നാം വിട്ടോടേണ്ട വിനകൾ
“സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?”—മത്താ. 3:7.
1. ഓടിപ്പോക്കിന്റെ ചില ബൈബിൾദൃഷ്ടാന്തങ്ങൾ ഏവ?
ഓടിപ്പോകുക എന്നു കേൾക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിലേക്കു വരുന്നത്? പോത്തീഫറിന്റെ ഭാര്യയുടെ അധാർമിക മുന്നേറ്റത്തിൽനിന്നു രക്ഷപ്പെട്ടോടിയ സുമുഖനായ യോസേഫിന്റെ ചിത്രമായിരിക്കാം ചിലരുടെ മനസ്സിൽ തെളിയുന്നത്. (ഉല്പ. 39:7-12) “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ . . . യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ” എന്ന യേശുവിന്റെ മുന്നറിയിപ്പ് അനുസരിച്ചുകൊണ്ട് എ.ഡി. 66-ൽ യെരൂശലേമിൽനിന്ന് ഓടിപ്പോയ ക്രിസ്ത്യാനികളെക്കുറിച്ചായിരിക്കാം മറ്റുചിലർ ചിന്തിക്കുന്നത്.—ലൂക്കൊ. 21:20, 21.
2, 3. (എ) മതനേതാക്കളെ അപലപിച്ചപ്പോൾ യോഹന്നാൻ സ്നാപകൻ എന്താണ് അർഥമാക്കിയത്? (ബി) യോഹന്നാന്റെ മുന്നറിയിപ്പിനെ യേശു ദൃഢീകരിച്ചതെങ്ങനെ?
2 അക്ഷരാർഥത്തിലുള്ള ഓടിപ്പോക്കിന്റെ രണ്ടു ദൃഷ്ടാന്തങ്ങളാണ് നാം കണ്ടത്. എന്നാൽ ആലങ്കാരികമായ ഒരു ഓടിപ്പോക്കു നടത്തേണ്ട അടിയന്തിര സാഹചര്യത്തിലാണ് ഇന്ന് ലോകമെങ്ങുമുള്ള സത്യക്രിസ്ത്യാനികൾ. ആ അർഥത്തിലാണ് സ്നാപക യോഹന്നാൻ ഓടിപ്പോക്കിനെക്കുറിച്ചു പറഞ്ഞത്. യോഹന്നാനെ സന്ദർശിച്ചവരുടെ കൂട്ടത്തിൽ തങ്ങൾക്കു മാനസാന്തരത്തിന്റെ ആവശ്യമില്ലെന്നു കരുതിയ സ്വയനീതിക്കാരായ യഹൂദ മതനേതാക്കന്മാരും ഉണ്ടായിരുന്നു. മാനസാന്തരത്തിന്റെ പ്രതീകമായി സ്നാനമേൽക്കുന്ന സാധാരണക്കാരെ അവർ പുച്ഛത്തോടെ വീക്ഷിച്ചിരുന്നു. അവരുടെ കാപട്യം സധൈര്യം തുറന്നുകാട്ടിക്കൊണ്ട് യോഹന്നാൻ ഇങ്ങനെ പറഞ്ഞു: “സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ? മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ.”—മത്താ. 3:7, 8.
3 അക്ഷരാർഥത്തിലുള്ള ഓടിപ്പോക്കിനെക്കുറിച്ചായിരുന്നില്ല യോഹന്നാൻ പറഞ്ഞത്. വരാനിരിക്കുന്ന ഒരു ന്യായവിധിയെക്കുറിച്ച്—ഉഗ്രകോപത്തിന്റെ ഒരു ദിവസത്തെക്കുറിച്ച്—മുന്നറിയിപ്പു നൽകിയ അവൻ, മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിച്ചില്ലെങ്കിൽ ആ ദിവസത്തെ അതിജീവിക്കാനാകില്ലെന്ന് മതനേതാക്കളെ ഓർമിപ്പിക്കുകയായിരുന്നു. തങ്ങളുടെ പിതാവായ സാത്താന്റെ ഹിംസാത്മക മനോഭാവം പ്രകടമാക്കിയ അവരെ യേശുവും നിർഭയം അപലപിച്ചു. (യോഹ. 8:44) അവരെ “സർപ്പസന്തതികളേ” എന്നു വിളിക്കുകയും “നിങ്ങൾ ഗിഹെന്നാവിധി എങ്ങനെ ഒഴിഞ്ഞുപോകും?” (NW) എന്ന് ചോദിക്കുകയും ചെയ്തുകൊണ്ട് അവൻ യോഹന്നാന്റെ മുന്നറിയിപ്പിനു മൂർച്ചകൂട്ടി. (മത്താ. 23:33) “ഗിഹെന്ന” എന്നു പറഞ്ഞപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചത്?
4. “ഗിഹെന്ന” എന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്?
4 യെരൂശലേമിന്റെ മതിലുകൾക്കു പുറത്ത് ചപ്പുചവറുകളും മൃഗങ്ങളുടെ ശവശരീങ്ങളും കത്തിച്ചിരുന്ന താഴ്വരയാണ് ഗിഹെന്ന. നിത്യനാശത്തിന്റെ പ്രതീകമായിട്ടാണ് യേശു അതിനെ പരാമർശിച്ചത്. (27-ാം പേജ് കാണുക.) “ഗിഹെന്നാവിധി എങ്ങനെ ഒഴിഞ്ഞുപോകും?” എന്ന അവന്റെ ചോദ്യം, ഒരു കൂട്ടമെന്ന നിലയിൽ ആ മതനേതാക്കൾക്കു നിത്യനാശം സംഭവിക്കുമായിരുന്നു എന്നു വ്യക്തമാക്കി.—മത്താ. 5:22, 29.
5. യോഹന്നാന്റെയും യേശുവിന്റെയും മുന്നറിയിപ്പുകളുടെ നിവൃത്തിക്കു ചരിത്രം സാക്ഷ്യംവഹിക്കുന്നത് എങ്ങനെ?
5 യേശുവിനെയും അനുഗാമികളെയും പീഡിപ്പിച്ചുകൊണ്ട് യഹൂദ മതനേതാക്കൾ കൂടുതലായി പാപംചെയ്തു. യോഹന്നാനും യേശുവും മുൻകൂട്ടിപ്പറഞ്ഞ ദൈവത്തിന്റെ കോപദിവസം ഒടുവിൽ വന്നെത്തി. ‘വരാനിരുന്ന’ ആ കോപം യെരൂശലേമിനെയും യെഹൂദ്യയെയും മാത്രം കേന്ദ്രീകരിച്ചായിരുന്നതിനാൽ അക്ഷരാർഥത്തിലുള്ള ഓടിപ്പോക്ക് അന്നു സാധ്യമായിരുന്നു. എ.ഡി. 70-ൽ യെരൂശലേമും അവിടത്തെ ആലയവും റോമൻസൈന്യത്താൽ നശിപ്പിക്കപ്പെട്ടപ്പോൾ ആ കോപം വന്നെത്തി. യെരൂശലേമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ “കഷ്ടം” ആയിരുന്നു അത്. അനേകർ കൊല്ലപ്പെട്ടു; പലരും ബന്ധികളാക്കപ്പെട്ടു. നാമധേയ ക്രിസ്ത്യാനികളും മറ്റു മതസ്ഥരുമായ അനേകർക്കും ഭവിക്കാനിരിക്കുന്ന വലിയ നാശത്തിന്റെ മുന്നോടിയായിരുന്നു അത്.—മത്താ. 24:21.
നാം ഒഴിഞ്ഞോടേണ്ട ഒരു കോപനാൾ
6. ആദിമ ക്രിസ്തീയ സഭയിൽ എന്തു സംഭവവികാസം അരങ്ങേറി?
6 ആദിമ ക്രിസ്ത്യാനികളിൽ ചിലർ വിശ്വാസത്യാഗികളായിത്തീർന്നു; പലരും അവരെ അനുഗമിച്ചു. (പ്രവൃ. 20:29, 30) അത്തരം വിശ്വാസത്യാഗത്തെ യേശുവിന്റെ അപ്പൊസ്തലന്മാർ ‘തടുത്തു’വെങ്കിലും അവരുടെ മരണശേഷം അനേകം ക്രിസ്തീയ വിഭാഗങ്ങൾ ഉടലെടുത്തു. ഇന്ന് ക്രൈസ്തവലോകത്തിൽ അത്തരം നൂറുകണക്കിനു വിഘടിത മതങ്ങളുണ്ട്. ‘കർത്താവായ യേശു തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കാനിരിക്കുന്ന നാശയോഗ്യനും അധർമ്മമൂർത്തിയുമായ’ ക്രൈസ്തവലോകത്തിലെ വൈദികവർഗത്തിന്റെ ഉദയം ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു.—2 തെസ്സ. 2:3, 6-8.
7. “അധർമ്മമൂർത്തി” എന്ന പ്രയോഗം ക്രൈസ്തവലോകത്തിലെ പുരോഹിതന്മാർക്കു യോജിക്കുന്നത് എന്തുകൊണ്ട്?
7 തിരുവെഴുത്തുവിരുദ്ധമായ വിശേഷദിനങ്ങൾക്കും പഠിപ്പിക്കലുകൾക്കും പ്രവൃത്തികൾക്കും പച്ചക്കൊടി കാട്ടിക്കൊണ്ടും അങ്ങനെ ദശലക്ഷങ്ങളെ വഴിതെറ്റിച്ചുകൊണ്ടും വൈദികവൃന്ദം അധർമം പ്രവർത്തിക്കുന്നു. യേശു കുറ്റംവിധിച്ച മതനേതാക്കന്മാരുടെ കാര്യത്തിലെന്നപോലെ പുനരുത്ഥാന പ്രത്യാശയില്ലാത്ത നാശമാണ് അവരെയും കാത്തിരിക്കുന്നത്. (2 തെസ്സ. 1:6-9) ക്രൈസ്തവലോകത്തിലെ പുരോഹിതന്മാരാലും മറ്റു വ്യാജമത ഗുരുക്കന്മാരാലും വഴിതെറ്റിക്കപ്പെട്ടിരിക്കുന്ന അസംഖ്യം വിശ്വാസികളുടെ കാര്യമോ? ഉത്തരത്തിനായി ബി.സി. 607-ൽ യെരൂശലേമിനുണ്ടായ ആദ്യ നാശത്തെത്തുടർന്ന് അവിടെ അരങ്ങേറിയ സംഭവങ്ങൾ നമുക്കു പരിചിന്തിക്കാം.
‘ബാബിലോണിന്റെ നടുവിൽനിന്ന് ഓടിപ്പോകുവിൻ’
8, 9. (എ) ബാബിലോണിലെ യഹൂദ പ്രവാസികൾക്ക് യിരെമ്യാവ് എന്തു പ്രാവചനിക സന്ദേശം നൽകി? (ബി) മേദ്യരും പേർഷ്യക്കാരും ബാബിലോൺ കീഴടക്കിയപ്പോൾ എങ്ങനെയുള്ള ഒരു ഓടിപ്പോക്കിനു വഴിതുറന്നു?
8 യിരെമ്യാവിന്റെ പ്രവചനത്തിനു ചേർച്ചയിൽ ബി.സി. 607-ൽ യെരൂശലേം നശിപ്പിക്കപ്പെട്ടു. ദൈവജനത്തെ അടിമകളായി പിടിച്ചുകൊണ്ടുപോകുമെന്നും “എഴുപതു സംവത്സര”ത്തിനുശേഷം അവർ സ്വദേശത്തു പുനഃസ്ഥിതീകരിക്കപ്പെടുമെന്നും അവൻ പറഞ്ഞിരുന്നു. (യിരെ. 29:4, 10) ബാബിലോണിൽ ബന്ധികളായി കഴിഞ്ഞ യഹൂദന്മാരോട്, ‘ബാബിലോണ്യ മതത്താൽ മലിനപ്പെടാതെ നിലകൊള്ളുക’ എന്ന സുപ്രധാന സന്ദേശം അവൻ അറിയിച്ചു. അങ്ങനെ ശുദ്ധാരാധന പുനഃസ്ഥാപിക്കാനായി നിയമിത സമയത്ത് യെരൂശലേമിലേക്കു മടങ്ങാൻ അവർ സജ്ജരായിരിക്കുമായിരുന്നു. ബി.സി. 539-ൽ മേദ്യരും പേർഷ്യക്കാരും ബാബിലോൺ കീഴടക്കിയതിനെത്തുടർന്ന് അതു സംഭവിച്ചു. യെരൂശലേമിലേക്കു മടങ്ങിപ്പോയി യഹോവയുടെ ആലയം പുനർനിർമിക്കാൻ പേർഷ്യൻ രാജാവായ കോരെശ് രണ്ടാമൻ യഹൂദന്മാർക്ക് ഉത്തരവു നൽകുകയായിരുന്നു.—എസ്രാ 1:1-4.
9 അതേത്തുടർന്ന് ആയിരക്കണക്കിനു യഹൂദർ സ്വദേശത്തേക്കു മടങ്ങി. (എസ്രാ 2:64-67) മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര ഉൾപ്പെട്ട ആ ഓടിപ്പോക്കിലൂടെ യിരെമ്യാവിന്റെ പ്രാവചനിക കൽപ്പന അനുസരിക്കുകയായിരുന്നു അവർ. (യിരെമ്യാവു 51:6, 45, 50 വായിക്കുക.) യെരൂശലേമിലേക്കും യെഹൂദയിലേക്കുമുള്ള ദീർഘയാത്ര നടത്താൻ എല്ലാ യഹൂദന്മാർക്കും കഴിയുമായിരുന്നില്ല. യെരൂശലേം കേന്ദ്രീകരിച്ചുള്ള ശുദ്ധാരാധനയെ മുഴുഹൃദയാ പിന്തുണയ്ക്കുകയും ബാബിലോണിലെ വ്യാജാരാധനയിൽനിന്നു വിട്ടുനിൽക്കുകയും ചെയ്യുന്നപക്ഷം വയോധികനായ ദാനീയേൽ പ്രവാചകൻ ഉൾപ്പെടെ ബാബിലോണിൽ ശേഷിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുമായിരുന്നു.
10. “മഹതിയാം ബാബിലോൻ” എന്തെല്ലാം “മ്ലേച്ഛത”കൾക്ക് ഉത്തരവാദിയാണ്?
10 ഇന്നു കോടിക്കണക്കിനാളുകൾ ആചരിക്കുന്ന വ്യാജമതവിശ്വാസങ്ങളെല്ലാംതന്നെ പുരാതന ബാബിലോണിൽ മുളപൊട്ടിയവയാണ്. (ഉല്പ. 11:6-9) “മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ്” എന്നാണ് ഈ മതസമൂഹങ്ങളെ ബൈബിൾ വിളിക്കുന്നത്. (വെളി. 17:5) ചരിത്രത്തിലുടനീളം അത് രാഷ്ട്രീയ ഭരണാധികാരികളെ പിന്തുണച്ചിരിക്കുന്നു. ദശലക്ഷങ്ങളുടെ ജീവനപഹരിച്ച നിരവധി യുദ്ധങ്ങൾ, അവൾ ഉത്തരവാദിത്വം പേറുന്ന “മ്ലേച്ഛത”കളുടെ ഭാഗമാണ്. (വെളി. 18:24) പുരോഹിതവർഗം ചെയ്തുകൂട്ടുന്നതും സഭാധികാരികൾ വെച്ചുപൊറുപ്പിക്കുന്നതുമായ ബാലരതിയും മറ്റു ലൈംഗിക ദുർവൃത്തികളും ആ “മ്ലേച്ഛത”കളിൽപ്പെടുന്നു. യഹോവയാം ദൈവം ഉടൻതന്നെ ഭൂമിയിൽനിന്നു വ്യാജമതങ്ങളെ തുടച്ചുനീക്കുമെന്നതിൽ അതിശയിക്കാനുണ്ടോ?—വെളി. 18:8.
11. മഹാബാബിലോൺ നശിപ്പിക്കപ്പെടുന്നതുവരെ സത്യക്രിസ്ത്യാനികൾക്ക് എന്തു ചെയ്യാനുള്ള കടപ്പാടുണ്ട്?
11 ഇക്കാര്യം അറിയാവുന്ന സത്യക്രിസ്ത്യാനികൾ മഹാബാബിലോണിന്റെ ഭാഗമായവർക്കു മുന്നറിയിപ്പുനൽകാൻ കടപ്പെട്ടവരാണ്. അതിനായി അവർ ബൈബിളും “തൽസമയത്തു ഭക്ഷണം” കൊടുക്കാൻ യേശു നിയമിച്ച വിശ്വസ്തനും വിവേകിയുമായ അടിമയുടെ പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്യുന്നു. (മത്താ. 24:45) താത്പര്യം കാണിക്കുന്നവരെ സഹായിക്കാനായി ബൈബിളധ്യയനവും നടത്തുന്നു. ‘ബാബിലോണിന്റെ നടുവിൽനിന്ന് ഓടിപ്പോകേണ്ടതിന്റെ’ ആവശ്യം, വൈകുംമുമ്പേ അവർ തിരിച്ചറിയുമെന്നു നമുക്കു പ്രത്യാശിക്കാം.—വെളി. 18:4.
വിഗ്രഹാരാധന വിട്ടോടുവിൻ
12. പ്രതിമകളുടെയും പ്രതിരൂപങ്ങളുടെയും ആരാധനയെ ദൈവം എങ്ങനെ വീക്ഷിക്കുന്നു?
12 “മ്ലേച്ഛവസ്തുക്കൾ” എന്നും “കാഷ്ഠവിഗ്രഹങ്ങൾ” എന്നും ദൈവം വിളിക്കുന്ന പ്രതിമകളുടെയും പ്രതിരൂപങ്ങളുടെയും ആരാധനയാണ് മഹാബാബിലോണിൽ പ്രബലപ്പെട്ടിരിക്കുന്ന മറ്റൊരു മ്ലേച്ഛത. (ആവ. 29:16, 17, NW) ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന സകലരും, “ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല” എന്ന അവന്റെ വാക്കുകൾക്കു ചേർച്ചയിൽ വിഗ്രഹാരാധനയിൽനിന്നു വിട്ടുനിൽക്കണം.—യെശ. 42:8.
13. വിഗ്രഹാരാധനയുടെ ഏതു രൂപങ്ങൾ നാം വിട്ടോടണം?
13 വിഗ്രഹാരാധനയുടെ മറ്റു രൂപങ്ങളെയും ദൈവവചനം തുറന്നുകാട്ടുന്നു. ഉദാഹരണത്തിന്, ‘അത്യാഗ്രഹത്തെ’ അതു വിഗ്രഹാരാധന എന്നു വിളിക്കുന്നു. (കൊലൊ. 3:5) മറ്റുള്ളവരുടെ വസ്തുവകകൾപോലെ അർഹമല്ലാത്ത കാര്യങ്ങൾക്കായുള്ള ആഗ്രഹമാണ് അതിലുൾപ്പെട്ടിരിക്കുന്നത്. (പുറ. 20:17) അത്യുന്നതനു തുല്യനാകാനും ആരാധിക്കപ്പെടാനുമായിരുന്നു പിശാചായ സാത്താനായിത്തീർന്ന ദൂതൻ മോഹിച്ചത്. (ലൂക്കൊ. 4:5-7) അതിനായി അവൻ യഹോവയോടു മത്സരിക്കുകയും അനർഹമായതു മോഹിക്കാൻ ഹവ്വായെ പ്രേരിപ്പിക്കുകയും ചെയ്തു. സ്നേഹനിധിയായ സ്വർഗീയപിതാവിനോടുള്ള അനുസരണത്തെക്കാൾ ഭാര്യയുടെ സഖിത്വത്തിനായുള്ള സ്വാർഥമോഹത്തിനു മുൻതൂക്കംനൽകിക്കൊണ്ട് ആദാമും വിഗ്രഹാരാധകനായിത്തീർന്നു. എന്നാൽ ദൈവത്തിന്റെ കോപനാളിൽ സുരക്ഷിതസ്ഥാനത്തേക്ക് ഓടിപ്പോകാൻ ആഗ്രഹിക്കുന്ന എല്ലാവരും അവന് അനന്യഭക്തി നൽകുകയും എല്ലാത്തരത്തിലുമുള്ള അത്യാഗ്രഹത്തെ ചെറുക്കുകയും വേണം.
“ദുർന്നടപ്പു വിട്ടു ഓടുവിൻ”
14-16. (എ) ധാർമികതയുടെ കാര്യത്തിൽ യോസേഫ് ഉത്തമ ദൃഷ്ടാന്തംവെച്ചത് എങ്ങനെ? (ബി) അശുദ്ധമായ ലൈംഗികമോഹങ്ങൾ ഉണ്ടാകുന്നപക്ഷം നാം എന്തു ചെയ്യണം? (സി) ദുർന്നടപ്പു വിട്ടോടാൻ നമുക്കെങ്ങനെ കഴിയും?
14 1 കൊരിന്ത്യർ 6:18 വായിക്കുക. പോത്തീഫറിന്റെ ഭാര്യ വശീകരിക്കാൻ ശ്രമിച്ചപ്പോൾ യോസേഫ് അക്ഷരാർഥത്തിൽ അവിടംവിട്ട് ഓടിപ്പോയി. ഏകാകികളും വിവാഹിതരുമായ ക്രിസ്ത്യാനികൾക്ക് എത്ര നല്ല മാതൃക! ഇക്കാര്യം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം വെളിപ്പെടുത്തുന്ന പൂർവകാല ദൃഷ്ടാന്തങ്ങൾ യോസേഫിന്റെ മനസ്സാക്ഷിയെ സ്വാധീനിച്ചിരുന്നു. “ദുർന്നടപ്പു വിട്ടു ഓടുവിൻ” എന്ന കൽപ്പന അനുസരിക്കാൻ യഥാർഥ ആഗ്രഹമുണ്ടെങ്കിൽ സ്വന്തം ഇണയല്ലാത്ത മറ്റൊരാളോടു ലൈംഗികമോഹം തോന്നാൻ ഇടയാക്കിയേക്കാവുന്ന എന്തും നാം ഒഴിവാക്കും. ബൈബിൾ പറയുന്നു: “ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ. ഈ വക നിമിത്തം ദൈവകോപം അനുസരണംകെട്ടവരുടെമേൽ വരുന്നു.”—കൊലൊ. 3:5, 6.
15 “ദൈവകോപം . . . വരുന്നു” എന്നോർക്കുക. അതുകൊണ്ട് അനേകരും അനുചിതമായ ലൈംഗികമോഹങ്ങൾക്കു വഴിപ്പെടുന്ന ഇക്കാലത്ത് അവ നമ്മെ സ്വാധീനിക്കാതിരിക്കാൻ ദൈവത്തിന്റെ സഹായത്തിനും അവന്റെ ആത്മാവിനുമായി നാം പ്രാർഥിക്കണം. ബൈബിൾപഠനം, ക്രിസ്തീയ യോഗങ്ങൾ, സുവിശേഷ ഘോഷണം എന്നിവയും “ആത്മാവിനെ അനുസരിച്ചു” നടക്കാൻ നമ്മെ സഹായിക്കും. അപ്പോൾ നാം “ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല.”—ഗലാ. 5:16.
16 അശ്ലീലം വീക്ഷിക്കുന്നവർക്ക് ആത്മാവിനെ അനുസരിച്ച് നടക്കാനാകുമോ? ഒരിക്കലുമില്ല. അതുകൊണ്ട് ലൈംഗികതൃഷ്ണ ഉണർത്തുന്ന കാര്യങ്ങൾ വായിക്കുകയോ വീക്ഷിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതിരിക്കാൻ എല്ലാ ക്രിസ്ത്യാനികളും സൂക്ഷിക്കണം. അത്തരം കാര്യങ്ങളെക്കുറിച്ചു തമാശകൾ പറഞ്ഞുരസിക്കുകയോ ചർച്ചചെയ്യുകയോ ചെയ്യുന്നത് ദൈവത്തിന്റെ ‘വിശുദ്ധന്മാരായ’ നമ്മെ കുറ്റക്കാരാക്കും. (എഫെ. 5:3, 4) അവ ഒഴിവാക്കുന്നതിലൂടെ, വരുവാനുള്ള കോപത്തെ അതിജീവിക്കാനും നീതിയുള്ള പുതിയ ലോകത്തിൽ ജീവിക്കാനും ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്ന് സ്നേഹവാനായ നമ്മുടെ സ്വർഗീയ പിതാവിനു കാണിച്ചുകൊടുക്കുകയാണ് നാം.
“ദ്രവ്യാഗ്രഹം” വിട്ടോടുവിൻ
17, 18. നാം “ദ്രവ്യാഗ്രഹം” വിട്ടോടേണ്ടത് എന്തുകൊണ്ട്?
17 തിമൊഥെയൊസിനുള്ള തന്റെ ആദ്യ ലേഖനത്തിൽ ക്രിസ്തീയ അടിമകൾ പ്രാവർത്തികമാക്കേണ്ട ചില തത്ത്വങ്ങൾ പൗലൊസ് എടുത്തുപറഞ്ഞു. ക്രിസ്ത്യാനികളായ തങ്ങളുടെ യജമാനന്മാരിൽനിന്നു നേട്ടമുണ്ടാക്കാമെന്ന് ആ അടിമകളിൽ ചിലർ പ്രതീക്ഷിച്ചിരിക്കാം. മറ്റുചിലർ വിശുദ്ധകാര്യങ്ങളെ സ്വാർഥനേട്ടങ്ങൾക്കായി വിനിയോഗിച്ചിരിക്കാം. “ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്ന”വരെ പൗലൊസ് അപലപിച്ചു. “ദ്രവ്യാഗ്രഹം” ആയിരുന്നിരിക്കാം പ്രശ്നത്തിന്റെ മൂലകാരണം; ധനികനും ദരിദ്രനും എന്നില്ലാതെ ആരെയും കെണിയിലാക്കാൻ അതിനാകും.—1 തിമൊ. 6:1, 2, 5, 9, 10.
18 പണംകൊണ്ടു സ്വന്തമാക്കാൻ കഴിയുന്നതും അത്യാവശ്യമല്ലാത്തതുമായ കാര്യങ്ങളോടുള്ള സ്നേഹത്താലോ പണസ്നേഹത്താലോ ദൈവവുമായുള്ള ബന്ധത്തിന് ഉലച്ചിൽതട്ടിയ ബൈബിൾകഥാപാത്രങ്ങളെ നിങ്ങൾക്ക് ഓർക്കാനാകുമോ? (യോശു. 7:11, 21; 2 രാജാ. 5:20, 25-27) പൗലൊസ് തിമൊഥെയൊസിനെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.” (1 തിമൊ. 6:11) ആസന്നമായ കോപദിവസത്തെ അതിജീവിക്കാൻ ആഗ്രഹിക്കുന്ന സകലരും ആ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കേണ്ടതു ജീവത്പ്രധാനമാണ്.
‘യൗവനമോഹങ്ങളെ വിട്ടോടുവിൻ’
19. എല്ലാ യുവജനങ്ങൾക്കും എന്ത് ആവശ്യമാണ്?
19 സദൃശവാക്യങ്ങൾ 22:15 വായിക്കുക. ഹൃദയത്തിലെ ഭോഷത്തം കുട്ടികളെ എളുപ്പം വഴിതെറ്റിച്ചേക്കാം. ബൈബിളധിഷ്ഠിത ശിക്ഷണമാണ് അതിനുള്ള മറുമരുന്ന്. വിശ്വാസികളല്ലാത്ത മാതാപിതാക്കളുള്ള പല ക്രിസ്തീയ യുവജനങ്ങളും ബൈബിളിലെ തത്ത്വങ്ങൾ കണ്ടെത്തി പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു. മറ്റുചിലർ സഭയിലെ ആത്മീയ പക്വതയുള്ളവരുടെ ബുദ്ധിയുപദേശത്തിൽനിന്നു പ്രയോജനം നേടുന്നു. ബൈബിളധിഷ്ഠിത ബുദ്ധിയുപദേശം ആരിൽനിന്നു വരുന്നു എന്നതു ഗണ്യമാക്കാതെ അത് അനുസരിക്കുന്നവർ ഇന്നും ഭാവിയിലും സന്തുഷ്ടരായിരിക്കും.—എബ്രാ. 12:8-11.
20. അനുചിതമായ മോഹങ്ങൾ വിട്ടോടാൻ യുവജനങ്ങളെ എന്തു സഹായിക്കും?
20 2 തിമൊഥെയൊസ് 2:20-22 വായിക്കുക. ശരിയായ ശിക്ഷണം ലഭിച്ചിട്ടില്ലാത്ത പല യുവജനങ്ങളും മത്സരം, ദുർമോഹം, പരസംഗം, പണസ്നേഹം, ഉല്ലാസഭ്രമം തുടങ്ങിയ ഭോഷത്തങ്ങൾക്കു വഴിപ്പെട്ടിരിക്കുന്നു. അവയെല്ലാം ‘യൗവനമോഹങ്ങളുടെ’ സവിശേഷതകളാണ്; അവ വിട്ടോടാൻ ബൈബിൾ ഉദ്ബോധിപ്പിക്കുന്നു. അതിനായി ഒരു ക്രിസ്തീയ യുവാവ് അനഭികാമ്യമായ ഏതൊരു സ്വാധീനത്തെയും ചെറുത്തുനിൽക്കേണ്ടതുണ്ട്. “ശുദ്ധ ഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന” എല്ലാവരോടും ചേർന്ന് ദൈവിക ഗുണങ്ങൾ പിന്തുടരാനുള്ള ദിവ്യബുദ്ധിയുപദേശം വിശേഷാൽ സഹായകമാണ്.
21. ചെമ്മരിയാടുതുല്യരായ തന്റെ അനുഗാമികൾക്കു യേശു മഹത്തായ എന്തു വാഗ്ദാനം നൽകി?
21 നാം യുവാക്കളോ മുതിർന്നവരോ ആയാലും നമ്മെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നവരെ നാം നിരാകരിക്കണം. ‘അന്യന്മാരുടെ ശബ്ദം വിട്ട് ഓടിപ്പോകുന്ന’ ചെമ്മരിയാടുതുല്യരായ ക്രിസ്തുശിഷ്യന്മാരോടൊപ്പം എണ്ണപ്പെടാൻ ആഗ്രഹിക്കുന്നെന്നു പ്രകടമാക്കുകയാണ് അതുവഴി നാം. (യോഹ. 10:5) എന്നാൽ ദൈവത്തിന്റെ കോപദിവസത്തിൽ രക്ഷപ്പെടാൻ ഹാനികരമായ കാര്യങ്ങൾ വിട്ട് ഓടിപ്പോയാൽ മാത്രം പോരാ. ക്രിയാത്മകമായ ചില ഗുണങ്ങൾ നാം പിൻപറ്റുകയും വേണം. അത്തരം ഏഴു ഗുണങ്ങളെക്കുറിച്ച് അടുത്ത ലേഖനം ചർച്ചചെയ്യുന്നു. അതിന്റെ പരിചിന്തനം തികച്ചും മൂല്യവത്താണ്. എന്തുകൊണ്ടെന്നാൽ, “ഞാൻ അവെക്കു [എന്റെ ആടുകൾക്കു] നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കയ്യിൽനിന്നു പിടിച്ചുപറിക്കയും ഇല്ല” എന്ന മഹത്തായ വാഗ്ദാനം യേശു നൽകിയിരിക്കുന്നു.—യോഹ. 10:28.
ഉത്തരം പറയാമോ?
• മതനേതാക്കൾക്കു യേശു എന്തു മുന്നറിയിപ്പു നൽകി?
• ദശലക്ഷങ്ങൾ ഇന്ന് ഏത് അപകടം നേരിടുന്നു?
• നാം വിട്ടോടേണ്ട വിഗ്രഹാരാധനയുടെ വിവിധ രൂപങ്ങളേവ?
[8, 9 പേജിലെ ചിത്രങ്ങൾ]
ഓടിപ്പോകുക എന്നു കേൾക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിലേക്കു വരുന്നത്?