ദൈവം നിങ്ങളെക്കുറിച്ചു കരുതുന്നു
മേരി നാൽപ്പതുകളുടെ അവസാനത്തിലെത്തിയിരിക്കുന്ന ഒരു ക്രിസ്തീയ സ്ത്രീയാണ്. അവൾ ജീവിതത്തിൽ വളരെയധികം ദുരിതമനുഭവിച്ചു. ഭർത്താവിന്റെ വ്യഭിചാരം ഹേതുവായി അവൾ വിവാഹമോചിതയായിട്ട് ഒരു പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു. അതിനുശേഷം, തന്റെ നാലു കുട്ടികളുടെ ഒറ്റയ്ക്കുള്ള മാതാവെന്ന നിലയിലുള്ള ദൗത്യം നിറവേറ്റാനായി മേരി വളരെ പാടുപെട്ടു. എന്നാൽ അവൾ ഇപ്പോഴും ഒറ്റയ്ക്കാണ്, ചിലപ്പോൾ അവൾക്ക് ഈ ഏകാന്തത അസഹനീയമായി തോന്നുന്നു. ‘എന്നെക്കുറിച്ചും എന്റെ പിതാവില്ലാത്ത മക്കളെക്കുറിച്ചും ദൈവം കരുതുന്നില്ലെന്നാണോ ഇതിന്റെ അർഥം?’ മേരി അത്ഭുതപ്പെടുന്നു.
സമാനമായ ഒരു പ്രതികൂലാവസ്ഥ നിങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കു മേരിയുടെ വികാരങ്ങളോടു തീർച്ചയായും സഹതാപം പ്രകടിപ്പിക്കാൻ കഴിയും. പരിശോധനാത്മകമായ സാഹചര്യങ്ങളെ നാമെല്ലാം സഹിച്ചുനിന്നിട്ടുണ്ട്. യഹോവ നമുക്കുവേണ്ടി എപ്പോൾ, എങ്ങനെ പ്രവർത്തിക്കുമെന്നു നാം അതിശയിച്ചിട്ടുമുണ്ടായിരിക്കാം. ഈ അനുഭവങ്ങളിൽ ചിലത് ദൈവനിയമങ്ങളോടുള്ള നമ്മുടെ അനുസരണത്തിന്റെ നേരിട്ടുള്ള ഫലമാണ്. (മത്തായി 10:16-18; പ്രവൃത്തികൾ 5:29) മറ്റു ചിലത്, അപൂർണ മനുഷ്യരായിരിക്കുന്ന നാം സാത്താന്റെ ഭരണത്തിൻ കീഴിലുള്ള ഒരു ലോകത്തിൽ ജീവിക്കുന്നതിന്റെ പരിണതഫലമാണ്. (1 യോഹന്നാൻ 5:19) “സർവ്വസൃഷ്ടിയും . . . ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി.—റോമർ 8:22.
എന്നിരുന്നാലും, നിങ്ങൾ ഗുരുതരമായ ഒരു പരിശോധനയെ അഭിമുഖീകരിക്കുന്നു എന്ന വസ്തുത യഹോവ നിങ്ങളെ ഉപേക്ഷിച്ചിരിക്കുന്നുവെന്നോ അവൻ നിങ്ങളുടെ ക്ഷേമത്തിൽ താത്പരനല്ലെന്നോ അർഥമാക്കുന്നില്ല. നിങ്ങൾക്ക് ഇതേക്കുറിച്ച് എങ്ങനെ ഉറപ്പുള്ളവരായിരിക്കാൻ കഴിയും? ദൈവം നിങ്ങളെക്കുറിച്ചു കരുതുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
ഒരു പുരാതന ദൃഷ്ടാന്തം
വ്യക്തികളെന്നനിലയിൽ ആളുകളോടുള്ള യഹോവയുടെ കരുതൽ സംബന്ധിച്ച വ്യക്തമായ ദൃഷ്ടാന്തം ബൈബിൾ നൽകുന്നു. ദാവീദിന്റെ കാര്യം പരിചിന്തിക്കുക. യഹോവയ്ക്ക് ആ യുവ ഇടയനിൽ ഒരു വ്യക്തിപരമായ താത്പര്യം ഉണ്ടായിരുന്നു, “തനിക്കു ബോധിച്ച ഒരു പുരുഷ”നായി അവൻ ദാവീദിനെ കണ്ടെത്തി. (1 ശമൂവേൽ 13:14) പിന്നീട്, ദാവീദ് രാജാവായി ഭരിച്ചപ്പോൾ യഹോവ അവനോട് ഇങ്ങനെ വാഗ്ദാനം ചെയ്തു: “നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നോടുകൂടെ ഇരിക്കുന്നതായി തെളിയും.”—2 ശമുവേൽ 7:9, NW.
ദാവീദ് യാതൊരു കഷ്ടപ്പാടുമില്ലാത്ത ഒരു “സുരക്ഷാ” ജീവിതം നയിച്ചെന്ന് ഇതിനർഥമുണ്ടോ? ഇല്ല, തന്റെ ഭരണത്തിനു മുമ്പും ഭരണ സമയത്തും ദാവീദ് കഠിനമായ പീഡനങ്ങളെ നേരിട്ടു. അവൻ രാജാവാകുന്നതിനു മുമ്പ് പല വർഷങ്ങളോളം, വധേച്ഛുവായ ശൗൽ രാജാവ് അവനെ നിർദയം പിന്തുടർന്നു. ജീവിതത്തിന്റെ ആ കാലഘട്ടത്തിൽ ദാവീദ് ഇങ്ങനെ എഴുതി: “എന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു; . . . പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും . . . ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ.”—സങ്കീർത്തനം 57:4.
എന്നിട്ടും, ഈ പ്രതികൂലാവസ്ഥയിലുടനീളം യഹോവയുടെ വ്യക്തിപരമായ കരുതലിനെക്കുറിച്ചു ദാവീദിനു ബോധ്യമുണ്ടായിരുന്നു. “നീ എന്റെ ഉഴൽചകളെ എണ്ണുന്നു” എന്ന് യഹോവയോടുള്ള ഒരു പ്രാർഥനയിൽ അവൻ പ്രഖ്യാപിച്ചു. അതേ, ദാവീദിനെ സംബന്ധിച്ചിടത്തോളം മുഴു അഗ്നിപരീക്ഷയും യഹോവ രേഖപ്പെടുത്തിവെച്ചിരുന്നതുപോലെയായിരുന്നു. പിന്നെ ദാവീദ് ഇപ്രകാരം കൂട്ടിച്ചേർത്തു: “എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?”a (സങ്കീർത്തനം 56:8) യഹോവ തന്റെ സാഹചര്യത്തെക്കുറിച്ചു മാത്രമല്ല പിന്നെയോ അതിന്റെ വൈകാരിക സ്വാധീനത്തെക്കുറിച്ചും ബോധവാനാണെന്ന ദൃഢവിശ്വാസം ഈ ദൃഷ്ടാന്തത്തിലൂടെ ദാവീദ് പ്രകടമാക്കി.
തന്റെ ജീവിതത്തിന്റെ അവസാനമായപ്പോൾ ദാവീദിനു വ്യക്തിപരമായ അനുഭവത്തിൽനിന്ന് ഇപ്രകാരം എഴുതാൻ കഴിഞ്ഞു: “ഒരു മമനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.” (സങ്കീർത്തനം 37:23, 24) നിങ്ങളുടെ പീഡനങ്ങൾ വിട്ടുമാറാതെ, തുടർച്ചയായിട്ടുള്ളവയാണെന്നു വരികിലും യഹോവ നിങ്ങളുടെ സഹിഷ്ണുത ശ്രദ്ധിക്കുകയും വിലമതിക്കുകയും ചെയ്യുന്നുവെന്നു നിങ്ങൾക്കും ദൃഢവിശ്വാസമുള്ളവരായിരിക്കാൻ കഴിയും. പൗലോസ് ഇപ്രകാരം എഴുതി: “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”—എബ്രായർ 6:10.
കൂടാതെ, നിങ്ങളുടെ പന്ഥാവിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഏതു പ്രതിബന്ധത്തെയും സഹിച്ചുനിൽക്കാനുള്ള ശക്തി പ്രദാനം ചെയ്തുകൊണ്ടു യഹോവയ്ക്കു നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ കഴിയും. “നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു” എന്ന് ദാവീദ് എഴുതി. (സങ്കീർത്തനം 34:19) വാസ്തവത്തിൽ, യഹോവയുടെ കണ്ണുകൾ “തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു” എന്ന് ബൈബിൾ നമ്മോടു പറയുന്നു.—2 ദിനവൃത്താന്തം 16:9.
യഹോവ നിങ്ങളെ ആകർഷിച്ചിരിക്കുന്നു
യഹോവയുടെ വ്യക്തിപരമായ കരുതലിന്റെ കൂടുതലായ തെളിവ് യേശുവിന്റെ വാക്കുകളിൽ കാണാൻ കഴിയും. “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല” എന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 6:44) അതേ, ക്രിസ്തുവിന്റെ യാഗത്തിന്റെ പ്രയോജനങ്ങൾ അനുഭവിക്കാൻ യഹോവ ആളുകളെ വ്യക്തിപരമായി സഹായിക്കുന്നു. എങ്ങനെ? ഏറിയപങ്കും രാജ്യപ്രസംഗവേലയിലൂടെയാണ്. ഈ വേല “സകലജാതികൾക്കും സാക്ഷ്യമായി” ഉതകുന്നു എന്നതു സത്യംതന്നെ, എങ്കിലും അത് ഒരു വ്യക്തിപരമായ അടിസ്ഥാനത്തിലാണ് ആളുകളിലേക്ക് എത്തുന്നത്. സുവാർത്താ ദൂത് നിങ്ങൾ ശ്രദ്ധിക്കുകയും അതിനോടു പ്രതികരിക്കുകയും ചെയ്യുന്നുവെന്ന വസ്തുതതന്നെ യഹോവയ്ക്ക് നിങ്ങളിലുള്ള വ്യക്തിപരമായ താത്പര്യത്തിന്റെ തെളിവാണ്.—മത്തായി 24:14.
പരിശുദ്ധാത്മാവു മുഖാന്തരം യഹോവ തന്റെ പുത്രനിലേക്കും നിത്യജീവന്റെ പ്രത്യാശയിലേക്കും വ്യക്തികളെ ആകർഷിക്കുന്നു. ഇത് അവകാശപ്പെടുത്തിയ ഏതെല്ലാം പരിമിതികളും അപൂർണതകളും ഉണ്ടെങ്കിലും ആത്മീയ സത്യങ്ങൾ ഗ്രഹിക്കാനും ബാധകമാക്കാനും ഓരോരുത്തരെയും പ്രാപ്തമാക്കുന്നു. യഥാർഥത്തിൽ, ദൈവാത്മാവിന്റെ സഹായമില്ലാതെ ഒരാൾക്കു ദൈവോദ്ദേശ്യങ്ങൾ മനസ്സിലാക്കാനാവില്ല. (1 കൊരിന്ത്യർ 2:11, 12) പൗലോസ് തെസലോനിക്യർക്ക് എഴുതിയതുപോലെ, “വിശ്വാസം എല്ലാവരുടെയും സ്വത്തല്ല.” (2 തെസലോനിക്യർ 3:2, NW) യഹോവയാൽ ആകർഷിക്കപ്പെടുന്നതിനു മനസ്സൊരുക്കം പ്രകടിപ്പിക്കുന്നവർക്കു മാത്രമേ അവൻ തന്റെ ആത്മാവിനെ നൽകുകയുള്ളൂ.
യഹോവ ആളുകളെ വ്യക്തികളെന്ന നിലയിൽ സ്നേഹിക്കുന്നതുകൊണ്ടും അവർ രക്ഷ പ്രാപിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടുമാണ് അവരെ ആകർഷിക്കുന്നത്. യഹോവയുടെ വ്യക്തിപരമായ കരുതലിന്റെ എന്തൊരു ഉറപ്പായ തെളിവ്! യേശു ഇപ്രകാരം പറഞ്ഞു: “ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.” (മത്തായി 18:14) അതേ, ഓരോ വ്യക്തിയും വ്യതിരിക്തനായ ഒരുവനെന്നനിലയിൽ ദൈവദൃഷ്ടിയിൽ പ്രാധാന്യമുള്ളവനാണ്. അതുകൊണ്ടാണ് പൗലോസിന് ഇപ്രകാരം എഴുതാൻ കഴിഞ്ഞത്: “അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.” (റോമർ 2:6) അപ്പോസ്തലനായ പത്രോസ് ഇപ്രകാരം പറഞ്ഞു: “ദൈവത്തിന്നു മുഖപക്ഷമില്ല . . . ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ [പ്രത്യേക വ്യക്തിയെ] അവൻ അംഗീകരിക്കുന്നു.”—പ്രവൃത്തികൾ 10:34, 35.
യേശുവിന്റെ അത്ഭുതങ്ങൾ
മനുഷ്യരിലുള്ള ദൈവത്തിന്റെ വ്യക്തിപരമായ താത്പര്യം, അവന്റെ പുത്രനായ യേശു ചെയ്ത അത്ഭുതങ്ങളിൽ ഹൃദയസ്പർശിയാംവിധം പ്രകടമാക്കപ്പെട്ടു. ഈ സൗഖ്യമാക്കലുകളിൽ ആഴമായ വികാരം ഉൾപ്പെട്ടിരുന്നു. (മർക്കൊസ് 1:40, 41) യേശുവിന് “പിതാവു ചെയ്തു കാണുന്നതു അല്ലാതെ . . . സ്വതേ ഒന്നും ചെയ്വാൻ കഴികയി”ല്ലാത്തതുകൊണ്ട് അവന്റെ അനുകമ്പ, തന്റെ ദാസൻമാരിൽ ഓരോരുത്തരോടുമുള്ള യഹോവയുടെ താത്പര്യത്തിന്റെ ഹൃദയസ്പർശിയായ ചിത്രമാണു വരയ്ക്കുന്നത്.—യോഹന്നാൻ 5:19.
മർക്കൊസ് 7:31-37-ൽ രേഖപ്പെടുത്തിയിരിക്കുന്ന, യേശുവിന്റെ ഒരു അത്ഭുതത്തെക്കുറിച്ചുള്ള വിവരണം പരിചിന്തിക്കുക. അവിടെ ബധിരനും വിക്കനുമായിരുന്ന ഒരു മനുഷ്യനെ യേശു സൗഖ്യമാക്കി. ബൈബിൾ ഇപ്രകാരം വിശദീകരിക്കുന്നു: അവൻ “[ആ മനുഷ്യനെ] പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി.” എന്നിട്ട്, “സ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അർത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
യേശു എന്തുകൊണ്ടാണ് ആ മനുഷ്യനെ പുരുഷാരത്തിൽനിന്നു കൂട്ടിക്കൊണ്ടുപോയത്? കൊള്ളാം, കഷ്ടിച്ചുമാത്രം സംസാരിക്കാൻ കഴിയുന്ന ബധിരനായ ഒരു വ്യക്തിക്ക് കാണികളുടെ മുമ്പാകെ അസ്വസ്ഥത തോന്നാൻ ഇടയുണ്ട്. യേശു ആ മനുഷ്യന്റെ വിഷമം ശ്രദ്ധിച്ചിരിക്കാം. അതുകൊണ്ടായിരുന്നു അവനെ രഹസ്യമായി സൗഖ്യമാക്കാൻ തീരുമാനിച്ചത്. ഒരു ബൈബിൾ പണ്ഡിതൻ ഇപ്രകാരം നിരീക്ഷിക്കുന്നു: “യേശു ആ മനുഷ്യനെ വെറും ഒരു രോഗിയായിട്ടല്ല കണക്കാക്കിയത്; അവനെ ഒരു വ്യക്തിയായി കണക്കാക്കിയെന്ന് ആ മുഴുകഥയും നമുക്ക് ഏറ്റവും വ്യക്തമായി കാണിച്ചുതരുന്നു. ആ മനുഷ്യന് ഒരു പ്രത്യേക ആവശ്യവും ഒരു പ്രത്യേക പ്രശ്നവുമായിരുന്നു ഉണ്ടായിരുന്നത്. അയാളുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ, അയാൾക്കു മനസ്സിലാക്കാൻ കഴിയുന്ന ഒരു വിധത്തിൽ യേശു അവനോട് ഏറ്റവുമധികം ആർദ്രപരിഗണനയോടെ ഇടപെട്ടു.”
യേശുവിന് ആളുകളോട് ഒരു പ്രത്യേക താത്പര്യം ഉണ്ടായിരുന്നുവെന്ന് ഈ വിവരണം കാണിക്കുന്നു. അവൻ നിങ്ങളിലും അതുപോലെതന്നെ തത്പരനാണെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. അവന്റെ ബലിമരണം വീണ്ടെടുപ്പു സാധ്യമായ മുഴു മനുഷ്യവർഗലോകത്തിനും വേണ്ടിയുള്ള സ്നേഹത്തിന്റെ പ്രകടനമായിരുന്നുവെന്നതു സത്യംതന്നെ. എങ്കിലും പൗലോസിനെപ്പോലെ നിങ്ങൾക്ക് ആ നടപടിയെ വ്യക്തിപരമായി എടുക്കാവുന്നതാണ്. “എന്നെ സ്നേഹിച്ചു എനിക്കുവേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്ര”ൻ എന്ന് അവൻ എഴുതുകയുണ്ടായി. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (ഗലാത്യർ 2:20) ‘തന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിട്ടുണ്ട്’ എന്ന് യേശു പറഞ്ഞതിനാൽ യഹോവയ്ക്ക് തന്റെ ദാസൻമാരിൽ ഓരോരുത്തരിലും അതേ താത്പര്യംതന്നെ ഉണ്ടെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—യോഹന്നാൻ 14:9.
യഹോവ പ്രതിഫലദാതാവായിത്തീരുന്നു
ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കുന്നതിൽ, അവന്റെ വ്യക്തിത്വത്തിന്റെ ഓരോ വശവും ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന പ്രകാരം മനസ്സിലാക്കുന്നത് ഉൾപ്പെടുന്നു. യഹോവ എന്ന പേരിന്റെ അർഥംതന്നെ “ആയിത്തീരുവാൻ അവൻ ഇടയാക്കുന്നു” എന്നാണ്. തന്റെ അഭീഷ്ടം നടപ്പാക്കുന്നതിനുവേണ്ടി ആഗ്രഹിക്കുന്ന ഏതുരീതിയിലും ആയിത്തീരാൻ യഹോവയ്ക്കു കഴിയുമെന്ന് അതു സൂചിപ്പിക്കുന്നു. ചരിത്രത്തിലുടനീളം അവൻ വിവിധ റോളുകൾ ഏറ്റെടുത്തിട്ടുണ്ട്. സ്രഷ്ടാവ്, പിതാവ്, പരമാധികാരിയാം കർത്താവ്, ഇടയൻ, സൈന്യങ്ങളുടെ യഹോവ, പ്രാർഥന കേൾക്കുന്നവൻ, ന്യായാധിപൻ, മഹാപ്രബോധകൻ, വീണ്ടെടുപ്പുകാരൻ എന്നിവ അവയിൽ ഉൾപ്പെടുന്നു.b
ദൈവനാമത്തിന്റെ മുഴു അർഥവും മനസ്സിലാക്കുന്നതിന് നാം പ്രതിഫലദാതാവിന്റെ റോളിലും യഹോവയെ അറിയേണ്ടതുണ്ട്. പൗലോസ് ഇപ്രകാരം എഴുതി: “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.”—എബ്രായർ 11:6.
യഹോവയെ ഇന്ന് മുഴുഹൃദയത്തോടെ സേവിക്കാൻ തീരുമാനിച്ചിരിക്കുന്നവർക്കുവേണ്ടി അവൻ ഒരു പറുദീസാ ഭൂമിയിൽ നിത്യജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നു. ആ മഹദ് വാഗ്ദാനത്തിന്റെ നിവൃത്തിക്കായി നോക്കിപ്പാർത്തിരിക്കുന്നതു സ്വാർഥതയല്ല, അവിടെ ജീവിക്കുന്നതായി ഒരുവൻ സ്വയം സങ്കൽപ്പിക്കുന്നത് അഹന്തയുമല്ല. മോശ “പ്രതിഫലലബ്ധിക്കായി ഉറ്റുനോക്കി.” (എബ്രായർ 11:26, NW) അതുപോലെതന്നെ പൗലോസ് വിശ്വസ്തരായ അഭിഷിക്ത ക്രിസ്ത്യാനികൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ വാഗ്ദത്ത നിവൃത്തിക്കായി ആകാംക്ഷയോടെ കാത്തിരുന്നു. അവൻ ഇപ്രകാരം എഴുതി: “ഞാൻ . . . ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.”—ഫിലിപ്പിയർ 3:14.
സഹിച്ചുനിൽക്കുന്നവർക്കു യഹോവ വാഗ്ദാനം ചെയ്യുന്ന പ്രതിഫലത്തിനുവേണ്ടി നിങ്ങൾക്കും നോക്കിപ്പാർത്തിരിക്കാവുന്നതാണ്. ആ പ്രതിഫലത്തിൽ പ്രതീക്ഷ വയ്ക്കുന്നത് നിങ്ങളുടെ ദൈവ പരിജ്ഞാനത്തിന്റെയും അവന്റെ സേവനത്തിലെ നിങ്ങളുടെ സഹിഷ്ണുതയുടെയും ഒരു അവിഭാജ്യ ഭാഗമാണ്. അതുകൊണ്ട് യഹോവ നിങ്ങൾക്കുവേണ്ടി കരുതിയിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു ദിവസംതോറും ധ്യാനിക്കുക. തുടക്കത്തിൽ പ്രതിപാദിച്ച മേരി ഇതു ചെയ്യുന്നതിന് ഒരു പ്രത്യേക ശ്രമം നടത്തി. “യേശുവിന്റെ മറുവിലയാഗം എനിക്കു ബാധകമാണെന്നു ജീവിതത്തിൽ ആദ്യമായി ഞാൻ അടുത്തയിടെ അംഗീകരിക്കുകയുണ്ടായി. ഒരു വ്യക്തിയെന്ന നിലയിൽ യഹോവ എനിക്കുവേണ്ടി കരുതുന്നുവെന്ന് എനിക്കു തോന്നിതുടങ്ങി. 20-ലധികം വർഷമായി ഞാൻ ഒരു ക്രിസ്ത്യാനിയാണ്. എന്നാൽ ഇത് ഞാൻ യഥാർഥത്തിൽ വിശ്വസിച്ചു തുടങ്ങിയത് അടുത്തയിടെ മാത്രമാണ്,” അവൾ പറയുന്നു.
ബൈബിളിന്റെ പഠനത്തിലൂടെയും അതിന്റെ ഹൃദയംഗമമായ ധ്യാനത്തിലൂടെയും, ഒരു കൂട്ടമെന്ന നിലയിൽ മാത്രമല്ല, പിന്നെയോ വ്യക്തികളെന്നനിലയിലും യഹോവ തന്റെ ജനത്തിനുവേണ്ടി കരുതുന്നുവെന്നു മറ്റു ലക്ഷക്കണക്കിന് ആളുകളോടൊപ്പം മേരിയും മനസ്സിലാക്കിവരുകയാണ്. അതേക്കുറിച്ചു പിൻവരുന്ന പ്രകാരം എഴുതത്തക്കവിധം അപ്പോസ്തലനായ പത്രോസിന് അത്ര ബോധ്യമുണ്ടായിരുന്നു: “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും [ദൈവത്തിന്റെ] മേൽ ഇട്ടുകൊൾവിൻ.” (1 പത്രൊസ് 5:7) അതേ, ദൈവം നിങ്ങളെക്കുറിച്ചു കരുതുന്നു!
[അടിക്കുറിപ്പുകൾ]
a വെള്ളം, എണ്ണ, പാല്, വീഞ്ഞ്, വെണ്ണ, പാൽക്കട്ടി തുടങ്ങിയവ വെയ്ക്കാനുപയോഗിച്ചിരുന്ന മൃഗചർമം കൊണ്ടുള്ള ഒരു സംഭരണിയായിരുന്നു തുരുത്തി. പുരാതന കാലത്തെ തുരുത്തികൾ വലിപ്പത്തിലും ആകൃതിയിലും വളരെയധികം വ്യത്യാസപ്പെട്ടിരുന്നു. അവയിൽ ചിലത് തുകൽ സഞ്ചികളും മറ്റുചിലത് അടപ്പുകളോടുകൂടിയ ഇടുങ്ങിയ കഴുത്തുള്ള സംഭരണികളുമായിരുന്നു.
b ന്യായാധിപന്മാർ 11:27; സങ്കീർത്തനം 23:1; 65:2; 73:28, NW; 89:26; യെശയ്യാവു 8:13; 30:20, NW; 40:28; 41:14 എന്നിവ കാണുക; വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം—പരാമർശങ്ങളോടു കൂടിയത്, അനുബന്ധം 1J, പേജ് 1568-ഉം കൂടെ കാണുക.
[6-ാം പേജിലെ ചതുരം]
പുനരുത്ഥാനം—ദൈവം കരുതുന്നുവെന്നതിന്റെ തെളിവ്
ദൈവത്തിന് ഓരോ വ്യക്തിയിലും താത്പര്യമുണ്ടെന്നു ബോധ്യപ്പെടുത്തുന്ന തെളിവ് ബൈബിളിൽ യോഹന്നാൻ 5:28, 29, [NW]-ൽ കാണാവുന്നതാണ്: “സ്മാരക കല്ലറകളിലുള്ള എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേട്ട് . . . പുറത്തുവരാനുള്ള നാഴിക വരുന്നു.”
റ്റാഫോസ് (ശവക്കുഴി) എന്ന പദത്തിനു പകരം ഇവിടെ മ്നേമിയോൺ (സ്മാരക കല്ലറ) എന്ന ഗ്രീക്കു പദം ഉപയോഗിച്ചിരിക്കുന്നതു രസാവഹമാണ്. റ്റാഫോസ് എന്ന പദം കേവലം ശവസംസ്കാരത്തിന്റെ ആശയമാണു നൽകുന്നത്. എന്നാൽ മരിച്ചുപോയ വ്യക്തിയുടെ ജീവിതമാതൃക ഓർമിക്കപ്പെടുന്നുവെന്ന് മ്നേമിയോൺ സൂചിപ്പിക്കുന്നു.
ഇത്തരുണത്തിൽ, പുനരുത്ഥാനം യഹോവയെ സംബന്ധിച്ച് എന്ത് ആവശ്യമാക്കിത്തീർക്കുമെന്നു ചിന്തിക്കുക. ഒരാളെ ജീവനിലേക്കു തിരികെ വരുത്തുന്നതിന്, യഹോവയ്ക്ക് അവന്റെ അല്ലെങ്കിൽ അവളുടെ ജൻമസിദ്ധമായ സവിശേഷതകളും മുഴു ഓർമയും ഉൾപ്പെടെ എല്ലാം അറിയേണ്ടതുണ്ട്. അപ്പോൾ മാത്രമേ ആ വ്യക്തി അതേ വ്യക്തിത്വത്തോടുകൂടി തിരിച്ചുവരുകയുള്ളൂ.
തീർച്ചയായും, ഒരു മാനുഷിക വീക്ഷണത്തിൽനിന്നു നോക്കുമ്പോൾ ഇത് അസാധ്യമാണ്. എന്നാൽ “ദൈവത്തിന്നു സകലവും സാദ്ധ്യ”മാണ്. (മർക്കൊസ് 10:27) ഒരു വ്യക്തിയുടെ ഹൃദയത്തിലുള്ളതുപോലും അവനറിയാൻ കഴിയും. ഒരു വ്യക്തി മരിച്ചിട്ട് അനേക നൂറ്റാണ്ടുകളായാൽപ്പോലും അവനെക്കുറിച്ചുള്ള ദൈവത്തിന്റെ ഓർമ തെറ്റുപറ്റാത്തതാണ്; അതിനു മങ്ങൽ തട്ടുകയില്ല. (ഇയ്യോബ് 14:13-15) അതുകൊണ്ട്, അബ്രഹാമിനെയും ഇസഹാക്കിനെയും യാക്കോബിനെയും പരാമർശിച്ചപ്പോൾ അവർ മരിച്ചിട്ട് നൂറ്റാണ്ടുകൾക്കു ശേഷംപോലും, യഹോവ “മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ” എന്ന് യേശുവിനു പറയാൻ കഴിഞ്ഞു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—ലൂക്കൊസ് 20:38.
അങ്ങനെ, മരിച്ചുപോയ കോടിക്കണക്കിനാളുകൾ അവരുടെ മുഴു വിശദാംശങ്ങളോടും കൂടി യഹോവയാം ദൈവത്തിന്റെ ഓർമയിലുണ്ട്. ദൈവം ഒരു വ്യക്തിപരമായ അടിസ്ഥാനത്തിൽ മനുഷ്യരെക്കുറിച്ചു കരുതുന്നുവെന്നതിനുള്ള എന്തൊരു അത്ഭുതകരമായ തെളിവ്!
[7-ാം പേജിലെ ചിത്രം]
താൻ സൗഖ്യമാക്കിയവരിൽ യേശു ഒരു വ്യക്തിപരമായ താത്പര്യമെടുത്തു