പ്രകാശനഗരത്തിൽ ജ്യോതിസ്സുകളെ പോലെ ശോഭിക്കൽ
ഫ്ളുക്ടുവാത്ത് നെക്ക് മെർജിത്തുർ, അല്ലെങ്കിൽ “തിരമാലകളുടെ അടിയേറ്റിട്ടും അവൾ മുങ്ങുന്നില്ല” എന്നത് പാരീസ് നഗരത്തെ കുറിച്ചുള്ള ഒരു ചൊല്ലാണ്.
കഴിഞ്ഞ 2,000-ത്തിലധികം വർഷമായി, പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച ഒരു കപ്പൽ പോലെ പാരീസ് നഗരം വിദേശ ആക്രമണങ്ങളെയും ആഭ്യന്തര കലാപങ്ങളെയും അതിജീവിച്ചിട്ടുണ്ട്. ഇപ്പോൾ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിൽ ഒന്നായ പാരീസ്, പ്രൗഢസുന്ദരമായ വാസ്തുശിൽപ്പങ്ങളും ഓരങ്ങളിൽ നിൽക്കുന്ന മരങ്ങളാൽ അലങ്കൃതമായ വീഥികളും ലോകപ്രസിദ്ധ മ്യൂസിയങ്ങളുമുള്ള ഒരു സ്ഥലമാണ്. കവികളും ചിത്രകാരന്മാരും തത്ത്വജ്ഞാനികളും കൂടെക്കൂടെ സന്ദർശിക്കാറുള്ള ഒരു സ്ഥലമായി പലരും അതിനെ കണക്കാക്കുന്നു. എന്നാൽ ചിലർക്കു പ്രിയം അവിടത്തെ ഫാഷനുകളോ സ്വാദിഷ്ടമായ ഭക്ഷണസാധനങ്ങളോ ആണ്.
ചരിത്രപരമായി, പാരീസ് കത്തോലിക്കാ മതത്തിന്റെ ഒരു ശക്തിദുർഗമാണ്. ഇരുന്നൂറ് വർഷം മുമ്പ് ജ്ഞാനപ്രകാശനം (Enlightenment) എന്ന് അറിയപ്പെട്ടിരുന്ന യൂറോപ്യൻ ധൈഷണിക പ്രസ്ഥാനത്തിൽ ഒരു നിർണായക പങ്കു വഹിച്ചതു നിമിത്തം പാരീസ് പ്രകാശനഗരം എന്നു വിളിക്കപ്പെടാൻ ഇടയായി. അറിഞ്ഞോ അറിയാതെയോ ഇന്നത്തെ പാരീസുകാർ മതത്തെക്കാൾ ആ കാലഘട്ടത്തിലെ തത്ത്വചിന്തയാൽ സ്വാധീനിക്കപ്പെടുന്നവരാണ്.
എന്നാൽ, മനുഷ്യജ്ഞാനം ആളുകളുടെ ജീവിതത്തെ പ്രതീക്ഷിച്ചത്ര പ്രബുദ്ധമാക്കിയിട്ടില്ല. ഇന്നു പലരും വ്യത്യസ്തമായ ഒരു ഉറവിലൂടെ പ്രബുദ്ധത തേടുന്നു. ഇപ്പോൾ ഏകദേശം 90 വർഷമായി യഹോവയുടെ സാക്ഷികൾ പാരീസിൽ “ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.” (ഫിലിപ്പിയർ 2:15) വിദഗ്ധരായ നാവികരെപ്പോലെ, “സകല ജനതകളിലെയും അഭികാമ്യ വസ്തുക്ക”ളെ തങ്ങളുടെ കപ്പലിൽ കയറ്റുന്നതിന് ഗതിമാറുന്ന അടിയൊഴുക്കുകളുമായി അഥവാ സംഭവവികാസങ്ങളുമായി അവർക്കു നിരന്തരം പൊരുത്തപ്പെടേണ്ടി വന്നിട്ടുണ്ട്.—ഹഗ്ഗായി 2:7, NW.
വെല്ലുവിളി ഉയർത്തുന്ന ഒരു നഗരം
പാരീസ് 1850-ൽ 6,00,000 നിവാസികളുള്ള ഒരു നഗരമായിരുന്നു. എന്നാൽ, നഗരപ്രാന്തങ്ങളിലേത് ഉൾപ്പെടെ ഇപ്പോൾ അവിടത്തെ ജനസംഖ്യ 90 ലക്ഷത്തിലധികമാണ്. ഈ വളർച്ചയുടെ ഫലമായി പാരീസ് ഫ്രാൻസിലെ ഏറ്റവും വൈവിധ്യമാർന്ന നഗരം ആയിത്തീർന്നിരിക്കുന്നു. അത് ഉന്നതവിദ്യാഭ്യാസത്തിന്റെ ഒരു ലോകകേന്ദ്രമാണ്. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സർവകലാശാലകളിൽ ഒന്ന് അവിടെയുണ്ട്. ഈ നഗരത്തിൽ 2,50,000 വിദ്യാർഥികൾ ഉണ്ട്. പാരീസിലെ, അക്രമവും തൊഴിലില്ലായ്മയും വ്യാപകമായിരിക്കുന്ന ചില പ്രാന്തപ്രദേശങ്ങൾ ആ നഗരത്തിന്റെ ഇരുണ്ട വശത്തെ എടുത്തുകാട്ടുന്നു. സകലതരത്തിലുള്ള മനുഷ്യർക്കും ആകർഷകമായ വിധത്തിൽ സുവാർത്ത അവതരിപ്പിക്കാൻ യഹോവയുടെ സാക്ഷികൾക്കു നിശ്ചയമായും വൈദഗ്ധ്യവും സാഹചര്യത്തിനൊത്തു പൊരുത്തപ്പെടാനുള്ള കഴിവും ആവശ്യമാണ്.—1 തിമൊഥെയൊസ് 4:10.
വർഷംതോറും പാരീസിൽ രണ്ടു കോടിയിലധികം സന്ദർശകരാണ് എത്തുന്നത്. അവർ ആ നഗരത്തിലെ അന്തരീക്ഷം ആസ്വദിച്ചുകൊണ്ട് ആവേശപൂർവം ഈഫൽ ഗോപുരം കയറുകയോ സെയ്ൻ നദിക്കരയിലൂടെ നടക്കുകയോ പാതയോരത്തെ കാപ്പിക്കടകളിലും റസ്റ്ററന്റുകളിലും സമയം പോക്കുകയോ ഒക്കെ ചെയ്തേക്കാം. എന്നാൽ പാരീസുകാരുടെ അനുദിന ജീവിതം വളരെ തിരക്കുപിടിച്ചതാണ്. “ആളുകൾ സദാ പരക്കം പാച്ചി
ലാണ്,” ഒരു മുഴുസമയ ശുശ്രൂഷകനായ ക്രിസ്റ്റ്യാൻ പറയുന്നു. “ജോലി കഴിഞ്ഞ് വരുമ്പോൾ അവർ അവശരായിരിക്കും.” തിരക്കുപിടിച്ച ജീവിതം നയിക്കുന്ന ഈ മനുഷ്യരുമായി സുവാർത്ത പങ്കുവെക്കുക അത്ര എളുപ്പമല്ല.
എന്നാൽ, പാരീസിലെ യഹോവയുടെ സാക്ഷികൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ആളുകളെ അവരുടെ വീടുകളിൽ ചെന്നു കാണുന്നതാണ്. ചില കെട്ടിടങ്ങളിൽ ഇന്റർകോമുകൾ ഉണ്ട്. നഗരത്തിൽ കുറ്റകൃത്യം വർധിക്കുന്നതിനാൽ പല അപ്പാർട്ടുമെന്റുകളിലും ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അതിനാൽ പ്രസ്തുത അപ്പാർട്ടുമെന്റുകളിൽ പ്രവേശിക്കുക അസാധ്യമാണ്. തത്ഫലമായി ഇവിടെ ചില പ്രദേശങ്ങളിൽ 1,400 പേർക്ക് ഒരു സാക്ഷി എന്ന അനുപാതമാണ് ഉള്ളത്. അതിനാൽ സഹോദരങ്ങൾ ടെലിഫോൺ സാക്ഷീകരണവും അനൗപചാരിക സാക്ഷീകരണവും കൂടുതലായി ഉപയോഗിച്ചുവരുന്നു. തങ്ങളുടെ “വെളിച്ചം” മറ്റു വിധങ്ങളിൽ ‘പ്രകാശിപ്പിക്കാൻ’ യഹോവയുടെ സാക്ഷികൾക്കു കഴിഞ്ഞിട്ടുണ്ടോ?—മത്തായി 5:16.
അനൗപചാരിക സാക്ഷീകരണം നടത്താനുള്ള അവസരങ്ങളും സ്ഥലങ്ങളും അനവധിയാണ്. ബസ് സ്റ്റോപ്പിൽ നിൽക്കുന്ന ഒരു സ്ത്രീ അസ്വസ്ഥയായിരിക്കുന്നതായി മർട്ടീൻ എന്ന സഹോദരി കണ്ടു. ആ സ്ത്രീയുടെ ഒരേയൊരു മകൾ മരിച്ചുപോയിരുന്നു. ബൈബിളിന്റെ ആശ്വാസകരമായ പുനരുത്ഥാന സന്ദേശം അടങ്ങുന്ന ലഘുപത്രിക മർട്ടീൻ ആ സ്ത്രീക്കു നൽകി. തുടർന്ന് ഏതാനും മാസങ്ങൾ മർട്ടീന് ആ സ്ത്രീയുമായി യാതൊരു സമ്പർക്കവും ഇല്ലായിരുന്നു. മർട്ടീൻ ആ സ്ത്രീയെ വീണ്ടും കണ്ടപ്പോൾ അവർക്ക് ഒരു ബൈബിൾ അധ്യയനം തുടങ്ങി. ഭർത്താവിന്റെ എതിർപ്പ് ഉണ്ടായിരുന്നിട്ടും, ആ സ്ത്രീ ഒരു സാക്ഷി ആയിത്തീർന്നു.
ഫലപ്രദമായ അനൗപചാരിക സാക്ഷീകരണം
പാരീസിലെ പൊതു ഗതാഗത സംവിധാനം ലോകത്തിലെതന്നെ ഏറ്റവും മികച്ചതാണ്. ദിവസവും 50,00,000 ആളുകൾ യാത്രയ്ക്കായി അവിടത്തെ പ്രസിദ്ധമായ ഭൂഗർഭ റെയിൽപ്പാത പ്രയോജനപ്പെടുത്തുന്നു. പാരീസിലെ സെൻട്രൽ ഭൂഗർഭ റെയിൽവേ സ്റ്റേഷനായ ഷാറ്റ്ലേ-ലേ-ആൽ ലോകത്തിലെ ഏറ്റവും വലുതും തിരക്കേറിയതുമായ സ്റ്റേഷനാണ്. അവിടെ ആളുകളെ കണ്ടുമുട്ടുന്നതിനുള്ള അവസരങ്ങൾ അനവധിയാണ്. അതു വഴിയാണ് അലക്സാൻഡ്ര എന്ന സഹോദരി ദിവസവും ജോലിക്കു പോകുന്നത്. ഒരു ദിവസം അവർ രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന ഒരു യുവ വ്യക്തിയോടു സംസാരിച്ചു. പറുദീസാ പ്രത്യാശയെ കുറിച്ചു വിവരിക്കുന്ന ഒരു ലഘുലേഖ അലക്സാൻഡ്ര അയാൾക്കു നൽകി. ദിവസവും അതേ സമയത്ത് അതേ സ്ഥലത്തുവെച്ച് അവർ ബൈബിൾ ചർച്ച നടത്തി. ഇത് ആറ് ആഴ്ചയോളം തുടർന്നു. എന്നാൽ പിന്നീട് ആ മനുഷ്യൻ അവിടെ വരാതായി. എന്നാൽ, വൈകാതെ അയാളുടെ ഭാര്യ അലക്സാൻഡ്രയ്ക്കു ഫോൺ ചെയ്തു. ആശുപത്രിയിൽ വരണമെന്നും തന്റെ ഭർത്താവിന്റെ അവസ്ഥ വളരെ ഗുരുതരമാണെന്നും ആയിരുന്നു സന്ദേശം. ദുഃഖകരമെന്നു പറയട്ടെ, അലക്സാൻഡ്ര എത്തുന്നതിനു മുമ്പുതന്നെ അയാൾ മരിച്ചു. അയാളുടെ മരണത്തെത്തുടർന്ന് ഭാര്യ ബോർഡോയിലേക്കു താമസം മാറ്റി. അവിടെ, സാക്ഷികൾ അവരെ സന്ദർശിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ ആ വിധവ യഹോവയുടെ ക്രിസ്തീയ സാക്ഷിയായി സ്നാപനമേറ്റു എന്നും തന്റെ ഭർത്താവിനെ പുനരുത്ഥാനത്തിൽ കാണാനായി കാത്തിരിക്കുകയാണ് എന്നും അറിഞ്ഞപ്പോൾ അലക്സാൻഡ്രയ്ക്ക് എത്രമാത്രം സന്തോഷം തോന്നിയെന്നോ!—യോഹന്നാൻ 5:28, 29.
പ്രായമുള്ള ഒരു ക്രിസ്തീയ വനിത പാരീസിൽനിന്നു ഫ്രാൻസിന്റെ മധ്യഭാഗത്തുള്ള ലിമോഴിലേക്കു ട്രെയിനിൽ യാത്ര ചെയ്യവേ, റെനാറ്റാ എന്ന സ്ത്രീയോടു സംസാരിച്ചു. സ്വദേശമായ പോളണ്ടിൽവെച്ച് റെനാറ്റാ അഞ്ചു വർഷത്തോളം ദൈവശാസ്ത്രവും എബ്രായ, ഗ്രീക്കു ഭാഷകളും പഠിച്ചിരുന്നു. എന്നാൽ അവർക്കു ദൈവത്തിലുള്ള വിശ്വാസം നഷ്ടമായിരുന്നു. എങ്കിലും, മൂന്ന് മാസം മുമ്പ് അവർ ദൈവത്തോടു പ്രാർഥിച്ചിരുന്നു. റെനാറ്റാ, നമ്മുടെ പ്രായമുള്ള സഹോദരി പറയുന്നതിൽ വലിയ താത്പര്യം പ്രകടമാക്കിയില്ല. എങ്കിലും, അവർക്ക് തന്റെ ടെലഫോൺ നമ്പർ നൽകി. പക്ഷേ അവർ തന്നെ ഫോണിൽ വിളിക്കുമെന്ന് റെനാറ്റാ വിചാരിച്ചതേ ഇല്ല. എന്നാൽ നമ്മുടെ സഹോദരി അവരെ ഫോണിൽ വിളിക്കുകയും സാക്ഷികൾ അവരെ സന്ദർശിക്കുന്നതിനുള്ള സുനിശ്ചിത ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. സാക്ഷികളായ ഒരു ദമ്പതികൾ കാണാൻ എത്തിയപ്പോൾ ‘ഇവർ എന്നെ എന്തു പഠിപ്പിക്കാനാണ്?’ എന്നായിരുന്നു റെനാറ്റായുടെ വിചാരം. സെമിനാരിയിൽ പരിശീലനം നേടിയ വ്യക്തി ആയിരുന്നിട്ടും ബൈബിൾ സത്യം റെനാറ്റായെ ആകർഷിച്ചു. “അതു സത്യമാണെന്ന് എനിക്കു പെട്ടെന്നു മനസ്സിലായി,” അവർ വിശദീകരിക്കുന്നു. ഇപ്പോൾ ബൈബിൾ സന്ദേശം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ റെനാറ്റാ സന്തോഷം കണ്ടെത്തുന്നു.
മിഷെൽ ഡ്രൈവിങ് പഠിക്കുകയായിരുന്നു. അവളുടെ ക്ലാസ്സിലെ മറ്റു വിദ്യാർഥികൾ വിവാഹപൂർവ ലൈംഗികതയെ കുറിച്ചു സംസാരിക്കാൻ തുടങ്ങി. എന്നാൽ മിഷെൽ അതിൽ തന്റെ വിയോജിപ്പ് പ്രകടമാക്കി. ഒരു ആഴ്ച കഴിഞ്ഞ്, അവളെ ഡ്രൈവിങ് പഠിപ്പിച്ചിരുന്ന സിൽവി എന്ന വനിത ചോദിച്ചു: “നീ യഹോവയുടെ സാക്ഷികളിൽ ഒരാളാണോ?” മിഷെലിന്റെ ബൈബിളധിഷ്ഠിത വീക്ഷണം സിൽവിയിൽ മതിപ്പ് ഉളവാക്കി. അങ്ങനെ അവർക്ക് ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു, ഒരു വർഷം കഴിഞ്ഞ് സിൽവി സ്നാപനമേറ്റു.
പാരീസിലുള്ള നിരവധി പാർക്കുകളും ഉദ്യാനങ്ങളും ആളുകളുമായി സംസാരിക്കാൻ പറ്റിയ ഇടങ്ങളാണ്. ജോലിക്കിടയിൽ അൽപ്പം വിശ്രമിക്കാൻ സമയം കിട്ടിയപ്പോൾ ഷോസെറ്റ് പാർക്കിലേക്കു പോയി. അവിടെ പ്രായംചെന്ന ആലിൻ എന്ന സ്ത്രീയെ കണ്ടുമുട്ടി, അവർ നടക്കാനിറങ്ങിയതായിരുന്നു. ബൈബിളിന്റെ അത്ഭുതകരമായ വാഗ്ദാനങ്ങളെ കുറിച്ച് ഷോസെറ്റ് സംസാരിച്ചു. അങ്ങനെ ഒരു ബൈബിൾ അധ്യയനം തുടങ്ങി. താമസിയാതെ ആലിൻ സ്നാപനമേൽക്കുന്ന ഘട്ടത്തോളം പുരോഗമിച്ചു. ഇപ്പോൾ 74 വയസ്സുള്ള ആലിൻ വളരെ ഫലപ്രദയായ ഒരു സാധാരണ പയനിയറാണ്. ക്രിസ്തീയ സത്യം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ അവർ സന്തോഷിക്കുന്നു.
സകല ജനതകൾക്കും വെളിച്ചം
സാംസ്കാരിക വൈവിധ്യത്തിന്റെ സമ്പന്നത ആസ്വദിക്കാൻ പാരീസിലെ സാക്ഷികൾക്ക് വിദൂര ദേശങ്ങളിലേക്കു പോകേണ്ടതില്ല. ജനസംഖ്യയിൽ 20 ശതമാനത്തോളം വിദേശികളാണ്. ഏകദേശം 25 വ്യത്യസ്ത ഭാഷകളിലായി വിവിധ ക്രിസ്തീയ സഭകളും കൂട്ടങ്ങളും ഇവിടെയുണ്ട്.
വിവിധ ഭാഷക്കാരോടു സുവിശേഷിക്കുന്നതിലുള്ള ചാതുര്യവും സാമർഥ്യവും നല്ല ഫലങ്ങൾ കൈവരുത്തുന്നു. ഒരു ഫിലിപ്പിനോ സഹോദരി തന്റേതായ ഒരു സാക്ഷീകരണ പ്രദേശം ഉണ്ടാക്കിയെടുത്തു. കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ അവിടെയുള്ള ഫിലിപ്പീൻസുകാരുമായി സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ട് നിരവധി ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്.
സുവാർത്ത പ്രസംഗിക്കുന്നതിൽ നേതൃത്വമെടുക്കുന്നത് പ്രതിഫലദായകമാണ്. 1996 ഡിസംബറിൽ, ഒരു ലോകപ്രസിദ്ധ സർക്കസ് സംഘം തങ്ങളുടെ പട്ടണത്തിൽ വരുന്നെന്ന് കേട്ടപ്പോൾ അതിലെ താരങ്ങളെ കാണാൻ ഒരു വിദേശഭാഷാ സഭയിലുള്ള സാക്ഷികൾ തീരുമാനിച്ചു. ഒരു ദിവസം വൈകുന്നേരം സർക്കസ് പരിപാടി കഴിഞ്ഞ് ഹോട്ടലിലേക്കു മടങ്ങുകയായിരുന്ന അവരിൽ ചില കലാകാരന്മാരോടു സംസാരിക്കാൻ ആ സഹോദരങ്ങൾക്കു കഴിഞ്ഞു. അതിന്റെ ഫലമായി 28 ബൈബിളുകളും 59 പുസ്തകങ്ങളും 131 ലഘുപത്രികകളും 290 മാസികകളും സമർപ്പിക്കാൻ അവർക്കു സാധിച്ചു. മൂന്നു വാരത്തെ സർക്കസ് പ്രകടനത്തിന്റെ ഒടുവിൽ ആ താരങ്ങളിൽ ഒരാൾ ചോദിച്ചു: “എനിക്ക് എങ്ങനെ യഹോവയുടെ സാക്ഷികളിൽ ഒരാളാകാൻ പറ്റും?” മറ്റൊരാൾ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ രാജ്യത്ത് ചെന്നു സുവാർത്ത പ്രസംഗിക്കും!”
കണ്ടെത്തേണ്ട ഗുപ്തനിധികൾ
പാരീസിൽ എത്തുന്ന സന്ദർശകർക്ക് നോക്കുന്നിടത്തെല്ലാം പോയ കാലത്തെ മനോഹരമായ കെട്ടിടങ്ങളാണ് കാണാൻ കഴിയുക. എന്നാൽ, അതിനെക്കാൾ അമൂല്യമായ കാര്യങ്ങൾ ഇനിയും കണ്ടെത്താനാകും. നയതന്ത്രജ്ഞനായ തന്റെ അമ്മാവനോടൊപ്പമാണ് ആനിസ ഫ്രാൻസിൽ എത്തിയത്. അവൾ ദിവസവും വീട്ടിൽവെച്ചു ബൈബിൾ വായിക്കുമായിരുന്നു. ഒരു ദിവസം അവൾ തിടുക്കത്തിൽ വീട്ടിൽനിന്നു പുറത്തേക്കു പോകവേ, ഒരു പയനിയർ അവൾക്ക് ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം എന്ന ലഘുലേഖ നൽകി. അടുത്ത വാരത്തിൽ അവളുമായി കൂടിക്കാണാനുള്ള ക്രമീകരണവും ചെയ്തു, അങ്ങനെ അവൾക്ക് ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു. ആനിസയ്ക്ക് കുടുംബത്തിൽനിന്നു വലിയ എതിർപ്പുണ്ടായി. എന്നിരുന്നാലും, അവൾ തന്റെ ബൈബിൾ അധ്യയനത്തിൽ പുരോഗമിക്കുകയും സ്നാപനമേൽക്കുകയും ചെയ്തു. മറ്റുള്ളവരുമായി സത്യം പങ്കുവെക്കാനുള്ള പദവിയെ അവൾ എങ്ങനെയാണ് വീക്ഷിക്കുന്നത്? “ഞാനൊരു നാണംകുണുങ്ങി ആയതിനാൽ ആദ്യമൊക്കെ പ്രസംഗപ്രവർത്തനം ദുഷ്കരമായിരുന്നു. എന്നാൽ, ബൈബിളിന്റെ വായന എനിക്കു പ്രചോദനം നൽകുന്നു. പ്രസംഗിക്കാൻ പോകാതെ വെറുതെയിരിക്കാൻ എനിക്കാവില്ല.” “കർത്താവിന്റെ വേലയിൽ” ധാരാളം ചെയ്യാനുണ്ടെന്നു വിശ്വസിക്കുന്ന പാരീസിലെ പല സാക്ഷികളുടെയും കാര്യത്തിൽ ആ മനോഭാവം സത്യമാണ്.—1 കൊരിന്ത്യർ 15:58.
ബൈബിൾ സത്യം പാരീസിന്റെ പ്രാന്തപ്രദേശങ്ങളിലെ കോളനികളിലും പ്രകാശിക്കുന്നു. അങ്ങനെ കൂടുതൽ ‘രത്നങ്ങളെ’ കണ്ടെത്താൻ സാധിക്കുന്നു. ഏതാനും റെക്കോർഡിങ്ങുകൾ വാങ്ങാൻ ബ്രൂസ്, ആയിടയ്ക്ക് ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നിരുന്ന തന്റെ ഒരു സുഹൃത്തിന്റെ അടുക്കൽ ചെന്നു. ആ സുഹൃത്ത് ബ്രൂസിനു പരിചയമുള്ള ചിലരുമായി ബൈബിൾ വിഷയങ്ങൾ ചർച്ച ചെയ്യുന്നതു കണ്ട ബ്രൂസ് അവരുടെ സംഭാഷണം ശ്രദ്ധിച്ചു. ബൈബിൾ പഠിക്കാനുള്ള ക്ഷണം സ്വീകരിച്ചെങ്കിലും, ബ്രൂസിനു ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. “ഞാൻ എന്റെ പ്രദേശത്ത് വളരെ അറിയപ്പെട്ടിരുന്ന ഒരാളായിരുന്നു. എന്റെ ഏറ്റവും മൂത്ത സഹോദരൻ എപ്പോഴും ഒരു വഴക്കാളിയായിരുന്നു. ശബ്ദായമാനമായ പാർട്ടികൾ ഞാൻ സംഘടിപ്പിച്ചിരുന്നു. ഞാൻ ഒരു സാക്ഷി ആയിത്തീരുന്നു എന്ന വസ്തുത മറ്റുള്ളവർ എങ്ങനെ അംഗീകരിക്കും?” പാർട്ടികൾ സംഘടിപ്പിക്കാൻ ആവർത്തിച്ചാവർത്തിച്ച് ക്ഷണം ലഭിച്ചിട്ടും, ബ്രൂസ് ആ പ്രവർത്തനം നിറുത്തി. ഒരു മാസത്തിനു ശേഷം, അദ്ദേഹം സുവാർത്ത പ്രസംഗിക്കാൻ തുടങ്ങി: “ഞാൻ എന്തുകൊണ്ടാണ് ഒരു സാക്ഷി ആയതെന്ന് അവിടത്തുകാരെല്ലാം അറിയാൻ ആഗ്രഹിച്ചു.” താമസിയാതെ അദ്ദേഹം സ്നാപനമേറ്റു. ഒടുവിൽ, അദ്ദേഹത്തിന് ശുശ്രൂഷാ പരിശീലന സ്കൂളിൽ സംബന്ധിക്കാനുള്ള പദവി ലഭിച്ചു.
നിക്ഷേപങ്ങൾക്കായുള്ള തിരച്ചിൽ വളരെ ശ്രമകരമായിരുന്നേക്കാം. എന്നാൽ ആ പ്രവർത്തനത്തിനു പ്രതിഫലം ലഭിക്കുമ്പോൾ അത് എത്ര സന്തോഷമാണ് കൈവരുത്തുക! ഷാക്കിയും ബ്രൂയെനോയും ഡാമിയെനും പാരീസിൽ റൊട്ടി നിർമാതാക്കൾ ആയിരുന്നു. “[സാക്ഷികൾക്കു] ഞങ്ങളെ കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. കാരണം, ഞങ്ങൾക്ക് എപ്പോഴും ജോലി ആയിരിക്കും. അതിനാൽ വീട്ടിൽ കാണില്ല,” ഷാക്കി പറയുന്നു. ഒരു സാധാരണ പയനിയറായ പാട്രിക്ക് ഒരു കെട്ടിടത്തിന്റെ മുകളിൽ ഏതാനും ചെറിയ മുറികൾ ഉള്ളതായി മനസ്സിലാക്കി. അതിൽ ഒരെണ്ണത്തിലെങ്കിലും ആൾത്താമസം ഇല്ലാതിരിക്കില്ല എന്ന് അദ്ദേഹം നിരൂപിച്ചു. അവിടെ താമസിക്കുന്നവരുടെ പക്കൽ സുവാർത്ത എത്തിക്കാനുള്ള പാട്രിക്കിന്റെ തുടർച്ചയായ ശ്രമങ്ങൾ ഒടുവിൽ പൂവണിഞ്ഞു. ആ മുറികളിലൊന്നിൽ താമസിക്കുകയായിരുന്ന ഷാക്കിയെ ഒരു ദിവസം ഉച്ചകഴിഞ്ഞ് പാട്രിക്ക് കണ്ടുമുട്ടി. അതിന്റെ ഫലമോ? റൊട്ടി നിർമിച്ചിരുന്ന ആ മൂന്നു സുഹൃത്തുക്കളും പിന്നീട് സാക്ഷികൾ ആയിത്തീർന്നു. ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ കൂടുതലായി ഏർപ്പെടാൻ സാധിക്കും വിധം അവർ മറ്റൊരു ജോലി കണ്ടെത്തി.
കൊടുങ്കാറ്റ് ശമിക്കുന്നു
അടുത്ത കാലത്ത് ഫ്രാൻസിലെ മാധ്യമങ്ങൾ യഹോവയുടെ സാക്ഷികളെ അപകടകരമായ ഒരു മതവിഭാഗമായി ചിത്രീകരിച്ചിരിക്കുന്നു. 1996-ൽ, പ്രത്യേക വിവരങ്ങൾ അടങ്ങിയ യഹോവയുടെ സാക്ഷികൾ—നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് എന്ന ശീർഷകത്തിലുള്ള ഒരു ലഘുലേഖയുടെ 90 ലക്ഷത്തിലധികം പ്രതികൾ സാക്ഷികൾ മുഴുഹൃദയാ വിതരണം ചെയ്തു. വളരെ നല്ല പ്രതികരണമാണ് ആളുകളിൽനിന്നു ലഭിച്ചത്.
എല്ലാവരുടെയും പക്കൽ അത് എത്തിക്കാൻ പ്രത്യേക ശ്രമം ചെയ്യപ്പെട്ടു. പല ഉദ്യോഗസ്ഥരും സാക്ഷികളോടുള്ള വിലമതിപ്പു പ്രകടമാക്കി. ഒരു നഗരഭരണസമിതി അംഗം ഇങ്ങനെ എഴുതി: “ഈ ലഘുലേഖ വിതരണം ചെയ്യുന്നതിൽ യഹോവയുടെ സാക്ഷികൾ ചെയ്തിരിക്കുന്ന വേല പ്രശംസനീയമാണ്. അവരെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറാൻ അത് ഇടയാക്കിയിരിക്കുന്നു.” ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞു: “വളരെ കാലമായി ഞാൻ ഇതിനായി കാത്തിരിക്കുകയായിരുന്നു!” പാരീസ് മേഖലയിൽ നിന്നുള്ള ഒരു മനുഷ്യൻ ഇപ്രകാരം എഴുതി: “യഹോവയുടെ സാക്ഷികൾ—നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് എന്ന ലഘുലേഖ ഞാൻ യാദൃച്ഛികമായി വായിക്കാൻ ഇടയായി. കൂടുതൽ വിവരങ്ങൾ അറിയാനും സൗജന്യ ഭവന ബൈബിൾ അധ്യയന ക്രമീകരണം പ്രയോജനപ്പെടുത്താനും എനിക്ക് ആഗ്രഹമുണ്ട്.” മറ്റൊരു വനിത ഇങ്ങനെ എഴുതി: “നിങ്ങളുടെ സത്യസന്ധതയ്ക്കു നന്ദി.” ഒരു കത്തോലിക്ക സ്ത്രീ സാക്ഷികളോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഒടുവിൽ ആ നുണകൾക്ക് ചുട്ട മറുപടി കൊടുത്തിരിക്കുന്നു!”
പാരീസിലെ നിരവധി യുവജനങ്ങളെ സംബന്ധിച്ചിടത്തോളം 1997-ൽ സാക്ഷീകരണ പ്രവർത്തനത്തിന് ഒരു പ്രത്യേക അവസരം തുറന്നുകിട്ടി. ലോക കത്തോലിക്കാ യുവജനദിന പരിപാടിയുടെ സമയത്തായിരുന്നു അത്. അന്തരീക്ഷ താപനില 35 ഡിഗ്രി സെൽഷ്യസിലും അധികമായിരുന്നെങ്കിലും പ്രസ്തുത പ്രവർത്തനത്തിൽ 2,500-ഓളം സാക്ഷികൾ പങ്കെടുത്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രികയുടെ 18,000 പ്രതികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവജനങ്ങൾക്കു സമർപ്പിച്ചു. യഹോവയുടെ നാമത്തിന് നല്ലൊരു സാക്ഷ്യം നൽകുകയും സത്യത്തിന്റെ വിത്തുകൾ വിതയ്ക്കുകയും ചെയ്തതിനു പുറമേ, പ്രസ്തുത പ്രവർത്തനം ആ യുവസാക്ഷികൾക്കു വളരെയധികം ഉത്സാഹം പകർന്നു. തന്റെ അവധിക്കാലം വെട്ടിക്കുറച്ചുകൊണ്ട് ആ പ്രത്യേക പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്ത ഒരു യുവസഹോദരി ഇങ്ങനെ പറയുന്നു: “യഹോവയ്ക്ക് ഭൂമിയിൽ ഒരു സന്തുഷ്ട ജനമുണ്ട്. അവർ തങ്ങളുടെ ശക്തി അവന്റെ നാമത്തെ കീർത്തിക്കാൻ ഉപയോഗിക്കുന്നു. സമ്പന്നവും സമൃദ്ധവുമായ ആ രണ്ടു ദിവസങ്ങൾ ഒരു ആയുഷ്കാല അവധിക്കാലത്തിന്റെ അത്രയും മൂല്യമുള്ളതാണ്! (സങ്കീർത്തനം 84:10)”
ജർമനിയിൽ യഹോവയുടെ സാക്ഷികൾക്കു നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഹിറ്റ്ലർ കൽപ്പന പുറപ്പെടുവിച്ചതിന്റെ 65-ാം വാർഷികമായിരുന്നു 1998 ഫെബ്രുവരി 28. ഫ്രാൻസിലെ യഹോവയുടെ സാക്ഷികൾ ആ ദിവസം, വാടകയ്ക്കെടുത്ത ഹാളുകളിൽ യഹോവയുടെ സാക്ഷികൾ നാസി ആക്രമണത്തിനെതിരെ ഉറച്ചുനിൽക്കുന്നു എന്ന വീഡിയോ പരസ്യമായി പ്രദർശിപ്പിക്കാൻ വിനിയോഗിച്ചു. യഹോവയുടെ ജനത്തിനു സഹിക്കേണ്ടിവന്ന പീഡനത്തെ കുറിച്ചു വിവരിക്കുന്നതാണ് ആ വീഡിയോ. 70 ലക്ഷത്തിലധികം ക്ഷണക്കത്തുകൾ വിതരണം ചെയ്തു. ചരിത്രകാരന്മാരും മുൻ തടങ്കൽപ്പാളയ അന്തേവാസികളും ഹൃദയസ്പർശിയായ അനുഭവങ്ങൾ വിവരിച്ചു. പാരീസിൽ 5,000 ആളുകൾ ഈ വീഡിയോ കണ്ടു. അതിൽ സാക്ഷികളല്ലാത്ത നിരവധി പേരും ഉണ്ടായിരുന്നു.
പാരീസിലുള്ള അനേകർ ആത്മീയ വെളിച്ചം വളരെയധികം വിലമതിക്കുന്നു. രാജ്യപ്രസാധകർ ജ്യോതിസ്സുകളെ പോലെ ശോഭിക്കുന്നതിൽ അവർ സന്തോഷിക്കുന്നു. അത് യേശു പ്രഖ്യാപിച്ചതുപോലെയാണ്: “കൊയ്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം.” (മത്തായി 9:37) ഈ നഗരത്തിൽ സുവാർത്ത പ്രസംഗിക്കുന്നതിന്റെ വെല്ലുവിളികൾ തരണം ചെയ്യുന്നതിൽ യഹോവയുടെ സാക്ഷികൾ പ്രകടമാക്കിയിട്ടുള്ള ദൃഢചിത്തത പാരീസിനെ ഒരു പ്രത്യേക അർഥത്തിൽ—യഹോവയ്ക്ക് സ്തുതി കരേറ്റുന്ന വിധത്തിൽ—ഒരു പ്രകാശനഗരം ആക്കി മാറ്റിയിരിക്കുന്നു.
[9-ാം പേജിലെ ചിത്രം]
സിറ്റി ഹാൾ
[9-ാം പേജിലെ ചിത്രം]
ലൂവ്റ മ്യൂസിയം
[9-ാം പേജിലെ ചിത്രം]
ഓപ്പെറാ ഗാർണിയെർ
[10-ാം പേജിലെ ചിത്രങ്ങൾ]
തിരക്കേറിയ ആളുകളെ കണ്ടെത്താവുന്ന എവിടെയും അവരുമായി സുവാർത്ത പങ്കുവെക്കുന്നു