ദൈവത്തോട് അടുത്തുചെല്ലുക
അതുല്യനായ പിതാവ്
“പിതാവ്.” ഹൃദയത്തെ തൊട്ടുണർത്താൻപോന്ന വാക്ക്. ഇതിനെക്കാൾ വികാരമുണർത്തുന്ന വാക്കുകൾ വിരളം. മക്കളെ ആർദ്രമായി സ്നേഹിക്കുന്ന ഒരു പിതാവ് ജീവിതപാതയിൽ വിജയംവരിക്കാൻ അവരെ സഹായിക്കും. യഹോവയാം ദൈവത്തെ ‘പിതാവ്’ എന്ന് ബൈബിൾ വർണിക്കുന്നതിൽ അതിശയിക്കാനില്ല. (മത്തായി 6:9) എങ്ങനെയുള്ള ഒരു പിതാവാണ് യഹോവ? ഉത്തരത്തിനായി, യേശു സ്നാനമേറ്റ സമയത്ത് യഹോവ അവനോടു പറഞ്ഞ വാക്കുകൾ നമുക്കൊന്നു പരിശോധിക്കാം. ഒരു അപ്പൻ മക്കളോടു സംസാരിക്കുന്ന വിധം, എങ്ങനെയുള്ള ഒരു പിതാവാണ് അദ്ദേഹമെന്നതു സംബന്ധിച്ച് പലതും വെളിപ്പെടുത്തുമല്ലോ.
എ.ഡി. 29, ഒക്ടോബറിനോടടുത്ത സമയം. സ്നാനമേൽക്കാനായി യേശു യോർദ്ദാൻ നദിക്കരയിലേക്കു പോകുന്നു. അവിടെ എന്തു സംഭവിച്ചെന്ന് ബൈബിൾ വിവരിക്കുന്നു: “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.”a (മത്തായി 3:16, 17) യഹോവയുടെ വായിൽനിന്ന് ഉതിർന്ന സ്നേഹം തുളുമ്പുന്ന ആ വാക്കുകൾ അവൻ എങ്ങനെയുള്ളൊരു പിതാവാണെന്നതു സംബന്ധിച്ച് പലതും നമ്മോടു പറയുന്നു. യഹോവ തന്റെ പുത്രനോടു പറഞ്ഞ മൂന്നു കാര്യങ്ങൾ നമുക്കു പരിശോധിക്കാം.
ഒന്നാമതായി, “ഇവൻ എന്റെ . . . പുത്രൻ” എന്നു പറഞ്ഞപ്പോൾ ‘നിന്റെ പിതാവായിരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു’ എന്നാണ് ഫലത്തിൽ യഹോവ പറഞ്ഞത്. ശ്രദ്ധയും അംഗീകാരവും ലഭിക്കാനുള്ള മക്കളുടെ നൈസർഗികമായ ആഗ്രഹം വിവേകമുള്ള ഒരു പിതാവു തൃപ്തിപ്പെടുത്തും. കുടുംബത്തിലെ വിലപ്പെട്ട ഒരംഗമാണു താനെന്ന് ഓരോ കുട്ടിക്കും മനസ്സിലാകണം. പിതാവിൽനിന്നു ലഭിച്ച അത്തരമൊരു അംഗീകാരം—മുതിർന്ന ഒരു വ്യക്തിയായിരുന്നിട്ടുപോലും—യേശുവിനെ എത്രയധികം പുളകംകൊള്ളിച്ചിരിക്കണം!
രണ്ടാമതായി, “പ്രിയപുത്രൻ” എന്നു വിളിച്ചതിലൂടെ യേശുവിനോടുള്ള തന്റെ സ്നേഹം യഹോവ തുറന്നു പ്രകടിപ്പിക്കുകയായിരുന്നു. മറ്റുവാക്കുകളിൽ പറഞ്ഞാൽ ‘മോനേ, എനിക്കു നിന്നെ എത്ര ഇഷ്ടമാണെന്നോ’ എന്നാണ് ആ പിതാവു പറഞ്ഞത്. തനിക്കു മക്കളോട് അതിയായ സ്നേഹമുണ്ടെന്നു വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നത് ഒരു നല്ല പിതാവിന്റെ സവിശേഷതയാണ്. അത്തരം വാക്കുകൾ—ഒപ്പം ഉചിതമായ സ്നേഹപ്രകടനങ്ങളും—മിടുക്കരായി വളരാൻ മക്കളെ സഹായിക്കും. പിതാവിന്റെ വാത്സല്യപൂർവമായ ആ വാക്കുകൾ യേശുവിനെ എത്രമാത്രം സ്പർശിച്ചിരിക്കണം!
മൂന്നാമതായി, “ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന വാക്കുകളിലൂടെ തന്റെ പുത്രന്റെ പ്രവൃത്തിയിൽ താൻ സന്തോഷിക്കുന്നുവെന്ന് യഹോവ പറയുകയായിരുന്നു. ‘മോനേ, നിന്റെ ഈ പ്രവൃത്തിയിൽ ഞാൻ എത്ര സന്തുഷ്ടനാണെന്നോ’ എന്നു പറയുന്നതിനു തുല്യം. മക്കൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന നല്ല കാര്യങ്ങളിൽ താൻ സന്തോഷിക്കുന്നുവെന്ന് അവരോടു പറയാനുള്ള ഒരു അവസരവും സ്നേഹവാനായ പിതാവ് പാഴാക്കില്ല. തങ്ങൾ ചെയ്യുന്നത് മാതാപിതാക്കളെ പ്രസാദിപ്പിക്കുന്നു എന്നറിയുന്നത് മക്കൾക്ക് ഉറപ്പും ആത്മധൈര്യവും പകരുന്നു. താൻ ചെയ്തതിൽ പിതാവു പ്രസാദിച്ചിരിക്കുന്നു എന്നു കേട്ടത് യേശുവിന് എത്രയോ പ്രോത്സാഹജനകമായിരുന്നിരിക്കും!
അതേ, യഹോവ അതുല്യനായ പിതാവാണ്. അത്തരമൊരു പിതാവിന്റെ സാമീപ്യത്തിനായി നിങ്ങളുടെ ഉള്ളം തുടിക്കുന്നില്ലേ? എങ്കിൽ യഹോവയുമായുള്ള ബന്ധം നിങ്ങളുടെ എത്തുപാടിലാണെന്ന് അറിയുന്നത് നിങ്ങൾക്ക് ആശ്വാസം പകരും. വിശ്വാസത്തോടെ യഹോവയെക്കുറിച്ചു പഠിക്കുകയും അവന്റെ ഇഷ്ടംചെയ്യാൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുന്നെങ്കിൽ അവൻ നിങ്ങളോട് അടുത്തുവരും. ബൈബിൾ പറയുന്നു: “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.” (യാക്കോബ് 4:8) യഹോവയാം ദൈവവുമായി ഒരു ഉറ്റബന്ധം ഉണ്ടായിരിക്കുന്നതിൽപ്പരം മറ്റെന്തുവേണം? കിട്ടാവുന്നതിൽവെച്ച് ഏറ്റവും നല്ല പിതാവ്! മറ്റാരുടെ കരങ്ങളിലാണ് നിങ്ങൾ ഇതിനെക്കാൾ സുരക്ഷിതം!
[അടിക്കുറിപ്പ്]
a ലൂക്കൊസിന്റെ സുവിശേഷത്തിലെ സമാന്തര വിവരണം ഇങ്ങനെ വായിക്കുന്നു: “നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” അവിടെ “നീ” എന്ന സർവനാമമാണ് യഹോവ ഉപയോഗിച്ചിരിക്കുന്നത്.—ലൂക്കൊസ് 3:22.