“ഒരു ബുദ്ധിമുട്ടും കൂടാതെ അവർക്കു സ്വതന്ത്രരാകാൻ കഴിയുമായിരുന്നു”
മുൻ ഫ്രഞ്ച് പ്രസിഡന്റ് ചാൾസ് ഡിഗോളിന്റെ സഹോദരപുത്രിയായ ഷന്വേയ്വ് ഡിഗോൾ, വടക്കൻ ജർമനിയിലെ റാവെൻസ്ബ്രൂക്ക് നാസി തടങ്കൽപ്പാളയത്തിൽവെച്ച് യഹോവയുടെ സാക്ഷികളെക്കുറിച്ചു നേരിട്ടു മനസ്സിലാക്കിയിരുന്നു. 1945 ആഗസ്റ്റിൽ അവർ എഴുതിയ ഒരു കത്തിൽനിന്നുള്ളതാണ് മുകളിൽ കൊടുത്തിരിക്കുന്ന വാക്കുകൾ.
പോളണ്ടിലെ ഔഷ്വിറ്റ്സിലുള്ള തടങ്കൽപ്പാളയത്തിലുണ്ടായിരുന്നവർ 1945 ജനുവരി 27-നു സ്വതന്ത്രരായി. 1996-നുശേഷം ജർമനിയിൽ ആ തീയതി, നാസി ഭരണത്തിന് ഇരയായിത്തീർന്നവരുടെ അനുസ്മരണദിനമാണ്.
2003 ജനുവരി 27-നു നടന്ന ഒരു അനുസ്മരണ പ്രസംഗത്തിൽ ബാഡൻ-വേർട്ടംബർഗ് സ്റ്റേറ്റ് പാർലമെന്റിന്റെ പ്രസിഡന്റായ പേറ്റ ഷ്ട്രോബ് ഇങ്ങനെ പറഞ്ഞു: “മതപരവും രാഷ്ട്രീയവും ആയ കാരണങ്ങളാൽ പീഡനം അനുഭവിച്ചവരും ഹിറ്റ്ലറുടെ വാഴ്ചയ്ക്കു കീഴടങ്ങുന്നതിനെക്കാൾ മരിക്കാൻ തയ്യാറായവരും നമ്മുടെ അങ്ങേയറ്റത്തെ ആദരവ്, വാക്കുകൾക്കു വർണിക്കാനാവാത്തത്ര ആദരവ് അർഹിക്കുന്നു. ഹിറ്റ്ലറുടെ ഭരണ വ്യവസ്ഥകൾക്കു വഴങ്ങിക്കൊടുക്കാൻ പൂർണമായി വിസമ്മതിച്ച ഏക മതസമൂഹം യഹോവയുടെ സാക്ഷികളായിരുന്നു: ഹെയ്ൽ ഹിറ്റ്ലർ എന്നു പറഞ്ഞുകൊണ്ട് സല്യൂട്ടു ചെയ്യാൻ അവർ ഒരിക്കലും തയ്യാറായില്ല. സൈനിക സേവനം ഉൾപ്പെടെ മനസ്സാക്ഷിക്കു വിരുദ്ധമായ ഏതൊരു സേവനവും നിർവഹിക്കാൻ വിസമ്മതിച്ചതുപോലെതന്നെ, നാസി നേതാവിനോടും രാഷ്ട്രത്തോടും കൂറു പ്രഖ്യാപിക്കാനും അവർ വിസമ്മതിച്ചു. അവരുടെ കുട്ടികൾ ‘ഹിറ്റ്ലർ യുവജനപ്രസ്ഥാന’ത്തിൽ ചേർന്നില്ല.”
യേശുക്രിസ്തു തന്റെ അനുഗാമികളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല” അഥവാ ലോകത്തിന്റെ ഭാഗമല്ല. (യോഹന്നാൻ 17:16) അതുകൊണ്ട് യഹോവയുടെ സാക്ഷികളുടെ നിലപാടു പൂർണമായും മതപരമായ ഒന്നായിരുന്നു. ഷ്ട്രോബ് ഇങ്ങനെ തുടർന്നു: “ആഗ്രഹിക്കുന്നപക്ഷം രക്തസാക്ഷിത്വം ഒഴിവാക്കാൻ കഴിയുമായിരുന്ന ഒരേയൊരു കൂട്ടർ, തടങ്കൽപ്പാളയത്തിലെ തടവുകാരെന്ന നിലയിൽ വസ്ത്രത്തിൽ പർപ്പിൾ ട്രയാങ്കിൾ ധരിച്ചിരുന്ന യഹോവയുടെ സാക്ഷികൾ ആയിരുന്നു. വിശ്വാസം ത്യജിച്ചുപറയുന്ന ഒരു പ്രഖ്യാപനത്തിൽ ഒപ്പിടുക മാത്രമാണ് അവർ ചെയ്യേണ്ടിയിരുന്നത്.”
ബഹുഭൂരിപക്ഷം സാക്ഷികളെ സംബന്ധിച്ചും വിശ്വാസം ത്യജിച്ചുപറയുകയെന്നത് അചിന്ത്യമായിരുന്നു. തത്ഫലമായി അവരിൽ 1,200 പേർ നാസി ഭരണകാലത്തു മരണമടഞ്ഞു. മനസ്സാക്ഷി നിമിത്തം സൈനിക സേവനത്തിനു വിസമ്മതിച്ച 270 പേർ വധിക്കപ്പെട്ടു. “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന് വായ്കൊണ്ടു പറയുന്നതിലധികം അവർ ചെയ്തു.—പ്രവൃത്തികൾ 5:29.
വടക്കൻ റൈൻ-വെസ്റ്റ്ഫാലിയ സ്റ്റേറ്റ് പാർലമെന്റിന്റെ പ്രസിഡന്റായ ഉൾറിക്ക് ഷ്മിറ്റ് സൂചിപ്പിച്ചതുപോലെ, യഹോവയുടെ സാക്ഷികൾ അസാധാരണ മനുഷ്യരൊന്നുമായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രസംഗത്തെ പരാമർശിച്ചുകൊണ്ട് ലാന്റ്ടാഗ് ഇന്റേൺ എന്ന ലഘുപത്രിക സാക്ഷികളെ വിശേഷിപ്പിച്ചത് “തങ്ങളുടെ മനസ്സാക്ഷിയെ പിൻപറ്റിക്കൊണ്ട് മതവിശ്വാസങ്ങൾക്കുവേണ്ടി ഉറച്ചുനിൽക്കുകയും പൗരാനുസൃത ധൈര്യം പ്രകടിപ്പിക്കുകയും ചെയ്ത, ക്രിസ്തീയ വിശ്വാസങ്ങളിലുള്ള ബോധ്യം നിമിത്തം നാസി പ്രത്യയശാസ്ത്രത്തെ എതിർത്തുനിന്ന, സാധാരണക്കാരായ ആളുകൾ” എന്നാണ്. ദുഷ്കര സാഹചര്യങ്ങളിലും തന്നോടു വിശ്വസ്തമായി പറ്റിനിൽക്കുന്ന എല്ലാവരെയുംപ്രതി യഹോവ സന്തോഷിക്കുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. സദൃശവാക്യങ്ങൾ 27:11-ൽ നാം ഇപ്രകാരം വായിക്കുന്നു: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.”
[30-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of United States Holocaust Memorial Museum