അവർ ജഡത്തിലെ മുള്ളുമായി പൊരുത്തപ്പെട്ടു ജീവിച്ചു
“എനിക്കു ജഡത്തിൽ ഒരു ശൂലം [“മുള്ള്,” NW] തന്നിരിക്കുന്നു; . . . എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ.”—2 കൊരിന്ത്യർ 12:7.
1. ആളുകൾ ഇന്നു നേരിടുന്ന ചില പ്രശ്നങ്ങൾ ഏവ?
അത്യന്തം പ്രയാസകരമായ ഒരു സാഹചര്യവുമായി മല്ലിടുകയാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. കടുത്ത എതിർപ്പ്, കുടുംബ പ്രശ്നങ്ങൾ, രോഗങ്ങൾ, സാമ്പത്തിക പരാധീനതകൾ, വൈകാരിക ക്ലേശങ്ങൾ, മരണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമാകൽ തുടങ്ങിയ അനേകം വെല്ലുവിളികളെ വിശ്വസ്ത ക്രിസ്ത്യാനികൾക്ക് ഈ “ദുർഘടസമയങ്ങ”ളിൽ നേരിടേണ്ടതായി വരുന്നു. (2 തിമൊഥെയൊസ് 3:1-5) ചില ദേശങ്ങളിൽ, ഭക്ഷ്യക്ഷാമവും യുദ്ധവും നിമിത്തം അനേകരുടെ ജീവൻ അപകടത്തിലാണ്.
2, 3. നാം നേരിടുന്ന മുള്ളുസമാന പ്രശ്നങ്ങളിൽനിന്ന് എന്തു നിഷേധാത്മക മനോഭാവം ഉടലെടുത്തേക്കാം, അത് അപകടകരം ആയിത്തീർന്നേക്കാവുന്നത് എങ്ങനെ?
2 അത്തരം പ്രശ്നങ്ങൾ ഒരുവനെ തളർത്തിക്കളഞ്ഞേക്കാം, വിശേഷിച്ചും പലവിധ ദുരിതങ്ങൾ ഒരേസമയം വന്നുകൂടുന്നെങ്കിൽ. സദൃശവാക്യങ്ങൾ 24:10 പറയുന്നതു ശ്രദ്ധിക്കുക: “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ.” അതേ, പരിശോധനകൾ വരുമ്പോൾ നിരുത്സാഹിതരാകുന്നെങ്കിൽ അത്, നമുക്ക് അങ്ങേയറ്റം ആവശ്യമായ ശക്തി ചോർന്നുപോകാൻ ഇടയാക്കുകയും അവസാനത്തോളം സഹിച്ചുനിൽക്കാനുള്ള നമ്മുടെ തീരുമാനത്തെ ദുർബലമാക്കുകയും ചെയ്യും. എങ്ങനെ?
3 വസ്തുനിഷ്ഠമായി കാര്യങ്ങളെ വീക്ഷിക്കാനുള്ള നമ്മുടെ പ്രാപ്തി നഷ്ടമാകാൻ നിരുത്സാഹം ഇടയാക്കിയേക്കാം. ഉദാഹരണത്തിന്, നമ്മുടെ കഷ്ടപ്പാടുകളെ പെരുപ്പിച്ചു കാണാനും സ്വയം സഹതാപം തോന്നാനും എളുപ്പമാണ്. “എനിക്ക് ഇങ്ങനെയൊക്കെ വരാൻ നീ ഇടയാക്കുന്നത് എന്തുകൊണ്ടാണ്?” എന്നു ചിലർ ദൈവത്തോടു നിലവിളിക്കുകപോലും ചെയ്തേക്കാം. അത്തരത്തിലുള്ള ഒരു നിഷേധാത്മക മനോഭാവം ഉടലെടുക്കാൻ അനുവദിച്ചാൽ അത് ഒരുവന്റെ സന്തോഷത്തെയും ആത്മവിശ്വാസത്തെയും കെടുത്തിക്കളഞ്ഞേക്കാം. “വിശ്വാസത്തിന്റെ നല്ല പോർ പൊരുതു”ന്നതിൽനിന്നു പിന്മാറുന്ന അളവോളം ഒരു ദൈവദാസൻ നിരുത്സാഹിതനായിത്തീർന്നേക്കാം.—1 തിമൊഥെയൊസ് 6:12.
4, 5. ചില സാചര്യങ്ങളിൽ സാത്താൻ നമ്മുടെ പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ, എന്നിരുന്നാലും നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാവുന്നതാണ്?
4 നമ്മുടെ പരിശോധനകൾക്ക് ഉത്തരവാദി യഹോവയാം ദൈവം അല്ലെന്നുള്ളതു തീർച്ചയാണ്. (യാക്കോബ് 1:13) അവനോടു വിശ്വസ്തരായിരിക്കാൻ ശ്രമിക്കുന്നതുകൊണ്ടു മാത്രമായിരിക്കാം ചില പരിശോധനകൾ നമുക്കു നേരിടേണ്ടി വരുന്നത്. യഹോവയെ സേവിക്കുന്ന സകലരും അവന്റെ മുഖ്യ എതിരാളിയായ പിശാചായ സാത്താന്റെ ലക്ഷ്യങ്ങളായി മാറുന്നു. ദുഷ്ടനായ “ഈ ലോകത്തിന്റെ ദൈവം” തനിക്ക് അവശേഷിച്ചിരിക്കുന്ന അൽപ്പ സമയംകൊണ്ട്, യഹോവയെ സ്നേഹിക്കുന്ന ഏവരെയും അവന്റെ ഹിതം ചെയ്യുന്നതിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. (2 കൊരിന്ത്യർ 4:4) ലോകമെമ്പാടുമുള്ള നമ്മുടെ സഹോദരവർഗത്തെ ആകുന്ന വിധത്തിലെല്ലാം കഷ്ടപ്പെടുത്താൻ സാത്താൻ ശ്രമിക്കുന്നു. (1 പത്രൊസ് 5:9) നമ്മുടെ എല്ലാ പ്രശ്നങ്ങളും സാത്താൻ നേരിട്ടു വരുത്തുന്നതല്ലെങ്കിലും നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ മുതലെടുക്കാനും അങ്ങനെ നമ്മെ കൂടുതൽ ദുർബലപ്പെടുത്താനും അവനു കഴിയും.
5 എന്നാൽ സാത്താനോ അവന്റെ ആയുധങ്ങളോ എത്ര ശക്തമാണെങ്കിലും നമുക്ക് അവനെ തോൽപ്പിക്കാനാകും! അതിനു നമുക്ക് എന്തുറപ്പുണ്ട്? കാരണം യഹോവയാണ് നമുക്കു വേണ്ടി പോരാടുന്നത്. തന്റെ ദാസർ സാത്താന്റെ തന്ത്രങ്ങൾ സംബന്ധിച്ച് അജ്ഞരല്ലെന്ന് അവൻ ഉറപ്പു വരുത്തിയിട്ടുണ്ട്. (2 കൊരിന്ത്യർ 2:11) സത്യ ക്രിസ്ത്യാനികൾക്കു നേരിട്ടേക്കാവുന്ന പരിശോധനകളെ കുറിച്ചു വളരെയധികം കാര്യങ്ങൾ ദൈവവചനം നമ്മോടു പറയുന്നു. അപ്പൊസ്തലനായ പൗലൊസിന്റെ കാര്യത്തിൽ, ബൈബിൾ ‘ജഡത്തിലെ മുള്ള്’ എന്ന പ്രയോഗം ഉപയോഗിച്ചിരിക്കുന്നു. കാരണം? ദൈവവചനം ആ പ്രയോഗത്തെ വിശദീകരിക്കുന്നത് എങ്ങനെയെന്നു നമുക്കു നോക്കാം. പരിശോധനകളുടെമേൽ വിജയം നേടുന്നതിൽ യഹോവയുടെ സഹായം ആവശ്യമുള്ളത് നമുക്കു മാത്രമല്ലെന്ന് അപ്പോൾ മനസ്സിലാകും.
പരിശോധനകൾ മുള്ളുകൾ പോലെ ആയിരിക്കുന്നതിന്റെ കാരണം
6. ‘ജഡത്തിലെ മുള്ള്’ എന്നതുകൊണ്ട് പൗലൊസ് അർഥമാക്കിയത് എന്ത്, ആ മുള്ള് എന്തിനെ പ്രതീകപ്പെടുത്തിയിരിക്കാം?
6 അതികഠിനമായ പരിശോധനകൾക്കു വിധേയനായ പൗലൊസ് ഇങ്ങനെ എഴുതാൻ നിശ്വസ്തനാക്കപ്പെട്ടു: “ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം [“മുള്ള്,” NW] തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ.” (2 കൊരിന്ത്യർ 12:7) പൗലൊസിന്റെ ജഡത്തിലെ ഈ മുള്ള് എന്തായിരുന്നു? ശരീരത്തിൽ ആഴത്തിൽ ഒരു മുള്ള് തുളച്ചുകയറുന്നത് തീർച്ചയായും വേദനാജനകമാണ്. അതുകൊണ്ട്, ഈ ആലങ്കാരിക പ്രയോഗം പൗലൊസിനെ ശാരീരികമോ വൈകാരികമോ അല്ലെങ്കിൽ ഇരുപ്രകാരത്തിലുമോ വേദനിപ്പിച്ചിരുന്ന ഒരു സംഗതിയെ പ്രതീകപ്പെടുത്തുന്നു. ഒരുപക്ഷേ പൗലൊസ് കാഴ്ച സംബന്ധമായ തകരാറോ മറ്റേതെങ്കിലും ആരോഗ്യപ്രശ്നമോ നിമിത്തം ദുരിതം അനുഭവിച്ചിരുന്നിരിക്കാം. അതുമല്ലെങ്കിൽ, അപ്പൊസ്തലനായിരിക്കാനുള്ള അവന്റെ യോഗ്യതകളെ വെല്ലുവിളിക്കുകയും അവന്റെ പ്രസംഗ, പഠിപ്പിക്കൽ വേലയുടെ മൂല്യത്തെ സംശയിക്കുകയും ചെയ്തിരുന്ന വ്യക്തികളെ ആയിരിക്കാം ആ മുള്ള് പ്രതീകപ്പെടുത്തിയത്. (2 കൊരിന്ത്യർ 10:10-12; 11:5, 6, 13) ആ മുള്ള് എന്തുതന്നെ ആയിരുന്നാലും, അത് അവനു നീക്കംചെയ്യാൻ കഴിയുന്ന ഒന്നായിരുന്നില്ല.
7, 8. (എ) ‘കുത്തിക്കൊണ്ടിരിക്കുക’ എന്ന പ്രയോഗം എന്തിനെ സൂചിപ്പിക്കുന്നു? (ബി) ഇപ്പോൾ നമ്മെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഏതു മുള്ളുമായും പൊരുത്തപ്പെട്ടു ജീവിക്കുന്നതു മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
7 ആ മുള്ള് പൗലൊസിനെ കുത്തിക്കൊണ്ടിരുന്നു എന്നതും ശ്രദ്ധിക്കുക. പൗലൊസ് ഇവിടെ ഉപയോഗിച്ച ഗ്രീക്ക് പദം, “വിരൽമടക്ക്” എന്ന അർഥമുള്ള ഒരു പദത്തിൽനിന്നു വന്നതാണ്. മത്തായി 26:67-ൽ ആ പദം അക്ഷരീയമായും 1 കൊരിന്ത്യർ 4:11-ൽ പ്രതീകാത്മകമായും ഉപയോഗിച്ചിരിക്കുന്നു. മുഷ്ടി ചുരുട്ടി കുത്തുക അഥവാ ഇടിക്കുക എന്ന ആശയമാണ് ഈ വാക്യങ്ങൾ നൽകുന്നത്. യഹോവയോടും അവന്റെ ദാസന്മാരോടും സാത്താനുള്ള കടുത്ത വിദ്വേഷം കണക്കിലെടുക്കുമ്പോൾ, ഒരു മുള്ള് പൗലൊസിനെ കുത്തിക്കൊണ്ടിരുന്നതിൽ പിശാച് വളരെ സന്തോഷിച്ചിരുന്നു എന്നതു തീർച്ചയാണ്. ഇന്ന്, ജഡത്തിലെ മുള്ള് നമ്മെ കഷ്ടപ്പെടുത്തുമ്പോഴും സാത്താൻ അതേ വിധത്തിൽ സന്തോഷിക്കുന്നു.
8 അതുകൊണ്ട്, പൗലൊസിനെ പോലെ, അത്തരം മുള്ളുകളുമായി പൊരുത്തപ്പെട്ടു ജീവിക്കേണ്ടത് എങ്ങനെയെന്നു നാം അറിഞ്ഞിരിക്കണം. നമ്മുടെ നിലനിൽപ്പുതന്നെ അതിനെ ആശ്രയിച്ചിരിക്കുന്നു! മുള്ളുസമാന പ്രശ്നങ്ങൾ ഒരിക്കലും നമ്മെ കുത്തിനോവിക്കുകയില്ലാത്ത പുതിയ ഭൂമിയിലെ നിത്യജീവൻ നമുക്കു ലഭിക്കാൻ യഹോവ ആഗ്രഹിക്കുന്നുവെന്ന് ഓർക്കുക. മഹത്തായ ഈ സമ്മാനം നേടുന്നതിനു നമ്മെ സഹായിക്കാൻ തന്റെ വിശുദ്ധ വചനമായ ബൈബിളിൽ ഒട്ടേറെ ദൃഷ്ടാന്തങ്ങൾ ദൈവം നമുക്കു നൽകിയിരിക്കുന്നു. യഹോവയുടെ വിശ്വസ്ത ദാസർ ജഡത്തിലെ മുള്ളുകളുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നതിൽ വിജയിച്ചിരിക്കുന്നുവെന്ന് ആ ദൃഷ്ടാന്തങ്ങൾ നമുക്കു കാട്ടിത്തരുന്നു. നമ്മെപ്പോലെതന്നെ അപൂർണരായ, സാധാരണ ആളുകളായിരുന്നു അവരും. ‘സാക്ഷികളുടെ [ഈ] വലിയ സമൂഹ’ത്തിലെ ചിലരെ കുറിച്ചു പരിചിന്തിക്കുന്നത് ‘നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടാൻ’ നമ്മെ സഹായിക്കും. (എബ്രായർ 12:1) അവർക്കു സഹിക്കേണ്ടി വന്ന ദുരിതങ്ങളെ കുറിച്ചു ധ്യാനിക്കുന്നത്, നമുക്കെതിരെ സാത്താൻ ഉപയോഗിച്ചേക്കാവുന്ന ഏതൊരു മുള്ളിനെയും ചെറുക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വളർത്തിയെടുക്കാൻ നമ്മെ പ്രാപ്തരാക്കും.
മെഫീബോശെത്തിനെ വേദനിപ്പിച്ചുകൊണ്ടിരുന്ന മുള്ളുകൾ
9, 10. (എ) മെഫീബോശെത്തിന് ജഡത്തിൽ ഒരു മുള്ള് ഉണ്ടാകാൻ ഇടയായത് എങ്ങനെ? (ബി) ദാവീദ് രാജാവ് മെഫീബോശെത്തിനോട് എന്തു ദയ കാണിച്ചു, നമുക്കു ദാവീദിനെ അനുകരിക്കാൻ സാധിക്കുന്നത് എങ്ങനെ?
9 ദാവീദിന്റെ സുഹൃത്തായിരുന്ന യോനാഥാന്റെ മകൻ മെഫീബോശെത്തിന്റെ കാര്യമെടുക്കുക. മെഫീബോശെത്തിന് അഞ്ചു വയസ്സുള്ളപ്പോഴാണ് അവന്റെ പിതാവായ യോനാഥാനും മുത്തച്ഛനായ ശൗൽ രാജാവും കൊല്ലപ്പെട്ടതായി വിവരം ലഭിക്കുന്നത്. അവനെ പരിപാലിച്ചിരുന്ന സ്ത്രീ വാർത്ത കേട്ട് ആകെ പരിഭ്രാന്തയായി. അവൾ “അവനെ എടുത്തുകൊണ്ടു ഓടി; അവൾ ബദ്ധപ്പെട്ടു ഓടുമ്പോൾ അവൻ വീണു മുടന്തനായിപ്പോയി.” (2 ശമൂവേൽ 4:4) മെഫീബോശെത്ത് വളർന്നുവരവേ, ഈ വൈകല്യം അവനെ സംബന്ധിച്ചിടത്തോളം ഒരു വലിയ മുള്ളുപോലെ ആയിരുന്നിരിക്കണം.
10 കുറച്ചു വർഷങ്ങൾക്കു ശേഷം, ദാവീദ് രാജാവ് യോനാഥാനോടുള്ള അതിരറ്റ സ്നേഹം നിമിത്തം മെഫീബോശെത്തിനോടു സ്നേഹദയ പ്രകടമാക്കി. ശൗലിന്റെ എല്ലാ നിലങ്ങളും ദാവീദ് മെഫീബോശെത്തിനു തിരിച്ചുനൽകുകയും ശൗലിന്റെ ഭൃത്യരിൽ ഒരാളായിരുന്ന സീബയെ അവയുടെ സൂക്ഷിപ്പുകാരനായി നിയമിക്കുകയും ചെയ്തു. ‘നീ നിത്യം എന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം’ എന്നും ദാവീദ് മെഫീബോശെത്തിനോടു പറഞ്ഞു. (2 ശമൂവേൽ 9:6-10) ദാവീദിന്റെ സ്നേഹദയ മെഫീബോശെത്തിനെ ആശ്വസിപ്പിക്കുകയും അവന്റെ വൈകല്യത്തിന്റെ വേദന കുറയ്ക്കാൻ സഹായിക്കുകയും ചെയ്തു എന്നതിനു സംശയമില്ല. എത്ര നല്ല പാഠം! ജഡത്തിലെ മുള്ളുമായി കഴിഞ്ഞുകൂടുന്നവരോട് നമ്മളും ദയ കാണിക്കേണ്ടതാണ്.
11. സീബ മെഫീബോശെത്തിനെ കുറിച്ച് എന്തു പറഞ്ഞു, അത് നുണയായിരുന്നുവെന്നു നമുക്ക് എങ്ങനെ അറിയാം? (അടിക്കുറിപ്പ് കാണുക.)
11 പിന്നീട്, മെഫീബോശെത്തിന് ജഡത്തിലെ മറ്റൊരു മുള്ളിനെ നേരിടേണ്ടി വന്നു. സ്വന്ത ദാസനായ സീബ അവനെ കുറിച്ചു ദാവീദിനോട് ഏഷണി പറഞ്ഞു. പുത്രനായ അബ്ശാലോമിൽനിന്നുള്ള ഉപദ്രവം നിമിത്തം ദാവീദ് അപ്പോൾ യെരൂശലേം വിട്ടുപോകുകയായിരുന്നു. മെഫീബോശെത്ത് അവിശ്വസ്തത കാട്ടിയിരിക്കുകയാണെന്നും രാജത്വം നേടിയെടുക്കാനുള്ള മോഹത്തിൽ അവൻ യെരൂശലേമിൽത്തന്നെ തങ്ങുകയാണെന്നും സീബ പറഞ്ഞു.a ദാവീദ് സീബയുടെ വാക്കുകൾ വിശ്വസിക്കുകയും മെഫീബോശെത്തിന്റെ സ്വത്തു മുഴുവൻ ആ നുണയനു നൽകുകയും ചെയ്തു!—2 ശമൂവേൽ 16:1-4.
12. മെഫീബോശെത്ത് തന്റെ സാഹചര്യത്തോട് എങ്ങനെ പ്രതികരിച്ചു, അവൻ നമുക്ക് ഒരു ഉത്തമ മാതൃകയായിരിക്കുന്നത് എങ്ങനെ?
12 ഒടുവിൽ ദാവീദിനെ നേരിൽ കണ്ടപ്പോൾ മെഫീബോശെത്ത് കാര്യങ്ങളുടെ സത്യാവസ്ഥ അവനെ അറിയിച്ചു. വാസ്തവത്തിൽ, മെഫീബോശെത്ത് ദാവീദിനോടൊപ്പം പോകാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് സീബ മെഫീബോശെത്തിനു പകരം പോകാമെന്ന് ഏൽക്കുകയും അവനെ ചതിക്കുകയും ചെയ്തത്. ദാവീദ് തന്റെ തെറ്റു തിരുത്തിയോ? ഭാഗികമായി. അവൻ സ്വത്ത് ആ രണ്ടു പേർക്കുമായി വീതിച്ചു. മെഫീബോശെത്തിനെ സംബന്ധിച്ചിടത്തോളം ഇതിനും ജഡത്തിലെ ഒരു മുള്ള് ആയിത്തീരാമായിരുന്നു. എന്നാൽ അവൻ തീർത്തും നിരാശനായോ? അത് അനീതിയാണെന്നു പരാതിപ്പെട്ടുകൊണ്ട് ദാവീദിന്റെ തീരുമാനത്തെ അവൻ എതിർത്തോ? ഇല്ല, പകരം രാജാവിന്റെ തീരുമാനത്തിന് അവൻ വിനയപൂർവം വഴങ്ങിക്കൊടുത്തു. കാര്യങ്ങളുടെ നല്ല വശത്തിൽ അവൻ ശ്രദ്ധ പതിപ്പിച്ചു, ഇസ്രായേലിന്റെ നിയമാനുസൃത രാജാവ് സുരക്ഷിതനായി തിരിച്ചുവന്നതിൽ അവൻ ആഹ്ലാദിച്ചു. വൈകല്യവും പേറി ജീവിക്കേണ്ടി വന്നപ്പോഴും ഏഷണിക്ക് ഇരയായപ്പോഴും നിരാശ ഉണ്ടായപ്പോഴും ഒക്കെ സഹിഷ്ണുത പ്രകടമാക്കിക്കൊണ്ട് മെഫീബോശെത്ത് ഉത്തമ മാതൃക വെച്ചു.—2 ശമൂവേൽ 19:24-30.
നെഹെമ്യാവ് പരിശോധനകളെ നേരിടുന്നതിൽ വിജയിച്ചു
13, 14. യെരൂശലേമിന്റെ മതിലുകൾ പുനർനിർമിക്കാനായി മടങ്ങിയെത്തിയ നെഹെമ്യാവിനെ വേദനിപ്പിച്ച മുള്ളുകൾ എന്തെല്ലാമായിരുന്നു?
13 പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ യെരൂശലേം നഗരത്തിലേക്കു തിരിച്ചുവന്നപ്പോൾ നെഹെമ്യാവിനെ വേദനിപ്പിച്ച പ്രതീകാത്മക മുള്ളുകളെ കുറിച്ചു ചിന്തിക്കുക. മതിലുകളില്ലാത്ത ആ നഗരം അക്ഷരാർഥത്തിൽ പ്രതിരോധമില്ലാത്തതുപോലെ കാണപ്പെട്ടു. സ്വദേശത്തു മടങ്ങിയെത്തിയ യഹൂദർ അസംഘടിതരും നിരാശരും യഹോവയുടെ ദൃഷ്ടിയിൽ അശുദ്ധരുമായിരുന്നു. യെരൂശലേമിലെ മതിലുകൾ പുനർനിർമിക്കാൻ രാജാവായ അർത്ഥഹ്ശഷ്ടാവിൽനിന്നു നെഹെമ്യാവിന് അധികാരം ലഭിച്ചിരുന്നെങ്കിലും തന്റെ ദൗത്യത്തോട് അയൽദേശങ്ങളിലെ ഭരണാധികാരികൾക്ക് കടുത്ത എതിർപ്പുള്ളതായി അവൻ താമസിയാതെതന്നെ മനസ്സിലാക്കി. “യിസ്രായേൽമക്കൾക്കു ഗുണം ചെയ്വാൻ ഒരു ആൾ വന്നതു അവർക്കു ഏററവും അനിഷ്ടമായി” തോന്നി എന്ന് ബൈബിൾ പറയുന്നു.—നെഹെമ്യാവു 2:10.
14 നെഹെമ്യാവിന്റെ ദൗത്യത്തിനു തടയിടാൻ ആ വിജാതീയ എതിരാളികൾ തങ്ങളാലാവതു ചെയ്തു. അവരുടെ ഭീഷണികളും നുണകളും ഏഷണിയും വിരട്ടലും—അവനെ നിരുത്സാഹപ്പെടുത്താൻ ആളുകളെ അയച്ചത് ഉൾപ്പെടെ—എല്ലാം ജഡത്തിലെ മുള്ളുകളായി അവനെ ഇടവിടാതെ വേദനിപ്പിച്ചിരുന്നിരിക്കണം. ആ എതിരാളികളുടെ തന്ത്രങ്ങൾക്കു മുമ്പിൽ അവൻ അടിയറവു പറഞ്ഞോ? ഇല്ല! തളരാതെ അവൻ യഹോവയിൽ പൂർണമായി ആശ്രയിച്ചു. അങ്ങനെ ഒടുവിൽ യെരൂശലേമിന്റെ മതിലുകൾ പുനർനിർമിക്കപ്പെട്ടു കഴിഞ്ഞപ്പോൾ അത് നെഹെമ്യാവിനു യഹോവ സ്നേഹപൂർവം നൽകിയ പിന്തുണയുടെ നിലനിൽക്കുന്ന ഒരു സാക്ഷ്യപത്രമായി മാറി.—നെഹെമ്യാവു 4:1-12; 6:1-19.
15. യഹൂദർക്കിടയിലെ ഏതെല്ലാം പ്രശ്നങ്ങൾ നെഹെമ്യാവിനെ അതിയായി വേദനിപ്പിച്ചിരുന്നു?
15 ഗവർണറെന്ന നിലയ്ക്ക് നെഹെമ്യാവിന് ദൈവജനത്തിനിടയിലെ പല പ്രശ്നങ്ങളും നേരിടേണ്ടതുണ്ടായിരുന്നു. ഈ ബുദ്ധിമുട്ടുകൾ അവനെ അങ്ങേയറ്റം വേദനിപ്പിച്ചിരുന്ന മുള്ളുകൾ പോലെ ആയിരുന്നു. കാരണം, യഹോവയുമായുള്ള ജനത്തിന്റെ ബന്ധത്തെ ബാധിക്കുന്ന പ്രശ്നങ്ങളായിരുന്നു അവ. സമ്പന്നരായവർ തങ്ങളുടെ ദരിദ്ര സഹോദരന്മാരിൽനിന്ന് അമിത പലിശ ഈടാക്കിയിരുന്നു. തങ്ങളുടെ കടം വീട്ടാനും പേർഷ്യൻ നികുതി അടയ്ക്കാനുമായി ദരിദ്രർക്ക് തങ്ങളുടെ നിലങ്ങൾ വിട്ടുകൊടുക്കേണ്ടതായും എന്തിന് മക്കളെ അടിമത്തത്തിലേക്കു വിൽക്കേണ്ടതായും പോലും വന്നു. (നെഹെമ്യാവു 5:1-10) പല യഹൂദരും ശബത്തു ലംഘിക്കുകയും ലേവ്യരെയും ആലയത്തെയും പിന്തുണയ്ക്കുന്നതിൽ വീഴ്ച വരുത്തുകയും ചെയ്തു. ചിലർ “അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ” വിവാഹം കഴിച്ചു. അതെല്ലാം നെഹെമ്യാവിനെ അങ്ങേയറ്റം വേദനിപ്പിച്ചു! എന്നാൽ ഈ മുള്ളുകൾ ഒന്നുംതന്നെ അവനെ തളർത്തിക്കളഞ്ഞില്ല. ദൈവത്തിന്റെ നീതിയുള്ള നിയമങ്ങൾ തീക്ഷ്ണതയോടെ ഉയർത്തിപ്പിടിച്ചുകൊണ്ട് അവൻ വീണ്ടും വീണ്ടും അവസരത്തിനൊത്ത് ഉയർന്നു. മറ്റുള്ളവരുടെ അവിശ്വസ്ത നടപടികൾ യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്നതിൽനിന്നു നമ്മെ തടയാതിരിക്കാൻ നെഹെമ്യാവിനെ പോലെ നമുക്കും ശ്രദ്ധിക്കാം.—നെഹെമ്യാവു 13:10-13, 23-27.
വിശ്വസ്തരായ മറ്റു പലരും സഹിച്ചുനിന്നിരിക്കുന്നു
16-18. യിസ്ഹാക്ക്, റിബെക്ക, ഹന്നാ, ദാവീദ്, ഹോശേയ എന്നിവർക്ക് എന്തു കുടുംബ പ്രശ്നങ്ങൾ സഹിക്കേണ്ടി വന്നു?
16 മുള്ളുകൾ പോലെയുള്ള, ദുഷ്കര സാഹചര്യങ്ങളെ നേരിടുന്നതിൽ വിജയിച്ച മറ്റ് അനേകരുടെ ദൃഷ്ടാന്തങ്ങളും ബൈബിളിലുണ്ട്. അത്തരം മുള്ളുകൾ ഉടലെടുത്തത് സാധാരണമായും കുടുംബപ്രശ്നങ്ങളിൽനിന്നായിരുന്നു. ഏശാവിന്റെ ഭാര്യമാർ രണ്ടു പേരും അവന്റെ മാതാപിതാക്കളായ “യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായിരുന്നു” എന്നു ബൈബിൾ പറയുന്നു. ആ സ്ത്രീകൾ നിമിത്തം തന്റെ ജീവൻ തനിക്ക് അസഹ്യമായിരിക്കുന്നു എന്നു പോലും റിബെക്ക പറയുകയുണ്ടായി. (ഉല്പത്തി 26:34, 35; 27:46) ഇനി, ഹന്നായുടെ കാര്യമെടുക്കുക. ഹന്നാ മച്ചിയായിരുന്നതിന്റെ പേരിൽ അവളുടെ ഭർത്താവിന്റെ രണ്ടാം ഭാര്യയായ പെനിന്നാ എത്രയധികമാണ് “അവളെ വ്യസനിപ്പി”ച്ചിരുന്നത്. വീട്ടിൽവെച്ച് ഹന്നാ കൂടെക്കൂടെ അവളുടെ പരിഹാസത്തിനു പാത്രമായിരുന്നിരിക്കാം. കൂടാതെ, അവരുടെ കുടുംബം ശീലോവിലെ ഉത്സവത്തിൽ സംബന്ധിക്കാൻ പോയിരുന്നപ്പോഴൊക്കെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുമ്പിൽവെച്ച് പരസ്യമായും പെനിന്നാ അവളെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഹന്നായെ സംബന്ധിച്ചിടത്തോളം അത്, മുള്ള് ശരീരത്തിലേക്കു കൂടുതൽ ആഴത്തിൽ അടിച്ചിറക്കുന്നതുപോലുള്ള ഒരു അനുഭവമായിരുന്നു..—1 ശമൂവേൽ 1:4-7.
17 അസൂയകൊണ്ടു ഭ്രാന്തുപിടിച്ച, ഭാര്യാപിതാവായ ശൗൽ രാജാവിൽനിന്ന് ദാവീദിനു സഹിക്കേണ്ടി വന്ന പീഡനങ്ങളെ കുറിച്ചു ചിന്തിക്കുക. പ്രാണരക്ഷാർഥം ദാവീദിന് ഏൻ-ഗെദി മരുഭൂമിയിലെ ഗുഹകളിൽ പാർക്കേണ്ടി വന്നു. അപകടം പിടിച്ച, ചെങ്കുത്തായ പാറകൾ നിറഞ്ഞ പ്രദേശമായിരുന്നു അത്. ദാവീദ് ശൗലിനോട് യാതൊരു തെറ്റും ചെയ്തിട്ടില്ലായിരുന്നതിനാൽ ഈ അനീതി അവനെ അതിയായി വിഷമിപ്പിച്ചിരുന്നിരിക്കണം. ശൗലിന്റെ അസൂയ നിമിത്തം ദാവീദിന് വർഷങ്ങളോളം ഇങ്ങനെ ഒളിച്ചും പതുങ്ങിയും കഴിയേണ്ടി വന്നു.—1 ശമൂവേൽ 24:14, 15; സദൃശവാക്യങ്ങൾ 27:4, പി.ഒ.സി.ബൈബിൾ.
18 പ്രവാചകനായ ഹോശേയയ്ക്ക് കുടുംബജീവിതത്തിൽ നേരിടേണ്ടിവന്ന പ്രശ്നങ്ങളെ കുറിച്ചു ചിന്തിക്കുക. അവന്റെ ഭാര്യ ഒരു വ്യഭിചാരിണി ആയിത്തീർന്നു. അവളുടെ അധാർമിക പ്രവർത്തനങ്ങൾ മുള്ളുകൾപോലെ അവന്റെ ഹൃദയത്തെ കുത്തിനോവിച്ചിരിക്കണം. പരസംഗത്തിൽ അവൾക്ക് രണ്ട് ജാരസന്തതികൾ ജനിച്ചപ്പോൾ അത് ഹോശേയയെ എത്രയധികം വേദനിപ്പിച്ചിരിക്കണം!—ഹോശേയ 1:2-9.
19. പ്രവാചകനായ മീഖായാവിനു നേരിടേണ്ടിവന്ന പീഡനം എന്ത്?
19 ശരീരത്തിലെ മറ്റൊരു മുള്ള് പീഡനം ആണ്. മീഖായാവ് എന്ന പ്രവാചകന്റെ അനുഭവം പരിചിന്തിക്കുക. ദുഷ്ടനായ ആഹാബ് രാജാവ് ചുറ്റും വ്യാജപ്രവാചകന്മാരെ നിറുത്തിയിരുന്നതും അവർ പറഞ്ഞ നുണകൾ ആഹാബ് വിശ്വസിച്ചതുമെല്ലാം നീതിമാനായ മീഖായാവിന്റെ ഹൃദയത്തെ അങ്ങേയറ്റം വേദനിപ്പിച്ചിരുന്നിരിക്കണം. ആ പ്രവാചകന്മാരുടെ വായിൽ ‘ഭോഷ്കിന്റെ ആത്മാവ്’ ആണ് ഉള്ളതെന്ന് മീഖായാവ് ആഹാബിനെ അറിയിച്ചപ്പോൾ ആ വ്യാജപ്രവാചകന്മാരുടെ നേതാവ് എന്താണു ചെയ്തത്? അവൻ “മീഖായാവിന്റെ ചെകിട്ടത്തു അടിച്ചു”! ഗിലെയാദിലെ രാമോത്ത് തിരിച്ചുപിടിക്കാനുള്ള ശ്രമം പരാജയപ്പെടുമെന്ന യഹോവയുടെ മുന്നറിയിപ്പിനോടുള്ള ആഹാബിന്റെ പ്രതികരണം അതിലും മോശമായിരുന്നു. വളരെ കുറച്ചു ഭക്ഷണവും വെള്ളവും മാത്രം നൽകി മീഖായാവിനെ കാരാഗൃഹത്തിൽ അടയ്ക്കാൻ ആഹാബ് കൽപ്പിച്ചു. (1 രാജാക്കന്മാർ 22:6, 9, 15-17, 23-28) കൂടാതെ, യിരെമ്യാവിനെ കുറിച്ചും പീഡകരിൽനിന്ന് അവനു സഹിക്കേണ്ടിവന്ന കാര്യങ്ങളെ കുറിച്ചും ചിന്തിക്കുക.—യിരെമ്യാവു 20:1-9.
20. നൊവൊമിക്ക് സഹിക്കേണ്ടി വന്ന ജഡത്തിലെ മുള്ളുകൾ എന്തെല്ലാമായിരുന്നു, അവൾക്ക് എന്തു പ്രതിഫലം ലഭിച്ചു?
20 ജഡത്തിലെ മുള്ള് പോലെ ആയിരിക്കാവുന്ന മറ്റൊരു സംഗതിയാണ് പ്രിയപ്പെട്ടവരുടെ നഷ്ടം. നൊവൊമിക്ക് അവളുടെ ഭർത്താവിനെയും രണ്ട് പുത്രന്മാരെയും മരണത്തിൽ നഷ്ടമായി. ആ വേദനയുമായി അവൾ ബേത്ത്ലേഹെമിലേക്കു മടങ്ങി. നൊവൊമി എന്നതിനു പകരം തന്നെ മാറാ എന്നു വിളിക്കാൻ അവൾ സുഹൃത്തുക്കളോടു പറഞ്ഞു. അവൾക്കുണ്ടായ തിക്താനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു പേരായിരുന്നു അത്. എന്നാൽ, ഒടുവിൽ അവളുടെ സഹിഷ്ണുതയ്ക്കു പ്രതിഫലം ലഭിച്ചു. മിശിഹായുടെ വംശപരമ്പരയിലെ ഒരു കണ്ണിയാകുമായിരുന്ന ഒരു പേരക്കിടാവിനെ നൽകി യഹോവ അവളെ അനുഗ്രഹിച്ചു.—രൂത്ത് 1:3-5, 19-21; 4:13-17; മത്തായി 1:1, 5.
21, 22. ഇയ്യോബിന് എന്തെല്ലാം നഷ്ടങ്ങൾ സംഭവിച്ചു, അവൻ എങ്ങനെ പ്രതികരിച്ചു?
21 തന്റെ പ്രിയപ്പെട്ട പത്തു മക്കൾ അപ്രതീക്ഷിതവും ദാരുണവുമായി കൊല്ലപ്പെടുകയും അതുപോലെ തന്റെ മൃഗസമ്പത്ത് നഷ്ടമാവുകയും ദാസന്മാർ വധിക്കപ്പെടുകയും ചെയ്തതായി ഇയ്യോബിനു വാർത്ത ലഭിച്ചപ്പോൾ അവനുണ്ടായ ഞെട്ടലിനെ കുറിച്ചു ചിന്തിക്കുക. പെട്ടെന്ന്, അവന്റെ ലോകമാകെ തകർന്നുവീണതായി കാണപ്പെട്ടു! ആ ഞെട്ടലിൽനിന്നു വിമുക്തനാകുന്നതിനു മുമ്പുതന്നെ, സാത്താൻ അവനെ രോഗബാധിതനാക്കി. മാരകമായ ആ രോഗം തന്റെ ജീവനെടുക്കുമെന്നുതന്നെ ഇയ്യോബ് വിശ്വസിച്ചിരുന്നിരിക്കാം. മരിച്ചാൽ നന്നായിരുന്നു എന്നു കരുതത്തക്കവിധം അവന്റെ വേദന അത്രയ്ക്ക് അസഹനീയമായിരുന്നു.—ഇയ്യോബ് 1:13-20; 2:7, 8.
22 ഇതൊന്നും പോരാഞ്ഞിട്ടെന്നവണ്ണം, കൊടിയ ദുഃഖവും മനോവേദനയും നിമിത്തം അവന്റെ ഭാര്യ അവനോടു പറഞ്ഞു: “ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക!” അപ്പോൾത്തന്നെ വേദന അനുഭവിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയുടെ ശരീരത്തിലേക്ക് ഒരു മുള്ളുകൂടി തറച്ചു കയറ്റിയാലെന്നതു പോലെയായിരുന്നു അത്! അടുത്തതായി, ഇയ്യോബിന്റെ മൂന്നു സുഹൃത്തുക്കൾ അവനെ ആശ്വസിപ്പിക്കുന്നതിനു പകരം വ്യാജ ന്യായവാദങ്ങൾ നടത്തി. അവന്റെ രഹസ്യ പാപങ്ങളാണ് അവന്റെ ദുരവസ്ഥയ്ക്കു കാരണമെന്ന് അവർ ആരോപിച്ചു. അവരുടെ തെറ്റായ ആ വാദമുഖങ്ങൾ അവന്റെ ജഡത്തിലേക്കു് മുള്ളുകൾ കൂടുതൽ കൂടുതൽ ആഴത്തിൽ അടിച്ചിറക്കുന്നതു പോലെയായിരുന്നു. കൂടാതെ, ഈ അനർഥങ്ങൾ തനിക്കു വന്നു ഭവിച്ചത് എന്തുകൊണ്ടാണെന്നോ താൻ മരണത്തിൽനിന്നു രക്ഷപ്പെടുമെന്നോ ഉള്ള കാര്യം ഇയ്യോബിന് അറിയില്ലായിരുന്നു എന്നും ഓർക്കുക. എങ്കിലും, “ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.” (ഇയ്യോബ് 1:22; 2:9, 10; 3:3; 14:13; 30:17) നിരവധി മുള്ളുകൾ ഒരേസമയം കുത്തിനോവിച്ചിട്ടും അവൻ ഒരിക്കലും തന്റെ വിശ്വസ്തഗതിയിൽനിന്നു പിന്മാറിയില്ല. എത്ര പ്രോത്സാഹജനകം!
23. നാം പരിചിന്തിക്കുകയുണ്ടായ വിശ്വസ്തർക്ക് ജഡത്തിലെ വിവിധതരം മുള്ളുകളുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ സാധിച്ചത് എങ്ങനെ?
23 ഇത്തരം ദൃഷ്ടാന്തങ്ങൾ ബൈബിളിൽ ഇനിയുമുണ്ട്. ഈ വിശ്വസ്ത ദാസർക്കെല്ലാം പ്രതീകാത്മക മുള്ളുകളുമായി കഴിഞ്ഞു കൂടേണ്ടതുണ്ടായിരുന്നു. വ്യത്യസ്തമായ എത്രയെത്ര പ്രശ്നങ്ങളെയാണ് അവർ നേരിട്ടത്! എന്നാൽ അവർക്കെല്ലാം പൊതുവായ ഒരു സംഗതി ഉണ്ടായിരുന്നു. യഹോവയുടെ സേവനത്തിൽനിന്ന് അവർ ആരും പിന്മാറിയില്ല. കടുത്ത പരിശോധനകൾ നേരിടേണ്ടി വന്നപ്പോൾ, യഹോവ നൽകിയ ശക്തിയാൽ അവർ സാത്താനെ ചെറുത്തു തോൽപ്പിച്ചു. എങ്ങനെ? അടുത്ത ലേഖനം അതിന് ഉത്തരം നൽകും. ജഡത്തിലെ മുള്ളു പോലുള്ള ഒരു സാഹചര്യവുമായി നമുക്കും എങ്ങനെ പൊരുത്തപ്പെട്ടു ജീവിക്കാനാകുമെന്നും അതു നമുക്കു കാട്ടിത്തരും.
[അടിക്കുറിപ്പുകൾ]
a മെഫീബോശെത്തിനെ പോലെ വിലമതിപ്പും താഴ്മയുമുള്ള ഒരു വ്യക്തി അത്തരമൊരു കരുനീക്കം നടത്തുമെന്ന് ഒരിക്കലും കരുതാനാവില്ല. തന്റെ പിതാവായ യോനാഥാന്റെ വിശ്വസ്ത ഗതിയെ കുറിച്ച് അവനു നന്നായി അറിയാമായിരുന്നുവെന്നതിനു സംശയം ഇല്ല. ശൗൽ രാജാവിന്റെ പുത്രനായിരുന്നെങ്കിലും, യോനാഥാൻ ഇസ്രായേലിന്റെ രാജാവായി യഹോവ തിരഞ്ഞെടുത്തവനെന്ന നിലയിൽ ദാവീദിനെ താഴ്മയോടെ അംഗീകരിച്ചിരുന്നു. (1 ശമൂവേൽ 20:12-17) ദൈവഭയമുള്ളവനും ദാവീദിന്റെ വിശ്വസ്ത സ്നേഹിതനും ആയ യോനാഥാൻ രാജത്വം പിടിച്ചെടുക്കാനുള്ള മോഹം നട്ടുവളർത്താൻ ഒരിക്കലും തന്റെ മകനെ പഠിപ്പിക്കുമായിരുന്നില്ല.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• നാം നേരിടുന്ന പ്രശ്നങ്ങൾ ജഡത്തിലെ മുള്ളുകൾപോലെ ആയിരിക്കാവുന്നത് എങ്ങനെ?
• മെഫീബോശെത്തിനെയും നെഹെമ്യാവിനെയും വേദനിപ്പിച്ച ചില മുള്ളുകൾ എന്തെല്ലാം?
• ജഡത്തിലെ വിവിധതരം മുള്ളുകളുമായി കഴിഞ്ഞു കൂടിയ സ്ത്രീപുരുഷന്മാരുടെ തിരുവെഴുത്തു ദൃഷ്ടാന്തങ്ങളിൽ നിങ്ങളെ ഏറ്റവുമധികം സ്പർശിച്ചത് ഏതായിരുന്നു, എന്തുകൊണ്ട്?
[15-ാം പേജിലെ ചിത്രങ്ങൾ]
വൈകല്യം, ഏഷണി, നിരാശ എന്നിവയെ മെഫീബോശെത്തിനു നേരിടേണ്ടിവന്നു
[16-ാം പേജിലെ ചിത്രം]
എതിർപ്പിൻ മധ്യേ നെഹെമ്യാവ് പിടിച്ചുനിന്നു