വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
സമാഗമന കൂടാരത്തിലെയും ആലയത്തിലെയും അതിവിശുദ്ധത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന, ഷെക്കിന എന്നു ചിലപ്പോൾ വിളിക്കപ്പെട്ടിരുന്ന, അത്ഭുതവെളിച്ചം പുരാതന ഇസ്രായേല്യർക്ക് എന്താണ് അർഥമാക്കിയത്?
സ്നേഹനിധിയായ പിതാവും സംരക്ഷകനും എന്ന നിലയിൽ യഹോവ, തന്റെ സാന്നിധ്യം സ്വന്ത ജനമായ ഇസ്രായേലിന് സവിശേഷമാംവിധം അനുഭവപ്പെടാൻ ഇടയാക്കി. അതിന് അവൻ ഉപയോഗിച്ച മാർഗങ്ങളിലൊന്ന് തന്റെ ആരാധനാലയത്തോടു ബന്ധപ്പെട്ട, തേജോമയമായ ഒരു മേഘം ആയിരുന്നു.
ഉജ്ജ്വലമായ ആ പ്രകാശം യഹോവയുടെ അദൃശ്യ സാന്നിധ്യത്തെ പ്രതിനിധാനം ചെയ്തു. അത് സമാഗമനകൂടാരത്തിന്റെയും ശലോമോൻ നിർമിച്ച ആലയത്തിന്റെയും അതിവിശുദ്ധത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. യഹോവ ശാരീരികമായി അവിടെ സന്നിഹിതനാണെന്ന് ആ അത്ഭുത വെളിച്ചം അർഥമാക്കിയില്ല. മനുഷ്യനിർമിതമായ ആലയങ്ങൾക്കു ദൈവത്തെ ഉൾക്കൊള്ളാൻ കഴിയുകയില്ല. (2 ദിനവൃത്താന്തം 6:18; പ്രവൃത്തികൾ 17:24, 25) ദൈവത്തിന്റെ ആലയത്തിലെ അഭൗമമായ ഈ വെളിച്ചത്തിന്, ഇസ്രായേൽ ജനത്തിന്റെയും അവരുടെ ആവശ്യങ്ങളുടെയും മേൽ യഹോവയുടെ സംരക്ഷണാത്മക കരുതൽ ഉണ്ടായിരിക്കുമെന്ന ഉറപ്പ് മഹാപുരോഹിതനും തദ്വാരാ മുഴു ജനത്തിനും നൽകാൻ കഴിയുമായിരുന്നു.
ബൈബിളെഴുത്തിനുശേഷമുള്ള അരമായ ഭാഷയിൽ ഈ വെളിച്ചം ഷെക്കിന എന്നു വിളിക്കപ്പെട്ടിരുന്നു. അതിന്റെ അർഥം “നിവസിക്കുന്നത്” അല്ലെങ്കിൽ “നിവാസം” എന്നാണ്. ഈ പദം ബൈബിളിൽ പ്രത്യക്ഷപ്പെടുന്നില്ല. എന്നാൽ ടാർഗം എന്നും അറിയപ്പെടുന്ന, എബ്രായ തിരുവെഴുത്തുകളുടെ അരമായ ഭാഷാന്തരങ്ങളിൽ ഈ പദം ഉണ്ട്.
സമാഗമനകൂടാരം നിർമിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ കൊടുത്തപ്പോൾ യഹോവ മോശെയോട് ഇങ്ങനെ പറഞ്ഞു: “കൃപാസനത്തെ പെട്ടകത്തിന്മീതെ വെക്കേണം; ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിന്നകത്തു വെക്കേണം. അവിടെ ഞാൻ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേൽനിന്നും സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന രണ്ടു കെരൂബുകളുടെ നടുവിൽ നിന്നും . . . നിന്നോടു അരുളിച്ചെയ്യും.” (പുറപ്പാടു 25:21, 22) അതിവിശുദ്ധത്തിലുള്ള, സ്വർണത്താൽ പൊതിഞ്ഞ, പെട്ടകത്തെയാണ് അവിടെ പരാമർശിച്ചിരിക്കുന്നത്. അതിന്റെ അടപ്പിൽ, സ്വർണത്തിൽ തീർത്ത രണ്ടു കെരൂബുകൾ ഉണ്ട്.
യഹോവ എവിടെനിന്നായിരിക്കും സംസാരിക്കുക? മോശെയോട് ഇങ്ങനെ പറഞ്ഞുകൊണ്ട് യഹോവ അതിന് ഉത്തരം നൽകി: ‘കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടും.’ (ലേവ്യപുസ്തകം 16:2) വിശുദ്ധ പെട്ടകത്തിന്റെ മുകളിൽ, രണ്ടു കെരൂബുകളുടെ നടുവിലായി ഈ മേഘം അന്തരീക്ഷത്തിൽ തങ്ങിനിന്നു. അത് നിലത്തുനിന്ന് എത്രത്തോളം ഉയരത്തിലായിരുന്നെന്നോ കെരൂബുകളിൽനിന്ന് എത്ര മുകളിലേക്കു വ്യാപിച്ചിരുന്നെന്നോ ബൈബിൾ പറയുന്നില്ല.
തേജോമയമായ ഈ മേഘം അതിവിശുദ്ധത്തെ പ്രകാശമാനമാക്കി. വാസ്തവത്തിൽ അതിവിശുദ്ധത്തിൽ വെളിച്ചത്തിനുള്ള ഏക ഉറവും അതായിരുന്നു. പാപപരിഹാരദിനത്തിൽ മഹാപുരോഹിതൻ അവിടെ പ്രവേശിക്കുമ്പോൾ അവിടെയുള്ള വസ്തുക്കൾ കാണാൻ ഈ വെളിച്ചം അദ്ദേഹത്തെ സഹായിക്കുമായിരുന്നു. അദ്ദേഹം യഹോവയുടെ സാന്നിധ്യത്തിലാണു നിന്നിരുന്നത്.
ഈ അത്ഭുത വെളിച്ചത്തിനു ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും പ്രാധാന്യമുണ്ടോ? അപ്പൊസ്തലനായ യോഹന്നാൻ ദർശനത്തിൽ ‘രാത്രി ഇല്ലാത്ത’ ഒരു നഗരം കണ്ടു. യേശുവിനോടൊപ്പം ഭരിക്കുന്നതിനായി പുനരുത്ഥാനം പ്രാപിച്ച അഭിഷിക്ത ക്രിസ്ത്യാനികളടങ്ങുന്ന പുതിയ യെരൂശലേം ആണ് ആ നഗരം. ഈ ആലങ്കാരിക നഗരത്തിലേക്കു വെളിച്ചം വരുന്നത് സൂര്യനിൽനിന്നോ ചന്ദ്രനിൽനിന്നോ അല്ല. ഷെക്കിന മേഘം അതിവിശുദ്ധത്തെ പ്രകാശമാനമാക്കിയതുപോലെ, യഹോവയാം ദൈവത്തിന്റെ മഹത്ത്വം ഈ സംഘടനയെ നേരിട്ടു പ്രകാശിപ്പിക്കുന്നു. കൂടാതെ, കുഞ്ഞാട് അതിന്റെ ‘വിളക്ക്’ ആണ്. ഈ “നഗരമാകട്ടെ,” സകല ജനതകളിൽനിന്നുമായി വീണ്ടെടുക്കപ്പെട്ടിരിക്കുന്ന ആളുകളുടെ മാർഗനിർദേശത്തിനായി അവരുടെമേൽ ആത്മീയ പ്രകാശവും പ്രീതിയും ചൊരിയുന്നു.—വെളിപ്പാടു 21:22-25.
സമൃദ്ധമായ അത്തരം അനുഗ്രഹങ്ങൾ ഉയരത്തിൽനിന്നു ലഭിക്കുന്നതിനാൽ, യഹോവ തങ്ങളെ സംരക്ഷിക്കുന്ന ഇടയനും വാത്സല്യനിധിയായ പിതാവും ആണെന്ന് അവന്റെ ആരാധകർക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.