ആശ്വാസവും പ്രോത്സാഹനവും—അനേക വശങ്ങളുള്ള രത്നങ്ങൾ
നമ്മിൽ മിക്കവർക്കും, നാം അങ്ങേയറ്റം ദരിദ്രരാണെന്നു തോന്നിയ സമയങ്ങളുണ്ടായിട്ടുണ്ട്—അത് അവശ്യം സാമ്പത്തികമായി ഇടിവു സംഭവിച്ചതിനാലായിരിക്കണമെന്നില്ല, എന്നാൽ മാനസികമായ തളർച്ചയാകാം. നാം ഭഗ്നാശരായിരുന്നു, കടുത്ത വിഷാദചിത്തരും ആയിരുന്നു. എന്നിട്ടും അത്തരം സന്ദർഭങ്ങളിൽ നമുക്കു വളരെയധികം ഗുണം ചെയ്യാനാവുമായിരുന്ന ഒരു സംഗതി നമ്മുടെ കയ്യെത്താവുന്ന ദൂരത്തുണ്ടായിരുന്നിരിക്കാം. ആ “രത്ന”മാണ് പ്രോത്സാഹനം.
ബൈബിളിൽ ഒരേ ഗ്രീക്കുപദം തന്നെയാണു “പ്രോത്സാഹിപ്പിക്കുക” എന്നതിനും “ആശ്വസിപ്പിക്കുക” എന്നതിനും ഉപയോഗിച്ചിരിക്കുന്നത്. ധൈര്യം, ബലം, അല്ലെങ്കിൽ പ്രത്യാശ പകർന്നുകൊടുക്കുക എന്ന ആശയമാണ് ആ രണ്ടു പദങ്ങൾക്കുമുള്ളത്. അപ്പോൾ, നാം ദുർബലരെന്നോ മാനസികമായി തളർന്നവരെന്നോ തോന്നുമ്പോൾ നമുക്കു കൃത്യമായും ആവശ്യമായിരിക്കുന്നത് ആശ്വാസവും പ്രോത്സാഹനവുമാണെന്നതു വ്യക്തം. അവ എവിടെ കണ്ടെത്താനാവും?
യഹോവ “സർവ്വാശ്വാസവും നല്കുന്ന ദൈവ”മാണെന്നു ബൈബിൾ നമുക്ക് ഉറപ്പുതരുന്നു. (2 കൊരിന്ത്യർ 1:3) “അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല” എന്നും അതു നമ്മോടു പറയുന്നു. (പ്രവൃത്തികൾ 17:27) അതുകൊണ്ട്, ആശ്വാസവും പ്രോത്സാഹനവും ലഭ്യമാണ്. യഹോവ പ്രോത്സാഹനം നൽകുന്ന നാലു പൊതുവായ മേഖലകൾ നമുക്കു പരിചിന്തിക്കാം.
ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെ
ആശ്വാസത്തിന്റെ ഏറ്റവും വലിയ ഉറവാണു യഹോവയാം ദൈവവുമായുള്ള വ്യക്തിപരമായ ബന്ധം. അത്തരം ബന്ധം സാധ്യമാണെന്ന കാര്യംതന്നെ പ്രോത്സാഹജനകമാണ്. എന്തിന്, ഏതു ലോകഭരണാധിപനാണു നമ്മുടെ ഫോൺവിളികൾ സ്വീകരിക്കുക, അല്ലെങ്കിൽ നമ്മുടെ പ്രശ്നങ്ങളിൽ വ്യക്തിപരമായ താത്പര്യം കാട്ടുക? അത്തരം മനുഷ്യരെക്കാൾ അനന്ത ശക്തിയുള്ളവനാണു യഹോവ. എന്നിട്ടും അവൻ താഴ്മയുള്ളവനാണ്—താഴ്മയുള്ള, അപൂർണ മനുഷ്യരുമായി ഇടപെടാനുള്ള മനസ്സൊരുക്കത്തിലും അധികമായി അവൻ പെരുമാറുന്നു. (സങ്കീർത്തനം 18:35) നമ്മോടു സ്നേഹം കാട്ടുന്നതിൽ യഹോവതന്നെ മുൻകൈ എടുത്തിരിക്കുന്നു. ഒന്നു യോഹന്നാൻ 4:10 ഇങ്ങനെ പറയുന്നു: “നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതുതന്നെ സാക്ഷാൽ സ്നേഹം ആകുന്നു.” കൂടാതെ, യഹോവ നമ്മെ തന്റെ പുത്രനിലേക്കു സ്നേഹപുരസ്സരം ആകർഷിക്കുകയും ചെയ്യുന്നു.—യോഹന്നാൻ 6:44.
നിങ്ങൾ പ്രതികരിക്കുകയും ദൈവവുമായുള്ള സൗഹൃദത്തിൽ ആശ്വാസം തേടുകയും ചെയ്തിട്ടുണ്ടോ? (യാക്കോബ് 2:23 താരതമ്യം ചെയ്യുക.) ഉദാഹരണത്തിന്, നിങ്ങൾക്കു പ്രിയപ്പെട്ട ഒരു ആത്മമിത്രമുണ്ടെങ്കിൽ, നിങ്ങളുടെ ഉത്കണ്ഠകളെയും ഭയപ്പാടുകളെയും, നിങ്ങളുടെ പ്രതീക്ഷകളെയും സന്തോഷങ്ങളെയും കുറിച്ച് സ്വതന്ത്രമായി സംസാരിച്ചുകൊണ്ട് അയാളുമൊത്തു തനിയെ കുറച്ചു സമയം ചെലവിടുന്നത് ഒരു സുഖാനുഭൂതിയല്ലേ? തന്നോടും അതുതന്നെ ചെയ്യാനാണു യഹോവ നിങ്ങളെ ക്ഷണിക്കുന്നത്. പ്രാർഥനയിൽ അവനുമായി നിങ്ങൾക്ക് എത്രനേരം സംസാരിക്കാമെന്നതു സംബന്ധിച്ച് അവൻ ഒരു പരിധിയും വെക്കുന്നില്ല—അവൻ വാസ്തവത്തിൽ ശ്രദ്ധിക്കുകതന്നെ ചെയ്യുന്നു. (സങ്കീർത്തനം 65:2; 1 തെസ്സലൊനീക്യർ 5:17) യേശു നിരന്തരം മുട്ടിപ്പായി പ്രാർഥിച്ചു. വാസ്തവത്തിൽ, തന്റെ 12 അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നതിനു മുമ്പായി അവൻ ഒരു രാത്രി മുഴുവൻ പ്രാർഥനയിൽ ചെലവഴിച്ചു.—ലൂക്കൊസ് 6:12-16; എബ്രായർ 5:7.
ഇടയ്ക്കിടയ്ക്കൊക്കെ, നമുക്കോരോരുത്തർക്കും യഹോവയോടൊപ്പം തനിച്ചായിരിക്കാൻ ശ്രമിക്കാവുന്നതാണ്. ഒരു ജാലകത്തിനടുത്തു വെറുതെ ശാന്തമായിരിക്കുന്നതോ സമാധാനപൂർവം നടക്കുന്നതോ പ്രാർഥനയിൽ നമ്മുടെ ഹൃദയം യഹോവയ്ക്കു തുറന്നുകൊടുക്കുന്നതിനുള്ള നല്ലൊരു അവസരം പ്രദാനം ചെയ്യുന്നു. അങ്ങനെ ചെയ്യുന്നത് വലിയ സാന്ത്വനത്തിന്റെയും സഹായത്തിന്റെയും ഒരു ഉറവായിരിക്കാൻ കഴിയും. ധ്യാനിച്ചുകൊണ്ടിരിക്കുമ്പോൾ, നമുക്കു നോക്കാനായി യഹോവയുടെ സൃഷ്ടിയുടെ ഏതെങ്കിലുമൊരു വശം—ആകാശത്തിന്റെ ഒരു ഭാഗമോ കുറെ വൃക്ഷങ്ങളോ പക്ഷികളോ—ഉണ്ടെങ്കിൽ യഹോവയ്ക്കു നമ്മോടുള്ള സ്നേഹത്തിന്റെയും പരിഗണനയുടെയും ആശ്വാസപ്രദമായ ഓർമിപ്പിക്കലുകൾ നമുക്ക് അവയിൽ കാണാം.—റോമർ 1:20.
ദൈവവചനത്തിന്റെ ഒരു വ്യക്തിപരമായ പഠനത്തിലൂടെ
എന്നിരുന്നാലും, വാസ്തവത്തിൽ ബൈബിളിന്റെ വ്യക്തിപരമായ പഠനത്തിലൂടെയാണു യഹോവയുടെ ഗുണങ്ങൾ നമുക്കു മനസ്സിലാകുന്നത്. യഹോവ “കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ” എന്നു ബൈബിൾ ആവർത്തിച്ചാവർത്തിച്ചു വെളിപ്പെടുത്തുന്നു. (പുറപ്പാടു 34:6; നെഹെമ്യാവു 9:17; സങ്കീർത്തനം 86:15) തന്റെ ഭൗമിക ദാസന്മാരെ ആശ്വസിപ്പിക്കാനുള്ള ആഗ്രഹം യഹോവയുടെ വ്യക്തിത്വത്തിന്റെ സ്വതഃസിദ്ധമായ ഒരു ഭാഗമാണ്.
ദൃഷ്ടാന്തത്തിന്, യെശയ്യാവു 66:13-ൽ കാണുന്ന യഹോവയുടെ വാക്കുകളെക്കുറിച്ചു പരിചിന്തിക്കുക: “അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.” ആത്മത്യാഗപരവും വിശ്വസ്തവും ആയിരിക്കുന്ന വിധത്തിൽ അമ്മയ്ക്കു മക്കളോടുള്ള സ്നേഹത്തെ രൂപപ്പെടുത്തിയതു യഹോവയാണ്. സ്നേഹമുള്ള ഒരമ്മ പരിക്കേറ്റ തന്റെ കുട്ടിയെ ആശ്വസിപ്പിക്കുന്നതു നിങ്ങൾ എന്നെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ, തന്റെ ജനത്തെ താൻ ആശ്വസിപ്പിക്കുമെന്നു പറയുമ്പോൾ യഹോവ എന്തർഥമാക്കുന്നുവെന്നു നിങ്ങൾക്കു മനസ്സിലാകും.
അത്തരം ആശ്വാസം പ്രവർത്തനത്തിലിരിക്കുന്നതായി അനേകം ബൈബിൾ വിവരണങ്ങൾ കാട്ടിത്തരുന്നു. ഇസബേൽ എന്ന ദുഷ്ട രാജ്ഞിയുടെ പക്കൽനിന്നു വധഭീഷണി നേരിട്ടപ്പോൾ ധൈര്യം ചോർന്നുപോയ പ്രവാചകനായ ഏലിയാവ് ജീവരക്ഷാർഥം ഓടിപ്പോയി. തീർത്തും ആശയറ്റ അവൻ ഒരു ദിവസം മുഴുവൻ മരുഭൂമിയിലൂടെ നടന്നു. തെളിവനുസരിച്ച്, അവൻ തന്റെ പക്കൽ വെള്ളമോ മറ്റു സാധനങ്ങളോ ഒന്നും എടുത്തിരുന്നില്ല. കടുത്ത മാനസികവ്യഥ തോന്നിയ ഏലിയാവ്, താൻ മരിക്കാൻ ആഗ്രഹിക്കുന്നുവെന്നു യഹോവയോടു പറഞ്ഞു. (1 രാജാക്കന്മാർ 19:1-4) തന്റെ പ്രവാചകനെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും യഹോവ എന്താണു ചെയ്തത്?
തനിക്ക് ആരുമില്ലെന്നും തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നും തോന്നിയതിനോ ഭയപ്പെട്ടതിനോ യഹോവ ഏലിയാവിനെ കുറ്റപ്പെടുത്തിയില്ല. നേരേമറിച്ച്, ആ പ്രവാചകൻ കേട്ടതോ, “സാവധാനത്തിൽ ഒരു മൃദുസ്വരം” ആയിരുന്നു. (1 രാജാക്കന്മാർ 19:12) 1 രാജാക്കന്മാർ 19-ാം അധ്യായം വായിക്കുകയാണെങ്കിൽ, യഹോവ ഏലിയാവിനെ ആശ്വസിപ്പിക്കുകയും അവനെ സാന്ത്വനപ്പെടുത്തുകയും അവന്റെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും ചെയ്തതെങ്ങനെയെന്നു കാണാം. ആ ആശ്വാസം ഉപരിപ്ലവമായ ഒന്നായിരുന്നില്ല. അത് ഏലിയാവിന്റെ കലുഷിതമായ ഹൃദയത്തിലേക്കിറങ്ങിച്ചെന്ന്, മുന്നേറാൻ ആ പ്രവാചകനു പ്രോത്സാഹനമേകി. (യെശയ്യാവു 40:1, 2 താരതമ്യം ചെയ്യുക.) പെട്ടെന്നുതന്നെ, അവൻ തന്റെ ജോലിയിൽ പ്രവേശിച്ചു.
അതുപോലെ, യേശുക്രിസ്തു തന്റെ വിശ്വസ്ത അനുഗാമികളെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വാസ്തവത്തിൽ, മിശിഹായെക്കുറിച്ചു യെശയ്യാവ് ഇങ്ങനെ പ്രവചിക്കുകയുണ്ടായി: ‘യഹോവയായ കർത്താവ്, ഹൃദയം തകർന്നവരെ മുറികെട്ടുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും എന്നെ അയച്ചിരിക്കുന്നു.’ (യെശയ്യാവു 61:1-3) ആ വാക്കുകൾ തന്നിൽ ബാധകമായി എന്നതു സംബന്ധിച്ചു യേശു തന്റെ ആയുഷ്കാലത്തു യാതൊരു സംശയവും അവശേഷിപ്പിച്ചില്ല. (ലൂക്കൊസ് 4:17-21) നിങ്ങൾക്ക് ആശ്വാസത്തിന്റെ ആവശ്യം തോന്നുന്നുവെങ്കിൽ, മുറിവേറ്റവരും ബുദ്ധിമുട്ടനുഭവിക്കുന്നവരുമായ ആളുകളോടുള്ള യേശുവിന്റെ മൃദുലവും സ്നേഹപുരസ്സരവുമായ ഇടപെടലുകളെക്കുറിച്ചു ധ്യാനിക്കുക. തീർച്ചയായും, ബൈബിളിന്റെ ശ്രദ്ധാപൂർവകമായ പഠനം ആശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും വലിയൊരു ഉറവാണ്.
സഭ മുഖാന്തരം
ക്രിസ്തീയ സഭയിൽ ആശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും രത്നങ്ങൾ അനേക വശങ്ങളിൽ വെട്ടിത്തിളങ്ങുകയാണ്. “അന്യോന്യം ആശ്വസിപ്പിക്കുകയും അന്യോന്യം കെട്ടുപണി ചെയ്യുകയും ചെയ്യുന്നതിൽ തുടരുവിൻ” എന്നെഴുതാൻ പൗലോസ് അപ്പോസ്തലൻ നിശ്വസ്തനാക്കപ്പെട്ടു. (1 തെസലോനിക്യർ 5:11, NW) സഭായോഗങ്ങളിൽ ആശ്വാസവും പ്രോത്സാഹനവും എങ്ങനെ കണ്ടെത്താവുന്നതാണ്?
പ്രാഥമികമായി, നാം സഭായോഗങ്ങളിൽ സംബന്ധിക്കുന്നത് “യഹോവയാൽ പഠിപ്പിക്ക”പ്പെടാൻ, അവനെയും അവന്റെ വഴികളെയും കുറിച്ചുള്ള പ്രബോധനം സ്വീകരിക്കാൻ ആണ്. (യോഹന്നാൻ 6:45, NW) അത്തരം പ്രബോധനം പ്രോത്സാഹിപ്പിക്കുന്നതും ആശ്വസിപ്പിക്കുന്നതുമായിരിക്കാനാണ് ഉദ്ദേശിക്കപ്പെടുന്നത്. പ്രവൃത്തികൾ 15:32-ൽ നാം ഇങ്ങനെ വായിക്കുന്നു: “യൂദയും ശീലാസും . . . പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ചു [“പ്രോത്സാഹിപ്പിച്ച്,” NW] ഉറപ്പിച്ചു.”
ആശയറ്റവനായി ക്രിസ്തീയ യോഗത്തിനു പോയിട്ട് നല്ല ഉണർവോടെ വീട്ടിലേക്കു തിരിച്ചുവന്നിട്ടുള്ള അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? ഒരുപക്ഷേ പ്രസംഗത്തിലോ ഉത്തരത്തിലോ പ്രാർഥനയിലോ കേട്ട ഏതെങ്കിലുമൊരു കാര്യം നിങ്ങളുടെ ഹൃദയത്തെ സ്പർശിച്ചിരിക്കുകയും അങ്ങനെ ആവശ്യമായ ആശ്വാസവും പ്രോത്സാഹനവും നിങ്ങൾക്കു പകരുകയും ചെയ്തിരിക്കാം. അതുകൊണ്ട് ക്രിസ്തീയ യോഗങ്ങൾ ഒഴിവാക്കാതിരിക്കുക.—എബ്രായർ 10:24, 25.
ശുശ്രൂഷയിലും മറ്റവസരങ്ങളിലും നമ്മുടെ സഹോദരീസഹോദരന്മാരോടൊത്തുള്ള സഹവാസത്തിനു സമാനമായ ഫലം ഉളവാക്കാൻ സാധിക്കും. എബ്രായ ഭാഷയിൽ “ചേർത്തു ബന്ധിക്കുക” എന്നർഥമുള്ള പല ക്രിയകളും “ബല”ത്തെ അല്ലെങ്കിൽ “ബലപ്പെടുത്തുക” എന്നതിനെ പരാമർശിക്കുന്നു—അതിന്റെ പ്രത്യക്ഷത്തിലുള്ള ആശയം, വസ്തുക്കൾ ചേർത്തു ബന്ധിക്കുമ്പോൾ കൂടുതൽ ബലമുള്ളതായിത്തീരുന്നു എന്നതാണ്. സഭയിൽ ഈ തത്ത്വം സത്യമാണ്. പരസ്പരം സഹവസിക്കുകവഴി, നമുക്ക് ആശ്വാസവും പ്രോത്സാഹനവും ലഭിക്കുന്നു. അതേ, നാം ബലിഷ്ഠരാക്കപ്പെടുന്നു. ഏറ്റവും ബലമുള്ള ബന്ധമായ സ്നേഹത്താൽ നാം ബന്ധിതരാകുന്നു.—കൊലൊസ്സ്യർ 3:14.
ചിലപ്പോഴൊക്കെ നമുക്കു പ്രോത്സാഹനമേകുന്നതു നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരുടെ വിശ്വസ്തതയാണ്. (1 തെസ്സലൊനീക്യർ 3:7, 8) മറ്റു ചിലപ്പോഴോ, അത് അവർ കാണിക്കുന്ന സ്നേഹമാണ്. (ഫിലേമോൻ 7) ഇനിയും വേറെ ചിലപ്പോൾ, ദൈവരാജ്യത്തെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുമ്പോൾ തോളോടുതോൾ ചേർന്ന്, ഒന്നിച്ചു പ്രവർത്തിക്കുന്നതാണു പ്രോത്സാഹനത്തിനു നിദാനം. ശുശ്രൂഷയുടെ കാര്യത്തിൽ നിങ്ങൾക്കു തളർച്ച തോന്നുകയും പ്രോത്സാഹനത്തിന്റെ ആവശ്യമുണ്ടെന്നു കാണുകയും ചെയ്യുന്നപക്ഷം, പ്രായവും അനുഭവജ്ഞാനവും കൂടുതലുള്ള ഒരു രാജ്യപ്രസാധകന്റെ കൂടെ പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുകൂടേ? അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ വളരെ ആശ്വാസം കണ്ടെത്താനാണു സാധ്യത.—സഭാപ്രസംഗി 4:9-12; ഫിലിപ്പിയർ 1:27.
“വിശ്വസ്തനും വിവേകിയുമായ അടിമ” മുഖാന്തരം
നമ്മുടെ ആരാധനയുടെ ആശ്വസിപ്പിക്കൽ പരിപാടികൾ ആരാണു സംഘടിപ്പിക്കുന്നത്? “തക്കസമയത്ത്” ആത്മീയ “ഭക്ഷണം” വിതരണം ചെയ്യാൻ താൻ “വിശ്വസ്തനും വിവേകിയുമായ അടിമ” എന്നു നാമകരണം ചെയ്തിരിക്കുന്ന ഒരു വർഗത്തെ യേശു നിയോഗിച്ചിരിക്കുന്നു. (മത്തായി 24:45, NW) പൊ.യു. (പൊതുയുഗം) ഒന്നാം നൂറ്റാണ്ടിൽതന്നെ ആത്മാഭിക്ഷിക്ത ക്രിസ്ത്യാനികളുടെ ഈ കൂട്ടം പ്രവർത്തിച്ചുതുടങ്ങിയിരുന്നു. യെരുശലേമിലെ മൂപ്പന്മാരുടെ ഭരണസംഘം പ്രബോധനവും മാർഗനിർദേശവും അടങ്ങിയ കത്തുകൾ സഭകൾക്ക് അയച്ചുകൊടുത്തു. അതിന്റെ ഫലമെന്തായിരുന്നു? അത്തരം ഒരു കത്തിനോടുള്ള സഭകളുടെ പ്രതികരണത്തെക്കുറിച്ചു ബൈബിൾ ഇങ്ങനെ രേഖപ്പെടുത്തുന്നു: “അതു വായിച്ച് അവർ ആ പ്രോത്സാഹനത്തിൽ സന്തോഷിച്ചു.”—പ്രവൃത്തികൾ 15:23-31, NW.
അതുപോലെ, ദുർഘടനാളുകളുടെ ഇക്കാലത്ത്, യഹോവയുടെ ജനത്തിനു വലിയ ആശ്വാസവും പ്രോത്സാഹനവും നൽകുന്ന ആത്മീയ ഭക്ഷണം വിശ്വസ്തനും വിവേകിയുമായ അടിമ പ്രദാനം ചെയ്തുകൊണ്ടിരിക്കുകയാണ്. നിങ്ങൾ അതു ഭക്ഷിക്കുന്നുണ്ടോ? അതു ലോകമെമ്പാടും അടിമവർഗം ലഭ്യമാക്കുന്ന അച്ചടിച്ച സാഹിത്യങ്ങളിലൂടെ സദാ ലഭ്യമാണ്. വാച്ച് ടവർ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരം, ഉണരുക! മാസികകളും അതുപോലെതന്നെ പുസ്തകങ്ങളും ലഘുപത്രികകളും ലഘുലേഖകളും അസംഖ്യം വായനക്കാർക്ക് ആശ്വാസം കൈവരുത്തിയിട്ടുണ്ട്.
ഒരു സഞ്ചാരമേൽവിചാരകൻ എഴുതിയതു നോക്കൂ: “ശരിയായതു ചെയ്യാനാണു നമ്മുടെ സഹോദരീസഹോദരന്മാരിൽ മിക്കവരും ആഗ്രഹിക്കുന്നത്, എന്നാൽ അവർ മിക്കപ്പോഴും നിരാശ, ഭയം, തങ്ങളെത്തന്നെ സഹായിക്കാൻ ശക്തിയില്ലെന്ന തോന്നൽ തുടങ്ങിയ സംഗതികളോടു മല്ലടിക്കുന്നു. ജീവിതത്തിന്റെയും വികാരങ്ങളുടെയും മേലുള്ള നിയന്ത്രണം വീണ്ടെടുക്കാൻ നമ്മുടെ പത്രികകളിലെ ലേഖനങ്ങൾ അനേകരെ സഹായിക്കുന്നുണ്ട്. പൊള്ളയായ പ്രോത്സാഹനത്തെക്കാൾ ഉപരി നൽകുന്നതിനുള്ള വകയും ആ ലേഖനങ്ങൾ മൂപ്പന്മാർക്കു പ്രദാനം ചെയ്യുന്നു.”
വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തിൽനിന്നു ലഭിക്കുന്ന സാഹിത്യങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തുക. കാലങ്ങൾ ദുഷ്കരമായിരിക്കുമ്പോൾ, ആശ്വാസം കണ്ടെത്താൻ കാലോചിതമായ മാസികകൾക്കും പുസ്തകങ്ങൾക്കും മറ്റു പ്രസിദ്ധീകരണങ്ങൾക്കും നമ്മെ സഹായിക്കാനാവും. നേരേമറിച്ച്, വിഷാദമനുഭവിക്കുന്ന ഒരാൾക്കു പ്രോത്സാഹനം നൽകാൻ കഴിയുന്ന ഒരു സ്ഥാനത്താണു നിങ്ങളെങ്കിൽ ഈ മാസികകളിലുള്ള തിരുവെഴുത്തധിഷ്ഠിതമായ വിവരങ്ങൾ ഉപയോഗപ്പെടുത്തുക. ലേഖനങ്ങൾ എഴുതുന്നത് വളരെ അവധാനപൂർവമാണ്, മിക്കപ്പോഴും പല ആഴ്ചകളോളം അല്ലെങ്കിൽ മാസങ്ങളോളംതന്നെ നീണ്ടുനിൽക്കുന്ന വളരെ ശ്രമകരമായ ഗവേഷണത്തിനും പഠനത്തിനും പ്രാർഥനയ്ക്കും ശേഷമാണ് അവ എഴുതുന്നത്. അവ നൽകുന്ന ബുദ്ധ്യുപദേശം ബൈബിളധിഷ്ഠിതവും കാലം തെളിയിച്ചതും സത്യവുമാണ്. മാനസികമായി തളർന്ന വ്യക്തിയോടൊപ്പമിരുന്ന് അനുയോജ്യമായ ഒന്നോ രണ്ടോ ലേഖനങ്ങൾ വായിക്കുന്നതു വളരെ സഹായകമാണെന്നു ചിലർ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഫലമായി വളരെയധികം ആശ്വാസവും പ്രോത്സാഹനവും ലഭിച്ചേക്കാം.
അമൂല്യമായ രത്നങ്ങൾ കണ്ടെത്തിയാൽ നിങ്ങളവ ഒളിച്ചുവെക്കുമോ, അതോ ആ സമ്പത്തിൽ കുറച്ച് മറ്റുള്ളവരുമായി ഔദാര്യപൂർവം പങ്കുവെക്കുമോ? സഭയിലുള്ള നിങ്ങളുടെ സഹോദരീസഹോദരന്മാർക്ക് ആശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഒരു ഉറവായിരിക്കുക എന്നതു ലക്ഷ്യമാക്കുക. തകർക്കുന്നതിനു പകരം കെട്ടുപണി ചെയ്യുകയാണെങ്കിൽ, വിമർശിക്കുന്നതിനു പകരം അഭിനന്ദിക്കുകയാണെങ്കിൽ, “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കു”ന്നതിനു പകരം “പഠിപ്പിക്കപ്പെട്ടവരുടെ നാവു”കൊണ്ടു സംസാരിക്കുകയാണെങ്കിൽ, മറ്റുള്ളവരുടെ ജീവിതത്തിനു മാറ്റംവരുത്താൻ ഒരുപക്ഷേ നിങ്ങൾക്കു കഴിഞ്ഞേക്കാം. (യെശയ്യാവു 50:4, NW; സദൃശവാക്യങ്ങൾ 12:18) നിശ്ചയമായും, നിങ്ങൾത്തന്നെ ഒരു രത്നമായി, യഥാർഥ ആശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഒരു ഉറവായി വീക്ഷിക്കപ്പെടാൻ ഇടയുണ്ട്!
[20-ാം പേജിലെ ചതുരം]
ആവശ്യമുള്ളവർക്ക ആശ്വാസം
വീക്ഷാഗോപുരത്തിലും ഉണരുക!യിലും വന്ന ചില ലേഖനങ്ങൾ യഹോവയുമായുള്ള തങ്ങളുടെ വ്യക്തിപരമായ ബന്ധത്തെ എങ്ങനെ ആഴമുള്ളതാക്കി എന്നു ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു വനിത പറഞ്ഞത് ഇങ്ങനെയാണ്: “യഹോവ തന്റെ ശക്തിയോടും പ്രതാപത്തോടും കൂടെ എന്നോടുകൂടെ ഉള്ളതുപോലെയാണ് ആ ലേഖനം വായിച്ചുകഴിഞ്ഞപ്പോൾ എനിക്കു തോന്നിയത്. അവൻ ഒരു യഥാർഥ വ്യക്തിയാണെന്ന് എനിക്കു തോന്നി.” മറ്റൊരു കത്ത് ഇപ്രകാരം പ്രസ്താവിച്ചു: “യഹോവയെപ്പറ്റി ഞങ്ങളുടെ വീക്ഷണത്തിലുണ്ടായ നാടകീയ മാറ്റം ഞങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും മാറ്റിയതുകൊണ്ട് ഞങ്ങൾ മേലാൽ പഴയ വ്യക്തികളല്ല. അത്, ഞങ്ങളുടെ കണ്ണടകൾ ആരോ നന്നായി തുടച്ചതുപോലെയാണ്, ഇപ്പോൾ ഞങ്ങൾക്ക് എല്ലാം വ്യക്തമായി കാണാം.”
ചില പ്രത്യേക പ്രശ്നങ്ങളോ വെല്ലുവിളികളോ തരണം ചെയ്യാൻ ആ മാസികകൾ തങ്ങളെ എങ്ങനെ സഹായിക്കുന്നുവെന്നു പറയാനാണു ചിലർ എഴുതുന്നത്. യഹോവയ്ക്ക് അവരിലുള്ള വ്യക്തിപരമായ താത്പര്യം സംബന്ധിച്ച് അത് അവർക്ക് ഉറപ്പു നൽകുന്നു. ഒരു വായനക്കാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “യഹോവ തന്റെ ജനത്തെ എത്രമാത്രം പരിപാലിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്നു കാണാൻ ഞങ്ങളെ ഒരിക്കൽ കൂടി സഹായിച്ചതിനു നിങ്ങൾക്കു വളരെ നന്ദി.” ജപ്പാനിലെ ഒരു വനിതയുടെ കുട്ടി മരിച്ചുപോയി, പ്രസ്തുത വിഷയത്തെക്കുറിച്ചു ഉണരുക!യിൽ വന്ന ലേഖനങ്ങളെക്കുറിച്ച് അവർ പറഞ്ഞതു നോക്കൂ: “ദൈവത്തിന്റെ കരുണയുടെ ആഴം ആ പേജുകളിൽനിന്നു ചൊരിയപ്പെട്ടു, ഞാൻ വീണ്ടും വീണ്ടും കരഞ്ഞു. എനിക്കു വളരെ ദുഃഖവും ഏകാന്തതയും തോന്നുമ്പോൾ വായിക്കാനായി ഞാനവ സൗകര്യമുള്ള ഒരു സ്ഥലത്താണു വെച്ചിരിക്കുന്നത്.” വിലപിക്കുന്ന മറ്റൊരു സ്ത്രീ പറഞ്ഞതോ, ഇപ്രകാരം: “എന്നിൽ ദുഃഖമുളവാക്കുന്ന സമയത്തെ അതിജീവിക്കാനുള്ള ശക്തി, വീക്ഷാഗോപുരത്തിലെയും ഉണരുക!യിലെയും ലേഖനങ്ങളും “നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ” എന്ന ലഘുപത്രികയും എനിക്കു പകർന്നുതന്നിരിക്കുന്നു.”
ആശ്വാസത്തിന്റെ പ്രാഥമിക ഉറവിടം വിശുദ്ധ തിരുവെഴുത്തുകളാണ്. (റോമർ 15:4) വീക്ഷാഗോപുരം അതിന്റെ ആധികാരിക പ്രമാണമെന്ന നിലയിൽ ഗ്രന്ഥമെന്നനിലയിൽ ബൈബിളിനോടു പറ്റിനിൽക്കുന്നു, അതുപോലെതന്നെ അതിന്റെ കൂട്ടു മാസികയായ ഉണരുക!യും. അതിനാൽ, ഈ പത്രികകൾ അതിന്റെ അനുവാചകർക്ക് ആശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഉറവാണെന്നു തെളിഞ്ഞിരിക്കുന്നു.
[23-ാം പേജിലെ ചിത്രം]
സർവാശ്വാസവും നൽകുന്ന ദൈവം പ്രാർഥനകൾ കേൾക്കുന്നവനുമാണ്