വിവാഹ ജീവിതത്തിൽ അഭിപ്രായഭിന്നതകൾ ഉടലെടുക്കുമ്പോൾ
സുബോധമുള്ള ഒരു ഭർത്താവോ ഭാര്യയോ തന്റെ വിവാഹ ജീവിതം വഴക്കും വക്കാണവും നിറഞ്ഞത് ആയിരിക്കാൻ ഇഷ്ടപ്പെടില്ല. എന്നാൽ ഇന്ന് അതു സർവസാധാരണമാണ്. ദമ്പതിയിൽ ഒരാൾ മറ്റേയാളെ അസഹ്യപ്പെടുത്തുന്ന എന്തെങ്കിലും പറയുന്നതോടെയാണു മിക്കപ്പോഴും തുടക്കം. തുടർന്ന് ശബ്ദം ഉയരുന്നു, കോപം ആളിക്കത്തുന്നു. അത് വികാരവിക്ഷോഭത്താൽ പരസ്പരം കുത്തുവാക്കുകൾ ചൊരിയുന്ന വാഗ്വാദങ്ങൾക്കു തിരികൊളുത്തുന്നു. എല്ലാം കഴിയുമ്പോൾ കനത്ത നിശ്ശബ്ദത രംഗപ്രവേശം ചെയ്യുന്നു, രണ്ടുപേരും സംസാരിക്കാൻ കൂട്ടാക്കാതെ മുഖം വീർപ്പിച്ച് ഇരിക്കുന്നു. ക്രമേണ ദേഷ്യം ശമിക്കുന്നു, ഇരുവരും ക്ഷമചോദിക്കുന്നു. വീണ്ടും സമാധാനം—കുറഞ്ഞത് അടുത്ത വഴക്കുവരെയെങ്കിലും!
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ശണ്ഠകൾ ഹരം പകരുന്ന ധാരാളം തമാശകൾക്കും ടെലിവിഷൻ പരിപാടികൾക്കും വിഷയമായിരുന്നിട്ടുണ്ട്. പക്ഷേ, യഥാർഥ ജീവിതത്തിൽ ഇതൊരു തമാശയേയല്ല. ഒരു ബൈബിൾ പഴമൊഴി ഇങ്ങനെ പറയുന്നു: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്.” (സദൃശവാക്യങ്ങൾ 12:18) അതേ, വഴക്കു തീർന്നശേഷവും ദീർഘകാലം നിലനിൽക്കുന്ന വൈകാരിക വടുക്കൾ അവശേഷിപ്പിക്കാൻ പരുഷമായ സംസാരത്തിനു കഴിയും. വാക്കേറ്റങ്ങൾ കയ്യേറ്റത്തിലേക്കുപോലും നയിക്കാനിടയുണ്ട്.—പുറപ്പാടു 21:18.
മനുഷ്യർ അപൂർണരായതുകൊണ്ട് വൈവാഹിക പ്രശ്നങ്ങൾ പൂർണമായി ഒഴിവാക്കാൻ പറ്റിയെന്നുവരില്ല. (ഉല്പത്തി 3:16; 1 കൊരിന്ത്യർ 7:28) എന്നിരുന്നാലും അടിക്കടി ഉണ്ടാകുന്ന ഉഗ്രമായ വഴക്കുകളെ ഒരു സാധാരണ സംഗതിയായി തള്ളിക്കളയരുത്. ഇണകൾ കൂടെക്കൂടെ വഴക്കടിക്കുന്നത് ഒടുവിൽ അവർ വിവാഹമോചനം നേടാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് നിങ്ങളും ഇണയും അഭിപ്രായഭിന്നതകൾ സമാധാനപൂർവം കൈകാര്യം ചെയ്യാൻ പഠിക്കേണ്ടത് അതിപ്രധാനമാണ്.
സാഹചര്യം വിശകലനം ചെയ്യുക
നിങ്ങളുടെ ദാമ്പത്യജീവിതം വാദപ്രതിവാദങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നെങ്കിൽ അവയ്ക്കെല്ലാം പൊതുവായി എന്തെങ്കിലും സവിശേഷതയുള്ളതായി നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ? ഏതെങ്കിലും കാര്യം സംബന്ധിച്ച നിങ്ങളുടെ അഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിൽ എന്താണു സാധാരണ സംഭവിക്കാറുള്ളത്? സംസാരം പെട്ടെന്ന് നിയന്ത്രണം വിട്ട് അധിക്ഷേപ വാക്കുകളുടെയും കുറ്റാരോപണങ്ങളുടെയും ഒരു കൊടുങ്കാറ്റായി മാറുകയാണോ പതിവ്? ആണെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
ആദ്യംതന്നെ, പ്രശ്നം വഷളാക്കുന്നതിൽ നിങ്ങളുടെ പങ്ക് എന്താണെന്നു സത്യസന്ധമായി പരിശോധിക്കുക. പെട്ടെന്നു ദേഷ്യംപിടിക്കുന്ന പ്രകൃതമാണോ നിങ്ങളുടേത്? വാഗ്വാദം ചെയ്യാൻ പ്രവണതയുള്ളയാളാണോ നിങ്ങൾ? ഇക്കാര്യത്തിൽ ഇണയ്ക്ക് നിങ്ങളെക്കുറിച്ചുള്ള അഭിപ്രായം എന്താണ്? ഒടുവിലത്തെ ഈ ചോദ്യം പരിചിന്തിക്കേണ്ടതു വളരെ പ്രധാനമാണ്. കാരണം, വാഗ്വാദ പ്രവണത എന്താണ് എന്ന കാര്യത്തിൽ നിങ്ങളുടെ വീക്ഷണങ്ങൾ വ്യത്യസ്തമായിരുന്നേക്കാം.
ഉദാഹരണത്തിന്, നിങ്ങളുടെ ഇണ അധികം സംസാരിക്കുന്ന ഒരാൾ അല്ലായിരിക്കാം, നിങ്ങളാണെങ്കിൽ ഉള്ളിലുള്ളതെല്ലാം വെട്ടിത്തുറന്ന് വികാരഭരിതമായി സംസാരിക്കുന്ന വ്യക്തിയും. “എന്റെ കുടുംബത്തിലുള്ള എല്ലാവരും അങ്ങനെയായിരുന്നു, അതു കണ്ടാണു ഞാൻ വളർന്നത്. അതു വാഗ്വാദമൊന്നുമല്ല!” എന്നു നിങ്ങൾ പറഞ്ഞേക്കാം. നിങ്ങൾക്ക് അതു വാഗ്വാദമായി തോന്നിയിട്ടില്ലായിരിക്കാം. പക്ഷേ, സ്വന്തം അഭിപ്രായങ്ങൾ തുറന്നടിക്കുന്ന നിങ്ങളുടെ പ്രകൃതത്തെ, മുറിപ്പെടുത്തുന്നതോ മെക്കിട്ടുകയറുന്നതോ ആയ വാഗ്വാദമായിട്ടായിരിക്കാം ഒരുപക്ഷേ നിങ്ങളുടെ ഇണ വീക്ഷിക്കുന്നത്. നിങ്ങൾക്കു രണ്ടുപേർക്കും രണ്ടുതരത്തിലുള്ള സംസാരരീതികളാണ് ഉള്ളതെന്നു മനസ്സിലാക്കുന്നതുതന്നെ തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും.
ഇനി, വാഗ്വാദത്തിൽ എല്ലായ്പോഴും ഒച്ചയിടുന്നത് ഉൾപ്പെടുന്നില്ലെന്നകാര്യം മനസ്സിൽപ്പിടിക്കുക. പൗലൊസ് ക്രിസ്ത്യാനികൾക്ക് എഴുതി: “എല്ലാ . . . കൂറ്റാരവും ദൂഷണവും . . . നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.” (എഫെസ്യർ 4:31) “കൂറ്റാരം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശബ്ദമുയർത്തി സംസാരിക്കുന്നതിനെയാണ്; “ദൂഷണം” എന്നത് എന്തു പറയുന്നു എന്നതിനെ സൂചിപ്പിക്കുന്നു. അങ്ങനെ നോക്കിയാൽ, ശബ്ദമടക്കിയുള്ള സംസാരംപോലും വാഗ്വാദമായിരിക്കാൻ കഴിയും—അത് അസ്വസ്ഥജനകവും ഇടിച്ചുതാഴ്ത്തുന്നതും ആയിരിക്കുമ്പോൾ.
മേൽപ്പറഞ്ഞ സംഗതികൾ മനസ്സിൽപ്പിടിച്ചുകൊണ്ട്, ഇണയുമായുള്ള അഭിപ്രായഭിന്നതകൾ നിങ്ങൾ കൈകാര്യം ചെയ്യുന്ന വിധം ഒന്നുകൂടി പരിശോധിക്കുക. നിങ്ങൾക്കു വാഗ്വാദ പ്രവണതയുണ്ടോ? നാം കണ്ടുകഴിഞ്ഞതുപോലെ, ആ ചോദ്യത്തിനുള്ള ശരിയായ ഉത്തരം പ്രധാനമായും നിങ്ങളുടെ ഇണയുടെ വീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. ഇണയുടെ കാഴ്ചപ്പാടിനെ ലോലമായ ഒരു മനസ്സിന്റെ ചിന്താഗതിയെന്നു മുദ്രകുത്തി തള്ളിക്കളയാതെ, ഇണ നിങ്ങളെ വീക്ഷിക്കുന്നതുപോലെ നിങ്ങളെത്തന്നെ കാണാൻ ശ്രമിക്കുക, എന്നിട്ട് ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തുക. പൗലൊസ് എഴുതി: “ഓരോരുത്തൻ സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.”—1 കൊരിന്ത്യർ 10:24.
“നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ”
അഭിപ്രായഭിന്നതകൾ തലപൊക്കുമ്പോൾ അവ കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റൊരു സംഗതി യേശുവിന്റെ വാക്കുകളിൽ കാണാൻ കഴിയും. അവൻ പറഞ്ഞു: “നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ.” (ലൂക്കൊസ് 8:18) യേശു ഇവിടെ വിവാഹജീവിതത്തിലെ ആശയവിനിമയത്തെക്കുറിച്ചു സംസാരിക്കുക ആയിരുന്നില്ല എന്നതു ശരിതന്നെ. എങ്കിലും, അതിലെ തത്ത്വം നമുക്കു ബാധകമാക്കാൻ കഴിയും. ഇണ സംസാരിക്കുമ്പോൾ നിങ്ങൾ എത്ര നന്നായി ശ്രദ്ധിച്ചുകേൾക്കുന്നു? നിങ്ങൾ അൽപ്പമെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? അതോ പെട്ടെന്ന് ഇടയ്ക്കുകയറി, പ്രശ്നം മുഴുവനായി മനസ്സിലാക്കാൻ മിനക്കെടാതെ എന്തെങ്കിലും പരിഹാരം നിർദേശിച്ച് തലയൂരാൻ ശ്രമിക്കുന്നുവോ? “കേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 18:13) ഒരു അഭിപ്രായഭിന്നത ഉണ്ടാകുമ്പോൾ നിങ്ങൾ രണ്ടുപേരും ആ കാര്യത്തെക്കുറിച്ചു യുക്തിസഹമായി തുറന്നുസംസാരിക്കുകയും പരസ്പരം ശ്രദ്ധിച്ചുകേൾക്കുകയും വേണം.
ഇണയുടെ വീക്ഷണത്തെ ഇടിച്ചുതാഴ്ത്തരുത്. പകരം, ‘സഹതാപം’ അഥവാ സഹാനുഭൂതി പ്രകടമാക്കാൻ യത്നിക്കുക. (1 പത്രൊസ് 3:8) മൂല ഗ്രീക്കിൽ ഈ പദം അടിസ്ഥാനപരമായി മറ്റൊരു വ്യക്തിയോടൊപ്പം കഷ്ടം സഹിക്കുന്നതിനെ കുറിക്കുന്നു. എന്തെങ്കിലും കാര്യത്തെപ്രതി നിങ്ങളുടെ ഇണയുടെ മനസ്സു വേദനിക്കുന്നെങ്കിൽ നിങ്ങളും ആ വേദനയിൽ പങ്കുചേരണം. അവന്റെയോ അവളുടെയോ തലത്തിൽനിന്നുകൊണ്ട് ആ പ്രശ്നത്തെ കാണാൻ ശ്രമിക്കുക.
ദൈവഭക്തനായ യിസ്ഹാക് അങ്ങനെ ചെയ്തതായി കാണാൻ കഴിയും. അവന്റെ ഭാര്യ റിബെക്കാ സ്വന്തം മകൻ യാക്കോബ് ഉൾപ്പെട്ട ഒരു കുടുംബപ്രശ്നത്തിൽ അത്യധികം വ്യാകുലപ്പെട്ട് യിസ്ഹാക്കിനോട് ഇങ്ങനെ പറഞ്ഞതായി ബൈബിൾ വിവരണം പറയുന്നു: “ഈ ഹിത്യസ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിന്നു ജീവിക്കുന്നു?”—ഉല്പത്തി 27:46.
ഉത്കണ്ഠമൂലം അവൾ കാര്യങ്ങൾ അൽപ്പം അതിശയോക്തി കലർത്തി പ്രകടിപ്പിച്ചിരിക്കാം എന്നതു ശരിയാണ്. വാസ്തവത്തിൽ അവൾക്കു ജീവിതം അസഹ്യമായിത്തീർന്നിരുന്നോ? ഹിത്യസ്ത്രീകളിൽ ഒരാളെ മകൻ വിവാഹം കഴിച്ചാൽ റിബെക്കാ തന്റെ ജീവിതം അക്ഷരാർഥത്തിൽ അവസാനിച്ചു കാണാൻ ആഗ്രഹിക്കുമായിരുന്നോ? അതിനു സാധ്യതയില്ല. എങ്കിൽപ്പോലും യിസ്ഹാക് അവളുടെ വികാരങ്ങൾ നിസ്സാരമായി തള്ളിക്കളയാൻ ശ്രമിച്ചില്ല. പകരം, റിബെക്കായുടെ ആകുലതകൾ പരിഗണന അർഹിക്കുന്നവ ആണെന്നു തിരിച്ചറിഞ്ഞ് അവൻ ആവശ്യമായ നടപടി സ്വീകരിച്ചു. (ഉല്പത്തി 28:1) അടുത്ത പ്രാവശ്യം നിങ്ങളുടെ ഇണ ഏതെങ്കിലും കാര്യത്തെപ്രതി വ്യാകുലപ്പെടുന്നെങ്കിൽ ഇതുപോലെതന്നെ ചെയ്യുക. പറയുന്ന കാര്യങ്ങൾ നിസ്സാരമായി തള്ളിക്കളയാതെ ശ്രദ്ധിക്കുക, ഇണയുടെ വീക്ഷണത്തെ മാനിക്കുക, അനുകമ്പാപൂർവം അതിനോടു പ്രതികരിക്കുക.
ശ്രദ്ധിക്കലും ഉൾക്കാഴ്ച പ്രകടമാക്കലും
ഒരു ബൈബിൾ സദൃശവാക്യം പറയുന്നു: “വിവേകബുദ്ധിയാൽ [“ഉൾക്കാഴ്ചയാൽ,” NW] മനുഷ്യന്നു ദീർഘക്ഷമവരുന്നു.” (സദൃശവാക്യങ്ങൾ 19:11) അഭിപ്രായവ്യത്യാസം ചൂടുപിടിച്ചു നിൽക്കുമ്പോൾ നിങ്ങളുടെ ഇണ തൊടുത്തുവിടുന്ന ഓരോ വാക്ശരത്തിനും നേരെ ഉരുളയ്ക്കുപ്പേരികണക്കെ പ്രതികരിക്കുക വളരെ എളുപ്പമാണ്. എന്നാൽ സാധാരണഗതിയിൽ, ഇത് രംഗം കൂടുതൽ വഷളാക്കുകയേ ഉള്ളൂ. അതുകൊണ്ട് മറ്റേയാൾ പറയുന്നതു ശ്രദ്ധിക്കുമ്പോൾ വാക്കുകൾ മാത്രം കേൾക്കാതെ അവയിൽ അന്തർലീനമായിരിക്കുന്ന വികാരങ്ങൾകൂടി മനസ്സിലാക്കുമെന്നു ദൃഢനിശ്ചയം ചെയ്യുക. നമ്മെ അവ അസഹ്യപ്പെടുത്തുന്നത് എങ്ങനെയെന്നു മാത്രം ചിന്തിക്കാതെ പ്രശ്നത്തിന്റെ ഉൾക്കാമ്പിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇത്തരം ഉൾക്കാഴ്ച നിങ്ങളെ സഹായിക്കും.
ഉദാഹരണത്തിന്, ഭാര്യ ഇങ്ങനെ പറയുന്നെന്നു വിചാരിക്കുക, “നിങ്ങൾ ഒരിക്കലും എന്റെ കൂടെ സമയം ചെലവഴിക്കാറില്ല!” ഇതു കേൾക്കുമ്പോൾ നിങ്ങൾക്ക് അസഹ്യത തോന്നിയേക്കാം, വളരെ അലക്ഷ്യമായി ഇങ്ങനെ പറഞ്ഞുകൊണ്ട് നിങ്ങൾ അതു നിഷേധിച്ചേക്കാം, “കഴിഞ്ഞ മാസമല്ലേ ഞാൻ നിന്റെ കൂടെ ഒരു ദിവസം മുഴുവനും ചെലവഴിച്ചത്!” എന്നാൽ നിങ്ങൾ ഈ പരാതി നന്നായി ശ്രദ്ധിക്കുന്നെങ്കിൽ, നിങ്ങൾ അവളുടെകൂടെ കൂടുതൽ മിനിട്ടുകളോ മണിക്കൂറുകളോ ചെലവഴിക്കാനല്ല അവൾ ആവശ്യപ്പെടുന്നത് എന്നു നിങ്ങൾ മനസ്സിലാക്കാനിടയുണ്ട്. മറിച്ച്, താൻ അവഗണിക്കപ്പെടുന്നെന്നും സ്നേഹിക്കപ്പെടുന്നതായി തനിക്കു തോന്നുന്നില്ലെന്നും നിങ്ങളെ അറിയിക്കാനും നിങ്ങളുടെ സ്നേഹത്തിന് ഉറപ്പു കിട്ടാനും വേണ്ടിയായിരിക്കാം അവൾ അങ്ങനെ പറഞ്ഞത്.
നിങ്ങൾ ഒരു ഭാര്യയാണെങ്കിൽ, അടുത്തയിടെ നിങ്ങൾ എന്തെങ്കിലും വാങ്ങിയതിനെക്കുറിച്ച് ഭർത്താവ് ഇങ്ങനെ പറയുന്നുവെന്നു കരുതുക: “ഇത്രയധികം പണം ചെലവിടാൻ നിനക്ക് എങ്ങനെ കഴിഞ്ഞെന്ന് എനിക്കു വിശ്വസിക്കാനാകുന്നില്ല.” അപ്പോൾ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചു പറഞ്ഞുകൊണ്ടോ അദ്ദേഹം നടത്തിയ ഒരു ഷോപ്പിങ്ങുമായി താരതമ്യം ചെയ്തുകൊണ്ടോ ന്യായീകരണം നടത്താനായിരിക്കാം പെട്ടെന്നു നിങ്ങൾക്കു തോന്നുക. എന്നിരുന്നാലും ഉൾക്കാഴ്ച ഉണ്ടെങ്കിൽ, നിങ്ങൾ ചെലവാക്കിയ പണത്തെക്കുറിച്ചായിരിക്കില്ല ഭർത്താവ് പറയുന്നതെന്നു നിങ്ങൾ മനസ്സിലാക്കും. മറിച്ച്, തന്നോടു ചോദിക്കാതെ അപ്രകാരം ചെയ്തതിലുള്ള അദ്ദേഹത്തിന്റെ വിഷമമാകാം അതു പ്രതിഫലിപ്പിക്കുന്നത്.
ഒന്നിച്ച് എത്ര സമയം ചെലവിടണം, എന്തെങ്കിലും വാങ്ങുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് എങ്ങനെയാണ് എന്നീ കാര്യങ്ങളിൽ ഓരോ ദമ്പതിമാരും തീരുമാനത്തിലെത്തുന്നതു വ്യത്യസ്ത വിധങ്ങളിലായിരിക്കാം. എന്നാൽ ഭിന്നതകൾ തലപൊക്കുമ്പോൾ കോപം ശമിപ്പിക്കാനും പ്രശ്നങ്ങളുടെ കാതൽ മനസ്സിലാക്കാനും ഉൾക്കാഴ്ച നിങ്ങളെ പ്രാപ്തരാക്കും എന്നതാണ് നാം ഇവിടെ പരിചിന്തിച്ചുവരുന്ന ആശയം. എടുത്തുചാടി പ്രതികരിക്കുന്നതിനു പകരം, “കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരി”ക്കാനുള്ള ബൈബിൾ എഴുത്തുകാരനായ യാക്കോബിന്റെ ഉദ്ബോധനം പിൻപറ്റുക.—യാക്കോബ് 1:19.
ഇണയോടു നിങ്ങൾ സംസാരിക്കുന്ന വിധവും പ്രധാനമാണെന്നു മനസ്സിൽപ്പിടിക്കുക. “ജ്ഞാനികളുടെ നാവോ സുഖപ്രദം” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 12:18) നിങ്ങളുടെ ഇടയിൽ അഭിപ്രായഭിന്നത ഉണ്ടാകുമ്പോൾ നിങ്ങൾ പറയുന്ന വാക്കുകൾ എങ്ങനെയുള്ളവയാണ്? അവ കുത്തിനോവിക്കുന്നവയാണോ, അതോ സുഖപ്പെടുത്തുന്നവയാണോ? അവ മാർഗതടസ്സം സൃഷ്ടിക്കുന്നവയാണോ അതോ ഒത്തുതീർപ്പിനു വഴി തുറക്കുന്നവയാണോ? നാം കണ്ടുകഴിഞ്ഞതുപോലെ, കോപത്തോടെയോ എടുത്തുചാടിയോ പ്രതികരിക്കുന്നത് വഴക്കിലേ കലാശിക്കൂ.—സദൃശവാക്യങ്ങൾ 29:22.
അഭിപ്രായഭിന്നത ഒരു വാക്പയറ്റായി തരംതാഴുന്നപക്ഷം, മുഖ്യ പ്രശ്നത്തിൽനിന്നു വ്യതിചലിക്കാതിരിക്കാൻ കിണഞ്ഞു ശ്രമിക്കുക. വ്യക്തിയെ ലക്ഷ്യമിടുന്നതിനു പകരം കാരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുക. ആരുടെ പക്ഷമാണ് ശരി എന്നു ചിന്തിക്കുന്നതിനു പകരം, ഏതാണ് ശരി എന്നതിനു ശ്രദ്ധ നൽകുക. എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ സംസാരിക്കാതിരിക്കാൻ ശ്രദ്ധയുള്ളവരായിരിക്കുക. ‘കഠിനവാക്ക് കോപത്തെ ജ്വലിപ്പിക്കുന്നു’ എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 15:1) നിങ്ങൾക്ക് ഇണയുടെ സഹകരണം ലഭിക്കുമോ ഇല്ലയോ എന്നത് നിങ്ങൾ എന്തു പറയുന്നു എന്നതിനെയും അത് എങ്ങനെ പറയുന്നു എന്നതിനെയും ആശ്രയിച്ചിരുന്നേക്കാം.
ഭിന്നത പരിഹരിക്കാൻ ലക്ഷ്യമിടുക, തർക്കിച്ചു ജയിക്കാനല്ല
വിയോജിപ്പുകൾ കൈകാര്യം ചെയ്യുമ്പോൾ, തർക്കിച്ചു ജയിക്കുക എന്നതിനു പകരം ഭിന്നത പരിഹരിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? ബൈബിളിന്റെ ബുദ്ധിയുപദേശം ആരായുകയും ബാധകമാക്കുകയും ചെയ്യുക എന്നതാണു യഥാർഥ പ്രതിവിധി. അതു ചെയ്യുന്നതിൽ ഭർത്താക്കന്മാർ പ്രത്യേകിച്ചും മുൻകൈ എടുക്കണം. നിലവിലുള്ള വിവാദങ്ങളെയോ പ്രശ്നങ്ങളെയോ കുറിച്ച് ശക്തമായ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിനു ധൃതി കൂട്ടുന്നതിനു പകരം, യഹോവയുടെ വീക്ഷണകോണിലൂടെ അവയെ വീക്ഷിക്കരുതോ? അവനോടു പ്രാർഥിക്കുക, ഹൃദയങ്ങളെയും നിനവുകളെയും കാവൽ ചെയ്യുന്ന ദൈവസമാധാനം കണ്ടെത്താൻ ശ്രമിക്കുക. (എഫെസ്യർ 6:18; ഫിലിപ്പിയർ 4:6, 7) നിങ്ങളുടെ വ്യക്തിപരമായ താത്പര്യത്തിനു മാത്രമല്ല, ഇണയുടേതിനും ശ്രദ്ധ നൽകാൻ ആത്മാർഥമായി ശ്രമിക്കുക.—ഫിലിപ്പിയർ 2:4.
മുറിപ്പെട്ട മനസ്സും അനിയന്ത്രിതമായ വികാരങ്ങളും ചിന്തയുടെയും പ്രവർത്തനങ്ങളുടെയും മേൽ ആധിപത്യം പുലർത്താൻ അനുവദിക്കുന്നതാണ് മിക്കപ്പോഴും സ്ഥിതിഗതികൾ കൂടുതൽ പരിതാപകരമാക്കിത്തീർക്കുന്നത്. നേരെമറിച്ച്, ദൈവവചനത്തിലെ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ യഥാസ്ഥാനപ്പെടാൻ മനസ്സൊരുക്കം കാട്ടുമ്പോൾ സമാധാനവും യോജിപ്പും യഹോവയുടെ അനുഗ്രഹവും ആസ്വദിക്കാൻ കഴിയും. (2 കൊരിന്ത്യർ 13:11) അതുകൊണ്ട്, “ഉയരത്തിൽനിന്നുള്ള ജ്ഞാന”ത്താൽ നയിക്കപ്പെടുന്നവർ ആയിരിക്കുക, ദൈവിക ഗുണങ്ങൾ പ്രകടിപ്പിക്കുക, “സമാധാനം ഉണ്ടാക്കുന്നവർ” എന്ന നിലയിൽ പ്രയോജനങ്ങൾ കൊയ്യുക.—യാക്കോബ് 3:17, 18.
അഭിപ്രായഭിന്നതകൾ സമാധാനപൂർവം കൈകാര്യംചെയ്യാൻ എല്ലാവരും പഠിക്കേണ്ടതുണ്ട്—അതിനുവേണ്ടി വ്യക്തിപരമായ ഇഷ്ടങ്ങൾ ത്യജിക്കേണ്ടി വരുന്നെങ്കിൽപ്പോലും. (1 കൊരിന്ത്യർ 6:7) ‘കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളയാനും പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കാനും’ ഉള്ള പൗലൊസിന്റെ ഉദ്ബോധനത്തിനു ചെവികൊടുക്കുക.—കൊലൊസ്സ്യർ 3:8-10.
തീർച്ചയായും, പിന്നീട് ഓർത്തു ദുഃഖിച്ചേക്കാവുന്ന തരത്തിലുള്ള കാര്യങ്ങൾ ചിലപ്പോഴൊക്കെ നിങ്ങൾ പറഞ്ഞെന്നു വരാം. (യാക്കോബ് 3:8) അങ്ങനെ സംഭവിക്കുമ്പോൾ ഇണയോടു ക്ഷമ ചോദിക്കുക. ശ്രമം ചെയ്യുന്നതിൽ തുടരുക. കാലത്തിന്റെ നീരൊഴുക്കിൽ, നിങ്ങളും ഇണയും അഭിപ്രായഭിന്നതകൾ കൈകാര്യം ചെയ്യുന്ന വിധത്തിൽ സാധ്യതയനുസരിച്ച് വലിയ പുരോഗതി നേടിയിരിക്കും.
[22-ാം പേജിലെ ചതുരം/ചിത്രം]
വാഗ്വാദങ്ങൾ തണുപ്പിക്കാൻ മൂന്നു പടികൾ
• ഇണ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. സദൃശവാക്യങ്ങൾ 10:19
• ഇണയുടെ വീക്ഷണത്തെ മാനിക്കുക. ഫിലിപ്പിയർ 2:4
• സ്നേഹപൂർവം പ്രതികരിക്കുക. 1 കൊരിന്ത്യർ 13:4-7
[23-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്
താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഇണയോടു ചോദിക്കുക. ഇടയ്ക്കുകയറി സംസാരിക്കാതെ അതിനുള്ള ഉത്തരങ്ങൾ ശ്രദ്ധിക്കുക. തുടർന്ന് നിങ്ങളുടെ ഇണ അതേ ചോദ്യങ്ങൾ നിങ്ങളോടു ചോദിക്കുകയും ഉത്തരങ്ങൾ ശ്രദ്ധിക്കുകയും ചെയ്യട്ടെ.
• എനിക്ക് വാഗ്വാദ പ്രവണത ഉണ്ടോ?
• ഉള്ളു തുറന്നു സംസാരിക്കുമ്പോൾ ഞാൻ ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ, അതോ കാര്യങ്ങൾ പറഞ്ഞു തീരും മുമ്പെ ഞാൻ എടുത്തുചാടി പ്രതികരിക്കുന്നുവോ?
• ഞാൻ വികാരങ്ങൾ മുറിപ്പെടുത്തുംവിധത്തിൽ അല്ലെങ്കിൽ ദേഷ്യപ്പെട്ടു സംസാരിക്കുന്നതായി തോന്നുന്നുണ്ടോ?
• സംഭാഷണരീതി മെച്ചപ്പെടുത്താൻ നമുക്കിരുവർക്കും എന്തു ചെയ്യാൻ കഴിയും—പ്രത്യേകിച്ച് ഒരു കാര്യം സംബന്ധിച്ചു യോജിക്കാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ?
[21-ാം പേജിലെ ചിത്രം]
നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ?
[22-ാം പേജിലെ ചിത്രം]
‘അവഗണിക്കപ്പെടുന്നെന്നും സ്നേഹിക്കപ്പെടുന്നില്ലെന്നും എനിക്കു തോന്നുന്നു’
[22-ാം പേജിലെ ചിത്രം]
“നിങ്ങൾ ഒരിക്കലും എന്റെ കൂടെ സമയം ചെലവഴിക്കാറില്ല!”
[22-ാം പേജിലെ ചിത്രം]
“കഴിഞ്ഞ മാസമല്ലേ ഞാൻ നിന്റെ കൂടെ ഒരു ദിവസം മുഴുവനും ചെലവഴിച്ചത്!”