പാനമയിൽ പ്രതിബന്ധങ്ങൾ മറികടക്കുന്നു
“പാനമ, ലോകത്തെ കൂട്ടിയിണക്കുന്ന പാലം.” പ്രസ്തുത ആപ്തവാക്യം അര നൂറ്റാണ്ടുമുമ്പ് ആ മധ്യ അമേരിക്കൻ രാജ്യത്തെ ജനപ്രീതിയാർജിച്ച ഒരു റേഡിയോ പരിപാടിയിൽ പരാമർശിക്കുകയുണ്ടായി. ഇന്ന് ആ രാജ്യത്തെക്കുറിച്ചുള്ള അനേകരുടെയും അഭിപ്രായം അതുതന്നെയാണ്.
വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും കൂട്ടിയിണക്കുന്ന ഒരു കണ്ണിയാണ് പാനമ എന്നു പറയാൻ കഴിയും. കൂടാതെ, “അമേരിക്കകളുടെ പാലം” എന്നറിയപ്പെടുന്ന അക്ഷരാർഥത്തിലുള്ള ഒരു പാലം സുപ്രസിദ്ധമായ പാനമ കനാലിനു കുറുകെയാണു നിർമിച്ചിരിക്കുന്നത്. രാജ്യത്തെ കീറിമുറിച്ചുകൊണ്ടു പണിതിരിക്കുന്നതും എൻജിനീയറിങ് രംഗത്തെ ഒരു ശ്രദ്ധേയ സംരംഭവുമായ ഈ കനാൽ അറ്റ്ലാന്റിക്, പസിഫിക് സമുദ്രങ്ങളെ കൂട്ടിയോജിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കപ്പലുകൾക്കും മറ്റും ഏതാനും മണിക്കൂറുകൾക്കുള്ളിൽ അപ്പുറത്തെത്താൻ ഇതു സഹായിക്കുന്നു. ഈ കനാൽ ഇല്ലായിരുന്നെങ്കിൽ മറുവശത്തെത്തുന്നതിന് അവയ്ക്കു സമുദ്രത്തിലൂടെ കൂടുതൽ ദിവസങ്ങളോ ആഴ്ചകളോ യാത്ര ചെയ്യേണ്ടിവരുമായിരുന്നു. പാനമ ലോകത്തിന്റെ മിക്ക ഭാഗങ്ങളെയും കൂട്ടിയിണക്കുന്ന ഒരു പാലമായി വർത്തിക്കുന്നുവെന്നതിനു സംശയമില്ല.
സംസ്കാരങ്ങളുടെ സംഗമസ്ഥാനം
വ്യത്യസ്ത ദേശീയ, വംശീയ പശ്ചാത്തലങ്ങളിൽനിന്നുള്ളവരുടെ ഒരു സംഗമസ്ഥാനം കൂടെയാണ് ഇന്നു പാനമ. അവരും അനേകം തദ്ദേശീയ കൂട്ടങ്ങളും ചേർന്ന് തികച്ചും വൈവിധ്യമാർന്ന ഒരു ജനസമൂഹമാണ് മനോഹരമായ ഈ ദേശത്തു പാർക്കുന്നത്. അങ്ങനെ, സാമൂഹികവും സാംസ്കാരികവും മതപരവും ഭാഷാപരവുമായ വൈജാത്യങ്ങൾ ഇവിടത്തെ ഒരു സവിശേഷതയായി മാറിയിരിക്കുന്നു. എന്നിരുന്നാലും, ദൈവവചനത്തിലെ അമൂല്യ സത്യങ്ങൾക്കു ചേർച്ചയിൽ ആളുകളുടെ ചിന്തയിലും ലക്ഷ്യത്തിലും ഐക്യം സൃഷ്ടിച്ചുകൊണ്ട് അത്തരം വിടവുകൾ നികത്തുക സാധ്യമാണോ?
ഇക്കാര്യത്തിൽ സംശയമില്ല. യഹൂദരും വിജാതീയരും ഉൾപ്പെട്ട ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ, ജനഹൃദയങ്ങളെ ഒരുമിപ്പിക്കാൻ കഴിവുള്ള യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ സമാനമായ ഒരു വെല്ലുവിളി തരണംചെയ്തുവെന്ന് പൗലൊസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. എഫെസ്യർ 2:17, 18-ൽ അവൻ ഇങ്ങനെ പറഞ്ഞു: “അവൻ [യേശു] വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു. അവൻ മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട് [“അടുത്തുചെല്ലാൻ കഴിയും,” NW].”
സമാനമായി, വിദൂരസ്ഥലങ്ങളിൽനിന്നു പാനമയിൽ വന്നുപാർക്കുന്ന വ്യത്യസ്ത മത പശ്ചാത്തലങ്ങളിൽനിന്നുള്ള വ്യക്തികളോടും കൂട്ടങ്ങളോടും ഇന്ന് യഹോവയുടെ സാക്ഷികൾ “സമാധാന”ത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നു. യഹോവയോട് ‘അടുത്തുചെല്ലുന്ന’വർക്കിടയിൽ സന്തുഷ്ടമായ ഐക്യം പ്രബലപ്പെടുന്നു. തത്ഫലമായി സ്പാനീഷ്, കാന്റൊണിസ്, പാനമേനിയൻ ആംഗ്യഭാഷ, ഇംഗ്ലീഷ്, പ്രാദേശിക ഭാഷകളിൽ രണ്ടെണ്ണമായ കൂനാ, ൻഗോബെറെ (ഗ്വൈമീ) എന്നിങ്ങനെ മൊത്തം ആറു ഭാഷകളിലുള്ള സഭകൾ പാനമയിൽ രൂപംകൊണ്ടിട്ടുണ്ട്. ഈ ഭാഷാക്കൂട്ടങ്ങളിലെ അംഗങ്ങൾ യഹോവയെ ആരാധിക്കുന്നതിൽ ഐക്യപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കുന്നതു പ്രോത്സാഹജനകമാണ്.
കോമാർകായിൽ പ്രതിബന്ധം മറികടക്കുന്നു
പാനമയിലെ എട്ട് തദ്ദേശീയ കൂട്ടങ്ങളിൽ ഏറ്റവും വലുത് ൻഗോബെ വിഭാഗമാണ്. 1,70,000-ത്തോളം വരുന്ന അവരിൽ ഭൂരിഭാഗവും അടുത്തയിടെ കോമാർകായായി (സംവരണമേഖല) പ്രഖ്യാപിക്കപ്പെട്ട വിസ്തൃതമായ ഒരു പ്രദേശത്തു പാർക്കുന്നു. അതിന്റെ സിംഹഭാഗവും പലപ്പോഴും കാൽനടയായിമാത്രം എത്തിപ്പെടാൻ കഴിയുന്ന, പാറക്കെട്ടുകളും കുറ്റിക്കാടുകളും നിറഞ്ഞ മലമ്പ്രദേശങ്ങളും കടൽമാർഗം ചെന്നെത്താവുന്ന മനോഹരമായ തീരപ്രദേശങ്ങളുമാണ്. സൗകര്യപ്രദമായ സഞ്ചാരമാർഗങ്ങളായി ഉതകുന്ന നദികൾക്കു സമീപവും തീരപ്രദേശങ്ങളിലുമാണ് ജനസമുദായങ്ങൾ അധികവും വേരുപിടിച്ചിരിക്കുന്നത്. മലമേടുകളിലെ കാപ്പിത്തോട്ടങ്ങൾ, മീൻപിടുത്തം, കൃഷി എന്നിവയൊക്കെയാണ് കോമാർകായിലെ നിവാസികളുടെ തുച്ഛമായ വരുമാനമാർഗം. ഏറെപ്പേരും ക്രൈസ്തവ സഭാംഗങ്ങളാണ്. എന്നിരുന്നാലും, മാമാറ്റാറ്റാ എന്നറിയപ്പെടുന്ന ഒരു തദ്ദേശീയ മതത്തിന്റെ അനുയായികളും അവിടെയുണ്ട്. മറ്റു ചിലർ, രോഗം പിടിപെടുമ്പോഴോ തങ്ങൾക്കു ദുരാത്മാക്കളുടെ ഉപദ്രവമുണ്ടെന്നു തോന്നുമ്പോഴോ മോചനത്തിനായി സമൂഹത്തിലെ സൂകീയാസുകളെ (മന്ത്രവൈദ്യന്മാർ) സമീപിക്കുന്നു. അനേകരും സ്പാനീഷ് സംസാരിക്കുന്നുണ്ടെങ്കിലും എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ ൻഗോബെറെ ആണ്.
തോണി തുഴഞ്ഞ് ഹൃദയങ്ങളിലേക്ക്
തിരുവെഴുത്തു സത്യം മനസ്സിലാക്കാൻ മാത്രമല്ല, അതു മുഴുഹൃദയാ ഉൾക്കൊള്ളാനും ആളുകളെ സഹായിക്കുന്നതു പ്രധാനമാണെന്ന് യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. അങ്ങനെയാകുമ്പോൾ ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അത് അവരെ പ്രചോദിപ്പിക്കും. ഇതു കണക്കിലെടുത്ത് സംവരണമേഖലയിലെ എട്ടു പ്രദേശങ്ങളിൽ നിയമിക്കപ്പെട്ട പ്രത്യേക പയനിയർ ശുശ്രൂഷകർ ൻഗോബെറെ ഭാഷ സംസാരിക്കുന്ന പ്രാദേശിക സാക്ഷികളുടെ സഹായത്തോടെ ആ ഭാഷ പഠിച്ചെടുത്തു.
കോമാർകായിൽ രൂപംകൊണ്ടിരിക്കുന്ന 14 സഭകൾ ആത്മീയ വളർച്ചയ്ക്കുള്ള വലിയ സാധ്യതയുടെ സൂചനയാണ്. ഏതാനും വർഷങ്ങൾക്കുമുമ്പ്, പയനിയർമാരായ ഡീമാസും ഭാര്യ ഹിസെലായും റ്റോബോബെയുടെ തീരപ്രദേശത്ത് ഏകദേശം 40 പ്രസാധകരുള്ള ഒരു ചെറിയ സഭയിൽ നിയമിക്കപ്പെട്ടു. അറ്റ്ലാന്റിക് തീരപ്രദേശങ്ങളിൽ വസിക്കുന്ന എളിയ മനുഷ്യരോടു പ്രസംഗിക്കാൻ അവർക്കു കൂടെക്കൂടെ തോണിയിൽ യാത്ര ചെയ്യേണ്ടിയിരുന്നു. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല. ശാന്തമായ ജലാശയത്തിൽ അപ്രതീക്ഷിതമായി കൊലയാളിത്തിരകൾ രൂപംകൊണ്ടേക്കാമെന്ന് ഡീമാസും ഹിസെലായും മനസ്സിലാക്കി. ഒരു ഗ്രാമത്തിൽനിന്നു മറ്റൊന്നിലേക്കു തുഴഞ്ഞെത്തുമ്പോഴേക്കും അവരുടെ കയ്യും പുറവുമെല്ലാം വേദനിക്കാൻ തുടങ്ങുമായിരുന്നു. പ്രാദേശിക ഭാഷ പഠിച്ചെടുക്കുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ഏതായാലും, അവരുടെ ത്യാഗങ്ങൾക്കും സ്ഥിരോത്സാഹത്തിനും ഫലമുണ്ടായി—2001-ൽ ഏകദേശം 552 പേർ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിനു കൂടിവന്നു.
റ്റോബോബെയിൽനിന്ന് ഉൾക്കടൽ കുറുകെ കടന്നാൽ പുന്റാ എസ്കോൺഡീഡാ എന്ന ഗ്രാമപ്രദേശത്ത് എത്താം. അവിടെയുള്ള ഒരു കൂട്ടം പ്രസാധകർ, സമുദ്രം ശാന്തമായിരിക്കുന്ന അവസരങ്ങളിൽ യോഗങ്ങളിൽ സംബന്ധിക്കാൻ ക്രമമായി റ്റോബോബെയിലേക്കു തോണി തുഴഞ്ഞെത്തുമായിരുന്നു. പുന്റായിൽ പുതുതായി ഒരു സഭ സ്ഥാപിക്കുന്നതിനുള്ള നല്ല സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി. ആ ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ട്, പുന്റാ എസ്കോൺഡീഡായിലേക്കു താമസം മാറ്റാൻ ഡീമാസ് ദമ്പതികളോട് ആവശ്യപ്പെടുകയുണ്ടായി. രണ്ടു വർഷത്തിനുള്ളിൽ അവിടെയുള്ള കൂട്ടം 28 പ്രസാധകരുള്ള ഒരു സഭയായിത്തീർന്നു. വാരംതോറുമുള്ള പരസ്യയോഗത്തിന്റെ ശരാശരി ഹാജർ 114 ആയിരുന്നു. 2004-ൽ 458 പേർ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിനു കൂടിവന്നത് സഭാംഗങ്ങൾക്കു വലിയ സന്തോഷത്തിനു കാരണമായി.
നിരക്ഷരതയെന്ന തടസ്സം മറികടക്കുന്നു
നിരക്ഷരത മറികടക്കാൻ കഴിഞ്ഞത് യഹോവയുമായി ഒരു ഉറ്റ ബന്ധം വളർത്തിയെടുക്കാൻ പരമാർഥ ഹൃദയരായ അനേകർക്കും സഹായകമായി. കോമാർകായിലെ ഒരു മലമ്പ്രദേശത്തു വസിക്കുന്ന ഫെർമീനാ എന്ന ചെറുപ്പക്കാരി അതിന് ഉദാഹരണമാണ്. അവൾ രാജ്യദൂതിൽ വളരെ തത്പരയാണെന്ന് ആ ഒറ്റപ്പെട്ട പ്രദേശത്തു പ്രവർത്തിച്ചിരുന്ന സാക്ഷികളായ മിഷനറിമാർ തിരിച്ചറിഞ്ഞു. ബൈബിളധ്യയനത്തെക്കുറിച്ചു പറഞ്ഞപ്പോൾ, കൂടുതൽ പഠിക്കാൻ ആഗ്രഹമുണ്ടെന്ന് അവൾ പറഞ്ഞു. എന്നാൽ ഒരു പ്രശ്നമുണ്ടായിരുന്നു. ഫെർമീനാ സ്പാനീഷും ൻഗോബെറെയും സംസാരിക്കുമായിരുന്നെങ്കിലും അവയിൽ ഒന്നുപോലും വായിക്കാനോ എഴുതാനോ അവൾക്ക് അറിയില്ലായിരുന്നു. എഴുത്തും വായനയും പഠിക്കുന്നതിൽ ഉത്സുകരായിരിക്കുകa (ഇംഗ്ലീഷ്) എന്ന ലഘുപത്രിക ഉപയോഗിച്ചുകൊണ്ട് സഹായിക്കാമെന്ന് മിഷനറിമാരിൽ ഒരാൾ ഉറപ്പുകൊടുത്തു.
സമർഥയായ ഒരു വിദ്യാർഥിനിയായിരുന്നു ഫെർമീനാ. അവൾ പാഠങ്ങൾ നന്നായി തയ്യാറാകുകയും ഗൃഹപാഠം മുറയ്ക്കു ചെയ്യുകയും അക്ഷരത്തെറ്റില്ലാതെ വാക്കുകൾ എഴുതാൻ പഠിക്കുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ, നിങ്ങൾക്ക് ദൈവത്തിന്റെ സ്നേഹിതനായിരിക്കാൻ കഴിയും* (ഇംഗ്ലീഷ്) എന്ന ലഘുപത്രിക പഠിക്കാൻ തക്കവണ്ണം അവൾ പുരോഗതി പ്രാപിച്ചു. യോഗങ്ങൾ ക്രമീകരിച്ചപ്പോൾ ഫെർമീനാ അതിൽ സംബന്ധിക്കാൻ തുടങ്ങി. എന്നാൽ സാമ്പത്തിക ക്ലേശം നിമിത്തം, മക്കളോടൊപ്പം യോഗങ്ങളിൽ സംബന്ധിക്കുന്നതിന് ആവശ്യമായ യാത്രക്കൂലി കണ്ടെത്തുക അവൾക്കു വളരെ പ്രയാസമായിരുന്നു. ഫെർമീനായുടെ സാഹചര്യം മനസ്സിലാക്കിക്കൊണ്ട് മിഷനറിമാരിൽ ഒരാൾ, ൻഗോബെ സ്ത്രീകൾ ധരിക്കുന്ന പരമ്പരാഗത വസ്ത്രങ്ങൾ നിർമിച്ചു വിൽക്കുന്ന കാര്യം ആലോചിച്ചുനോക്കാൻ അവളോട് അഭിപ്രായപ്പെട്ടു. ഫെർമീനാ അങ്ങനെ ചെയ്തു, മറ്റ് ആവശ്യങ്ങൾ ഉണ്ടായിരുന്നിട്ടും ഇങ്ങനെ കിട്ടുന്ന പണം ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കാൻ വേണ്ടിമാത്രം നീക്കിവെക്കുകയും ചെയ്തു. ഇപ്പോൾ കുടുംബസമേതം മറ്റൊരിടത്തു താമസിക്കുന്ന അവൾ ആത്മീയമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. നിരക്ഷരത മറികടക്കാനായതിൽ മാത്രമല്ല, അതിലും പ്രധാനമായി യഹോവയെ അറിയാൻ കഴിഞ്ഞതിലും അവൾ ഏറെ സന്തുഷ്ടരാണ്.
ബധിരതയെന്ന പ്രതിബന്ധം മറികടക്കുന്നു
പാനമയിൽ, കുടുംബത്തിൽ ആർക്കെങ്കിലും ശ്രവണവൈകല്യമുണ്ടെങ്കിൽ അത്തരം കുടുംബങ്ങൾ ഒരുതരം അപകർഷബോധം വെച്ചുപുലർത്തുന്നു. ചിലപ്പോഴൊക്കെ അത്തരത്തിലുള്ളവർക്ക് യാതൊരു വിദ്യാഭ്യാസവും ലഭിക്കാറില്ല. ശ്രവണവൈകല്യമുള്ളവരുമായി ആശയവിനിമയം ചെയ്യുക വളരെ പ്രയാസമായതിനാൽ അവരിൽ അനേകർക്കും ഏകാന്തതയും ഒറ്റപ്പെടലും അനുഭവപ്പെടുന്നു.
അതുകൊണ്ട്, ശ്രവണവൈകല്യമുള്ളവരെ സുവാർത്ത അറിയിക്കാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു വ്യക്തമായിത്തീർന്നു. ഉത്സുകരായ ഒരു കൂട്ടം പയനിയർമാരും മറ്റുള്ളവരും ഒരു സഞ്ചാര മേൽവിചാരകന്റെ പ്രോത്സാഹനത്തെ തുടർന്ന് പാനമേനിയൻ ആംഗ്യഭാഷ പഠിക്കാൻ തീരുമാനിച്ചു. അവരുടെ കഠിനാധ്വാനത്തിനു ഫലമുണ്ടായി.
2001-ന്റെ ഉത്തരാർധത്തിൽ, പാനമ സിറ്റിയിൽ ഒരു ആംഗ്യഭാഷാക്കൂട്ടം രൂപംകൊണ്ടു. 20-ഓളം പേർ യോഗങ്ങൾക്കു കൂടിവരുമായിരുന്നു. ആംഗ്യഭാഷയിൽ വൈദഗ്ധ്യം നേടിയതോടെ കൂടുതൽ പേരോടു സാക്ഷീകരിക്കാൻ സഹോദരീസഹോദരന്മാർക്കു കഴിഞ്ഞു. അങ്ങനെ അനേകം ബധിരർ ആദ്യമായി സ്വന്തം ഭാഷയിൽ ബൈബിൾ സത്യം “കേട്ടു.” പല സാക്ഷികളും ശ്രവണവൈകല്യമുള്ള മക്കളെയും യോഗങ്ങൾക്കു കൊണ്ടുപോകാൻ തുടങ്ങി. മക്കൾ ബൈബിൾ പഠിപ്പിക്കലുകൾ വേഗം മനസ്സിലാക്കുന്നുണ്ടെന്നും സത്യം അവർക്ക് ഉത്സാഹം പകരുന്നുവെന്നും അവർ തിരിച്ചറിഞ്ഞു. മിക്കപ്പോഴും മാതാപിതാക്കൾ ആംഗ്യഭാഷ പഠിച്ചെടുക്കുകയും അങ്ങനെ മക്കളുമായി നല്ല രീതിയിൽ ആശയവിനിമയം നടത്തുകയും ചെയ്തു. അതുവഴി, മക്കളെ ആത്മീയമായി സഹായിക്കാനും കുടുംബബന്ധം ശക്തമായിത്തീരുന്നതു കാണാനും അവർക്കു കഴിഞ്ഞു. എൽസായുടെയും മകൾ ഇറൈഡായുടെയും അനുഭവം ഇക്കാര്യത്തിൽ നല്ലൊരു ഉദാഹരണമാണ്.
ആംഗ്യഭാഷാക്കൂട്ടത്തോടൊപ്പം പ്രവർത്തിക്കുന്ന ഒരു സാക്ഷി ഇറൈഡായെക്കുറിച്ചു കേൾക്കുകയും അവളെ സന്ദർശിച്ച് ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!b എന്ന ലഘുപത്രിക സമർപ്പിക്കുകയും ചെയ്തു. അതിലെ ചിത്രങ്ങളിലൂടെ പുതിയ ലോകത്തെക്കുറിച്ചു പഠിക്കാൻ കഴിഞ്ഞ കാര്യങ്ങൾ ഇറൈഡായെ വളരെ ആകർഷിച്ചു. ആ ലഘുപത്രിക ഉപയോഗിച്ച് ഒരു ബൈബിളധ്യയനം ആരംഭിച്ചു. അതു പഠിച്ചുകഴിഞ്ഞപ്പോൾ, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?* എന്ന ലഘുപത്രികയിൽനിന്നു പഠനം തുടർന്നു. ആ ഘട്ടത്തിലെത്തിയപ്പോൾ, അധ്യയനത്തിനു തയ്യാറാകാൻ സഹായിക്കാനും വിവരങ്ങൾ വിശദീകരിച്ചുതരാനും ഇറൈഡാ അമ്മയോട് ആവശ്യപ്പെടാൻ തുടങ്ങി.
രണ്ടു കാര്യങ്ങൾ എൽസായ്ക്ക് പ്രശ്നം സൃഷ്ടിച്ചു. സാക്ഷിയല്ലായിരുന്നതിനാൽ അവർക്കു ബൈബിൾസത്യത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. കൂടാതെ, അവർക്ക് ആംഗ്യഭാഷയും വശമില്ലായിരുന്നു. മകൾ സംസാരിക്കാൻ പഠിക്കണമെങ്കിൽ അവളോട് ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തരുതെന്ന് ആളുകൾ അവരോടു പറഞ്ഞിരുന്നു. തത്ഫലമായി അമ്മയും മകളും വളരെക്കുറച്ചുമാത്രമേ ആശയവിനിമയം ചെയ്തിരുന്നുള്ളൂ. ഇറൈഡായുടെ അപേക്ഷ നിരസിക്കാൻ എൽസായ്ക്കു കഴിഞ്ഞില്ല. അതുകൊണ്ട് സഭയിലുള്ള ഒരു സാക്ഷി തന്നെ ബൈബിൾ പഠിപ്പിക്കണമെന്ന് അവർ അഭ്യർഥിച്ചു. “മകളെ ഓർത്താണ് ഞാൻ ഇങ്ങനെയൊരു അപേക്ഷ നടത്തിയത്. മറ്റൊന്നും ഇറൈഡായ്ക്ക് ഇത്രയ്ക്കും ഉത്സാഹം പകർന്നതായി ഞാൻ കണ്ടിട്ടില്ല,” അവർ പറഞ്ഞു. എൽസായും മകളോടൊപ്പം ബൈബിളധ്യയനത്തിൽ പങ്കുചേരുകയും ആംഗ്യഭാഷ പഠിക്കുകയും ചെയ്തു. മകളുമൊത്തു കൂടുതൽ സമയം ചെലവഴിക്കാൻ തുടങ്ങിയതോടെ വീട്ടിലുള്ള അവരുടെ ആശയവിനിമയം മെച്ചപ്പെട്ടു. ആരുടെ കൂടെ കൂട്ടുകൂടുന്നുവെന്ന കാര്യത്തിന് ഇറൈഡാ കൂടുതൽ ശ്രദ്ധനൽകി. കൂടാതെ, സഭയോടൊത്തു സഹവസിക്കാനും തുടങ്ങി. ഇപ്പോൾ അമ്മയും മകളും ക്രമമായി ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നു. എൽസാ ഈയിടെ സ്നാപനമേൽക്കുകയുണ്ടായി. ഇറൈഡാ ആ ലക്ഷ്യത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ ആദ്യമായിട്ടാണ് താൻ മകളെ മനസ്സിലാക്കാൻ തുടങ്ങുന്നതെന്നും ഇരുവർക്കും പ്രിയങ്കരമായ സുപ്രധാന കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പരസ്പരം സംസാരിക്കാൻ കഴിയുന്നുവെന്നും എൽസാ പറയുന്നു.
2003 ഏപ്രിലിൽ ഒരു സഭയായിത്തീർന്ന ആംഗ്യഭാഷാക്കൂട്ടത്തിൽ ഇപ്പോൾ 50-ഓളം രാജ്യപ്രസാധകർ ഉണ്ട്. യോഗഹാജർ അതിലും കൂടുതലാണ്. അവരിൽ മൂന്നിലൊന്നിലധികം പേർ ബധിരരാണ്. മെട്രൊപ്പോളിറ്റൻ നഗരമായ പാനമ സിറ്റിക്കു വെളിയിലുള്ള മൂന്നു നഗരങ്ങളിൽ മറ്റ് ആംഗ്യഭാഷാക്കൂട്ടങ്ങൾ രൂപംകൊണ്ടുവരുന്നു. ഈ മേഖലയിൽ ഇനിയും വളരെ കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലും, ശ്രവണവൈകല്യമുള്ള പരമാർഥഹൃദയർക്കും സ്നേഹവാനാം സ്രഷ്ടാവായ യഹോവയാം ദൈവത്തിനും ഇടയ്ക്കുള്ള ‘മൂകത’യാകുന്ന വിടവു നികത്താൻ നിർണായകമായ ഒരു പടി സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു എന്നതിനു സംശയമില്ല.
പാനമയിലുടനീളം സംഭവിക്കുന്ന കാര്യങ്ങളുടെ ഒരു പ്രതിഫലനമാണ് ഇതെല്ലാം. വ്യത്യസ്ത സംസ്കാരങ്ങളിലും ഭാഷകളിലും പശ്ചാത്തലങ്ങളിലുംപെട്ട അനേകർ ഏക സത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതരായിത്തീർന്നിരിക്കുന്നു. “ലോകത്തെ കൂട്ടിയിണക്കുന്ന പാലം” എന്ന നിലയിൽ അനേകർ വീക്ഷിക്കുന്ന ഈ രാജ്യത്ത് ആളുകൾക്കിടയിലെ ആശയവിനിമയ വിടവു നികത്തുന്നതിൽ യഹോവയുടെ വചനത്തിലെ സത്യം വിജയിച്ചിരിക്കുന്നു.—എഫെസ്യർ 4:4.
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[8-ാം പേജിലെ ഭൂപടങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
കരീബിയൻ കടൽ
പാനമ
റ്റോബോബെ
പസിഫിക് സമുദ്രം
പാനമ കനാൽ
[8-ാം പേജിലെ ചിത്രം]
കൂനാ വംശജരായ സ്ത്രീകൾ ചിത്രകമ്പളങ്ങളുമായി
[9-ാം പേജിലെ ചിത്രം]
ൻഗോബെ സ്ത്രീയോടു സുവാർത്ത പ്രസംഗിക്കുന്ന മിഷനറി
[10-ാം പേജിലെ ചിത്രം]
പ്രത്യേക സമ്മേളന ദിന പരിപാടിയിൽ സംബന്ധിക്കാൻ ൻഗോബെയിലെ സാക്ഷികൾ തോണിയിൽ യാത്രതിരിക്കുന്നു
[11-ാം പേജിലെ ചിത്രങ്ങൾ]
ബൈബിൾ സത്യം പാനമയിലെ സാംസ്കാരികവും ഭാഷാപരവുമായ വിടവു നികത്തുന്നു
[12-ാം പേജിലെ ചിത്രം]
“വീക്ഷാഗോപുര” അധ്യയനം ആംഗ്യഭാഷയിൽ
[12-ാം പേജിലെ ചിത്രം]
അർഥവത്തായ ആശയവിനിമയം—എൽസായും മകൾ ഇറൈഡായും
[8-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കപ്പലും കൂനാ സ്ത്രീകളും: © William Floyd Holdman/Index Stock Imagery; ഗ്രാമം: © Timothy O’Keefe/Index Stock Imagery