നമ്മുടെ വിശ്വാസത്തിനു വേണ്ടി പ്രതിവാദം നടത്തൽ
“നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി ക്രിസ്തുവിനെ വിശുദ്ധീകരിക്കുക, നിങ്ങളിലുള്ള പ്രത്യാശയുടെ കാരണം ആവശ്യപ്പെടുന്ന ഏതൊരാളുടെയും മുമ്പാകെ പ്രതിവാദം നടത്താൻ എല്ലായ്പോഴും ഒരുങ്ങിയിരുന്നുകൊണ്ട് നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി ക്രിസ്തുവിനെ വിശുദ്ധീകരിക്കുക.”—1 പത്രൊസ് 3:15, NW.
1, 2. എതിർപ്പു നേരിടുമ്പോൾ യഹോവയുടെ സാക്ഷികൾ അമ്പരന്നുപോകാത്തത് എന്തുകൊണ്ട്, എന്നാൽ അവരുടെ ആഗ്രഹം എന്താണ്?
മിക്കരാജ്യങ്ങളിലും യഹോവയുടെ സാക്ഷികൾ പൊതുവേ സത്യസന്ധരും ധാർമിക നിലവാരം ഉള്ളവരുമായി അംഗീകരിക്കപ്പെടുന്നു. യാതൊരു ശല്യവും ഉണ്ടാക്കാത്ത, നല്ല അയൽക്കാരായിട്ടാണ് അനേകരും അവരെ വീക്ഷിക്കുന്നത്. വിരോധാഭാസമെന്നു പറയട്ടെ, സമാധാന പ്രേമികളായ ഈ ക്രിസ്ത്യാനികൾ യുദ്ധകാലത്തും സമാധാനകാലത്തും അന്യായമായ പീഡനങ്ങൾക്കു വിധേയരായിട്ടുണ്ട്. അത്തരം എതിർപ്പുകൾ അവരെ അമ്പരപ്പിക്കുന്നില്ല. വാസ്തവത്തിൽ, അവർ അത് പ്രതീക്ഷിക്കുന്നതു തന്നെയാണ്. എന്തൊക്കെയായാലും, പൊ.യു. ഒന്നാം നൂറ്റാണ്ടിലെ വിശ്വസ്ത ക്രിസ്ത്യാനികൾ “ദ്വേഷിക്ക”പ്പെട്ടു എന്ന് അവർക്ക് അറിയാം; അപ്പോൾപ്പിന്നെ ഇന്ന് ക്രിസ്തുവിന്റെ യഥാർഥ അനുഗാമികൾ ആയിരിക്കാൻ ശ്രമിക്കുന്നവർ എന്തിനു മറിച്ച് പ്രതീക്ഷിക്കണം? (മത്തായി 10:22, പി.ഒ.സി. ബൈ.) തന്നെയുമല്ല, “യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും” എന്നു ബൈബിൾ പറയുന്നുമുണ്ട്.—2 തിമൊഥെയൊസ് 3:12, പി.ഒ.സി. ബൈ.
2 യഹോവയുടെ സാക്ഷികൾ പീഡനം തേടിപ്പോകുന്നില്ല; അതു മുഖാന്തരമുള്ള പ്രയാസങ്ങൾ—പിഴയോ തടവോ പരുക്കൻ പെരുമാറ്റമോ—ആസ്വദിക്കുന്നുമില്ല. തടസ്സമില്ലാതെ ദൈവരാജ്യ സുവാർത്ത പ്രസംഗിക്കാൻ കഴിയേണ്ടതിന് അവർ “ശാന്തവും സമാധാനപൂർണ്ണവുമായ ജീവിതം നയിക്കാൻ” ആഗ്രഹിക്കുന്നു. (1 തിമൊഥെയൊസ് 2:1, 2, പി.ഒ.സി. ബൈ.) മിക്ക നാടുകളിലും തങ്ങൾക്കുള്ള ആരാധനാ സ്വാതന്ത്ര്യത്തെ അവർ വിലമതിക്കുന്നു; മാനുഷ ഗവൺമെന്റുകളിലെ ഭരണാധിപന്മാർ ഉൾപ്പെടെ “സകലമനുഷ്യരോടും സമാധാനമായിരി”പ്പാൻ തങ്ങളാൽ ആവുന്നത് അവർ മനസ്സാക്ഷിപൂർവം ചെയ്യുന്നു. (റോമർ 12:18; 13:1-7) അപ്പോൾപ്പിന്നെ, അവർ “ദ്വേഷിക്കപ്പെടു”ന്നത് എന്തുകൊണ്ട്?
3. യഹോവയുടെ സാക്ഷികൾ അന്യായമായി ദ്വേഷിക്കപ്പെട്ടിരിക്കുന്നതിന്റെ ഒരു കാരണം എന്ത്?
3 അടിസ്ഥാനപരമായി, ആദിമ ക്രിസ്ത്യാനികൾ ഏതു കാരണത്താൽ പീഡിപ്പിക്കപ്പെട്ടുവോ അതേ കാരണത്താൽത്തന്നെയാണ് യഹോവയുടെ സാക്ഷികളും അന്യായമായി ദ്വേഷിക്കപ്പെട്ടിരിക്കുന്നത്. ഒന്ന്, യഹോവയുടെ സാക്ഷികൾ തങ്ങളുടെ മതവിശ്വാസങ്ങൾക്കനുസൃതം ജീവിക്കുന്ന വിധം എല്ലാവർക്കും രസിക്കുന്നില്ല. ഉദാഹരണത്തിന്, അവർ സതീക്ഷ്ണം ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നു, എന്നാൽ ആളുകൾ മിക്കപ്പോഴും അവരുടെ തീക്ഷ്ണതയെ തെറ്റിദ്ധരിച്ച് ഈ പ്രസംഗവേലയെ “അടിച്ചേൽപ്പിക്കുന്ന വിധത്തിലുള്ള മതപരിവർത്തനം” ആയി വീക്ഷിക്കുന്നു. (പ്രവൃത്തികൾ 4:19, 20 താരതമ്യം ചെയ്യുക.) രാഷ്ട്രീയത്തിലും രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിലും അവർ നിഷ്പക്ഷരാണ്; ഇതുമൂലം സാക്ഷികൾ അവിശ്വസ്തരായ പൗരന്മാരാണ് എന്നു ചിലപ്പോഴൊക്കെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.—മീഖാ 4:3, 4.
4, 5. (എ) യഹോവയുടെ സാക്ഷികൾ വ്യാജ ആരോപണങ്ങൾക്കു പാത്രമായിരിക്കുന്നത് എങ്ങനെ? (ബി) മുഖ്യമായും ആരുടെ പ്രേരണയുടെ ഫലമായിട്ടാണ് യഹോവയുടെ ദാസന്മാർ മിക്കപ്പോഴും പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്?
4 രണ്ട്, ചിലർ യഹോവയുടെ സാക്ഷികളെക്കുറിച്ച് കരുതിക്കൂട്ടി നുണകൾ പ്രചരിപ്പിക്കുന്നതിലൂടെയും അവരുടെ വിശ്വാസങ്ങൾ വളച്ചൊടിക്കുന്നതിലൂടെയും സാക്ഷികൾ വ്യാജ ആരോപണങ്ങൾക്ക് പാത്രമായിരിക്കുന്നു. അതിന്റെ ഫലമായി, ചില നാടുകളിൽ അവർ അപകടകാരികളായ മതവിഭാഗമായി മുദ്രയടിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, ‘രക്തത്തിൽനിന്ന് ഒഴിഞ്ഞിരിപ്പിൻ’ എന്ന ബൈബിൾ കൽപ്പന അനുസരിക്കാനുള്ള ആഗ്രഹത്തിൽ രക്തരഹിത ചികിത്സാരീതികൾ അവലംബിക്കുന്നതുകൊണ്ട്, അവരെ “ശിശുഘാതകർ” എന്നും “ആത്മഹത്യാ ഭക്തിപ്രസ്ഥാനം” എന്നും തെറ്റായി മുദ്രകുത്തിയിരിക്കുന്നു. (പ്രവൃത്തികൾ 15:29) എന്നാൽ യഹോവയുടെ സാക്ഷികൾ ജീവന് വലിയ മൂല്യം കൽപ്പിക്കുകയും തങ്ങൾക്കും കുട്ടികൾക്കും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് വസ്തുത. രക്തപ്പകർച്ച നിരസിക്കുന്നതുകൊണ്ട് വർഷംതോറും യഹോവയുടെ സാക്ഷികളുടെ അനേകം കുട്ടികൾ മരിക്കുന്നു എന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. അതിനുംപുറമേ, എല്ലാ കുടുംബാംഗങ്ങളുടെമേലും ബൈബിൾ സത്യം ഒരേ സ്വാധീനം ചെലുത്തുന്നില്ല എന്നതിനാൽ, യഹോവയുടെ സാക്ഷികൾ കുടുംബം തകർക്കുന്നവരാണ് എന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും, അവർ കുടുംബ ജീവിതത്തെ അത്യന്തം ആദരിക്കുന്നു എന്നും ഭാര്യയും ഭർത്താവും പരസ്പരം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യണമെന്നും മാതാപിതാക്കൾ വിശ്വാസികളായാലും അല്ലെങ്കിലും കുട്ടികൾ അവരെ അനുസരിക്കണമെന്നുമുള്ള ബൈബിൾ കൽപ്പന പാലിക്കാൻ അവർ ശ്രമിക്കുന്നു എന്നും യഹോവയുടെ സാക്ഷികളെ പരിചയമുള്ളവർക്ക് അറിയാം.—എഫെസ്യർ 5:21–6:3.
5 മിക്കയിടങ്ങളിലും യഹോവയുടെ ദാസന്മാരുടെ പീഡനം മതനേതാക്കന്മാരുടെ പ്രേരണയുടെ ഫലമായിട്ടായിരുന്നു. രാഷ്ട്രീയ അധികാരികളുടെയും വാർത്താ മാധ്യമങ്ങളുടെയും മേലുള്ള സ്വാധീനം ഉപയോഗിച്ച് അവർ സാക്ഷികളുടെ പ്രവർത്തനങ്ങൾ അടിച്ചമർത്താൻ ശ്രമിച്ചിട്ടുണ്ട്. എതിർപ്പ് നമ്മുടെ വിശ്വാസവും പ്രവർത്തനങ്ങളും നിമിത്തമോ വ്യാജ ആരോപണങ്ങൾ നിമിത്തമോ ആയാലും, യഹോവയുടെ സാക്ഷികളായ നാം അത്തരം എതിർപ്പിനോട് എങ്ങനെ പ്രതികരിക്കണം?
“നിങ്ങളുടെ ന്യായയുക്തത സകല മനുഷ്യർക്കും അറിവുള്ളതായിത്തീരട്ടെ”
6. ക്രിസ്തീയ സഭയ്ക്കു വെളിയിലുള്ളവരെ സംബന്ധിച്ച് സമനിലയുള്ള വീക്ഷണം ഉണ്ടായിരിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
6 ആദ്യം, നമ്മുടെ വിശ്വാസം സ്വീകരിച്ചിട്ടില്ലാത്തവരെ സംബന്ധിച്ച് നമുക്ക് ശരിയായ വീക്ഷണം—യഹോവയുടെ വീക്ഷണം—ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം, നാം അനാവശ്യമായി മറ്റുള്ളവരിൽ നിന്നുള്ള ശത്രുതയോ നിന്ദയോ വിളിച്ചുവരുത്തിയെന്നിരിക്കും. “നിങ്ങളുടെ ന്യായയുക്തത സകല മനുഷ്യർക്കും അറിവുള്ളതായിത്തീരട്ടെ” എന്ന് പൗലൊസ് അപ്പൊസ്തലൻ എഴുതി. (ഫിലിപ്പിയർ 4:5, NW) അതുകൊണ്ട് ക്രിസ്തീയ സഭയ്ക്കു വെളിയിലുള്ളവരെ കുറിച്ച് സമനിലയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
7. ‘ലോകത്താലുള്ള കളങ്കം പററാതവണ്ണം’ നമ്മെത്തന്നെ കാക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
7 അതേസമയം, ‘ലോകത്താലുള്ള കളങ്കം പററാതവണ്ണം നാം നമ്മെത്തന്നെ കാത്തുകൊള്ളണമെന്നും’ തിരുവെഴുത്തുകൾ വളരെ വ്യക്തമായി നമ്മെ ബുദ്ധ്യുപദേശിക്കുന്നു. (യാക്കോബ് 1:27; 4:4) ഇവിടെ ‘ലോകം’ എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്, ബൈബിളിലെ മറ്റനേകം സ്ഥലങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതുപോലെ, സത്യക്രിസ്ത്യാനികൾ ഒഴികെയുള്ള മനുഷ്യവർഗത്തെയാണ്. ഈ മനുഷ്യസമുദായത്തിൻ മധ്യേ ആണ് നാം ജീവിക്കുന്നത്; ജോലിസ്ഥലത്തും സ്കൂളിലും അയൽവക്കത്തും നാം അവരുമായി സമ്പർക്കത്തിൽ വരുന്നു. (യോഹന്നാൻ 17:11, 15; 1 കൊരിന്ത്യർ 5:9, 10) എന്നാൽ, ദൈവത്തിന്റെ നീതിനിഷ്ഠമായ വഴികളോടു നിരക്കാത്ത മനോഭാവങ്ങളും സംസാരവും നടത്തയും ഒഴിവാക്കിക്കൊണ്ട് നാം നമ്മെത്തന്നെ ലോകത്തിന്റെ കളങ്കമേൽക്കാതെ സൂക്ഷിക്കുന്നു. ഈ ലോകത്തോട്, വിശേഷിച്ചും യഹോവയുടെ നിലവാരങ്ങളെ വെറുക്കുന്നവരോട്, ചങ്ങാത്തം പുലർത്തുന്നതിന്റെ അപകടം നാം തിരിച്ചറിയേണ്ടതും മർമപ്രധാനമാണ്.—സദൃശവാക്യങ്ങൾ 13:20.
8. ലോകത്തിന്റെ കളങ്കമേൽക്കാതെ നിലകൊള്ളാനുള്ള ബുദ്ധ്യുപദേശം മറ്റുള്ളവരെ അവജ്ഞയോടെ വീക്ഷിക്കുന്നതിന് നമുക്കു യാതൊരു അടിസ്ഥാനവും നൽകുന്നില്ലാത്തത് എന്തുകൊണ്ട്?
8 എന്നിരുന്നാലും, ലോകത്തിന്റെ കളങ്കമേൽക്കാതെ നിലകൊള്ളാനുള്ള ബുദ്ധ്യുപദേശം യഹോവയുടെ സാക്ഷികളല്ലാത്തവരെ പാടേ തുച്ഛീകരിക്കുന്നതിന് നമുക്കു യാതൊരു അടിസ്ഥാനവും നൽകുന്നില്ല. (സദൃശവാക്യങ്ങൾ 8:13) മുൻലേഖനത്തിൽ ചർച്ച ചെയ്ത യഹൂദ മതനേതാക്കന്മാരുടെ ദൃഷ്ടാന്തം ഓർക്കുക. അവർ വികസിപ്പിച്ചെടുത്ത മതസമ്പ്രദായത്തിന് യഹോവയുടെ പ്രീതി നേടാനായില്ല; അതു യഹൂദർ അല്ലാത്തവരുമായുള്ള നല്ല ബന്ധത്തിനു സഹായകവുമായില്ല. (മത്തായി 21:43, 45) സ്വയനീതിക്കാരായ ആ മതഭ്രാന്തന്മാർ വിജാതീയരെ അവജ്ഞയോടെ വീക്ഷിച്ചു. സാക്ഷികളല്ലാത്തവരെ പുച്ഛത്തോടെ വീക്ഷിച്ചുകൊണ്ട് നാം അത്തരം ഒരു സങ്കുചിത വീക്ഷണം കൈക്കൊള്ളുന്നില്ല. പൗലൊസ് അപ്പൊസ്തലനെപ്പോലെ, ബൈബിൾ സന്ദേശം ശ്രവിക്കുന്ന എല്ലാവരും ദൈവപ്രീതി നേടണം എന്നതാണ് നമ്മുടെ ആഗ്രഹം.
9. സമനിലയോടുകൂടിയ തിരുവെഴുത്തുപരമായ ഒരു വീക്ഷണം, നമ്മുടെ വിശ്വാസം സ്വീകരിച്ചിട്ടില്ലാത്തവരെ കുറിച്ചു നാം സംസാരിക്കുന്ന വിധത്തെ എങ്ങനെ സ്വാധീനിക്കണം?
9 സമനിലയോടുകൂടിയ, തിരുവെഴുത്തുപരമായ ഒരു വീക്ഷണം നാം സാക്ഷികളല്ലാത്തവരെ കുറിച്ചു സംസാരിക്കുന്ന വിധത്തെ സ്വാധീനിക്കണം. “ആരെയുംപറ്റി തിൻമ പറയാതിരിക്കാനും കലഹങ്ങളിൽനിന്ന് ഒഴിഞ്ഞുനില്ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞ മര്യാദ പ്രകടിപ്പിക്കാനും” ക്രേത്തയിലെ ക്രിസ്ത്യാനികളെ ഓർപ്പിക്കണം എന്ന് പൗലൊസ് തീത്തൊസിനോട് ആവശ്യപ്പെട്ടു. (തീത്തൊസ് 3:2, പി.ഒ.സി. ബൈ.) ക്രിസ്ത്യാനികൾ “ആരെയുംപറ്റി”—ക്രേത്തയിലെ ക്രിസ്ത്യാനികളല്ലാത്തവരെ കുറിച്ചുപോലും, അവരിൽ ചിലർ നുണപറച്ചിലിനും അമിത തീറ്റിക്കും അലസതയ്ക്കും പേരുകേട്ടവർ ആയിരുന്നിട്ടുപോലും—“തിൻമ പറയാ”ൻ പാടില്ലായിരുന്നു എന്നതു ശ്രദ്ധിക്കുക. (തീത്തൊസ് 1:12) അതുകൊണ്ട്, നമ്മുടെ വിശ്വാസം സ്വീകരിച്ചിട്ടില്ലാത്തവരെ തരംതാണ പദങ്ങൾ ഉപയോഗിച്ചു പരാമർശിക്കുന്നത് തിരുവെഴുത്തുവിരുദ്ധമായിരിക്കും. മറ്റുള്ളവരെക്കാൾ ഉയർന്നവരാണെന്ന മനോഭാവം മറ്റുള്ളവരെ യഹോവയുടെ ആരാധനയിലേക്ക് ആകർഷിക്കുകയില്ല. മറിച്ച്, യഹോവയുടെ വചനത്തിലെ ന്യായയുക്തമായ തത്ത്വങ്ങൾക്കു ചേർച്ചയിൽ നാം മറ്റുള്ളവരെ വീക്ഷിക്കുകയും അവരോട് ഇടപെടുകയും ചെയ്യുമ്പോഴാണ് നാം ദൈവത്തിന്റെ “പ്രബോധനങ്ങൾക്കു ഭൂഷണ”മാംവിധം പ്രവർത്തിക്കുന്നത്.—തീത്തൊസ് 2:10, പി.ഒ.സി. ബൈ.
നിശ്ശബ്ദമായിരിക്കേണ്ട സമയം, സംസാരിക്കേണ്ട സമയം
10, 11. (എ)“നിശ്ശബ്ദമായിരിക്കാൻ ഒരു സമയ”വും (ബി) “സംസാരിക്കാൻ ഒരു സമയ”വും ഉണ്ടെന്ന് തനിക്ക് അറിയാമെന്ന് യേശു പ്രകടമാക്കിയത് എങ്ങനെ?
10 “നിശ്ശബ്ദമായിരിക്കാൻ ഒരു സമയ”വും “സംസാരിക്കാൻ ഒരു സമയ”വും ഉണ്ട് എന്ന് സഭാപ്രസംഗി 3:7 (NW) പറയുന്നു. ഇവിടെ പ്രശ്നം എതിരാളികളെ അവഗണിക്കേണ്ടത് എപ്പോൾ എന്നും നമ്മുടെ വിശ്വാസത്തിനു വേണ്ടി പ്രതിവാദം നടത്തേണ്ടത് എപ്പോൾ എന്നും തീരുമാനിക്കുന്നതാണ്. വിവേചന ഉപയോഗിക്കുന്നതിൽ എല്ലായ്പോഴും പൂർണനായിരുന്ന യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്ക് ഏറെ പഠിക്കാനാകും. (1 പത്രൊസ് 2:21) ‘നിശ്ശബ്ദമായിരിക്കാനുള്ള സമയം’ എപ്പോഴെന്ന് അവന് അറിയാമായിരുന്നു. ഉദാഹരണത്തിന്, മഹാപുരോഹിതൻമാരും പ്രായമേറിയ പുരുഷന്മാരും പീലാത്തൊസിനു മുമ്പാകെ അവനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ, യേശു “ഉത്തരം നൽകിയില്ല.” (മത്തായി 27:11-14, NW) തന്നെ സംബന്ധിച്ച ദൈവഹിതം നിവർത്തിക്കുന്നതിന് തടസ്സമായേക്കാവുന്ന യാതൊന്നും പറയാൻ അവൻ ആഗ്രഹിച്ചില്ല. മറിച്ച്, തന്റെ പ്രവൃത്തികൾ തനിക്കുവേണ്ടി സംസാരിക്കട്ടെ എന്നാണ് അവൻ വിചാരിച്ചത്. സത്യം ബോധ്യമായാലും അതൊന്നും അവരുടെ ഗർവിഷ്ഠ മനസ്സിനും ഹൃദയത്തിനും മാറ്റം വരുത്തുകയില്ലെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ട് അവൻ അവരുടെ ആരോപണം അവഗണിച്ചുകൊണ്ട് മനപ്പൂർവം മൗനം പാലിച്ചു.—യെശയ്യാവു 53:7.
11 എന്നാൽ ‘സംസാരിക്കാനുള്ള സമയം’ എപ്പോഴാണെന്നും യേശുവിന് അറിയാമായിരുന്നു. ചില സന്ദർഭങ്ങളിൽ, അവൻ തന്റെ വിമർശകരോട് തുറന്നടിച്ചു സംസാരിക്കുകയും അവരുടെ വ്യാജ ആരോപണങ്ങൾ അതിശക്തമായി ഖണ്ഡിക്കുകയും ചെയ്തു. ഉദാഹരണത്തിന്, യേശു ഭൂതങ്ങളെ പുറത്താക്കുന്നത് ബെയെത്സെബൂലിനെക്കൊണ്ടാണ് എന്ന് ആരോപിച്ചുകൊണ്ട് ശാസ്ത്രിമാരും പരീശന്മാരും അവനെ ജനക്കൂട്ടത്തിന്റെ മുമ്പിൽവെച്ച് അപമാനിക്കാൻ ശ്രമിച്ചപ്പോൾ, അവൻ ആ വ്യാജ ആരോപണം വെറുതെ വിട്ടുകളയാമെന്നു വിചാരിച്ചില്ല. തകർപ്പൻ യുക്തിയും ശക്തമായ ദൃഷ്ടാന്തവും ഉപയോഗിച്ച് അവൻ ആ നുണയെ ഖണ്ഡിച്ചു. (മർക്കൊസ് 3:20-30; മത്തായി 15:1-11; 22:17-21-ഉം യോഹന്നാൻ 18:37-ഉം കൂടി കാണുക.) അതുപോലെതന്നെ, ഒറ്റിക്കൊടുക്കപ്പെട്ട് അറസ്റ്റിലായശേഷം, സൻഹെദ്രീമിനു മുന്നിലേക്കു വലിച്ചിഴയ്ക്കപ്പെട്ട യേശുവിനോട് മഹാപുരോഹിതൻ കയ്യഫാവ് കൗശലപൂർവം ആവശ്യപ്പെട്ടു: “നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു”! ഇവിടെയും “സംസാരിക്കാനുള്ള സമയ”മായിരുന്നു; എന്തെന്നാൽ ഒന്നും സംസാരിക്കാതിരിക്കുന്നത് താൻ ക്രിസ്തുവാണ് എന്ന് നിഷേധിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുമായിരുന്നു. അതുകൊണ്ട് “ഞാൻ ആകുന്നു” എന്ന് യേശു ഉത്തരം പറഞ്ഞു.—മത്തായി 26:63, 64; മർക്കൊസ് 14:61, 62.
12. ക്കോന്യയിൽ പൗലൊസും ബർന്നബാസും ധൈര്യത്തോടെ സംസാരിക്കാനിടയായ സാഹചര്യങ്ങൾ എന്തെല്ലാമായിരുന്നു?
12 പൗലൊസ്, ബർന്നബാസ് എന്നിവരുടെ ദൃഷ്ടാന്തവും പരിചിന്തിക്കുക. പ്രവൃത്തികൾ 14:1, 2 പ്രസ്താവിക്കുന്നു: “ഇക്കോന്യയിൽ അവർ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സംസാരിച്ചു. വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സു സഹോദരന്മാരുടെ നേരെ ഇളക്കി വഷളാക്കി.” ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ ഇങ്ങനെ വായിക്കുന്നു: “എന്നാൽ പരിവർത്തനം ചെയ്യാത്ത യഹൂദന്മാർ വിജാതീയരെ ഇളക്കിവിടുകയും അവരുടെ മനസ്സിനെ ക്രിസ്ത്യാനികൾക്ക് എതിരെ വിഷലിപ്തമാക്കുകയും ചെയ്തു.” യഹൂദ എതിരാളികൾ സന്ദേശം തള്ളിയതുകൊണ്ടു മാത്രം തൃപ്തരായില്ല, അവർ ക്രിസ്ത്യാനികൾക്കെതിരെ ദുഷ്പ്രചരണം ആരംഭിച്ച് അവരെ സംബന്ധിച്ച് വിജാതീയരിൽ മുൻവിധി വളർത്തിയെടുക്കാൻ ശ്രമിച്ചു.a ക്രിസ്ത്യാനിത്വത്തോടുള്ള അവരുടെ വിദ്വേഷം എത്ര രൂക്ഷമായിരുന്നിരിക്കണം! (പ്രവൃത്തികൾ 10:28 താരതമ്യം ചെയ്യുക.) പ്രസ്തുത പരസ്യനിന്ദയിൽ പുതുശിഷ്യർക്കു നിരുത്സാഹം തോന്നാതിരിക്കേണ്ടതിന്, അത് “സംസാരിക്കാനുള്ള സമയ”മാണെന്ന് പൗലൊസിനും ബർന്നബാസിനും തോന്നി. അതുകൊണ്ട് “അവർ [പൗലൊസും ബർന്നബാസും] യഹോവയുടെ അധികാരത്താൽ ധൈര്യത്തോടെ പ്രസംഗിച്ചുകൊണ്ട് ഗണ്യമായ സമയം അവിടെ ചെലവഴിച്ചു.” യഹോവ അവർക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള ശക്തി നൽകി തന്റെ അംഗീകാരം പ്രകടമാക്കി. ഇതിന്റെ ഫലമായി ചിലർ “യെഹൂദന്മാരെയും മറ്റുള്ളവർ അപ്പൊസ്തലന്മാരെയും അനുകൂലിച്ചു.”—പ്രവൃത്തികൾ 14:3, 4, NW.
13. നിന്ദിക്കപ്പെടുമ്പോൾ സാധാരണമായി “നിശ്ശബ്ദമായിരിക്കാൻ ഒരു സമയം” ഉണ്ട് എന്ന തത്ത്വം ബാധകമാക്കേണ്ടിവരുന്നത് എപ്പോൾ?
13 നാം നിന്ദിക്കപ്പെടുമ്പോൾ നമ്മുടെ പ്രതികരണം എങ്ങനെ ആയിരിക്കണം? അതെല്ലാം സന്ദർഭത്തെ ആശ്രയിച്ചിരിക്കുന്നു. “നിശ്ശബ്ദമായിരിക്കാൻ ഒരു സമയം” ഉണ്ട് എന്ന തത്ത്വം നാം ബാധകമാക്കേണ്ടതായിരിക്കാം ചില സ്ഥിതിവിശേഷങ്ങൾ. എതിരാളികൾ നമ്മെ നിരർഥകമായ വാദങ്ങളിലേക്കു വലിച്ചിഴയ്ക്കാൻ മനഃപൂർവം ശ്രമിക്കുമ്പോൾ ഇതു വിശേഷാൽ സത്യമാണ്. ചിലർക്ക് സത്യം അറിയണമെന്ന ആഗ്രഹമേ ഇല്ലെന്നു നാം ഓർക്കണം. (2 തെസ്സലൊനീക്യർ 2:9-12) ഗർവോടെ വിശ്വസിക്കാൻ കൂട്ടാക്കാത്തവരോടു ന്യായവാദം ചെയ്യാൻ ശ്രമിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല. അതിലുപരി, വ്യാജ ആരോപണം നടത്തുന്ന സകലരുമായി സംവാദത്തിൽ ഏർപ്പെടുന്നതുവഴി, വളരെ പ്രധാനപ്പെട്ടതും പ്രതിഫലദായകവുമായ പ്രവർത്തനത്തിൽനിന്ന്—ബൈബിൾ സത്യം പഠിക്കാൻ യഥാർഥത്തിൽ ആഗ്രഹിക്കുന്ന പരമാർഥ ഹൃദയരെ സഹായിക്കുന്നതിൽനിന്ന്—നാം വ്യതിചലിച്ചുപോയേക്കാം. നമ്മെ കുറിച്ചു നുണകൾ പ്രചരിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന എതിരാളികളെ കണ്ടുമുട്ടുമ്പോൾ, നമുക്കുള്ള നിശ്വസ്ത ബുദ്ധ്യുപദേശം ഇതാണ്: “അവരെ ഒഴിവാക്കുക.”—റോമർ 16:17, 18; മത്തായി 7:6.
14. ഏതെല്ലാം വിധങ്ങളിൽ നമുക്കു മറ്റുള്ളവരുടെ മുമ്പാകെ നമ്മുടെ വിശ്വാസത്തിനു വേണ്ടി പ്രതിവാദം നടത്താനാകും?
14 എന്നാൽ നാം നമ്മുടെ വിശ്വാസത്തിനു വേണ്ടി പ്രതിവാദം നടത്തേണ്ടതില്ലെന്ന് ഇത് നിശ്ചയമായും അർഥമാക്കുന്നില്ല. ‘സംസാരിക്കാനും ഒരു സമയം’ ഉണ്ടല്ലോ. നമ്മെ ആക്ഷേപിച്ചുകൊണ്ടുള്ള വിമർശനങ്ങൾ കേൾക്കുന്നവരെ കുറിച്ചു നമുക്കു യഥാർഥത്തിൽ ഉത്കണ്ഠയുണ്ട്. നമ്മുടെ ഹൃദയത്തിലുള്ള ബോധ്യങ്ങളെ കുറിച്ച് മറ്റുള്ളവർക്ക് വ്യക്തമായി വിശദീകരിച്ചുകൊടുക്കാൻ നാം ഒരുക്കമാണ്, അതിനുള്ള അവസരങ്ങളെ നാം സ്വാഗതം ചെയ്യുകയും ചെയ്യുന്നു. പത്രൊസ് എഴുതി: “നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി ക്രിസ്തുവിനെ വിശുദ്ധീകരിക്കുക, നിങ്ങളിലുള്ള പ്രത്യാശയുടെ കാരണം ആവശ്യപ്പെടുന്ന ഏതൊരാളുടെയും മുമ്പാകെ പ്രതിവാദം നടത്താൻ എല്ലായ്പോഴും ഒരുങ്ങിയിരുന്നുകൊണ്ട് നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി ക്രിസ്തുവിനെ വിശുദ്ധീകരിക്കുക.” (1 പത്രൊസ് 3:15, NW) നമ്മൾ അതിയായ മതിപ്പോടെ കാത്തുകൊള്ളുന്ന വിശ്വാസങ്ങൾക്ക് യഥാർഥ താത്പര്യത്തോടെ ആളുകൾ തെളിവ് ചോദിക്കുമ്പോൾ, എതിരാളികൾ ഉന്നയിക്കുന്ന വ്യാജ ആരോപണങ്ങളെ കുറിച്ചു ചോദിക്കുമ്പോൾ, ബൈബിളിൽനിന്നുള്ള ഈടുറ്റ ഉത്തരങ്ങൾ നൽകിക്കൊണ്ട് നമ്മുടെ വിശ്വാസത്തിന് പ്രതിവാദം നടത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണ്. അതിലുപരി, നമ്മുടെ നല്ല നടത്തയ്ക്ക് ഒരു വലിയ സാക്ഷ്യം നൽകാനാകും. ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ നാം യഥാർഥത്തിൽ ശ്രമിക്കുന്നു എന്ന് നിഷ്പക്ഷമതികളായ നിരീക്ഷർ ശ്രദ്ധിക്കുമ്പോൾ, നമുക്ക് എതിരായ ആരോപണങ്ങൾ തെറ്റാണെന്ന് അവർക്ക് എളുപ്പം മനസ്സിലാകും.—1 പത്രൊസ് 2:12-15.
ദുഷ്പ്രചരണത്തെ അഭിമുഖീകരിക്കുമ്പോഴോ?
15. യഹോവയുടെ സാക്ഷികളെ കുറിച്ച് മാധ്യമങ്ങൾ വളച്ചൊടിച്ച വിവരങ്ങൾ നൽകിയതിന്റെ ഒരു ഉദാഹരണം ഏത്?
15 ചിലപ്പോഴൊക്കെ, യഹോവയുടെ സാക്ഷികളെ കുറിച്ച് മാധ്യമങ്ങളിൽ വളച്ചൊടിക്കപ്പെട്ട വിവരങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, 1997 ആഗസ്റ്റ് 1-ന് ഒരു റഷ്യൻ പത്രം സാക്ഷികളെ കുറിച്ചുള്ള ഒരു ദൂഷണപരമായ ലേഖനം പ്രസിദ്ധീകരിച്ചു. അതിലെ പല ആരോപണങ്ങളിൽ ഒന്ന്, അവർ അതിലെ അംഗങ്ങളോട് ‘തങ്ങളുടെ വിശ്വാസം മനസ്സിലാക്കുന്നില്ലാത്ത, അല്ലെങ്കിൽ സ്വീകരിക്കുന്നില്ലാത്ത ഭാര്യമാരെയും ഭർത്താക്കന്മാരെയും മാതാപിതാക്കളെയും ഉപേക്ഷിക്കാൻ’ നിർബന്ധമായും ആവശ്യപ്പെടുന്നു എന്നതായിരുന്നു. ഈ ആരോപണം തെറ്റാണെന്ന് യഹോവയുടെ സാക്ഷികളെ ശരിക്കും പരിചയമുള്ളവർക്ക് അറിയാവുന്നതാണ്. ക്രിസ്ത്യാനികൾ തങ്ങളുടെ അവിശ്വാസികളായ കുടുംബാംഗങ്ങളോട് സ്നേഹത്തോടും ആദരവോടുംകൂടെ ഇടപെടണമെന്ന് ബൈബിൾ പറയുന്നു; സാക്ഷികൾ ആ നിർദേശം പിൻപറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 7:12-16; 1 പത്രൊസ് 3:1-4) എന്നിട്ടും ലേഖനം അച്ചടിച്ചുവരികയും അനേകം വായനക്കാർക്ക് തെറ്റിദ്ധാരണ ഉളവാകുകയും ചെയ്തു. നാം വ്യാജ ആരോപണത്തിനു വിധേയരാകുമ്പോൾ, നമുക്ക് എങ്ങനെ നമ്മുടെ വിശ്വാസത്തിനു വേണ്ടി പ്രതിവാദം നടത്താൻ കഴിയും?
16, 17. കൂടാതെ 16-ാം പേജിലെ ചതുരവും. (എ) മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളോടു പ്രതികരിക്കുന്നതു സംബന്ധിച്ച് ഒരിക്കൽ വീക്ഷാഗോപുരം എന്തു പറഞ്ഞു? (ബി) ഏതു സ്ഥിതിവിശേഷങ്ങളിൽ യഹോവയുടെ സാക്ഷികൾ മാധ്യമങ്ങളിലെ നിഷേധാത്മക റിപ്പോർട്ടുകളോടു പ്രതികരിച്ചേക്കാം?
16 ഇക്കാര്യത്തിലും, “നിശ്ശബ്ദമായിരിക്കാനും ഒരു സമയം” ഉണ്ട്, “സംസാരിക്കാനും ഒരു സമയം” ഉണ്ട്. ഒരിക്കൽ വീക്ഷാഗോപുരം അതേക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “മാധ്യമങ്ങളിൽ വരുന്ന തെററായ വിവരങ്ങൾ നാം അവഗണിക്കണമോ ഉചിതമായ മാർഗത്തിലൂടെ സത്യാവസ്ഥയ്ക്കുവേണ്ടി വാദപ്രതിവാദം നടത്തണമോ എന്നത് സാഹചര്യങ്ങൾ, വിമർശനത്തിനു പിന്നിലെ വ്യക്തി, അയാളുടെ ലക്ഷ്യം എന്നിവയെയാണ് ആശ്രയിച്ചിരിക്കുന്നത്.” ചില സന്ദർഭങ്ങളിൽ, നിഷേധാത്മക റിപ്പോർട്ടുകളെ അവഗണിച്ച് നുണകൾക്ക് കൂടുതലായ പരസ്യം ലഭിക്കുന്നത് ഒഴിവാക്കുന്നതായിരിക്കാം ഏറ്റവും നല്ലത്.
17 മറ്റു സന്ദർഭങ്ങൾ “സംസാരിക്കാനുള്ള സമയം” ആയിരുന്നേക്കാം. ഒരുപക്ഷേ ഒരു പത്രപ്രവർത്തകനോ റിപ്പോർട്ടറോ യഹോവയുടെ സാക്ഷികളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കാം; ഉത്തരവാദിത്വമുള്ളവനെങ്കിൽ, അയാൾ നമ്മെ കുറിച്ചുള്ള സത്യമായ വിവരങ്ങൾ സ്വാഗതം ചെയ്തേക്കാം. (“തെറ്റിദ്ധാരണ തിരുത്തൽ” എന്ന ചതുരം കാണുക.) മാധ്യമങ്ങളിലെ നിഷേധാത്മക റിപ്പോർട്ടുകൾ മുൻവിധി ഉണ്ടാക്കുകയും അത് നമ്മുടെ പ്രസംഗവേലയ്ക്കു തടസ്സമാകുകയും ചെയ്യുന്നെങ്കിൽ, ഏതെങ്കിലും ഉചിതമായ മാർഗങ്ങളിലൂടെ സത്യത്തിനു വേണ്ടി പ്രതിവാദം നടത്താൻ വാച്ച്ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിലെ പ്രതിനിധികൾ മുൻകൈ എടുത്തേക്കാം.b ഉദാഹരണത്തിന്, ഒരു ടിവി പരിപാടി ആണെന്നിരിക്കട്ടെ. വസ്തുതകൾ അവതരിപ്പിക്കാൻ യോഗ്യരായ മൂപ്പന്മാർ നിയമിക്കപ്പെട്ടേക്കാം, ഇത്തരം സന്ദർഭങ്ങളിൽ ആരും പോകുന്നില്ലെങ്കിൽ, യഹോവയുടെ സാക്ഷികൾക്ക് ഉത്തരമില്ലാത്തതുകൊണ്ടാണെന്ന് ആളുകൾ വ്യാഖ്യാനിച്ചേക്കാം. അത്തരം സംഗതികളിൽ, സാക്ഷികളായ വ്യക്തികൾ വാച്ച് ടവർ സൊസൈറ്റിയുടെയും അതിന്റെ പ്രതിനിധികളുടെയും നിർദേശത്തോട് ബുദ്ധിപൂർവം സഹകരിക്കും.—എബ്രായർ 13:17.
സുവാർത്തയ്ക്കു വേണ്ടി നിയമപരമായി പ്രതിവാദം നടത്തൽ
18. (എ) പ്രസംഗിക്കുന്നതിനു നമുക്ക് മാനുഷ ഗവൺമെന്റുകളുടെ അനുവാദം ആവശ്യമില്ലാത്തത് എന്തുകൊണ്ട്? (ബി) പ്രസംഗിക്കാൻ അനുമതി നിഷേധിക്കപ്പെടുമ്പോൾ നാം ഏതു ഗതി പിൻപറ്റുന്നു?
18 ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നതിനു നമുക്ക് നിയമനം ലഭിച്ചിരിക്കുന്നത് സ്വർഗത്തിൽനിന്നാണ്. ഈ വേല ചെയ്യാൻ നമ്മെ നിയമിച്ചിരിക്കുന്നത് ‘സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും നൽകപ്പെട്ടിരിക്കുന്ന’ യേശു ആണ്. (മത്തായി 28:18-20; ഫിലിപ്പിയർ 2:9-11) അതുകൊണ്ട്, പ്രസംഗിക്കുന്നതിന് നമുക്ക് മാനുഷ ഗവൺമെന്റുകളുടെ അനുവാദം ആവശ്യമില്ല. എന്നിരുന്നാലും, മതപരമായ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നത് രാജ്യസന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായകമാണ് എന്നു നാം അംഗീകരിക്കുന്നു. നമ്മുടെ ആരാധനാ സ്വാതന്ത്ര്യമുള്ള നാടുകളിൽ, അതിനെ സംരക്ഷിക്കുന്നതിന് നാം നിയമവ്യവസ്ഥയെ ഉപയോഗപ്പെടുത്തും. അത്തരം സ്വാതന്ത്ര്യം ഇല്ലാത്തിടങ്ങളിൽ, നിയമത്തിന്റെ ചട്ടക്കൂട്ടിൽനിന്നുകൊണ്ട് അതു കരസ്ഥമാക്കാൻ നാം ശ്രമിക്കും. നമ്മുടെ ലക്ഷ്യം സാമൂഹിക പരിഷ്കരണം അല്ല, മറിച്ച് “സുവാർത്തയ്ക്കു വേണ്ടി പ്രതിവാദം നടത്തലും അതിനെ നിയമപരമായി സ്ഥാപിക്കലും” ആണ്.c—ഫിലിപ്പിയർ 1:7, NW.
19. (എ) നാം ‘ദൈവത്തിനുള്ളതു ദൈവത്തിനു കൊടുക്കു’ന്നതിന്റെ അനന്തരഫലം എന്തായിരിക്കാം? (ബി) എന്തു ചെയ്യാനാണു നമ്മുടെ ദൃഢനിശ്ചയം?
19 യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ, നാം യഹോവയെ അഖിലാണ്ഡ പരമാധികാരിയായി അംഗീകരിക്കുന്നു. അവന്റെ നിയമം പരമോന്നതമാണ്. നാം മനസ്സാക്ഷിപൂർവം മാനുഷ ഗവൺമെന്റുകളെ അനുസരിക്കുന്നു, അങ്ങനെ ‘കൈസർക്കുള്ളത് കൈസർക്കു കൊടുക്കുന്നു.’ എന്നാൽ ‘ദൈവത്തിനുള്ളതു ദൈവത്തിനു കൊടുക്ക’ണമെന്ന ഏറെ പ്രധാനപ്പെട്ട ഉത്തരവാദിത്വം നിറവേറ്റുന്നതിനെ തടസ്സപ്പെടുത്താൻ നാം യാതൊന്നിനെയും അനുവദിക്കുകയില്ല. (മത്തായി 22:21) അങ്ങനെ ചെയ്യുന്നതിലൂടെ നാം രാഷ്ട്രങ്ങളാൽ “ദ്വേഷിക്കപ്പെടു”മെന്നു നമുക്കു നല്ല ബോധ്യമുണ്ട്, എങ്കിലും നാം ഇതിനെ ശിഷ്യത്വത്തിന്റെ ചെലവിന്റെ ഭാഗമായി സ്വീകരിക്കുന്നു. 20-ാം നൂറ്റാണ്ടിൽ യഹോവയുടെ സാക്ഷികൾ നടത്തിയിട്ടുള്ള നിയമപോരാട്ടങ്ങളുടെ ചരിത്രം വിശ്വാസത്തിനു വേണ്ടി പ്രതിവാദം നടത്തുന്നതിനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ തെളിവ് നൽകുന്നു. യഹോവയുടെ സഹായത്തോടെയും പിന്തുണയോടെയും, നാം “ഇടവിടാതെ സുവാർത്ത പഠിപ്പിക്കുകയും പ്രഖ്യാപിക്കുകയും” ചെയ്യുന്നത് തുടരും.—പ്രവൃത്തികൾ 5:42.
[അടിക്കുറിപ്പുകൾ]
a തങ്ങൾക്കു മറ്റുള്ളവരുമായി “ഉണ്ടായിരുന്ന ഏതൊരു പരിചയവും മുതലെടുത്ത് അങ്ങനെയുള്ളവരുടെ [വിജാതീയരുടെ] അടുക്കൽ പോയി മനസ്സിനും കുബുദ്ധിക്കും കണ്ടുപിടിക്കാവുന്ന സകല ദൂഷ്യങ്ങളും പറഞ്ഞ് അവരിൽ ക്രിസ്ത്യാനിത്വത്തോടു വെറുപ്പു മാത്രമല്ല, എതിർപ്പും ഉളവാക്കുക എന്നത് യഹൂദ എതിരാളികളുടെ സ്ഥിരം പണിയായിരുന്നു” എന്ന് മാത്യൂ ഹെൻട്രിയുടെ സമ്പൂർണ ബൈബിൾ ഭാഷ്യം (ഇംഗ്ലീഷ്) വിശദമാക്കുന്നു.
b റഷ്യൻ വാർത്താപത്രം ദൂഷണപരമായ ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ (15-ാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നത്), ലേഖനത്തിലെ വ്യാജ ആരോപണങ്ങൾ പുനഃപരിശോധിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾ റഷ്യൻ ഫെഡറേഷനിലെ വാർത്താ വിവാദങ്ങൾക്കുള്ള പ്രസിഡന്റിന്റെ നീതിന്യായ കോടതിയിൽ അപ്പീൽ കൊടുത്തു. പ്രസ്തുത ആക്ഷേപ ലേഖനം പ്രസിദ്ധീകരിച്ചതിന് ഈയിടെ കോടതി പത്രത്തെ നിശിതമായി ശാസിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചു.—1998 നവംബർ 22 ലക്കം ഉണരുക!യുടെ 26-7 പേജുകൾ കാണുക.
c “സുവാർത്തയെ നിയമപരമായി സംരക്ഷിക്കൽ” എന്ന ലേഖനം കാണുക, പേജ് 19-22.
നിങ്ങൾ ഓർമിക്കുന്നുവോ?
□ യഹോവയുടെ സാക്ഷികൾ “ദ്വേഷിക്കപ്പെടു”ന്നത് എന്തുകൊണ്ട്?
□ നമ്മുടെ വിശ്വാസം സ്വീകരിച്ചിട്ടില്ലാത്തവരെ നാം എങ്ങനെ വീക്ഷിക്കണം?
□ എതിരാളികളോടു പ്രതികരിക്കുമ്പോൾ, യേശു സമനിലയുള്ള ഏതു ദൃഷ്ടാന്തം പ്രകടമാക്കി?
□ നിന്ദിക്കപ്പെടുമ്പോൾ, “നിശ്ശബ്ദമായിരിക്കാൻ ഒരു സമയം” ഉണ്ട്, “സംസാരിക്കാൻ ഒരു സമയം” ഉണ്ട് എന്ന തത്ത്വം നമുക്ക് എങ്ങനെ ബാധകമാക്കാം?
[16-ാം പേജിലെ ചതുരം]
തെറ്റിദ്ധാരണ തിരുത്തൽ
“ബൊളീവിയയിലെ യാക്വിബയിൽ, ഒരു പ്രാദേശിക സുവിശേഷ കൂട്ടം വിശ്വാസത്യാഗികൾ നിർമിച്ച ഒരു വീഡിയോ പരിപാടി ടെലിവിഷനിൽ അവതരിപ്പിച്ചു. ആ പരിപാടിയുടെ ദൂഷ്യഫലം കണക്കിലെടുത്ത് മൂപ്പന്മാർ രണ്ടു ടിവി സ്റ്റേഷനുകൾ സന്ദർശിച്ച് പണം നൽകാമെന്ന വാക്കിൽ സംപ്രേക്ഷണത്തിനായി യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സംഘടന, ബൈബിൾ—വസ്തുതയുടെയും പ്രവചനത്തിന്റെയും ഒരു പുസ്തകം എന്നീ വീഡിയോ പ്രദർശിപ്പിക്കാമോ എന്നു ചോദിച്ചു. സൊസൈറ്റിയുടെ വീഡിയോ കണ്ടതിനുശേഷം ഒരു റേഡിയോ നിലയത്തിന്റെ ഉടമ വിശ്വാസത്യാഗികളുടെ പരിപാടിയിലെ ദുഷ്പ്രചരണത്തിൽ രോഷാകുലനായി യഹോവയുടെ സാക്ഷികളുടെ നടക്കാനിരിക്കുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷനെ കുറിച്ച് സൗജന്യ അറിയിപ്പുകൾ നടത്താമെന്നു സമ്മതിച്ചു. കൺവെൻഷൻ ഹാജർ അസാധാരണമാംവിധം കൂടുതലായിരുന്നു, ശുശ്രൂഷയിൽ സാക്ഷികൾ ആളുകളെ സന്ദർശിച്ചപ്പോൾ പരമാർഥഹൃദയരായ അനേകർ അവരോട് ആത്മാർഥമായ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.”—യഹോവയുടെ സാക്ഷികളുടെ വാർഷിക പുസ്തകം 1997, (ഇംഗ്ലീഷ്) 61-2 പേജുകൾ.
[17-ാം പേജിലെ ചിത്രം]
ചില സന്ദർഭങ്ങളിൽ, യേശു വിമർശകരുടെ വ്യാജ ആരോപണങ്ങൾ അതിശക്തമായി ഖണ്ഡിച്ചു