യഹോവയിലുള്ള ദൃഢവിശ്വാസം എന്നെ താങ്ങിനിർത്തുന്നു
ആഷെനോർ ഡാ പൈഷൗൻ പറഞ്ഞപ്രകാരം
ഞങ്ങളുടെ ഏക മകൻ പൗലൂ വെറും 11 മാസം പ്രായമുള്ളപ്പോൾ ബ്രോങ്കൈറ്റിസ് നിമിത്തം മരണമടഞ്ഞു. മൂന്നു മാസത്തിനുശേഷം, 1945 ആഗസ്റ്റ് 15-ന് എന്റെ പ്രിയപ്പെട്ട ഭാര്യ ന്യൂമോണിയ പിടിപെട്ടു മരണമടഞ്ഞു. എനിക്കപ്പോൾ 28 വയസ്സ്. ഈ ആഘാതങ്ങൾ എന്നെ ദുഃഖിതനും ആകുലചിത്തനുമാക്കി. എങ്കിലും യഹോവയിലും അവന്റെ വാഗ്ദത്തങ്ങളിലുമുള്ള ദൃഢവിശ്വാസം എന്നെ താങ്ങിനിർത്തി. ആ ദൃഢവിശ്വാസം എനിക്കുണ്ടായതെങ്ങനെയെന്നു ഞാൻ നിങ്ങളോടു പറയട്ടെ.
ബ്രസീലിലെ ബഹിയ സംസ്ഥാനത്തുള്ള സാൽവഡോറിൽ 1917 ജനുവരി 5-നു ഞാൻ പിറന്നു. അന്നുമുതൽ അമ്മ എന്നെ കത്തോലിക്കാ സഭയിലെ “പുണ്യവാളന്മാ”രെ ആരാധിക്കാൻ പഠിപ്പിച്ചു. ഒരുമിച്ചു പ്രാർഥിക്കേണ്ടതിന് അമ്മ എന്നെയും സഹോദരന്മാരെയും അതിരാവിലെ വിളിച്ചെഴുന്നേൽപ്പിക്കുകപോലും ചെയ്യുമായിരുന്നു. എന്നാൽ, എന്റെ മാതാപിതാക്കൾ ആഫ്രിക്കൻ-ബ്രസീലിയൻ വൂഡൂ ആചാരങ്ങളിൽപ്പെട്ട കാൻഡോംബ്ലേ യോഗങ്ങളിലും പങ്കെടുത്തിരുന്നു. ആ വിശ്വാസങ്ങളെയെല്ലാം ഞാൻ ആദരിച്ചിരുന്നെങ്കിലും കത്തോലിക്കാ മതത്തിലെ പുണ്യവാളന്മാരെന്നു വിളിക്കപ്പെടുന്നവരിലോ കാൻഡോംബ്ലേയിലോ എനിക്ക് ഒട്ടും വിശ്വാസമില്ലായിരുന്നു. ആ മതങ്ങളിൽ പ്രകടമായിരുന്ന വർഗീയ മുൻവിധിയായിരുന്നു എന്നെ വിശേഷിച്ചും നിരാശപ്പെടുത്തിയത്.
ക്രമേണ, എന്റെ രണ്ടു സഹോദരന്മാർ ജോലിതേടി വീടുവിട്ടു. പിന്നീട്, പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു. അതുകൊണ്ട്, അമ്മയെയും ഇളയ സഹോദരിയെയും സഹായിക്കുന്നതിന് ഒമ്പതു വയസ്സുള്ളപ്പോൾ എനിക്കു ജോലി കണ്ടെത്തേണ്ടിവന്നു. ഏതാണ്ടു 16 വർഷത്തിനുശേഷം ഫാക്ടറിയിലെ ഒരു സഹപ്രവർത്തകനുമായി നടത്തിയ സംഭാഷണങ്ങൾ എന്റെ ജീവിതത്തിൽ വഴിത്തിരിവായി.
യഹോവയിൽ ദൃഢവിശ്വാസം ആർജിക്കുന്നു
1942-ൽ ഞാൻ ഫെർനാൻഡൂ ടെലെസിനെ കണ്ടുമുട്ടി. “പുണ്യവാളന്മാ”രെ ആരാധിക്കുന്നതു തെറ്റാണെന്ന് അദ്ദേഹം മിക്കപ്പോഴും പറയാറുണ്ടായിരുന്നു. (1 കൊരിന്ത്യർ 10:14; 1 യോഹന്നാൻ 5:21) ആദ്യമൊന്നും ഞാൻ അദ്ദേഹത്തിനു ചെവികൊടുത്തില്ല. എന്നാൽ അദ്ദേഹത്തിന്റെ ആത്മാർഥതയും വർഗഭേദമന്യേ ആളുകളോടു കാട്ടിയ താത്പര്യവും എന്നെ ആകർഷിച്ചു. മാത്രമല്ല, ഞാൻ അദ്ദേഹത്തിന്റെ ബൈബിൾ പരിജ്ഞാനത്തെ, പ്രത്യേകിച്ച് ദൈവരാജ്യത്തെയും പറുദീസാ ഭൂമിയെയും കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളെ, വിലമതിക്കാനും തുടങ്ങി. (യെശയ്യാവു 9:6, 7; ദാനീയേൽ 2:44; വെളിപ്പാടു 21:3, 4) എന്റെ താത്പര്യം ശ്രദ്ധിച്ചിട്ട് അദ്ദേഹം എനിക്കൊരു ബൈബിളും ഏതാനും ബൈബിൾ സാഹിത്യങ്ങളും നൽകി.
ഏതാനും വാരങ്ങൾക്കുശേഷം, ഞാൻ ഒരു സഭാ ബൈബിളധ്യയനത്തിനുള്ള ക്ഷണം സ്വീകരിച്ചു. ആ കൂട്ടം, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച മതം (ഇംഗ്ലീഷ്) എന്ന പുസ്തകമായിരുന്നു പഠിച്ചുകൊണ്ടിരുന്നത്. അധ്യയനം ഞാൻ ആസ്വദിച്ചു, മാത്രമല്ല യഹോവയുടെ സാക്ഷികളുടെ എല്ലാ സഭായോഗങ്ങൾക്കും ഞാൻ ഹാജരാകാനും തുടങ്ങി. മുൻവിധി ഇല്ലാതിരുന്നതും എനിക്ക് ഉടനടി സ്വാഗതമരുളിയതുമാണ് എന്നിൽ പ്രത്യേകിച്ചും മതിപ്പുളവാക്കിയത്. ഏതാണ്ട് ആ സമയം ഞാൻ ലിൻഡൗറയുമായി കോർട്ടിങ് തുടങ്ങിയിരുന്നു. പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ചു ഞാൻ അവളോടു പറഞ്ഞപ്പോൾ അവളും എന്നോടൊപ്പം യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി.
പ്രസംഗവേലയ്ക്കു നൽകിയ ഊന്നലാണു യോഗങ്ങളിൽ എന്നെ ആകർഷിച്ച മറ്റൊരു സംഗതി. (മത്തായി 24:14; പ്രവൃത്തികൾ 20:20) പയനിയർമാരെന്നു വിളിക്കപ്പെടുന്ന മുഴുസമയ പ്രവർത്തകരാൽ പ്രോത്സാഹിതനായി, ജോലിക്കു പോകുമ്പോഴും ജോലി കഴിഞ്ഞു വരുമ്പോഴും ഞാൻ ട്രെയിനിലുള്ളവരോട് അനൗപചാരികമായി സംസാരിക്കാൻ തുടങ്ങി. താത്പര്യമുള്ള ആരെയെങ്കിലും കണ്ടെത്തുമ്പോൾ അയാളുടെ വിലാസം വാങ്ങി, താത്പര്യം വളർത്തിയെടുക്കാനുള്ള ഉദ്യമത്തിൽ അയാളെ സന്ദർശിക്കുമായിരുന്നു.
അതിനിടെ, യഹോവയിലും അവൻ ഉപയോഗിക്കുന്ന സ്ഥാപനത്തിലുമുള്ള എന്റെ ദൃഢവിശ്വാസം വർധിച്ചുകൊണ്ടിരുന്നു. അങ്ങനെ, ക്രിസ്തീയ സമർപ്പണത്തെക്കുറിച്ചുള്ള ഒരു ബൈബിൾ പ്രസംഗം കേട്ടതിനുശേഷം, 1943 ഏപ്രിൽ 19-ന് അറ്റ്ലാൻറിക് സമുദ്രത്തിൽവെച്ചു ഞാൻ സ്നാപനമേറ്റു. അന്നു തന്നെ, ഞാൻ ആദ്യമായി ക്രമമായ, വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുത്തു.
രണ്ടാഴ്ചയ്ക്കുശേഷം, മേയ് 5-നു ഞാനും ലിൻഡൗറയും വിവാഹിതരായി. പിന്നീട്, 1943 ആഗസ്റ്റിൽ, സാൽവഡോർ നഗരത്തിൽ ആദ്യമായി നടന്ന യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിൽ അവൾ സ്നാപനമേറ്റു. യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം—1973 (ഇംഗ്ലീഷ്), ആ സമ്മേളനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “സാൽവഡോറിലെ പരസ്യ പ്രസംഗം നടത്തുന്നതു തടയാൻ പുരോഹിത നടപടിക്കു കഴിഞ്ഞു. എന്നാൽ അതിനു മുമ്പുതന്നെ . . . വളരെയധികം പ്രചാരം ലഭിച്ചുകഴിഞ്ഞിരുന്നു.” കൊടിയ പീഡനത്തിനിടയിലും യഹോവയുടെ മാർഗദർശനത്തിന്റെ തെളിവ് അവനിലുള്ള എന്റെ ദൃഢവിശ്വാസത്തെ ബലിഷ്ഠമാക്കി.
തുടക്കത്തിൽ വിവരിച്ച പ്രകാരം, സ്നാപനമേറ്റു വെറും രണ്ടു വർഷം കഴിഞ്ഞ്—ഞങ്ങളുടെ മകൻ മരിച്ച് മൂന്നു മാസത്തിനു ശേഷവും—എന്റെ പ്രിയപ്പെട്ട ഭാര്യ ലിൻഡൗറ മരിച്ചു. അവൾക്കു വെറും 22 വയസ്സേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ യഹോവയിലുണ്ടായിരുന്ന ദൃഢവിശ്വാസം ആ ദുഷ്കര മാസങ്ങളിൽ എന്നെ താങ്ങിനിർത്തി.
ആത്മീയ പ്രവർത്തനത്താൽ ശക്തനാകുന്നു
ഭാര്യയും മകനും മരിച്ച് ഒരു വർഷം കഴിഞ്ഞ് 1946-ൽ, സാൽവഡോറിൽ അന്നുണ്ടായിരുന്ന ഏക സഭയിൽ ഞാൻ ബൈബിളധ്യയന ദാസനായി നിയുക്തനായി. അതേ വർഷം ബ്രസീലിലെ സഭകളിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനു തുടക്കം കുറിച്ചു. ഞാൻ ബഹിയ സംസ്ഥാനത്തെ ആദ്യത്തെ സ്കൂൾ നിർവാഹകനായി. പിന്നീട്, 1946 ഒക്ടോബറിൽ സാവൊ പൗലോ നഗരത്തിൽവെച്ചു “സന്തുഷ്ട ജനതകൾ” ദിവ്യാധിപത്യ സമ്മേളനം നടന്നു. പത്തു വർഷം എന്റെ തൊഴിലുടമയായിരുന്ന വ്യക്തി, അദ്ദേഹത്തിന് എന്റെ ആവശ്യമുണ്ടെന്നു പറഞ്ഞു ഞാൻ പോകാതിരിക്കാൻ എന്റെമേൽ സമ്മർദം ചെലുത്തി. എന്നാൽ, സമ്മേളനത്തിനു ഹാജരാകുന്നത് എന്നെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമാണെന്നു ഞാൻ വിശദീകരിച്ചപ്പോൾ അദ്ദേഹം ഉദാരമായി സമ്മാനം നൽകി, ശുഭാശംസകൾ നേർന്ന് എന്നെ യാത്രയയച്ചു.
സാവൊ പൗലോ മുനിസിപ്പൽ തീയേറ്ററിൽ നടന്ന സമ്മേളന സെഷനുകൾ പോർച്ചുഗീസിലും—ബ്രസീലിലെ ഭാഷ—ഇംഗ്ലീഷ്, ജർമൻ, ഹംഗേറിയൻ, പോളിഷ്, റഷ്യൻ എന്നീ ഭാഷകളിലുമാണ് നടത്തപ്പെട്ടത്. ആ സമ്മേളനത്തിൽ പോർച്ചുഗീസിൽ ഉണരുക! മാസിക പ്രകാശനം ചെയ്തു. 1,700-ഓളം പേർ പരസ്യപ്രസംഗത്തിനു ഹാജരായിരുന്നു. സമ്മേളനത്താൽ അത്യന്തം പ്രോത്സാഹിതനായി, 1946 നവംബർ 1-നു പയനിയറിങ് തുടങ്ങത്തക്കവണ്ണം ഞാൻ അപേക്ഷഫാറം പൂരിപ്പിച്ചയച്ചു.
അന്നൊക്കെ പയനിയർ വേലയിൽ ഞങ്ങൾ ഗ്രാമഫോൺ വ്യാപകമായി ഉപയോഗിക്കാറുണ്ടായിരുന്നു. ഞങ്ങൾ മിക്കപ്പോഴും വീട്ടുകാരെ കേൾപ്പിക്കാറുള്ള ഒരു പ്രസംഗമായിരുന്നു “സംരക്ഷണം.” പ്രസംഗത്തിനുശേഷം ഞങ്ങൾ ഇങ്ങനെ പറയുമായിരുന്നു: “ഒരു അദൃശ്യ ശത്രുവിൽനിന്നു സംരക്ഷണം ലഭിക്കുന്നതിനു നാം ഒരു അദൃശ്യ സുഹൃത്തിനോടു പറ്റിനിൽക്കേണ്ടതുണ്ട്. യഹോവ നമ്മുടെ ഏറ്റവും വലിയ സുഹൃത്താണെന്നു മാത്രമല്ല നമ്മുടെ ശത്രുവായ സാത്താനെക്കാൾ അതിശക്തനുമാണ്. തന്മൂലം, സാത്താനിൽനിന്നു നമ്മെ രക്ഷിക്കുന്നതിനു നാം യഹോവയോടു പറ്റിനിൽക്കേണ്ടതുണ്ട്.” എന്നിട്ട്, കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ സംരക്ഷണം (ഇംഗ്ലീഷ്) ചെറുപുസ്തകം സമർപ്പിക്കുമായിരുന്നു.
ഞാൻ പയനിയറിങ് തുടങ്ങി ഒരു വർഷമാകുന്നതിനുമുമ്പ്, റിയോ ഡെ ജെനിറോയിലുള്ള കാരിയോക്ക സഭയോടൊത്ത് ഒരു പ്രത്യേക പയനിയറായി സേവിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. അവിടെ ചിലപ്പോഴെല്ലാം ഞങ്ങൾക്കു ശക്തമായ എതിർപ്പു നേരിട്ടു. എന്റെ പങ്കാളിയായിരുന്ന ഇവാൻ ബ്രെനറിനെ ഒരിക്കൽ ഒരു വീട്ടുകാരൻ യഥാർഥത്തിൽ ആക്രമിക്കുകയുണ്ടായി. അയൽക്കാർ പൊലീസിനെ വിളിപ്പിച്ചു, ഞങ്ങളെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
ചോദ്യംചെയ്യുന്നതിനിടയിൽ, ഞങ്ങൾ സമാധാനം കെടുത്തുന്നുവെന്നു കോപിഷ്ഠനായ വീട്ടുകാരൻ ഞങ്ങളുടെമേൽ കുറ്റമാരോപിച്ചു. പ്രധാന പൊലീസ് മേധാവി അയാളോടു മിണ്ടാതിരിക്കാൻ ആജ്ഞാപിച്ചു. എന്നിട്ട് പൊലീസ് മേധാവി ഞങ്ങളുടെ നേർക്കു തിരിഞ്ഞ് സൗമ്യനായി, ഞങ്ങളോടു പൊയ്ക്കൊള്ളാൻ പറഞ്ഞു. ഞങ്ങളെ കുറ്റപ്പെടുത്തിയ ആളെ അദ്ദേഹം കസ്റ്റഡിയിലെടുത്ത് ആക്രമണത്തിന്റെ പേരിൽ കേസെടുത്തു. അത്തരം സാഹചര്യങ്ങൾ യഹോവയിലുള്ള എന്റെ ദൃഢവിശ്വാസത്തെ താങ്ങിനിർത്തി.
വിപുലമായ മുഴുസമയ ശുശ്രൂഷ
1949 ജൂലൈ 1-ന് ബെഥേലിൽ—ഒരു രാജ്യത്തെ യഹോവയുടെ സാക്ഷികളുടെ പ്രധാന ഓഫീസിനെ അങ്ങനെയാണു വിളിക്കുന്നത്—സേവിക്കാൻ ക്ഷണം ലഭിച്ചപ്പോൾ ഞാൻ പുളകംകൊണ്ടു. ബ്രസീലിൽ ബെഥേൽ അന്നു സ്ഥിതിചെയ്തിരുന്നത് റിയോ ഡെ ജെനിറോയിൽ, 330 ലിസിന്യോ കാർഡോസൂ സ്ട്രീറ്റിലായിരുന്നു. ആ സമയത്തു ബെഥേൽ കുടുംബത്തിൽ മൊത്തം 17 പേരേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കാലം ഞാൻ പ്രാദേശിക സഭയായിരുന്ന എൻഷെന്യോ ഡെ ഡെൻട്രൂവിലാണു ഹാജരായിരുന്നത്. എന്നാൽ, പിന്നീട് റിയോ ഡെ ജെനിറോയിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ബെൽഫോർ റോഷൂ നഗരത്തിലെ ഏക സഭയിൽ അധ്യക്ഷ മേൽവിചാരകനായി എനിക്കു നിയമനം ലഭിച്ചു.
വാരാന്തങ്ങൾ തിരക്കേറിയതായിരുന്നു. ശനിയാഴ്ചതോറും ഞാൻ ട്രെയിനിൽ ബെൽഫോർ റോഷൂവിലേക്കു പോയി, ഉച്ചകഴിഞ്ഞു വയൽ ശുശ്രൂഷയിൽ പങ്കെടുക്കും. എന്നിട്ട്, വൈകുന്നേരം ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലും സേവനയോഗത്തിലും പങ്കെടുക്കും. ശനിയാഴ്ച രാത്രി ഞാൻ സഹോദരങ്ങളോടൊപ്പം താമസിച്ച്, ഞായറാഴ്ച രാവിലെ വയൽശുശ്രൂഷയിൽ പങ്കെടുക്കും. അന്ന് ഉച്ചകഴിഞ്ഞു ബൈബിൾ പരസ്യപ്രസംഗത്തിനും വീക്ഷാഗോപുര അധ്യയനത്തിനും ഹാജരായി, രാത്രി ഒമ്പതരയ്ക്കുശേഷം ബെഥേലിലേക്കു മടങ്ങും. ഇന്ന് ബെൽഫോർ റോഷൂവിൽ 18 സഭകളുണ്ട്.
മൂന്നര വർഷത്തോളം ആ പട്ടിക പിന്തുടർന്നശേഷം, 1954-ൽ എന്നെ തിരികെ റിയോ ഡെ ജെനിറോയിലേക്കു മാറ്റി. സാവൊ ക്രിസ്റ്റെവൊ സഭയിൽ അധ്യക്ഷമേൽവിചാരകനായിട്ടായിരുന്നു ഇത്തവണത്തെ നിയമനം. പിറ്റേ പത്തു വർഷം ഞാൻ ആ സഭയോടൊത്തു സേവിച്ചു.
എന്റെ ബെഥേൽ നിയമനം
തവിട്ടു നിറം നിമിത്തം ചോക്ലെറ്റ് എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ടിരുന്ന, 1949 ഡാജ് വാൻ എന്ന, സൊസൈറ്റിയുടെ ഏക വാഹനത്തിനുവേണ്ടി ഒരു ഗരാജ് ഉണ്ടാക്കുകയായിരുന്ന ബെഥേലിലെ എന്റെ ആദ്യത്തെ നിയമനം. ഗരാജിന്റെ പണി പൂർത്തിയായപ്പോൾ അടുക്കളയിലേക്ക് എനിക്കു നിയമനം ലഭിച്ചു. അവിടെ ഞാൻ മൂന്നു വർഷം ജോലിയെടുത്തു. പിന്നീട്, ചെറിയ അച്ചടിജോലികൾ നടക്കുന്ന വിഭാഗത്തിലേക്ക് എനിക്കു മാറ്റം ലഭിച്ചു. 40 വർഷത്തിലധികമായി ഞാൻ ഇപ്പോഴും അവിടെയാണ്.
ഞങ്ങൾക്കുണ്ടായിരുന്ന അച്ചടി ഉപകരണങ്ങളിൽ പലതും പുതിയതല്ലായിരുന്നു. ഉദാഹരണത്തിന്, വർഷങ്ങളോളം ഞങ്ങൾ ഒരു പഴഞ്ചൻ പ്ലാറ്റെൻ അച്ചടിയന്ത്രം ഉപയോഗിച്ചിരുന്നു. വാത്സല്യപൂർവം ഞങ്ങളതിന് അബ്രാഹാമിന്റെ ഭാര്യയായ സാറായുടെ പേരാണ് ഇട്ടിരുന്നത്. വാച്ച് ടവർ സൊസൈറ്റിയുടെ ആസ്ഥാനമായ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ഫാക്ടറിയിൽ വർഷങ്ങളോളം അത് ഉപയോഗിച്ചിരുന്നു. 1950-കളിൽ അതു ബ്രസീലിലേക്ക് അയച്ചു. ഇവിടെ, ബ്രസീലിൽ അത് അബ്രാഹാമിന്റെ ഭാര്യയെപ്പോലെ, വയസ്സുകാലത്ത് വീക്ഷാഗോപുരം, ഉണരുക! എന്നിവയുടെ രൂപത്തിൽ ഫലം പുറപ്പെടുവിച്ചു.
ബ്രസീലിലെ അച്ചടിശാലയിൽ ഉത്പാദിപ്പിച്ചിരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവിൽ ഞാൻ ഇപ്പോഴും അതിശയം കൂറുന്നു. 1953-ൽ ഞങ്ങൾ മൊത്തം 3,24,400 മാസികകൾ അച്ചടിച്ചു. എന്നാൽ ഇപ്പോൾ ഓരോ മാസവും 30 ലക്ഷത്തിലധികമാണ് ഉത്പാദനം!
ഞങ്ങളുടെ ബെഥേൽ സൗകര്യങ്ങൾ
വർഷങ്ങൾകൊണ്ടു ബ്രസീലിലെ ഞങ്ങളുടെ ബെഥേൽ സൗകര്യങ്ങളിലുണ്ടായ വികസനം നിരീക്ഷിക്കുന്നത് ആവേശകരമാണ്. 1952-ൽ റിയോ ഡെ ജെനിറോയിലുള്ള ഞങ്ങളുടെ ഭവനത്തിന്റെ പിന്നിലായി ഞങ്ങൾ ഒരു ഇരുനില ഫാക്ടറി കെട്ടിടം പണിതു. പിന്നീട്, 1968-ൽ സാവൊ പൗലോ നഗരത്തിലെ ഒരു പുതിയ കെട്ടിടത്തിലേക്കു ബെഥേൽ മാറ്റി. അങ്ങോട്ടു താമസംമാറിയപ്പോൾ 42 പേരടങ്ങുന്ന ഞങ്ങളുടെ ബെഥേൽ കുടുംബത്തിനു വേണ്ടത്ര സൗകര്യങ്ങളുള്ള വലിയ ഭവനംപോലെ തോന്നിച്ചു. വാസ്തവത്തിൽ, ഞങ്ങളുടെ മുഴു ഭാവി വളർച്ചയ്ക്കും മതിയായതാണ് ആ കെട്ടിടമെന്നു ഞങ്ങൾ വിചാരിച്ചു. എന്നാൽ, 1971-ൽ രണ്ട് അഞ്ചുനില കെട്ടിടങ്ങൾ കൂടി പണിതു. മാത്രമല്ല, അതിനു തൊട്ടടുള്ള ഒരു ഫാക്ടറി വാങ്ങി, രൂപഭേദം വരുത്തി പുതിയ സമുച്ചയവുമായി കൂട്ടിയോജിപ്പിക്കുകയും ചെയ്തു. പക്ഷേ, ഏതാനും വർഷങ്ങൾക്കകം രാജ്യപ്രസാധകരുടെ തുടർന്നുള്ള വർധനവ്—1975-ൽ എണ്ണം 1,00,000 കവിഞ്ഞു—കൂടുതൽ സൗകര്യം ആവശ്യമാക്കിത്തീർത്തു.
തന്മൂലം, സാവൊ പൗലോയിൽനിന്ന് 140 കിലോമീറ്റർ അകലെയുള്ള സെസെയ്റിയോ ലാൻഷെ എന്ന കൊച്ചു പട്ടണത്തിനടുത്ത് ഒരു പുതിയ കെട്ടിട സമുച്ചയം പണിതുയർത്തി. 1980-ൽ 170 അംഗങ്ങളടങ്ങുന്ന ഞങ്ങളുടെ ബെഥേൽ കുടുംബം പുതിയ സൗകര്യങ്ങളിലേക്കു താമസം മാറ്റി. അന്നുമുതൽ രാജ്യവേല ശ്രദ്ധേയമാം വിധം പുരോഗമിച്ചിരിക്കുന്നു. ഇപ്പോൾ 4,10,000-ത്തിലധികം പേർ ബ്രസീലിൽ നിരന്തരം പ്രസംഗവേലയിൽ പങ്കെടുക്കുന്നു. ഈ രാജ്യ പ്രസാധകരുടെയെല്ലാം ആത്മീയ ആവശ്യം മുൻനിർത്തി ബൈബിൾ സാഹിത്യങ്ങൾ അച്ചടിക്കുന്നതിനു പുതിയ ഫാക്ടറികളും ബെഥേൽ സന്നദ്ധസേവകർക്കു താമസിക്കാൻ പുതിയ വസതികളും പണിതുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഞങ്ങളുടെ ബെഥേൽ കുടുംബത്തിൽ 1,100-ഓളം അംഗങ്ങളുണ്ട്!
വിലപ്പെട്ട പദവികൾ
ഞാൻ ബെഥേൽ സേവനത്തെ വിലയേറിയ ഒരു പദവിയായി കണക്കാക്കുന്നു. അങ്ങനെ, മുൻ വർഷങ്ങളിൽ പുനർവിവാഹത്തെക്കുറിച്ചു ഞാൻ ചിന്തിച്ചിരുന്നെങ്കിലും, ബെഥേലിലെയും പ്രസംഗവേലയിലെയും പദവികളിൽ മുഴുവനായി ശ്രദ്ധപതിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ഇവിടെ, അച്ചടിശാലയിൽ നിരവധി യുവാക്കന്മാരോടൊപ്പം സേവിക്കുന്നതിന്റെയും അവരുടെ നിയമനങ്ങളിൽ അവരെ പരിശീലിപ്പിക്കുന്നതിന്റെയും ആനന്ദം എനിക്കനുഭവിക്കാൻ കഴിഞ്ഞിരിക്കുന്നു. എന്റെ മക്കളെന്നപോലെ അവരോട് ഇടപെടാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അവരുടെ തീക്ഷ്ണതയും നിസ്വാർഥതയും എനിക്കു വലിയ പ്രോത്സാഹനത്തിന്റെ ഉറവിടമായിരിക്കുന്നു.
വർഷങ്ങളിലുടനീളം, കൂടെത്താമസിച്ചിരുന്ന ഉത്തമ വ്യക്തികളുടെ സൗഹൃദം ആസ്വദിക്കാൻ കഴിഞ്ഞതാണു മറ്റൊരു പദവി. വ്യക്തിത്വ ഭിന്നതകൾ ചിലപ്പോഴൊക്കെ വെല്ലുവിളി ഉയർത്തിയിട്ടുണ്ടെന്നതു ശരിതന്നെ. എങ്കിലും, മറ്റുള്ളവരിൽനിന്നു പൂർണത പ്രതീക്ഷിക്കാതിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. കൊച്ചുകൊച്ചു കാര്യങ്ങളെ പർവതീകരിക്കാതിരിക്കാനും അങ്ങേയറ്റം ഗൗരവഭാവം കാട്ടാതിരിക്കാനും ഞാൻ ശ്രമം ചെലുത്തിയിട്ടുണ്ട്. സ്വന്ത തെറ്റുകളോർത്തു ചിരിക്കുന്നതു മറ്റുള്ളവരുടെ തെറ്റുകൾ പൊറുക്കാൻ എന്നെ സഹായിച്ചിട്ടുണ്ട്.
ഐക്യനാടുകളിൽ നടന്ന വലിയ സാർവദേശീയ കൺവെൻഷനുകളിൽ പങ്കെടുക്കാൻ കഴിഞ്ഞതാണു ഞാൻ ആസ്വദിച്ച മറ്റൊരു വിലയേറിയ പദവി. 1963-ൽ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ നടന്ന “നിത്യ സുവാർത്ത” സമ്മേളനമാണ് അവയിലൊന്ന്. 1969-ൽ അതേ സ്ഥലത്തുവെച്ചു നടന്ന “ഭൂമിയിൽ സമാധാനം” എന്ന സാർവദേശീയ സമ്മേളനമാണു മറ്റൊന്ന്. ഞാൻ അവിടെയായിരുന്നപ്പോൾ, ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനം സന്ദർശിക്കുന്നതിലുള്ള ആനന്ദം അനുഭവിച്ചു!
പത്തു വർഷമായി ബെഥേൽ കുടുംബത്തിന്റെ പ്രഭാത ആരാധനയിൽ അധ്യക്ഷത വഹിക്കുന്നതിനുള്ള പദവിയും—മറ്റുള്ള മൂപ്പന്മാരോടൊപ്പം ഉഴമനുസരിച്ച്—എനിക്കു ലഭിച്ചിരിക്കുന്നു. എങ്കിലും, നമ്മുടെ യജമാനനായ യേശുക്രിസ്തു ചെയ്തപ്രകാരം, പരമാർഥഹൃദയരുടെ പക്കൽ രാജ്യസന്ദേശം എത്തിക്കുന്നതാണ് എനിക്ക് അത്യന്തം സന്തോഷവും പ്രോത്സാഹനവും പകർന്നിരിക്കുന്ന ഏറ്റവും വലിയ പദവി.
സമീപവർഷങ്ങളിൽ ഞാൻ പാർക്കിൻസൺസ് രോഗവുമായി മല്ലിട്ടു കഴിയുകയാണ്. ബെഥേലിലെ ആതുര ശുശ്രൂഷാ വിഭാഗത്തിലുള്ള സഹോദരീസഹോദരന്മാർ നിരന്തര സഹായത്തിന്റെയും സാന്ത്വനത്തിന്റെയും ഉറവിടമായിരിക്കുന്നു. യഹോവയുടെ സത്യാരാധനയ്ക്കുവേണ്ടി എന്റെ കഴിവിന്റെ പരമാവധി ചെയ്യുന്നതിന് എന്നെ ശക്തിപ്പെടുത്താൻ ഞാൻ പൂർണ ദൃഢവിശ്വാസത്തോടെ യഹോവയോടു പ്രാർഥിക്കുന്നു.
[23-ാം പേജിലെ ചിത്രം]
ഞാൻ ഇപ്പോൾ താമസിക്കുന്ന ബ്രസീൽ ബ്രാഞ്ച്
[23-ാം പേജിലെ ചിത്രം]
1945-ൽ മരിച്ചുപോയ ഭാര്യയോടൊപ്പം