നിങ്ങൾ ഈയിടെ ആരെയെങ്കിലും പ്രോത്സാഹിപ്പിച്ചുവോ?
എലനയ്ക്ക് അണ്ഡാശയാർബുദം. ഡോക്ടർമാർ അതു കണ്ടുപിടിച്ചപ്പോൾ അവൾക്കു വയസ്സ് കേവലം പതിനേഴ്. അതികഠിന വേദനയാൽ പുളയുന്ന എലന. അവളുടെ യാതന നേരിൽക്കണ്ടു വീർപ്പുമുട്ടുകയായിരുന്നു അവളുടെ അമ്മ മാരി.
അവസാനം, എലനയെ കാനറി ദ്വീപിലെ തന്റെ ഭവനത്തിൽനിന്ന് 1,900 കിലോമീററർ അകലെ സ്പെയിനിലെ മഡ്രിഡിലുള്ള ആശുപത്രിയിലേക്കു മാററി. മഡ്രിഡിൽ ഡോക്ടർമാരുടെ ഒരു സംഘം രക്തംകൂടാതെ ഓപ്പറേഷൻ നടത്താൻ തയ്യാറായിരുന്നു. (പ്രവൃത്തികൾ 15:28, 29) എന്നാൽ ഓപ്പറേഷൻ തുടങ്ങി അൽപ്പം കഴിഞ്ഞപ്പോഴേക്കും ഒരു സംഗതി വ്യക്തമായി, എലന മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന്. അർബുദം ശരീരമാകെ വ്യാപിച്ചു കഴിഞ്ഞിരുന്നു. ഡോക്ടർമാർക്കു പിന്നെ ഒന്നും ചെയ്യാനില്ലായിരുന്നു. മഡ്രിഡിൽ എത്തി എട്ടു ദിവസം കഴിഞ്ഞപ്പോൾ എലന മരിച്ചു.
മാരി ആ ഭയങ്കര അഗ്നിപരീക്ഷയെ ഒററയ്ക്കു നേരിടേണ്ടിവന്നില്ല. അവരോടും അവരുടെ മൂത്ത മകനോടും ഒപ്പം രണ്ടു ക്രിസ്തീയ മൂപ്പൻമാർ സ്വന്തം ചെലവിൽ മഡ്രിഡിലേക്കു വരികയും എലനയുടെ മരണംവരെ അവരോടൊപ്പം തങ്ങുകയും ചെയ്തു. “എന്റെ ഉള്ളിൽ എനിക്ക് അനുഭവപ്പെട്ട ഭയങ്കര ശൂന്യത അകററാൻ അവർ എന്നെ സഹായിച്ചു. അവർ എനിക്കു തന്ന പ്രോത്സാഹനം ഞാൻ ഒരിക്കലും മറക്കില്ല. അവരുടെ ആത്മീയ പിന്തുണയും പ്രായോഗിക സഹായവും മൂല്യാതീതമായിരുന്നു. അവർ വാസ്തവത്തിൽ ‘കാററിന്നു ഒരു മറവാ’യിരുന്നു,” മാരി വിശദമാക്കുന്നു.—യെശയ്യാവു 32:1, 2.
ഇവരെപ്പോലെ സ്നേഹമുള്ള ഇടയൻമാർ തങ്ങളുടെ ആടുകളെ അങ്ങേയററം ആർദ്രതയോടെ പരിപാലിക്കുന്നതിൽ യഹോവ സംപ്രീതനാണ്. (സദൃശവാക്യങ്ങൾ 19:17; 1 പത്രൊസ് 5:2-4) എന്നിരുന്നാലും, പ്രോത്സാഹനം കൊടുക്കുക എന്നതു മൂപ്പൻമാരുടെ മാത്രം പദവിയല്ല. സകല ക്രിസ്ത്യാനികളും ഒരുമിച്ചുകൂടുന്നത് ആത്മീയ പ്രബോധനം സ്വീകരിക്കാനും ‘പരസ്പരം പ്രോത്സാഹിപ്പിക്കാനു’മാണ്. (എബ്രായർ 10:24, 25, NW) ക്രിസ്തീയ സഹവാസത്തിൽ അന്തർലീനമായിരിക്കുന്ന ഒരു ഘടകമാണു പ്രോത്സാഹനം.
പ്രോത്സാഹനത്തിൽ എന്തുൾപ്പെടുന്നു?
വെള്ളമില്ലാതായാൽ ഒരു മനോഹര പുഷ്പം വാടുന്നതുപോലെ, വ്യക്തികൾ പ്രോത്സാഹനമില്ലാതായാൽ തളർന്നുപോകാം—കുടുംബത്തിലായാലും സഭയിലായാലും. എന്നാൽ അതേസമയം, പ്രലോഭനം അനുഭവിക്കുന്നവരെ ശക്തിപ്പെടുത്താനും വിഷാദചിത്തരായവർക്കു മനോവീര്യം വീണ്ടെടുക്കാനും ദൈവത്തെ വിശ്വസ്തതയോടെ സേവിക്കുന്നവരെ ഊർജസ്വലമാക്കാനും സമയോചിതമായ പ്രോത്സാഹനത്തിനു കഴിയും.
“പ്രോത്സാഹനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിൽ സാന്ത്വനം, ഉദ്ബോധനം, ആശ്വാസം എന്നീ ആശയങ്ങൾ അടങ്ങിയിരിക്കുന്നു. അതുകൊണ്ട്, ഒരാളുടെ പ്രവൃത്തികൾ കൊള്ളാം എന്നു പറയുന്നതുമാത്രമല്ല പ്രോത്സാഹനത്തിൽ അടങ്ങിയിരിക്കുന്നത്. പ്രായോഗിക സഹായവും ആത്മീയ സഹായവും പ്രദാനം ചെയ്യുന്നതും അതിലുൾപ്പെട്ടേക്കാം.
വാസ്തവത്തിൽ, “പ്രോത്സാഹനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരീയ അർഥം “ഒരുവന്റെ സാന്നിധ്യത്തിലായിരിക്കുന്നതിനുള്ള ക്ഷണം” എന്നാണ്. നമ്മുടെ ആത്മീയ സഹോദരീസഹോദരൻമാരോട് ഒത്തുനടക്കുന്നെങ്കിൽ ആരെങ്കിലും തളർന്നുപോകുകയോ ഇടറിവീഴുകയോ ചെയ്യുമ്പോൾ ഉടനടി പിന്തുണ പ്രദാനം ചെയ്യാൻ നമുക്കാവും. (സഭാപ്രസംഗി 4:9, 10) രസകരമെന്നു പറയട്ടെ, യഹോവയുടെ ജനം “തോളോടു തോൾചേർന്നു സേവിക്കുന്നു.” (സെഫന്യാവ് 3:9, NW) കൂടാതെ, അപ്പോസ്തലനായ പൗലോസ് ഒരു ക്രിസ്ത്യാനിയെ “സാക്ഷാൽ ഇണയാളിയായുള്ളോവേ” എന്നു വിളിക്കുകയുണ്ടായി. (ഫിലിപ്പിയർ 4:3) ഒരേ നുകത്തിനു കീഴിൽ തോളോടു തോൾചേർന്നു വേല ചെയ്യുന്നതു വിശേഷിച്ചും ആത്മീയമായി ശക്തരല്ലാത്തവരുടെ ഭാരത്തെ കൂടുതൽ ലഘൂകരിക്കുന്നു.—താരതമ്യം ചെയ്യുക: മത്തായി 11:29.
അവർ പ്രോത്സാഹനം നൽകി
പ്രോത്സാഹനം വളരെ പ്രധാനപ്പെട്ടതായതുകൊണ്ട്, നമുക്ക് അതിന്റെ ഏതാനും തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കാം. ദൈവത്തിന്റെ പ്രവാചകനായ മോശ തന്റെ ജീവിതാന്ത്യത്തോട് അടുക്കുകയായിരുന്നപ്പോൾ യഹോവ യോശുവയെ ഇസ്രായേല്യരുടെ നേതാവായി നിയമിച്ചു. മോശക്കുതന്നെ അറിയാമായിരുന്നതുപോലെ, ഇത് സുഖകരമായ ഒരു നിയമനമായിരുന്നില്ല. (സംഖ്യാപുസ്തകം 11:14, 15) അതുകൊണ്ട്, “യോശുവായോടു കല്പിച്ചു അവനെ ധൈര്യപ്പെടുത്തി ഉറപ്പി”ക്കാൻ യഹോവ മോശയോടു പറഞ്ഞു.—ആവർത്തനപുസ്തകം 3:28.
ഇസ്രായേലിൽ ന്യായാധിപൻമാരുടെ കാലത്ത്, യിഫ്താഹിന്റെ മകൾ യഹോവയുടെ വിശുദ്ധമന്ദിരത്തിൽ സേവിക്കാൻ തന്റെ ഭാവികുടുംബജീവിത പരിപാടിയെല്ലാം ഉപേക്ഷിച്ചു. അങ്ങനെ പിതാവിന്റെ ശപഥത്തോട് അവൾ സ്വമനസ്സാലെ സഹകരിച്ചു. അവളുടെ ആ ത്യാഗം ശ്രദ്ധിക്കപ്പെടാതെപോയോ? ഇല്ല. കാരണം ന്യായാധിപൻമാർ 11:40 പറയുന്നു: “ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നതു യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.” യിഫ്താഹിന്റെ ആത്മത്യാഗ മനോഭാവമുള്ള മകൾക്ക് അത്തരം സന്ദർശനങ്ങൾ വളരെ പ്രോത്സാഹജനകമായിരുന്നിരിക്കണം.
പ്രോത്സാഹനം കൊടുക്കുന്നതിനു ചിലപ്പോഴൊക്കെ ധൈര്യം ആവശ്യമാണ്. അപ്പോസ്തലനായ പൗലോസിന്റെ ആദ്യത്തെ മിഷനറി യാത്രയിൽ അവന് ഏഷ്യാമൈനറിലെ പല നഗരങ്ങളിൽനിന്നും കടുത്ത എതിർപ്പുണ്ടായിരുന്നു. അന്ത്യോക്യയിൽനിന്ന് അവനെ പുറത്താക്കി, ഇക്കോന്യയിൽവെച്ച് ഒരു വധശ്രമത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു, കല്ലേറുകൊണ്ടു, മരിച്ചുവെന്നു കരുതി ലിസ്ത്രയിൽ ഉപേക്ഷിക്കപ്പെട്ടു. എങ്കിലും, അതിനുശേഷം താമസിയാതെ പൗലോസും കൂട്ടുകാരും ഈ നഗരങ്ങളിലേക്കു തിരിച്ചുചെന്ന് “വിശ്വാസത്തിൽ നിലനില്ക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യൻമാരുടെ മനസ്സു ഉറപ്പിച്ചുപോന്നു.” (പ്രവൃത്തികൾ 14:21, 22) ഈ പുതിയ ശിഷ്യൻമാരെ പ്രോത്സാഹിപ്പിക്കാൻ തന്റെ ജീവൻ പണയപ്പെടുത്താൻ പൗലോസ് സന്നദ്ധനായിരുന്നു.
എങ്കിലും, പ്രോത്സാഹനം ആവശ്യമുള്ള ക്രിസ്ത്യാനികൾ പുതിയ ശിഷ്യൻമാർ മാത്രമല്ല. വർഷങ്ങൾ കഴിഞ്ഞ് പൗലോസ് റോമിലേക്കു ഒരു ദുഷ്കരമായ യാത്ര നടത്തി. അവിടെയായിരുന്നു അവൻ വിചാരണ ചെയ്യപ്പെടേണ്ടിയിരുന്നത്. ലക്ഷ്യസ്ഥാനം അടുത്തപ്പോൾ അവൻ ഏതാണ്ട് മനസ്സുലഞ്ഞപോലെ ആയിട്ടുണ്ടാകണം. പക്ഷേ, റോമിനു തെക്കുകിഴക്ക് 74 കിലോമീററർ അകലെ എത്തിയപ്പോഴേക്കും അവനു മനോവീര്യം വീണ്ടുകിട്ടി. എന്തുകൊണ്ട്? എന്തെന്നാൽ റോമിൽനിന്നു സഹോദരൻമാർ അവനെ കാണാൻ ആപ്പിയൂസിലെ ചന്തസ്ഥലവും ത്രിമണ്ഡപവുംവരെ വന്നിട്ടുണ്ടായിരുന്നു. “അവരെ കണ്ടിട്ടു പൌലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു.” (പ്രവൃത്തികൾ 28:15) സമാന സാഹചര്യങ്ങളിൽ നമ്മുടെ സാന്നിധ്യംതന്നെ സഹവിശ്വാസികൾക്കു വളരെ പ്രോത്സാഹജനകമായിരുന്നേക്കാം.
പ്രോത്സാഹനം നൽകാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുക
പ്രോത്സാഹനം നൽകാൻ തീർച്ചയായും അനേകം അവസരങ്ങളുണ്ട്. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ഒരു സഹോദരനോ സഹോദരിയോ നടത്തിയ ഒരു വിദ്യാർഥി പ്രസംഗം നിങ്ങൾ നന്നായി രസിച്ചുവോ? ആത്മീയമായി ശക്തരായ കൗമാരപ്രായക്കാർ സഭയിലുള്ളതിൽ നിങ്ങൾക്കു സന്തോഷമുണ്ടോ? പ്രായമേറിയവരുടെ സഹിഷ്ണുത നിങ്ങളിൽ മതിപ്പുളവാക്കിയിട്ടുണ്ടോ? വീടുതോറുമുള്ള ശുശ്രൂഷയിൽ ഒരു പയനിയർ ബൈബിൾ ഉപയോഗിച്ച വിധത്തിൽ നിങ്ങൾക്കു വിസ്മയം തോന്നിയോ? അന്നേരം പ്രശംസിക്കുക, പ്രോത്സാഹജനകമായ എന്തെങ്കിലും ഒന്നു പറയുക.
സഭയിൽ മാത്രമല്ല, കുടുംബത്തിലും പ്രോത്സാഹനത്തിനു മർമപ്രധാനമായ ഒരു പങ്കുണ്ട്. അതിനു കുട്ടികളെ “യഹോവയുടെ ശിക്ഷണത്തിലും മാനസികക്രമവത്കരണത്തിലും” വളർത്തിക്കൊണ്ടുവരുവാൻ മാതാപിതാക്കളെ സഹായിക്കാനാവും. (എഫേസ്യർ 6:4, NW) കുട്ടിയോട് അവൻ നന്നായി ചെയ്തിരിക്കുന്നെന്നു പറയുന്നതും അതിന്റെ കാരണം വിശദമാക്കുന്നതും വളരെ പ്രോത്സാഹജനകമായിരിക്കാൻ കഴിയും! യുവജനങ്ങൾ അനേകം പ്രലോഭനങ്ങളും സമ്മർദങ്ങളും നേരിടുന്ന കൗമാരവർഷങ്ങളിൽ നിരന്തര പ്രോത്സാഹനം മർമപ്രധാനമാണ്.
ശൈശവ കാലത്ത് പ്രോത്സാഹനം ലഭിക്കാതിരിക്കുന്നതു വളരെ അപകടകരമായിരുന്നേക്കാം. ഒരു ക്രിസ്തീയ മൂപ്പനായ മൈക്കൾ ഇന്നു തുറന്നിടപെടുന്ന പ്രകൃതക്കാരനാണ്. എന്നാൽ അദ്ദേഹം പറയുന്നു: “ഞാൻ എന്തെങ്കിലും നന്നായി ചെയ്തതായി എന്റെ പിതാവ് ഒരിക്കലും പറഞ്ഞിട്ടില്ല. അതുകൊണ്ട്, ആത്മാഭിമാനമില്ലാതെ ഞാൻ വളർന്നുവന്നു. . . . എനിക്കിപ്പോൾ 50 വയസ്സായി. എങ്കിലും ഒരു മൂപ്പൻ എന്നനിലയിൽ ഞാൻ നന്നായി പ്രവർത്തിക്കുന്നു എന്നു പറഞ്ഞ് എന്റെ സുഹൃത്തുക്കൾ എന്നെ ആശ്വസിപ്പിക്കുന്നതു ഞാൻ ഇപ്പോഴും വിലമതിക്കുന്നു. . . . മററുള്ളവർക്കു പ്രോത്സാഹനം കൊടുക്കുന്നത് എത്ര പ്രധാനമാണെന്ന് എന്റെ സ്വന്തം അനുഭവം എന്നെ പഠിപ്പിച്ചിരിക്കുന്നു. അതു നൽകാൻ ഞാൻ തീവ്രശ്രമം ചെയ്യുകയാണ്.”
ആർക്കാണു പ്രോത്സാഹനം ആവശ്യമുള്ളത്?
കഠിനാധ്വാനികളായ ക്രിസ്തീയ മൂപ്പൻമാർ പ്രോത്സാഹനം അർഹിക്കുന്നവരാണ്. പൗലോസ് ഇങ്ങനെ എഴുതി: “സഹോദരൻമാരേ, നിങ്ങളുടെ ഇടയിൽ കഠിനവേല ചെയ്യുകയും കർത്താവിൽ നിങ്ങൾക്ക് അധ്യക്ഷ്യം വഹിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നവരോട് ആദരവുണ്ടായിരിക്കാനും അവരുടെ വേലനിമിത്തം സ്നേഹത്തിൽ അസാധാരണയിലും കവിഞ്ഞ പരിഗണന കൊടുക്കാനും ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുകയാണ്.” (1 തെസലോനിക്യർ 5:12, 13, NW) മൂപ്പൻമാരുടെ കഠിനവേലയെ ലാഘവത്തോടെ കണക്കാക്കുക എളുപ്പമാണ്. എന്നാൽ ആത്മാർഥമായ വിലമതിപ്പിന്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകൾ ഭാരത്തെ ലഘൂകരിക്കുന്നതായി അവർക്കു തോന്നും.
നമ്മുടെ ഇടയിൽ പ്രയാസകരമായ സാഹചര്യങ്ങളിൽ സഹിച്ചുനിൽക്കുന്നവർക്കും പ്രോത്സാഹനം ആവശ്യമുണ്ട്. “ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ,” ബൈബിൾ ബുദ്ധ്യുപദേശിക്കുന്നു. (1 തെസ്സലൊനീക്യർ 5:14) നമുക്കിടയിൽ വിഷാദം തോന്നിയേക്കാവുന്നവരിൽ, അഥവാ ആത്മീയമായി കൂടെക്കൂടെ ദുർബലരായേക്കാവുന്നവരിൽ ഒററയ്ക്കുള്ള അമ്മമാരും പിതാക്കൻമാരും, വിധവമാർ, കൗമാരപ്രായക്കാർ, പ്രായംചെന്നവർ, രോഗികൾ തുടങ്ങിയവരുണ്ട്.
അപ്രതീക്ഷിതമായി ഭർത്താവ് ഉപേക്ഷിച്ച അവസ്ഥയിലെത്തിയ മാരിയ എന്ന ക്രിസ്തീയ സ്ത്രീ പറഞ്ഞു: “ഇയ്യോബിനെപ്പോലെ, ചിലപ്പോഴൊക്കെ എനിക്കും തോന്നി, മരിച്ചുകളഞ്ഞാലോ എന്ന്. [ഇയ്യോബ് 14:13] എന്നിട്ടും, എനിക്കു ലഭിച്ച പ്രോത്സാഹനം നിമിത്തം ഞാൻ മുന്നോട്ടുപൊയ്ക്കൊണ്ടേയിരുന്നു. മുഴുസമയ ശുശ്രൂഷയിൽ തുടരുന്നതിന്റെ മൂല്യം മനസ്സിലാക്കാൻ എന്നെ സഹായിച്ചുകൊണ്ട് എനിക്കു നന്നായി അറിയാവുന്ന രണ്ടു മൂപ്പൻമാർ അനേകം മണിക്കൂറുകൾ ചെലവഴിക്കുകയുണ്ടായി. ഉള്ളുതുറന്ന് എന്റെ പ്രശ്നങ്ങൾ പറഞ്ഞതു ക്ഷമാപൂർവം ശ്രദ്ധിച്ചുകൊണ്ട് സഹാനുഭൂതിയുള്ള രണ്ടു സഹോദരിമാരും എന്നെ ആശ്വസിപ്പിച്ചു. ബൈബിൾ ഉപയോഗിച്ചുകൊണ്ട്, യഹോവയുടെ കാഴ്ചപ്പാടിലൂടെ സംഗതികളെ കാണാൻ അവർ എന്നെ സഹായിച്ചു. ഞങ്ങൾ സങ്കീർത്തനം 55:22 എത്രപ്രാവശ്യം വായിച്ചുവെന്ന് എനിക്ക് അറിയില്ല. എന്നാൽ ഈ തിരുവെഴുത്തു ബാധകമാക്കിക്കൊണ്ട് ഞാൻ എന്റെ ആത്മീയവും വൈകാരികവുമായ സമനില മെല്ലെ വീണ്ടെടുത്തുവെന്ന് എനിക്കറിയാം. ഇതൊക്കെ നടന്നിട്ട് 12 വർഷങ്ങളായി. ഇതുവരെ ഞാൻ മുഴുസമയ ശുശ്രൂഷയിൽ തുടർന്നുപോന്നിരിക്കയാണ് എന്നു പറയാൻ എനിക്കു സന്തോഷമുണ്ട്. ഇടയ്ക്കിടെ വൈകാരിക വേദനയുണ്ടായിരുന്നെങ്കിലും എന്റെ ജീവിതം പ്രതിഫലദായകവും സന്തുഷ്ടവുമാണ്. അതുപോലുള്ള ഒരു സമയത്തു ലഭിക്കുന്ന പ്രോത്സാഹനത്തിന് ഒരു വ്യക്തിയുടെ ജീവിതത്തിൽ കാര്യമായ മാററം വരുത്താനാവുമെന്ന് എനിക്കു ബോധ്യമുണ്ട്.”
തെററുകൾ ചെയ്തതിന്റെപേരിൽ ഇപ്പോൾ അതു ശരിയാക്കാൻ പാടുപെടുന്ന ചിലരുണ്ട്. അവർക്കും പ്രോത്സാഹനം ആവശ്യമാണ്. ഒരുപക്ഷേ, അവർക്കു സ്നേഹപുരസ്സരമായ ഒരു ശാസന ലഭിച്ചിട്ടുണ്ടാവാം. (സദൃശവാക്യങ്ങൾ 27:6) തിരുവെഴുത്തു ബുദ്ധ്യുപദേശം ബാധകമാക്കുന്നതു കാണുമ്പോൾ പ്രശംസിക്കാൻ ശാസനകൊടുത്ത മൂപ്പൻമാർക്കു ജാഗരൂകരായിരിക്കാനാവും. പ്രോത്സാഹനത്തിന്റേതായ അവരുടെ വാക്കുകൾക്ക് ഇരട്ടപ്രയോജനം ഉണ്ടായിരിക്കും—തെററുചെയ്തുപോയ വ്യക്തി “അതിദുഃഖത്തി”ലായിപ്പോകാതിരിക്കാൻ അയാളോടുള്ള തങ്ങളുടെ സ്നേഹം ദൃഢമായി വെളിവാക്കൽ, ബുദ്ധ്യുപദേശം ബാധകമാക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ച് അയാളെ അനുസ്മരിപ്പിക്കൽ.—2 കൊരിന്ത്യർ 2:7, 8.
ഗുരുതരമായ ഒരു തെററുചെയ്തതിന്റെപേരിൽ സഭയിലെ മേൽവിചാരകപദവി നഷ്ടമായ ഒരു മൂപ്പൻ ഇങ്ങനെ പറയുന്നു: “മൂപ്പൻസ്ഥാനത്തുനിന്ന് എന്നെ നീക്കിക്കൊണ്ടുള്ള അറിയിപ്പു നടത്തിയപ്പോൾ ഞാൻ വിചാരിച്ചത് സഹോദരൻമാർക്കിനി എന്റെ അടുക്കൽവരാൻ വലിയ താത്പര്യമൊന്നും കാണില്ലെന്നാണ്. എങ്കിലും, കാരണം കർശനമായും രഹസ്യമായി സൂക്ഷിച്ച മൂപ്പൻമാർ എനിക്കു പ്രോത്സാഹനം തരാൻ കഠിനാധ്വാനം ചെയ്തു. അതുപോലെ സഭയിലെ ശേഷിക്കുന്നവരും സ്നേഹവും സൗഹൃദവും വെച്ചുനീട്ടി. അതെല്ലാം നിശ്ചയമായും എന്റെ ആത്മീയ പൂർവസ്ഥിതി പ്രാപിക്കുന്നതിനു സംഭാവന ചെയ്തു.”
പ്രോത്സാഹിപ്പിക്കുന്നവരായിരിക്കുക
നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിൽ പ്രോത്സാഹനം കൊടുക്കുന്ന കാര്യം വിട്ടുകളയുക എളുപ്പമാണ്. എന്നാൽ എന്തുമാത്രം പ്രയോജനമാണ് അതിനു ചെയ്യാനാവുക! ഫലപ്രദമായ പ്രോത്സാഹനം കൊടുക്കാൻ നിങ്ങൾ രണ്ടു കാര്യങ്ങൾ മനസ്സിൽപ്പിടിക്കണം. ഒന്ന്, നിങ്ങളുടെ പ്രോത്സാഹനത്തിനു കൃത്യതയുണ്ടായിരിക്കേണ്ടതിന് എന്തു പറയണമെന്നതിനെക്കുറിച്ചു ചിന്തിക്കുക. രണ്ട്, പ്രശംസ അർഹിക്കുന്ന ഒരു വ്യക്തിയെ അഥവാ കെട്ടുപണി ചെയ്യപ്പെടേണ്ടയാവശ്യമുള്ള ഒരു വ്യക്തിയെ സമീപിക്കാനുള്ള അവസരം പാർത്തിരിക്കുക.
നിങ്ങൾ എത്ര കൂടുതൽ പ്രാവശ്യം ഇതു ചെയ്യുന്നുവോ നിങ്ങൾ അത്രയ്ക്കു സന്തുഷ്ടരായിരിക്കും. എന്തൊക്കെയായാലും, യേശു നമുക്ക് ഇങ്ങനെയൊരു ഉറപ്പു നൽകുന്നുണ്ടല്ലോ: “സ്വീകരിക്കുന്നതിലുള്ളതിനെക്കാൾ അധികം സന്തുഷ്ടി കൊടുക്കുന്നതിലുണ്ട്.” (പ്രവൃത്തികൾ 20:35, NW) മററുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനാൽ നിങ്ങൾ നിങ്ങളെത്തന്നെ പ്രോത്സാഹിപ്പിക്കും. ദിവസവും ആർക്കെങ്കിലും പ്രോത്സാഹനം കൊടുക്കുകയെന്നത് എന്തുകൊണ്ടു നിങ്ങളുടെ ലക്ഷ്യമാക്കിക്കൂടാ?