മിഷ്നായും ദൈവം മോശയ്ക്കു നൽകിയ ന്യായപ്രമാണവും
“നമുക്ക് ഒരിക്കലും ഗ്രഹിക്കാൻ കഴിയാത്ത വിഷയങ്ങളെക്കുറിച്ച് ദീർഘനേരമായി നടക്കുന്ന ഒരു സംഭാഷണത്തിൽ ഇടയ്ക്കുവെച്ചു പങ്കുപറ്റുന്നതായുള്ള ഒരു തോന്നലോടെയാണ് നാം ആരംഭിക്കുന്നത് . . . വളരെ ദൂരെയുള്ള ഒരു വിമാനത്താവളത്തിലെ പ്രതീക്ഷാലയത്തിൽ ഇരിക്കുന്നതുപോലെ . . . നമുക്കു തോന്നുന്നു. ആളുകൾ പറയുന്ന വാക്കുകൾ നമുക്ക് മനസ്സിലാകുന്നുണ്ട്. എന്നാൽ അവർ പറയാൻ ഉദ്ദേശിക്കുന്നതും അവരുടെ താത്പര്യവും സർവോപരി അവരുടെ സ്വരത്തിലെ അടിയന്തിരതയും നമ്മെ അന്ധാളിപ്പിക്കുന്നു.” മിഷ്നാ ആദ്യം വായിക്കുമ്പോൾ വായനക്കാർക്ക് ഉണ്ടായേക്കാവുന്ന വികാരങ്ങളെ യഹൂദ പണ്ഡിതനായ ജേക്കബ് നോയിസ്നർ വിവരിക്കുന്നത് ഇപ്രകാരമാണ്. നോയിസ്നർ കൂട്ടിച്ചേർക്കുന്നു: “മിഷ്നായ്ക്ക് യുക്തിസഹമായ ഒരു തുടക്കമില്ല. അത് ആകസ്മികമായി അവസാനിക്കുന്നു.”
യഹൂദമത ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഡാനിയൽ ജെറാമി സിൽവർ മിഷ്നായെ “റബ്ബിമാരുടെ യഹൂദമതത്തിന്റെ അടിസ്ഥാന പാഠം” എന്ന് വിളിക്കുന്നു. വാസ്തവത്തിൽ, അദ്ദേഹം ഇങ്ങനെയും അഭിപ്രായപ്പെടുന്നു: “തുടർന്നുള്ള [യഹൂദ] വിദ്യാഭ്യാസത്തിന്റെ മുഖ്യ പാഠ്യപുസ്തകം എന്നനിലയിൽ മിഷ്നാ ബൈബിളിനെ പ്രതിസ്ഥാപിച്ചു.” വളരെ അവ്യക്തമായ ശൈലിയിലുള്ള ഒരു പുസ്തകം എന്തുകൊണ്ടാണ് ഇത്ര പ്രധാനപ്പെട്ടതായിത്തീർന്നത്?
മിഷ്നായിലുള്ള പിൻവരുന്ന പ്രസ്താവനയിൽ ഭാഗികമായ ഉത്തരം കാണാവുന്നതാണ്: “സീനായിൽവെച്ച് മോശക്കു തോറ ലഭിച്ചു, അവൻ അത് യോശുവയ്ക്കും യോശുവ മൂപ്പന്മാർക്കും മൂപ്പന്മാർ പ്രവാചകന്മാർക്കും കൈമാറി. പ്രവാചകന്മാർ അത് മഹാസമ്മേളനത്തിലെ പുരുഷന്മാർക്കു കൈമാറുകയും ചെയ്തു.” (അവൊട്ട് 1:1) സീനായി പർവതത്തിൽവെച്ച് മോശക്കു കൈമാറിക്കൊടുത്ത വിവരം, അതായത് ഇസ്രായേല്യർക്കുള്ള ദൈവിക ന്യായപ്രമാണത്തിന്റെ ഒരു അലിഖിതഭാഗം, മിഷ്നായിൽ പ്രതിപാദിക്കുന്നതായി അത് അവകാശപ്പെടുന്നു. ചില പ്രത്യേക പഠിപ്പിക്കലുകൾ, അവ ഒടുവിൽ മിഷ്നായിൽ രേഖപ്പെടുത്തുംവരെ, തലമുറകളിൽനിന്നു തലമുറകളിലേക്കു വാമൊഴിയായി കൈമാറിക്കൊടുത്തിരുന്ന വിവേകമതികളായ പണ്ഡിതന്മാരുടെ അഥവാ ജ്ഞാനികളുടെ നീണ്ട പട്ടികയുടെ ഒരു ഭാഗമായി മഹാസമ്മേളനത്തിലെ പുരുഷന്മാരെ (പിൽക്കാലത്ത് സൻഹെദ്രിം എന്നു വിളിക്കപ്പെട്ടു) വീക്ഷിച്ചിരുന്നു. എന്നാൽ അത് വസ്തുനിഷ്ഠമാണോ? ആരാണ് വാസ്തവത്തിൽ മിഷ്നാ എഴുതിയത്, എന്തുകൊണ്ട്? അതിന്റെ ഉള്ളടക്കം സീനായിൽവെച്ച് മോശയിൽനിന്ന് തുടക്കമിട്ടതാണോ? നമുക്കിന്ന് അതു പ്രാധാന്യമർഹിക്കുന്നതാണോ?
ആലയമില്ലാത്ത യഹൂദമതം
നിശ്വസ്തതയിൽ തിരുവെഴുത്തുകൾ എഴുതപ്പെട്ടപ്പോൾ, മോശയുടെ ലിഖിത ന്യായപ്രമാണത്തിനു പുറമേ ഒരു അലിഖിത ദിവ്യനിയമത്തിലുള്ള വിശ്വാസം അജ്ഞാതമായിരുന്നു.a (പുറപ്പാടു 34:27) അനേകം നൂറ്റാണ്ടുകൾക്കുശേഷം, പ്രസ്തുത ആശയം വികസിപ്പിച്ചെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് യഹൂദമതത്തിലെ പരീശന്മാരായിരുന്നു. പൊ.യു. ഒന്നാം നൂറ്റാണ്ടിലെ സദൂക്യരും മറ്റ് യഹൂദന്മാരും ഈ ബൈബിളേതര പഠിപ്പിക്കലിനെ എതിർത്തു. യെരൂശലേമിലെ ആലയം യഹൂദാരാധനയുടെ കേന്ദ്രമായിരുന്നിടത്തോളംകാലം തർക്കവിഷയമായ അലിഖിത നിയമം രണ്ടാംസ്ഥാനത്തായിരുന്നു. ആലയത്തിലെ ആരാധന ഓരോ യഹൂദന്റെയും ജീവിതത്തിനു ക്രമവും ഒരളവുവരെ ഭദ്രതയും നൽകി.
എന്നാൽ, പൊ.യു. 70-ൽ യഹൂദ ജനത വിഭാവനചെയ്യാൻ കഴിയാത്ത അളവിലുള്ള ഒരു മത പ്രതിസന്ധി അഭിമുഖീകരിച്ചു. റോമാ സൈന്യം യെരൂശലേം നശിപ്പിക്കുകയും പത്തുലക്ഷത്തിലധികം യഹൂദർ കൊല്ലപ്പെടുകയും ചെയ്തു. അവരുടെ ആത്മീയ ജീവിതത്തിന്റെ കേന്ദ്രമായിരുന്ന ആലയം മേലാൽ ഉണ്ടായിരുന്നില്ല. ആലയത്തിലെ യാഗവും പൗരോഹിത്യ സേവനവും നിഷ്കർഷിച്ചിരുന്ന മോശൈക ന്യായപ്രമാണം അനുസരിച്ചുള്ള ജീവിതം അസാധ്യമായിരുന്നു. യഹൂദമതത്തിന്റെ ആധാരശില ഇല്ലാതായി. തൽമൂദ്യ പണ്ഡിതനായ ഏഡിൻ സ്റ്റൈൻസാൾട്ട്സ് എഴുതുന്നു: “പൊ.യു. 70-ലെ . . . നാശം, മതപരമായ ജീവിതത്തിന്റെ മുഴു ഘടനയും പുനർനിർമിക്കേണ്ടത് ഒരു അടിയന്തിര ആവശ്യമാക്കിത്തീർത്തു.” അവരത് പുനർനിർമിക്കുകതന്നെ ചെയ്തു.
ആലയം നശിപ്പിക്കപ്പെടുന്നതിനു മുമ്പുതന്നെ, പരീശനേതാവായ ഹില്ലേലിന്റെ ആദരണീയ ശിഷ്യനായ യോഹാന്നാൻ ബെൻ സാക്കായ്ക്ക് (ഉടൻതന്നെ ചക്രവർത്തിയാകാനിരുന്ന) വെസ്പാസിയനിൽനിന്ന് യഹൂദമതത്തിന്റെ കേന്ദ്രവും സൻഹെദ്രിമും യെരൂശലേമിൽനിന്ന് യാവ്നെയിലേക്കു മാറ്റാൻ അനുവാദം ലഭിച്ചു. സ്റ്റൈൻസാൾട്ട്സ് വിശദീകരിക്കുന്നപ്രകാരം, യെരൂശലേമിന്റെ നാശത്തിനുശേഷം, “ആലയം മേലാൽ ഇല്ലാതായതിനാൽ ഇപ്പോൾ ജനങ്ങൾക്കുവേണ്ടി ഒരു പുതിയ കേന്ദ്രം സ്ഥാപിക്കുകയും പുതിയ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ അവരെ സഹായിച്ചുകൊണ്ട് മതപരമായ തീക്ഷ്ണതയെ മറ്റൊരു കേന്ദ്രസംഗതിയിലേക്കു തിരിച്ചുവിടുകയും ചെയ്യുകയെന്ന വെല്ലുവിളി” യോഹാന്നാൻ ബെൻ സാക്കായ് “അഭിമുഖീകരിച്ചു.” അലിഖിത നിയമമായിരുന്നു ആ പുതിയ കേന്ദ്രസംഗതി.
ആലയം നശിച്ചുകിടക്കെ, സദൂക്യരും മറ്റ് യഹൂദ വിഭാഗങ്ങളും തൃപ്തികരമായ ഒരു പകര സംവിധാനം വാഗ്ദാനം ചെയ്തില്ല. വിരുദ്ധ വിഭാഗങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് പരീശന്മാർ യഹൂദന്മാരുടെ ഇടയിലെ പ്രധാന ശക്തിയായിത്തീർന്നു. ഐക്യത്തിന് ഊന്നൽനൽകിക്കൊണ്ട് പ്രമുഖ റബ്ബിമാർ തങ്ങളെത്തന്നെ പരീശന്മാർ എന്നു വിളിക്കുന്നത് നിർത്തി, ആ പ്രയോഗം വിഭാഗീയതയെയും പക്ഷാവലംബനത്തെയും സൂചിപ്പിക്കുന്നതായിരുന്നു. അവർ കേവലം റബ്ബിമാരായി, ‘ഇസ്രായേലിലെ ജ്ഞാനികളായി’ അറിയപ്പെട്ടു. അലിഖിത നിയമം സംബന്ധിച്ച തങ്ങളുടെ ആശയങ്ങൾ ഉൾപ്പെടുത്താനായി ഈ ജ്ഞാനികൾ ഒരു വിശ്വാസസംഹിത ഉണ്ടാക്കി. ആലയത്തെ അപേക്ഷിച്ച് വളരെക്കുറച്ചുമാത്രം മാനുഷാക്രമണത്തിന് വിധേയമാകുന്ന ഒരു ആത്മീയ ഘടനയായിരിക്കുമായിരുന്നു അത്.
അലിഖിത നിയമത്തിന്റെ ഏകീകരണം
അന്നത്തെ പ്രധാന കേന്ദ്രം (യെരൂശലേമിനു 40 കിലോമീറ്റർ പടിഞ്ഞാറുള്ള) യാവ്നെയിൽ സ്ഥിതിചെയ്തിരുന്ന റബ്ബിമാരുടെ വിദ്യാപീഠമായിരുന്നെങ്കിലും, ഇസ്രായേലിൽ ഉടനീളവും അങ്ങകലെ ബാബിലോനിലും റോമിലും പോലും, അലിഖിത നിയമം പഠിപ്പിക്കുന്ന മറ്റു വിദ്യാപീഠങ്ങൾ ഉയർന്നുവരാൻ തുടങ്ങി. എന്നാൽ ഇതൊരു പ്രശ്നം സൃഷ്ടിച്ചു. സ്റ്റൈൻസാൾട്ട്സ് വിശദീകരിക്കുന്നു: “സകല ജ്ഞാനികളും ഒരുമിച്ചുകൂടുകയും വിദ്യാവൃത്തിയിലെ പ്രധാന വേല [യെരൂശലേമിലുള്ള] ഒരു കൂട്ടം പുരുഷന്മാർമാത്രം നിർവഹിക്കുകയും ചെയ്തിടത്തോളം കാലം പാരമ്പര്യത്തിലെ ഐകരൂപ്യം നിലനിന്നുപോന്നു. എന്നാൽ, അധ്യാപകരുടെ ത്വരിതഗതിയിലുള്ള വർധനവും വെവ്വേറെയുള്ള പഠനകേന്ദ്രങ്ങളുടെ സ്ഥാപനവും . . . അസംഖ്യം പദപ്രയോഗ ശൈലികളും രീതികളും ഉളവാക്കി.”
അലിഖിത നിയമ അധ്യാപകർ റ്റാനായിം എന്നു വിളിക്കപ്പെട്ടു. “പഠിക്കുക” അല്ലെങ്കിൽ “ആവർത്തിക്കുക” എന്ന് അർഥമുള്ള ഒരു അരമായ മൂലപദത്തിൽനിന്ന് വന്നിട്ടുള്ളതാണ് ആ പദപ്രയോഗം. അലിഖിത നിയമം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിന് അവർ ഉപയോഗിച്ചിരുന്ന രീതിയായ, തീവ്രമായ ആവർത്തനത്തെയും ഹൃദിസ്ഥമാക്കലിനെയും ഇത് ഊന്നിപ്പറയുന്നു. അലിഖിത പാരമ്പര്യങ്ങളുടെ ഹൃദിസ്ഥമാക്കൽ സുഗമമാക്കുന്നതിന് ഓരോ അനുശാസനത്തെയും അല്ലെങ്കിൽ പാരമ്പര്യത്തെയും ഹ്രസ്വരൂപത്തിലാക്കി, അഥവാ സംക്ഷിപ്ത പ്രയോഗങ്ങളാക്കി. വാക്കുകൾ എത്ര കുറവാണോ അത്രയും നല്ലത്. റബ്ബിമാർ പരമ്പരാഗത ശൈലിയിലുള്ള പദ്യരൂപം പരീക്ഷിച്ചുനോക്കി. മിക്കപ്പോഴും പദപ്രയോഗങ്ങൾ ഉരുവിടുകയോ ചൊല്ലുകയോ ചെയ്തിരുന്നു. എന്നാൽ, ഈ അനുശാസനങ്ങൾ ഏകീകൃതമല്ലായിരുന്നു. ഇത് അധ്യാപകരെ അനുസരിച്ച് വളരെയേറെ വ്യത്യാസപ്പെട്ടിരുന്നു.
നിരവധി വ്യത്യസ്ത അലിഖിത പാരമ്പര്യങ്ങൾക്ക് നിയതമായ രൂപവും ഭാവവും നൽകിയ ആദ്യ റബ്ബി അക്കിവാ ബെൻ ജോസെഫ് (പൊ.യു. ഏകദേശം 50-135) ആയിരുന്നു. അദ്ദേഹത്തെക്കുറിച്ച് സ്റ്റൈൻസാൾട്ട്സ് എഴുതുന്നു: “സമകാലീനർ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ, കൃഷിസ്ഥലത്തേക്കുപോയി കാണുന്നതെല്ലാം കൊട്ടയിലാക്കി വീട്ടിൽ തിരിച്ചെത്തിയിട്ട് ഓരോ ഇനവും തരംതിരിക്കുന്ന തൊഴിലാളിയുടെ വേലയോടു താരതമ്യപ്പെടുത്തി. അക്കിവാ ഏകീകൃതമല്ലാത്ത അസംഖ്യം വിഷയങ്ങൾ പഠിക്കുകയും അവയെ വ്യതിരിക്ത വിഭാഗങ്ങളിലായി തരംതിരിക്കുകയും ചെയ്തു.”
യെരൂശലേമിന്റെ നാശത്തിന് 60 വർഷം കഴിഞ്ഞ്, പൊ.യു. രണ്ടാം നൂറ്റാണ്ടിൽ ബാർ കോച്ച്ബായുടെ നേതൃത്വത്തിൽ റോമിനെതിരായ രണ്ടാമത്തെ പ്രധാന യഹൂദ വിപ്ലവം നടന്നു. ഒരിക്കൽക്കൂടെ മത്സരം ദുരന്തം കൈവരുത്തി. പത്തുലക്ഷത്തോളം വരുന്ന യഹൂദ ഇരകളിൽ അക്കിവായും അദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാരും ഉണ്ടായിരുന്നു. ആലയനാശത്തിന്റെ വാർഷികത്തിലല്ലാതെ യഹൂദന്മാർ യെരൂശലേമിൽ പ്രവേശിക്കുന്നത് റോമൻ ചക്രവർത്തിയായ ഹാഡ്രിയൻ നിരോധിച്ചതോടെ ആലയപുനർനിർമാണം സംബന്ധിച്ച എല്ലാ പ്രത്യാശയും അസ്തമിച്ചു.
അക്കിവായുടെ കാലത്തിനുശേഷം ജീവിച്ചിരുന്ന റ്റാനായിമുകളിലാരും യെരൂശലേമിലെ ആലയം ഒരിക്കലും കണ്ടിട്ടില്ല. എന്നാൽ, അലിഖിത നിയമത്തിലെ പാരമ്പര്യങ്ങളുടെ രൂപപ്പെടുത്തിയെടുത്ത പഠനമാതൃക അവരുടെ “ആലയം,” അഥവാ ആരാധനാകേന്ദ്രം ആയിത്തീർന്നു. അലിഖിത നിയമത്തിന്റെ ഈ ഘടന ഉറപ്പാക്കാൻ അക്കിവായും ശിഷ്യന്മാരും തുടങ്ങിവെച്ച വേല അവസാന റ്റാനായിം ആയിരുന്ന ജൂഡാ ഹ-നസി ഏറ്റെടുത്തു.
മിഷ്നായുടെ ഉറവിടങ്ങൾ
ഹില്ലേലിന്റെയും ഗമാലിയേലിന്റെയും പിൻഗാമിയായിരുന്നു ജൂഡാ ഹ-നസി.b ബാർ കോച്ച്ബായുടെ വിപ്ലവകാലത്ത് ജനിച്ച അദ്ദേഹം പൊ.യു. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഇസ്രായേലിലെ യഹൂദ സമൂഹത്തിന്റെ തലവനായിത്തീർന്നു. ഹ-നസി എന്ന സ്ഥാനപ്പേരിന്റെ അർഥം “രാജകുമാരൻ” എന്നാണ്. സഹയഹൂദന്മാരുടെ ഇടയിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥാനം അതു സൂചിപ്പിക്കുന്നു. അദ്ദേഹം മിക്കപ്പോഴും കേവലം റബ്ബി എന്നു പരാമർശിക്കപ്പെട്ടിരിക്കുന്നു. ജൂഡാ ഹ-നസി സ്വന്തം വിദ്യാപീഠത്തിന്റെയും സൻഹെദ്രിമിന്റെയും—ആദ്യം ബെറ്റ് സഫോറിസിലെയും പിന്നീടു ഗലീലയിലെ സപ്പോരിലെയും—തലവനായിരുന്നു.
റോമുമായുള്ള ഭാവി ഏറ്റുമുട്ടലുകൾ അലിഖിത നിയമത്തിന്റെ കൈമാറ്റത്തെത്തന്നെ അപകടപ്പെടുത്തുമെന്നു മനസ്സിലാക്കിയ ജൂഡാ ഹ-നസി അതിന്റെ സംരക്ഷണം ഉറപ്പുവരുത്തുമായിരുന്ന ഒരു ഘടന അതിനു നൽകാൻ നിശ്ചയിച്ചു. തന്റെ നാളിലെ ഏറ്റവും ശ്രദ്ധേയരായ പണ്ഡിതന്മാരെ അദ്ദേഹം തന്റെ വിദ്യാപീഠത്തിൽ കൂട്ടിവരുത്തി. അലിഖിത നിയമത്തിലെ ഓരോ ആശയവും പാരമ്പര്യവും ചർച്ചാവിഷയമാക്കി. ഈ ചർച്ചകളിലൂടെ എത്തിച്ചേർന്ന നിഗമനങ്ങളെ, കാവ്യാത്മക എബ്രായ ഗദ്യത്തിന്റെ കർശനമായൊരു മാതൃകയോടുള്ള ചേർച്ചയിൽ അത്യന്തം അസാധാരണമാംവിധം സംക്ഷിപ്തമായി ഏകീകരിച്ചു.
ഈ അന്തിമ നിഗമനങ്ങളെ പ്രധാന വിഷയങ്ങളനുസരിച്ച് ആറ് മുഖ്യ വിഭാഗങ്ങൾ അഥവാ അനുശാസനങ്ങളായി ക്രമീകരിച്ചു. അവയെ 63 ഉപവിഭാഗങ്ങൾ അഥവാ ലഘുലേഖനങ്ങളായി ജൂഡാ തരംതിരിച്ചു. ആ ആത്മീയ നിർമിതി ഇപ്പോൾ പൂർണമായി. അന്നോളം അത്തരം പാരമ്പര്യങ്ങൾ എല്ലായ്പോഴും വാമൊഴിയായിട്ടാണ് കൈമാറപ്പെട്ടിരുന്നത്. എന്നാൽ കൂടുതലായ ഒരു സംരക്ഷണമെന്ന നിലയിൽ വിപ്ലവകരമായ അന്തിമപടി സ്വീകരിച്ചു—എല്ലാം എഴുതിവെക്കുക. അലിഖിത നിയമം ഉൾക്കൊള്ളുന്ന, മതിപ്പുളവാക്കുന്ന ഈ പുതിയ ലിഖിത ഘടന മിഷ്നാ എന്ന് വിളിക്കപ്പെട്ടു. മിഷ്നാ എന്ന പേര്, “പഠിക്കുക,” “ആവർത്തിക്കുക,” അല്ലെങ്കിൽ “പഠിപ്പിക്കുക” എന്നർഥമുള്ള ഷാനാ എന്ന ഒരു എബ്രായ മൂലപദത്തിൽനിന്ന് വന്നിട്ടുള്ളതാണ്. ഇത് അരമായ പദമായ റ്റെനായ്ക്കു തുല്യമാണ്. റ്റെനായിൽനിന്നാണ് മിഷ്നായുടെ അധ്യാപകരെ പരാമർശിക്കുന്ന റ്റാനായിം ഉത്ഭവിച്ചത്.
ഒരു അന്തിമ നിയമസംഹിത സ്ഥാപിക്കുകയെന്നതായിരുന്നില്ല മിഷ്നായുടെ ലക്ഷ്യം. വായനക്കാരന് അടിസ്ഥാന തത്ത്വങ്ങൾ അറിയാമെന്നു നിഗമനം ചെയ്തുകൊണ്ട് മിഷ്നാ കൂടുതലായും, ഒഴിവാക്കാൻ പ്രവണതയുള്ള കാര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു. വാസ്തവത്തിൽ, ജൂഡാ ഹ-നസിയുടെ കാലത്തു റബ്ബിമാരുടെ വിദ്യാപീഠങ്ങളിൽ ചർച്ചചെയ്യുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന കാര്യങ്ങളെ അതു സംക്ഷേപിച്ചു. അലിഖിത നിയമത്തിന്റെ കൂടുതലായ സംവാദത്തിനുവേണ്ടിയുള്ള, തുടർന്നു പടുത്തുയർത്തേണ്ട ഒരു ബാഹ്യരേഖയോ ചട്ടക്കൂടോ അടിസ്ഥാന ഘടനയോ ആയിരിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു മിഷ്നാ.
സീനായ് പർവതത്തിങ്കൽവെച്ച് മോശയ്ക്കു ലഭിച്ച എന്തെങ്കിലും വെളിപ്പെടുത്തുന്നതിനു പകരം പരീശന്മാർ തുടങ്ങിവെച്ച ഒരാശയമായ അലിഖിത നിയമത്തിന്റെ വികാസം സംബന്ധിച്ച് മിഷ്നാ ഉൾക്കാഴ്ച നൽകുന്നു. മിഷ്നായിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലെ ചില പ്രസ്താവനകളുടെയും യേശുക്രിസ്തുവും പരീശന്മാരും തമ്മിൽ നടന്ന ചില ചർച്ചകളുടെയുംമേൽ കുറച്ചൊക്കെ വെളിച്ചം വീശുന്നുണ്ട്. എന്നിരുന്നാലും, ജാഗ്രതപുലർത്തേണ്ടതുണ്ട്, കാരണം മിഷ്നായിൽ കാണുന്ന ആശയങ്ങൾ പൊ.യു. രണ്ടാം നൂറ്റാണ്ടുമുതലുള്ള യഹൂദ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നു. രണ്ടാം ആലയകാലഘട്ടത്തെയും തൽമൂദിനെയും ബന്ധിപ്പിക്കുന്ന പാലമാണ് മിഷ്നാ.
[അടിക്കുറിപ്പുകൾ]
a കൂടുതൽ വിവരത്തിന്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച, യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കിലും ഉണ്ടായിരിക്കുമോ? (ഇംഗ്ലീഷ്) എന്ന ലഘുപത്രികയുടെ 8-11 പേജുകൾ കാണുക.
b 1996 ജൂലൈ 15 വീക്ഷാഗോപുരത്തിലെ “ഗമാലിയേൽ—അവൻ തർസൊസുകാരനായ ശൗലിനെ പഠിപ്പിച്ചു” എന്ന ലേഖനം കാണുക.
[26-ാം പേജിലെ ചതുരം]
മിഷ്നായുടെ വിഭാഗങ്ങൾ
മിഷ്നായെ ആറ് അനുശാസനങ്ങളായി തിരിച്ചിരിക്കുന്നു. അധ്യായങ്ങളും മിഷ്നായോട്ടുകളുമായി അഥവാ ഖണ്ഡികകളുമായി (വാക്യങ്ങളായല്ല) തിരിച്ചിരിക്കുന്ന 63 ചെറുപുസ്തകങ്ങൾ അഥവാ ലഘുലേഖനങ്ങൾ ഇവയിൽ ഉൾപ്പെടുന്നു.
1. സെറായിം (കാർഷിക നിയമങ്ങൾ)
ഭക്ഷണത്തിന്റെമേലും കൃഷി സംബന്ധമായും ചൊല്ലുന്ന പ്രാർഥനകളെക്കുറിച്ചുള്ള ചർച്ചകളാണ് ഈ ലഘുലേഖനങ്ങളിലുള്ളത്. ദശാംശം, പൗരോഹിത്യ പങ്കുകൾ, കാലാപെറുക്കൽ, ശബത്ത് വർഷങ്ങൾ എന്നിവ സംബന്ധിച്ച ചട്ടങ്ങളും അവയിൽ ഉൾപ്പെടുന്നു.
2. മൊയെദ് (വിശുദ്ധ അവസരങ്ങൾ, ഉത്സവങ്ങൾ)
ഈ അനുശാസനത്തിലെ ലഘുലേഖനങ്ങൾ ശബത്ത്, പാപപരിഹാരദിനം, മറ്റ് ഉത്സവങ്ങൾ എന്നിവയോടു ബന്ധപ്പെട്ട നിയമങ്ങൾ ചർച്ചചെയ്യുന്നു.
3. നഷിം (സ്ത്രീകൾ, വിവാഹ നിയമം)
വിവാഹവും വിവാഹമോചനവും, നേർച്ചകൾ, നാസീർവ്രതം, സംശയദ്യോതകമായ വ്യഭിചാരക്കേസുകൾ എന്നിവയെക്കുറിച്ച് ചർച്ചചെയ്യുന്നതാണ് ഈ ലഘുലേഖനങ്ങൾ.
4. നെസിക്കിൻ (കേടുപാടുകളും പൗരനിയമങ്ങളും)
പൗരനിയമങ്ങളും വസ്തുവകനിയമങ്ങളും, കോടതികളും പിഴകളും, സൻഹെദ്രിമിന്റെ പ്രവർത്തനം, വിഗ്രഹാരാധന, ശപഥങ്ങൾ, നേതാക്കന്മാരുടെ സദാചാരസംഹിത (അവൊട്ട്) എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ അനുശാസനത്തിലുള്ള ലഘുലേഖനങ്ങൾ ചർച്ചചെയ്യുന്നു.
5. കൊഡഷിം (ബലികൾ)
മൃഗ-ധാന്യ വഴിപാടുകളും ആലയത്തിന്റെ അളവുകളും സംബന്ധിച്ച നിബന്ധനകൾ ഈ ലഘുലേഖനങ്ങൾ ചർച്ചചെയ്യുന്നു.
6. തൊഹരൊത്ത് (ശുദ്ധീകരണ ആചാരങ്ങൾ)
ആചാര ശുദ്ധീകരണം, കുളി, കൈകഴുകൽ, ത്വഗ്രോഗങ്ങൾ, വ്യത്യസ്ത വസ്തുക്കളുടെ അശുദ്ധി തുടങ്ങിയവ ഈ അനുശാസനത്തിലുള്ള ലഘുലേഖനങ്ങൾ ചർച്ചചെയ്യുന്നു.
[28-ാം പേജിലെ ചതുരം]
മിഷ്നായും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളും
മത്തായി 12:1, 2: ‘ആ കാലത്തു യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യൻമാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുതുടങ്ങി. പരീശർ അതു കണ്ടിട്ടു: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യൻമാർ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു.’ യേശുവിന്റെ ശിഷ്യന്മാർ ചെയ്തതിനെ എബ്രായ തിരുവെഴുത്തുകൾ വിലക്കുന്നില്ല. എന്നാൽ ശബത്തിലേക്കായി റബ്ബിമാർ വിലക്കിയിരിക്കുന്ന 39 പ്രവൃത്തികളുടെ ഒരു പട്ടിക നാം മിഷ്നായിൽ കാണുന്നു.—ശബത്ത് 7:2.
മത്തായി 15:3: ‘അവൻ [യേശു] അവരോടു ഉത്തരം പറഞ്ഞതു: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു?’ മിഷ്നാ ഈ മനോഭാവത്തെ സ്ഥിരീകരിക്കുന്നു. (സൻഹെദ്രിൻ 11:3) നാം വായിക്കുന്നു: “[ലിഖിത] ന്യായപ്രമാണത്തിന്റെ വാക്കുകളുടെ [ആചരണത്തെ]ക്കാൾ ശാസ്ത്രിമാരുടെ വാക്കുകളുടെ [ആചരണം] കൂടുതൽ അലംഘനീയമാണ്. ‘നെറ്റിപ്പട്ടകൾ ധരിക്കാൻ യാതൊരു കടപ്പാടുമില്ലെന്ന്’ പറഞ്ഞുകൊണ്ട് ഒരുവൻ ന്യായപ്രമാണത്തിലെ വാക്കുകൾ ലംഘിച്ചാൽ അയാൾ കുറ്റക്കാരനല്ല; [എന്നാൽ] ‘അവയിൽ അഞ്ച് വിഭജനങ്ങൾ ഉണ്ടായിരിക്കണം’ എന്നു പറഞ്ഞുകൊണ്ട് ശാസ്ത്രിമാരുടെ വാക്കുകളോട് കൂട്ടിച്ചേർപ്പുനടത്തിയാൽ അയാൾ കുറ്റക്കാരനാണ്.”—ദ മിഷ്നാ, ഹെർബർട്ട് ഡാൻബിയാലുള്ളത്, പേജ് 400.
എഫെസ്യർ 2:14: ‘അവൻ [യേശു]നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, . . . വേർപ്പാടിന്റെ [“അവരെ തമ്മിൽ വേർതിരിച്ചിരുന്ന,” NW] നടുച്ചുവർ ഇടിച്ചുകളഞ്ഞു.’ മിഷ്നാ പറയുന്നു: “ആലയ കോട്ടയ്ക്കുള്ളിൽ പത്താൾ ഉയരത്തിലുള്ള ഒരു മരച്ചുവർ (സോരേഗ്)ഉണ്ടായിരുന്നു.” (മിഡോട്ട് 2:3) വിജാതീയർ ഇതിനപ്പുറം കടന്ന് അകത്തെ പ്രാകാരത്തിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. എഫെസ്യർക്ക് എഴുതവേ അപ്പോസ്തലനായ പൗലൊസ് ഈ ചുവരിനെ ആലങ്കാരികമായൊരു വിധത്തിൽ പരോക്ഷമായി പരാമർശിക്കുകയായിരുന്നിരിക്കാം. അവൻ അത് എഴുതിയത് പൊ.യു. 60-ലോ 61-ലോ ആയിരുന്നു, അപ്പോഴും ആ ചുവർ നിലവിലുണ്ടായിരുന്നു. ദീർഘകാലമായി യഹൂദന്മാരെയും വിജാതീയരെയും തമ്മിൽ വേർതിരിച്ചിരുന്ന ന്യായപ്രമാണ ഉടമ്പടിയായിരുന്നു ആ ആലങ്കാരിക ചുവർ. എന്നാൽ, പൊ.യു. 33-ലെ ക്രിസ്തുവിന്റെ മരണത്തിന്റെ അടിസ്ഥാനത്തിൽ ആ ചുവർ ഇടിച്ചുകളഞ്ഞു.