കൈസർക്കുള്ളതു കൈസർക്കു കൊടുക്കൽ
“എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ.”—റോമർ 13:7.
1, 2. (എ) യേശു പറയുന്നതനുസരിച്ച്, ക്രിസ്ത്യാനികൾ ദൈവത്തോടും കൈസരോടുമുള്ള കടമകൾ എങ്ങനെ സമനിലയിൽ നിർത്തണം? (ബി) യഹോവയുടെ സാക്ഷികൾക്കു പ്രഥമ താത്പര്യമുള്ള കാര്യം ഏതാണ്?
യേശു പറയുന്നതനുസരിച്ച്, നാം ദൈവത്തിനു കടപ്പെട്ടിരിക്കുന്ന കാര്യങ്ങളും കൈസർക്ക് അഥവാ രാഷ്ട്രത്തിനു കടപ്പെട്ടിരിക്കുന്ന കാര്യങ്ങളുമുണ്ട്. “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്ന് യേശു പറഞ്ഞു. ചുരുക്കമായ ഈ വാക്കുകളിൽ, അവൻ തന്റെ ശത്രുക്കളെ ആശയക്കുഴപ്പത്തിലാക്കുകയും ദൈവവുമായുള്ള ബന്ധത്തിലും രാഷ്ട്രവുമായുള്ള ഇടപെടലുകളിലും നമുക്ക് ഉണ്ടായിരിക്കേണ്ട സന്തുലിതമായ മനോഭാവത്തെ ഹ്രസ്വമായി സംഗ്രഹിക്കുകയും ചെയ്തു. അവന്റെ ശ്രോതാക്കൾ “അവങ്കൽ വളരെ ആശ്ചര്യപ്പെട്ട”തിൽ അതിശയിക്കാനില്ല!—മർക്കൊസ് 12:17.
2 തീർച്ചയായും, യഹോവയുടെ ദാസന്മാർക്ക് ഏറ്റവും പ്രധാന സംഗതി അവർ ദൈവത്തിനുള്ളതു ദൈവത്തിനു കൊടുക്കുന്നു എന്നതാണ്. (സങ്കീർത്തനം 116:12-14) എന്നിരുന്നാലും, അങ്ങനെ ചെയ്യുമ്പോൾ ചില കാര്യങ്ങൾ അവർ കൈസർക്കു കൊടുക്കണമെന്നു യേശു പറഞ്ഞത് അവർ മറക്കുന്നുമില്ല. കൈസർ ആവശ്യപ്പെടുന്ന കാര്യങ്ങൾ എത്രത്തോളം തിരികെ കൊടുക്കാൻ കഴിയുമെന്നതു സംബന്ധിച്ചു പ്രാർഥനാപൂർവം പരിചിന്തിക്കാൻ അവരുടെ ബൈബിൾ പരിശീലിത മനസ്സാക്ഷി ആവശ്യപ്പെടുന്നു. (റോമർ 13:7) ആധുനിക കാലങ്ങളിൽ, ഗവൺമെൻറ് അധികാരത്തിനു പരിമിതികളുണ്ടെന്നും എല്ലായിടത്തുമുള്ള ജനങ്ങളും ഗവൺമെൻറുകളും പ്രകൃതിനിയമത്തിനു വിധേയരാണെന്നും പല നിയമജ്ഞരും തിരിച്ചറിഞ്ഞിട്ടുണ്ട്.
3, 4. പ്രകൃതിനിയമം, വെളിപ്പെടുത്തപ്പെട്ട നിയമം, മനുഷ്യനിയമം എന്നിവ സംബന്ധിച്ചു രസാവഹമായ എന്ത് അഭിപ്രായങ്ങൾ നടത്തപ്പെട്ടിരിക്കുന്നു?
3 ലോകത്തിലെ ആളുകളെക്കുറിച്ച് എഴുതിയപ്പോൾ അപ്പോസ്തലനായ പൗലോസ് ഈ പ്രകൃതിനിയമത്തെ പരാമർശിച്ചു: “ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.” അവർ അതിനോട് അനുകൂലമായി പ്രതികരിക്കുകയാണെങ്കിൽ, പ്രകൃതിനിയമം ആ അവിശ്വാസികളുടെ മനസ്സാക്ഷികളെ സ്വാധീനിക്കുകപോലും ചെയ്യും. അതുകൊണ്ടു പൗലോസ് കൂടുതലായി ഇങ്ങനെ പറഞ്ഞു: “ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു.”—റോമർ 1:19, 20; 2:14, 15.
4 18-ാം നൂറ്റാണ്ടിൽ, വിഖ്യാത ആംഗലേയ നിയമജ്ഞനായ വില്യം ബ്ലാക്സ്റ്റോൺ ഇപ്രകാരമെഴുതി: “മനുഷ്യവർഗത്തോളം പഴക്കമുള്ളതും [പ്രായമുള്ളതും] ദൈവം തന്നേ വെച്ചിരിക്കുന്നതുമായ പ്രകൃതിയുടെ ഈ നിയമം [പ്രകൃതിനിയമം], കടപ്പാടിന്റെ കാര്യത്തിൽ മറ്റേതു നിയമത്തെക്കാളും ശ്രേഷ്ഠമാണ്. അതു ഗോളത്തിലെങ്ങും, എല്ലാ രാജ്യങ്ങളിലും, എല്ലായ്പോഴും പ്രാബല്യത്തിലുള്ളതാണ്: ഏതെങ്കിലും മാനുഷനിയമങ്ങൾ അതിനു വിരുദ്ധമാണെങ്കിൽ അവയ്ക്കു യാതൊരു സാധുതയുമില്ല.” ബൈബിളിൽ കാണപ്പെടുന്ന “വെളിപ്പെടുത്തപ്പെട്ട നിയമ”ത്തെക്കുറിച്ചു തുടർന്നു പറഞ്ഞ ബ്ലാക്സ്റ്റോൺ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ രണ്ട് അടിസ്ഥാനങ്ങളെ, അതായത് പ്രകൃതിനിയമത്തെയും വെളിപ്പെടുത്തപ്പെട്ട നിയമത്തെയും ആണ്, എല്ലാ മാനുഷനിയമങ്ങളും ആശ്രയിച്ചിരിക്കുന്നത്; ഇവയ്ക്കു കടകവിരുദ്ധമായി വരാൻ ഒരു മനുഷ്യനിയമത്തെയും [അനുവദിക്കരുത്].” മർക്കൊസ് 12:17-ൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം, ദൈവത്തെയും കൈസരെയും കുറിച്ച് യേശു പറഞ്ഞതിനോടു ചേർച്ചയിലാണിത്. വ്യക്തമായും, ക്രിസ്ത്യാനിയിൽനിന്നു കൈസർക്ക് ആവശ്യപ്പെടാൻ കഴിയുന്നതിനെ ദൈവം പരിമിതപ്പെടുത്തുന്ന മണ്ഡലങ്ങളുണ്ട്. യേശുവിനെക്കുറിച്ചുള്ള പ്രസംഗം നിർത്താൻ സൻഹെദ്രീം അപ്പോസ്തലന്മാരോടു കൽപ്പിച്ചപ്പോൾ അവർ അത്തരമൊരു മണ്ഡലത്തിൽ കയ്യേറ്റം നടത്തുകയാണു ചെയ്തത്. അതുകൊണ്ട്, “ഞങ്ങൾ മനുഷ്യരെക്കാൾ അധികമായി ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്” എന്ന് അപ്പോസ്തലന്മാർ ഉചിതമായിതന്നെ പ്രതികരിച്ചു.—പ്രവൃത്തികൾ 5:28, 29, NW.
‘ദൈവത്തിനുള്ളത്’
5, 6. (എ) 1914-ലെ രാജ്യത്തിന്റെ ജനനത്തിന്റെ വീക്ഷണത്തിൽ, ക്രിസ്ത്യാനികൾ എന്തു മനസ്സിൽ വളരെ സൂക്ഷ്മതയോടെ നിർത്തേണ്ടതാണ്? (ബി) താൻ ഒരു ശുശ്രൂഷകനാണെന്നതിന് ഒരു ക്രിസ്ത്യാനി എങ്ങനെ തെളിവു നൽകും?
5 പ്രത്യേകിച്ച് 1914 മുതൽ, സർവശക്തനായ യഹോവയാം ദൈവം, ക്രിസ്തുവിന്റെ മിശിഹൈക രാജ്യത്തിലൂടെ രാജാവായി ഭരിക്കാൻ തുടങ്ങിയപ്പോൾ മുതൽ, ദൈവത്തിനുള്ള കാര്യങ്ങൾ കൈസർക്കു കൊടുക്കാതിരിക്കാൻ ക്രിസ്ത്യാനികൾ ഉറപ്പുള്ളവരായിരിക്കേണ്ടിയിരുന്നു. (വെളിപ്പാടു 11:15, 17) മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്തവിധം, “ലോകത്തിന്റെ ഭാഗമല്ലാതിരി”ക്കാൻ ദൈവനിയമം ക്രിസ്ത്യാനികളോട് ആവശ്യപ്പെടുന്നു. (യോഹന്നാൻ 17:16, NW) തങ്ങളുടെ ജീവദാതാവായ ദൈവത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ, അവർ തങ്ങൾക്കുള്ളവരല്ല എന്നു വ്യക്തമായി പ്രകടമാക്കണം. (സങ്കീർത്തനം 100:2, 3) പൗലോസ് എഴുതിയതുപോലെ “നാം യഹോവയ്ക്കുള്ളവരാണ്.” (റോമർ 14:8, NW) മാത്രമല്ല, ഒരു ക്രിസ്ത്യാനി സ്നാപനമേൽക്കുമ്പോൾ അയാൾ ഒരു ദൈവശുശ്രൂഷകനായി നിയോഗിക്കപ്പെടുന്നു. അതുകൊണ്ട്, ‘ദൈവം ഞങ്ങളെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി’ എന്നു പൗലോസിനെപ്പോലെ അയാൾക്കു പറയാൻ കഴിയും.—2 കൊരിന്ത്യർ 3:5, 6.
6 “ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്ത്തുന്നു” എന്നും പൗലോസ് അപ്പോസ്തലൻ എഴുതുകയുണ്ടായി. (റോമർ 11:14) തീർച്ചയായും നാമും അങ്ങനെതന്നെ ചെയ്യണം. ശുശ്രൂഷയിലെ നമ്മുടെ പങ്കുപറ്റൽ മുഴുസമയമാകട്ടെ, കുറച്ചു സമയമാകട്ടെ നമ്മെ യഹോവതന്നെയാണു നമ്മുടെ ശുശ്രൂഷയ്ക്കു നിയമിച്ചിരിക്കുന്നതെന്നു നാം മനസ്സിൽ പിടിക്കണം. (2 കൊരിന്ത്യർ 2:17) ചിലർ നമ്മുടെ നിലപാടിനെ ചോദ്യം ചെയ്തേക്കാമെന്നുള്ളതുകൊണ്ട്, സമർപ്പിച്ചു സ്നാപനമേറ്റ ഓരോ ക്രിസ്ത്യാനിയും താൻ യഥാർഥത്തിൽ സുവാർത്തയുടെ ശുശ്രൂഷകനാണെന്നുള്ളതിനു സ്പഷ്ടവും വസ്തുനിഷ്ഠവുമായ തെളിവു നൽകാൻ ഒരുങ്ങിയിരിക്കണം. (1 പത്രൊസ് 3:15) അയാളുടെ നടത്തയിലും ശുശ്രൂഷയുടെ തെളിവു ലഭിക്കണം. ദൈവത്തിന്റെ ഒരു ശുശ്രൂഷകനെന്ന നിലയിൽ ക്രിസ്ത്യാനി ശുദ്ധമായ ധാർമിക നിലവാരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ആചരിക്കുകയും വേണം, കുടുംബത്തിന്റെ ഐക്യം ഉയർത്തിപ്പിടിക്കണം, സത്യസന്ധനായിരിക്കണം, ക്രമസമാധാനത്തോട് ആദരവു കാണിക്കണം. (റോമർ 12:17, 18; 1 തെസ്സലൊനീക്യർ 5:15) ഒരു ക്രിസ്ത്യാനിക്കു ദൈവത്തോടുള്ള അയാളുടെ ബന്ധവും ദിവ്യ നിയുക്ത ശുശ്രൂഷയുമാണു ജീവിതത്തിലെ സർവപ്രധാന കാര്യങ്ങൾ. കൈസരുടെ ഉത്തരവിങ്കൽ അയാൾക്ക് ഉപേക്ഷിക്കാവുന്ന കാര്യങ്ങളല്ല ഇവ. വ്യക്തമായും, അവയെ “ദൈവത്തിന്നുള്ള” കാര്യങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
‘കൈസർക്കുള്ളത്’
7. നികുതികൾ കൊടുക്കുന്നതു സംബന്ധിച്ചു യഹോവയുടെ സാക്ഷികൾക്കുള്ള സത്പേര് എന്താണ്?
7 തങ്ങൾ “ശ്രേഷ്ഠാധികാരങ്ങൾക്കു,” ഗവൺമെൻറ് ഭരണാധികാരികൾക്ക്, “കീഴടങ്ങ”ണമെന്നു യഹോവയുടെ സാക്ഷികൾക്കറിയാം. (റോമർ 13:1) അതുകൊണ്ട്, കൈസർ അഥവാ രാഷ്ട്രം നിയമാനുസൃതമായ കാര്യങ്ങൾ ആവശ്യപ്പെടുമ്പോൾ ആ ആവശ്യങ്ങൾ നിറവേറ്റാൻ അവരുടെ ബൈബിൾ പരിശീലിത മനസ്സാക്ഷി അവരെ അനുവദിക്കുന്നു. ഉദാഹരണത്തിന്, ഭൂമിയിൽ നികുതിയടയ്ക്കുന്നവരിൽ ഏറ്റവും മാതൃകായോഗ്യരായവരുടെ കൂട്ടത്തിൽപ്പെടുന്നു സത്യക്രിസ്ത്യാനികൾ. ജർമനിയിലെ ഒരു പത്രമായ മ്യൂങ്ക്നെർ മെർക്കർ യഹോവയുടെ സാക്ഷികളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഈ ഫെഡറൽ റിപ്പബ്ലിക്കിൽ ഏറ്റവുമധികം സത്യസന്ധരും ഏറ്റവുമധികം നിഷ്ഠയോടെ നികുതി കൊടുക്കുന്നവരും അവരാണ്.” ഇറ്റലിയിൽ ലാ സ്റ്റാമ്പ നിരീക്ഷിച്ചത് ഇപ്രകാരമാണ്: “ആർക്കെങ്കിലും അഭിലഷിക്കാൻ കഴിയുന്ന ഏറ്റവും വിശ്വസ്തരാണവർ [യഹോവയുടെ സാക്ഷികൾ]: അവർ നികുതി വെട്ടിക്കുകയോ തങ്ങളുടെ സ്വന്തം ലാഭത്തിനു വേണ്ടി അസൗകര്യപ്രദമായ നിയമങ്ങൾ മറികടക്കുകയോ ചെയ്യുന്നില്ല.” യഹോവയുടെ ദാസന്മാർ ഇതു ചെയ്യുന്നതു തങ്ങളുടെ ‘മനസ്സാക്ഷി നിമിത്തമാണ്.’—റോമർ 13:5, 6.
8. നാം കൈസർക്കു കടപ്പെട്ടിരിക്കുന്നതു പണപരമായ നികുതികളിൽ മാത്രം പരിമിതപ്പെട്ടിരിക്കുന്നുവോ?
8 ‘കൈസർക്കുള്ളത്’ നികുതികൾ കൊടുക്കുന്നതിൽ മാത്രം പരിമിതപ്പെട്ടിരിക്കുന്നുവോ? ഇല്ല. ഭയവും ബഹുമാനവും പോലുള്ള മറ്റു കാര്യങ്ങളും പൗലോസ് പട്ടികപ്പെടുത്തി. മത്തായിയുടെ സുവിശേഷത്തെക്കുറിച്ചുള്ള വിമർശനാത്മക, വിശദീകരണ പരാമർശഗ്രന്ഥത്തിൽ (ഇംഗ്ലീഷ്) ജർമൻ പണ്ഡിതനായ ഹൈൻറിക്ക് മേയർ ഇപ്രകാരമെഴുതി: “[കൈസർക്കുള്ള കാര്യങ്ങ]ളിൽ . . . പൊതു നികുതി മാത്രമേയുള്ളുവെന്നു നാം മനസ്സിലാക്കരുത്, പിന്നെയോ കൈസരുടെ നിയമപരമായ ഭരണാധികാരം അർഹിക്കുന്ന സകലതും അതിൽ ഉൾപ്പെട്ടിരിക്കുന്നു.” കടപ്പെട്ടിരിക്കുന്നുവെങ്കിൽ ക്രിസ്ത്യാനി നികുതികൾ കൊടുക്കുമെന്നും “അതുപോലെ ദൈവത്തിനുള്ള കാര്യങ്ങൾ കൈസർക്കു കൊടുക്കാൻ നിർബന്ധിക്കപ്പെടാത്തപക്ഷം മറ്റെല്ലാ രാഷ്ട്രകടമകളും അംഗീകരിക്കുമായിരുന്നുവെന്നും” ക്രിസ്ത്യാനിത്വത്തിന്റെ ഉദയം (ഇംഗ്ലീഷ്) എന്ന കൃതിയിൽ ചരിത്രകാരനായ ഇ. ഡബ്ലിയു. ബാൻസ് അഭിപ്രായപ്പെട്ടു.
9, 10. കൈസർക്കു കടപ്പെട്ടിരിക്കുന്നതു കൊടുക്കുന്നതു സംബന്ധിച്ച് ഒരു ക്രിസ്ത്യാനിക്ക് എന്തു വൈമുഖ്യമുണ്ടായേക്കാം, എന്നാൽ ഏതു വസ്തുതകൾ മനസ്സിൽ പിടിക്കേണ്ടതുണ്ട്?
9 ദൈവത്തിന് ഉചിതമായി അവകാശപ്പെട്ടിരിക്കുന്ന കാര്യങ്ങളുടെമേൽ കടന്നാക്രമണം നടത്താതെ രാഷ്ട്രത്തിന് എന്തെല്ലാം ആവശ്യപ്പെടാവുന്നതാണ്? നികുതികളുടെ രൂപത്തിൽ കൈസർക്കു നിയമപരമായി പണം നൽകുകയല്ലാതെ വേറൊന്നും നൽകാനില്ലെന്നു ചിലർക്കു തോന്നിയിട്ടുണ്ട്. ദിവ്യാധിപത്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയം കൈസർക്കു നൽകേണ്ടിവരുന്നതിൽ അവർക്കു തീർച്ചയായും അസ്വസ്ഥത തോന്നുന്നു. നാം ‘പൂർണ ഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടും കൂടെ യഹോവയെ സ്നേഹിക്കണ’മെന്നതു സത്യമായിരിക്കെ, നമ്മുടെ വിശുദ്ധ സേവനത്തിലൊഴികെയുള്ള മറ്റു കാര്യങ്ങളിൽ സമയം ചെലവഴിക്കാൻ യഹോവ തീർച്ചയായും പ്രതീക്ഷിക്കുന്നു. (മർക്കോസ് 12:30, NW; ഫിലിപ്പിയർ 3:3) ഉദാഹരണത്തിന്, ഒരു വിവാഹിത ക്രിസ്ത്യാനി തന്റെ വിവാഹ ഇണയെ സന്തോഷിപ്പിക്കാൻ സമയം ചെലവഴിക്കണമെന്ന് ഉപദേശിക്കപ്പെട്ടിരിക്കുന്നു. അത്തരം പ്രവർത്തനങ്ങൾ തെറ്റല്ല, എന്നാൽ അവ “കർത്താവിന്നുള്ളതു” അല്ല, മറിച്ച് “ലോകത്തിന്നുള്ളതു” ആണ് എന്നു അപ്പോസ്തലനായ പൗലോസ് പ്രസ്താവിക്കുന്നു.—1 കൊരിന്ത്യർ 7:32-34; 1 തിമൊഥെയൊസ് 5:8 താരതമ്യം ചെയ്യുക.
10 കൂടുതലായി, നികുതികൾ ‘കൊടുക്കാൻ’ ക്രിസ്തു തന്റെ അനുഗാമികളെ അധികാരപ്പെടുത്തി, യഹോവയ്ക്കു സമർപ്പിതമായ സമയം ഉപയോഗിക്കുന്നത് അതിൽ തീർച്ചയായും ഉൾപ്പെട്ടിരിക്കുന്നു—കാരണം, നമ്മുടെ മുഴു ജീവിതവും അവനു സമർപ്പിതമാണ്. ഒരു രാജ്യത്ത്, വരുമാനത്തിന്റെ 33 ശതമാനമാണു (ചില രാജ്യങ്ങളിൽ അതു കൂടുതലാണ്) കൊടുക്കേണ്ട ശരാശരി നികുതിയെങ്കിൽ, ഒരു ശരാശരി ജോലിക്കാരൻ നാലുമാസത്തെ തന്റെ സമ്പാദ്യം പ്രതിവർഷം രാജ്യത്തിന്റെ ഖജനാവിലേക്കു കൊടുക്കുന്നു എന്നാണ് അതിന്റെ അർഥം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരുവന്റെ തൊഴിൽ ആയുസ്സിന്റെ അവസാനം ശരാശരി തൊഴിലാളി “കൈസർ” ആവശ്യപ്പെടുന്ന നികുതിപ്പണം ഉണ്ടാക്കാൻ ഏതാണ്ട് 15 വർഷം ജോലി ചെയ്തുകഴിഞ്ഞിരിക്കും എന്നാണ്. വിദ്യാഭ്യാസത്തിന്റെ കാര്യവും പരിചിന്തിക്കുക. ചുരുങ്ങിയ നിർദിഷ്ട വർഷങ്ങൾ മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ വിടണമെന്നു മിക്ക രാജ്യങ്ങളിലെയും നിയമം ആവശ്യപ്പെടുന്നു. നിർദിഷ്ട അധ്യയന വർഷങ്ങളുടെ എണ്ണം രാജ്യങ്ങൾതോറും വ്യത്യസ്തമാണ്. മിക്ക സ്ഥലങ്ങളിലും അതു ഗണ്യമായ ഒരു കാലയളവാണ്. അത്തരം വിദ്യാഭ്യാസം പ്രയോജനകരമാണെന്നതു സത്യമാണ്. എന്നാൽ കുട്ടിയുടെ ആയുഷ്കാലത്തിന്റെ ഏതു ഭാഗം ഈ വിധത്തിൽ ചെലവഴിക്കണമെന്നു തീരുമാനിക്കുന്നതു കൈസരാണ്, ക്രിസ്തീയ മാതാപിതാക്കൾ കൈസരുടെ തീരുമാനത്തിനു വഴങ്ങുന്നു.
നിർബന്ധിത സൈനിക സേവനം
11, 12. (എ) പല ദേശങ്ങളിലും കൈസർ എന്ത് ആവശ്യമാണു വെക്കുന്നത്? (ബി) സൈനികസേവനത്തെ ആദിമ ക്രിസ്ത്യാനികൾ എങ്ങനെയാണു വീക്ഷിച്ചത്?
11 ചില രാജ്യങ്ങളിൽ കൈസർ വെക്കുന്ന മറ്റൊരാവശ്യമാണു നിർബന്ധിത സൈനിക സേവനം. ഇരുപതാം നൂറ്റാണ്ടിൽ, യുദ്ധകാലത്തു മിക്ക രാജ്യങ്ങളും സമാധാനസമയങ്ങളിൽ ചില രാജ്യങ്ങളും ഈ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസിൽ ഈ കടപ്പാടിനെ അനേക വർഷങ്ങളോളം രക്തനികുതി എന്നു വിളിച്ചിരുന്നു, രാഷ്ട്രത്തിനു വേണ്ടി ജീവൻ കൊടുക്കാൻ ഓരോ ചെറുപ്പക്കാരനും തയ്യാറായിരിക്കണമെന്നാണ് അതിന്റെ അർഥം. യഹോവയ്ക്കു സമർപ്പിക്കപ്പെട്ടിരിക്കുന്നവർക്കു മനസ്സാക്ഷിപൂർവം കൊടുക്കാൻ കഴിയുന്ന എന്തെങ്കിലുമാണോ ഇത്? ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ഈ കാര്യത്തെ എങ്ങനെയാണു വീക്ഷിച്ചത്?
12 ആദിമകാലത്തെ ക്രിസ്ത്യാനികൾ നല്ല പൗരന്മാരായിരിക്കാൻ ശ്രമിച്ചപ്പോൾതന്നെ, മറ്റൊരാളുടെ ജീവൻ ഒടുക്കുന്നതിൽനിന്നോ രാഷ്ട്രത്തിനു വേണ്ടി തങ്ങളുടെ സ്വന്തം ജീവൻ ബലിയർപ്പിക്കുന്നതിൽനിന്നോ അവരുടെ വിശ്വാസം അവരെ തടഞ്ഞു. മതവിജ്ഞാനകോശം (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “മനുഷ്യജീവനെ ഹനിക്കുന്നതിൽനിന്നു ക്രിസ്ത്യാനികൾ വിലക്കപ്പെട്ടിരുന്നതായി തെർത്തുല്യൻ, ഓറിജൻ തുടങ്ങിയവരുൾപ്പെടെയുള്ള ആദിമ സഭാ പിതാക്കന്മാർ സ്ഥിരീകരിച്ചു, റോമൻ സൈന്യത്തിൽനിന്ന് അവരെ തടഞ്ഞ ഒരു തത്ത്വമായിരുന്നു ഇത്.” പുരാതന സഭയും ലോകവും (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ പ്രൊഫസർ സി. ജെ. കാഡൂ ഇങ്ങനെ എഴുതുന്നു: “ചുരുങ്ങിയപക്ഷം, മാർക്കസ് ഔറീലിയസിന്റെ [പൊ.യു. 161-180] ഭരണംവരെ, സ്നാപനത്തിനുശേഷം ഒരു ക്രിസ്ത്യാനിയും പട്ടാളക്കാരനാകുമായിരുന്നില്ല.”
13. ക്രൈസ്തവലോകത്തിലുള്ള മിക്കവരും സൈനികസേവനത്തെ ആദിമ ക്രിസ്ത്യാനികൾ വീക്ഷിച്ചതുപോലെ വീക്ഷിക്കാത്തത് എന്തുകൊണ്ട്?
13 ക്രൈസ്തവലോകത്തിലെ സഭകളിൽപ്പെട്ട അംഗങ്ങൾ കാര്യങ്ങളെ ഈ വിധത്തിൽ വീക്ഷിക്കാത്തത് എന്തുകൊണ്ടാണ്? നാലാം നൂറ്റാണ്ടിൽ സംഭവിച്ച ഒരു സമൂല പരിവർത്തനം നിമിത്തമായിരുന്നു അത്. ക്രിസ്തീയ സമിതികളുടെ ചരിത്രം (ഇംഗ്ലീഷ്) എന്ന കത്തോലിക്കാ കൃതി ഇങ്ങനെ വിശദീകരിക്കുന്നു: “പുറജാതീയ ചക്രവർത്തിമാരുടെ കീഴിലുണ്ടായിരുന്ന . . . പല ക്രിസ്ത്യാനികൾക്കും സൈനികസേവനത്തോടുള്ള ബന്ധത്തിൽ മതപരമായ ബുദ്ധിമുട്ടുണ്ടായിരുന്നു, അവർ തീർച്ചയായും ആയുധങ്ങളേന്താൻ കൂട്ടാക്കിയില്ല, അല്ലെങ്കിൽ സൈന്യത്തിൽനിന്ന് ഒളിച്ചോടി. [പൊ.യു. 314-ൽ എയേഴ്സിൽ നടത്തിയ] സുന്നഹദോസ്, കോൺസ്റ്റന്റൈൻ ആവിഷ്കരിച്ച മാറ്റങ്ങൾ പരിചിന്തിച്ചപ്പോൾ, ക്രിസ്ത്യാനി യുദ്ധത്തിൽ സേവിക്കണമെന്ന കടമ മുന്നോട്ടുവെച്ചു, . . . കാരണം ക്രിസ്ത്യാനികളോടു സൗഹൃദഭാവമുള്ള ഒരു പ്രഭുവിന്റെ കീഴിൽ സഭ രാഷ്ട്രവുമായി സമാധാനത്തിലാണ് (ഇൻ പാച്ചേ).” ചിലർ മനസ്സാക്ഷിപരമായി വിസമ്മതമുള്ളവരുടെ നിലപാടു കൈക്കൊണ്ടിട്ടുണ്ടെങ്കിലും, യേശുവിന്റെ പഠിപ്പിക്കലുകളെ ത്യജിച്ചതിന്റെ ഫലമായി, അന്നുമുതൽ ഇന്നുവരെ, ക്രൈസ്തവലോകത്തിലെ വൈദികവർഗം, രാഷ്ട്രങ്ങളുടെ സൈന്യങ്ങളിൽ സേവിക്കാൻ തങ്ങളുടെ ആടുകളെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു.
14, 15. (എ) ഏതെല്ലാം അടിസ്ഥാനങ്ങളിലാണു ചില സ്ഥലങ്ങളിലുള്ള ക്രിസ്ത്യാനികൾ സൈനിക സേവനത്തിൽനിന്നുള്ള ഇളവ് അവകാശപ്പെടുന്നത്? (ബി) ഇളവ് ലഭ്യമല്ലാത്തിടത്ത്, സൈനികസേവനത്തിന്റെ കാര്യത്തിൽ ശരിയായ തീരുമാനം ചെയ്യാൻ ഒരു ക്രിസ്ത്യാനിയെ ഏതെല്ലാം തിരുവെഴുത്തു തത്ത്വങ്ങൾ സഹായിക്കും?
14 ഇക്കാര്യത്തിൽ ഭൂരിപക്ഷത്തെ അനുകരിക്കാൻ ഇന്നു ക്രിസ്ത്യാനികൾക്കു കടപ്പാടുണ്ടോ? ഇല്ല. മതശുശ്രൂഷകർക്കു സൈനികസേവനത്തിൽനിന്ന് ഇളവു നൽകുന്ന രാജ്യത്തു ജീവിക്കുന്ന സമർപ്പിച്ചു സ്നാപനമേറ്റ ഒരു ക്രിസ്ത്യാനിക്ക് ഈ കരുതൽ ഉപയോഗപ്പെടുത്താവുന്നതാണ്. കാരണം, വാസ്തവത്തിൽ അയാൾ ഒരു ശുശ്രൂഷകനാണ്. (2 തിമൊഥെയൊസ് 4:5) ഐക്യനാടുകളും ഓസ്ട്രേലിയയും ഉൾപ്പെടെ അനേകം രാജ്യങ്ങൾ യുദ്ധസമയത്തുപോലും അത്തരം ഇളവുകൾ നൽകിയിട്ടുണ്ട്. സമാധാനസമയത്ത്, നിർബന്ധിത സൈനികസേവനമുള്ള പല ദേശങ്ങളിലും മതശുശ്രൂഷകരെന്ന നിലയിൽ യഹോവയുടെ സാക്ഷികൾക്ക് ഇളവു ലഭിച്ചിട്ടുണ്ട്. അങ്ങനെ തങ്ങളുടെ പൊതുസേവനത്താൽ അവർക്കു തുടർന്നും ആളുകളെ സഹായിക്കാവുന്നതാണ്.
15 മതശുശ്രൂഷകർക്ക് ഇളവു നൽകാത്ത രാജ്യത്താണു ക്രിസ്ത്യാനി ജീവിക്കുന്നതെങ്കിലോ? അപ്പോൾ തന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷിയെ അനുസരിച്ചുകൊണ്ടു വ്യക്തിപരമായ ഒരു തീരുമാനം അയാൾ കൈക്കൊള്ളേണ്ടതുണ്ട്. (ഗലാത്യർ 6:5) കൈസരുടെ അധികാരം കണക്കിലെടുക്കുമ്പോൾതന്നെ, താൻ യഹോവയ്ക്കു കടപ്പെട്ടിരിക്കുന്നത് അയാൾ അവധാനപൂർവം വിലയിരുത്തും. (സങ്കീർത്തനം 36:9; 116:12-14; പ്രവൃത്തികൾ 17:28) ഒരു യഥാർഥ ക്രിസ്ത്യാനിയുടെ അടയാളം തന്റെ സഹവിശ്വാസികളോടുള്ള, മറ്റു ദേശങ്ങളിൽ ജീവിക്കുകയോ മറ്റു വർഗങ്ങളിൽ പെട്ടവരോ ആയവരോടുള്ള, സ്നേഹമാണെന്നു ക്രിസ്ത്യാനി ഓർക്കും. (യോഹന്നാൻ 13:34, 35; 1 പത്രൊസ് 2:17) കൂടുതലായി, യെശയ്യവു 2:2-4; മത്തായി 26:52; റോമർ 12:18; 14:19; 2 കൊരിന്ത്യർ 10:4; എബ്രായർ 12:14 തുടങ്ങിയ ഭാഗങ്ങളിൽ കാണുന്ന തിരുവെഴുത്തു തത്ത്വങ്ങൾ അയാൾ മറക്കുകയില്ല.
പൊതുജന സേവനം
16. ചില ദേശങ്ങളിൽ, സൈനികസേവനം സ്വീകരിക്കാത്തവരിൽനിന്നു സൈനികേതരമായ എന്തു സേവനമാണു കൈസർ ആവശ്യപ്പെടുന്നത്?
16 എന്നിരുന്നാലും, മതശുശ്രൂഷകർക്ക് ഇളവുകൾ അനുവദിക്കാതിരിക്കുന്നെങ്കിലും, ചില വ്യക്തികൾ സൈനിക സേവനത്തോട് എതിർത്തേക്കാമെന്നു സമ്മതിക്കുന്ന രാജ്യങ്ങളുണ്ട്. മനസ്സാക്ഷിബോധമുള്ള അത്തരം വ്യക്തികളെ സൈനികസേവനത്തിനു നിർബന്ധിക്കാതിരിക്കുന്നതിനുള്ള കരുതൽ അത്തരം നാടുകളിൽ പലതിലുമുണ്ട്. ചില സ്ഥലങ്ങളിൽ, സമൂഹത്തിന് ഉപയോഗപ്രദമായ ജോലി പോലുള്ള നിർബന്ധിത പൊതുസേവനം സൈനികേതര ദേശീയ സേവനമായി കരുതപ്പെടുന്നു. അത്തരം സേവനം ഒരു സമർപ്പിത ക്രിസ്ത്യാനിക്ക് ഏറ്റെടുക്കാൻ സാധിക്കുമോ? ഇവിടെയും, സ്നാപനമേറ്റ ഒരു ക്രിസ്ത്യാനി തന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണം.
17. സൈനികേതര പൊതുജനസേവനത്തിനു ബൈബിൾപരമായ ഒരു മുൻ മാതൃകയുണ്ടോ?
17 ബൈബിൾ കാലങ്ങളിൽ നിർബന്ധിത സേവനം ആചരിച്ചിരുന്നതായി കാണുന്നു. ഒരു ചരിത്രഗ്രന്ഥം ഇങ്ങനെ പ്രസ്താവിക്കുന്നു: “യഹൂദ്യയിലെ നിവാസികളിൽനിന്നു നികുതികളും കടപ്പെട്ടിരുന്ന സംഗതികളും വാങ്ങിയിരുന്നതു കൂടാതെ, കൂലിയില്ലാവേലയും [പൊതു അധികാരികൾ കൂലിയില്ലാതെ ചെയ്യിപ്പിച്ചിരുന്ന വേല] ഉണ്ടായിരുന്നു. ഇതു പൂർവദേശത്തെ ഒരു പുരാതനാചാരമായിരുന്നു, ഗ്രീക്കു, റോമൻ അധികാരികൾ അതു തുടർന്നു നിലനിർത്തുകയും ചെയ്തു. . . . അത് എത്ര വ്യാപകമായിരുന്നുവെന്നു കാട്ടിക്കൊണ്ടു യഹൂദയിലെ കൂലിയില്ലാവേലയുടെ ഉദാഹരണങ്ങൾ പുതിയ നിയമവും രേഖപ്പെടുത്തുന്നുണ്ട്. ഈ ആചാരത്തോടുള്ള ചേർച്ചയിൽ യേശുവിന്റെ കുരിശ് [ദണ്ഡനസ്തംഭം] ചുമക്കാൻ കുറേനക്കാരനായ ശീമോനെ പട്ടാളക്കാർ നിർബന്ധിച്ചു (മത്തായി 5:41; 27:32; മർക്കൊസ് 15:21; ലൂക്കൊസ് 23:26).”
18. സൈനികേതരവും മതേതരവുമായ ഏതു സാമൂഹിക സേവനവിധങ്ങളോടാണു യഹോവയുടെ സാക്ഷികൾ കൂടെക്കൂടെ സഹകരിക്കുന്നത്?
18 സമാനമായി, പലതരം സാമൂഹിക സേവനങ്ങളിൽ പങ്കുപറ്റാൻ രാഷ്ട്രമോ പ്രാദേശിക അധികാരികളോ ചില രാജ്യങ്ങളിലെ പൗരന്മാരോട് ഇന്ന് ആവശ്യപ്പെടുന്നു. ചിലപ്പോൾ ഇതു കിണറുകൾ കുഴിക്കുന്നതോ റോഡുകൾ നിർമിക്കുന്നതോ പോലുള്ള പ്രത്യേക ജോലിയാണ്; മറ്റു ചിലപ്പോൾ റോഡുകളോ സ്കൂളുകളോ ആശുപത്രികളോ വൃത്തിയാക്കുന്നതിൽ വാരംതോറും പങ്കുപറ്റുന്നതുപോലെ ക്രമമായ അടിസ്ഥാനത്തിലുള്ള ജോലിയാണ് അത്. അത്തരം പൊതുസേവനം സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ആയിരിക്കുകയും വ്യാജമതവുമായി ബന്ധമില്ലാത്തതോ മറ്റേതെങ്കിലും വിധത്തിൽ യഹോവയുടെ സാക്ഷികളുടെ മനസ്സാക്ഷിക്ക് എതിരല്ലാത്തതോ ആണെങ്കിൽ, അവർ മിക്കപ്പോഴും വഴങ്ങിക്കൊടുത്തിട്ടുണ്ട്. (1 പത്രൊസ് 2:13-15) ഇതു പലപ്പോഴും നല്ലൊരു സാക്ഷ്യത്തിൽ കലാശിക്കുകയും സാക്ഷികൾ ഗവൺമെൻറുവിരുദ്ധരെന്നു വ്യാജമായി ആരോപിക്കുന്നവരെ നിശബ്ദരാക്കുകയും ചെയ്തിട്ടുണ്ട്.—മത്തായി 10:18 താരതമ്യം ചെയ്യുക.
19. ഒരു കാലയളവിലേക്കു സൈനികേതരമായ ദേശീയ സേവനം നിർവഹിക്കാൻ കൈസർ ആവശ്യപ്പെടുകയാണെങ്കിൽ ക്രിസ്ത്യാനി അക്കാര്യത്തെ എങ്ങനെ സമീപിക്കണം?
19 എന്നിരുന്നാലും, ജനായത്ത രാജ്യഭരണത്തിൻ കീഴിൽ ദേശീയ സേവനത്തിന്റെ ഭാഗമായി ഒരു നിശ്ചിത സമയത്തേക്കു പൊതുസേവനം ചെയ്യണമെന്നു രാഷ്ട്രം ക്രിസ്ത്യാനിയോട് ആവശ്യപ്പെടുന്നെങ്കിലോ? ഇവിടെയും ക്രിസ്ത്യാനി അറിവിൻപ്രകാരമുള്ള മനസ്സാക്ഷിയെ അടിസ്ഥാനമാക്കി സ്വന്തം തീരുമാനം കൈക്കൊള്ളണം. “നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നില്ക്കേണ്ടിവരും.” (റോമർ 14:10) കൈസരുടെ ഒരു വ്യവസ്ഥയെ അഭിമുഖീകരിക്കുന്ന ക്രിസ്ത്യാനികൾ ഇക്കാര്യം പ്രാർഥനാപൂർവം പഠിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും വേണം.a ഇക്കാര്യത്തെക്കുറിച്ചു സഭയിലെ പക്വതയുള്ള ക്രിസ്ത്യാനികളുമായി സംസാരിക്കുന്നതും ജ്ഞാനമായിരിക്കും. അതിനുശേഷം, വ്യക്തിപരമായ ഒരു തീരുമാനം കൈക്കൊള്ളാവുന്നതാണ്.—സദൃശവാക്യങ്ങൾ 2:1-5; ഫിലിപ്പിയർ 4:5.
20. സൈനികേതര ദേശീയ പൊതുസേവനത്തിന്റെ കാര്യത്തിൽ കാര്യകാരണ സഹിതം ചിന്തിക്കാൻ ഒരു ക്രിസ്ത്യാനിയെ സഹായിക്കുന്ന ചോദ്യങ്ങളും തിരുവെഴുത്തു തത്ത്വങ്ങളും ഏവ?
20 അത്തരം ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ, ക്രിസ്ത്യാനികൾ അനേകം ബൈബിൾ തത്ത്വങ്ങൾ പരിചിന്തിക്കും. നാം ‘വാഴ്ചകളെയും അധികാരങ്ങ’ളെയും അനുസരിക്കണമെന്നും ‘സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരി’ക്കണമെന്നും ‘ശാന്തന്മാരായി [“ന്യായയുക്തരായി,” NW] സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിക്ക’ണമെന്നും പൗലോസ് പറഞ്ഞു. (തീത്തൊസ് 3:1, 2) അതേസമയം, നിർദേശിക്കപ്പെട്ടിരിക്കുന്ന പൊതുവേലയെക്കുറിച്ചു ക്രിസ്ത്യാനികൾ പരിശോധിക്കുകയും വേണം. അവർ അതു സ്വീകരിക്കുകയാണെങ്കിൽ, ക്രിസ്തീയ നിഷ്പക്ഷത കാത്തുസൂക്ഷിക്കാൻ അവർക്കു കഴിയുമോ? (മീഖാ 4:3, 5; യോഹന്നാൻ 17:16) ഏതെങ്കിലും വ്യാജമതവുമായി അത് അവരെ ഉൾപ്പെടുത്തുമോ? (വെളിപ്പാടു 18:4, 20, 21) അതു ചെയ്യുന്നതു ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിവർത്തിക്കുന്നതിൽനിന്ന് അവരെ തടയുകയോ അനുചിതമായി പരിമിതപ്പെടുത്തുകയോ ചെയ്യുമോ? (മത്തായി 24:14; എബ്രായർ 10:24, 25) നേരേമറിച്ച്, തുടർന്ന് ആത്മീയ പുരോഗതി വരുത്താനും ഒരുപക്ഷേ നിർദിഷ്ട സേവനം ചെയ്യുമ്പോൾതന്നെ മുഴുസമയ ശുശ്രൂഷയിൽ പങ്കെടുക്കാനും അവർക്കു കഴിയുമോ?—എബ്രായർ 6:11, 12.
21. അയാളുടെ തീരുമാനം എന്തുതന്നെയായിരുന്നാലും, സൈനികേതര ദേശീയ പൊതുസേവനത്തിന്റെ കാര്യം കൈകാര്യം ചെയ്യുന്ന ഒരു സഹോദരനെ സഭ എങ്ങനെ വീക്ഷിക്കണം?
21 അത്തരം ചോദ്യങ്ങൾക്കുള്ള ക്രിസ്ത്യാനിയുടെ സത്യസന്ധമായ ഉത്തരങ്ങൾ, തനിക്ക് അധികാരികളോടുള്ള അനുസരണത്തിൽ ചെയ്യാൻ കഴിയുന്ന ഒരു “നല്ല വേല”യാണ് ആ ദേശീയ പൊതുസേവനമെന്നു നിഗമനം ചെയ്യുന്നതിലേക്കു നയിക്കുന്നുവെങ്കിലെന്ത്? അതു യഹോവയുടെ മുമ്പാകെയുള്ള അയാളുടെ തീരുമാനമാണ്. നിയമിത മൂപ്പന്മാരും മറ്റുള്ളവരും ആ സഹോദരന്റെ മനസ്സാക്ഷിയെ ആദരിക്കുകയും നല്ല നിലയിലുള്ള ഒരു ക്രിസ്ത്യാനിയായി അദ്ദേഹത്തെ തുടർന്നും കരുതുകയും വേണം. എങ്കിൽതന്നെയും, പ്രസ്തുത പൊതുസേവനം ചെയ്യാൻ സാധിക്കില്ലെന്ന് ഒരു ക്രിസ്ത്യാനി വിചാരിക്കുന്നുവെങ്കിൽ, അയാളുടെ നിലപാടിനെയും ആദരിക്കേണ്ടതുണ്ട്. അയാളും നല്ല നിലയിൽ നിലനിൽക്കുന്നു, സ്നേഹപൂർവമായ പിന്തുണ അയാൾക്കും ആവശ്യമാണ്.—1 കൊരിന്ത്യർ 10:29; 2 കൊരിന്ത്യർ 1:24; 1 പത്രൊസ് 3:16.
22. നമ്മെ എന്തു സാഹചര്യം അഭിമുഖീകരിച്ചാലും, നാം തുടർന്നും എന്തു ചെയ്യും?
22 ക്രിസ്ത്യാനികളെന്ന നിലയിൽ, “മാനം കാണിക്കേണ്ടവന്നു മാനം” കാട്ടുന്നതു നാം ഒരിക്കലും നിർത്തുകയില്ല. (റോമർ 13:7) നാം ക്രമസമാധാനത്തെ ആദരിക്കുകയും ഒപ്പം സമാധാനമുള്ളവരും നിയമാനുസാരികളുമായ പൗരന്മാരായിരിക്കാൻ ശ്രമിക്കുകയും ചെയ്യും. (സങ്കീർത്തനം 34:14) ‘രാജാക്കന്മാരും സകല അധികാരസ്ഥന്മാരും’ നമ്മുടെ ക്രിസ്തീയ ജീവിതത്തെയും വേലയെയും ബാധിക്കുന്ന തീരുമാനങ്ങൾ കൈക്കൊള്ളേണ്ടിവരുമ്പോൾ അവർക്കു വേണ്ടി നാം പ്രാർഥിക്കുകപോലും ചെയ്യുന്നു. കൈസരിനുള്ളതു കൈസർക്കു കൊടുക്കുന്നതിന്റെ ഫലമായി, ‘സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കാൻ’ നാം പ്രത്യാശിക്കുന്നു. (1 തിമൊഥെയൊസ് 2:1, 2) സർവോപരി, മനസ്സാക്ഷിപൂർവം ദൈവത്തിനുള്ളതു ദൈവത്തിനു കൊടുത്തുകൊണ്ടു മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശയെന്ന നിലയിൽ രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിൽ നാം തുടരും.
[അടിക്കുറിപ്പ്]
a 1964 മേയ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 308-ാം പേജിലെ 21-ാം ഖണ്ഡിക കാണുക.
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ കൈസരോടും യഹോവയോടുമുള്ള ബന്ധങ്ങൾ സമനിലയിൽ നിർത്തുന്നതിൽ, ഒരു ക്രിസ്ത്യാനിയുടെ പ്രഥമ താത്പര്യം എന്തായിരിക്കണം?
◻ നമുക്ക് ഒരിക്കലും കൈസർക്കു കൊടുക്കാൻ പറ്റാത്ത എന്താണു നാം യഹോവയ്ക്കു കടപ്പെട്ടിരിക്കുന്നത്?
◻ നാം കൈസർക്ക് ഉചിതമായി കൊടുക്കുന്ന ചില സംഗതികൾ എന്തൊക്കെയാണ്?
◻ നിർബന്ധിത സൈനികസേവനത്തിന്റെ കാര്യത്തിൽ ശരിയായ തീരുമാനം കൈക്കൊള്ളാൻ നമ്മെ സഹായിക്കുന്ന തിരുവെഴുത്തുകൾ ഏവ?
◻ സൈനികേതര ദേശീയ പൊതു സേവനത്തിനു നാം വിളിക്കപ്പെടുകയാണെങ്കിൽ, മനസ്സിൽ പിടിക്കേണ്ട ചില കാര്യങ്ങൾ ഏവ?
◻ യഹോവയെയും കൈസരെയും സംബന്ധിച്ച്, എന്തു ചെയ്യുന്നതിൽ നാം തുടരുന്നു?
[16, 17 പേജുകളിലെ ചിത്രം]
അപ്പോസ്തലന്മാർ സൻഹെദ്രീമിനോട് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ മനുഷ്യരെക്കാൾ അധികമായി ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്”