നിങ്ങൾക്കു ബൈബിളിൽ വിശ്വസിക്കാൻ കഴിയുമോ?
ബൈബിളിലുള്ള വിശ്വാസം, ഈ ആധുനിക കാലത്തു പോലും, വളരെ വ്യാപകമാണ്. ഉദാഹരണത്തിന്, അടുത്തയിടെ അമേരിക്കക്കാരിൽ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പ് അനുസരിച്ച്, 80 ശതമാനം പേരും ബൈബിൾ ദൈവത്തിന്റെ നിശ്വസ്ത വചനമാണെന്ന വിശ്വാസം പ്രകടമാക്കി. നിങ്ങളുടെ പ്രദേശത്ത് ബൈബിളിൽ വിശ്വസിക്കുന്നവരുടെ എണ്ണം അത്രത്തോളം ഉണ്ടെങ്കിലും ഇല്ലെങ്കിലും, പള്ളിയിൽ അതു തങ്ങളെ പഠിപ്പിക്കേണ്ടതാണെന്ന് ആ വിശ്വാസികൾ കരുതുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. എന്നാൽ മിക്കപ്പോഴും അവരെ അതു പഠിപ്പിക്കാറില്ല. ദൃഷ്ടാന്തത്തിന്, മരണശേഷം ആത്മാവിനെ ശിക്ഷിക്കുന്നുവെന്ന ഉപദേശത്തിന്റെ കാര്യംതന്നെ എടുക്കാം.
ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചോ അഗ്നിനരകത്തെക്കുറിച്ചോ ബൈബിളിൽ എവിടെയെങ്കിലും പഠിപ്പിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഇന്നു ക്രൈസ്തവലോകത്തിലെ മിക്ക പണ്ഡിതന്മാരും മറുപടി നൽകുന്നത്. പുതിയ കത്തോലിക്കാ വിജ്ഞാനകോശം (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “അന്തിമ വിശകലനത്തിൽ, ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള കത്തോലിക്കാ ഉപദേശം അധിഷ്ഠിതമായിരിക്കുന്നത് വിശുദ്ധ തിരുവെഴുത്തുകളിൽ അല്ല, പാരമ്പര്യത്തിലാണ്.” നരകത്തെക്കുറിച്ച് ഒരു ക്രിസ്തീയ ദൈവശാസ്ത്ര നിഘണ്ടു (ഇംഗ്ലീഷ്) ഇങ്ങനെ അഭിപ്രായപ്പെടുന്നു: “നരകാഗ്നി ആദിമ പഠിപ്പിക്കലിന്റെ ഭാഗമായിരുന്നതായി പുതിയ നിയമത്തിൽ നാം കാണുന്നില്ല.”
ആംഗ്ലിക്കൻ സഭയുടെ ഉപദേശക സമിതി, നരകാഗ്നിയെക്കുറിച്ചുള്ള പഠിപ്പിക്കൽ ഒന്നാകെ നീക്കം ചെയ്യണമെന്ന് ശുപാർശ ചെയ്തത് അടുത്തകാലത്ത് വലിയ വാർത്ത സൃഷ്ടിച്ചു. നരകത്തെ കുറിച്ചുള്ള മുൻകാല ധാരണ “ദൈവത്തെ ഒരു ഭീകരരൂപി ആക്കുകയും അനേകരിൽ വൈകാരിക വ്രണങ്ങൾ ഉളവാക്കുകയും ചെയ്തു” എന്ന് ലിച്ച്ഫീൽഡ് കത്തീഡ്രലിന്റെ ഡീക്കനായ ഡോ. ടോം റൈറ്റ് പ്രസ്താവിക്കുന്നു. “തീർത്തും അസ്തിത്വത്തിൽ ഇല്ലാത്തത്” എന്നാണ് ആ സമിതിയുടെ റിപ്പോർട്ട് നരകത്തെ വിശേഷിപ്പിക്കുന്നത്.a സമാനമായി, കത്തോലിക്കാ വീക്ഷണം സംബന്ധിച്ച് പുതിയ കത്തോലിക്കാ വിജ്ഞാനകോശം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ദൈവത്തെ മാറ്റിനിർത്തിക്കൊണ്ടാണ് നരകം എന്ന പ്രശ്നത്തെ ഇന്ന് ദൈവശാസ്ത്രം സമീപിക്കുന്നത്.”
വാസ്തവത്തിൽ, മരിച്ചവരുടെ അവസ്ഥയെക്കുറിച്ച് ബൈബിൾ പഠിപ്പിക്കുന്ന സംഗതി ശുദ്ധീകരണ സ്ഥലത്തെയും നരകാഗ്നിയെയും സംബന്ധിച്ച ഉപദേശങ്ങളുമായി യോജിക്കുന്നില്ല. ബൈബിൾ പറയുന്നത് അനുസരിച്ച്, മരിച്ചവർക്കു ബോധമില്ല. അവർക്കു വേദന അനുഭവിക്കാനും കഴിയില്ല. “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല.” (സഭാപ്രസംഗി 9:5) മരിച്ചവർക്കു ബൈബിൾ വെച്ചുനീട്ടുന്നത് ഭാവി പുനരുത്ഥാന പ്രത്യാശയാണ്. തന്റെ സ്നേഹിതനായ ലാസർ മരിച്ചപ്പോൾ, യേശു മരണത്തെ താരതമ്യപ്പെടുത്തിയത് ഉറക്കത്തോടാണ്. “ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു” എന്ന് ലാസറുടെ സഹോദരിയായ മാർത്ത പറഞ്ഞപ്പോൾ ബൈബിളിൽ പഠിപ്പിക്കുന്ന പ്രത്യാശ അവൾ പ്രകടമാക്കുക ആയിരുന്നു. മരിച്ചവരിൽനിന്നു ലാസറിനെ ഉയിർപ്പിക്കുകവഴി മനുഷ്യവർഗത്തിന് ആ പ്രത്യാശ സംബന്ധിച്ച് യേശു ഉറപ്പു നൽകുകയാണു ചെയ്തത്.—യോഹന്നാൻ 5:28, 29; 11:11-14, 24, 44.
മനുഷ്യന് വേറിട്ടതും അമർത്യവുമായ ഒരു ആത്മാവ് ഉണ്ടെന്ന പഠിപ്പിക്കലിന്റെ ഉറവ് ബൈബിളല്ല, പിന്നെയോ ഗ്രീക്കു തത്ത്വചിന്ത ആണെന്നു ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. സമൂർത്ത ശരീരവും അമൂർത്ത ആത്മാവും ചേർന്നാണ് മനുഷ്യൻ ഉണ്ടായിരിക്കുന്നതെന്ന് പുരാതന കാലത്തെ എബ്രായർ കരുതിയിരുന്നില്ല എന്ന് പുതിയ കത്തോലിക്കാ വിജ്ഞാനകോശം അഭിപ്രായപ്പെടുന്നു.
“ഗ്രീക്കു തത്ത്വശാസ്ത്രപരമായ അർഥത്തിൽ പുതിയ നിയമം ആത്മാവിന്റെ അമർത്യതയെക്കുറിച്ചു പഠിപ്പിക്കുന്നില്ല എന്ന്” കത്തോലിക്കാ പണ്ഡിതന്മാർ “അടുത്ത കാലത്ത് തറപ്പിച്ചു പറഞ്ഞതായി” മുൻപറഞ്ഞ വിജ്ഞാനകോശം അഭിപ്രായപ്പെടുന്നു. അത് ഇങ്ങനെ നിഗമനം ചെയ്യുന്നു: “ഈ പ്രശ്നത്തിനുള്ള ആത്യന്തിക പരിഹാരം കണ്ടെത്താൻ കഴിയുന്നത് തത്ത്വശാസ്ത്രപരമായ അഭ്യൂഹത്തിലല്ല, മറിച്ച് പുനരുത്ഥാനമെന്ന ദിവ്യ ദാനത്തിലാണ്.”
ബൈബിളോ പാരമ്പര്യമോ?
എന്നാൽ, ബൈബിൾപരമല്ലാത്ത ആശയങ്ങൾ സഭാ പഠിപ്പിക്കലിന്റെ ഭാഗം ആയിത്തീർന്നത് എങ്ങനെയാണ്? തങ്ങളുടെ ഏറ്റവും പ്രാമാണികമായ ഗ്രന്ഥം ബൈബിൾ ആണെന്നു പല സഭകളും അവകാശപ്പെടുന്നു. ഉദാഹരണത്തിന്, തിരുവെഴുത്തിനെ “മതവിശ്വാസികൾ തികച്ചും സത്യവും നമ്മുടെ വിശ്വാസത്തിന്റെ പരമോന്നത പ്രമാണവുമായി സ്വീകരിക്കേണ്ട”തിന്റെ ആവശ്യത്തെക്കുറിച്ച് ജോൺ പോൾ രണ്ടാമൻ പാപ്പാ അടുത്ത കാലത്തു സംസാരിക്കുകയുണ്ടായി. എന്നാൽ, ക്രൈസ്തവലോകത്തിന്റെ ഇന്നത്തെ പഠിപ്പിക്കലുകൾക്ക് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ പഠിപ്പിക്കലുകളുമായി സാമ്യമില്ലെന്നു പൊതുവേ അംഗീകരിക്കപ്പെടുന്നു. സഭോപദേശത്തിന്റെ ക്രമാനുഗത വികാസത്തിന്റെ ഭാഗമായാണ് അത്തരം മാറ്റങ്ങളെ മിക്ക സഭകളും വീക്ഷിക്കുന്നത്. തിരുവെഴുത്തുകളുടെ അത്രയുംതന്നെ പ്രാമാണികത പാരമ്പര്യത്തിനും ഉണ്ടെന്ന നിലപാടാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. സഭ “ഒരു ഉപദേശവും പാരമ്പര്യത്തെ മാറ്റിനിർത്തി തിരുവെഴുത്തിൽ മാത്രം അടിസ്ഥാനപ്പെട്ടതായോ അല്ലെങ്കിൽ തിരുവെഴുത്തിനെ മാറ്റിനിർത്തി പാരമ്പര്യത്തിൽ മാത്രം അടിസ്ഥാനപ്പെട്ടതായോ കരുതുന്നില്ല” എന്ന് പുതിയ കത്തോലിക്കാ വിജ്ഞാനകോശം പറയുന്നു.
ചരിത്രം നോക്കിയാൽ, സഭകൾ തിരുവെഴുത്തു പഠിപ്പിക്കലുകളുടെ സ്ഥാനത്ത് പാരമ്പര്യത്തിൽ മാത്രം അടിസ്ഥാനപ്പെട്ട ഉപദേശങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നതായി കാണാം. വാസ്തവത്തിൽ, ബൈബിൾ പഠിപ്പിക്കലുകൾ തെറ്റാണെന്ന കാഴ്ചപ്പാടാണ് ഇന്നു പല സഭകൾക്കും ഉള്ളത്. ദൃഷ്ടാന്തത്തിന്, “ശാസ്ത്രപരവും ചരിത്രപരവുമായ ആധുനിക അറിവിന്റെ വെളിച്ചത്തിൽ വിലയിരുത്തുമ്പോൾ, ബൈബിളിലെ പല പ്രസ്താവനകളും സത്യമല്ല എന്നതു വ്യക്തമാണ്” എന്ന് പുതിയ കത്തോലിക്കാ വിജ്ഞാനകോശം പറയുന്നു. മരിച്ചവർ അബോധാവസ്ഥയിലാണ് എന്ന ബൈബിൾ പഠിപ്പിക്കലിനെക്കുറിച്ച് പറയവേ അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മതപരമായ കാര്യങ്ങൾ എടുത്താൽ പോലും, മരണശേഷമുള്ള ജീവനെക്കുറിച്ച് . . . പഴയ നിയമത്തിൽ ഉള്ള അറിവ് അപൂർണമാണ്.” ഇതിന്റെ ഒരു ഉദാഹരണമായി ആ വിജ്ഞാനകോശം സങ്കീർത്തനം 6:5 (ചില ബൈബിളുകളിൽ 6-ാം വാക്യം) ഉദ്ധരിക്കുന്നുണ്ട്: “മരണത്തിൽ നിന്നെക്കുറിച്ചു ഓർമ്മയില്ലല്ലോ; പാതാളത്തിൽ [ഷിയോളിൽ, അഥവാ ഹേഡീസിൽ] ആർ നിനക്കു സ്തോത്രം ചെയ്യും?” ബൈബിൾ അപ്രമാദിത്വം ഉള്ളതാണെന്നു ചില പ്രൊട്ടസ്റ്റന്റ് സെമിനാരികളും പാഠശാലകളും മേലാൽ പഠിപ്പിക്കുന്നില്ല. അതേസമയം, ബൈബിൾ പഠിപ്പിക്കാനുള്ള അധികാരം തങ്ങളുടേതാണെന്നു കത്തോലിക്കാ സഭ വിശ്വസിക്കുന്നു. ആ വിശ്വാസപ്രകാരം ബൈബിളിലുള്ള കാര്യങ്ങൾ അവർ വ്യാഖ്യാനിക്കുന്നു. ‘അത്തരം വ്യാഖ്യാനങ്ങൾ തിരുവെഴുത്തുകളുമായി യോജിക്കുന്നില്ല എന്ന് തോന്നുന്നുവെങ്കിലോ?’ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം.
തിരുവെഴുത്തുകളുടെ പ്രാധാന്യം
“എന്നു എഴുതിയിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട്, യേശു പ്രാമാണികമെന്ന നിലയിൽ ആവർത്തിച്ചാവർത്തിച്ചു പരാമർശിച്ചത് തിരുവെഴുത്തുകളെ ആണ്. (മത്തായി 4:4, 7, 10; ലൂക്കൊസ് 19:46) തീർച്ചയായും, മനുഷ്യന്റെ ദാമ്പത്യ ക്രമീകരണത്തെക്കുറിച്ചു സംസാരിച്ചപ്പോൾ അവൻ ഗ്രീക്കു തത്ത്വശാസ്ത്ര നിഗമനത്തെ അല്ല, പിന്നെയോ സൃഷ്ടിക്രിയകൾ സംബന്ധിച്ച ഉല്പത്തി വിവരണത്തെയാണ് അടിസ്ഥാനമായി ഉപയോഗിച്ചത്. (ഉല്പത്തി 1:27; 2:24; മത്തായി 19:3-9) വ്യക്തമായും, തിരുവെഴുത്തുകൾ ദൈവനിശ്വസ്തവും വസ്തുനിഷ്ഠവും ആയിരിക്കുന്നതായി യേശു കണക്കാക്കി. “നിന്റെ വചനം സത്യം ആകുന്നു” എന്ന് ദൈവത്തോടുള്ള പ്രാർഥനയിൽ അവൻ പറഞ്ഞു.—യോഹന്നാൻ 17:17.b
തന്റെ നാളിലെ മതനേതാക്കന്മാരെ യേശു അപലപിച്ചതിന്റെ രേഖ ബൈബിളിലുണ്ട്: ‘നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാൻ വേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നു. ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു.’ (മർക്കൊസ് 7:6-13) സമാനമായി, ഗ്രീക്കു തത്ത്വചിന്തയെയോ അബദ്ധ പാരമ്പര്യങ്ങളെയോ തന്റെ പഠിപ്പിക്കലിന്റെ ഭാഗമാക്കാനുള്ള സമ്മർദത്തെ പൗലൊസ് അപ്പൊസ്തലൻ ചെറുത്തുനിന്നു. “തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ” എന്ന് അവൻ മുന്നറിയിപ്പു നൽകി. “അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം” ആകുന്നു. (കൊലൊസ്സ്യർ 2:8; 1 കൊരിന്ത്യർ 1:22, 23; 2:1-13) ക്രിസ്ത്യാനികൾ നിലനിർത്താൻ പൗലൊസ് ഉദ്ബോധിപ്പിച്ച ചില പാരമ്പര്യങ്ങൾ അഥവാ ഉപദേശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവ തിരുവെഴുത്തുകളിൽ അധിഷ്ഠിതവും അവയോടു പൂർണ യോജിപ്പിലുള്ളതും ആയിരുന്നു. (2 തെസ്സലൊനീക്യർ 2:13-15) “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും ദൈവത്തിന്റെ മനുഷ്യൻ തികച്ചും യോഗ്യൻ, സകല സത്പ്രവൃത്തിക്കും പൂർണമായി സജ്ജീകൃതൻ ആയിരിക്കേണ്ടതിനു . . . പ്രയോജനപ്രദവുമാകുന്നു” എന്നു പൗലൊസ് എഴുതി.—2 തിമൊഥെയൊസ് 3:16, 17, NW.
ആളുകൾ തിരുവെഴുത്തുകളിൽനിന്ന് അകന്നുപോകുമെന്ന് പൗലൊസ് മുൻകൂട്ടി കണ്ടു. അവൻ തിമൊഥെയൊസിന് ഇങ്ങനെ മുന്നറിയിപ്പു നൽകി: “അവർ പത്ഥ്യോപദേശം [“ആരോഗ്യാവഹമായ പഠിപ്പിക്കൽ,” NW] പൊറുക്കാതെ . . . സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.” അവൻ തിമൊഥെയൊസിനെ പിൻവരുന്നപ്രകാരം ഉദ്ബോധിപ്പിക്കുകയും ചെയ്തു: “എന്നിരുന്നാലും, നീയോ സകലത്തിലും സുബോധമുള്ളവൻ ആയിരിക്കുക.” (2 തിമൊഥെയൊസ് 4:3-5, NW) എന്നാൽ എങ്ങനെ? ‘ഉത്തമന്മാർ’ ആയിരിക്കുക എന്നതാണ് ഒരു മാർഗം. ഈ ബൈബിൾ പദത്തെ ഒരു ഗ്രീക്കു നിഘണ്ടു നിർവചിക്കുന്നത് “എന്തെങ്കിലും പഠിച്ച് നിഷ്പക്ഷമായി വിലയിരുത്താനുള്ള ഒരു മനസ്സൊരുക്കം” എന്നാണ്. ഒന്നാം നൂറ്റാണ്ടിലെ ബെരോവയിൽ ഉണ്ടായിരുന്ന, പൗലൊസിന്റെ ശ്രോതാക്കളെക്കുറിച്ച് പറയാനാണ് ലൂക്കൊസ് ഈ പദപ്രയോഗം ഉപയോഗിച്ചത്. പൗലൊസിന്റെ പഠിപ്പിക്കലുകൾ അവർക്കു പുതിയതായിരുന്നു. അവർ വഴിതെറ്റിക്കപ്പെടാൻ ആഗ്രഹിച്ചില്ല. അവരെ അനുമോദിച്ചുകൊണ്ട് ലൂക്കൊസ് എഴുതി: “[ബെരോവക്കാർ] തെസ്സലൊനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു.” ഉത്തമന്മാർ ആയിരുന്നതിനാൽ ബെരോവക്കാർ സംശയാലുക്കളോ വിശ്വസിക്കാൻ കൂട്ടാക്കാത്തവരോ ആയിരുന്നില്ല. പകരം, അവരുടെ ആത്മാർഥ അന്വേഷണത്തിന്റെ ഫലം ‘അവരിൽ പലരും വിശ്വസിച്ചു’ എന്നതാണ്.—പ്രവൃത്തികൾ 17:11, 12.
ബൈബിൾ അനുസരിച്ച് ജീവിക്കുന്നതിന്റെ പ്രയോജനങ്ങൾ
ബൈബിളിനോടുള്ള അനുസരണത്തിനും ആത്മത്യാഗപരമായ സ്നേഹത്തിനും പേരുകേട്ടവർ ആയിരുന്നു ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ. എന്നാൽ, ഇന്ന് അനേകരും “ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവ”രാണ്. (2 തിമൊഥെയൊസ് 3:5) യഥാർഥ ക്രിസ്ത്യാനിത്വത്തോടു കൂറു പുലർത്താത്ത ഇന്നത്തെ ഏതൊരുതരം ക്രിസ്ത്യാനിത്വത്തിനും ആളുകളുടെ ജീവിതത്തിൽ നല്ല വിധത്തിലുള്ള യാതൊരു പ്രഭാവവും ചെലുത്താൻ കഴിയില്ല. ക്രൈസ്തവലോകത്തിലെ മിക്കയിടങ്ങളിലും അക്രമവും അധാർമികതയും കുടുംബത്തകർച്ചയും ഭൗതികാസക്തിയും വർധിച്ചുവരുന്നതിന്റെ കാരണം ഇതായിരിക്കുമോ? ചില “ക്രിസ്തീയ” ദേശങ്ങളിൽ ഒരേ മതത്തിൽ പെട്ട അംഗങ്ങൾ തമ്മിൽ പോലും ഉഗ്രമായ വംശീയ യുദ്ധങ്ങൾ നടക്കുന്നുണ്ട്.
ബെരോവക്കാരുടെ ആ ഉത്തമ മനോഭാവം അസ്തമിച്ചുപോയോ? ബൈബിളിൽ വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഏതെങ്കിലും ജനസമൂഹമുണ്ടോ?
എൻസൈക്ലോപീഡിയ കനേഡിയാന ഇങ്ങനെ അഭിപ്രായപ്പെടുന്നു: “യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ യേശുവും അപ്പൊസ്തലൻമാരും ആചരിച്ചിരുന്ന പുരാതന ക്രിസ്ത്യാനിത്വത്തിന്റെ പുനരാവിർഭാവവും പുനഃസ്ഥിതീകരണവും ആണ്.” സാക്ഷികളെ പരാമർശിച്ച് പുതിയ കത്തോലിക്കാ വിജ്ഞാനകോശം ഇങ്ങനെ എഴുതുന്നു: “അവർ ബൈബിളിനെ കണക്കാക്കുന്നത് തങ്ങളുടെ വിശ്വാസത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ഏക ഉറവിടം എന്ന നിലയിലാണ്.”
ലോകത്തെങ്ങും യഹോവയുടെ സാക്ഷികൾ തങ്ങളുടെ ആത്മീയ സമൃദ്ധിക്കും സമാധാനത്തിനും സന്തുഷ്ടിക്കും പേരുകേട്ടവർ ആയിരിക്കുന്നതിന്റെ ഒരു മുഖ്യ കാരണം നിസ്സംശയമായും ഇതാണ്. അതുകൊണ്ട്, ബൈബിളിലെ ആത്മീയമായി ആരോഗ്യപ്രദമായ ഉപദേശങ്ങൾ സംബന്ധിച്ചു കൂടുതൽ പഠിക്കാൻ ഞങ്ങൾ വായനക്കാരായ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. കൂടുതൽ അറിവ് നേടുന്നത് ബൈബിളിൽ വർധിച്ച ബോധ്യവും ദൈവത്തിൽ ശക്തമായ വിശ്വാസവും ഉണ്ടായിരിക്കാൻ സഹായിച്ചേക്കാം. അത്തരം വിശ്വാസത്തിന്റെ ശാശ്വത പ്രയോജനങ്ങൾ ശ്രമത്തിനുതക്ക മൂല്യമുള്ളതാണ്.
[അടിക്കുറിപ്പുകൾ]
a നാഷണൽ പബ്ലിക് റേഡിയോ—“പ്രഭാത പതിപ്പ്”
b ബൈബിളിന്റെ വിശ്വാസ്യത സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രിക കാണുക.
[6-ാം പേജിലെ ചിത്രം]
പൗലൊസ് അപ്പൊസ്തലനും മറ്റുള്ളവരും അങ്ങാടിയിൽ പ്രസംഗിച്ചു
[7-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾ “ബൈബിളിനെ കണക്കാക്കുന്നത് തങ്ങളുടെ വിശ്വാസത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ഏക ഉറവിടം എന്ന നിലയിലാണ്”