സത്യം കണ്ടെത്തുന്നവരെ സന്തോഷം കാത്തിരിക്കുന്നു
ഒരു ഫിൻലൻഡുകാരൻ തന്റെ മാളികമുറിയിൽ യുഗങ്ങളെ സംബന്ധിച്ച ദിവ്യോദ്ദേശ്യം (ഇംഗ്ലീഷ്) എന്ന പുസ്തകം കണ്ടെത്തി. ഉടൻതന്നെ അദ്ദേഹം അതു വായിക്കാൻ തുടങ്ങി. താമസിയാതെ അദ്ദേഹം സ്വയം പറഞ്ഞു, ‘ഇതുതന്നെ സത്യം; ഇതുതന്നെ സത്യം.’ മാളികമുറിയിൽനിന്നു താഴെവന്ന് അദ്ദേഹം ഭാര്യയോടു പറഞ്ഞു, “ഞാൻ സത്യമതം കണ്ടെത്തിയിരിക്കുന്നു.”
ഈ മനുഷ്യൻ സത്യം കണ്ടെത്തിയ വിധം വച്ചുനോക്കുമ്പോൾ ഇത് ഒരു അസാധാരണ അനുഭവമാണ്. യഹോവയുടെ സാക്ഷികളിൽ അനേകർക്കു സമാനമായ പ്രതികരണം വിവരിക്കാൻ കഴിയും. സത്യം കണ്ടെത്തുമ്പോൾ അതു കൈവരുത്തുന്ന സന്തോഷം അവർക്കോരോരുത്തർക്കും നിങ്ങളോടു പറയാനുണ്ടോ? പിൻവരുന്ന അനുഭവങ്ങൾ ഇതു പ്രദീപ്തമാക്കുന്നു.
യഥാർഥ ബൈബിൾ പഠിപ്പിക്കലുകൾ സന്തോഷം കൈവരുത്തുന്നു
രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിയിലെ മ്യൂണിക്കിലാണു മാർഗരെററ കോനിഗർ വളർന്നുവന്നത്. ബോംബു വീണു കത്തുന്ന വീടുകൾ പതിവു ദൃശ്യമായിരുന്നു. അവളുടെ സഹോദരൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു. കത്തോലിക്കാ പള്ളിയിലെ ശുശ്രൂഷകളിൽ ജർമൻ പടയാളികൾക്കും നേതാവായ ഹിററ്ലർക്കുംവേണ്ടി പ്രാർഥനകൾ ചൊല്ലുന്നത് അവൾ കേൾക്കുകയുണ്ടായി. യുദ്ധശേഷം, വിദ്യാർഥി കൈമാററ പദ്ധതിയുടെ ഭാഗമായി ഐക്യനാടുകളിലുള്ള ഒരു കോളെജിൽ പഠിക്കുന്നതിന് അവൾക്കു സ്കോളർഷിപ്പു ലഭിച്ചു. ആളുകൾക്കു തന്നോടു സ്നേഹമുള്ളതായി അവൾ കണ്ടെത്തി. തൻമൂലം സമാധാനത്തിൽ ജീവിക്കുന്നതിനു സ്വാഭാവിക പ്രവണതയുള്ള ആളുകളെ യുദ്ധകാലത്ത് അന്യോന്യം സംശയിക്കാനും വെറുക്കാനും നിർബന്ധിതരാക്കുന്നത് എന്താണെന്ന് അവൾ ചിന്തിച്ചു. മ്യൂണിക്കിൽ തിരിച്ചു വന്നപ്പോൾ അവൾ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടു, അവരോടൊപ്പമുള്ള ബൈബിളധ്യയനത്തിലൂടെ അവൾ തന്റെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി. “ദുഷ്ടാത്മ സേനകൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നുവെന്ന് എനിക്കു ബൈബിളിൽനിന്നു കാണിച്ചുതന്നു. . . . ബൈബിൾ അവയെ ‘ലോകാധിപതികൾ’ എന്നു വിളിക്കുന്നു, സാത്താൻ ‘ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്നു’ എന്നും ബൈബിൾ പറയുന്നു. . . . രാഷ്ട്രങ്ങളുടെയും ജനങ്ങളുടെ ഭക്തികെട്ട, പൈശാചികമായ പ്രവർത്തനങ്ങളുടെയും വീക്ഷണത്തിൽ ഈ ഉത്തരം എത്ര ന്യായയുക്തവും തൃപ്തികരവുമാണ്!” എന്ന് അവർ പറയുന്നു.—എഫെസ്യർ 6:12; വെളിപ്പാടു 12:9.
മാർഗരെററ തുടർന്നു പറയുന്നു: “ഭൂമിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ദൈവത്തിന്റെ കരുതലുകളെപ്പററി അറിഞ്ഞപ്പോൾ അത് എന്നെ ആനന്ദഭരിതയാക്കി. അല്ല, ചില ലൗകിക ഉപദേഷ്ടാക്കൾ നിർദേശിക്കുന്നപോലെ ഇത് ഒരു കാരണവശാലും ഏതെങ്കിലും മാനവ ആശയസംഹിതകളിലൂടെയോ ഭരണത്തിലൂടെയോ അല്ല നിറവേറുന്നത്. മറിച്ച്, ഒരു പുതിയ ഗവൺമെൻറ് ഭൂമിയിലെ കാര്യാദികളുടെ നിയന്ത്രണമേറെറടുക്കും . . . എന്നു ബൈബിൾ പ്രകടമാക്കുന്നു. യേശുക്രിസ്തു തന്റെ ശിഷ്യൻമാരെ ഇങ്ങനെ പ്രാർഥിക്കാൻ പഠിപ്പിച്ചു: ‘നിന്റെ രാജ്യം വരേണമേ.’ . . . ആ രാജ്യം ഒരു യഥാർഥ ഗവൺമെൻറാണെന്നും യഥാർഥമായ ലോകവ്യാപക സമാധാനം അതു മുഖാന്തരം മാത്രമേ നേടിയെടുക്കാനാവൂ എന്നും ഞാൻ കാണാൻ തുടങ്ങി.” 30-ഓളം വർഷങ്ങളിൽ ഏതാണ്ട് അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ മാർഗരെററ ഒരു മിഷനറിയായി സേവനമനുഷ്ഠിച്ചിരിക്കുന്നു. ഒടുവിലത്തെ 19 വർഷം ബുർക്കിനോ ഫാസോയിൽ, വോഗഡൗഗൗവിലുള്ള താഴ്മയുള്ള ജനങ്ങൾക്കു സുവാർത്ത പ്രഘോഷിച്ചുകൊണ്ടു ചെലവഴിച്ചു.
മാർഗരെററയുടെ അനുഭവം ഒററപ്പെട്ട ഒന്നല്ല. യുദ്ധ രംഗത്ത് ഇരു പക്ഷത്തുമുള്ള ക്രൈസ്തവലോകത്തിന്റെ വൈദികർ വിജയത്തിനുവേണ്ടി ദൈവത്തോടു പ്രാർഥിക്കുന്നതു കണ്ട അനേകർ ഇതേ ഉത്സാഹത്തോടെ പ്രതികരിച്ചിരിക്കുന്നു. മനുഷ്യയുദ്ധങ്ങളിൽ ദൈവത്തിനു യാതൊരു പങ്കുമില്ല മറിച്ച്, “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്ന”തുകൊണ്ടാണ് ഇവ സംഭവിക്കുന്നത് എന്ന ബൈബിളിന്റെ വിശദീകരണത്തിലുള്ള ന്യായയുക്തത പരമാർഥഹൃദയരായ ആളുകൾ കാണുന്നു. സത്യക്രിസ്ത്യാനികൾ “ലോകത്തിന്റെ ഭാഗ”മായിരിക്കരുത് മറിച്ച്, നിഷ്പക്ഷരായിരിക്കണം എന്ന് ഈ സത്യാന്വേഷികൾ മനസ്സിലാക്കുന്നു. യഹോവയുടെ സാക്ഷികൾ അത്തരം നിലപാടു സ്വീകരിച്ചിരിക്കുന്നു എന്നു തിരിച്ചറിഞ്ഞുകൊണ്ട് ഈ പുതിയവർ തങ്ങൾ സത്യം കണ്ടെത്തിയെന്ന് ബോധ്യമുള്ളവരായിത്തീരുന്നു. ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്, ദൈവം തന്റെ രാജ്യം മുഖാന്തരം ഭൂമിയിൽ സമാധാനവും നീതിയുമുള്ള അവസ്ഥകൾ പെട്ടെന്ന് എങ്ങനെ കൊണ്ടുവരും എന്നെല്ലാമുള്ള വർധിച്ച അറിവു നേടിയെടുക്കുമ്പോൾ അത്തരക്കാർ പ്രത്യാശയിലും സന്തോഷത്തിലും വളരുന്നു.—1 യോഹന്നാൻ 5:19; യോഹന്നാൻ 17:16; മത്തായി 6:9, 10.
യഥാർഥ ബൈബിൾ തത്ത്വങ്ങൾ സന്തോഷം കൈവരുത്തുന്നു
ജീവിതം അർഥശൂന്യമാണെന്ന് ഇക്വഡോറിലുള്ള ദാനിയേൽ റൊസെറൊയ്ക്കു തോന്നി, തൻമൂലം, അദ്ദേഹം കുടി ആരംഭിച്ചു. അദ്ദേഹത്തിനു നോക്കിപ്പാർത്തിരിക്കാവുന്ന കേവലം രണ്ടു സംഗതികൾ മരണവും കത്തുന്ന നരകവുമാണെന്ന് അദ്ദേഹം പങ്കെടുത്തിരുന്ന സഭ അദ്ദേഹത്തെ പഠിപ്പിച്ചു. “ഞാൻ അഗ്നിക്കിരയാകാൻ പോകയാണ് അതുകൊണ്ട് ഞാൻ കുടിക്കട്ടെ!” എന്ന് അദ്ദേഹം പ്രതികരിച്ചു. എട്ട് അംഗങ്ങളുള്ള തന്റെ കുടുംബത്തെ അദ്ദേഹം പോററുന്നില്ലായിരുന്നു. തന്നെയുമല്ല, ഭാര്യ ഡെല്യയുമായി എല്ലായ്പോഴും വഴക്കിടുകയും ചെയ്യുമായിരുന്നു. ഒരു ഞായറാഴ്ച രാവിലെ യഹോവയുടെ സാക്ഷികൾ അവരെ സന്ദർശിക്കുകയും അവർ ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് ഒരു വഴിത്തിരിവുണ്ടായത്. ആദ്യമായി ദാനിയേൽ യഹോവയുടെ സാക്ഷികളുടെ ഒരു സർക്കിട്ട് സമ്മേളനത്തിനു ഹാജരായപ്പോൾ താൻ സത്യം കണ്ടെത്തിയെന്ന് അദ്ദേഹത്തിനു ബോധ്യമായി. “സ്ഥാപനം എന്നെ വിസ്മയിപ്പിച്ചു. ജനങ്ങൾ ഒത്തിരിപ്പേർ, ഒരുമിച്ചു വർത്തിച്ചു. അവർക്കിടയിൽ സ്നേഹം പ്രകടമായിരുന്നു. ആരും പുകവലിച്ചില്ല. അസഭ്യ വാക്കുകളുമില്ല. . . . ‘ഇതുതന്നെ സത്യം!’ എന്നു ചിന്തിക്കുന്നതു ഞാൻ ഓർക്കുന്നു. മരണത്തെപ്പററിയുള്ള ഭയമോ ലോകത്തിന്റെ അവസാനമോ അല്ല എന്റെ വികാരത്തെ ഉണർത്തിയത്. സ്ഥാപനത്തിന്റെ ശുചിത്വമായിരുന്നു” എന്ന് അദ്ദേഹം പറയുന്നു.
റൊസെറൊ കുടുംബം മുഴുവനും യഹോവയുടെ സാക്ഷികൾ ആയി. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിയപ്പോൾ അവരുടെ കുടുംബജീവിതവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടു, “നിങ്ങൾക്കറിയാമോ, ഇതിനെല്ലാം ഞാൻ ബൈബിളിന്റെ സത്യത്തോടു കടപ്പെട്ടിരിക്കുന്നു” എന്നു ഡെല്യ റൊസെറൊ പറയുന്നു. “ദൈവവചനമില്ലായിരുന്നെങ്കിൽ എന്റെ കുഞ്ഞുങ്ങളുടെ സ്ഥിതിയെന്താകുമായിരുന്നുവെന്ന് ആർക്കറിയാം? അവർ ഏഴുപേരും സ്നാപനമേററ് ഉറച്ചു നിൽക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം സത്യം എനിക്ക് മൊത്തമായും ഒരു നവജീവനും പുതു സന്തോഷവും പകർന്നുതന്നു.”
റൊസെറൊ കുടുംബത്തിന്റെ അനുഭവം ഒററപ്പെട്ട ഒന്നല്ല. നമ്മുടെ നാളിൽ അനേകർ പ്രശ്നങ്ങളാൽ കുഴങ്ങുന്നവരാണ്. അതിനൊരു കാരണം ബൈബിളിൽ നൽകിയിരിക്കുന്ന ധാർമിക പ്രമാണങ്ങൾ മുമ്പത്തെപോലെ ഇപ്പോൾ ആളുകൾ മേലാൽ ആദരിക്കുന്നില്ല എന്നതാണ്. അനേക മതങ്ങളും, സഹിഷ്ണുതയുടെ പേരിലോ കാലം മാറുന്നതനുസരിച്ച് ധാർമിക ചിന്തകളും പഴയതായിത്തീരുന്നുവെന്ന തോന്നലിനാലോ ഈ സ്വഭാവം പിന്തുടരുന്നു. അതുകൊണ്ട്, മററുള്ളവരെപ്പോലെ റൊസെറൊയും ബൈബിളിന്റെ മാർഗനിർദേശം ലഭിക്കാതെ തപ്പിത്തടയുകയായിരുന്നു. എന്നിരുന്നാലും, താഴ്മയുള്ള അത്തരം ആളുകൾ ധാർമിക കാര്യങ്ങളിലും കുടുംബ കാര്യങ്ങളിലും ദൈവത്തിന്റെ വീക്ഷണത്തെപ്പററി അറിയാൻ ഇടയാകുമ്പോൾ താമസമെന്യേ അവർ അതു തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കുന്നു. അങ്ങനെ ചെയ്യുന്നതിന്റെ നല്ല ഫലങ്ങൾ അവരുടെ അനുഭവത്തിൽനിന്നു നമുക്കു കാണാൻ കഴിയും.
സന്തോഷം നട്ടുവളർത്തണം
എന്നിരുന്നാലും, ക്രിസ്ത്യാനികൾ സദാ സുഖാനുഭൂതിയിലാണെന്ന് ഇത് അർഥമാക്കുന്നില്ല. തൊഴിലില്ലായ്മ, രോഗം, മരണം എന്നിങ്ങനെ പൊതുജനം നേരിടുന്ന പ്രശ്നങ്ങൾ ക്രിസ്ത്യാനികളെയും ബാധിക്കുന്നുവെന്നതു സ്പഷ്ടമാണ്. തങ്ങളുടെ സ്വന്തം അപൂർണതയ്ക്കും ബലഹീനതയ്ക്കുമെതിരെയും ക്രിസ്ത്യാനികൾക്കു തുടർച്ചയായി പോരാടേണ്ടതുണ്ട്. സോദോം പട്ടണത്തിൽ “അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു” എന്നു ലോത്തിനെക്കുറിച്ചു ബൈബിൾ വിവരണം പറയുന്നു. ദുഷ്ട അവസ്ഥകൾ നടപ്പിലിരിക്കുന്നതു കാണുമ്പോഴുണ്ടാകുന്ന സമാന തോന്നലുകൾ വിശ്വസ്ത ക്രിസ്ത്യാനികൾക്ക് ഒഴിവാക്കാനാവില്ല.—2 പത്രൊസ് 2:7, 8.
എന്നിരുന്നാലും, സത്യം കണ്ടെത്തിയവർക്ക് അതുകൊണ്ട് ഒരു മേൻമയുണ്ട്. ദൃഷ്ടാന്തത്തിന്, ഒരുവൻ മരിച്ചതിൽ ദുഃഖിക്കുന്ന ഒരു വിശ്വാസിക്ക് “പ്രത്യാശയില്ലാത്ത മററുള്ളവരെപ്പോലെ ദുഃഖി”ക്കേണ്ട ആവശ്യമില്ല. അയാൾക്ക് അനിയന്ത്രിതമായ ദുഃഖം ഉണ്ടാവുകയില്ല. മററു പ്രശ്നങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ്. ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ താത്കാലികമാണെന്നു സത്യം കണ്ടെത്തിയ വ്യക്തിക്കറിയാം. പ്രത്യാശ ക്ലേശങ്ങൾ സഹിക്കുന്നതു സുകരമാക്കുന്നു. സന്തുലിതമായ ഒരു ജീവിതരീതിയും സഹായമേകുന്നു.—1 തെസ്സലൊനീക്യർ 4:13.
പൗലോസ് ക്രിസ്ത്യാനികൾക്ക് ഈ ബുദ്ധ്യുപദേശം നൽകി: “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.” (ഫിലിപ്പിയർ 4:4) സന്തോഷം നമുക്കെല്ലാം എത്തിപ്പിടിക്കാവുന്ന ദൂരത്താണെങ്കിലും അതുണ്ടാകാതിരിക്കാനും സാധ്യതയുണ്ടെന്ന് ഇതു കാണിക്കുന്നു. ഈ പഴയ വ്യവസ്ഥിതിയുടെ ഉത്കണ്ഠകൾ ഒരു വിലങ്ങുതടിയാണെന്നു തെളിഞ്ഞേക്കാം. അതിനുപുറമേ, ദൈവാത്മാവിന്റെ ഫലങ്ങളിലൊന്നായ സന്തോഷം നാം നട്ടുവളർത്തണമെന്നു ബൈബിൾ പറയുന്നു. (ഗലാത്യർ 5:22) നിങ്ങൾ സത്യത്തെപ്പററിയുള്ള അറിവു തുടർന്നു നേടുകയും അതു കൈവരുത്തിയതും ഇപ്പോൾ കൈവരുത്തുന്നതുമായ ആത്മീയ സമ്പത്തിനെപ്പററി സ്വയം ഓർമിപ്പിക്കുകയും ചെയ്യുന്നപക്ഷം നിങ്ങളുടെ സന്തോഷത്തിനു മങ്ങലേൽക്കുകയില്ല. ദൈവം മനുഷ്യരുടെ “കണ്ണുനീർ എല്ലാം തുടെച്ചുകളയു”കയും “ദുഃഖവും മുറവിളിയും കഷ്ടതയും” ഒരിക്കലും ഉണ്ടായിരിക്കയില്ലാത്തതുമായ സമയത്തോടു സമീപിക്കവേ അതു കൂടുതൽ ശക്തമായിത്തീരും.—വെളിപ്പാടു 21:4.
[8-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളുടെ സമ്മേളനങ്ങളിൽ ദൃശ്യമാകുന്ന സന്തോഷവും നല്ല സംഘാടനവും അനേകരിലും മതിപ്പുളവാക്കിയിരിക്കുന്നു