ക്രിസ്തുവിനു മുമ്പുള്ള നിയമം
“നിന്റെ നിയമത്തെ ഞാൻ എത്ര സ്നേഹിക്കുന്നു! ദിവസം മുഴുവൻ അത് എന്റെ ചിന്താവിഷയമാകുന്നു.”—സങ്കീർത്തനം 119:97, NW.
1. ആകാശഗോളങ്ങളുടെ ചലനത്തെ നിയന്ത്രിക്കുന്നതെന്ത്?
ബാല്യകാലം മുതൽ ഇയ്യോബ് സാധ്യതയനുസരിച്ചു നക്ഷത്രങ്ങളെ ആശ്ചര്യത്തോടെ ഉറ്റുനോക്കിയിരുന്നു. അവന്റെ മാതാപിതാക്കൾ, വലിയ നക്ഷത്രസമൂഹങ്ങളുടെ പേരുകളും ആകാശത്തുകൂടെയുള്ള അവയുടെ ചലനത്തെ നിയന്ത്രിക്കുന്ന നിയമങ്ങളെ സംബന്ധിച്ചു തങ്ങൾ അറിഞ്ഞിരുന്നതും സാധ്യതയനുസരിച്ച് അവനെ പഠിപ്പിച്ചിരുന്നു. ഏതായാലും മാറിവരുന്ന ഋതുക്കളെ കുറിക്കാൻ പുരാതനകാലത്തെ ജനങ്ങൾ ഈ ബൃഹത്തായ, ആകർഷകമായ നക്ഷത്രസമൂഹങ്ങളുടെ സ്ഥിരതയുള്ള ചലനത്തെ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ ഇയ്യോബ് ആശ്ചര്യത്തോടെ അവയെ ഉറ്റുനോക്കിയപ്പോഴെല്ലാം, ഈ നക്ഷത്ര ക്രമീകരണങ്ങളെ ഒരുമിച്ചുനിർത്തുന്നത് ഏതു പ്രബലമായ ശക്തികളാണെന്ന് അവന് അറിയില്ലായിരുന്നു. അതുകൊണ്ട്, “ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ?” എന്നു യഹോവയാം ദൈവം അവനോടു ചോദിച്ചപ്പോൾ അവന് ഉത്തരം പറയാൻ കഴിഞ്ഞില്ല. (ഇയ്യോബ് 38:31-33) അതേ, വളരെ കൃത്യതയുള്ളതും ഇന്നത്തെ ശാസ്ത്രജ്ഞൻമാർ പൂർണമായി ഗ്രഹിക്കാത്തതുമായ സങ്കീർണ നിയമങ്ങളാൽ നക്ഷത്രങ്ങൾ ഭരിക്കപ്പെടുന്നു.
2. സകല സൃഷ്ടിയും നിയമത്താൽ ഭരിക്കപ്പെടുന്നുവെന്നു പറയാവുന്നത് എന്തുകൊണ്ട്?
2 യഹോവയാണു പ്രപഞ്ചത്തിലെ പരമോന്നത നിയമദാതാവ്. അവന്റെ എല്ലാ പ്രവൃത്തികളും നിയമത്താൽ ഭരിക്കപ്പെടുന്നു. “സർവ്വസൃഷ്ടിക്കും ആദ്യജാത”നായ അവന്റെ പ്രിയപുത്രൻ ഭൗതിക പ്രപഞ്ചം അസ്തിത്വത്തിൽ വരുന്നതിനു മുമ്പ് തന്റെ പിതാവിന്റെ നിയമങ്ങൾ വിശ്വസ്തമായി അനുസരിച്ചിരുന്നു. (കൊലൊസ്സ്യർ 1:15) ദൂതൻമാരും നിയമത്താൽ വഴിനയിക്കപ്പെടുന്നു. (സങ്കീർത്തനം 103:20) സ്രഷ്ടാവു നിവേശിപ്പിച്ചിരിക്കുന്ന സഹജനിർദേശങ്ങൾ മൃഗങ്ങൾ അനുസരിക്കുമ്പോൾ അവ പോലും നിയമത്താൽ ഭരിക്കപ്പെടുന്നു.—സദൃശവാക്യങ്ങൾ 30:24-28; യിരെമ്യാവു 8:7.
3. (എ) മനുഷ്യവർഗത്തിനു നിയമങ്ങൾ ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ഇസ്രായേൽ ജനതയെ യഹോവ ഏതു മുഖാന്തരത്താൽ ഭരിച്ചു?
3 മനുഷ്യവർഗത്തെക്കുറിച്ചെന്ത്? ബുദ്ധിശക്തി, ധാർമികത, ആത്മീയത എന്നിങ്ങനെയുള്ള ദാനങ്ങളാൽ നാം അനുഗൃഹീതരാണെങ്കിലും, ഈ പ്രാപ്തികൾ ഉപയോഗിക്കുന്നതിൽ നമ്മെ നയിക്കാൻ ഒരളവിലുള്ള ദിവ്യനിയമം നമുക്കപ്പോഴും ആവശ്യമാണ്. നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമും ഹവ്വായും പൂർണരായിരുന്നു. അതുകൊണ്ട് അവരെ വഴിനയിക്കുന്നതിനു ചുരുക്കം ചില നിയമങ്ങൾ മാത്രമേ ആവശ്യമായിരുന്നുള്ളൂ. തങ്ങളുടെ സ്വർഗീയ പിതാവിനോടുള്ള സ്നേഹം, സന്തോഷപൂർവം അനുസരിക്കാൻ അവർക്കു തക്കതായ കാരണം നൽകണമായിരുന്നു. എന്നാൽ അവർ അനുസരണക്കേടു കാണിച്ചു. (ഉല്പത്തി 1:26-28; 2:15-17; 3:6-19) തത്ഫലമായി, അവരുടെ സന്തതികൾ മാർഗനിർദേശം പ്രദാനം ചെയ്യുന്നതിനു വളരെക്കൂടുതൽ നിയമങ്ങൾ ആവശ്യമുള്ള പാപികളായ സൃഷ്ടികളായിരുന്നു. കാലം കടന്നുപോയതോടെ യഹോവ സ്നേഹപൂർവം ഈ ആവശ്യം സാധിച്ചുകൊടുത്തു. തന്റെ കുടുംബത്തിനു കൈമാറേണ്ടിയിരുന്ന നിർദിഷ്ട നിയമങ്ങൾ അവൻ നോഹയ്ക്കു നൽകി. (ഉല്പത്തി 9:1-7) നൂറ്റാണ്ടുകൾക്കു ശേഷം, ദൈവം മോശയിലൂടെ പുതിയ ഇസ്രായേൽ ജനതയ്ക്കു വിശദമായ ഒരു ലിഖിത നിയമസംഹിത നൽകി. ഒരു മുഴു ജനതയേയും ദിവ്യനിയമത്താൽ യഹോവ ഭരിച്ച ആദ്യ സന്ദർഭം ഇതായിരുന്നു. ആ നിയമം പരിശോധിക്കുന്നത് ഇന്നു ക്രിസ്ത്യാനികളുടെ ജീവിതത്തിൽ ദിവ്യനിയമം വഹിക്കുന്ന മർമപ്രധാനമായ പങ്കു മനസ്സിലാക്കാൻ നമ്മെ സഹായിക്കും.
മോശൈക ന്യായപ്രമാണം—അതിന്റെ ഉദ്ദേശ്യം
4. വാഗ്ദത്ത സന്തതിയെ ഉത്പാദിപ്പിക്കുന്നത് അബ്രഹാമിന്റെ തിരഞ്ഞെടുക്കപ്പെട്ട വംശജർക്ക് ഒരു വെല്ലുവിളിയായിരിക്കുമായിരുന്നത് എന്തുകൊണ്ട്?
4 ന്യായപ്രമാണത്തിന്റെ ഒരു അഗാധ പഠിതാവായിരുന്ന അപ്പോസ്തലനായ പൗലോസ് ചോദിച്ചു: “ന്യായപ്രമാണം എന്തിന്നു?” (ഗലാത്യർ 3:19) ഉത്തരം നൽകുന്നതിന്, എല്ലാ ജനതകൾക്കും മഹത്തായ അനുഗ്രഹങ്ങൾ കൈവരുത്തുന്ന ഒരു സന്തതി അബ്രഹാമിന്റെ വംശാവലിയിൽ ജനിക്കുമെന്നു ദൈവം തന്റെ സ്നേഹിതനായ അബ്രഹാമിനോടു വാഗ്ദാനം ചെയ്തെന്നു നാം ഓർമിക്കേണ്ടതുണ്ട്. (ഉല്പത്തി 22:18) എന്നാൽ ഇതിലൊരു വെല്ലുവിളിയുണ്ടായിരുന്നു: അബ്രഹാമിന്റെ തിരഞ്ഞെടുക്കപ്പെട്ട വംശജർ, ഇസ്രായേല്യർ, എല്ലാവരും യഹോവയെ സ്നേഹിച്ച വ്യക്തികൾ ആയിരുന്നില്ല. കാലം കടന്നുപോയതോടെ മിക്കവരും ഗർവിഷ്ഠരും മത്സരികളും ആണെന്നു തെളിഞ്ഞു, ചിലർ മിക്കവാറും അനിയന്ത്രിതരായിരുന്നു! (പുറപ്പാടു 32:9; ആവർത്തനപുസ്തകം 9:7) അത്തരം ആളുകൾക്കു ദൈവജനത്തിൽ ഉൾപ്പെടുന്നതു കേവലം ജനനത്തിന്റെ ഒരു സംഗതിയായിരുന്നു, തിരഞ്ഞെടുപ്പിന്റേതായിരുന്നില്ല.
5. (എ) മോശൈക ന്യായപ്രമാണത്തിലൂടെ യഹോവ ഇസ്രായേല്യരെ എന്തു പഠിപ്പിച്ചു? (ബി) ന്യായപ്രമാണത്തോടു പറ്റിനിൽക്കുന്നവരുടെ നടത്തയെ ബാധിക്കത്തക്കവിധം അത് എങ്ങനെയാണു സംവിധാനം ചെയ്യപ്പെട്ടത്?
5 അത്തരം ഒരു ജനത്തിനു വാഗ്ദത്ത സന്തതിയെ ഉത്പാദിപ്പിക്കാനും അവൻ നിമിത്തം പ്രയോജനമനുഭവിക്കാനും എങ്ങനെ കഴിയുമായിരുന്നു? യന്ത്രമനുഷ്യരെപ്പോലെ അവരെ നിയന്ത്രിക്കുന്നതിനു പകരം യഹോവ അവരെ നിയമം മുഖാന്തരം പഠിപ്പിച്ചു. (സങ്കീർത്തനം 119:33-35; യെശയ്യാവു 48:17) യഥാർഥത്തിൽ “നിയമം” എന്നതിനുള്ള എബ്രായ പദമായ തോറായുടെ അർഥം “പ്രബോധനം” എന്നാണ്. അത് എന്തു പഠിപ്പിച്ചു? പ്രധാനമായി, തങ്ങളുടെ പാപാവസ്ഥയിൽനിന്നു തങ്ങളെ വീണ്ടെടുക്കുമായിരുന്ന മിശിഹായുടെ ആവശ്യം അത് ഇസ്രായേല്യരെ പഠിപ്പിച്ചു. (ഗലാത്യർ 3:24) കൂടാതെ ന്യായപ്രമാണം ദൈവിക ഭയവും അനുസരണവും പഠിപ്പിച്ചു. അബ്രഹാമിക വാഗ്ദാനത്തോടുള്ള ചേർച്ചയിൽ ഇസ്രായേല്യർ മറ്റെല്ലാ ജനതകൾക്കും യഹോവയുടെ സാക്ഷികളായി സേവിക്കേണ്ടിയിരുന്നു. അതുകൊണ്ട് ന്യായപ്രമാണം യഹോവയുടെ സ്വഭാവത്തെ നന്നായി പ്രതിഫലിപ്പിക്കുമായിരുന്ന ഉന്നതമായ, കുലീനമായ ഒരു പെരുമാറ്റച്ചട്ടം അവരെ പഠിപ്പിക്കേണ്ടിയിരുന്നു. ചുറ്റുമുള്ള ജനതകളുടെ ദുഷിച്ച ആചാരങ്ങളിൽനിന്നു വേർപെട്ടിരിക്കുന്നതിന് അത് ഇസ്രായേലിനെ സഹായിക്കുമായിരുന്നു.—ലേവ്യപുസ്തകം 18:24, 25; യെശയ്യാവു 43:10-12.
6. (എ) മോശൈക ന്യായപ്രമാണത്തിൽ ഏകദേശം എത്ര നിയമങ്ങളുണ്ട്, അത് അധികമാണെന്നു കണക്കാക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്? (അടിക്കുറിപ്പു കാണുക.) (ബി) മോശൈക ന്യായപ്രമാണത്തിന്റെ ഒരു പഠനത്തിലൂടെ നമുക്ക് എന്ത് ഉൾക്കാഴ്ച നേടാവുന്നതാണ്?
6 അപ്പോൾ, മോശൈക ന്യായപ്രമാണത്തിൽ അനേകം നിയമങ്ങൾ—600-ലധികം നിയമങ്ങൾ—ഉള്ളതിൽ അതിശയിക്കാനില്ല.a ആരാധന, ഭരണം, ധാർമികത, നീതി എന്നിവയുടെയും ആഹാരക്രമത്തിന്റെയും ശുചിത്വത്തിന്റെയും പോലും മണ്ഡലങ്ങളെ ഈ ലിഖിത സംഹിത ക്രമവത്കരിച്ചു. എന്നാൽ ന്യായപ്രമാണം കേവലം വികാരശൂന്യമായ നിബന്ധനകളുടെയും സംക്ഷിപ്ത കൽപ്പനകളുടെയും ഒരു സമാഹാരമാണെന്ന് അത് അർഥമാക്കുന്നുവോ? തീർച്ചയായും ഇല്ല! ഈ ന്യായപ്രമാണസംഹിതയുടെ ഒരു പഠനം യഹോവയുടെ സ്നേഹപൂർവകമായ വ്യക്തിത്വം സംബന്ധിച്ചു ധാരാളമായ ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നു. ചില ഉദാഹരണങ്ങൾ പരിഗണിക്കുക.
കരുണയും അനുകമ്പയും വ്യക്തമായി പ്രദർശിപ്പിച്ച ഒരു നിയമം
7, 8. (എ) ന്യായപ്രമാണം കരുണയ്ക്കും അനുകമ്പയ്ക്കും ഊന്നൽ നൽകിയതെങ്ങനെ? (ബി) ദാവീദിന്റെ കാര്യത്തിൽ യഹോവ ന്യായപ്രമാണം കരുണാപൂർവം നടപ്പാക്കിയതെങ്ങനെ?
7 ന്യായപ്രമാണം കരുണയ്ക്കും അനുകമ്പയ്ക്കും ഊന്നൽ നൽകി, വിശിഷ്യ എളിയവരോട് അല്ലെങ്കിൽ നിസ്സഹായരോട്. വിധവകളെയും അനാഥരെയും സംരക്ഷണത്തിനായി വേർതിരിച്ചിരുന്നു. (പുറപ്പാടു 22:22-24) പണിയെടുക്കുന്ന മൃഗങ്ങളെ ക്രൂരതയിൽനിന്നു സംരക്ഷിച്ചിരുന്നു. അടിസ്ഥാന ഉടമസ്ഥാവകാശങ്ങൾ ആദരിക്കപ്പെട്ടിരുന്നു. (ആവർത്തനപുസ്തകം 24:10; 25:4) ന്യായപ്രമാണം കൊലപാതകത്തിനു മരണശിക്ഷ ആവശ്യപ്പെട്ടുവെന്നിരിക്കെ, അത് യാദൃച്ഛിക കൊലപാതകത്തിനു കരുണ ലഭ്യമാക്കി. (സംഖ്യാപുസ്തകം 35:11) വ്യക്തമായും, ദുഷ്പ്രവൃത്തിക്കാരന്റെ മനോഭാവത്തെ ആശ്രയിച്ച്, ചില കുറ്റങ്ങൾക്കു ചുമത്തിയിരുന്ന ശിക്ഷ സംബന്ധിച്ചു തീരുമാനമെടുക്കാൻ ഇസ്രായേല്യ ന്യായാധിപൻമാർക്ക് അധികാരമുണ്ടായിരുന്നു.—പുറപ്പാടു 22:7-ഉം ലേവ്യപുസ്തകം 6:1-7-ഉം താരതമ്യം ചെയ്യുക.
8 ആവശ്യമായിരുന്നിടത്തു ദൃഢതയോടെയും എന്നാൽ സാധ്യമായിരുന്നിടത്തെല്ലാം കരുണയോടെയും ന്യായപ്രമാണം ബാധകമാക്കിക്കൊണ്ട് യഹോവ ന്യായാധിപൻമാർക്കു ദൃഷ്ടാന്തംവെച്ചു. വ്യഭിചാരവും കൊലപാതകവും ചെയ്ത ദാവീദു രാജാവിനോടു കരുണകാണിച്ചു. അവൻ ശിക്ഷിക്കപ്പെടാതിരുന്നുവെന്നല്ല, കാരണം അവന്റെ പാപത്തിൽനിന്ന് ഉത്ഭവിച്ച ഭയാനക ഭവിഷ്യത്തുകളിൽനിന്നു യഹോവ അവനെ സംരക്ഷിച്ചില്ല. എന്നിരുന്നാലും, രാജ്യ ഉടമ്പടി നിമിത്തവും ദാവീദു പ്രകൃത്യാ കരുണയുള്ളവനും ആഴമായ പശ്ചാത്താപത്തിന്റെ ഹൃദയനിലയുള്ളവനും ആയിരുന്നതിനാലും അവനെ വധിച്ചില്ല.—1 ശമൂവേൽ 24:4-7; 2 ശമൂവേൽ 7:16; സങ്കീർത്തനം 51:1-4; യാക്കോബ് 2:13.
9. മോശൈക ന്യായപ്രമാണത്തിൽ സ്നേഹം എന്തു പങ്കു വഹിക്കുന്നു?
9 കൂടാതെ മോശൈക ന്യായപ്രമാണം സ്നേഹത്തിന് ഊന്നൽ നൽകി. യഥാർഥത്തിൽ സ്നേഹം ആവശ്യപ്പെടുന്ന നിയമ സംഹിതയുള്ള ആധുനിക രാഷ്ട്രങ്ങളിൽ ഒന്നിനെ വിഭാവനചെയ്യൂ! അങ്ങനെ, മോശൈക ന്യായപ്രമാണം കൊലപാതകത്തെ നിരോധിക്കുകമാത്രമല്ല, “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നു കൽപ്പിക്കുകയും ചെയ്തു. (ലേവ്യപുസ്തകം 19:18) അതു പരദേശിയോടുള്ള ന്യായരഹിതമായ പെരുമാറ്റം വിലക്കുകമാത്രമല്ല, “അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ” എന്നു കൽപ്പിക്കുകയും ചെയ്തു. (ലേവ്യപുസ്തകം 19:34) അതു വ്യഭിചാരത്തെ നിയമവിരുദ്ധമാക്കുകമാത്രമല്ല ചെയ്യത്; ഭർത്താവിനോട് സ്വന്തം ഭാര്യയെ സന്തോഷിപ്പിക്കാനും അതു കൽപ്പിച്ചു! (ആവർത്തനപുസ്തകം 24:5) സ്നേഹമെന്ന ഗുണത്തെ അർഥമാക്കുന്ന എബ്രായ പദങ്ങൾ ആവർത്തനപുസ്തകത്തിൽ മാത്രം ഏതാണ്ട് 20 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ഇസ്രായേലിനോടുള്ള ഭൂതകാലത്തെയും വർത്തമാനകാലത്തെയും ഭാവികാലത്തെയും, തന്റെ സ്വന്തം സ്നേഹത്തിനു യഹോവ ഉറപ്പുനൽകി. (ആവർത്തനപുസ്തകം 4:37; 7:12-14) വാസ്തവത്തിൽ, മോശൈക ന്യായപ്രമാണത്തിലെ ഏറ്റവും വലിയ നിയമം, “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നതായിരുന്നു. (ആവർത്തനപുസ്തകം 6:5) മുഴു ന്യായപ്രമാണവും, ഒരുവന്റെ അയൽക്കാരനെ സ്നേഹിക്കാനുള്ള കൽപ്പനയോടൊപ്പം, ഈ കൽപ്പനയിൽ അടങ്ങിയിരിക്കുന്നുവെന്നു യേശു പറഞ്ഞു. (ലേവ്യപുസ്തകം 19:18; മത്തായി 22:37-40) “നിന്റെ നിയമത്തെ ഞാൻ എത്ര സ്നേഹിക്കുന്നു! ദിവസം മുഴുവൻ അത് എന്റെ ചിന്താവിഷയമാകുന്നു” എന്നു സങ്കീർത്തനക്കാരൻ എഴുതിയതിൽ ഒരതിശയവുമില്ല.—സങ്കീർത്തനം 119:97, NW.
ന്യായപ്രമാണത്തിന്റെ ദുരുപയോഗം
10. യഹൂദൻമാരിൽ ഭൂരിഭാഗവും മോശൈക ന്യായപ്രമാണത്തെ എങ്ങനെ കരുതി?
10 മോശൈക ന്യായപ്രമാണത്തോടുള്ള വിലമതിപ്പ് ഇസ്രായേലിനു വലിയ അളവിൽ ഇല്ലാതെപോയത് അപ്പോൾ എത്ര ദാരുണമായിരുന്നു! ജനങ്ങൾ ന്യായപ്രമാണം അനുസരിച്ചില്ല, അവർ അതിനെ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്തു. മറ്റു ജനതകളുടെ മതപരമായ മ്ലേച്ഛ ആചാരങ്ങൾക്കൊണ്ട് അവർ നിർമലാരാധനയെ മലിനമാക്കി. (2 രാജാക്കന്മാർ 17:16, 17; സങ്കീർത്തനം 106:13, 35-38) മറ്റുവിധങ്ങളിലും അവർ ന്യായപ്രമാണത്തെ വഞ്ചിച്ചു.
11, 12. (എ) എസ്രായുടെ നാളുകൾക്കു ശേഷം മതനേതാക്കൻമാർ കോട്ടംവരുത്തിയതെങ്ങനെ? (ചതുരം കാണുക.) (ബി) “ന്യായപ്രമാണത്തിനു ചുറ്റും ഒരു വേലികെട്ടേണ്ടത്” ആവശ്യമാണെന്നു പുരാതന റബിമാർ വിചാരിച്ചത് എന്തുകൊണ്ടായിരുന്നു?
11 ന്യായപ്രമാണത്തിന് ഏറ്റവും മോശമായ ചില കോട്ടങ്ങൾ വരുത്തിയത്, അതു പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് അവകാശപ്പെട്ടവർ തന്നെയായിരുന്നു. പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) അഞ്ചാം നൂറ്റാണ്ടിലെ വിശ്വസ്ത ശാസ്ത്രിയായിരുന്ന എസ്രായുടെ നാളുകൾക്കു ശേഷമാണ് ഇതു സംഭവിച്ചത്. മറ്റു ജനതകളുടെ ദുഷിപ്പിക്കുന്ന സ്വാധീനത്തിനെതിരെ എസ്രാ കഠിനമായി പോരാടുകയും ന്യായപ്രമാണത്തിന്റെ വായനയ്ക്കും പഠിപ്പിക്കലിനും ഊന്നൽ നൽകുകയും ചെയ്തു. (എസ്രാ 7:10; നെഹെമ്യാവു 8:5-8) ന്യായപ്രമാണത്തിന്റെ ചില ഗുരുക്കൻമാർ എസ്രായുടെ കാലടികൾ പിന്തുടരുന്നതായി അവകാശപ്പെടുകയും “മഹാ സിനഗോഗ്” എന്നു വിളിക്കപ്പെട്ടതു രൂപീകരിക്കുകയും ചെയ്തു. അതിന്റെ സൂക്തങ്ങളിൽ, “ന്യായപ്രമാണത്തിനു ചുറ്റും ഒരു വേലികെട്ടുക” എന്ന നിർദേശം ഉണ്ടായിരുന്നു. ന്യായപ്രമാണം ഒരു അമൂല്യ ഉദ്യാനം പോലെയാണെന്ന് ഈ ഗുരുക്കൻമാർ ന്യായവാദം ചെയ്തു. ഇതിന്റെ നിയമങ്ങൾ ലംഘിച്ചുകൊണ്ട് ആരും ഈ ഉദ്യാനത്തിൽ അതിക്രമിച്ചുകടക്കാതിരിക്കേണ്ടതിന്, അത്തരം തെറ്റിനോട് അടുത്തു വരുന്നതിൽനിന്ന് ആളുകളെ തടയുന്നതിന്, അവർ കൂടുതലായ നിയമങ്ങൾ, “അലിഖിത ന്യായപ്രമാണം,” നിർമിച്ചു.
12 ഇപ്രകാരം ചിന്തിച്ചതിൽ യഹൂദ നേതാക്കൻമാർ നീതീകരിക്കപ്പെടുന്നുവെന്നു ചിലർ വാദിച്ചേക്കാം. എസ്രായുടെ നാളിനു ശേഷം യഹൂദൻമാർ വിദേശ ശക്തികളാൽ ഭരിക്കപ്പെട്ടു, പ്രത്യേകിച്ചും ഗ്രീസിനാൽ. ഗ്രീക്ക് തത്ത്വശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും സ്വാധീനത്തെ ചെറുക്കുന്നതിന് മതനേതാക്കൻമാരുടെ ഗ്രൂപ്പുകൾ യഹൂദൻമാർക്കിടയിൽ ഉയർന്നുവന്നു. (പേജ് 10-ലെ ചതുരം കാണുക.) കാലക്രമത്തിൽ ഈ ഗ്രൂപ്പുകളിൽ ചിലതു കിടമത്സരം നടത്തി ന്യായപ്രമാണത്തിന്റെ ഗുരുക്കൻമാർ എന്ന നിലയിൽ ലേവ്യ പുരോഹിതവർഗത്തെ വെല്ലുകപോലും ചെയ്തു. (മലാഖി 2:7 താരതമ്യം ചെയ്യുക.) പൊ.യു.മു. 200-ഓടെ അലിഖിത നിയമം യഹൂദ ജീവിതത്തെ സ്വാധീനിക്കാൻ തുടങ്ങുകയായിരുന്നു. ഈ നിയമങ്ങൾ ആദ്യം എഴുതപ്പെടാനുള്ളവയായിരുന്നില്ല, ലിഖിത ന്യായപ്രമാണത്തിനു തുല്യമായി അവയെ കരുതുമോ എന്ന ഭയത്താൽതന്നെ. എന്നാൽ കാലക്രമേണ മാനുഷിക ചിന്തയെ ദൈവിക ചിന്തയ്ക്കു മുന്നിൽ വെച്ചു. തത്ഫലമായി ഒടുവിൽ ഈ “വേലി,” അത് സംരക്ഷിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന അതേ “ഉദ്യാന”ത്തിനു തന്നെ യഥാർഥത്തിൽ കോട്ടംവരുത്തി.
പരീശമതത്തിന്റെ ദുഷിപ്പ്
13. ഒട്ടനവധി നിയമങ്ങൾ നിർമിക്കുന്നതിനെ ചില യഹൂദ മതനേതാക്കൻമാർ ന്യായീകരിച്ചതെങ്ങനെ?
13 തോറാ അഥവാ മോശൈക ന്യായപ്രമാണം പൂർണതയുള്ളതാകയാൽ, ഉയർന്നുവന്നേക്കാവുന്ന ഏതു ചോദ്യത്തിനുമുള്ള ഉത്തരം അതിൽ ഉണ്ടായിരിക്കണമെന്നു റബിമാർ ന്യായവാദംചെയ്തു. ഈ അഭിപ്രായം വാസ്തവത്തിൽ സംപൂജ്യമായിരുന്നില്ല. വാസ്തവത്തിൽ അത്, എല്ലാത്തരത്തിലുമുള്ള പ്രശ്നങ്ങൾ—ചിലവ വ്യക്തിപരം, മറ്റുള്ളവ കേവലം നിസ്സാരം—സംബന്ധിച്ച നിയമങ്ങളുടെ അടിസ്ഥാനം ദൈവവചനം ആണെന്നു തോന്നിച്ചുകൊണ്ടു കൗശലപൂർവകമായ മാനുഷിക ന്യായവാദം ഉപയോഗിക്കാൻ റബിമാർക്കു സ്വാതന്ത്ര്യം നൽകി.
14. (എ) ജനതകളിൽനിന്നുള്ള വേർപെടൽ സംബന്ധിച്ച തിരുവെഴുത്തു തത്ത്വത്തെ യഹൂദ മതനേതാക്കൻമാർ തിരുവെഴുത്തുവിരുദ്ധമായി അതിരുകൾക്കപ്പുറം വലിച്ചുനീട്ടിയതെങ്ങനെ? (ബി) പുറജാതീയ സ്വാധീനങ്ങളിൽനിന്നു യഹൂദ ജനത്തെ സംരക്ഷിക്കുന്നതിനു റബിമാരുടെ നിയമങ്ങൾ പരാജയപ്പെട്ടുവെന്ന് എന്തു പ്രകടമാക്കുന്നു?
14 മതനേതാക്കൻമാർ വീണ്ടും വീണ്ടും തിരുവെഴുത്തുപരമായ ചട്ടങ്ങളെടുത്ത് അതിരുകൾക്കപ്പുറം വലിച്ചുനീട്ടി. ഉദാഹരണത്തിന്, ജനതകളിൽനിന്നുള്ള വേർപെടലിനെ മോശൈക ന്യായപ്രമാണം പ്രോത്സാഹിപ്പിച്ചു, എന്നാൽ യഹൂദേതരമായ എല്ലാറ്റിനോടും ഒരുതരം ന്യായരഹിതമായ നിന്ദ റബിമാർ പ്രസംഗിച്ചു. വിജാതീയർ “മൃഗസംഭോഗികളായി സംശയിക്കപ്പെടുന്ന”തിനാൽ ഒരു യഹൂദൻ തന്റെ കന്നുകാലികളെ ഒരു വിജാതീയ സത്രത്തിൽ നിർത്തരുതെന്ന് അവർ പഠിപ്പിച്ചു. വിജാതീയ സ്ത്രീക്കു സൂതികർമം നടത്താൻ ഒരു യഹൂദ സ്ത്രീയെ അനുവദിച്ചിരുന്നില്ല, കാരണം അതുവഴി അവൾ “വിഗ്രഹാരാധനക്കായി ഒരു കുട്ടി ജനിക്കാൻ സഹായിക്കു”മായിരുന്നു. ഗ്രീക്ക് കായികവിനോദാഭ്യാസകേന്ദ്രങ്ങൾ സംബന്ധിച്ച് ഉചിതമായി അവർ സംശയാലുക്കൾ ആയിരുന്നതിനാൽ, റബിമാർ എല്ലാ കായികവിനോദാഭ്യാസങ്ങളും വിലക്കി. ഇവയൊന്നും വിജാതീയ വിശ്വാസങ്ങളിൽനിന്നു യഹൂദൻമാരെ സംരക്ഷിക്കുന്നതിന് ഒട്ടുംതന്നെ ഉപകരിച്ചില്ലെന്നു ചരിത്രം തെളിയിക്കുന്നു. വാസ്തവത്തിൽ പരീശൻമാർ തന്നെ പുറജാതീയ ഗ്രീക്ക് ഉപദേശമായ ദേഹിയുടെ അമർത്ത്യത പഠിപ്പിച്ചു!—യെഹെസ്കേൽ 18:4.
15. ശുദ്ധീകരണവും നിഷിദ്ധ ബന്ധുവേഴ്ചയും സംബന്ധിച്ച നിയമങ്ങൾ യഹൂദൻമാർ വളച്ചൊടിച്ചതെങ്ങനെ?
15 ശുദ്ധീകരണ നിയമങ്ങളെയും പരീശൻമാർ വളച്ചൊടിച്ചു. ഒരവസരം ലഭിച്ചാൽ സൂര്യനെത്തന്നെ പരീശൻമാർ ശുദ്ധീകരിക്കുമെന്നു പറയപ്പെട്ടിരുന്നു. മലവിസർജനത്തിനു താമസിക്കുന്നത് ഒരു മനുഷ്യനെ അശുദ്ധനാക്കുമെന്ന് അവരുടെ നിയമം വാദിച്ചു! ഏതു കൈ ആദ്യം കഴുകണം, എങ്ങനെ, എന്നിങ്ങനെയുള്ള ചട്ടങ്ങളോടുകൂടിയ സങ്കീർണമായ ഒരു ആചാരമായിത്തീർന്നു കൈകഴുകൽ. സ്ത്രീകൾ വിശേഷിച്ചും അശുദ്ധരായി പരിഗണിക്കപ്പെട്ടിരുന്നു. യാതൊരു ജഡിക ബന്ധുവിനോടും “അടുക്കരുതു” എന്ന തിരുവെഴുത്തു കൽപ്പനയുടെ (വാസ്തവത്തിൽ നിഷിദ്ധ ബന്ധുവേഴ്ചക്കെതിരായ ഒരു നിയമം) അടിസ്ഥാനത്തിൽ, ഭർത്താവ് ഭാര്യയുടെ പിമ്പിൽ നടക്കുകയോ ചന്തസ്ഥലത്ത് അവളോടു സംസാരിക്കുകയോ അരുത് എന്നു റബിമാർ വിധിച്ചു.—ലേവ്യപുസ്തകം 18:6.
16, 17. പ്രതിവാര ശബത്തനുഷ്ഠാനത്തിനുള്ള കൽപ്പനയെ അലിഖിത നിയമം വിപുലീകരിച്ചതെങ്ങനെ, എന്തു ഫലത്തോടെ?
16 ശബത്ത് നിയമത്തിൻമേൽ അലിഖിത നിയമം നടത്തിയ ആത്മീയ പരിഹാസമാണ് വിശിഷ്യ കുപ്രസിദ്ധമായിരിക്കുന്നത്. ദൈവം ഇസ്രായേലിന് ഒരു ലളിതമായ കൽപ്പന കൊടുത്തു: വാരത്തിലെ ശബത്ത് ദിവസം ഒരു ജോലിയും ചെയ്യരുത്. (പുറപ്പാടു 20:8-11) എന്നാൽ, ഒരു കെട്ട് മുറുക്കുന്നത് അല്ലെങ്കിൽ അഴിക്കുന്നത്, രണ്ടു തുന്നലുകൾ തുന്നുന്നത്, രണ്ട് എബ്രായ അക്ഷരങ്ങൾ എഴുതുന്നത്, തുടങ്ങിയ വ്യത്യസ്ത തരത്തിലുള്ള ഏതാണ്ട് 39 വിലക്കപ്പെട്ട ജോലികൾ അലിഖിത നിയമം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള ഓരോന്നും അനന്തമായ കൂടുതൽ നിയമങ്ങൾ ആവശ്യമാക്കിത്തീർത്തു. ഏതു കെട്ടുകൾ വിലക്കപ്പെട്ടിരുന്നു, ഏത് അനുവദിക്കപ്പെട്ടിരുന്നു? അലിഖിത നിയമം സ്വേച്ഛാപരമായ നിയന്ത്രണങ്ങളോടെ ഉത്തരം നൽകി. സൗഖ്യമാക്കൽ വിലക്കപ്പെട്ട ജോലിയായി പരിഗണിക്കപ്പെട്ടു. ഉദാഹരണത്തിന്, ഒടിഞ്ഞ കാലോ കൈയോ ശബത്തിൽ വെച്ചുകെട്ടുന്നതു വിലക്കപ്പെട്ടിരുന്നു. പല്ലുവേദനയുള്ള ഒരുവനു തന്റെ ഭക്ഷണത്തിനു രുചിവരുത്തുന്നതിനു വിന്നാഗിരി ഉപയോഗിക്കാമായിരുന്നു, എന്നാൽ അയാൾ തന്റെ പല്ലുകൾക്കിടയിലൂടെ വിന്നാഗിരി വലിച്ചെടുക്കരുത്. അത് അയാളുടെ പല്ലിനെ സുഖപ്പെടുത്തിയേനെ!
17 അങ്ങനെ നൂറുകണക്കിനു മനുഷ്യനിർമിത നിയമങ്ങളിൽ മൂടിപ്പോയതിനാൽ, ഭൂരിഭാഗം യഹൂദൻമാരെയും സംബന്ധിച്ചിടത്തോളം, ശബത്തു നിയമത്തിന്റെ ആത്മീയ അർഥം നഷ്ടപ്പെട്ടു. ‘ശബത്തിന്റെ കർത്താവായ’ യേശുക്രിസ്തു ശബത്തിൽ ജനശ്രദ്ധയാകർഷിച്ച, ഹൃദയോഷ്മളമായ അത്ഭുതങ്ങൾ പ്രവർത്തിച്ചപ്പോൾ ശാസ്ത്രിമാരുടെയും പരീശൻമാരുടെയും മനസ്സിളകിയില്ല. അവൻ അവരുടെ നിബന്ധനകൾ വിസ്മരിച്ചതായി അവർക്കു തോന്നിയതു മാത്രമേ അവർ ശ്രദ്ധിച്ചുള്ളൂ.—മത്തായി 12:8, 10-14.
പരീശൻമാരുടെ തെറ്റുകളിൽനിന്നു പഠിക്കൽ
18. മോശൈക ന്യായപ്രമാണത്തോട് അലിഖിത നിയമങ്ങളും പാരമ്പര്യങ്ങളും കൂട്ടിച്ചേർത്തതിന്റെ ഫലമെന്തായിരുന്നു? ദൃഷ്ടാന്തീകരിക്കുക.
18 ചുരുക്കത്തിൽ, കൂട്ടിച്ചേർക്കപ്പെട്ട ഈ നിയമങ്ങളും പാരമ്പര്യങ്ങളും ബാർണക്കിളുകൾ കപ്പലിന്റെ പുറത്തു പറ്റിപ്പിടിക്കുന്നതുപോലെ മോശൈക ന്യായപ്രമാണത്തോടു പറ്റിപ്പിടിച്ചുനിന്നുവെന്നു നമുക്കു പറയാവുന്നതാണ്. ഉപദ്രവകാരികളായ ഈ ജീവികൾ കപ്പലിന്റെ വേഗത കുറയ്ക്കുകയും തുരുമ്പിനെ തടുക്കുന്ന പെയിൻറ് നശിപ്പിക്കുകയും ചെയ്യുന്നതിനാൽ ഒരു കപ്പലുടമ അവയെ ചുരണ്ടിക്കളയുന്നതിനു വളരെയധികം ശ്രമംചെയ്യുന്നു. സമാനമായി, അലിഖിത നിയമങ്ങളും പാരമ്പര്യങ്ങളും ന്യായപ്രമാണത്തെ ഭാരിച്ചതാക്കുകയും കാർന്നുതിന്നുന്ന ദുരുപയോഗത്തിനു വിധേയമാക്കുകയും ചെയ്തു. എന്നാൽ, അത്തരം ബാഹ്യനിയമങ്ങളെ നീക്കംചെയ്യുന്നതിനു പകരം റബിമാർ കൂടുതൽ കൂട്ടിച്ചേർത്തുകൊണ്ടേയിരുന്നു. ന്യായപ്രമാണം നിവർത്തിക്കാൻ മിശിഹാ വന്ന സമയമായപ്പോഴേക്കും, “കപ്പൽ” “ബാർണക്കിളുകളാൽ” തികച്ചും പൊതിയപ്പെട്ട് പൊങ്ങിക്കിടക്കാത്ത നിലയിലായി! (സദൃശവാക്യങ്ങൾ 16:25 താരതമ്യം ചെയ്യുക.) ന്യായപ്രമാണ ഉടമ്പടിയെ സംരക്ഷിക്കുന്നതിനു പകരം ഈ മതനേതാക്കൻമാർ അതു ലംഘിക്കുന്ന തെറ്റു ചെയ്തു. എന്നാൽ നിയമങ്ങളുടെ “വേലി” പരാജയപ്പെട്ടത് എന്തുകൊണ്ടായിരുന്നു?
19. (എ) “ന്യായപ്രമാണത്തിനു ചുറ്റുമുള്ള വേലി” പരാജയപ്പെട്ടതെന്തുകൊണ്ട്? (ബി) യഹൂദ മതനേതാക്കൻമാർക്കു യഥാർഥ വിശ്വാസം ഇല്ലായിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
19 ദുഷിപ്പിനെതിരായ പോരാട്ടം നടക്കുന്നതു ഹൃദയത്തിലാണ്, നിയമപുസ്തകങ്ങളുടെ പേജുകളിലല്ല എന്നതു മനസ്സിലാക്കാൻ യഹൂദ മതനേതാക്കൻമാർ പരാജയപ്പെട്ടു. (യിരെമ്യാവു 4:14) വിജയത്തിന്റെ താക്കോൽ സ്നേഹമാണ്—യഹോവയോടും അവന്റെ നിയമത്തോടും അവന്റെ നീതിനിഷ്ഠമായ തത്ത്വങ്ങളോടുമുള്ള സ്നേഹം. അത്തരം സ്നേഹം യഹോവ വെറുക്കുന്നതിനോടുള്ള തത്തുല്യമായ ഒരു വെറുപ്പ് ഉളവാക്കുന്നു. (സങ്കീർത്തനം 97:10; 119:104) അങ്ങനെ സ്നേഹത്താൽ ഹൃദയം നിറഞ്ഞവർ ഈ ദുഷിച്ച ലോകത്ത് യഹോവയുടെ നിയമങ്ങളോടു വിശ്വസ്തരായി നിലകൊള്ളുന്നു. അത്തരം സ്നേഹം ഉന്നമിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും തക്കവണ്ണം ജനങ്ങളെ പഠിപ്പിക്കുന്നതിനുള്ള മഹത്തായ പദവി യഹൂദ മതനേതാക്കൻമാർക്ക് ഉണ്ടായിരുന്നു. അപ്രകാരം ചെയ്യാൻ അവർ പരാജയപ്പെട്ടതെന്തുകൊണ്ട്? വ്യക്തമായും അവർക്കു വിശ്വാസമില്ലായിരുന്നു. (മത്തായി 23:23, NW, അടിക്കുറിപ്പ്) വിശ്വസ്ത മനുഷ്യരുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കാൻ യഹോവയുടെ ആത്മാവിനുള്ള പ്രാപ്തിയിൽ അവർക്കു വിശ്വാസം ഉണ്ടായിരുന്നെങ്കിൽ, മറ്റുള്ളവരുടെ ജീവിതത്തിൽ കർക്കശമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യം അവർക്കു തോന്നുകയില്ലായിരുന്നു. (യെശയ്യാവു 59:1; യെഹെസ്കേൽ 34:4) വിശ്വാസമില്ലായ്കയാൽ അവർ വിശ്വാസം പങ്കുവെച്ചില്ല; മനുഷ്യനിർമിത കൽപ്പനകൾകൊണ്ട് അവർ ജനങ്ങളെ ഭാരപ്പെടുത്തി.—മത്തായി 15:3, 9; 23:4.
20, 21. (എ) പാരമ്പര്യോന്മുഖ മനസ്ഥിതിക്കു യഹൂദ മതത്തിൻമേൽ മൊത്തത്തിൽ എന്തു ഫലമുണ്ടായിരുന്നു? (ബി) യഹൂദമതത്തിനു സംഭവിച്ചതിൽനിന്നു നാം എന്തു പാഠം പഠിക്കുന്നു?
20 ആ യഹൂദ നേതാക്കൻമാർ സ്നേഹത്തെ പ്രോത്സാഹിപ്പിച്ചില്ല. അവരുടെ പാരമ്പര്യങ്ങൾ, പുറംപൂച്ചുകളാൽ, പ്രദർശനത്തിനായുള്ള യാന്ത്രിക അനുസരണത്താൽ നിറഞ്ഞ ഒരു മതം ഉളവാക്കി, കപടഭക്തിയുടെ ഫലഭൂയിഷ്ഠമായ ഒരു വിളനിലം തന്നെ. (മത്തായി 23:25-28) അവരുടെ നിബന്ധനകൾ മറ്റുള്ളവരെ വിധിക്കുന്നതിന് അസംഖ്യം കാരണങ്ങൾ നൽകി. അങ്ങനെ അഹങ്കാരികളായ, ഏകാധിപത്യമനോഭാവക്കാരായ പരീശൻമാർ യേശുക്രിസ്തുവിനെത്തന്നെ വിമർശിക്കുന്നതിൽ തങ്ങൾ നീതീകരിക്കപ്പെട്ടതായി വിചാരിച്ചു. ന്യായപ്രമാണത്തിന്റെ പ്രധാന ഉദ്ദേശ്യം സംബന്ധിച്ച കാഴ്ചപ്പാടു നഷ്ടപ്പെട്ട് അവർ ഏക യഥാർഥ മിശിഹായെ തിരസ്കരിച്ചു. തത്ഫലമായി അവനു യഹൂദ ജനതയോട്: “നോക്കൂ! നിങ്ങളുടെ ഭവനം നിങ്ങൾക്ക് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു” എന്നു പറയേണ്ടതായിവന്നു.—മത്തായി 23:38, NW; ഗലാത്യർ 3:23, 24.
21 നമുക്കുള്ള പാഠം എന്താണ്? ഒരു കർക്കശമായ, പാരമ്പര്യോന്മുഖമായ മനസ്ഥിതി വ്യക്തമായും യഹോവയുടെ നിർമലാരാധനയെ ഉന്നമിപ്പിക്കുന്നില്ല! എന്നാൽ വിശുദ്ധ തിരുവെഴുത്തുകളിൽ പ്രത്യേകമായി വ്യക്തമാക്കിയിട്ടില്ലാത്തപക്ഷം ഇന്നത്തെ യഹോവയുടെ ആരാധകർക്കു മറ്റു നിയമങ്ങൾ പാടില്ല എന്ന് ഇത് അർഥമാക്കുന്നുണ്ടോ? ഇല്ല. പൂർണമായ ഒരു ഉത്തരത്തിന്, അടുത്തതായി നമുക്കു യേശുക്രിസ്തു മോശൈക ന്യായപ്രമാണത്തിന്റെ സ്ഥാനത്തു പുതിയതും മെച്ചപ്പെട്ടതുമായ ഒരു നിയമം പകരം വെച്ചതെങ്ങനെയെന്നു പരിശോധിക്കാം.
[അടിക്കുറിപ്പ്]
a ആധുനിക രാഷ്ട്രങ്ങളുടെ നിയമ വ്യവസ്ഥകളോടുള്ള താരതമ്യത്തിൽ അത് അപ്പോഴും വളരെ ചെറിയ സംഖ്യയാണ്. ഉദാഹരണത്തിന്, 1990-കളുടെ ആരംഭത്തിൽ ഐക്യനാടുകളുടെ ഫെഡറൽ നിയമങ്ങൾ 1,25,000-ത്തിലധികം പേജുകൾ ഉണ്ടായിരുന്നു. ഓരോ വർഷവും ആയിരക്കണക്കിനു പുതിയ നിയമങ്ങൾ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യുന്നു.
നിങ്ങൾക്കു വിശദീകരിക്കാനാവുമോ?
◻ എല്ലാ സൃഷ്ടികളും ദിവ്യനിയമത്താൽ ഭരിക്കപ്പെടുന്നതെങ്ങനെ?
◻ മോശൈക ന്യായപ്രമാണത്തിന്റെ മുഖ്യ ഉദ്ദേശ്യം എന്തായിരുന്നു?
◻ മോശൈക ന്യായപ്രമാണം കരുണയ്ക്കും അനുകമ്പയ്ക്കും ഊന്നൽ നൽകിയെന്ന് എന്തു പ്രകടമാക്കുന്നു?
◻ യഹൂദ മതനേതാക്കൻമാർ മോശൈക ന്യായപ്രമാണത്തോട് അസംഖ്യം നിയമങ്ങൾ കൂട്ടിച്ചേർത്തതെന്തുകൊണ്ട്, എന്തു ഫലത്തോടെ?
[10-ാം പേജിലെ ചതുരം]
യഹൂദ മതനേതാക്കൻമാർ
ശാസ്ത്രിമാർ: അവർ തങ്ങളെത്തന്നെ എസ്രായുടെ പിൻഗാമികളായും ന്യായപ്രമാണത്തിന്റെ വ്യാഖ്യാതാക്കളായും പരിഗണിച്ചു. യഹൂദൻമാരുടെ ഒരു ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച്, “ശാസ്ത്രിമാർ എല്ലാവരും കുലീനരായിരുന്നില്ല, ന്യായപ്രമാണത്തിൽനിന്നു മറഞ്ഞിരിക്കുന്ന അർഥങ്ങൾ കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങൾ മിക്കപ്പോഴും അർഥശൂന്യമായ തത്ത്വസംഹിതകളായും ബുദ്ധിശൂന്യമായ നിയന്ത്രണങ്ങളായും അധഃപതിച്ചു. ഇവ പെട്ടെന്നുതന്നെ ഒരു ദയാരഹിത സ്വേച്ഛാധിപതിയായിത്തീർന്ന ആചാരമായി സ്ഥിരപ്പെട്ടു.”
ഹാസിഡിം: പേരിന്റെ അർഥം “അതീവഭക്തിയുള്ളവർ” അല്ലെങ്കിൽ “വിശുദ്ധൻമാർ” എന്നാണ്. പൊ.യു.മു. 200-നോടടുത്ത് ആദ്യമായി ഒരു വർഗമെന്നനിലയിൽ പരാമർശിക്കപ്പെട്ട, രാഷ്ട്രീയമായി ശക്തരായിരുന്ന അവർ ഗ്രീക്ക് സ്വാധീനത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരായുള്ള ന്യായപ്രമാണ നിർമലതയുടെ ഭ്രാന്ത സംരക്ഷകരായിരുന്നു. ഹാസിഡിം മൂന്നു വിഭാഗങ്ങളായി പിരിഞ്ഞു: പരീശൻമാർ, സദൂക്യർ, എസ്സിനികൾ.
പരീശൻമാർ: “വേർപെട്ടവർ” അല്ലെങ്കിൽ “വിഘടനവാദികൾ” എന്നതിനുള്ള പദങ്ങളിൽനിന്നാണു പ്രസ്തുത പേർ ഉരുത്തിരിഞ്ഞതെന്നു ചില പണ്ഡിതൻമാർ വിശ്വസിക്കുന്നു. വിജാതീയരിൽനിന്നു വേർപെടുന്നതിനുള്ള തങ്ങളുടെ ശ്രമത്തിൽ അവർ തീർച്ചയായും മതഭ്രാന്തരായിരുന്നു. കൂടാതെ അലിഖിത നിയമത്തിന്റെ സങ്കീർണതകൾ സംബന്ധിച്ച് അജ്ഞരായിരുന്ന സാധാരണ യഹൂദൻമാരിൽ നിന്നു തങ്ങളുടെ ഭ്രാതൃത്വം വേറിട്ടതായും ശ്രേഷ്ഠമായും അവർ കണ്ടു. ഒരു ചരിത്രകാരൻ പരീശൻമാരെക്കുറിച്ചെഴുതി: “മൊത്തത്തിൽ വീക്ഷിക്കുമ്പോൾ, ആചാരാനുഷ്ഠാനങ്ങളുടെ ഏറ്റവും സൂക്ഷ്മമായ വിശദാംശങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകിക്കൊണ്ടും അവയെ നിർവചിച്ചുകൊണ്ടും അവർ പുരുഷൻമാരോടു കുട്ടികളോടെന്നപോലെ പെരുമാറി.” മറ്റൊരു പണ്ഡിതൻ പറഞ്ഞു: “പരീശമതം എല്ലാ സാഹചര്യങ്ങളെയും ഉൾക്കൊള്ളുന്ന നിയമപരമായ ചട്ടങ്ങളുടെ ഒരു കൂമ്പാരം സൃഷ്ടിച്ചു, അവർ നിസ്സാര സംഗതികളെ വലുതാക്കുകയും തത്ഫലമായി പ്രാധാന്യമുള്ള സംഗതികളെ നിസ്സാരീകരിക്കുകയും ചെയ്തുവെന്ന അനിവാര്യ പരിണതഫലത്തോടെ തന്നെ (മത്താ. 23:23).”
സദൂക്യർ: കുലീനരോടും പുരോഹിതൻമാരോടും അടുത്തു ബന്ധപ്പെട്ടിരുന്ന ഒരു വിഭാഗം. അലിഖിത നിയമത്തിനു ലിഖിത നിയമത്തിന്റെയത്ര സാധുതയില്ല എന്നു പറഞ്ഞുകൊണ്ട്, അവർ ശാസ്ത്രിമാരെയും പരീശൻമാരെയും വീറോടെ എതിർത്തു. ഈ പോരാട്ടത്തിൽ അവർ പരാജയപ്പെട്ടെന്നു മിഷ്നാ തന്നെ പ്രകടമാക്കുന്നു: “[ലിഖിത] ന്യായപ്രമാണത്തിന്റെ വാക്കുകളുടെ [ആചരണത്തെ]ക്കാൾ ശാസ്ത്രിമാരുടെ വാക്കുകളുടെ [ആചരണം] കൂടുതൽ അലംഘനീയമാണ്.” അലിഖിത നിയമത്തെക്കുറിച്ചു വളരെയധികം ഭാഷ്യം ഉൾക്കൊണ്ട തൽമൂദ്, “ശാസ്ത്രിമാരുടെ വചനങ്ങൾ . . . തോറായിലെ വചനങ്ങളെക്കാൾ കൂടുതൽ അമൂല്യമാണ്” എന്നു പറയുന്ന ഘട്ടംവരെ പോയി.
എസ്സിനികൾ: വേർപെട്ട സമൂഹങ്ങളിൽ തങ്ങളെത്തന്നെ ഒറ്റപ്പെടുത്തിയ സന്ന്യാസികളുടെ ഒരു വിഭാഗം. വ്യാഖ്യാതാവിന്റെ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്) അനുസരിച്ച്, എസ്സിനികൾ പരീശന്മാരെക്കാൾ പോലും അകന്നുനിൽക്കുന്നവരും “പരീശമനോഭാവത്തിന്റെ സംഗതിയിൽ ചിലപ്പോൾ പരീശൻമാരെത്തന്നെ കടത്തിവെട്ടിയ”വരുമായിരുന്നു.
[8-ാം പേജിലെ ചിത്രം]
നക്ഷത്രസമൂഹങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളെക്കുറിച്ച് ഇയ്യോബിന്റെ മാതാപിതാക്കൾ സാധ്യതയനുസരിച്ച് അവനെ പഠിപ്പിച്ചു