ട് ഒരു അധികാരി പറഞ്ഞു: “നിങ്ങളെ പോകാൻ അനുവദിക്കുന്നതിനെക്കാൾ മെച്ചം മൃഗശാലയിൽനിന്നു സിംഹങ്ങളെ അഴിച്ചുവിടുന്നതായിരിക്കും!” ഈ നിർദയരായ ദ്രോഹികൾ യഹോവയുടെ ദാസൻമാരെ പീഡിപ്പിച്ചു. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ അപ്പീൽക്കോടതി അവരെ വധശിക്ഷക്കു വിധിക്കുകയും ചെയ്തു. ഒരു സഹോദരന്റെ ശവശരീരം പൊതുപ്രദർശനത്തിനായി വെച്ചു—ഒരു മുന്നറിയിപ്പായിട്ട്. കൂടുതൽ അയവുള്ള കോടതികളിൽ അപ്പീൽ ബോധിപ്പിച്ച സഹോദരങ്ങൾക്കു വധശിക്ഷയിൽനിന്ന് ഒഴിവാകാൻ സാധിച്ചു. ‘ജയശാലികളായ’ ഈ വിശ്വസ്തരിൽ ചിലർ 1994-ന്റെ ആരംഭത്തിൽ ആഡിസ് അബാബയിൽ നടന്ന “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനിലെ പരിപാടിയിൽ പങ്കെടുത്ത് തങ്ങളുടെ അനുഭവങ്ങൾ പങ്കു വെക്കുകയുണ്ടായി.a—യോഹന്നാൻ 16:33; താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 4:9.
8. “വർഗീയ വെടിപ്പാക്ക”ലിൽനിന്നു സാത്താൻ മുതലെടുക്കാൻ ശ്രമിച്ചിരിക്കുന്നതെങ്ങനെ?
8 മുന്നിൽനിന്നു നടത്തുന്ന നേരിട്ടുള്ള ആക്രമണങ്ങൾകൊണ്ടൊന്നും വിശ്വസ്തരായ അത്തരം സഹോദരീസഹോദരൻമാരുടെ നിർമലതയെ തകർക്കാൻ സാത്താനു കഴിഞ്ഞില്ല. അതുകൊണ്ട്, വേറെ ഏതെല്ലാം കൗശലപ്രയോഗങ്ങളാണു പിശാച് നടത്തുന്നത്? ഈ അന്ത്യനാളുകളെക്കുറിച്ച്, വെളിപ്പാടു 12:12 പറയുന്നു: “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളൂ എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” പീഡനംകൊണ്ടു ദൈവത്തിന്റെ വിശ്വസ്തജനത്തെ ഉൻമൂലനം ചെയ്യാൻ പരാജയപ്പെട്ടതുകൊണ്ട്, കോപാകുലനായ അവന്റെ ഇന്നത്തെ ശ്രമം ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാനാണ്, തീർച്ചയായും മററു ജനങ്ങളോടൊപ്പം യഹോവയുടെ ജനത്തെയും നശിപ്പിക്കുക എന്ന ലക്ഷ്യത്തിൽത്തന്നെ. അങ്ങനെയാണ് വർഗീയ വെടിപ്പാക്കൽ എന്നു പറയുന്ന പ്രവർത്തനം മുൻ യൂഗോസ്ലാവിയയുടെ ഭാഗങ്ങളിൽ നടന്നത്. ലൈബീരിയ, ബുറൂണ്ടി, റുവാണ്ട എന്നിവിടങ്ങളിലാകട്ടെ, വർഗവിച്ഛേദനത്തിനുള്ള ശ്രമങ്ങളും നടന്നു.
9. സാത്താന്റെ തന്ത്രങ്ങൾ പലപ്പോഴും പൊളിയുന്നതെന്തുകൊണ്ട്? ഉദാഹരണങ്ങൾ നൽകുക.
9 എന്നുവരികിലും, സാത്താന്റെ തന്ത്രങ്ങൾ പലപ്പോഴും അവനുതന്നെ തിരിച്ചടിയാകാറുണ്ട്. കാരണം, തങ്ങളുടെ പ്രത്യാശ അടിസ്ഥാനപ്പെടുത്തേണ്ടത് യഹോവയുടെ സാക്ഷികൾ സതീക്ഷ്ണം പ്രഘോഷിക്കുന്ന ദൈവരാജ്യത്തിൽമാത്രമാണ് എന്ന ബോധ്യം പൈശാചിക പീഡനം നിമിത്തം പരമാർഥഹൃദയരായ ആളുകളിൽ മുളയെടുക്കുന്നു. (മത്തായി 12:20) തീർച്ചയായും, താത്പര്യക്കാർ രാജ്യത്തിലേക്ക് ഓടിയെത്തുകയാണ്! ഉദാഹരണത്തിന്, പോരാട്ടത്താൽ പിച്ചിച്ചീന്തപ്പെട്ട ബോസ്നിയയിലും ഹെർട്സെഗോവിനയിലും 1994 മാർച്ച് 26-നു യേശുവിന്റെ മരണത്തിന്റെ സ്മാരകാഘോഷത്തിൽ 1,307 പേർ പങ്കെടുത്തു, അതായത്, കഴിഞ്ഞവർഷത്തെക്കാൾ 291 പേർ കൂടുതൽ. സാരയെവോയിലും (414) സ്സെനററ്സയിലും (223) ററൂസ്ലായിലും (339) ബാന്യ ലൂക്കയിലും (255) മററു പട്ടണങ്ങളിലും അത്യുച്ച ഹാജരുകൾ രേഖപ്പെടുത്തുകയുണ്ടായി. അയൽരാജ്യമായ ക്രൊയേഷ്യയിലും ഹാജർ അത്യുച്ചമായിരുന്നു, 8,326 പേർ. “കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവി”ച്ചുകൊണ്ടിരിക്കുക എന്ന കൽപ്പന അനുസരിക്കുന്നതിൽനിന്ന് ആ രാജ്യങ്ങളിലെ യഹോവയുടെ സാക്ഷികളെ പിന്തിരിപ്പിക്കാൻ അവർക്കു ചുററും നടമാടുകയായിരുന്ന അക്രമങ്ങൾക്കൊന്നും സാധിച്ചില്ല.—1 കൊരിന്ത്യർ 11:26.
പോരാട്ടത്താൽ ചീന്തപ്പെട്ട റുവാണ്ടയിൽ
10, 11. (എ) ക്രിസ്തീയമെന്നു പറയപ്പെടുന്ന റുവാണ്ടയിൽ എന്തു സംഭവിച്ചു? (ബി) വിശ്വസ്തരായ മിഷനറിമാർ സ്വയം എന്ത് ആശയം പ്രകടിപ്പിച്ചിരിക്കുന്നു?
10 1993-ൽ, 2,080 രാജ്യപ്രസാധകർ ഉണ്ടായിരുന്ന റുവാണ്ടയിൽ “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനിൽ പങ്കെടുത്തത് 4,075 പേരായിരുന്നു. സ്നാപനമേററവർ 230 പേരും. ഇവരിൽ 142 പേർ ഉടനടി സഹായ പയനിയർസേവനത്തിനുവേണ്ടി അപേക്ഷിച്ചു. ഭവന ബൈബിളധ്യയനങ്ങൾ 7,655 ആയി കുതിച്ചുയർന്നു. ഇതൊന്നും സാത്താന് അത്ര രുചിച്ചില്ലെന്നതു സ്പഷ്ടം! ആളുകളിൽ ഭൂരിപക്ഷവും ക്രിസ്ത്യാനികളാണെന്നു പറയുന്നുണ്ടെങ്കിലും ഗോത്രങ്ങൾക്കിടയിൽ കൂട്ടക്കൊലകൾ ആരംഭിച്ചു. വത്തിക്കാനിൽനിന്നുള്ള ല ഒസ്സർവാതൊറെ റോമാനോ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “എങ്ങനെ നോക്കിയാലും ഇതു വർഗവിച്ഛേദംതന്നെ. നിർഭാഗ്യവശാൽ ഇതിനു കത്തോലിക്കരും ഉത്തരവാദികളാണ്.” പുരുഷൻമാരും സ്ത്രീകളും കുട്ടികളുമടക്കം ഏതാണ്ട് അഞ്ചു ലക്ഷം പേർക്കു ജീവാപായം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. വീടും നാടും വിട്ടു പലായനം ചെയ്യാൻ നിർബന്ധിതരായവരുടെ എണ്ണം 20 ലക്ഷത്തോളം വരും. തങ്ങളുടെ അക്രമരഹിതമായ ക്രിസ്തീയ നിഷ്പക്ഷത നിലനിർത്തിക്കൊണ്ട്, യഹോവയുടെ സാക്ഷികൾ ഒത്തൊരുമിച്ചു നിൽക്കാൻ ശ്രമിച്ചു. നമ്മുടെ നൂറുകണക്കിനു സഹോദരീസഹോദരൻമാർ വധിക്കപ്പെട്ടു. 65 പ്രസാധകരുള്ള ഒരു സഭയിൽ 13 പേർ കൊല്ലപ്പെട്ടു. എന്നാൽ 1994 ആഗസ്ററ് ആയപ്പോഴേക്കും അവരുടെ യോഗഹാജർ 170 ആയി ഉയർന്നു. ആദ്യമായി എത്തിയ ദുരിതാശ്വാസ സാധനങ്ങളോടൊപ്പംതന്നെ മററുരാജ്യങ്ങളിലുള്ള യഹോവയുടെ സാക്ഷികൾ അയച്ചതും എത്തി. അതിജീവിക്കുന്നവർക്കുവേണ്ടി നമുക്കു പ്രാർഥിക്കാം.—റോമർ 12:12; 2 തെസ്സലൊനീക്യർ 3:1, 2; എബ്രായർ 10:23-25.
11 ഈ ഭീകരാന്തരീക്ഷം നിലനിൽക്കേ, റുവാണ്ടയിലുണ്ടായിരുന്ന മൂന്നു മിഷനറിമാർ രക്ഷപെട്ടു. അവർ ഇങ്ങനെ എഴുതുന്നു: “ലോകത്തെവിടെയും നമ്മുടെ സഹോദരങ്ങൾക്കു സമാനമായ സ്ഥിതിവിശേഷമോ ഇതിലും വഷളായതോ നേരിടേണ്ടതുണ്ടായിട്ടുണ്ടെന്നു ഞങ്ങൾ തിരിച്ചറിയുന്നു. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാന നാളുകളുടെ അടയാളമാണ് ഇതെല്ലാം എന്നു ഞങ്ങൾക്ക് അറിയാം. എങ്കിലും, ഒരാൾ അതിൽ വ്യക്തിപരമായി ഉൾപ്പെടുമ്പോഴാണു സംഗതികളുടെ യാഥാർഥ്യത്തെക്കുറിച്ചു കണിശമായും ബോധവാനാകുന്നത്. അപ്പോഴാണ് ഒരുവനു മനസ്സിലാകുന്നത് ജീവൻ എത്ര വിലപ്പെട്ടതാണെന്ന്. ഞങ്ങളെ സംബന്ധിച്ചു ചില തിരുവെഴുത്തുകൾക്കു പ്രത്യേക അർഥം കൈവന്നിരിക്കുകയാണ്. പഴയ കാര്യങ്ങൾ മേലാൽ ഓർമയിലേക്കു വരികയില്ലാത്ത ആ സമയത്തേക്കു ഞങ്ങൾ നോക്കിപ്പാർത്തിരിക്കുകയാണ്. അതുവരെ യഹോവയുടെ സേവനത്തിൽ തിരക്കോടെ ചെലവഴിക്കണമെന്നാണു ഞങ്ങളുടെ ആഗ്രഹം.”
നിർമലതാപാലകരായ യുവജനങ്ങൾ
12, 13. (എ) നിർമലതാപാലനത്തിന്റെ ഏതു ഗതിയാണ് ഒരു പെൺകുട്ടി കൈക്കൊണ്ടത്? (ബി) നമ്മുടെ യുവാക്കൾ ഇന്ന് എവിടെ പ്രോത്സാഹനം കണ്ടെത്തിയേക്കാം?
12 സത്യത്തിനുവേണ്ടി കുടുംബാംഗങ്ങളാൽ പരിത്യജിക്കപ്പെടുന്നവർക്ക് “നൂറു മടങ്ങു” ആയി പ്രതിഫലം ലഭിക്കുമെന്നു യേശു സൂചിപ്പിക്കുകയുണ്ടായി. (മർക്കൊസ് 10:29, 30) ഉത്തരാഫ്രിക്കയിലെ എന്റെല്യ എന്ന പത്തു വയസ്സുകാരിയുടെ കാര്യത്തിൽ ഇതു സത്യമായിരുന്നു. ദൈവത്തിന്റെ നാമം യഹോവ എന്നു കേട്ടമാത്രയിൽത്തന്നെ അവൾക്ക് അതിഷ്ടമായി. യഹോവയുടെ സാക്ഷികളോടൊപ്പം പഠിക്കാൻ തുടങ്ങിയ അവൾ ഓരോ പ്രാവശ്യവും യോഗങ്ങൾക്കു വന്നിരുന്നത് 90 മിനിററ് നടന്നായിരുന്നു—എതിർപ്പുള്ള കുടുംബാംഗങ്ങൾ അവൾ മടങ്ങിയെത്തുമ്പോൾ പലപ്പോഴും അവളെ വീട്ടിൽ കയററാതിരുന്നിട്ടുപോലും. 13-ാമത്തെ വയസ്സിൽ അവൾ വീടുതോറും പ്രസംഗിക്കാൻ ആരംഭിച്ചു. അതോടെ കുടുംബത്തിൽനിന്നുള്ള എതിർപ്പു രൂക്ഷമായി. ഒരു ദിവസം ബന്ധുക്കൾ അവളെ കയ്യും കാലും കെട്ടി ഏഴു മണിക്കൂറോളം വെയിലത്തിട്ടു, ഇടയ്ക്കിടെ അവളുടെ ദേഹത്തേക്കു ചെളിവെള്ളം എറിയുകയും ചെയ്തുകൊണ്ടിരുന്നു. കൊടും പകയോടെ അവളെ അവർ തല്ലി, അവളുടെ ഒരു കണ്ണു നശിപ്പിച്ചു, അവസാനം വീട്ടിൽനിന്ന് ആട്ടിപ്പായിക്കുകയും ചെയ്തു. എന്നുവരികിലും, അവൾക്ക് ആശുപത്രിയിൽ ഒരു ജോലി ശരിയായി, അവസാനം ഒരു നേഴ്സായിത്തീരുകയും ചെയ്തു. 20-ാം വയസ്സിൽ സ്നാപനമേററ അവൾ ഉടനെ സഹായ പയനിയറായി പേർ ചാർത്തി. അവളുടെ നിർമലതയിൽ അന്തംവിട്ടുപോയ കുടുംബാംഗങ്ങൾ അവളെ വീട്ടിലേക്കു തിരികെ സ്വാഗതം ചെയ്തു, അവരിൽ ഒമ്പതുപേർ ബൈബിളധ്യയനം സ്വീകരിച്ചു.
13 എന്റെല്യയ്ക്കു കാര്യമായ പ്രോത്സാഹനം ലഭിച്ചതു സങ്കീർത്തനം 116-ൽനിന്നായിരുന്നു, വിശേഷിച്ച് അതിന്റെ 1-4 വരെയുള്ള വാക്യങ്ങളിൽനിന്ന്. അവൾ അതു കൂടെക്കൂടെ വായിക്കുമായിരുന്നു: “യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു. അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും. മരണപാശങ്ങൾ എന്നെ ചുററി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു!” യഹോവ അത്തരം പ്രാർഥനക്ക് ഉത്തരം കൊടുക്കുന്നു!
14. പോളണ്ടിലെ സാക്ഷികൾ മികച്ച നിർമലത പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
14 യേശുവിന്റെ നാളിലെപ്പോലെ, സാത്താൻ പലപ്പോഴും മതഭ്രാന്തു പരത്തി പീഡനത്തിന്റെ തീജ്ജ്വാല ആളിക്കത്തിച്ചിട്ടുണ്ട്, പക്ഷേ, അതെല്ലാം വെറും പാഴ്വേലകളേ ആയിട്ടുള്ളൂ. പോളണ്ടിലെ നമ്മുടെ സഹോദരങ്ങളുടെ കാര്യത്തിൽ സംഭവിച്ചതുതന്നെ ഒരു ഉത്തമ ദൃഷ്ടാന്തം. 1994-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപ്പുസ്തകത്തിൽ അതു വിവരിച്ചിട്ടുണ്ട്. നിർമലതാപാലകരെന്നു സ്വയം തെളിയിക്കാൻ യുവജനങ്ങൾപോലും നിർബന്ധിതരായി. അതിനൊരു ദൃഷ്ടാന്തമാണ് അവിടെ 1946-ൽ സംഭവിച്ചത്. “കത്തോലിക്കർ ചെയ്യുന്നതുപോലെ കുരിശുവരയ്ക്കുക. അല്ലെങ്കിൽ ദാ, ഒരൊററ വെടി, തീർന്നിരിക്കും നീ!” ഒരു 15 വയസ്സുകാരിക്കു ലഭിച്ച ആജ്ഞ. നിർമലത കാത്ത അവളെ അവർ ഒരു കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി ഭയാനകമാംവിധം പീഡിപ്പിച്ചു, എന്നിട്ട് വെടിവെച്ചു കൊന്നു.—താരതമ്യം ചെയ്യുക: മത്തായി 4:9, 10.
സാത്താന്റെ മററു കൗശല ഉപാധികൾ
15, 16. (എ) സാത്താന്റെ പൈശാചിക നയമെന്ത്, നമുക്ക് അവനെ എങ്ങനെ ചെറുത്തുനിൽക്കാം? (ബി) നമ്മുടെ യുവജനങ്ങൾ വീണുപോകേണ്ടയാവശ്യമില്ലാത്തത് എന്തുകൊണ്ട്?
15 “ഭരിക്കുക അല്ലെങ്കിൽ മുടിക്കുക” എന്നതാണ് തീർച്ചയായും സാത്താന്റെ പൈശാചിക നയം! പലവിധ മാരകായുധങ്ങളുമുണ്ട് അവന്റെ ആവനാഴിയിൽ. അതുകൊണ്ട്, അപ്പോസ്തലനായ പൗലോസ് ഇങ്ങനെ മുന്നറിയിപ്പു നൽകുന്നതിൽ യാതൊരു അത്ഭുതവുമില്ല: “നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.” (എഫെസ്യർ 6:12, 13) ഭൗതികത്വ ആഗ്രഹങ്ങൾ, തരംതാണ വിനോദങ്ങളും പരസ്യങ്ങളും, സാത്താന്യ സംഗീതം, സ്കൂളിലെ സമപ്രായക്കാരിൽനിന്നുള്ള സമ്മർദം, മയക്കുമരുന്നു ദുരുപയോഗം, മദ്യാസക്തി എന്നിവയിൽ ഏതിനും നമ്മുടെ ജീവിതത്തെ തകർക്കാനാവും. അതിനാൽ, അപ്പോസ്തലൻ തുടർന്ന് ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “എല്ലാററിനും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ.”—എഫെസ്യർ 6:16.
16 സാത്താൻ ഈ ലോകത്തെ വിചിത്ര സംഗീതത്തിൽ കുതിർത്തിരിക്കുന്ന സ്ഥിതിക്ക് ഇന്ന് ഇതു വിശേഷിച്ചും അത്യാവശ്യമാണ്. സാത്താന്യ ആരാധനയുമായി നേരിട്ടു ബന്ധമുള്ളവയാണു ചിലത്. സാൻ ഡീഗോ കൗണ്ടി (U.S.A.) ഷെരീഫിന്റെ ഓഫീസിൽനിന്നുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിച്ചു: “ഇവിടെ നടന്ന ഒരു സംഗീതസദസ്സിൽ സംഘം 15,000 കുട്ടികളെ അണിനിരത്തി. അവർ ‘നാററാസ്’ (Natas) എന്നു ജപിച്ചുകൊണ്ടേയിരുന്നു. അതാകട്ടെ, സാത്താൻ (Satan) എന്ന പദത്തിന്റെ പുറകോട്ടുള്ള ഉച്ചാരണമാണുതാനും.” “ഭഗ്നാശരായി, കോപാകുലരായി, ഏകാന്തരായി ഉഴലുന്നതുകൊണ്ട്” യുവജനങ്ങൾ ചെന്നുവീഴുന്ന കുഴിയായിട്ടാണ് സാത്താന്യ ആരാധനയെ വർണിച്ചിരിക്കുന്നത്. എന്നാൽ ക്രിസ്തീയ സഭയിലെ യുവാക്കളേ, നിങ്ങൾക്ക് അതിൽച്ചെന്നു വീഴേണ്ട ഒരാവശ്യവുമില്ല! സാത്താന്റെ ശരങ്ങൾക്കു തുളച്ചുകടക്കാനാവാത്ത ആത്മീയ പരിച നിങ്ങൾക്കു യഹോവ പ്രദാനം ചെയ്യുന്നുണ്ട്.—സങ്കീർത്തനം 16:8, 9.
17. വൈകാരികമായ വിഷാദത്തെ എങ്ങനെ മറികടക്കാനായേക്കാം?
17 വികാരങ്ങളെ ഇളക്കാനുദ്ദേശിച്ചുള്ളതാണു സാത്താന്യ തീയമ്പുകൾ. ശാരീരിക അസുഖമോ ഭയങ്കര വിഷാദാവസ്ഥയോ പോലുള്ള ജീവിതസമ്മർദങ്ങളിലൂടെ നമ്മുടെ പ്രതിയോഗി തങ്ങൾ ഒന്നിനും കൊള്ളാത്തവരാണ് എന്ന തോന്നൽ ചിലരിൽ ഉണ്ടാക്കിയേക്കാം. ദൈവസേവനത്തിൽ അധികം മണിക്കൂറുകൾ ചെലവഴിക്കാനാവാത്തതിലോ ചില സഭായോഗങ്ങളിൽ പങ്കുപററാനാവാത്തതിലോ ഒരാൾക്കു നിരുത്സാഹം തോന്നിയേക്കാം. അപ്പോൾ ആവശ്യം മൂപ്പൻമാരിൽനിന്നും ദയാവായ്പുള്ള മററു സഹോദരീസഹോദരൻമാരിൽനിന്നുമുള്ള സ്നേഹപുരസ്സരമായ പരിപാലനയാണ്. അതു പ്രയാസകരമായ മനോവ്യഥകളിൽനിന്നു മോചനം നേടാൻ അവരെ സഹായിക്കും. തന്റെ വിശ്വസ്തരായ ദാസൻമാരെ യഹോവ സ്നേഹിക്കുന്നുവെന്ന് എല്ലായ്പോഴും ഓർക്കുക. (1 യോഹന്നാൻ 4:16, 19) “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരു നാളും സമ്മതിക്കയില്ല” എന്ന് സങ്കീർത്തനം 55:22 പ്രസ്താവിക്കുന്നു.
18. ഏതു സാത്താന്യ തന്ത്രങ്ങളോടാണു ചിലർക്കു പോരാട്ടം കഴിക്കേണ്ടതുള്ളത്?
18 സാത്താന്റെ കൗശലപൂർവകമായ “തന്ത്രങ്ങ”ൾ ഈയിടെ മറെറാരു രൂപത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചെറുപ്പകാലത്തു തങ്ങൾ സാത്താന്യ ആരാധനയുടെ കരാളഹസ്തങ്ങളിലായിരുന്നു എന്ന ശക്തമായ പ്രതീതിയുളവാക്കുന്ന തടുക്കാനാവാത്ത ചിന്തകൾ ലഭിക്കുന്നതായ അനുഭവങ്ങൾ ചില രാജ്യങ്ങളിൽ പല മുതിർന്നവർക്കും ഉണ്ടായിട്ടുണ്ട്. എവിടെനിന്നാണ് അത്തരം ആശയങ്ങൾ വരുന്നത്? വിശദമായ ഗവേഷണങ്ങൾക്കുശേഷവും, വിദഗ്ധരുടെ അഭിപ്രായം പലവിധത്തിലാണ്. യഥാർഥ ഓർമകളായിത്തന്നെ ചിലർ അതിനെ വീക്ഷിക്കുന്നു. എന്നാൽ മററു ചിലരാകട്ടെ, വിവാദപരമായ ചികിത്സാരീതിയാൽ പ്രചോദിപ്പിക്കപ്പെട്ട മനസ്സിന്റെ തോന്നലുകളായും. ഇനിയും മറെറാരു കൂട്ടരുണ്ട്, അവർ അതിനെ വീക്ഷിക്കുന്നതു ശൈശവകാലത്തിലെ ഏതോ മനോവ്യഥയുടെ ഫലമായുണ്ടാകുന്ന ഒരുതരം മതിഭ്രമമായിട്ടാണ്.
19. (എ) ഇയ്യോബിന് ഏതു ചിന്തകളോടു പോരാടേണ്ടതുണ്ടായിരുന്നു? (ബി) മൂപ്പൻമാർക്ക് എലീഹൂവിന്റെ ദൃഷ്ടാന്തം എങ്ങനെ പിൻപററാം?
19 എലീഫസ്, സോഫർ എന്നിവരിലൂടെ സാത്താൻ അയച്ചുകൊടുത്ത “അസ്വാസ്ഥ്യജനകമായ ചിന്തക”ളോടു ദൈവത്തിന്റെ ദാസനായ ഇയ്യോബിനു പോരാട്ടം കഴിക്കണമായിരുന്നുവെന്നതു കൗതുകമുണർത്തുന്നതാണ്. (ഇയ്യോബ് 4:13-18, NW; 20:2, 3) അങ്ങനെ, തന്റെ മനസ്സിനെ ശല്യപ്പെടുത്തുന്ന “ഉൾക്കിടിലങ്ങ”ളെക്കുറിച്ചുള്ള “കാടുകയറിയ സംസാര”ത്തിൽ ഉൾപ്പെട്ടതിന്റെ ഫലമായി ഇയ്യോബിന് “അലട്ടൽ” ഉണ്ടായി. (ഇയ്യോബ് 6:2-4; 30:15, 16, NW) മിണ്ടാതിരുന്ന് ഇയ്യോബിനെ ശ്രദ്ധിക്കുകയായിരുന്ന എലീഹൂ കാര്യങ്ങളെക്കുറിച്ചു യഹോവക്കുള്ള സർവജ്ഞാന കാഴ്ചപ്പാടു മനസ്സിലാക്കാൻ അവനെ സഹായിച്ചു. അതുപോലെ, കൂടുതൽ “സമ്മർദങ്ങൾ” വച്ചുകൊടുക്കാതെ, ഉപദ്രവിക്കപ്പെടുന്നവരെ വേണ്ടവിധം ശ്രദ്ധിക്കുന്നുവെന്നു സഹാനുഭൂതിയുള്ള മൂപ്പൻമാർ ഇന്നു പ്രകടമാക്കുന്നു. കൂടാതെ, എലീഹൂവിനെപ്പോലെ, അവർ അവരെ ക്ഷമയോടെ ശ്രദ്ധിക്കുകയും ദൈവവചനമാകുന്ന കുളിർമയേകും തൈലം പുരട്ടുകയും ചെയ്യുന്നു. (ഇയ്യോബ് 33:1-3, 7; യാക്കോബ് 5:13-15) അങ്ങനെ, വാസ്തവമോ സാങ്കൽപ്പികമോ ആയ മനോവ്യഥയാൽ അസ്വസ്ഥമായ വികാരങ്ങളുള്ളവർക്ക് അല്ലെങ്കിൽ ഇയ്യോബിനെപ്പോലെ, ‘സ്വപ്നങ്ങൾകൊണ്ടും ദർശനങ്ങൾകൊണ്ടും ഭയപ്പെടുന്ന’വർക്കു സഭയിൽനിന്നു സാന്ത്വനപൂർവകമായ, തിരുവെഴുത്തുപരമായ ആശ്വാസം ലഭിക്കുന്നതായിരിക്കും.—ഇയ്യോബ് 7:14; യാക്കോബ് 4:7.
20. ആത്മീയ സന്തുലിതാവസ്ഥ നിലനിർത്താൻ ദുഃഖിതരായ ക്രിസ്ത്യാനികൾ എങ്ങനെ സഹായിക്കപ്പെട്ടേക്കാം?
20 ഭയപ്പെടുത്തുന്ന ഈ ചിന്തകൾക്കുപിന്നിൽ ഒരു തരത്തിലല്ലെങ്കിൽ മറെറാരു തരത്തിൽ സാത്താനുണ്ടെന്ന കാര്യത്തിൽ ഇപ്പോൾ ഒരു ക്രിസ്ത്യാനിക്കു തീർച്ച വിചാരിക്കാം. സഭയിൽ ആരെങ്കിലും ഈ വിധത്തിൽ കഷ്ടപ്പെടുന്നുണ്ടെങ്കിൽ, പേടിപ്പെടുത്തുന്ന അത്തരം മാനസിക തോന്നലുകളെ അവരുടെ ആത്മീയ സന്തുലിതാവസ്ഥയെ തകിടം മറിക്കാനുള്ള സാത്താന്റെ നേരിട്ടുള്ള ശ്രമമായി വീക്ഷിക്കുന്നത് അവരെ സംബന്ധിച്ചു ജ്ഞാനപൂർവകമാണ്. ക്ഷമയോടെയുള്ള, പരിഗണനയോടെയുള്ള തിരുവെഴുത്തുപരമായ പിന്തുണയാണ് അവർക്കാവശ്യം. മനോവിഷമം അനുഭവിക്കുന്നവർ പ്രാർഥനാപൂർവം യഹോവയിലേക്കു തിരിഞ്ഞുകൊണ്ടും തിരുവെഴുത്തുപരമായ ഇടയവേലയിൽനിന്നു പ്രയോജനം നേടിക്കൊണ്ടും സാധാരണയിൽക്കവിഞ്ഞ ശക്തി സ്വയം പ്രയോജനപ്പെടുത്തും. (യെശയ്യാവു 32:2; 2 കൊരിന്ത്യർ 4:7, 8) അങ്ങനെ, വിശ്വസ്തതയോടെ സഹിച്ചുനിൽക്കാനും അതിക്രമിച്ചു കടക്കുന്ന ദുഷ്ട ചിന്തകൾ സഭയിലെ സമാധാനത്തെ ബാധിക്കുന്നതു തടയാനും അവർക്കു കഴിയും. (യാക്കോബ് 3:17, 18) അതേ, “സാത്താനേ, എന്നെ വിട്ടുപോ” എന്ന് പറഞ്ഞപ്പോൾ യേശു കാണിച്ച അതേ ആവേശം പ്രകടമാക്കിക്കൊണ്ട് പിശാചിനോട് എതിർത്തുനിൽക്കാൻ അവർക്കു സാധിക്കും.—മത്തായി 4:10; യാക്കോബ് 4:7.
21. സാത്താന്റെ ഉപായമാർഗങ്ങളെക്കുറിച്ചു തിരുവെഴുത്തുകൾ മുന്നറിയിപ്പു നൽകുന്നതെങ്ങനെ?
21 എങ്ങനെയെങ്കിലും നമ്മുടെ മനസ്സിനെ മലിനീകരിക്കുക എന്നതാണു സാത്താന്റെ ലക്ഷ്യമെന്നു നമുക്കറിയാം. 2 കൊരിന്ത്യർ 11:3-ലെ പൗലോസിന്റെ മുന്നറിയിപ്പിൽനിന്ന് അതു വ്യക്തമാണ്: “സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” നോഹയുടെ നാളിലെ ദുഷിച്ച, അക്രമാസക്ത, സങ്കരസന്താനങ്ങളായിരുന്ന “വീഴിക്കുന്നവർ” ഉണ്ടാക്കിയെടുത്ത സ്വാധീനത്തെ അനുസ്മരിപ്പിക്കുന്നതാണു ദൈവത്തിൽനിന്ന് അന്യാധീനപ്പെട്ടുപോയ സകല ജഡങ്ങളുടെ, അഥവാ മനുഷ്യസമൂഹത്തിന്റെ, ഇന്നത്തെ അധഃപതനം. (ഉൽപ്പത്തി 6:4, 12, 13, NW അടിക്കുറിപ്പ്; ലൂക്കൊസ് 17:26) അതുകൊണ്ട്, തന്റെ ക്രോധം ചൊരിയാൻ, വിശേഷിച്ചും ദൈവജനത്തിന്റെമേൽ ചൊരിയാൻ, സാത്താൻ ഉപായനടപടികളിലും കൗശലോപാധികളിലും ആശ്രയിക്കുന്നതിൽ അതിശയമില്ല.—1 പത്രൊസ് 5:8; വെളിപ്പാടു 12:17.
22. സാത്താൻ ഇല്ലാതാകുന്നതോടെ, എന്തെല്ലാം അനുഗ്രഹങ്ങൾ പ്രതീക്ഷിക്കാനാവും?
22 ഇയ്യോബ് എന്ന ബൈബിൾപുസ്തകത്തിന്റെ അവസാനഭാഗങ്ങളിൽ സാത്താനെക്കുറിച്ചു പരാമർശിക്കുന്നേയില്ല. ദൈവത്തോടു നിർമലത കാത്തുസൂക്ഷിക്കാൻ മനുഷ്യർക്കു കഴിയില്ലെന്ന അവന്റെ ദുഷ്ടമായ വെല്ലുവിളി തെററാണെന്ന് ഇയ്യോബിന്റെ നിർമലതയാൽ തെളിഞ്ഞിരുന്നു. അതുപോലെ, സമീപഭാവിയിൽ നിർമലതാപാലകരായ “മഹാപുരുഷാരം” ‘മഹാകഷ്ടത്തിൽനിന്നു പുറത്തു വരു’മ്പോൾ സാത്താൻ അഗാധത്തിൽ അടയ്ക്കപ്പെടും. ഇയ്യോബ് അടക്കം വിശ്വാസമുള്ള പുരുഷൻമാരും സ്ത്രീകളും ഇയ്യോബിനു പ്രതിഫലമായി ലഭിച്ചതിലും മഹത്തായ പറുദീസാ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ ആ “മഹാപുരുഷാര”ത്തോടു ചേരും!—വെളിപ്പാടു 7:9-17; 20:1-3, 11-13; ഇയ്യോബ് 14:13.
[അടിക്കുറിപ്പ്]
a 1992-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപ്പുസ്തകം, പേജ് 177 കാണുക.
പുനരവലോകന ചോദ്യങ്ങൾ
◻ ഇയ്യോബ്, യേശു, പൗലോസ് എന്നിവർ നിർമലതയുടെ ഏത് ഉത്തമ ദൃഷ്ടാന്തം വെച്ചു?
◻ നിർമലതാപാലകർ സാത്താനെ നേരിട്ടിരിക്കുന്നതെങ്ങനെ?
◻ സാത്താന്റെ ഉപായോപാധികളോടു ചെറുത്തുനിൽക്കാൻ യുവാക്കൾക്കു കഴിഞ്ഞേക്കാവുന്നതെങ്ങനെ?
◻ സാത്താന്റെ തന്ത്രങ്ങളെ നേരിടാൻ എന്തു ചെയ്യാനാവും?
[7-ാം പേജിലെ ചിത്രം]
വധിക്കപ്പെട്ട തങ്ങളുടെ പിതാവിന്റെ മാതൃക പിൻപററിക്കൊണ്ട് എത്യോപ്യയിൽ മെസ്വററും യോവാലനും ഇപ്പോൾ യഹോവയെ മുഴുസമയവും സേവിക്കുന്നു
[7-ാം പേജിലെ ചിത്രം]
എന്റെല്യ, ഉത്തരാഫ്രിക്കയിലെ നിർമലതാപാലകയായ ഒരു യുവതി