യഹോവയുടെ മുമ്പാകെ നമ്മുടെ ദിനങ്ങളെ എങ്ങനെ മൂല്യവത്താക്കാം?
“വജ്രതുല്യമായ അറുപതു മിനിട്ടുകൾ വീതമുള്ള രണ്ടു സുവർണ മണിക്കൂറുകൾ ഇന്നലെ പ്രഭാതത്തിനും പ്രദോഷത്തിനുമിടയിൽ എവിടെയോ നഷ്ടപ്പെട്ടുപോയി. അതു തിരിച്ചേൽപ്പിക്കുന്നപക്ഷം പ്രതിഫലം നൽകാമെന്നൊന്നും വാഗ്ദാനം ചെയ്യുന്നില്ല. എന്തെന്നാൽ അവ എന്നേക്കുമായി നഷ്ടമായിരിക്കുന്നു!”—ലിഡിയാ എച്ച്. സിഗർണി അമേരിക്കൻ ഗ്രന്ഥകാരി (1791-1865).
നമ്മുടെ ജീവിതത്തിലെ ദിനങ്ങൾ ക്ഷണികവും എണ്ണത്തിൽ ചുരുക്കവുമാണ്. ജീവിതത്തിന്റെ ക്ഷണികതയെ കുറിച്ചു ഗാഢമായി ചിന്തിച്ച സങ്കീർത്തനക്കാരനായ ദാവീദ് ഇപ്രകാരം പ്രാർഥിക്കാൻ പ്രേരിതനായി: “യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ. ഇതാ, നീ എന്റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു.” വാക്കിലും പ്രവൃത്തിയിലും ദൈവത്തിനു പ്രസാദം കൈവരുത്തുന്ന വിധത്തിൽ ജീവിക്കുക എന്നതായിരുന്നു ദാവീദിന്റെ ആഗ്രഹം. ദൈവത്തിലുള്ള തന്റെ ആശ്രയത്വം പ്രകടിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു: “എന്റെ പ്രത്യാശ നിങ്കൽ വെച്ചിരിക്കുന്നു.” (സങ്കീർത്തനം 39:4, 5, 7) യഹോവ അതു ശ്രദ്ധിച്ചു. അവൻ ദാവീദിന്റെ പ്രവൃത്തികളെ വിലയിരുത്തി, തദനുസരണം പ്രതിഫലവുമേകി.
ദിവസത്തിൽ ഒരിത്തിരി സമയം പോലും ഇളവില്ലാത്തവിധം തിരക്കുപിടിച്ച ഒരു ജീവിതരീതിയിലേക്കു വഴുതിവീഴുക എളുപ്പമാണ്. ഇതു നമ്മിൽ ഉത്കണ്ഠ ഉളവാക്കിയേക്കാം. പ്രത്യേകിച്ച്, ചെയ്തുതീർക്കാനും ആസ്വദിക്കാനും വളരെയധികം കാര്യങ്ങൾ ഉണ്ടായിരിക്കുകയും എന്നാൽ അതിനൊന്നും വേണ്ടത്ര സമയം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ. ദാവീദിന്റെ ആഗ്രഹമാണോ നമുക്കും ഉള്ളത്? ദൈവാംഗീകാരം ലഭിക്കത്തക്കവിധം ജീവിതം നയിക്കുക എന്നതായിരുന്നു അവന്റെ ആഗ്രഹം. തീർച്ചയായും യഹോവ നമ്മിൽ ഓരോരുത്തരെയും നിരീക്ഷിക്കുകയും സശ്രദ്ധം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. യഹോവ തന്റെ വഴികളെ കാണുകയും കാലടികളെയെല്ലാം എണ്ണിനോക്കുകയും ചെയ്തുവെന്ന് ഏതാണ്ട് 3,600 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന ദൈവഭക്തനായ ഇയ്യോബ് എന്ന മനുഷ്യൻ സമ്മതിക്കുകയുണ്ടായി. ഇയ്യോബ് ഇപ്രകാരം ചോദിച്ചു: “അവിടുന്ന് എന്നോടു കണക്കു ചോദിക്കുമ്പോൾ ഞാൻ എന്തുത്തരം പറയും?” (ഇയ്യോബ് 31:4-6, 14, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം) ആത്മീയ കാര്യങ്ങൾക്കു പ്രഥമ സ്ഥാനം നൽകുകയും ദൈവിക കല്പനകൾ അനുസരിക്കുകയും സമയം ജ്ഞാനപൂർവം ഉപയോഗിക്കുകയും ചെയ്തുകൊണ്ട് ദൈവമുമ്പാകെ നമ്മുടെ ദിനങ്ങൾ മൂല്യമുള്ളതാക്കുക സാധ്യമാണ്. ഈ കാര്യങ്ങൾ നമുക്കിപ്പോൾ അടുത്ത് പരിശോധിക്കാം.
ആത്മീയ കാര്യങ്ങൾക്കു പ്രഥമ സ്ഥാനം നൽകുക
ആത്മീയ കാര്യങ്ങൾക്ക് ഒന്നാം സ്ഥാനം നൽകാൻ നിശ്വസ്ത തിരുവെഴുത്തുകൾ നമ്മെ ഉചിതമായി പ്രോത്സാഹിപ്പിക്കുന്നു. അതു പറയുന്നു: ‘കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടുത്തുക.’ എന്താണ് ഈ പ്രാധാന്യമുള്ള സംഗതികൾ? അതിനുള്ള ഉത്തരത്തിൽ, ‘സൂക്ഷ്മ പരിജ്ഞാനവും തികഞ്ഞ വിവേകവും’ ഉൾപ്പെടുന്നു. (ഫിലിപ്പിയർ 1:9, 10, NW) യഹോവയുടെ ഉദ്ദേശ്യം സംബന്ധിച്ചുള്ള പരിജ്ഞാനം നേടുന്നതിനു നാം സമയം ജ്ഞാനപൂർവം ഉപയോഗിക്കേണ്ടത് ആവശ്യമാണ്. ആത്മീയ കാര്യങ്ങൾക്കു പ്രഥമ സ്ഥാനം നൽകിയാൽ നമ്മുടെ ജീവിതം പ്രതിഫലദായകവും സംതൃപ്തികരവുമാകും എന്നതിൽ സംശയമില്ല.
‘കർത്താവിന്നു സ്വീകാര്യമായത് എന്തെന്നു പരിശോധിച്ച് ഉറപ്പുവരുത്തുന്നതിൽ തുടരാൻ’ അപ്പൊസ്തലനായ പൗലൊസ് നമ്മെ ഓർമിപ്പിക്കുന്നു. ഉറപ്പുവരുത്തുന്നതിൽ, നമ്മുടെ ആന്തരങ്ങളും ഹൃദയത്തിലെ മോഹങ്ങളും സംബന്ധിച്ച ആത്മപരിശോധന തീർച്ചയായും ഉൾപ്പെട്ടിരിക്കണം. അപ്പൊസ്തലൻ തുടരുന്നു: “യഹോവയുടെ ഇഷ്ടം എന്തെന്നു ഗ്രഹിച്ചുകൊണ്ടിരിപ്പിൻ.” (എഫെസ്യർ 5:10, 17, NW) അങ്ങനെയെങ്കിൽ, യഹോവയ്ക്കു സ്വീകര്യമായത് എന്താണ്? ഒരു ബൈബിൾ സദൃശവാക്യം ഉത്തരം നൽകുന്നു: “ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം [“ഗ്രാഹ്യം,” NW] നേടുക. അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും.” (സദൃശവാക്യങ്ങൾ 4:7, 8) ദൈവിക ജ്ഞാനം സമ്പാദിച്ച് അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്ന ഒരു വ്യക്തിയെപ്രതി യഹോവ സന്തോഷിക്കുന്നു. (സദൃശവാക്യങ്ങൾ 23:15) അത്തരം ജ്ഞാനത്തെ നശിപ്പിക്കാനോ എടുത്തുകളയാനോ സാധിക്കില്ല എന്നതാണ് അതിന്റെ സവിശേഷത. വാസ്തവത്തിൽ അത്, ‘ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരിൽനിന്നും’ ഉള്ള ഒരു സംരക്ഷണമായി വർത്തിക്കുന്നു.—സദൃശവാക്യങ്ങൾ 2:10-15.
അതുകൊണ്ട്, ആത്മീയ കാര്യങ്ങളോട് ഒരു തണുപ്പൻ മനോഭാവം സ്വീകരിക്കാനുള്ള ഏതൊരു പ്രവണതയെയും ചെറുത്തുനിൽക്കുന്നത് എത്ര ജ്ഞാനപൂർവകമായ സംഗതിയാണ്! യഹോവ പറയുന്ന കാര്യങ്ങളോട് വിലമതിപ്പിൻ മനോഭാവവും അവനോട് ആരോഗ്യാവഹമായ ഭയവും നാം നട്ടുവളർത്തേണ്ടതുണ്ട്. (സദൃശവാക്യങ്ങൾ 23:17, 18) അത്തരമൊരു മനോഭാവം ജീവിതത്തിലെ ഏതു സമയത്തും വളർത്തിയെടുക്കാം എങ്കിലും, യൗവനകാലത്തുതന്നെ അതു നട്ടുവളർത്തുകയും ബൈബിൾ തത്ത്വങ്ങൾ നമ്മുടെ വ്യക്തിത്വത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ജ്ഞാനിയായ ശലോമോൻ രാജാവ് പറയുന്നു: “യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.”—സഭാപ്രസംഗി 12:1.
ദിവസേനയുള്ള വ്യക്തിപരമായ പ്രാർഥനയാണ് യഹോവയോടു വിലമതിപ്പു വളർത്തിയെടുക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ മാർഗം. യഹോവയുടെ മുമ്പാകെ ഹൃദയം തുറക്കുന്നതിന്റെ പ്രാധാന്യം ദാവീദ് തിരിച്ചറിഞ്ഞിരുന്നു, കാരണം അവൻ ഇപ്രകാരം അപേക്ഷിച്ചു: “യഹോവേ, എന്റെ പ്രാർത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീർ കണ്ടു മിണ്ടാതിരിക്കരുതേ.” (സങ്കീർത്തനം 39:12) ദൈവവുമായുള്ള നമ്മുടെ ഉറ്റ ബന്ധത്തിന്റെ ആഴം ചിലപ്പോഴൊക്കെ കണ്ണുകളെ ഈറനണിയിക്കുന്ന അളവോളം നമ്മുടെ വികാരങ്ങളെ സ്പർശിക്കാറുണ്ടോ? ഹൃദയത്തിന്റെ ഉള്ളറകളിലുള്ള കാര്യങ്ങളെക്കുറിച്ച് നാം എത്രത്തോളം യഹോവയോടു സംസാരിക്കുകയും അവന്റെ വചനത്തെ കുറിച്ചു ധ്യാനിക്കുകയും ചെയ്യുന്നുവോ അത്രത്തോളം അവൻ നമ്മോട് അടുത്തുവരും.—യാക്കോബ് 4:8.
അനുസരണം പഠിക്കുക
ദൈവത്തിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞ, വിശ്വാസമുള്ള മറ്റൊരു മനുഷ്യനായിരുന്നു മോശെ. ജീവിതം ക്ലേശപൂർണമാണെന്നു ദാവീദിനെപ്പോലെ മോശെയും മനസ്സിലാക്കിയിരുന്നു. അതുകൊണ്ട്, ‘ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം നാളുകളെ എണ്ണുവാൻ’ തന്നെ പഠിപ്പിക്കേണമേ എന്ന് അവൻ ദൈവത്തോട് അപേക്ഷിച്ചു. (സങ്കീർത്തനം 90:10-12) യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും പഠിക്കുകയും അതിൻപ്രകാരം ജീവിക്കുകയും ചെയ്താൽ മാത്രമേ ജ്ഞാനമുള്ള ഒരു ഹൃദയം ലഭിക്കുകയുള്ളൂ. ഇത് അറിയാമായിരുന്ന മോശെ, ഇസ്രായേൽ ജനത വാഗ്ദത്ത ദേശം കൈവശമാക്കുന്നതിനു മുമ്പ് അവരോട് യഹോവയുടെ നിയമങ്ങളും ചട്ടങ്ങളും ആവർത്തിച്ചാവർത്തിച്ചു പറഞ്ഞുകൊണ്ട് ജീവത്പ്രധാനമായ ആ സത്യം അവരുടെ മനസ്സിൽ പതിപ്പിക്കാൻ ശ്രമിച്ചു. ഇസ്രായേലിനെ ഭരിക്കാൻ യഹോവ പിൽക്കാലത്ത് തിരഞ്ഞെടുക്കുമായിരുന്ന ഏതൊരു മാനുഷ രാജാവും ന്യായപ്രമാണത്തിന്റെ ഒരു പകർപ്പ് സ്വന്തമായി എഴുതിയുണ്ടാക്കുകയും ജീവിതാവസാനംവരെ എല്ലാ ദിവസവും അതു വായിക്കുകയും ചെയ്യണമായിരുന്നു. എന്തുകൊണ്ട്? അവൻ ദൈവത്തെ ഭയപ്പെടാൻ പഠിക്കേണ്ടതിനായിരുന്നു അത്. രാജാവിന്റെ അനുസരണത്തിന്റെ ഒരു പരിശോധന ആയിരിക്കുമായിരുന്നു അത്. തന്റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ച് ഉയരുന്നതിൽനിന്ന് അത് അവനെ സംരക്ഷിക്കുകയും അവൻ നീണാൾ വാഴുന്നതിന് ഇടയാക്കുകയും ചെയ്യുമായിരുന്നു. (ആവർത്തനപുസ്തകം 17:18-20) ദാവീദിന്റെ പുത്രനായ ശലോമോനോടു പിൻവരുന്ന വിധം പറഞ്ഞപ്പോൾ യഹോവ ഈ വാഗ്ദാനം ആവർത്തിച്ചു: “നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സും തരും.”—1 രാജാക്കന്മാർ 3:10-14.
ദൈവമുമ്പാകെ വളരെയേറെ പ്രാധാന്യമുള്ള ഒരു സംഗതിയാണ് അനുസരണം. യഹോവയുടെ വ്യവസ്ഥകളുടെയോ കല്പനകളുടെയോ ചില വശങ്ങൾ അപ്രധാനമെന്നപോലെ നാം നിസ്സാരമായി വീക്ഷിക്കുന്നെങ്കിൽ, ആ മനോഭാവം യഹോവയുടെ ദൃഷ്ടിയിൽപ്പെടുകതന്നെ ചെയ്യും. (സദൃശവാക്യങ്ങൾ 15:3) യഹോവയുടെ സകല മാർഗനിർദേശങ്ങളോടും ഉയർന്ന ആദരവു പ്രകടമാക്കാൻ—എല്ലായ്പോഴും അതത്ര എളുപ്പമല്ലെങ്കിലും—ഈ അറിവ് നമ്മെ പ്രേരിപ്പിക്കണം. നാം ദൈവിക നിയമങ്ങൾക്കും കല്പനകൾക്കും ചെവികൊടുക്കാൻ ശ്രമിക്കുമ്പോൾ സാത്താൻ ‘നമ്മെ തടുക്കാൻ’ തന്നാലാവതെല്ലാം ചെയ്യുന്നു.—1 തെസ്സലൊനീക്യർ 2:18.
ആരാധനയ്ക്കും സഹവാസത്തിനുമായി കൂടിവരാനുള്ള തിരുവെഴുത്തു ബുദ്ധിയുപദേശം അനുസരിക്കേണ്ടതു വിശേഷാൽ പ്രധാനമാണ്. (ആവർത്തനപുസ്തകം 31:12, 13; എബ്രായർ 10:24, 25) അതിനാൽ, നാം നമ്മോടുതന്നെ പിൻവരുന്നവിധം ചോദിക്കുന്നത് ഉചിതമായിരിക്കും: ‘യഥാർഥത്തിൽ മൂല്യവത്തായ കാര്യങ്ങൾ ചെയ്യുന്നതിന് ആവശ്യമായ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും എനിക്കുണ്ടോ?’ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനുള്ള ശ്രമത്തിനിടയിൽ ക്രിസ്തീയ യോഗങ്ങളിലെ സഹവാസവും പ്രബോധനവും അവഗണിക്കുന്നത് യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ദുർബലമാക്കും. അപ്പൊസ്തലനായ പൗലൊസ് എഴുതി: ‘നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ [യഹോവ] തന്നേ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.’ (എബ്രായർ 13:5) യഹോവയുടെ കല്പനകൾ മനസ്സോടെ അനുസരിക്കുന്നത് അവൻ നമുക്കുവേണ്ടി കരുതും എന്നതിലുള്ള നമ്മുടെ പൂർണ വിശ്വാസത്തെയാണു കാണിക്കുന്നത്.
യേശു അനുസരണം പഠിച്ച് അതിൽനിന്നു പ്രയോജനം അനുഭവിച്ചു. നമുക്കും അതിനു കഴിയും. (എബ്രായർ 5:8) നാം അനുസരണം എത്രത്തോളം നട്ടുവളർത്തുന്നുവോ അത്രത്തോളം എളുപ്പമായിരിക്കും അനുസരണമുള്ളവരായിരിക്കുക എന്നത്, ചെറിയ കാര്യങ്ങളിൽപ്പോലും. നമ്മുടെ ദൃഢവിശ്വസ്തതയെ പ്രതി നമുക്കു മറ്റുള്ളവരിൽനിന്നു മോശമായ പെരുമാറ്റം, ചിലപ്പോൾ ക്രൂരമായ പെരുമാറ്റംപോലും സഹിക്കേണ്ടി വന്നേക്കാം എന്നതു ശരിതന്നെ. ജോലിസ്ഥലത്തും സ്കൂളിലും മതപരമായി ഭിന്നിച്ച കുടുംബങ്ങളിലും ഇതു പ്രത്യേകിച്ച് സത്യമായിരിക്കാം. എങ്കിലും, ഇസ്രായേല്യരോടുള്ള പ്രഖ്യാപനം നമുക്ക് ആശ്വാസം പകരുന്നു. അത് ഇപ്രകാരമായിരുന്നു: ‘നിന്റെ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്താൽ അവൻ നിനക്കു ജീവനും ദീർഘായുസ്സും ആകും.’ (ആവർത്തനപുസ്തകം 30:20) അതേ വാഗ്ദാനമാണ് നമുക്കു മുമ്പാകെയുമുള്ളത്.
സമയം ജ്ഞാനപൂർവം ഉപയോഗിക്കുക
നമ്മുടെ സമയം ജ്ഞാനപൂർവം ഉപയോഗിക്കുന്നതും യഹോവയുടെ മുമ്പാകെ നമ്മുടെ നാളുകളെ മൂല്യവത്താക്കാൻ സഹായിക്കും. പണത്തിന്റെ കാര്യത്തിലെന്നപോലെ സമയം നമുക്കു സൂക്ഷിച്ചു വെക്കാനാവില്ല. അതു നാം ഉപയോഗിക്കണം അല്ലെങ്കിൽ പാഴായിപ്പോകും. കഴിഞ്ഞുപോകുന്ന ഓരോ മണിക്കൂറും എന്നെന്നേക്കുമായി നഷ്ടമാകുന്നു. ചെയ്യാവുന്നതിലധികം കാര്യങ്ങൾ എല്ലായ്പോഴും നമ്മുടെ മുമ്പാകെ ഉള്ളതിനാൽ ജീവിതലക്ഷ്യങ്ങൾക്കു ചേർച്ചയിലാണോ നാം സമയം ചെലവിടുന്നത്? ക്രിസ്ത്യാനികളായ എല്ലാവരുടെയും പ്രമുഖ ലക്ഷ്യം രാജ്യപ്രസംഗ ശിഷ്യരാക്കൽ വേലയിൽ ക്രമമായ പങ്കുണ്ടായിരിക്കുക എന്നതായിരിക്കണം.—മത്തായി 24:14; 28:19, 20.
സമയത്തിന്റെ മൂല്യം സംബന്ധിച്ച് സൂക്ഷ്മമായ അവബോധമുണ്ടെങ്കിൽ മാത്രമേ നാം അതു ജ്ഞാനപൂർവം ഉപയോഗിക്കുകയുള്ളൂ. ഉചിതമായും, പ്രാധാന്യം കുറഞ്ഞ സംഗതികൾ വിട്ടുകളഞ്ഞ് ‘അവസരോചിത സമയം വിലയ്ക്കു വാങ്ങാൻ’ എഫെസ്യർ 5:16 നമ്മെ ഉദ്ബോധിപ്പിക്കുന്നു. സമയം പാഴാക്കുന്ന കാര്യങ്ങൾ കുറയ്ക്കണം എന്നാണ് അതിനർഥം. ടി.വി, ഇന്റർനെറ്റ്, പ്രയോജനകരമല്ലാത്ത ലൗകിക പ്രസിദ്ധീകരണങ്ങളുടെ വായന തുടങ്ങിയവയ്ക്കായി ധാരാളം സമയം ചെലവഴിക്കൽ, അമിത വിനോദം എന്നിവയൊക്കെ നമ്മെ ക്ഷീണിപ്പിച്ചേക്കാം. കൂടാതെ, ഭൗതിക വസ്തുക്കൾ വാരിക്കൂട്ടുന്നത് ജ്ഞാനമുള്ള ഹൃദയം സമ്പാദിക്കാനുള്ള നമ്മുടെ സമയത്തെ കവർന്നുകളഞ്ഞേക്കാം.
സമയത്തിന്റെ ശ്രദ്ധാപൂർവമായ വിനിയോഗത്തെ അനുകൂലിക്കുന്നവർ പറയുന്നത് ഇതാണ്: “വ്യക്തവും നിശ്ചിതവുമായ ഒരു കൂട്ടം ലക്ഷ്യങ്ങളില്ലാതെ നിങ്ങളുടെ സമയം നന്നായി ഉപയോഗപ്പെടുത്താനാവില്ല.” ലക്ഷ്യങ്ങൾ വെക്കുമ്പോൾ മനസ്സിൽപ്പിടിക്കേണ്ട അഞ്ച് മാനദണ്ഡങ്ങൾ അവർ നിർദേശിക്കുന്നു: അത് നിശ്ചിതമായ ഒന്നായിരിക്കണം, അളന്നു നിർണയിക്കാവുന്ന വിധത്തിലുള്ളതായിരിക്കണം, കൈവരിക്കാവുന്നതായിരിക്കണം, പ്രായോഗികമായിരിക്കണം, സമയബന്ധിതമായിരിക്കണം.
നമ്മുടെ ബൈബിൾ വായനയിൽ അഭിവൃദ്ധിപ്പെടുക എന്നതാണ് മൂല്യവത്തായ ഒരു ലക്ഷ്യം. ആദ്യ പടി മുഴു ബൈബിളും വായിക്കുക എന്ന ഒരു നിശ്ചിത ലക്ഷ്യംവെക്കുക എന്നതാണ്. അടുത്ത പടിയായി, നമ്മുടെ ലക്ഷ്യം അളന്നു നിർണയിക്കാവുന്ന വിധത്തിലുള്ളതാക്കുക. ഇങ്ങനെ ചെയ്താൽ നമുക്കു നമ്മുടെ പുരോഗതി മനസ്സിലാക്കാൻ സാധിക്കും. തീക്ഷ്ണമായി പ്രവർത്തിക്കാനും വളരാനും ലക്ഷ്യങ്ങൾ നമ്മെ പ്രോത്സാഹിപ്പിക്കണം. കൂടാതെ, അവ കൈവരിക്കാവുന്നവയും പ്രായോഗികവും ആയിരിക്കണം. വ്യക്തിപരമായ പ്രാപ്തികൾ, വൈദഗ്ധ്യം, ലഭ്യമായ സമയം എന്നിവ കണക്കിലെടുക്കണം. ചിലരെ സംബന്ധിച്ചിടത്തോളം, ലക്ഷ്യം നേടിയെടുക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാം. അവസാനമായി, നമ്മുടെ ലക്ഷ്യങ്ങൾ സമയബന്ധിതമായിരിക്കേണ്ടതുണ്ട്. ഒരു കാര്യം നേടിയെടുക്കാനായി ഒരു തീയതി നിശ്ചയിക്കുന്നത് അത് ചെയ്തുതീർക്കാനുള്ള പ്രേരണയെ ശക്തമാക്കിയേക്കാം.
യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തോ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള അതിന്റെ ബ്രാഞ്ചോഫീസുകളിലോ സേവിക്കുന്ന ആഗോള ബെഥേൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും, ബെഥേലിലെ തങ്ങളുടെ ആദ്യ വർഷത്തിൽ മുഴു ബൈബിളും വായിച്ചുതീർക്കാനുള്ള ഒരു നിശ്ചിത ലക്ഷ്യമുണ്ട്. ആത്മീയ വളർച്ച പ്രാപിക്കാനും തങ്ങളുടെതന്നെ പ്രയോജനത്തിനായി തങ്ങളെ പഠിപ്പിക്കുന്ന യഹോവയുമായി ഒരു അടുത്ത ബന്ധത്തിലേക്ക് വരാനും പ്രയോജനകരമായ ബൈബിൾ വായന സഹായകമാണെന്ന് അവർ തിരിച്ചറിയുന്നു. (യെശയ്യാവു 48:17) നമുക്കും ക്രമമായ ബൈബിൾവായന ലക്ഷ്യമാക്കാനാവില്ലേ?
നമ്മുടെ ദിനങ്ങൾ മൂല്യമുള്ളതാക്കുന്നതിന്റെ പ്രയോജനങ്ങൾ
ആത്മീയ കാര്യങ്ങൾക്ക് പ്രഥമ ശ്രദ്ധ നൽകുന്നത് നിരവധി അനുഗ്രഹങ്ങളിൽ കലാശിക്കും. ഇത് നേട്ടം കൈവരിച്ചതിൽ പ്രത്യേക സന്തോഷവും ജീവിതത്തിൽ ഉദ്ദേശ്യവും നേടിത്തരുന്നു എന്നതാണ് ഒരു സംഗതി. ഹൃദയംഗമമായ പ്രാർഥനയിലൂടെ യഹോവയുമായി ക്രമമായ ആശയവിനിമയം നടത്തുന്നത് നമ്മെ അവനോടു കൂടുതൽ അടുപ്പിക്കുന്നു. പ്രാർഥിക്കുകയെന്ന ആ പ്രവൃത്തിതന്നെ അവനിലുള്ള നമ്മുടെ ആശ്രയത്തിന്റെ തെളിവാണ്. ബൈബിളിന്റെയും “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളുടെയും ദിവസേനയുള്ള വായന ദൈവം നമ്മോടു സംസാരിക്കുമ്പോൾ അവനു ശ്രദ്ധ നൽകാനുള്ള നമ്മുടെ മനസ്സൊരുക്കത്തെ പ്രകടമാക്കുന്നു. (മത്തായി 24:45-47, NW) ജീവിതത്തിൽ ശരിയായ തീരുമാനങ്ങളെടുക്കാനും ഉചിതമായ തിരഞ്ഞെടുപ്പുകൾ നടത്താനും സഹായിക്കുന്ന ജ്ഞാനമുള്ള ഒരു ഹൃദയം സമ്പാദിക്കാൻ ഇതു നമ്മെ പ്രാപ്തരാക്കുന്നു.—സങ്കീർത്തനം 1:1-3.
യഹോവയുടെ കല്പനകൾ അനുസരിക്കുന്നതിൽ നാം ആഹ്ലാദം കണ്ടെത്തുന്നു. കാരണം, അങ്ങനെ ചെയ്യുന്നത് ഭാരമുള്ള കാര്യമല്ല. (1 യോഹന്നാൻ 5:3) യഹോവയുടെ മുമ്പാകെ നമ്മുടെ ഓരോ ദിവസത്തെയും മൂല്യവത്താക്കുമ്പോൾ, അവനുമായുള്ള ബന്ധം ശക്തമാക്കുകയാണ് നാം ചെയ്യുന്നത്. സഹക്രിസ്ത്യാനികൾക്ക് നാം ആത്മീയ സഹായത്തിന്റെ ഒരു യഥാർഥ ഉറവായിത്തീരുകയും ചെയ്യുന്നു. അത്തരം പ്രവർത്തനങ്ങൾ യഹോവയാം ദൈവത്തെ സന്തോഷിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 27:11) ഇപ്പോഴും എന്നേക്കും യഹോവയുടെ അംഗീകാരം ആസ്വദിക്കുക എന്നതിനെക്കാൾ മഹത്തായ മറ്റൊന്നുമില്ല!
[21-ാം പേജിലെ ചിത്രം]
ക്രിസ്ത്യാനികൾ ആത്മീയ കാര്യങ്ങളെ ഗൗരവത്തോടെ വീക്ഷിക്കുന്നു
[22-ാം പേജിലെ ചിത്രങ്ങൾ]
നിങ്ങൾ സമയം ജ്ഞാനപൂർവം ഉപയോഗിക്കുന്നുണ്ടോ?
[23-ാം പേജിലെ ചിത്രം]
യഹോവയുടെ മുമ്പാകെ നമ്മുടെ ഓരോ ദിവസത്തെയും മൂല്യവത്താക്കുമ്പോൾ, അവനുമായുള്ള ബന്ധം നാം ശക്തമാക്കുന്നു