വെളിച്ചം ഒരു അന്ധകാരയുഗത്തിന് അന്ത്യം കുറിക്കുന്നു
യേശുക്രിസ്തുവിന്റെയും അവന്റെ അപ്പോസ്തലന്മാരുടെയും കാലത്തെ ലോകം എബ്രായ തിരുവെഴുത്തുകൾ എഴുതപ്പെട്ട കാലങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായിരുന്നു. സംഭവിച്ചതെന്തെന്ന് അറിയാതെ ബൈബിൾ വായനക്കാർ, വെറും അസ്പഷ്ടമായ ധാരണ വെച്ചുപുലർത്തിക്കൊണ്ടു പ്രവാചകനായ മലാഖി മുതൽ സുവിശേഷ എഴുത്തുകാരനായ മത്തായി വരെയുള്ള ബൈബിൾ എഴുതപ്പെടാത്ത 400 വർഷത്തെ കാലഘട്ടത്തിൽ സാമുദായികവും മതപരവുമായ അവസ്ഥ ഒരേപോലെ തുടർന്നുവന്നിരുന്നുവെന്നു വിഭാവനം ചെയ്തേക്കാം.
ബാബിലോനിലെ പ്രവാസത്തിൽനിന്നു വിടുവിക്കപ്പെട്ട ഇസ്രായേല്യരുടെ ശേഷിപ്പു തങ്ങളുടെ ജന്മനാട്ടിൽ വീണ്ടും വാസമുറപ്പിക്കുന്നതായി സൂചിപ്പിച്ചുകൊണ്ടാണ് ഇപ്പോഴത്തെ മിക്ക ബൈബിളുകളിലും എബ്രായ തിരുവെഴുത്തുകളിലെ ഒടുവിലത്തെ പുസ്തകമായ മലാഖി അവസാനിക്കുന്നത്. (യിരെമ്യാവു 23:3) തിന്മ ലോകത്തുനിന്നു നീക്കംചെയ്യപ്പെടുന്നതിനും മിശിഹൈക യുഗത്തിന്റെ ആഗമനത്തിനും വേണ്ടി ദൈവത്തിന്റെ ന്യായവിധിയുടെ നാളിനായി കാത്തിരിക്കാൻ അർപ്പിത യഹൂദർ പ്രോത്സാഹിപ്പിക്കപ്പെട്ടു. (മലാഖി 4:1, 2) അതിനിടയിൽ പേർഷ്യ ഭരണം നടത്തി. യഹൂദയിൽ താമസമുറപ്പിച്ച പേർഷ്യൻ സേന സൈന്യബലത്താൽ സമാധാനം കാത്തുസൂക്ഷിക്കുകയും രാജശാസനങ്ങളെ ഉയർത്തിപ്പിടിക്കുകയും ചെയ്തു.—എസ്രാ 4:23 താരതമ്യം ചെയ്യുക.
എന്നുവരികിലും, തുടർന്നുവന്ന നാലു നൂറ്റാണ്ടുകളിലുടനീളം ബൈബിൾ ദേശങ്ങൾ സ്ഥായിയായി നിലകൊണ്ടില്ല. ആത്മീയ അന്ധകാരവും ആശയക്കുഴപ്പവും നുഴഞ്ഞുകയറാൻ തുടങ്ങി. ഏഷ്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശം അക്രമത്തിലും ഭീകരപ്രവർത്തനത്തിലും മർദനത്തിലും സമൂല മതചിന്തയിലും സാങ്കൽപ്പിക തത്ത്വശാസ്ത്രത്തിലും സംസ്കാരിക ആഘാതത്തിലും ഇളകിമറിഞ്ഞു.
ഒരു വ്യത്യസ്ത യുഗത്തിലാണു ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ ആദ്യ പുസ്തകമായ മത്തായി എഴുതപ്പെട്ടത്. റോമൻ സേന പാക്സ് റോമാന അഥവാ റോമൻ സമാധാനം ബലമായി പ്രാബല്യത്തിൽ വരുത്തുകയുണ്ടായി. കഷ്ടപ്പാടും ക്രൂരഭരണവും ദാരിദ്ര്യവും ഇല്ലായ്മ ചെയ്തു സമ്പദ്സമൃദ്ധിയും പ്രശാന്തതയും നൽകി ജീവിതത്തിൽ വെളിച്ചം വിതറുന്നതിനു ഭയഭക്തിയുള്ള ജനങ്ങൾ മിശിഹായുടെ വരവിനായി നോക്കിപ്പാർത്തിരുന്നു. (ലൂക്കൊസ് 1:67-79; 24:21; 2 തിമൊഥെയൊസ് 1:10 എന്നിവ താരതമ്യം ചെയ്യുക.) യേശുക്രിസ്തുവിന്റെ ജനനത്തിനു മുമ്പുള്ള നൂറ്റാണ്ടുകളിൽ യഹൂദ സമുദായത്തെ ഉടച്ചുവാർത്ത പ്രബല ശക്തികളെ നമുക്കൊന്ന് അടുത്തു വീക്ഷിക്കാം.
പേർഷ്യക്കാരുടെ നാളുകളിൽ യഹൂദരുടെ ജീവിതം
പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 537-ൽ ബാബിലോന്യ പ്രവാസത്തിൽനിന്നു യഹൂദരെ വിടുവിച്ചുകൊണ്ടുള്ള സൈറസിന്റെ (കോരശ്) പ്രഖ്യാപനത്തെത്തുടർന്ന് ഒരു കൂട്ടം യഹൂദരും യഹൂദേതര കൂട്ടാളികളും ബാബിലോനിൽനിന്നു പുറപ്പെട്ടു. ആത്മീയമായി ചുമതലാബോധമുള്ള ഈ ശേഷിപ്പ്, നശിപ്പിക്കപ്പെട്ട നഗരങ്ങളും ശൂന്യമാക്കപ്പെട്ട നാടുമുള്ള ഒരു പ്രദേശത്തു തിരിച്ചെത്തി. ഏദോമ്യരും ഫൊയ്നീക്ക്യരും ശമര്യക്കാരും അറേബ്യൻ ഗോത്രക്കാരും മറ്റു ചിലരും ഇസ്രായേലിന്റെ ഒരിക്കൽ വിശാലമായിരുന്ന പ്രദേശങ്ങൾ കൈയടക്കിക്കഴിഞ്ഞിരുന്നു. യഹൂദ്യയുടെയും ബെന്യാമീന്റെയും ശേഷിച്ച പ്രദേശങ്ങൾ ആബാർ നാഹാരാ (നദിക്കപ്പുറം) എന്നു വിളിക്കുന്ന, പേർഷ്യൻ മണ്ഡലാധിപത്യത്തിലുള്ള യഹൂദ്യ പ്രവിശ്യയായിത്തീർന്നു.—എസ്രാ 1:1-4; 2:64, 65.
പേർഷ്യൻ ഭരണകാലത്തു യഹൂദ നിവാസികൾ “വികസനത്തിന്റെയും ജനസംഖ്യാ വർധനവിന്റെയും ഒരു കാലഘട്ടം” അനുഭവിച്ചറിയാൻ തുടങ്ങി എന്ന് ദ കേംബ്രിഡ്ജ് ഹിസ്റ്ററി ഓഫ് ജുഡായിസം പറയുന്നു. യെരുശലേമിനെക്കുറിച്ച് അതു കൂടുതലായി ഇങ്ങനെ പറയുന്നു: “കർഷകരും തീർഥാടകരും കാഴ്ചകൾ കൊണ്ടുവന്നു, ആലയവും നഗരവും സമ്പന്നമായി. അവരുടെ സമ്പത്തു വിദേശ കച്ചവടക്കാരെയും ശിൽപ്പികളെയും ആകർഷിക്കുകയും ചെയ്തു.” പ്രാദേശിക ഗവണ്മെൻറിനോടും മതത്തോടും പേർഷ്യക്കാർ വളരെയധികം സഹിഷ്ണുത പുലർത്തിയെങ്കിലും നികുതിചുമത്തൽ കർക്കശമായിരുന്നു. അതും വിലയേറിയ ലോഹങ്ങൾ നൽകി മാത്രമേ അടയ്ക്കാൻ കഴിയുമായിരുന്നുള്ളൂ.—നെഹെമ്യാവു 5:1-5, 15; 9:36, 37; 13:15, 16, 20 എന്നിവ താരതമ്യം ചെയ്യുക.
പേർഷ്യൻ സാമ്രാജ്യത്തിന്റെ അവസാന നാളുകൾ വളരെയധികം കോളിളക്കം സൃഷ്ടിച്ച, മണ്ഡലാധിപതികളുടെ വടംവലി സവിശേഷതയായിരുന്ന സമയമായിരുന്നു. മെഡിറ്ററേനിയൻ തീരത്തു നടന്ന ഗവണ്മെൻറ് വിരുദ്ധ ലഹളയിൽ ഏർപ്പെട്ട അനേകം യഹൂദർ അങ്ങകലെ വടക്ക്, കാസ്പിയൻ കടൽത്തീര പ്രദേശത്തുള്ള ഹൈർകാനയിലേക്കു നാടുകടത്തപ്പെട്ടു. എന്നിരുന്നാലും യഹൂദരിലധികവും പേർഷ്യാക്കാർ ഏർപ്പെടുത്തിയ ശിക്ഷയ്ക്കു പാത്രമായതായി കാണപ്പെടുന്നില്ല.
ഗ്രീക്കുകാരുടെ കാലഘട്ടം
പൊ.യു.മു. 332-ൽ മഹാനായ അലക്സാണ്ടർ ഒരു പുള്ളിപ്പുലിക്കു സദൃശനായി മധ്യപൂർവ ദേശത്തു തലപൊക്കി. എന്നാൽ ഗ്രീക്കിന്റെ പ്രാമുഖ്യതയോടുള്ള അഭിരുചി അദ്ദേഹത്തിനു മുമ്പുതന്നെ നിലവിലുണ്ടായിരുന്നു. (ദാനീയേൽ 7:6) ഗ്രീക്കു സംസ്കാരത്തിനു രാഷ്ട്രീയ മൂല്യമുണ്ടെന്നു തിരിച്ചറിഞ്ഞ് വികസിച്ചുവരുന്ന തന്റെ സാമ്രാജ്യത്തെ ഗ്രീക്കു സംസ്കാരത്തിലാക്കാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചു. ഗ്രീക്ക് ഒരു അന്താരാഷ്ട്ര ഭാഷയായി തീർന്നു. അലക്സാണ്ടറുടെ ഹ്രസ്വ വാഴ്ച വാക്തർക്കവും സ്പോർട്സിലുള്ള ആവേശവും സൗന്ദര്യവാസനയും ഊട്ടിവളർത്തി. ഒടുവിൽ യഹൂദ പൈതൃകംപോലും യവന സംസ്കാരത്തിനു വഴിപ്പെട്ടു.
പൊ.യു.മു. 323-ൽ അലക്സാണ്ടറിന്റെ മരണത്തെത്തുടർന്ന്, സിറിയയിലും ഈജിപ്തിലുമുള്ള അദ്ദേഹത്തിന്റെ പിൻഗാമികളായിരുന്നു ‘വടക്കെദേശത്തിലെ രാജാവ്’ എന്നും ‘തെക്കെദേശത്തിലെ രാജാവ്’ എന്നും പ്രവാചകനായ ദാനിയേൽ വിളിച്ച സ്ഥാനങ്ങൾ ആദ്യമായി അലങ്കരിച്ചത്. (ദാനീയേൽ 11:1-19) ‘തെക്കെദേശത്തിലെ രാജാവ്’ റ്റോളമി II ഫിലഡൽഫസിന്റെ വാഴ്ചക്കാലത്ത് (പൊ.യു.മു. 285-246), എബ്രായ തിരുവെഴുത്തുകൾ സാധാരണ ഗ്രീക്കു ഭാഷയായ കൊയ്നിയിലേക്കു തർജമ ചെയ്യപ്പെടാൻ തുടങ്ങി. ഈ ഭാഷാന്തരം സെപ്റ്റുവജിൻറ് എന്നു വിളിക്കപ്പെടാൻ ഇടയായി. ഇതിലെ പല വാക്യങ്ങളും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ആത്മീയമായി തപ്പിത്തടയുന്ന, അന്ധകാരപൂർണമായ ലോകത്ത് ഉദ്ബുദ്ധതയാർന്ന അർഥതലങ്ങൾ പകരുന്നതിനു ഗ്രീക്കു ഭാഷ ഉത്തമമാണെന്നു തെളിഞ്ഞു.
ആൻറിയാക്കസ് IV എപ്പിഫാനെസ് സിറിയയുടെ രാജാവും പാലസ്തീന്റെ ഭരണാധിപനും ആയിത്തീർന്നശേഷം (പൊ.യു.മു. 175-164), ഗവണ്മെൻറ് പിന്തുണയുണ്ടായിരുന്ന പീഡനത്താൽ യഹൂദ മതവ്യവസ്ഥിതി തുടച്ചുമാറ്റപ്പെടുന്ന ഘട്ടത്തോളം എത്തി. യഹോവയാം ദൈവത്തെ തള്ളിപ്പറയാനും ഗ്രീക്കു ദൈവങ്ങൾക്കു മാത്രം യാഗമർപ്പിക്കാനും വധഭീഷണി മുഴക്കിക്കൊണ്ടു യഹൂദരെ നിർബന്ധിക്കുകയുണ്ടായി. പൊ.യു.മു. 168 ഡിസംബറിൽ യെരുശലേമിലെ ആലയത്തിൽ യഹോവയുടെ വലിയ യാഗപീഠത്തിനു മേൽ പുറജാതി ദൈവങ്ങൾക്കുള്ള യാഗപീഠം പണിത് ഒളിമ്പ്യൻ സീയൂസിന് യാഗങ്ങൾ അർപ്പിക്കപ്പെടുകയുണ്ടായി. ക്ഷോഭിതരെങ്കിലും ഗ്രാമപ്രദേശത്തിലെ ധീരരായിരുന്ന പുരുഷന്മാർ ജൂഡസ് മക്കബീസിന്റെ നേതൃത്വത്തിൽ ഒത്തുകൂടി യെരുശലേം തങ്ങളുടെ അധീനതയിൽ കൊണ്ടുവരുന്നതുവരെ കൊടിയ യുദ്ധത്തിൽ ഏർപ്പെട്ടു. ആലയം ദൈവത്തിനു വീണ്ടും സമർപ്പിക്കുകയുണ്ടായി. ആലയത്തെ അപവിത്രമാക്കി കൃത്യം മൂന്നു വർഷം കഴിഞ്ഞു വീണ്ടും ദിവസേന യാഗങ്ങൾ അർപ്പിക്കാൻ തുടങ്ങി.
ശേഷിച്ച ഗ്രീക്കു കാലഘട്ടത്തിൽ യഹൂദ്യ സമുദായത്തിൽപ്പെട്ടവർ അതിക്രമത്തിലൂടെ പഴയ അതിർത്തികൾവരെ തങ്ങളുടെ പ്രദേശങ്ങൾ വിപുലമാക്കുന്നതിനു ശ്രമിച്ചു. വധഭീഷണി ഭയന്നു മതംമാറാൻ തങ്ങളുടെ വിജാതീയരായ അയൽക്കാരുടെമേൽ ബലംപ്രയോഗിക്കുന്നതിന്, പുതുതായി സ്ഥാപിച്ച സേനയുടെ കരുത്തു ഭക്തികെട്ട വിധത്തിൽ അവർ ഉപയോഗിക്കുകയുണ്ടായി. എന്നിട്ടും, ഗ്രീക്കു രാഷ്ട്രീയ സംഹിത നഗരങ്ങളെയും പട്ടണങ്ങളെയും ഭരിക്കുന്നതിൽ തുടർന്നു.
ആ സമയത്ത്, മഹാപുരോഹിത സ്ഥാനത്തേക്കു മത്സരിക്കുന്നവർ മിക്കപ്പോഴും അഴിമതിക്കാരായിരുന്നു. ഉപജാപങ്ങളും കൊലകളും രാഷ്ട്രീയ ഗൂഢാലോചനകളും അവരുടെ അധികാര സ്ഥാനത്തിനു കളങ്കംചാർത്തി. യഹൂദരുടെയിടയിലെ മനോഭാവം എത്രമാത്രം ഭക്തികെട്ടതായിത്തീർന്നോ അത്രമാത്രം പ്രഖ്യാതമായിത്തീർന്നു ഗ്രീക്കു സ്പോർട്സ്. കളികളിൽ പങ്കെടുക്കാൻ വേണ്ടി യുവ പുരോഹിതന്മാർ തങ്ങളുടെ ചുമതലകൾ ഇട്ടെറിയുന്നത് എത്ര ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു! വിജാതീയരോടൊപ്പം നഗ്നരായി മത്സരത്തിലേർപ്പെടുമ്പോഴത്തെ നാണക്കേട് ഒഴിവാക്കാൻ യഹൂദ അത്ലറ്റുകൾ “അഗ്രചർമിക”ളായിത്തീരുന്നതിനു വേദനാജനകമായ ശസ്ത്രക്രിയയ്ക്കു പോലും വിധേയരായി.—1 കൊരിന്ത്യർ 7:18 താരതമ്യം ചെയ്യുക.
മതപരമായ മാറ്റങ്ങൾ
പ്രവാസത്തിനു ശേഷമുള്ള ആദ്യ വർഷങ്ങളിൽ, എബ്രായ തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിട്ടുള്ള സത്യമതവുമായി വ്യാജ വിശ്വാസങ്ങളും തത്ത്വശാസ്ത്രങ്ങളും കൂട്ടിക്കുഴയ്ക്കുന്നതിനെ വിശ്വസ്തരായ യഹൂദർ എതിർത്തിരുന്നു. പേർഷ്യയുമായുള്ള 60 വർഷത്തെ ഉറ്റ സഹവാസത്തിനുശേഷം എഴുതപ്പെട്ട എസ്ഥേർ എന്ന പുസ്തകത്തിൽ, പാർസിമതത്തെപ്പറ്റി (Zoroastrianism) ഒരു സൂചനപോലുമില്ല. കൂടാതെ, പേർഷ്യൻ കാലഘട്ടത്തിന്റെ ആദ്യ ഭാഗത്ത് (പൊ.യു.മു. 537-443) എഴുതപ്പെട്ട എസ്രാ, നെഹെമ്യാവു, മലാഖി എന്നീ ബൈബിൾ പുസ്തകങ്ങളിലും പാർസിമതത്തിന്റെ യാതൊരു സ്വാധീനവും കാണാനില്ല.
എന്നിരുന്നാലും, പേർഷ്യൻ കാലഘട്ടത്തിന്റെ രണ്ടാം പകുതിയിൽ അനേകം യഹൂദർ, പാർസികളുടെ പ്രധാന ദേവനായിരുന്ന അഹൂറ മസ്ദയുടെ ആരാധകരുടെ വീക്ഷണഗതികളിൽ ചിലതൊക്കെ സ്വീകരിക്കാൻ തുടങ്ങിയതായി പണ്ഡിതന്മാർ കരുതുന്നു. ഇസിനുകളുടെ പരക്കെ അറിയപ്പെടുന്ന അന്ധവിശ്വാസങ്ങളിലും ആചാരങ്ങളിലും ഇതു കാണാവുന്നതാണ്. കുറുക്കൻ, മണലാരണ്യത്തിലെ മറ്റു ജീവികൾ, നിശാ പക്ഷികൾ എന്നിവ ബാബിലോനിലെയും പേർഷ്യയിലെയും പുരാവൃത്തത്തിലെ ദുഷ്ടാത്മാക്കളും നിശാ രാക്ഷസന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന ധാരണ യഹൂദരുടെ മനസ്സുകളിൽ തങ്ങിനിന്നു.
യഹൂദർ വിജാതീയ ആശയങ്ങളെ ഒരു വ്യത്യസ്ത വെളിച്ചത്തിൽ വീക്ഷിക്കാൻ തുടങ്ങി. സ്വർഗം, നരകം, ദേഹി, വചനം (ലോഗോസ്), ജ്ഞാനം എന്നിവയെക്കുറിച്ചുള്ള ധാരണകൾക്കെല്ലാം പുതിയ അർഥതലങ്ങളുണ്ടായി. അന്നു വിചാരിച്ചിരുന്നതുപോലെ, ദൈവം മനുഷ്യരുമായി ആശയവിനിയമം നടത്താനാവാത്തവിധം അത്ര അകലത്തിലായിരിക്കുന്നപക്ഷം അവനു മധ്യവർത്തികൾ ആവശ്യമായിരുന്നുവെന്നാണു പഠിപ്പിച്ചിരുന്നത്. ആ മധ്യവർത്തികളെയും കാവൽ ചെയ്യുന്ന ആത്മാക്കളെയും ഗ്രീക്കുകാർ ഭൂതങ്ങൾ എന്നു പേർവിളിച്ചു. നല്ലതോ ചീത്തയോ ആയ ഭൂതങ്ങൾ ഉണ്ടായിരിക്കാമെന്ന ആശയം അംഗീകരിച്ച യഹൂദർ എളുപ്പത്തിൽ ഭൂതങ്ങളുടെ നിയന്ത്രണത്തിലായി.
പുരോഗമനപരമായ ഒരു മാറ്റം പ്രാദേശിക ആരാധനയിൽ ഉൾപ്പെട്ടിരുന്നു. സമീപപ്രദേശത്തുള്ള യഹൂദാ കൂട്ടങ്ങൾക്കു മതവിദ്യാഭ്യാസത്തിനും ശുശ്രൂഷകൾക്കും കൂടിവരുന്നതിനുള്ള സ്ഥലങ്ങളെന്ന നിലയിൽ സിനഗോഗുകൾ പൊട്ടിമുളയ്ക്കാൻ തുടങ്ങി. യഹൂദ സിനഗോഗുകൾ എന്ന്, എവിടെ, എങ്ങനെ തുടങ്ങിയെന്നു കൃത്യമായി അറിഞ്ഞുകൂടാ. ദൂരദേശത്തുള്ള യഹൂദർക്ക് ആലയത്തിൽ പോകാൻ കഴിയാതെ വന്നപ്പോൾ ആരാധിക്കുന്നതിനുള്ള അവരുടെ ആവശ്യത്തെ സിനഗോഗുകൾ തൃപ്തിപ്പെടുത്തിയതുകൊണ്ട്, പ്രവാസകാലങ്ങളിലോ പ്രവാസകാലങ്ങൾക്കു ശേഷമോ അവ സ്ഥാപിതമായെന്നാണു പൊതുവേ കരുതുന്നത്. ശ്രദ്ധേയമെന്നു പറയട്ടെ, അവ യേശുവിനും അവന്റെ ശിഷ്യന്മാർക്കും ‘അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു ജനങ്ങളെ വിളിച്ച ദൈവത്തിന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണ’മുള്ള മികച്ച വേദികളായി മാറി.—1 പത്രൊസ് 2:9.
യഹൂദമതം നാനാതര ആശയഗതിക്കാരുടെ കൂട്ടങ്ങളെ സ്വാഗതംചെയ്തു
പൊ.യു.മു. രണ്ടാം നൂറ്റാണ്ടിൽ നാനാതര ആശയഗതിക്കാരുടെ കൂട്ടങ്ങൾ തലപൊക്കാൻ തുടങ്ങി. അവർ വ്യത്യസ്ത മതസംഘടനകളായിരുന്നില്ല. മറിച്ച്, യഹൂദ മതത്തിന്റെ കുടക്കീഴിൽ ജനങ്ങളെ സ്വാധീനിക്കുന്നതിനും രാഷ്ട്രത്തെ നിയന്ത്രിക്കുന്നതിനും ശ്രമിച്ച യഹൂദ വൈദികരുടെയും തത്ത്വചിന്തകരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും ചെറിയ സംഘടനകളായിരുന്നു അവ.
രാഷ്ട്രീയക്കറ പുരണ്ട സദൂക്യർ മുഖ്യമായും സമ്പന്ന ശ്രേഷ്ഠവർഗമായിരുന്നു. പൊ.യു.മു. രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഗവണ്മെൻറ് വിരുദ്ധ ഹസ്മോനിയൻ കലാപം ഉണ്ടായതു മുതൽ സമർഥമായ നയതന്ത്രത്തിനു പേരുകേട്ടവരായിരുന്നു അവർ. അവരിൽ ചിലർ ബിസിനസുകാരും ജന്മികളുമായിരുന്നെങ്കിലും അധികംപേരും പുരോഹിതന്മാരായിരുന്നു. യേശു ജനിച്ചപ്പോഴേക്കും മിക്ക സദൂക്യരും പാലസ്തീനിലെ റോമൻ ഭരണത്തെ അനുകൂലിച്ചു. കാരണം അതു കൂടുതൽ ഉറച്ചതും നിലവിലുള്ള സ്ഥിതി നിലനിർത്താൻ സാധ്യതയുള്ളതും ആണെന്ന് അവർ ധരിച്ചു. (യോഹന്നാൻ 11:47, 48 താരതമ്യം ചെയ്യുക.) ഹെരോദാവിന്റെ കുടുംബം ഭരണം നടത്തുന്നതു ദേശീയ താത്പര്യത്തിന് ഏറെ യോജിച്ചതായിരിക്കുമെന്ന് ഒരു ന്യൂനപക്ഷം (ഹെരോദാവ്-അനുഭാവികൾ) വിശ്വസിച്ചു. എന്തായാലും, ദേശം യഹൂദ മതഭ്രാന്തരുടെ കരങ്ങളിലായിരിക്കാനോ ആലയം പുരോഹിതന്മാരുടേതല്ലാതെ മറ്റാരുടെയെങ്കിലും നിയന്ത്രണത്തിലായിരിക്കാനോ സദൂക്യർ ആഗ്രഹിച്ചില്ല. സദൂക്യ വിശ്വാസങ്ങൾ യാഥാസ്ഥിതികമായിരുന്നു, അതു കൂടുതലും അവർ മോശയുടെ ലിഖിതങ്ങൾക്കു കൊടുത്ത വ്യാഖ്യാനത്തിൽ അധിഷ്ഠിതമായിരുന്നു. കൂടാതെ, ശക്തരായ പരീശന്മാരുടെ വിഭാഗത്തോട് അവർക്കുള്ള എതിർപ്പും അവ പ്രകടമാക്കി. (പ്രവൃത്തികൾ 23:6-8) എബ്രായ തിരുവെഴുത്തുകളിലെ പ്രവചനങ്ങൾ ഊഹാപോഹങ്ങളാണെന്നു പറഞ്ഞുകൊണ്ടു സദൂക്യർ അവ തള്ളിക്കളഞ്ഞു. ബൈബിളിലെ ചരിത്രപരവും കാവ്യാത്മകവും സുഭാഷിതപരവുമായ പുസ്തകങ്ങൾ നിശ്വസ്തമല്ലെന്നും അനാവശ്യമാണെന്നും അവർ പഠിപ്പിച്ചു.
ഗ്രീക്കു കാലഘട്ടത്തിൽ യഹൂദ ഗ്രീക്കുവാദത്തിനെതിരെ ശക്തമായ പ്രതിലോമശക്തിയായി പരീശന്മാർ രൂപംകൊണ്ടു. എന്നിരുന്നാലും, യേശുവിന്റെ നാളായപ്പോഴേക്കും അവർ സിനഗോഗിലെ പ്രബോധനത്തിലൂടെ രാഷ്ട്രത്തെ നിയന്ത്രിക്കാൻ ശ്രമിച്ച, വഴക്കമില്ലാത്ത, പാരമ്പര്യത്തിന്റെ കുരുക്കിൽപ്പെട്ട, നിയമനിഷ്ഠയുള്ള, അഹന്തയുള്ള, സ്വയനീതിക്കാരായ മതപരിവർത്തകരും ഉപദേഷ്ടാക്കളും ആയിത്തീർന്നു. കൂടുതലും ഇടത്തരക്കാരായിരുന്ന അവർ സാധാരണക്കാരായ ജനങ്ങളെ അവമതിച്ചിരുന്നു. യേശു മിക്ക പരീശന്മാരെയും കപടരായ സ്വാർഥമതികളും കരുണയില്ലാത്ത പണമോഹികളും ആയി വീക്ഷിച്ചു. (മത്തായി 23-ാം അധ്യായം) അവർ മുഴു എബ്രായ തിരുവെഴുത്തുകളെയും തങ്ങളുടെ സ്വന്തം വിശദീകരണങ്ങളുടെ വെളിച്ചത്തിൽ അംഗീകരിച്ചെങ്കിലും അതിനു തുല്യമായ അല്ലെങ്കിൽ അതിനെക്കാൾ കൂടുതലായ മൂല്യം തങ്ങളുടെ അലിഖിത പാരമ്പര്യങ്ങൾക്കു കൽപ്പിച്ചു. തങ്ങളുടെ പാരമ്പര്യം “ന്യായപ്രമാണത്തിനു ചുറ്റുമുള്ള ഒരു വേലി” ആയിരുന്നുവെന്ന് അവർ പറഞ്ഞു. എന്നിരുന്നാലും, ഒരു വേലി ആയിരിക്കുന്നതിനു പകരം അവരുടെ പാരമ്പര്യങ്ങൾ ദൈവവചനത്തെ അസാധുവാക്കുകയും പൊതുജനങ്ങളെ കുഴപ്പിക്കുകയുമാണു ചെയ്തത്.—മത്തായി 23:2-4; മർക്കൊസ് 7:1, 9-13.
പ്രത്യക്ഷത്തിൽ, ഏതാനും ഒറ്റപ്പെട്ട സമുദായങ്ങളിലായി ജീവിച്ചിരുന്ന ഗൂഢമതവാദികളായിരുന്നു ഇസിനുകൾ. നിർമലതയോടെ വാഗ്ദത്ത മിശിഹായെ സ്വീകരിക്കാൻ കാത്തിരിക്കുന്ന ഇസ്രായേലിന്റെ യഥാർഥ ശേഷിപ്പാണു തങ്ങളെന്ന് അവർ സ്വയം കരുതി. ഇസിനുകൾ ധ്യാനനിഷ്ഠയുള്ള, സുഖഭോഗങ്ങൾ വെടിഞ്ഞുള്ള ഒരു ജീവിതം നയിച്ചു. അവരുടെ വിശ്വാസങ്ങളിൽ പലതും പേർഷ്യ-ഗ്രീക്കു വിശ്വാസങ്ങളെ പ്രതിഫലിപ്പിച്ചിരുന്നു.
മതപരമായി പ്രേരിപ്പിക്കപ്പെട്ട, ദേശസ്നേഹികളായ, മതഭ്രാന്തരായ തീവ്രവാദികളുടെ പല വിഭാഗങ്ങളും സ്വതന്ത്രമായ യഹൂദ രാഷ്ട്രത്തിനു വിലങ്ങുതടിയായി നിന്ന സകലരെയും നിഷ്ഠൂരമാംവിധം ശത്രുക്കളായി വീക്ഷിച്ചു. അവരെ ഹാസ്മോനിയക്കാരോടു സാമ്യപ്പെടുത്തിയിരിക്കുന്നു, മുഖ്യമായും ആദർശവാദികളായ, സാഹസികരായ യുവാക്കൻന്മാർക്ക് അവർ ആകർഷിതരായി തോന്നിച്ചു. കൊള്ളക്കാരായ കൊലയാളികൾ അല്ലെങ്കിൽ മറുത്തു പൊരുതുന്നവർ എന്നു നിരൂപിച്ചുകൊണ്ടു ഗറില്ലാ തന്ത്രങ്ങൾ ആവിഷ്കരിച്ച അവർ വഴികളും പൊതുസ്ഥലങ്ങളും അപകടകരമാക്കിത്തീർത്തു, കൂടാതെ അക്കാലത്തെ വിഭ്രാന്തി വർധിപ്പിക്കുകയും ചെയ്തു.
ഈജിപ്തിൽ അലക്സാണ്ട്രിയക്കാരായ യഹൂദരുടെയിടയിൽ ഗ്രീക്കു തത്ത്വചിന്ത പ്രബലമായി. അവിടെനിന്ന് അതു പാലസ്തീനിലേക്കും ഡയസ്പോറയിൽ വ്യാപകമായി ചിതറിക്കിടന്നിരുന്ന യഹൂദരുടെയിടയിലേക്കും വ്യാപിച്ചു. ഉത്തരകാനോനിക ഗ്രന്ഥങ്ങളും യഹൂദ വ്യാജസാഹിത്യ ഗ്രന്ഥവും (Pseudepigrapha) എഴുതിയ യഹൂദ സൈദ്ധാന്തികർ, മോശയുടെ ലിഖിതങ്ങൾ അസ്പഷ്ടവും അരോചകമായ ദൃഷ്ടാന്തകഥകളും ആണെന്നു വ്യാഖ്യാനിച്ചു.
റോമാ യുഗം വന്നെത്തിയപ്പോഴേക്കും ഗ്രീക്കു സംസ്കൃതിവത്കരണം പാലസ്തീനെ സാമുദായികവും രാഷ്ട്രീയവും തത്ത്വചിന്താപരവുമായ അർഥത്തിൽ ശാശ്വതമായി ഉടച്ചുവാർത്തിരുന്നു. യഹൂദരുടെ ബൈബിളധിഷ്ഠിത മതത്തിന്റെ സ്ഥാനത്ത്, ബാബിലോൻ, പേർഷ്യ, ഗ്രീക്ക് എന്നിവിടങ്ങളിലെ വിശ്വാസങ്ങളുമായി അൽപ്പസ്വൽപ്പം തിരുവെഴുത്തു സത്യം കൂട്ടിക്കലർത്തിയെടുത്ത യഹൂദമതം നിലവിൽ വന്നു. എന്നുവരികിലും, സദൂക്യർ, പരീശന്മാർ, ഇസിനുകൾ എന്നിവരെയെല്ലാം ഒരുമിച്ചു കൂട്ടിയാലും അതു രാഷ്ട്രത്തിലെ ജനതയുടെ 7 ശതമാനത്തിൽ കുറവേ വരുമായിരുന്നുള്ളൂ. ഈ പ്രതിലോമ ശക്തികളുടെ നീർച്ചുഴിയിലകപ്പെട്ടതോ, “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായ” യഹൂദ ജനഗണവും.—മത്തായി 9:36.
അന്ധകാരപൂർണമായ ആ ലോകത്തിലേക്കാണ് യേശു കടന്നുവന്നത്. “അദ്ധ്വാനിക്കുന്നവരും ഭാരപ്പെട്ടിരിക്കുന്നവരുമായ നിങ്ങൾ എല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങൾക്കു നവോന്മേഷം പകരും” എന്ന അവന്റെ ഉറപ്പേകുന്ന ക്ഷണം ആശ്വാസദായകമായിരുന്നു. (മത്തായി 11:28, NW) “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്ന അവന്റെ വാക്കുകൾ ശ്രവിക്കുന്നത് എത്ര രോമാഞ്ചജനകമായിരുന്നു! (യോഹന്നാൻ 8:12) കൂടാതെ, “എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്ന ഹൃദയാഹ്ലാദം പകരുന്ന അവന്റെ വാഗ്ദാനം തീർച്ചയായും ഹൃദ്യമായിരുന്നു.—യോഹന്നാൻ 8:12.
[26-ാം പേജിലെ ചിത്രം]
യഹൂദ മതനേതാക്കന്മാർ ആത്മീയ അന്ധകാരത്തിലാണെന്ന് യേശു പ്രകടമാക്കി
[28-ാം പേജിലെ ചിത്രം]
ആൻറിയാക്കസ് IV (എപ്പിഫാനെസ്)-ന്റെ രൂപസാദൃശ്യം വഹിക്കുന്ന നാണയം
[കടപ്പാട്]
Pictorial Archive (Near Eastern History) Est.