ദൈവവചനം “അത്ഭുതങ്ങൾ” പ്രവർത്തിക്കുന്നു
തെരെസ്സ് എയോൻ പറഞ്ഞപ്രകാരം
ഞാൻ 1965-ൽ ഒരു ദിവസം, ഒരു ബിസിനസ് കാര്യാലയത്തിൽ പ്രവേശിച്ച് അവിടത്തെ വ്യാപാരികൾക്ക് വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പ്രതികൾ കൊടുത്തു. പോകാനായി തിരിഞ്ഞപ്പോൾ ഒരു പൊട്ടിത്തെറി കേട്ടു. എന്റെ പാദങ്ങൾക്കടുത്തായി തറയിൽ ഒരു വെടിയുണ്ട തറച്ചു. “അങ്ങനെ വേണം യഹോവയുടെ സാക്ഷികളോടു പെരുമാറാൻ,” വ്യാപാരികളിലൊരാൾ പരിഹാസമുതിർത്തു.
ആ അനുഭവം എന്നെ ഭീതിപ്പെടുത്തി—എന്നാൽ മുഴുസമയ ശുശ്രൂഷ ഉപേക്ഷിക്കാൻമാത്രം പര്യാപ്തമായിരുന്നില്ലത്. ഞാൻ പഠിച്ച ബൈബിൾ സത്യങ്ങൾ, എന്റെ ശുശ്രൂഷ ഉപേക്ഷിക്കാൻ ഇടയാക്കുന്ന എന്തിനെക്കാളും ഏറെ വിലയേറിയതായിരുന്നു. ഞാൻ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്നു വിശദീകരിക്കട്ടെ.
1918 ജൂലൈലാണു ഞാൻ ജനിച്ചത്. അതിനുശേഷം എന്റെ മാതാപിതാക്കൾ, കാനഡയിലെ ക്വിബെക്കിലുള്ള ഒരു ചെറിയ ഗ്രാമമായ, അത്ഭുതങ്ങളുടെ നാട് എന്നറിയപ്പെടുന്ന കാപ്ഡലാമാടലെയ്നിൽ താമസമുറപ്പിച്ചു. കന്യാമറിയത്തിന്റെ പുണ്യസ്ഥലത്ത് ആരാധനയർപ്പിക്കാൻ സന്ദർശകർ തടിച്ചുകൂടി. മറിയ നടത്തിയതെന്നു സങ്കൽപ്പിക്കുന്ന അത്ഭുതങ്ങൾ തെളിയിക്കാനാവില്ലെങ്കിലും, 30,000-ത്തിലധികം നിവാസികൾ വസിക്കുന്ന ഒരു പട്ടണമായി വളർന്ന ആ ഗ്രാമത്തിലെ നിരവധി ആളുകളുടെ ജീവിതത്തിൽ ദൈവവചനം വാസ്തവത്തിൽ അത്ഭുതം പ്രവർത്തിച്ചിരിക്കുന്നു.
എനിക്ക് 20 വയസ്സുള്ളപ്പോൾ, മതപരമായ കാര്യങ്ങളിലുള്ള എന്റെ താത്പര്യം കണ്ടിട്ട് എന്റെ പിതാവ് എനിക്ക് അദ്ദേഹത്തിന്റെ ബൈബിൾ നൽകി. അതു വായിക്കാൻ തുടങ്ങിയപ്പോൾ, പുറപ്പാടു പുസ്തകം 20-ാം അധ്യായം ബിംബാരാധനയെ തുറന്നടിച്ചു കുറ്റംവിധിക്കുന്നതായി കണ്ടു ഞാൻ ഞെട്ടിപ്പോയി. കത്തോലിക്കാ സഭയിൽ എനിക്കുണ്ടായിരുന്ന വിശ്വാസം ഉടനടി നഷ്ടപ്പെട്ടു. മാത്രമല്ല, ഞാൻ കുർബാനയിൽ പങ്കെടുക്കുന്നതും നിർത്തി. പ്രതിമകളെ ആരാധിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. പിതാവ് ഇങ്ങനെ പറയുന്നതു ഞാൻ ഇപ്പോഴും ഓർക്കുന്നു: “തെരെസ്സ്, നീ പള്ളിയിൽ പോകുന്നില്ലേ?” “ഇല്ല, ഞാൻ ബൈബിൾ വായിക്കുകയാണ്,” ഞാൻ മറുപടി പറഞ്ഞു.
1938 സെപ്റ്റംബറിൽ വിവാഹിതയായശേഷവും ബൈബിൾ വായന എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി തുടർന്നു. ഭർത്താവ് റോസെർ, പലപ്പോഴും രാത്രിസമയം ജോലി ചെയ്തിരുന്നതിനാൽ അദ്ദേഹം ജോലിയിലായിരിക്കുമ്പോൾ ബൈബിൾ വായിക്കുന്നതു ഞാൻ ഒരു ശീലമാക്കിത്തീർത്തു. താമസിയാതെതന്നെ ഞാൻ, ദൈവത്തിന് ഒരു ജനം ഉണ്ടായിരിക്കണം എന്ന നിഗമനത്തിലെത്തിച്ചേർന്നു. ഞാൻ അവരെ തേടാൻ തുടങ്ങി.
ദൈവജനത്തിനുവേണ്ടിയുള്ള എന്റെ തിരച്ചിൽ
പള്ളിയിൽ പഠിച്ചിരുന്ന കാര്യങ്ങൾ നിമിത്തം, കത്തുന്ന നരകത്തെക്കുറിച്ചുള്ള ഭയം കൊണ്ട് രാത്രിയിൽ ഉറങ്ങാൻ ചെറുപ്പത്തിൽ എനിക്കു പേടിയായിരുന്നു. അത്തരം ഭയത്തോടു പോരാടുന്നതിന്, സ്നേഹവാനായ ദൈവം അത്രകണ്ടു കൊടിയ ഒരു സംഗതി സംഭവിക്കാൻ അനുവദിക്കുകയില്ലെന്നു ഞാൻ എന്നോടുതന്നെ പറയുമായിരുന്നു. ദൃഢവിശ്വാസത്തോടെ, സത്യത്തിനുവേണ്ടി തിരഞ്ഞുകൊണ്ടു ഞാൻ എന്റെ ബൈബിൾ വായന തുടർന്നു. വായിച്ചെങ്കിലും മനസ്സിലാകാഞ്ഞ എത്യോപ്യൻ ഷണ്ഡനെപ്പോലെയായിരുന്നു ഞാൻ.—പ്രവൃത്തികൾ 8:26-39.
അപ്പാർട്ടുമെൻറിൽ ഞങ്ങളുടെ താഴെത്തെ നിലയിൽ താമസിച്ചിരുന്ന എന്റെ സഹോദരനും ഭാര്യയും 1957-ൽ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിളധ്യയനം തുടങ്ങി. സാക്ഷികൾ ആ കെട്ടിടത്തിൽ പ്രസംഗവേലയ്ക്കു വരുമ്പോൾ മച്ചിൽ മുട്ടി എനിക്കു മുന്നറിയിപ്പു നൽകണമെന്നു ഞാൻ എന്റെ നാത്തൂനോടു പറഞ്ഞിരുന്നു. അങ്ങനെ അവർ വരുമ്പോൾ എനിക്കു കതകു തുറക്കാതിരിക്കാനാകുമായിരുന്നു. ഒരിക്കൽ നാത്തൂന് എന്നെ അറിയിക്കാൻ കഴിഞ്ഞില്ല.
അന്നു ഞാൻ കതകു തുറന്നപ്പോൾ കണ്ടത് കേ മുണ്ടേ എന്ന പയനിയറെയാണ്, യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകരെ അങ്ങനെയാണു വിളിക്കുന്നത്. ദൈവത്തിനു യഹോവ എന്ന വ്യക്തിപരമായ പേരുണ്ട് എന്നു വിശദീകരിച്ചുകൊണ്ടു ദൈവത്തിന്റെ നാമത്തെക്കുറിച്ച് അവർ എന്നോടു സംസാരിച്ചു. അവർ പറഞ്ഞതെല്ലാം തീർച്ചയായും ബൈബിൾ വാക്യങ്ങളുടെ പിന്തുണയോടെയാണെന്ന് ഉറപ്പുവരുത്താൻ അവർ പോയശേഷം ഞാൻ ബൈബിൾ പരിശോധിച്ചു. എന്റെ ഗവേഷണം എന്നെ വളരെയധികം സന്തുഷ്ടയാക്കി.—പുറപ്പാട് 6:3, ഡുവേ ഭാഷാന്തരം, അടിക്കുറിപ്പ്; മത്തായി 6:9, 10; യോഹന്നാൻ 17:6.
കേ വീണ്ടും സന്ദർശിച്ചപ്പോൾ, ദൈവം ഏകദൈവത്തിൽ മൂന്നു വ്യക്തികളാണെന്ന് അവകാശപ്പെടുന്ന ത്രിത്വത്തെക്കുറിച്ചുള്ള കത്തോലിക്കാ ഉപദേശം ഞങ്ങൾ ചർച്ചചെയ്തു. പിന്നീട്, ബൈബിൾ ത്രിത്വം പഠിപ്പിക്കുന്നില്ലെന്നു സ്വയം ബോധ്യംവരുത്താൻ ഞാൻ എന്റെ ബൈബിൾ ശ്രദ്ധാപൂർവം പരിശോധിച്ചു. (പ്രവൃത്തികൾ 17:11) യേശു ദൈവതുല്യനല്ലെന്ന് എന്റെ പഠനം ഉറപ്പേകി. അവൻ സൃഷ്ടിക്കപ്പെട്ടവനായിരുന്നു. അവന് ഒരു തുടക്കമുണ്ടായിരുന്നു, എന്നാൽ യഹോവയ്ക്കില്ലായിരുന്നു. (സങ്കീർത്തനം 90:1, 2; യോഹന്നാൻ 14:28; കൊലൊസ്സ്യർ 1:15-17; വെളിപ്പാടു 3:14) പഠിക്കുന്ന കാര്യങ്ങളിൽ തൃപ്തിതോന്നിയ എനിക്കു ബൈബിൾ ചർച്ചകൾ തുടരാൻ സന്തോഷമായിരുന്നു.
ഒരു ദിവസം, 1958 നവംബറിലെ ഹിമവർഷക്കാലത്ത്, അന്നു വൈകുന്നേരം ഒരു വാടക ഹാളിൽ നടക്കാൻ പോകുന്ന സർക്കിട്ട് സമ്മേളനത്തിനു ഹാജരാകാൻ കേ എന്നെ ക്ഷണിച്ചു. ഞാൻ ക്ഷണം സ്വീകരിച്ചു, പരിപാടിയും ആസ്വദിച്ചു. പിന്നീട്, എന്നെ സമീപിച്ച ഒരു സാക്ഷിയുമായുള്ള സംഭാഷണത്തിൽ ഞാൻ ചോദിച്ചു: “ഒരു സത്യക്രിസ്ത്യാനി കണിശമായും വീടുതോറും പ്രസംഗിക്കണമോ?”
“വേണം, സുവാർത്ത കണിശമായും പ്രഖ്യാപിക്കപ്പെടണം. തന്നെയുമല്ല, ആളുകളെ അവരുടെ വീടുകളിൽ സന്ദർശിക്കുന്നത് ഒരു സുപ്രധാന പ്രസംഗരീതിയാണെന്നു ബൈബിൾ വെളിപ്പെടുത്തുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.—പ്രവൃത്തികൾ 20:20.
ഞാൻ ആ ഉത്തരത്തിൽ എത്രമാത്രം പുളകിതയായിരുന്നെന്നോ! ഞാൻ ദൈവജനത്തെ കണ്ടെത്തിയെന്ന് അതെന്നെ ബോധ്യപ്പെടുത്തി. “വേണ്ട, അതിന്റെ ആവശ്യമില്ല” എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ സത്യം കണ്ടെത്തിയോ എന്നു ഞാൻ സംശയിക്കുമായിരുന്നു. കാരണം വീടുതോറും പ്രസംഗിക്കുന്നതിനെക്കുറിച്ചു ബൈബിൾ പറയുന്ന കാര്യം എനിക്കറിയാമായിരുന്നു. അന്നുമുതൽ ഞാൻ ദ്രുതഗതിയിൽ ആത്മീയ പുരോഗതി കൈവരിക്കാൻ തുടങ്ങി.
ആ സർക്കിട്ട് സമ്മേളനത്തിനു ശേഷം, അയൽ പട്ടണമായ ട്ര്വാറിവ്യറിൽ നടത്തിയിരുന്ന യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഞാൻ ഹാജരാകാൻ തുടങ്ങി. കേയും അവരുടെ പയനിയർ കൂട്ടാളി ഫ്ളോറൻസ് ബോമനും മാത്രമായിരുന്നു അന്നു കാപ്ഡലാമാടലെയ്നിൽ താമസിച്ചിരുന്ന സാക്ഷികൾ. ഒരു ദിവസം ഞാൻ പറഞ്ഞു, “ഞാൻ നാളെ നിങ്ങളോടൊപ്പം പ്രസംഗിക്കാൻ വരുന്നുണ്ട്.” ഞാൻ അവരോടൊപ്പമുള്ളത് അവർക്കു സന്തോഷമായിരുന്നു.
എന്റെ ജന്മനാട്ടിൽ പ്രസംഗിക്കുന്നു
എല്ലാവരും ബൈബിൾ സന്ദേശം സ്വീകരിക്കുമെന്നാണു ഞാൻ കരുതിയത്. എന്നാൽ സംഗതി അങ്ങനെയല്ലെന്നു പെട്ടെന്നുതന്നെ ഞാൻ മനസ്സിലാക്കി. കേയും ഫ്ളോറൻസും മറ്റൊരിടത്തേക്കു നിയമിക്കപ്പെട്ടപ്പോൾ, ആ പട്ടണത്തിൽ വീടുതോറുമുള്ള പ്രസംഗവേലയിൽ ഏർപ്പെടുന്നതിനു ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1963 ജൂൺ 8-നു സ്നാപനമേൽക്കുന്നതുവരെ ഞാൻ ഒറ്റയ്ക്ക്, സധൈര്യം പ്രസംഗവേലയിൽ തുടർന്നു. അന്നുതന്നെ അവധിക്കാല പയനിയറിങ് എന്നറിയപ്പെട്ടിരുന്ന സേവനത്തിനു ഞാൻ പേർ ചാർത്തി.
അവധിക്കാല പയനിയർ എന്ന നിലയിൽ ഒരു വർഷം ഞാൻ തുടർന്നു. പിന്നീട്, ഞാൻ ഒരു നിരന്തര പയനിയർ ആകുന്ന പക്ഷം കാപ്ഡലാമാടലെയ്നിലേക്കു വന്ന് ആഴ്ചയിലൊരിക്കൽ എന്നോടൊപ്പം പ്രവർത്തിക്കാമെന്നു ഡെൽവിനാ സാൻലോറാൻ വാക്കുപറഞ്ഞു. തന്മൂലം ഞാൻ പയനിയർ ഫാറം പൂരിപ്പിച്ചു. ദുഃഖകരമെന്നുപറയട്ടെ, ഞാൻ പയനിയറിങ് ആരംഭിക്കുന്നതിനു വെറും രണ്ടാഴ്ച മുമ്പ് ഡെൽവിനാ മരിച്ചുപോയി. ഞാനെന്തു ചെയ്യുമായിരുന്നു? കൊള്ളാം, ഫാറം പൂരിപ്പിച്ചയച്ച സ്ഥിതിക്കു ഞാൻ പിന്മാറാൻ ആഗ്രഹിച്ചില്ല. തന്മൂലം, 1964 ഒക്ടോബറിൽ മുഴുസമയ ശുശ്രൂഷകയായുള്ള എന്റെ ജീവിതവൃത്തിക്കു തുടക്കമിട്ടു. അടുത്ത നാലു വർഷം ഞാൻ ഒറ്റയ്ക്കു വീടുതോറും സന്ദർശിച്ചു.
കാപ്ഡലാമാടലെയ്നിലെ അർപ്പിത കത്തോലിക്കർ മിക്കപ്പോഴും പകയുള്ളവരായിരുന്നു. എന്റെ പ്രസംഗവേലയ്ക്കു തടസ്സം സൃഷ്ടിക്കാനുള്ള ശ്രമത്തിൽ ചിലർ പൊലീസിനെ വിളിച്ചു. ഒരിക്കൽ, തുടക്കത്തിൽ സൂചിപ്പിച്ചപ്രകാരം, ഒരു വ്യാപാരി എന്റെ പാദങ്ങളെ ലക്ഷ്യമാക്കി നിറയൊഴിച്ചുകൊണ്ട് എന്നെ പേടിപ്പെടുത്താൻ ശ്രമിച്ചു. അതു പട്ടണത്തിൽ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു. പ്രാദേശിക ടെലിവിഷൻ നിലയം അതിനെ യഹോവയുടെ സാക്ഷികൾക്കെതിരെയുള്ള ഒരു കുരിശുയുദ്ധമെന്നു വിളിച്ചു. ആ മുഴു സംഭവവും അനുകൂലമായ ഒരു സാക്ഷ്യത്തിൽ കലാശിച്ചു. സന്ദർഭവശാൽ, പത്തു വർഷത്തിനു ശേഷം, എന്റെ നേർക്കു നിറയൊഴിച്ച വ്യാപാരിയുടെ ഒരു ബന്ധുതന്നെയും സാക്ഷിയായി.
ദൈവവചനം പ്രവർത്തിച്ച “അത്ഭുതങ്ങൾ”
വർഷങ്ങൾകൊണ്ട് കാപ്ഡലാമാടലെയ്നിൽ ബൈബിൾ സത്യങ്ങളോടുള്ള എതിർപ്പിൻ മതിലുകൾ ക്രമേണ ഇടിഞ്ഞുവീഴുന്നതു ഞാൻ കണ്ടിരിക്കുന്നു. 1968-ൽ വേറെ സാക്ഷികൾ ഇങ്ങോട്ടു താമസംമാറ്റി. കൂടാതെ, തദ്ദേശ വാസികൾ ബൈബിൾ സത്യത്തോട് അനുകൂലമായി പ്രതികരിക്കാനും തുടങ്ങി. ഫലത്തിൽ, 1970-കളിൽ ബൈബിളധ്യയനങ്ങളുടെ സംഖ്യയിൽ വമ്പിച്ച വർധനവുണ്ടായി. വീടുതോറുമുള്ള ശുശ്രൂഷയിൽ എനിക്കു കുറച്ചെങ്കിലും പങ്കുണ്ടായിരിക്കാൻ തക്കവണ്ണം, ഞാൻ നടത്തിക്കൊണ്ടിരുന്ന ബൈബിളധ്യയനങ്ങളിൽ പലതും ഏറ്റെടുത്തു നടത്താൻ മറ്റു സാക്ഷികളോട് അഭ്യർഥിക്കേണ്ട ഘട്ടംവരെയെത്തി.
ഒരിക്കൽ ഒരു യുവതി എന്റെ പക്കൽനിന്ന് നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം കൈപ്പറ്റി. കാഴ്ചയ്ക്കു പരുക്കനായ, ഒരു കുറ്റവാളിയായിരുന്ന ആൻഡ്രെ എന്നു പേരുള്ള ഒരു യുവാവ് അവളുടെ സുഹൃത്തായിരുന്നു. അയാൾ ചർച്ചയിൽ പങ്കെടുത്തു. ആൻഡ്രെയുമായുള്ള ഒരു ചർച്ച അയാളിൽ താത്പര്യമുണർത്തി, അങ്ങനെ ഒരു ബൈബിളധ്യയനമാരംഭിച്ചു. അതിനുശേഷം അധികം താമസിയാതെ, താൻ പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ സുഹൃത്തുക്കളോടു സംസാരിക്കാൻ തുടങ്ങി.
ഒരിക്കൽ ഞാൻ നാലു മുഷ്കരന്മാരോടൊപ്പം ബൈബിളധ്യയനം നടത്തുകയുണ്ടായി. അവരിലൊരാൾ അധികമൊന്നും സംസാരിച്ചിരുന്നില്ല, എന്നാൽ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നു. പിയർ എന്നായിരുന്നു അയാളുടെ പേര്. ഒരിക്കൽ അതിരാവിലെ ഏതാണ്ടു രണ്ടു മണിക്ക്, ഞാനും ഭർത്താവും കതകിൽ മുട്ടുകേട്ടു. ആ രംഗമൊന്നു വിഭാവന ചെയ്യൂ: നാലു മുഷ്കരന്മാർ എന്നോടു ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടു വാതിൽക്കൽ നിൽക്കുന്നു. ദൈവാനുഗ്രഹമെന്നു പറയട്ടെ, അത്തരം അസമയ സന്ദർശനങ്ങളെക്കുറിച്ചു റോസെർ ഒരിക്കലും പരാതിപറഞ്ഞില്ല.
ആദ്യമൊക്കെ നാലുപേരും യോഗങ്ങൾക്കു ഹാജരായി. എന്നാൽ, ആൻഡ്രെയും പിയറും മാത്രമേ നിലനിന്നുള്ളൂ. അവർ തങ്ങളുടെ ജീവിതം ദൈവിക നിലവാരങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവന്നു. കഴിഞ്ഞ 20 വർഷത്തിലധികമായി ആ രണ്ടു പുരുഷന്മാരും യഹോവയെ വിശ്വസ്തരായി സേവിച്ചിരിക്കുന്നു. അധ്യയനം തുടങ്ങിയപ്പോൾ അവർ തങ്ങളുടെ കുറ്റകൃത്യ പ്രവർത്തനം നിമിത്തം കുപ്രസിദ്ധരായിരുന്നു, പൊലീസ് നിരീക്ഷണത്തിലുമായിരുന്നു. ചിലപ്പോഴൊക്കെ, ഞങ്ങളുടെ ബൈബിളധ്യയനത്തിനു ശേഷമോ സഭായോഗം നടക്കുമ്പോഴൊ ഒക്കെയാണു പൊലീസുകാർ അവരെ തേടി വന്നിരുന്നത്. “സകലവിധ മനുഷ്യ”രോടും സംസാരിക്കാനും അത്ഭുതകരമെന്നു തോന്നിക്കുന്ന കാര്യങ്ങളിൽ ദൈവവചനം എങ്ങനെ മാറ്റങ്ങൾ വരുത്തുന്നുവെന്നതിന്റെ നേരനുഭവം ആസ്വദിക്കാനും കഴിഞ്ഞതിൽ എനിക്കു സന്തോഷമുണ്ട്.—1 തിമോത്തി 2:4, NW.
കാപ്ഡലാമാടലെയ്നിലിൽ ഒരു രാജ്യഹാൾ ഉണ്ടായിരിക്കുമെന്നും അതു യഹോവയുടെ ജനത്താൽ നിറഞ്ഞിരിക്കുമെന്നും എന്റെ ശുശ്രൂഷയുടെ ആരംഭത്തിൽ എന്നോടു പറഞ്ഞിരുന്നെങ്കിൽ ഞാൻ വിശ്വസിക്കുകയില്ലായിരുന്നു. ട്ര്വാറിവ്യർ എന്ന അയൽ നഗരത്തിലെ ചെറിയ സഭ കാപ്ഡലാമാടലെയ്നിലേത് ഉൾപ്പെടെ മൂന്നു രാജ്യഹാളിലായി കൂടിവരുന്ന, തഴച്ചുവളരുന്ന ആറു സഭകളായി വളർന്നിരിക്കുന്നത് എന്നെ പ്രമോദിപ്പിക്കുന്നു.
സമർപ്പിച്ച്, സ്നാപനമേൽക്കുന്ന ഘട്ടത്തോളമെത്താൻ ഏതാണ്ടു 30 വ്യക്തികളെ സഹായിക്കാൻ കഴിഞ്ഞതിലുള്ള വ്യക്തിപരമായ സന്തുഷ്ടി ഞാൻ അനുഭവിക്കുന്നുണ്ട്. എന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചതിൽ ഞാൻ സന്തുഷ്ടയാണെന്ന് ഇപ്പോൾ, 78-ാം വയസ്സിൽ, എനിക്കു സത്യമായും പറയാൻ കഴിയും. എന്നിരുന്നാലും, നിരുത്സാഹം എന്നെ പലവട്ടം വേട്ടയാടിയെന്നു ഞാൻ സമ്മതിച്ചേ മതിയാകൂ. അത്തരം ഘട്ടങ്ങളെ വിജയപൂർവം നേരിടുന്നതിനു ഞാൻ മിക്കപ്പോഴും ബൈബിൾ തുറന്നുവെച്ച്, എനിക്കു വളരെയേറെ ഉന്മേഷമേകുന്ന ചില ഭാഗങ്ങൾ വായിക്കും. ഒരു ദിവസമെങ്കിലും ദൈവവചനം വായിക്കാതിരിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം അചിന്തനീയമാണ്. “നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും” എന്നു പറയുന്ന യോഹന്നാൻ 15:7 പ്രത്യേകിച്ചും പ്രോത്സാഹജനകമാണ്.
ആസന്നമായിരിക്കുന്ന പുതിയ ലോകത്തിൽ റോസെറെ കാണണമെന്നതാണ് എന്റെ പ്രത്യാശ. (2 പത്രൊസ് 3:13; വെളിപ്പാടു 21:3, 4) 1975-ൽ മരിക്കുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം സ്നാപനമേൽക്കാനുള്ള ലക്ഷ്യത്തിൽ നല്ലവണ്ണം പുരോഗമിക്കുകയായിരുന്നു. ഇപ്പോൾ ഞാൻ, മുഴുസമയ ശുശ്രൂഷയിൽ തുടർന്നു നിലകൊള്ളാനും യഹോവയുടെ വേലയിൽ തുടർന്നു സന്തുഷ്ടിയടയാനും നിശ്ചയദാർഢ്യമുള്ളവളാണ്.