‘ദൈവത്തിനു ഞാൻ പ്രാധാന്യമുള്ളവനാണോ?’
“ഞാൻ പ്രാധാന്യമുള്ളവനാണോ? ദൈവം കരുതുന്നുണ്ടോ?” ക്രിസ്റ്റ്യാനിറ്റി ടുഡേ എന്ന മാസികയിൽ പ്രത്യക്ഷമായ ഒരു ലേഖനത്തിന്റെ തലക്കെട്ടായിരുന്നു അത്. ആ ലേഖനത്തിന്റെ എഴുത്തുകാരനായ ഫിലിപ് യാൻസി ഇപ്രകാരം പ്രസ്താവിക്കുന്നു: “ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള എന്റെ ജീവിതവൃത്തിയുടെ അധികപങ്കും വേദനാനിർഭരമായിരുന്നു. ഒരിക്കലും പൂർണമായി ഭേദമാകാത്ത ഒരു പഴയ വ്രണത്തിൽ തൊടുന്നതുപോലെ ഞാൻ അതേ ചോദ്യങ്ങളിലേക്കുതന്നെ വീണ്ടും വീണ്ടും തിരിഞ്ഞു. എന്റെ പുസ്തകങ്ങളുടെ വായനക്കാരിൽനിന്ന് എനിക്കു വിവരങ്ങൾ ലഭിക്കാറുണ്ട്, അവരുടെ ദുഃഖത്തിൽ കുതിർന്ന കഥകൾ എന്റെ സംശയങ്ങളെ സാധൂകരിക്കുന്നു.”
ദൈവത്തിനു നിങ്ങളുടെ ജീവിതത്തിൽ താത്പര്യമുണ്ടോയെന്ന് ഒരുപക്ഷേ നിങ്ങളും അതിശയിച്ചിട്ടുണ്ടായിരിക്കാം. ഓ, ‘തന്റെ ഏകജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു’ എന്നു പ്രസ്താവിക്കുന്ന യോഹന്നാൻ 3:16 നിങ്ങൾക്ക് പരിചിതമായിരിക്കാം. അല്ലെങ്കിൽ മത്തായി 20:28 നിങ്ങൾ വായിച്ചിട്ടുണ്ടായിരിക്കാം. യേശു “അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാ”ൻ വന്നു എന്ന് അതു പറയുന്നു. എന്നിട്ടും നിങ്ങൾ ചോദിച്ചേക്കാം, ‘ദൈവം എന്നെ ശ്രദ്ധിക്കുന്നുണ്ടോ? ഒരു വ്യക്തിയെന്ന നിലയിൽ അവൻ എന്നെക്കുറിച്ചു കരുതുന്നുണ്ടോ?’ നാം കാണാൻ പോകുന്നതുപോലെ, അവൻ അപ്രകാരം ചെയ്യുന്നുവെന്നു വിശ്വസിക്കാൻ നല്ല കാരണമുണ്ട്.