ഓർമിക്കേണ്ട ഒരു ദിനം
മനുഷ്യവർഗത്തിന്റെ നിത്യനന്മയ്ക്കായി മാനവചരിത്രത്തിന്റെ ഗതിയെ പൂർണമായി മാറ്റിമറിച്ച ഒരു ദിവസമായിരുന്നു അത്. മനുഷ്യവർഗത്തിന്റെ ഭാവിയിന്മേൽ ഇത്രത്തോളം പ്രഭാവം ചെലുത്തിയ മറ്റൊരു ദിവസം ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. യേശു എന്തെല്ലാം ചെയ്യാനാണോ ഭൂമിയിൽ വന്നത്, അതെല്ലാം പൂർത്തീകരിച്ച ദിവസമായിരുന്നു അത്. ദണ്ഡനസ്തംഭത്തിൽ തറയ്ക്കപ്പെട്ട അവൻ തന്റെ മരണസമയത്ത് ഉച്ചത്തിൽ ഇങ്ങനെ നിലവിളിച്ചു: “എല്ലാം പൂർത്തിയായിരിക്കുന്നു.” (യോഹന്നാൻ 19:30, പി.ഒ.സി. ബൈബിൾ) ഏത് ഉദ്ദേശ്യം പൂർത്തീകരിക്കാനാണ് യേശു വന്നത്?
‘മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നു’ എന്നു ബൈബിൾ പറയുന്നു. (മത്തായി 20:28) പാരമ്പര്യസിദ്ധമായ പാപത്തിൽനിന്നും മരണത്തിൽനിന്നും മനുഷ്യവർഗത്തെ രക്ഷിക്കാനായി തന്റെ ആത്മാവിനെ അഥവാ ജീവനെ യേശു നൽകി. അതേ, “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) യേശുവിന്റെ ബലി എത്ര അമൂല്യമായ ഒരു കരുതലാണ്!
യേശുവിന്റെ മരണദിവസം ഓർമിക്കേണ്ടതിന് മറ്റൊരു കാരണവുമുണ്ട്. വിശ്വസ്തരായി തുടരാൻ തന്റെ അപ്പൊസ്തലന്മാരെ സഹായിക്കുമായിരുന്ന വിലയേറിയ പാഠങ്ങൾ ദൈവപുത്രൻ ആ ദിവസം അവരെ പഠിപ്പിച്ചു. മരണത്തിനു മുമ്പുള്ള അവന്റെ വാക്കുകൾ ആ ശിഷ്യരുടെ ഹൃദയത്തെ എത്രമാത്രം സ്പർശിച്ചിരിക്കണം! യേശു പഠിപ്പിച്ചത് എന്തായിരുന്നു? അതിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം അനുഭവിക്കാനാകും? ഈ ചോദ്യങ്ങൾക്ക്അടുത്ത ലേഖനം ഉത്തരം നൽകും.