അവർ മാതാപിതാക്കളുടെ ഹൃദയത്തെ സന്തോഷിപ്പിച്ചു
“മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും.” (സദൃശവാക്യങ്ങൾ 23:15) അതേ, മക്കൾ ദൈവിക ജ്ഞാനം സമ്പാദിക്കുന്നത് ക്രിസ്തീയ മാതാപിതാക്കളെ അതിയായി സന്തോഷിപ്പിക്കുന്നു. 2005 സെപ്റ്റംബർ 10 ശനിയാഴ്ച, വിവിധ രാജ്യങ്ങളിൽനിന്നുള്ള 6,859 പേർ 119-ാം വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു. എല്ലാവർക്കും, പ്രത്യേകിച്ച് ബിരുദധാരികളായ 56 പേരുടെയും മാതാപിതാക്കൾക്ക് എന്തെന്നില്ലാത്ത സന്തോഷം അനുഭവപ്പെട്ട സന്ദർഭമായിരുന്നു അത്.
ദീർഘകാലമായി ഐക്യനാടുകളിലെ ബെഥേൽ കുടുംബത്തിൽ സേവിക്കുന്ന ഡേവിഡ് വാക്കറുടെ ഹൃദയംഗമമായ പ്രാർഥനയോടെ പരിപാടി ആരംഭിച്ചു. അധ്യക്ഷനും യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗവുമായ ഡേവിഡ് സ്പ്ലെയ്ൻ, ബിരുദദാന ചടങ്ങിന് ആമുഖമായി ബിരുദധാരികളുടെ മാതാപിതാക്കളോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു ഞങ്ങളുടെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. മക്കളിൽ നിങ്ങൾ ഉൾനട്ട ഗുണവിശേഷങ്ങൾ മിഷനറി സേവനം ഏറ്റെടുക്കാൻ അവരെ പ്രേരിപ്പിച്ചിരിക്കുന്നു.” പെട്ടെന്നുതന്നെ തങ്ങളുടെ മക്കൾ വിദൂരദേശങ്ങളിൽ നിയമിക്കപ്പെടുമായിരുന്നതിനാൽ ആ മാതാപിതാക്കൾ ഉത്കണ്ഠാകുലർ ആയിത്തീർന്നിരിക്കാം. എന്നാൽ സ്പ്ലെയ്ൻ സഹോദരൻ അവരെ ധൈര്യപ്പെടുത്തി: “മക്കളെക്കുറിച്ചു നിങ്ങൾ വിഷമിക്കേണ്ട. നിങ്ങളെക്കാൾ നന്നായി അവരുടെ കാര്യം നോക്കാൻ യഹോവയ്ക്കറിയാം.” തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ പുത്രീപുത്രന്മാർ കൈവരിക്കാനിരിക്കുന്ന നേട്ടങ്ങളെക്കുറിച്ചു ചിന്തിക്കുക. കഷ്ടപ്പെടുന്ന അനേകർ ജീവിതത്തിലാദ്യമായി യഥാർഥ ആശ്വാസം കണ്ടെത്താൻ പോകുകയാണ്.”
മറ്റുള്ളവർക്കു സന്തോഷം കൈവരുത്തുന്നതിൽ തുടരാൻ എങ്ങനെ കഴിയും?
പ്രസംഗം നടത്തുന്ന നാലു പേരെ അധ്യക്ഷൻ പരിചയപ്പെടുത്തി. ആദ്യം, ഐക്യനാടുകളിലെ ബ്രാഞ്ച് കമ്മിറ്റി അംഗമായ റാൽഫ് വോൾസ്, “കണ്ണു തുറന്നു പിടിക്കുവിൻ” എന്ന വിഷയം ആസ്പദമാക്കി സംസാരിച്ചു. ആത്മീയ അന്ധത അക്ഷരാർഥത്തിലുള്ള അന്ധതയെക്കാൾ ഗുരുതരമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒന്നാം നൂറ്റാണ്ടിലെ ലവൊദിക്യ സഭയ്ക്ക് ആത്മീയ കാഴ്ചപ്പാടു നഷ്ടപ്പെട്ടിരുന്നു. അന്ധരായ ആ സഭാംഗങ്ങൾക്കു സഹായം നൽകപ്പെട്ടു. എന്നാൽ നമ്മുടെ ആത്മീയ കണ്ണുകൾ തുറന്നുപിടിച്ചുകൊണ്ട് അത്തരം അന്ധത അകറ്റിനിറുത്തുന്നതാണ് എല്ലായ്പോഴും അത്യുത്തമം. (വെളിപ്പാടു 3:14-18) “കണ്ണു തുറന്നു പിടിക്കുകയും ഉത്തരവാദിത്വം വഹിക്കുന്നവരെ യഹോവ വീക്ഷിക്കുന്ന വിധത്തിൽ വീക്ഷിക്കുകയും ചെയ്യുക,” പ്രസംഗകൻ പറഞ്ഞു. സഭയിൽ പ്രശ്നങ്ങളുള്ളപക്ഷം ബിരുദധാരികൾ അനുചിതമായി ഉത്കണ്ഠപ്പെടേണ്ടതില്ല. അത്തരം കാര്യങ്ങൾ സംബന്ധിച്ച് കർത്താവായ യേശുക്രിസ്തു ബോധവാനാണ്. ഉചിതമായ സമയത്ത് അവ കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് അവൻ ഉറപ്പുവരുത്തിക്കൊള്ളും.
തുടർന്ന്, ഭരണസംഘാംഗമായ സാംയെൽ ഹെർഡ് “നിങ്ങൾ തയ്യാറാണോ?” എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകിക്കൊണ്ടു സംസാരിച്ചു. ഒരു യാത്രികൻ തനിക്കാവശ്യമായ വസ്ത്രങ്ങൾ കൂടെക്കൊണ്ടുപോകുന്നതുപോലെ, ബിരുദധാരികൾ പുതിയ വ്യക്തിത്വത്തിന്റെ സവിശേഷ ഗുണങ്ങൾ സദാ ധരിക്കേണ്ടതുണ്ട്. അവർക്ക് യേശുവിന്റെ അനുകമ്പ ഉണ്ടായിരിക്കണം. “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്ന് ഒരു കുഷ്ഠരോഗി അവനോടു പറഞ്ഞപ്പോൾ “മനസ്സുണ്ടു, ശുദ്ധമാക” എന്ന് യേശു പ്രതിവചിച്ചു. (മർക്കൊസ് 1:40-42) പ്രസംഗകൻ തുടർന്നു: “ആളുകളെ സഹായിക്കാൻ നിങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള മാർഗവും നിങ്ങൾ കണ്ടെത്തും.” ഫിലിപ്പിയർ 2:3 ക്രിസ്ത്യാനികളോട് ഇങ്ങനെ പറയുന്നു: “മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.” “ഹൃദയത്തിൽ എളിമയുള്ളവർ ആയിരിക്കുന്നത് പരിജ്ഞാനികൾ ആയിരിക്കുന്നതിലും പ്രധാനമാണ്. താഴ്മയുള്ളവർ ആയിരുന്നാൽമാത്രമേ, ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവർക്കും സഭയിലുള്ള സഹോദരീസഹോദരന്മാർക്കും നിങ്ങളുടെ പരിജ്ഞാനത്തിൽനിന്നു പ്രയോജനം നേടാൻ കഴിയൂ,” ഹെർഡ് സഹോദരൻ പറഞ്ഞു. ബിരുദധാരികൾ ക്രിസ്തീയ സ്നേഹം ധരിക്കുന്നതിൽ തുടരുന്നെങ്കിൽ നിയമനപ്രദേശത്തേക്കു പോകാൻ അവർ സജ്ജരാണെന്നും വിജയം സുനിശ്ചിതമാണെന്നും പറഞ്ഞുകൊണ്ട് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു.—കൊലൊസ്സ്യർ 3:14.
ഗിലെയാദ് അധ്യാപകരിൽ ഒരുവനായ മാർക്ക് നൂമാറിന്റെ “നിങ്ങൾ അതു നിലനിറുത്തുമോ?” എന്ന പ്രസംഗവിഷയം കേട്ടപ്പോൾ സദസ്സ് ഒന്നടങ്കം ആകാംക്ഷാഭരിതരായിത്തീർന്നു. യഹോവയുടെ നന്മയെപ്രതി നമുക്കുള്ള കൃതജ്ഞതയെയാണ് ‘അത്’ എന്നതുകൊണ്ട് അർഥമാക്കിയത്. സങ്കീർത്തനം 103:2 ഇങ്ങനെ പറയുന്നു: “എൻമനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുത്.” തങ്ങളുടെ ജീവൻ നിലനിറുത്തിയ മന്നയെ “സാരമില്ലാത്ത ആഹാരം” എന്നു വിളിച്ചുകൊണ്ട് ഇസ്രായേല്യർ അതിനോടു നന്ദികേടു കാണിച്ചു. (സംഖ്യാപുസ്തകം 21:5) കാലം കടന്നുപോകവേ മന്നയുടെ മൂല്യത്തിനു മാറ്റമൊന്നും സംഭവിച്ചിരുന്നില്ലെങ്കിലും അതിനോട് അവർക്കു വിലമതിപ്പ് ഇല്ലാതായിത്തീർന്നു. “യഹോവ നിങ്ങൾക്കായി ചെയ്യുന്ന കാര്യങ്ങൾ മറക്കുകയും അന്യദേശത്തെ നിങ്ങളുടെ നിയമനത്തെ ഒരു സാധാരണ സംഗതിയായി വീക്ഷിക്കാൻ തുടങ്ങുകയും ചെയ്താൽ അവൻ നൽകിയിരിക്കുന്ന വേലയോടുള്ള നിങ്ങളുടെ വീക്ഷണത്തെ അതു സ്വാധീനിക്കും” എന്ന് അദ്ദേഹം പറഞ്ഞു. യഹോവ “സ്നേഹവും കരുണയുംകൊണ്ട് നിന്നെ കിരീടമണിയിക്കുന്നു” (പി.ഒ.സി. ബൈബിൾ) എന്ന് സങ്കീർത്തനം 103:4 പറയുന്നു. ബിരുദധാരികൾക്കു പുതിയ സഭകളിൽ ദൈവത്തിന്റെ കരുണാർദ്ര സ്നേഹം അനുഭവിച്ചറിയാൻ കഴിയും.
“അനുഗ്രഹങ്ങൾ നിങ്ങളെ പിന്തുടരുമോ?” എന്നതായിരുന്നു മറ്റൊരു ഗിലെയാദ് അധ്യാപകനായ ലോറൻസ് ബോവെന്റെ വിഷയം. മിഷനറി സേവനത്തിൽ ഫലപ്രാപ്തിയുള്ളവർ ആയിത്തീരുകയെന്ന ലക്ഷ്യത്തിൽ, 119-ാം ഗിലെയാദ് സ്കൂളിലെ വിദ്യാർഥികൾ നല്ല പരിശീലനം നടത്തിയിരിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. എന്നാൽ യഹോവയോടും അവൻ നിയമിച്ചുനൽകിയിരിക്കുന്ന വേലയോടും അവർ പറ്റിനിൽക്കേണ്ടതുണ്ട്. 1,44,000 പേർ “കുഞ്ഞാടു പോകുന്നേടത്തൊക്കെയും . . . അവനെ അനുഗമിക്കു”ന്നതായി വെളിപ്പാടു 14:1-4 വർണിക്കുന്നു. എന്തെല്ലാം പരിശോധനകൾ നേരിട്ടാലും ആ കൂട്ടത്തിലുള്ള സകലരും യഹോവയോടും അവന്റെ പുത്രനോടും അചഞ്ചലമായ വിശ്വസ്തത പുലർത്തിക്കൊണ്ട് ലക്ഷ്യത്തിൽ എത്തിച്ചേരുന്നു. “എന്തുതന്നെ സംഭവിച്ചാലും നമ്മളും, യഹോവയോടും അവൻ നമുക്കു നിയമിച്ചുതന്നിരിക്കുന്ന വേലയോടും വിശ്വസ്തതയോടെ പറ്റിനിൽക്കുന്നു,” പ്രസംഗകൻ പറഞ്ഞു. അങ്ങനെ ചെയ്യുന്നതിലൂടെ യഹോവയുടെ അനുഗ്രഹങ്ങൾ തങ്ങളെ “പിന്തുടരു”ന്നെന്ന് ബിരുദധാരികൾ കണ്ടെത്തും.—ആവർത്തനപുസ്തകം 28:2, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
സേവനത്തിൽ ഫലം കൊയ്യുന്നു
കോഴ്സിന്റെ സമയത്ത് എല്ലാ വാരാന്തങ്ങളിലും വിദ്യാർഥികൾ വയൽശുശ്രൂഷയിൽ പങ്കെടുത്തു. പരിപാടിയുടെ സമയത്ത്, സ്കൂൾ രജിസ്ട്രാറായ വാലസ് ലിവറൻസ് അതേക്കുറിച്ച് അവരോടു സംസാരിച്ചപ്പോൾ അതെത്രമാത്രം ഫലകരമായിരുന്നെന്നു തെളിവായി. കുറഞ്ഞത് പത്തു ഭാഷകളിലെങ്കിലും അവർ പ്രസംഗിക്കുകയും അനേകം ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഒരു ഗിലെയാദ് ദമ്പതി ഒരു ചൈനക്കാരനുമായി ബൈബിളധ്യയനം തുടങ്ങി. യഹോവയെ അറിയാൻ കഴിയുന്നതു സംബന്ധിച്ച് എന്തു തോന്നുന്നുവെന്ന് മൂന്നാമത്തെ സന്ദർശനവേളയിൽ അവർ അദ്ദേഹത്തോടു ചോദിച്ചു. ഉടനെ അദ്ദേഹം ബൈബിൾ തുറന്നിട്ട് യോഹന്നാൻ 17:3 വായിക്കാൻ അവരോട് അഭ്യർഥിച്ചു. ജീവനിലേക്കു നയിക്കുന്ന പാത താൻ കണ്ടെത്തിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ഇക്വഡോർ, കോട്ട് ഡിവയ്ർ (ഐവറി കോസ്റ്റ്), ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നിവിടങ്ങളിലെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളുമായി ഭരണസംഘാംഗമായ ആന്തൊണി മോറിസ് അഭിമുഖം നടത്തി. ബിരുദധാരികൾ എത്തുന്ന ദിവസത്തിനായി ബ്രാഞ്ച് കമ്മിറ്റികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നിയമനവുമായി പൊരുത്തപ്പെടാൻ തങ്ങൾ അവരെ സഹായിക്കുമെന്നും അവർ അറിയിച്ചു.
ഐക്യനാടുകളിലെ ബെഥേൽ കുടുംബാംഗമായ ലെനാർഡ് പിയേഴ്സൻ തുടർന്ന് ഉഗാണ്ട, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്, പാപ്പുവ ന്യുഗിനി എന്നിവിടങ്ങളിൽനിന്നുള്ള മൂന്നു ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളോടു സംസാരിച്ചു. വയൽശുശ്രൂഷയിൽ പൂർണമായി മുഴുകാൻ ആ സഹോദരന്മാർ ബിരുദധാരികളെ പ്രോത്സാഹിപ്പിച്ചു. കോംഗോയിൽ 21-ലേറെ വർഷം പ്രവർത്തിച്ച ഒരു മിഷനറി ദമ്പതി 60 പേരെ സമർപ്പിച്ചു സ്നാപനമേൽക്കാൻ സഹായിച്ചു. ആ ദമ്പതി ഇപ്പോൾ 30 ബൈബിളധ്യയനങ്ങൾ നടത്തുന്നു. അവരിൽ 22 പേർ സഭായോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്യുന്നു. ഇത്തരം വലിയ ആത്മീയ കൊയ്ത്തു നടക്കുന്നതിനാൽ മിഷനറിയായി സേവിക്കുന്നതിനുള്ള മഹത്തായ ഒരു സമയമാണ് ഇത്.
അടിയന്തിരതാബോധത്തോടെയുള്ള സാക്ഷീകരണം
ഭരണസംഘാംഗമായ ഗെരിറ്റ് ലോഷ് സമാപനപ്രസംഗം നടത്തി. “കർത്തൃദിവസത്തിൽ ദൈവത്തെക്കുറിച്ചു സംസാരിക്കുകയും യേശുവിനു സാക്ഷ്യംവഹിക്കുകയും ചെയ്യുന്നു” എന്നതായിരുന്നു വിഷയം. “സാക്ഷ്യം,” “സാക്ഷികൾ,” “സാക്ഷീകരണം” എന്നീ വാക്കുകൾ 19 പ്രാവശ്യം വെളിപ്പാടു പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതുകൊണ്ട് തന്റെ ജനം ഒരു സാക്ഷീകരണവേല ചെയ്യേണ്ടതുണ്ടെന്ന കാര്യം സംശയാതീതമാംവണ്ണം യഹോവ വ്യക്തമാക്കുന്നു. എപ്പോഴാണ് നാം അത്തരമൊരു സാക്ഷ്യം നൽകേണ്ടത്? “കർത്തൃദിവസത്തിൽ.” (വെളിപ്പാടു 1:9, 10) 1914-ൽ ആരംഭിച്ച ആ ദിവസം ഭാവിയിലേക്കു നീണ്ടുകിടക്കുന്നു. ദൈവത്തെക്കുറിച്ചു സംസാരിക്കുകയെന്ന വേലയ്ക്കു ദൂതപിന്തുണയുണ്ടെന്ന് വെളിപ്പാടു 14:6, 7 വ്യക്തമാക്കുന്നു. യേശുവിനു സാക്ഷ്യംവഹിക്കുന്ന വേലയ്ക്കു നേതൃത്വമെടുക്കാനുള്ള ഉത്തരവാദിത്വം അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പിനാണെന്ന് വെളിപ്പാടു 22:17-ഉം പ്രകടമാക്കുന്നു. എന്നാൽ ഇന്നു നാമെല്ലാവരും ആ പദവി പ്രയോജനപ്പെടുത്തണം. “ഞാൻ വേഗം വരുന്നു” എന്ന് യേശു പറയുന്നതായി 20-ാം വാക്യം രേഖപ്പെടുത്തുന്നു. സന്നിഹിതരായ എല്ലാവർക്കും ലോഷ് സഹോദരൻ ഈ ആഹ്വാനം നൽകി: “‘വരിക, ജീവജലം സൌജന്യമായി വാങ്ങിക്കൊൾക’ എന്ന് ആളുകളോടു പറയുക. യേശു ഉടൻ വരും. നാം സുസജ്ജരാണോ?”
ഒടുവിൽ, 11 വർഷം ഗിലെയാദ് അധ്യാപകനായിരുന്ന ഫ്രഡ് റസ്ക് യഹോവയ്ക്കു നന്ദി പറഞ്ഞുകൊണ്ടു പ്രാർഥിച്ചു. സന്നിഹിതരായിരുന്ന ഏവരെയും ആഴത്തിൽ സ്പർശിച്ച പ്രാർഥനയായിരുന്നു അത്. എല്ലാവർക്കും വലിയ സന്തോഷം കൈവരുത്തിയ ആ ദിവസം അങ്ങനെ ശുഭകരമായി പര്യവസാനിച്ചു.
[13-ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവരക്കണക്ക്
പ്രതിനിധാനംചെയ്ത രാജ്യങ്ങളുടെ എണ്ണം: 10
നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 25
വിദ്യാർഥികളുടെ എണ്ണം: 56
ശരാശരി വയസ്സ്: 32.5
സത്യത്തിലായിരുന്ന ശരാശരി വർഷം: 16.4
മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 12.1
[15-ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽനിന്നു ബിരുദം നേടുന്ന 119-ാമത്തെ ക്ലാസ്സ്
ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുന്നിൽനിന്നു പിന്നിലേക്ക് എണ്ണുന്നു, പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) സാൻഡ്ര ഹെൽഗെസെൻ, ഹാന്നെ ഡാവുഗോർ, ആറൂനി പിയെർലൂയിസി, ഇസബെൽ ജോസഫ്, കാർല റാകാനെലി (2) ട്രിഷ ബിർജ്, ഡെനെൽ ബട്ലർ, ജുലൈ ഫ്രിഡ്ലൻ, കാർമെൽ നൂൻയെസ്, സേൻഡ്രിൻ പാവാഷോ, റ്റാമാറാ ഡൂമൻ (3) ഓസ്കാർ കൊമാച്ചോ, ലിന ലിൻഡ്ക്വിസ്റ്റ്, ആൻ ബ്രൂമർ, എല വെസെൽസ്, ജെന്നി ബർടൺ, ഒലിവിയ വുഡ്ഹൗസ്, അലൻ ഡൂമെൻ (4) ഐക റ്റിറിയോൻ, ലൂസി കാനലി, കാൻഡ്ര ഫൂർണിയേ, ആൻജെലിക ഗിൽ, കാറ്റാറിനാ യൂൺസോൺ, ലിയ ഹമിൽട്ടൺ (5) ഡാർല ബിർഡ്, ഇങ്ഗ്രിഡ് സ്ക്രിബ്നെർ, ബെഥനി കൊമാച്ചോ, ഹെഥെർ ലാഷിൻസ്കി, മിഷെൽ ഹാലഹാൻ, ഓൾഗ ലിബൂഡാ (6) എ. ജോസഫ്, എം. ലിൻഡ്ക്വിസ്റ്റ്, സി. ഹെൽഗെസെൻ, ഡി. നൂൻയെസ്, എസ്. സ്ക്രിബ്നെർ, ജെ. ഫൂർണിയേ (7) എഫ്. പിയെർലൂയിസി, റ്റി. പാവാഷോ, സി. ബ്രൂമർ, പി. റാകാനെലി, റ്റി. ബട്ലർ, എം. വുഡ്ഹൗസ്, ജെ. ലിബൂഡാ (8) എം. ലാഷിൻസ്കി, എസ്. ഫ്രിഡ്ലൻ, ഐ. ബർടൺ, എം. റ്റിറിയോൻ, എം. ബിർഡ്, ജെ. ബിർജ് (9) റ്റി. വെസെൽസ്, ഡി. ഹാലഹാൻ, എസ്. കാനലി, ഡി. ഗിൽ, പി. ഡാവുഗോർ, എസ്. ഹമിൽട്ടൺ, റ്റി. യൂൺസോൺ