സ്വർഗത്തിലും ഭൂമിയിലുമുള്ളവ കൂട്ടിച്ചേർക്കുന്നു
‘തന്റെ പ്രസാദത്തിന്നു തക്കവണ്ണം സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുന്നു.’—എഫെസ്യർ 1:9, 10.
1. സ്വർഗവും ഭൂമിയും സംബന്ധിച്ച യഹോവയുടെ ഹിതം എന്ത്?
സാർവത്രിക സമാധാനം! അതാണ് “സമാധാനത്തിന്റെ ദൈവ”മായ യഹോവയുടെ മഹത്തായ ഉദ്ദേശ്യം. (എബ്രായർ 13:20) “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക” എന്നതാണു തന്റെ ‘പ്രസാദം’ അഥവാ ഹിതം എന്നു രേഖപ്പെടുത്താൻ അപ്പൊസ്തലനായ പൗലൊസിനെ അവൻ നിശ്വസ്തനാക്കി. (എഫെസ്യർ 1:9, 10) ‘പിന്നെയും ഒന്നായിച്ചേർക്ക’ എന്ന് ഈ വാക്യത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന ക്രിയ കൃത്യമായും എന്തിനെയാണ് അർഥമാക്കുന്നത്? ബൈബിൾ പണ്ഡിതനായ ജെ. ബി. ലൈറ്റ്ഫുട്ട് ഇങ്ങനെ പറയുന്നു: “സമസ്ത അഖിലാണ്ഡത്തിന്റെയും സമ്പൂർണ യോജിപ്പിനെയാണ് ആ പദപ്രയോഗം അർഥമാക്കുന്നത്. ഭിന്നിപ്പുളവാക്കുന്ന ബാഹ്യഘടകങ്ങൾ മേലാൽ അവിടെ ഉണ്ടായിരിക്കില്ല. മറിച്ച് സമഗ്രമായും അത് ക്രിസ്തുവിൽ ഏകീകരിക്കപ്പെടുകയും ഒന്നായിച്ചേരുകയും ചെയ്യും. പാപവും മരണവും ദുഃഖവും നിരാശയും കഷ്ടപ്പാടും അവസാനിക്കും.”
‘സ്വർഗത്തിലുള്ളവ’
2. “സ്വർഗ്ഗത്തിലു”ള്ളവ എന്നത് ആരെ പ്രതിനിധാനംചെയ്യുന്നു?
2 സത്യക്രിസ്ത്യാനികൾക്കുള്ള അത്ഭുതകരമായ പ്രത്യാശ പത്രൊസ് അപ്പൊസ്തലൻ പിൻവരുന്ന വാക്കുകളിൽ സംഗ്രഹിച്ചു: “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊസ് 3:13) മിശിഹൈക രാജ്യമാകുന്ന പുതിയ ഭരണാധിപത്യമാണ് ഇവിടെ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന ‘പുതിയ ആകാശം.’ എഫെസ്യർക്കുള്ള ലേഖനത്തിൽ പൗലൊസ് പരാമർശിച്ച “സ്വർഗ്ഗത്തിലു”ള്ളവ “ക്രിസ്തുവിൽ” ഒന്നായിച്ചേരുന്നു. ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട, എണ്ണത്തിൽ പരിമിതമായ മനുഷ്യരാണ് അവർ. (1 പത്രൊസ് 1:3-5) സ്വർഗീയ രാജ്യത്തിൽ ക്രിസ്തുവിനോടൊപ്പം ഭരിക്കാൻ ഈ 1,44,000 അഭിഷിക്ത ക്രിസ്ത്യാനികളെ ‘ഭൂമിയിൽനിന്ന്,’ “മനുഷ്യരുടെ ഇടയിൽനിന്നു” “വിലെക്കു വാങ്ങി”യിരിക്കുന്നു.—വെളിപ്പാടു 5:9, 10; 14:3, 4; 2 കൊരിന്ത്യർ 1:21; എഫെസ്യർ 1:11; 3:6.
3. ഭൂമിയിലായിരിക്കുമ്പോൾപ്പോലും അഭിഷിക്ത ക്രിസ്ത്യാനികൾ ‘സ്വർഗ്ഗത്തിൽ ഇരിക്കുന്നതായി’ പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
3 യഹോവയുടെ ആത്മപുത്രന്മാർ ആയിത്തീരാൻ അഭിഷിക്ത ക്രിസ്ത്യാനികൾ പരിശുദ്ധാത്മാവിനാൽ വീണ്ടും ജനിക്കുന്നു. (യോഹന്നാൻ 1:12, 13; 3:5-7) യഹോവ അവരെ ‘പുത്രന്മാരായി’ ദത്തെടുത്തിരിക്കുന്നതിനാൽ അവർ യേശുവിന്റെ സഹോദരന്മാരായിത്തീരുന്നു. (റോമർ 8:15; എഫെസ്യർ 1:5) അതിനാൽ, ഭൂമിയിലായിരിക്കുമ്പോൾപ്പോലും അവർ “ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പി”ക്കപ്പെട്ട് ‘സ്വർഗ്ഗത്തിൽ ഇരിക്കുന്നതായി’ പറയപ്പെട്ടിരിക്കുന്നു. (എഫെസ്യർ 1:3; 2:6, 7) തങ്ങൾക്കായി സ്വർഗത്തിൽ ഉറപ്പാക്കപ്പെട്ടിരിക്കുന്ന “അവകാശത്തിന്റെ അച്ചാരമായ . . . പരിശുദ്ധാത്മാവിനാൽ മുദ്രയി”ടപ്പെട്ടിരിക്കുന്നതിനാലാണ് അവർ സമുന്നതമായ ഈ ആത്മീയ പദവി ആസ്വദിക്കുന്നത്. (എഫെസ്യർ 1:13, 14; കൊലൊസ്സ്യർ 1:3) “സ്വർഗ്ഗത്തിലു”ള്ളവയെന്നു പരാമർശിക്കപ്പെടുന്ന ഇവരെ, യഹോവ മുൻനിർണയിച്ചിരിക്കുന്ന മൊത്തം സംഖ്യ തികയുവോളം കൂട്ടിച്ചേർക്കേണ്ടതുണ്ടായിരുന്നു.
കൂട്ടിച്ചേർക്കൽ ആരംഭിക്കുന്നു
4. “സ്വർഗ്ഗത്തിലു”ള്ളവയുടെ കൂട്ടിച്ചേർക്കൽ എപ്പോൾ, എങ്ങനെ ആരംഭിച്ചു?
4 യഹോവയുടെ ‘വ്യവസ്ഥ’ അഥവാ കാര്യനിർവഹണരീതി അനുസരിച്ച് “സ്വർഗ്ഗത്തിലു”ള്ളവയുടെ കൂട്ടിച്ചേർക്കൽ “കാലസമ്പൂർണ്ണത”യിൽ ആരംഭിക്കേണ്ടിയിരുന്നു. (എഫെസ്യർ 1:10) പൊതുയുഗം 33-ലെ പെന്തെക്കൊസ്ത് നാളിൽ ആ നിയമിത സമയം വന്നെത്തി. അപ്പൊസ്തലന്മാരോടൊപ്പം, സ്ത്രീപുരുഷന്മാർ അടങ്ങിയ ശിഷ്യന്മാരുടെ ഒരു കൂട്ടത്തിന് അന്നു പരിശുദ്ധാത്മാവു ലഭിച്ചു. (പ്രവൃത്തികൾ 1:13-15; 2:1-4) പുതിയ ഉടമ്പടി പ്രാബല്യത്തിൽ വന്നുവെന്നതിന് അതു തെളിവു നൽകി. അതോടെ, ക്രിസ്തീയ സഭയും ‘ദൈവത്തിന്റെ ഇസ്രായേൽ’ എന്ന ആത്മീയ ഇസ്രായേൽ ആകുന്ന ഒരു പുതിയ ജനതയും നിലവിൽവന്നു.—ഗലാത്യർ 6:16; എബ്രായർ 9:15; 12:23, 24.
5. ജഡിക ഇസ്രായേലിനു പകരമായി യഹോവ ഒരു പുതിയ ജനതയെ ഉളവാക്കിയത് എന്തുകൊണ്ട്?
5 ജഡിക ഇസ്രായേലുമായി ചെയ്ത ന്യായപ്രമാണ ഉടമ്പടിയിലൂടെ, സ്വർഗത്തിൽ എന്നേക്കും സേവിക്കുന്ന “ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും” ഉളവാക്കപ്പെട്ടില്ല. (പുറപ്പാടു 19:5, 6) യഹൂദ മതനേതാക്കന്മാരോട് യേശു ഇങ്ങനെ പറഞ്ഞു: “ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും.” (മത്തായി 21:43) പുതിയ ഉടമ്പടിയിലുള്ള അഭിഷിക്ത ക്രിസ്ത്യാനികൾ ചേർന്നതാണ് ആത്മീയ ഇസ്രായേൽ ആകുന്ന ആ ജനത. പത്രൊസ് അപ്പൊസ്തലൻ അവർക്ക് ഇങ്ങനെ എഴുതി: “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം.” (1 പത്രൊസ് 2:9, 10) ജഡിക ഇസ്രായേൽ മേലാൽ ദൈവത്തിന്റെ ഉടമ്പടിജനത അല്ലാതായിത്തീർന്നു. (എബ്രായർ 8:7-13) യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, മിശിഹൈക ഗവൺമെന്റിന്റെ ഭാഗമായിരിക്കാനുള്ള പദവി അവരിൽനിന്ന് എടുത്ത് ആത്മീയ ഇസ്രായേലിലെ അംഗങ്ങളായ 1,44,000 പേർക്കു നൽകപ്പെട്ടു.—വെളിപ്പാടു 7:4-8.
രാജ്യ ഉടമ്പടിയിൽ പങ്കാളികളാകുന്നു
6, 7. തന്റെ ആത്മജാത സഹോദരന്മാരുമായി യേശു ഏതു പ്രത്യേക ഉടമ്പടി ചെയ്തു, ഇത് അവർക്ക് എന്ത് അർഥമാക്കുന്നു?
6 തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയ രാത്രിയിൽ യേശു, വിശ്വസ്ത അപ്പൊസ്തലന്മാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു. നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.” (ലൂക്കൊസ് 22:28-30) “മരണപര്യന്തം വിശ്വസ്ത”രായിരിക്കുകയും ‘ജയിച്ചടക്കുന്നവരെന്നു’ തെളിയിക്കുകയും ചെയ്യുന്ന, തന്റെ 1,44,000 ആത്മാഭിഷിക്ത സഹോദരന്മാരുമായി ചെയ്ത ഒരു പ്രത്യേക ഉടമ്പടിയെയാണ് യേശു ഇവിടെ പരാമർശിക്കുന്നത്.—വെളിപ്പാടു 2:10; 3:21.
7 ഈ ഗണത്തിൽപ്പെട്ടവർ, മനുഷ്യരെന്ന നിലയിൽ നിത്യം ഭൂമിയിൽ ജീവിച്ചിരിക്കാനുള്ള പ്രത്യാശ എന്നേക്കുമായി ത്യജിക്കുന്നു. ക്രിസ്തുവിനോടൊപ്പം സ്വർഗീയ സിംഹാസനങ്ങളിൽ ഇരുന്ന് അവർ മനുഷ്യവർഗത്തെ ഭരിക്കുകയും ന്യായംവിധിക്കുകയും ചെയ്യും. (വെളിപ്പാടു 20:4, 6) അഭിഷിക്തരായ ഇവർക്കുമാത്രം ബാധകമാകുന്നതും “വേറെ ആടുകൾ” സ്മാരക ചിഹ്നങ്ങളിൽ പങ്കുപറ്റാത്തത് എന്തുകൊണ്ടാണെന്നു പ്രകടമാക്കുന്നതുമായ മറ്റു തിരുവെഴുത്തുകൾ നമുക്കിപ്പോൾ പരിശോധിക്കാം.—യോഹന്നാൻ 10:16.
8. അപ്പത്തിൽ പങ്കുപറ്റുന്നതിലൂടെ അഭിഷിക്തർ എന്താണു പ്രകടമാക്കുന്നത്? (23-ാം പേജിലെ ചതുരം കാണുക.)
8 അഭിഷിക്തർ ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ പങ്കുചേരുകയും അവൻ മരിച്ചതുപോലെ മരിക്കാൻ മനസ്സൊരുക്കം കാണിക്കുകയും ചെയ്യുന്നു. അക്കൂട്ടത്തിലെ ഒരു അംഗമെന്ന നിലയിൽ, “ക്രിസ്തുവിനെ നേടേണ്ടതിന്നും . . . അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിന്നും” എന്തു ത്യാഗവും സഹിക്കാൻ താൻ തയ്യാറാണെന്ന് പൗലൊസ് പ്രസ്താവിച്ചു. അതേ, “അവന്റെ മരണത്തോടു അനുരൂപ”പ്പെടാൻ പൗലൊസ് തയ്യാറായിരുന്നു. (ഫിലിപ്പിയർ 3:8-11) അഭിഷിക്ത ക്രിസ്ത്യാനികളിൽ അനേകരും തങ്ങളുടെ ജഡിക ശരീരത്തിൽ “യേശുവിന്റെ മരണം” അഥവാ യേശുവിനു നേരിട്ടതുപോലുള്ള ഹിംസാത്മക പെരുമാറ്റം അനുഭവിച്ചിരിക്കുന്നു.—2 കൊരിന്ത്യർ 4:10.
9. സ്മാരക അപ്പം പ്രതിനിധാനം ചെയ്യുന്ന ശരീരം എന്ത്?
9 കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തിയ സന്ദർഭത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “ഇതു എന്റെ ശരീരം.” (മർക്കൊസ് 14:22) തന്റെ അക്ഷരാർഥത്തിലുള്ള ശരീരത്തെയാണ് യേശു ഇവിടെ പരാമർശിച്ചത്. പെട്ടെന്നുതന്നെ, രക്തം ചിന്തുമാറ് ആ ശരീരം പ്രഹരിക്കപ്പെടുമായിരുന്നു. പുളിപ്പില്ലാത്ത അപ്പം ആ ശരീരത്തിന്റെ സമുചിതമായ ഒരു ചിഹ്നമായിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ബൈബിൾ അനുസരിച്ച് പുളിപ്പ് പാപത്തെ അല്ലെങ്കിൽ ദുഷ്ടതയെ അർഥമാക്കുന്നു. (മത്തായി 16:4, 11, 12; 1 കൊരിന്ത്യർ 5:6-8) യേശു പൂർണനായിരുന്നു, അവന്റെ ജഡിക ശരീരത്തിൽ പാപം ഉണ്ടായിരുന്നില്ല. പൂർണതയുള്ള ആ ശരീരം ഒരു പ്രായശ്ചിത്ത യാഗമെന്ന നിലയിൽ അവൻ അർപ്പിക്കാൻ പോകുകയായിരുന്നു. (എബ്രായർ 7:26; 1 യോഹന്നാൻ 2:2) അവന്റെ ആ പ്രവൃത്തി വിശ്വസ്തരായ എല്ലാ ക്രിസ്ത്യാനികൾക്കും—അവർ സ്വർഗീയ പ്രത്യാശ ഉള്ളവരായിരുന്നാലും പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്നവരായിരുന്നാലും—പ്രയോജനം കൈവരുത്തുമായിരുന്നു.—യോഹന്നാൻ 6:51.
10. സ്മാരക വീഞ്ഞിൽ പങ്കുപറ്റുന്നവർ ഏതു വിധത്തിൽ “ക്രിസ്തുവിന്റെ രക്ത”ത്തിൽ ഭാഗഭാക്കുകളാകുന്നു?
10 സ്മാരകവേളയിൽ അഭിഷിക്ത ക്രിസ്ത്യാനികൾ പങ്കുപറ്റുന്ന വീഞ്ഞിനെക്കുറിച്ച് പൗലൊസ് ഇങ്ങനെ എഴുതി: “നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ?” (1 കൊരിന്ത്യർ 10:16) വീഞ്ഞിൽ പങ്കുപറ്റുന്നവർ ഏതു വിധത്തിലാണ് “ക്രിസ്തുവിന്റെ രക്ത”ത്തിൽ ഭാഗഭാക്കുകളാകുന്നത്? മറുവിലയാഗം പ്രദാനം ചെയ്യുന്നതിൽ പങ്കുചേരുന്നതിലൂടെ അല്ല എന്നതു വ്യക്തമാണ്. എന്തുകൊണ്ടെന്നാൽ അവർക്കുതന്നെയും വീണ്ടെടുപ്പ് ആവശ്യമായിരിക്കുന്നു. ക്രിസ്തുവിന്റെ രക്തത്തിന്റെ വീണ്ടെടുപ്പുമൂല്യത്തിലുള്ള വിശ്വാസത്താൽ അവരുടെ പാപങ്ങൾ മോചിക്കപ്പെടുകയും അവർ സ്വർഗീയ ജീവനു യോഗ്യരായ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു. (റോമർ 5:8, 9; തീത്തൊസ് 3:4-7) ക്രിസ്തുവിന്റെ സഹഭരണാധികാരികളായ 1,44,000 പേർ “വിശുദ്ധീകരി”ക്കപ്പെടുകയും വേർതിരിക്കപ്പെടുകയും പാപത്തിൽനിന്നു ശുദ്ധരാക്കപ്പെട്ട് “വിശുദ്ധന്മാർ” ആകുകയും ചെയ്യുന്നത് അവന്റെ ചൊരിയപ്പെട്ട രക്തത്താലാണ്. (എബ്രായർ 10:29; ദാനീയേൽ 7:18, 27; എഫെസ്യർ 2:19) അതേ, തന്റെ ചൊരിയപ്പെട്ട രക്തത്താലാണ് യേശു “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി”യതും നമ്മുടെ “ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു”കൊണ്ട് “അവർ ഭൂമിയിൽ വാഴു”ന്നതിനു വഴിയൊരുക്കിയതും.—വെളിപ്പാടു 5:9, 10.
11. സ്മാരക വീഞ്ഞ് കുടിക്കുന്നതിലൂടെ അഭിഷിക്തർ എന്തു പ്രകടമാക്കുന്നു?
11 തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തവേ, വിശ്വസ്ത അപ്പൊസ്തലന്മാർക്കു പാനപാത്രം കൈമാറിക്കൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്റെ രക്തം.” (മത്തായി 26:27, 28) ദൈവവും ഇസ്രായേൽ ജനതയും തമ്മിലുള്ള ന്യായപ്രമാണ ഉടമ്പടിയെ ആടുമാടുകളുടെ രക്തം സാധൂകരിച്ചതുപോലെ, ആത്മീയ ഇസ്രായേലുമായി പൊ.യു. 33-ൽ യഹോവ ചെയ്യാനിരുന്ന പുതിയ ഉടമ്പടിയെ യേശുവിന്റെ രക്തം സാധൂകരിച്ചു. (പുറപ്പാടു 24:5-8; ലൂക്കൊസ് 22:20; എബ്രായർ 9:14, 15) ‘നിയമത്തിനുള്ള രക്തത്തെ’ അഥവാ ഉടമ്പടിയുടെ രക്തത്തെ പ്രതിനിധാനം ചെയ്യുന്ന വീഞ്ഞു കുടിക്കുകവഴി, തങ്ങൾ പുതിയ ഉടമ്പടിയിലേക്കു പ്രവേശിച്ചിരിക്കുന്നെന്നും അതിന്റെ പ്രയോജനങ്ങൾ അനുഭവിക്കുന്നെന്നും അഭിഷിക്തർ പ്രകടമാക്കുന്നു.
12. അഭിഷിക്തർ ക്രിസ്തുവിന്റെ മരണത്തിലേക്കു സ്നാപനമേൽക്കുന്നത് എങ്ങനെ?
12 അഭിഷിക്തർ മറ്റൊരു കാര്യംകൂടെ ഓർമിപ്പിക്കപ്പെടുന്നു. തന്റെ വിശ്വസ്ത അപ്പൊസ്തലന്മാരോട് യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്ക്കയും ചെയ്യും നിശ്ചയം.” (മർക്കൊസ് 10:38, 39) ക്രിസ്ത്യാനികൾ യേശുവിന്റെ “മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു” എന്ന് പൗലൊസ് അപ്പൊസ്തലൻ പിന്നീടു പറയുകയുണ്ടായി. (റോമർ 6:3) അഭിഷിക്തർ മരണത്തിങ്കൽ തങ്ങളുടെ ഭൗമിക ജീവിതം എന്നേക്കുമായി വെടിയുന്നു. അപ്രകാരം, ഭൂമിയിൽ നിത്യം ജീവിക്കാനുള്ള പ്രത്യാശ പരിത്യജിക്കുന്നതിനാൽ അവരുടെ മരണം യാഗമൂല്യമുള്ളതായിത്തീരുന്നു. വിശ്വസ്തരായി ജീവിച്ചു മരിച്ചശേഷം ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ രാജാക്കന്മാരായി ‘വാഴുന്നതിന്’ ആത്മവ്യക്തികളായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമ്പോൾ ഈ അഭിഷിക്ത ക്രിസ്ത്യാനികളുടെ, ക്രിസ്തുവിന്റെ മരണത്തിലേക്കുള്ള സ്നാപനം പൂർത്തിയാകുന്നു.—2 തിമൊഥെയൊസ് 2:10-12; റോമർ 6:5; 1 കൊരിന്ത്യർ 15:42-44, 50.
ചിഹ്നങ്ങളിൽ പങ്കുപറ്റൽ
13. ഭൗമിക പ്രത്യാശയുള്ളവർ സ്മാരക ചിഹ്നങ്ങളിൽ പങ്കുപറ്റുകയില്ലാത്തത് എന്തുകൊണ്ട്, എന്നാൽ അവർ സ്മാരകത്തിനു കൂടിവരുന്നത് എന്തുകൊണ്ട്?
13 സ്മാരകവേളയിൽ കൈമാറുന്ന അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നതിൽ ഇത്രയും കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഭൗമിക പ്രത്യാശയുള്ളവർ അതിൽ പങ്കുപറ്റുന്നതു തീർച്ചയായും അനുചിതമായിരിക്കും. തങ്ങൾ ക്രിസ്തുവിന്റെ ശരീരത്തിലെ അഭിഷിക്ത അംഗങ്ങളോ അവനോടൊപ്പം ഭരിക്കേണ്ടവരുമായി യഹോവ ചെയ്ത പുതിയ ഉടമ്പടിയിൽ ഉൾപ്പെട്ടവരോ അല്ലെന്ന് അവർ തിരിച്ചറിയുന്നു. “പാനപാത്രം” പുതിയ ഉടമ്പടിയെ പ്രതിനിധാനം ചെയ്യുന്നതിനാൽ ആ ഉടമ്പടിയിൽപ്പെട്ടവർ മാത്രമാണ് ചിഹ്നങ്ങളിൽ പങ്കുപറ്റുന്നത്. ദൈവരാജ്യത്തിൻകീഴിൽ പൂർണതയുള്ള മനുഷ്യരെന്ന നിലയിൽ ഭൂമിയിൽ നിത്യം ജീവിക്കാൻ പ്രത്യാശിക്കുന്നവർ യേശുവിന്റെ മരണത്തിലേക്കു സ്നാപനമേറ്റിട്ടുള്ളവരല്ല. അവനോടൊപ്പം സ്വർഗത്തിൽ ഭരിക്കാൻ അവർക്കു ക്ഷണം ലഭിച്ചിട്ടുമില്ല. ചിഹ്നങ്ങളിൽ പങ്കുപറ്റുന്നപക്ഷം അവർ തങ്ങളെക്കുറിച്ച് ഒരു തെറ്റായ ധാരണ നൽകുകയായിരിക്കും ചെയ്യുന്നത്. അതുകൊണ്ട്, ആദരപൂർവം സ്മാരകത്തിനു കൂടിവരുമെങ്കിലും അവർ ചിഹ്നങ്ങളിൽ പങ്കുപറ്റുന്നില്ല. ക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ അടിസ്ഥാനത്തിൽ പാപമോചനം നൽകുന്നത് ഉൾപ്പെടെ തന്റെ പുത്രനിലൂടെ യഹോവ തങ്ങൾക്കായി ചെയ്തിരിക്കുന്ന സകലതിനും അവർ നന്ദിയുള്ളവരാണ്.
14. അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നത് അഭിഷിക്തർക്ക് ആത്മീയ കരുത്തു പകരുന്നത് എങ്ങനെ?
14 ക്രിസ്തുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പരിമിത എണ്ണം ക്രിസ്ത്യാനികളുടെ അന്തിമ മുദ്രയിടൽ പൂർത്തീകരണത്തോട് അടുക്കുകയാണ്. സ്മാരക ചിഹ്നങ്ങളിൽ പങ്കുപറ്റുന്നത്, ഭൂമിയിലെ ജീവിതം മരണത്തിങ്കൽ എന്നേക്കുമായി കൈവെടിയുന്നതുവരെ അഭിഷിക്തർക്ക് ആത്മീയ കരുത്തു പകരുന്നു. ക്രിസ്തുവിന്റെ ശരീരത്തിന്റെ അംഗങ്ങളെന്ന നിലയിൽ പരസ്പരം ശക്തമായി ഐക്യപ്പെട്ടിരിക്കുന്നതായി അവർക്കു തോന്നുന്നു. ചിഹ്നങ്ങളായി ഉപയോഗിക്കുന്ന അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നത്, മരണത്തോളം വിശ്വസ്തരായിരിക്കാനുള്ള അവരുടെ ഉത്തരവാദിത്വത്തിന്റെ ഒരു ഓർമിപ്പിക്കലാണ്.—2 പത്രൊസ് 1:10, 11.
‘ഭൂമിയിലുള്ളവ’ കൂട്ടിച്ചേർക്കപ്പെടുന്നു
15. ആർ അഭിഷിക്ത ക്രിസ്ത്യാനികളെ പിന്തുണച്ചിരിക്കുന്നു?
15 “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ ഭാഗമല്ലാത്തവരും ഭൂമിയിൽ നിത്യം ജീവിക്കാൻ പ്രത്യാശിക്കുന്നവരുമായ, എണ്ണത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന “വേറെ ആടുകൾ” 1930-കളുടെ മധ്യകാലഘട്ടംമുതൽ അഭിഷിക്തർക്കു പിന്തുണ നൽകിക്കൊണ്ട് അവരോടു ചേർന്നിരിക്കുന്നു. (ലൂക്കൊസ് 12:32; യോഹന്നാൻ 10:16; സെഖര്യാവു 8:23) സകല ജനതകൾക്കും സാക്ഷ്യമായി “രാജ്യത്തിന്റെ ഈ സുവിശേഷം” പ്രസംഗിക്കുന്നതിൽ വിലയേറിയ പിന്തുണ നൽകിക്കൊണ്ട് അവർ ക്രിസ്തുവിന്റെ സഹോദരന്മാരുടെ വിശ്വസ്ത സഹചാരികൾ ആയിത്തീർന്നിരിക്കുന്നു. (മത്തായി 24:14; 25:40) അങ്ങനെ, ക്രിസ്തു ജനതകളെ ന്യായംവിധിക്കാൻ വരുമ്പോൾ “ചെമ്മരിയാടു”കളായി അംഗീകരിക്കപ്പെട്ട് അവന്റെ പ്രീതിയുടെ “വലത്തു”വശത്തു നിൽക്കാൻ അവർക്കു പദവി ലഭിക്കുന്നു. (മത്തായി 25:33-36, 46) ക്രിസ്തുവിന്റെ രക്തത്തിൽ വിശ്വാസം അർപ്പിക്കുന്നതിലൂടെ അവർ “മഹാകഷ്ട”ത്തെ അതിജീവിക്കുന്ന “മഹാപുരുഷാരം” ആയിത്തീരും.—വെളിപ്പാടു 7:9-14.
16. ‘ഭൂമിയിലുള്ളവ’യിൽ ആരെല്ലാം ഉൾപ്പെടും, ‘ദൈവമക്കൾ’ ആയിത്തീരാൻ അവർക്ക് എങ്ങനെ അവസരം ലഭിക്കും?
16 അഭിഷിക്ത ശേഷിപ്പിന്റെ മുദ്രയിടീൽ പൂർത്തിയാകുമ്പോൾ സാത്താന്റെ ഭൗമിക ദുഷ്ടവ്യവസ്ഥിതിക്കെതിരായ വിനാശക “കാറ്റു”കൾ അഴിച്ചുവിടപ്പെടും. (വെളിപ്പാടു 7:1-4) ക്രിസ്തുവിന്റെയും അവന്റെ സഹ രാജ-പുരോഹിതന്മാരുടെയും സഹസ്രാബ്ദ വാഴ്ചക്കാലത്ത് അസംഖ്യമാളുകൾ പുനരുത്ഥാനം പ്രാപിച്ച് മഹാപുരുഷാരത്തോടു ചേരും. (വെളിപ്പാടു 20:12, 13) മിശിഹൈക രാജാവായ യേശുക്രിസ്തുവിന്റെ എന്നേക്കുമുള്ള ഭൗമിക പ്രജകളായിത്തീരാൻ അവർക്ക് അവസരം ഉണ്ടായിരിക്കും. സഹസ്രാബ്ദ വാഴ്ച അവസാനിക്കുമ്പോൾ, ‘ഭൂമിയിലുള്ളവ’ എന്നനിലയിൽ അവരെല്ലാം ഒരു അന്തിമ പരിശോധനയ്ക്കു വിധേയരാകും. വിശ്വസ്തരെന്നു തെളിയിക്കുന്നവർ ഭൂമിയിലെ ‘ദൈവമക്കളായി’ ദത്തെടുക്കപ്പെടും.—എഫെസ്യർ 1:10; റോമർ 8:20; വെളിപ്പാടു 20:7, 8.
17. യഹോവയുടെ ഉദ്ദേശ്യം എങ്ങനെ നിറവേറും?
17 അങ്ങനെ, അപരിമേയ ജ്ഞാനം പ്രതിഫലിപ്പിക്കുന്ന തന്റെ ‘വ്യവസ്ഥയിലൂടെ’ അഥവാ കാര്യനിർവഹണരീതിയിലൂടെ “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക” എന്ന ഉദ്ദേശ്യം യഹോവ നിവർത്തിച്ചിരിക്കും. മഹത്തായ ഉദ്ദേശ്യങ്ങളുടെ ദൈവമായ യഹോവയുടെ നീതിനിഷ്ഠമായ പരമാധികാരത്തിനു സന്തോഷപൂർവം കീഴ്പെട്ടുകൊണ്ട് സ്വർഗത്തിലെയും ഭൂമിയിലെയും ബുദ്ധിശക്തിയുള്ള സകല സൃഷ്ടികളും സാർവത്രിക സമാധാനത്തിൽ ഒന്നായിച്ചേർക്കപ്പെടും.
18. സ്മാരകത്തിനു കൂടിവരുന്നതിലൂടെ അഭിഷിക്തർക്കും അവരുടെ സഹചാരികൾക്കും പ്രയോജനം ലഭിക്കുന്നത് എങ്ങനെ?
18 എണ്ണത്തിൽ പരിമിതമായ അഭിഷിക്തരുടെയും ലക്ഷക്കണക്കിനുവരുന്ന വേറെ ആടുകളിൽപ്പെട്ട അവരുടെ സഹചാരികളുടെയും വിശ്വാസത്തെ നിശ്ചയമായും ബലപ്പെടുത്തുന്ന ഒരു അനുഭവമായിരിക്കും 2006 ഏപ്രിൽ 12-ലെ കൂടിവരവ്. “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” എന്ന യേശുവിന്റെ കൽപ്പനയ്ക്കു ചേർച്ചയിൽ അന്ന് അവർ അവന്റെ മരണത്തിന്റെ സ്മാരകം ആചരിക്കും. (ലൂക്കൊസ് 22:19) കൂടിവരുന്ന എല്ലാവരും, തന്റെ പ്രിയപുത്രനായ ക്രിസ്തുയേശുവിലൂടെ യഹോവ തങ്ങൾക്കായി ചെയ്തിരിക്കുന്ന കാര്യങ്ങൾ മനസ്സിൽപ്പിടിക്കണം.
പുനരവലോകനം
• സ്വർഗത്തിലും ഭൂമിയിലുമുള്ളവ സംബന്ധിച്ച് യഹോവയുടെ ഉദ്ദേശ്യം എന്താണ്?
• “സ്വർഗത്തിലു”ള്ളവ ആരെ പ്രതിനിധാനം ചെയ്യുന്നു, അവർ എപ്രകാരം കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു?
• ‘ഭൂമിയിലുള്ളവ’ ആരെ അർഥമാക്കുന്നു, അവർക്ക് എന്തു പ്രത്യാശയുണ്ട്?
[23-ാം പേജിലെ ചതുരം]
‘ക്രിസ്തുവിന്റെ ശരീരം’
ക്രിസ്തുവിന്റെ ആത്മാഭിഷിക്ത സഹോദരങ്ങളുടെ കാര്യത്തിൽ അപ്പത്തിനുള്ള സവിശേഷ പ്രാധാന്യം കണക്കിലെടുത്ത് പൗലൊസ്, 1 കൊരിന്ത്യർ 10:16, 17-ൽ ‘ശരീരത്തിന്’ ഒരു പ്രത്യേക അർഥം കൊടുത്തു സംസാരിച്ചു. അവൻ പറഞ്ഞു: “നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ? അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.” സ്മാരക അപ്പത്തിൽ പങ്കുപറ്റുമ്പോൾ അഭിഷിക്ത ക്രിസ്ത്യാനികൾ, ക്രിസ്തു ശിരസ്സായ ഒരു ശരീരംപോലുള്ള തങ്ങളുടെ സഭയ്ക്കുള്ളിൽ അവർ ആസ്വദിക്കുന്ന ഐക്യം എല്ലാവരുടെയും മുമ്പാകെ പ്രകടമാക്കുന്നു.—മത്തായി 23:10; 1 കൊരിന്ത്യർ 12:12, 13, 18.
[23-ാം പേജിലെ ചിത്രങ്ങൾ]
അഭിഷിക്തർമാത്രം അപ്പവീഞ്ഞുകളിൽ പങ്കുപറ്റുന്നത് എന്തുകൊണ്ട്?
[25-ാം പേജിലെ ചിത്രം]
യഹോവയുടെ ‘വ്യവസ്ഥ’യ്ക്കു ചേർച്ചയിൽ സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാവരും ഏകീകൃതർ ആയിത്തീരും