യഹോവ നമ്മെ നിരീക്ഷിക്കുന്നു—നമ്മുടെ നന്മയ്ക്കായി
“യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.”—2 ദിന. 16:9.
1. യഹോവ നമ്മെ നിരീക്ഷിക്കുന്നത് എന്തുകൊണ്ട്?
പ്രപഞ്ചത്തിലെങ്ങും യഹോവയെപ്പോലെ ഒരു പിതാവില്ല. അവനു നമ്മെക്കുറിച്ച് എല്ലാം അറിയാം. എന്തിന്, നമ്മുടെ “വിചാരങ്ങളും നിരൂപണങ്ങളും” ഉൾപ്പെടെ സകലതും. (1 ദിന. 28:9) പക്ഷേ അവൻ നമ്മെ നിരീക്ഷിക്കുന്നത് കുറ്റം കണ്ടുപിടിക്കാനല്ല. (സങ്കീ. 11:4; 130:3) അവനുമായുള്ള നമ്മുടെ ബന്ധത്തിന് ഉലച്ചിൽതട്ടുന്നതോ നിത്യജീവൻ പ്രാപിക്കാൻ നമുക്കു തടസ്സമാകുന്നതോ ആയ ഏതൊരു കാര്യത്തിൽനിന്നും നമ്മെ സംരക്ഷിക്കാൻ അവൻ അതിയായി ആഗ്രഹിക്കുന്നു.—സങ്കീ. 25:8-10, 12, 13.
2. ആർക്കുവേണ്ടിയാണ് യഹോവ തന്റെ ശക്തി പ്രയോഗിക്കുന്നത്?
2 ശക്തിയിൽ അതുല്യനും സകലവും കാണുന്നവനുമാണ് യഹോവ. അതുകൊണ്ട് തന്റെ വിശ്വസ്തദാസന്മാർ വിളിച്ചപേക്ഷിക്കുമ്പോൾ അവരുടെ തുണയ്ക്കെത്താനും പരിശോധനകളിൽ അവർക്കു താങ്ങാകാനും അവൻ പ്രാപ്തനാണ്. “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു” എന്നു 2 ദിനവൃത്താന്തം 16:9 പറയുന്നു. ഏകാഗ്രഹൃദയത്തോടെ, അതായത് ശുദ്ധവും നിർമലവുമായ ആന്തരത്തോടെ തന്നെ സേവിക്കുന്നവർക്കുവേണ്ടിയാണ് യഹോവ തന്റെ ശക്തി ഉപയോഗിക്കുന്നതെന്നു ശ്രദ്ധിക്കുക. വഞ്ചനയും കാപട്യവും ഉള്ളവർക്ക് ഒരിക്കലും യഹോവയിൽനിന്ന് ഇത്തരമൊരു പിന്തുണ പ്രതീക്ഷിക്കാനാവില്ല.—യോശു. 7:1, 20, 21, 25; സദൃ. 1:23-33.
ദൈവത്തോടൊത്തു നടക്കുക
3, 4. ‘ദൈവത്തോടുകൂടെ നടക്കുക’ എന്നുപറഞ്ഞാൽ എന്താണർഥം, അങ്ങനെ ചെയ്തതിന്റെ ചില ഉദാഹരണങ്ങളേവ?
3 സർവപ്രപഞ്ചത്തിന്റെയും സ്രഷ്ടാവ് തന്നോടൊപ്പം നടക്കാൻ മനുഷ്യരെ അനുവദിക്കുന്നുവെന്ന ആശയം അനേകർക്കും അചിന്തനീയമാണ്. എന്നാൽ നാം അവനോടൊപ്പം നടക്കണമെന്നുതന്നെയാണ് അവന്റെ ആഗ്രഹം. ‘ദൈവത്തോടുകൂടെ നടന്നവരാണ്’ ഹാനോക്കും നോഹയും. (ഉല്പ. 5:24; 6:9) അദൃശ്യദൈവത്തെ നേരിൽ കണ്ടാലെന്നപോലെ നടന്നവനാണ് മോശെ. (എബ്രാ. 11:27) തന്റെ സ്വർഗീയപിതാവിനൊപ്പം താഴ്മയോടെ നടന്നവനായി ദാവീദ് രാജാവിനെ ബൈബിൾ വരച്ചുകാട്ടുന്നു. അവൻ പറഞ്ഞു: “[യഹോവ] എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല.”—സങ്കീ. 16:8.
4 അക്ഷരാർഥത്തിൽ നമുക്ക് യഹോവയുടെ കൈപിടിച്ച് നടക്കാൻ കഴിയില്ല. എന്നാൽ ആലങ്കാരിക അർഥത്തിൽ നമുക്കതു കഴിയും. എങ്ങനെ? സങ്കീർത്തനക്കാരനായ ആസാഫ് പറയുന്നതു ശ്രദ്ധിക്കുക: “ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയാൽ നീ എന്നെ നടത്തും.” (സങ്കീ. 73:23, 24) അതേ, ദൈവം നൽകുന്ന ബുദ്ധിയുപദേശങ്ങൾ വിശ്വസ്തതയോടെ അനുസരിക്കുമ്പോൾ നാം ദൈവത്തോടൊത്തു നടക്കുകയാണ്. മുഖ്യമായും ദൈവവചനത്തിലൂടെയും വിശ്വസ്തനും വിവേകിയുമായ അടിമയിലൂടെയുമാണ് നമുക്കവ ലഭിക്കുന്നത്.—മത്താ. 24:45; 2 തിമൊ. 3:16.
5. വിശ്വസ്തദാസരോട് യഹോവ പിതൃനിർവിശേഷമായ കരുതൽ കാണിക്കുന്നതെങ്ങനെ, നമുക്ക് അവനോടുള്ള മനോഭാവം എന്തായിരിക്കണം?
5 തന്നോടുകൂടെ നടക്കുന്നവരെ യഹോവ പ്രിയങ്കരരായി കരുതുന്നു. അതിനാൽ സ്നേഹനിധിയായ ഒരു പിതാവിനെപ്പോലെ അവൻ അവരെ പോറ്റുകയും സംരക്ഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും” എന്ന് അവൻ പറയുന്നു. (സങ്കീ. 32:8) ‘യഹോവയുടെ ജ്ഞാനമൊഴികൾ ശ്രദ്ധിച്ച് അവന്റെ സ്നേഹാർദ്രമായ ശ്രദ്ധ എന്റെമേലുണ്ടെന്ന ബോധ്യത്തോടെ അവന്റെ കൈപിടിച്ചു നടക്കുന്നതായി എനിക്കു വിഭാവന ചെയ്യാനാകുന്നുണ്ടോ? അവൻ കൂടെയുണ്ടെന്ന തിരിച്ചറിവ് എന്റെ ചിന്തകളിലും വാക്കുകളിലും പ്രവർത്തനങ്ങളിലും പ്രതിഫലിക്കാറുണ്ടോ? തെറ്റു ചെയ്താൽ ഞാൻ യഹോവയെ കാണുന്നത് പരുക്കനും അടുത്തുകൂടാത്തവനുമായ ദൈവമായിട്ടാണോ, അതോ മനസ്തപിക്കുന്നവരെ സഹായിക്കാൻ സന്നദ്ധനായ, വാത്സല്യനിധിയായ ഒരു പിതാവായിട്ടാണോ?’—സങ്കീ. 51:17.
6. മാതാപിതാക്കൾക്ക് അസാധ്യമായ ഏതു കാര്യം യഹോവയ്ക്കു സാധ്യമാണ്?
6 നമ്മുടെ കാലടികൾ തെറ്റിലേക്ക് നീങ്ങുന്നതായി കാണുന്ന മാത്രയിൽ യഹോവ നമ്മുടെ സഹായത്തിനെത്തിയെന്നുവരാം. വഞ്ചനകാട്ടാൻ ചായ്വുള്ള നമ്മുടെ ഹൃദയം അനുചിതമായ കാര്യങ്ങളെ താലോലിച്ചുതുടങ്ങുമ്പോൾത്തന്നെ അത് യഹോവയുടെ ശ്രദ്ധയിൽപ്പെട്ടേക്കാം. (യിരെ. 17:9) ഇത്തരം സാഹചര്യങ്ങളിൽ ഏതൊരു മാതാപിതാക്കളെക്കാളും വേഗത്തിൽ പ്രവർത്തിക്കാൻ യഹോവയ്ക്കാകും. നമ്മുടെ ഉൾക്കാമ്പിലേക്കു ചുഴിഞ്ഞിറങ്ങി വികാരവിചാരങ്ങളെ ശോധനചെയ്യാനുള്ള പ്രാപ്തി അവന്റെ കണ്ണുകൾക്കുണ്ട്. (സങ്കീ. 11:4; 139:4; യിരെ. 17:10) യിരെമ്യാവിന്റെ സെക്രട്ടറിയും ഉറ്റസുഹൃത്തുമായിരുന്ന ബാരൂക്കിന്റെ മനസ്സിൽ നാമ്പെടുത്ത ചില ചിന്തകളെ യഹോവ എങ്ങനെ വീക്ഷിച്ചുവെന്ന് നമുക്കു നോക്കാം.
ബാരൂക്കിന്റെ നന്മ ആഗ്രഹിച്ച പിതാവ്
7, 8. (എ) ആരായിരുന്നു ബാരൂക്ക്, അനുചിതമായ ഏതു മോഹങ്ങളായിരിക്കാം അവന്റെയുള്ളിൽ മുളപൊട്ടിയത്? (ബി) ബാരൂക്കിനോട് യഹോവ ഒരു പിതാവിന്റെ കരുതലോടെ ഇടപെട്ടത് എങ്ങനെ?
7 നിപുണനായ ഒരു ശാസ്ത്രിയായിരുന്നു ബാരൂക്ക്. യെഹൂദായ്ക്കെതിരെ യഹോവയുടെ ന്യായവിധികൾ ഉച്ചരിക്കുകയെന്ന ക്ലേശകരമായ നിയമനം നിർവഹിച്ച യിരെമ്യാവിന്റെ ഒരു വിശ്വസ്ത സഹകാരിയായിരുന്നു അവൻ. (യിരെ. 1:18, 19) സാധ്യതയനുസരിച്ച് ഒരു കുലീനകുടുംബത്തിൽ ജനിച്ച ബാരൂക്ക് ഇടയ്ക്കെപ്പോഴോ തനിക്കായി ‘വലിയകാര്യങ്ങൾ’ ആഗ്രഹിച്ചുതുടങ്ങി. സ്വാർഥാഭിലാഷങ്ങളോ ഭൗതികനേട്ടങ്ങൾക്കായുള്ള അഭിവാഞ്ഛയോ അവന്റെയുള്ളിൽ മുളപൊട്ടിയിരിക്കാം. എന്തുതന്നെയായാലും അവന്റെ ആ ചിന്തയുടെ അപകടം കണ്ട് യഹോവ സത്വരം പ്രതികരിച്ചു. യിരെമ്യാവിലൂടെ അവൻ ബാരൂക്കിനോട് ചോദിക്കുന്നു: “യഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല എന്നു നീ പറയുന്നുവല്ലോ.” പിന്നെ ദൈവം അവനെ തിരുത്തി: “നീ നിനക്കായിട്ടു വലിയകാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുത്.”—യിരെ. 45:1-5.
8 യഹോവ ബാരൂക്കിനെ ഇക്കാര്യം അറിയിച്ചത് തികഞ്ഞ ഗൗരവത്തോടെയാണ്. പക്ഷേ യഹോവ ദേഷ്യപ്പെട്ടു സംസാരിച്ചില്ല. ഒരു പിതാവിന് പുത്രന്റെ കാര്യത്തിലുള്ള താത്പര്യമായിരുന്നു അവന്റെ വാക്കുകളിൽ. ബാരൂക്കിന്റെ ഹൃദയം ദുഷ്ടമോ വഞ്ചകമോ അല്ലെന്ന് യഹോവ കണ്ടിരിക്കണം. മാത്രമല്ല, യെരൂശലേമിന്റെയും യെഹൂദായുടെയും നാശം ആസന്നമായിരുന്ന ആ നിർണായക കാലത്ത് ബാരൂക്ക് വീണുപോകാൻ യഹോവ ആഗ്രഹിച്ചില്ല. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാൻ അവൻ തന്റെ ദാസനെ സഹായിച്ചു. താൻ ‘സർവ്വജഡത്തിനും അനർഥം വരുത്താൻ’ പോകുകയാണെന്ന് ദൈവം ബാരൂക്കിനെ ഓർമപ്പെടുത്തി. ജ്ഞാനപൂർവം പ്രവർത്തിച്ചാൽ ജീവൻ രക്ഷിക്കാനാകുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. (യിരെ. 45:5) ഫലത്തിൽ യഹോവ പറഞ്ഞത് ഇതാണ്: ‘ബാരൂക്ക്, അവിശ്വസ്ത യെഹൂദായ്ക്കും യെരൂശലേമിനും ഉടൻ സംഭവിക്കാൻ പോകുന്നതെന്താണെന്നു നീ മറക്കരുത്. വിശ്വസ്തനായിരുന്നാൽ നിനക്ക് ജീവൻ നഷ്ടമാകില്ല. ഞാനുണ്ട് നിന്നെ രക്ഷിക്കാൻ!’ ആ വാക്കുകൾ ഉള്ളിൽത്തട്ടിയ ബാരൂക്ക് തന്റെ ചിന്തയ്ക്കു മാറ്റം വരുത്തി. 17 വർഷത്തിനുശേഷം യെരൂശലേം നശിപ്പിക്കപ്പെട്ടപ്പോൾ അവൻ അതിജീവിക്കുകയും ചെയ്തു.
9. മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് നിങ്ങൾ എങ്ങനെ ഉത്തരം പറയും?
9 ബാരൂക്കിനെക്കുറിച്ചുള്ള വിവരണം മനസ്സിൽപ്പിടിച്ചുകൊണ്ട് പിൻവരുന്ന ചോദ്യങ്ങളും തിരുവെഴുത്തുകളും പരിചിന്തിക്കുക: ബാരൂക്കിനോട് യഹോവ ഇടപെട്ട വിധം യഹോവയെക്കുറിച്ചും തന്റെ ദാസന്മാരോട് അവനുള്ള മനോഭാവത്തെക്കുറിച്ചും എന്തു വെളിപ്പെടുത്തുന്നു? (എബ്രായർ 12:9 വായിക്കുക.) ഈ ദുർഘടനാളുകളിൽ ജീവിക്കുന്ന നമുക്ക്, ദൈവം ബാരൂക്കിനു കൊടുത്ത ബുദ്ധിയുപദേശത്തിൽനിന്നും അതിനോടുള്ള അവന്റെ പ്രതികരണത്തിൽനിന്നും എന്തു പഠിക്കാം? (ലൂക്കൊസ് 21:34-36 വായിക്കുക.) തന്റെ ദാസന്മാരോട് യഹോവയ്ക്കുള്ള കരുതൽ പ്രതിഫലിപ്പിക്കുന്നതിൽ ക്രിസ്തീയ മൂപ്പന്മാർക്ക് യിരെമ്യാവിനെ എങ്ങനെ അനുകരിക്കാം?—ഗലാത്യർ 6:1 വായിക്കുക.
പിതാവിനെ അനുകരിച്ച പുത്രൻ
10. ക്രിസ്തീയ സഭയുടെ ശിരസ്സായിരിക്കാൻ യേശു തികച്ചും യോഗ്യനാണെന്നു പറയാവുന്നത് എന്തുകൊണ്ട്?
10 ക്രിസ്തീയപൂർവ കാലത്ത് പ്രവാചകന്മാരിലൂടെയും മറ്റു വിശ്വസ്ത ദാസന്മാരിലൂടെയുമാണ് തന്റെ ജനത്തോടുള്ള സ്നേഹം യഹോവ വെളിപ്പെടുത്തിയത്. ഇന്ന് ആ സ്നേഹം മുഖ്യമായും ദർശിക്കാനാകുന്നത് ക്രിസ്തീയ സഭയുടെ ശിരസ്സായ യേശുക്രിസ്തുവിലൂടെയാണ്. (എഫെ. 1:22, 23) ‘സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണുള്ള’ കുഞ്ഞാടായി വെളിപ്പാടു പുസ്തകത്തിൽ യേശുവിനെ വർണിച്ചിരിക്കുന്നു. (വെളി. 5:6) പരിശുദ്ധാത്മാവിന്റെ നിറവുള്ളതിനാൽ യേശുവിന്റെ വിവേചനാപ്രാപ്തി തികവുറ്റതാണ്. അവനും നമ്മുടെ ഹൃദയവിചാരങ്ങൾ അറിയുന്നു. അവന്റെ കണ്ണിനു മറഞ്ഞിരിക്കുന്നതായി ഒന്നുമില്ല.
11. യേശു ഏതു സ്ഥാനം വഹിക്കുന്നു, യഹോവയ്ക്കു നമ്മോടുള്ള അതേ മനോഭാവം അവൻ പ്രതിഫലിപ്പിക്കുന്നത് എങ്ങനെ?
11 യഹോവ നമ്മുടെ തെറ്റുകുറ്റങ്ങൾ കണ്ടുപിടിക്കാൻ നോക്കിയിരിക്കുകയല്ലെന്നു നാം കാണുകയുണ്ടായി. യേശുവും ഇക്കാര്യത്തിൽ യഹോവയെപ്പോലെയാണ്; അവൻ സ്നേഹത്തോടെയാണ് നമ്മെ ശോധന ചെയ്യുന്നത്. യേശുവിന് “നിത്യപിതാവ്” എന്നൊരു സ്ഥാനപ്പേരുണ്ട്. തന്നിൽ വിശ്വസിക്കുന്ന സകലർക്കും നിത്യജീവൻ നൽകുന്നതിൽ അവൻ വഹിക്കുന്ന പങ്കിനെക്കുറിച്ച് അതു നമ്മെ ഓർമിപ്പിക്കുന്നു. (യെശ. 9:6) കൂടാതെ, സഹോദരങ്ങൾക്ക് ആശ്വാസവും ബുദ്ധിയുപദേശവും നൽകാൻ സഹായമനസ്കതയും അനുഭവപരിചയവുമുള്ള മൂപ്പന്മാരെയും മറ്റു ക്രിസ്ത്യാനികളെയും പ്രേരിപ്പിക്കാൻ ക്രിസ്തീയ സഭയുടെ ശിരസ്സായ യേശുവിനു കഴിയും.—1 തെസ്സ. 5:14; 2 തിമൊ. 4:1, 2.
12. (എ) ഏഷ്യാമൈനറിലെ സഭകൾക്കുള്ള യേശുവിന്റെ കത്തുകൾ അവനെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു? (ബി) ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോടുള്ള യേശുവിന്റെ മനോഭാവം മൂപ്പന്മാർ പ്രകടമാക്കുന്നത് എങ്ങനെ?
12 ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോടുള്ള യേശുവിന്റെ ആഴമായ താത്പര്യം വിളിച്ചോതുന്നവയാണ് ഏഷ്യാമൈനറിലെ ഏഴു സഭകളിലെ മൂപ്പന്മാർക്കുള്ള അവന്റെ കത്തുകൾ. (വെളി. 2:1–3:22) ഓരോ സഭയിലെയും കാര്യങ്ങൾ താൻ അറിയുന്നുണ്ടെന്നും തന്റെ അനുഗാമികളുടെ കാര്യത്തിൽ ചിന്തയുള്ളവനാണെന്നും ആ കത്തുകളിലൂടെ അവൻ വ്യക്തമാക്കി. അതേ താത്പര്യം യേശുവിന് ഇന്നുമുണ്ട്, ഒരുപക്ഷേ അതിലുമേറെ. കാരണം വെളിപ്പാടിലെ ദർശനങ്ങൾ നിവൃത്തിയേറുന്നത് നമ്മുടെ കാലത്ത് അതായത് “കർത്തൃദിവസത്തിൽ” ആണല്ലോ.a (വെളി. 1:10) ആത്മീയ ഇടയന്മാരായി സേവിക്കുന്ന മൂപ്പന്മാരിലൂടെയാണ് പലപ്പോഴും യേശു തന്റെ സ്നേഹം ഇന്നു പ്രകടമാക്കുന്നത്. ആവശ്യമായ ആശ്വാസവും പ്രോത്സാഹനവും ഉപദേശവും നൽകാൻ ഈ “മനുഷ്യരാകുന്ന ദാനങ്ങളെ” പ്രചോദിപ്പിക്കാൻ യേശുവിനു കഴിയും. (എഫെ. 4:8, NW; പ്രവൃ. 20:28; യെശയ്യാവു 32:1, 2 വായിക്കുക.) ക്രിസ്തുവിനു നിങ്ങളിലുള്ള വ്യക്തിപരമായ താത്പര്യത്തിന്റെ തെളിവായാണോ അവരുടെ ഈ ശ്രമങ്ങളെ നിങ്ങൾ കാണുന്നത്?
തക്കസമയത്തെ സഹായം
13-15. നമ്മുടെ പ്രാർഥനകൾക്ക് ദൈവം എങ്ങനെയൊക്കെ ഉത്തരം നൽകിയേക്കാം? ഉദാഹരണങ്ങൾ പറയുക.
13 സഹായത്തിനായി മനംനൊന്തു പ്രാർഥിച്ചപ്പോൾ അതിനുള്ള ഉത്തരമെന്നോണം പക്വമതിയായ ഒരു ക്രിസ്ത്യാനി നിങ്ങളെ സന്ദർശിച്ച് ആശ്വാസം പകർന്ന അനുഭവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ? (യാക്കോ. 5:14-16) ചിലപ്പോൾ സഭായോഗത്തിൽ കേട്ട ഒരു പ്രസംഗമോ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ കണ്ട ചില വിവരങ്ങളോ ആയിരിക്കാം നിങ്ങൾക്കു സഹായമായിത്തീർന്നത്. യഹോവ പലപ്പോഴും പ്രാർഥനകൾക്ക് ഉത്തരമരുളുന്നത് ഈ വിധങ്ങളിലാണ്. ഉദാഹരണത്തിന്, കടുത്ത അനീതിക്കിരയായ ഒരു സഹോദരി ഒരു മൂപ്പന്റെ പ്രസംഗത്തിനുശേഷം അദ്ദേഹത്തിന്റെ അടുത്തെത്തി നന്ദിപറഞ്ഞു. തന്റെ പ്രശ്നങ്ങളെക്കുറിച്ച് ആവലാതി പറയാതെ, പ്രസംഗത്തിലെ ചില തിരുവെഴുത്താശയങ്ങൾ താൻ അതിയായി വിലമതിക്കുന്നുവെന്ന് അവർ അറിയിച്ചു. ആ സമയത്ത് അവർക്ക് ആവശ്യമായ വിവരങ്ങളായിരുന്നു പ്രസംഗത്തിലുണ്ടായിരുന്നത്. അത് അവർക്ക് ഏറെ ആശ്വാസം പകർന്നു. ആ യോഗത്തിനു ഹാജരായതിൽ സഹോദരി എത്ര സന്തോഷിച്ചെന്നോ!
14 പ്രാർഥനയിലൂടെ സഹായം ലഭിച്ചതിന്റെ ഒരു ഉദാഹരണം നോക്കാം. മൂന്നു തടവുകാരുടെ അനുഭവമാണത്. അവർ ജയിലിൽവെച്ച് സത്യം പഠിച്ച് സ്നാനമേറ്റിട്ടില്ലാത്ത പ്രസാധകരായിത്തീർന്നു. ജയിലിലുണ്ടായ ഒരു അക്രമസംഭവത്തെത്തുടർന്ന് തടവുകാരുടെമേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതിഷേധസൂചകമായി, പിറ്റേന്ന് പ്രാതലിനുശേഷം പ്ലേറ്റുകൾ തിരിച്ചുകൊടുക്കേണ്ടെന്ന് തടവുകാർ തീരുമാനിച്ചു. പ്രസാധകർ വിഷമസന്ധിയിലായി. പ്രതിഷേധത്തിൽ ചേർന്നാൽ റോമർ 13:1-ലെ യഹോവയുടെ കൽപ്പന അവർക്കു ലംഘിക്കേണ്ടിവരും; ചേരാതിരുന്നാൽ മറ്റുതടവുകാർ പ്രതികാരം ചെയ്യാതെ വിടുകയുമില്ല.
15 പരസ്പരം സംസാരിക്കാൻ അവസരമില്ലാതിരുന്നതിനാൽ മൂവരും ജ്ഞാനത്തിനായി യഹോവയോടു പ്രാർഥിച്ചു. അതിശയമെന്നുപറയട്ടെ മൂന്നുപേരും എടുത്തത് ഒരേ തീരുമാനമായിരുന്നു: പ്രാതൽ കഴിക്കാതിരിക്കുക! അപ്പോൾപ്പിന്നെ ‘പ്ലേറ്റുപ്രശ്നം’ ഒഴിവായിക്കിട്ടുമല്ലോ. പ്രാർഥന കേൾക്കുന്നവൻ തങ്ങളുടെ അപേക്ഷ കൈക്കൊണ്ടതിൽ അവർക്കുണ്ടായ സന്തോഷമൊന്ന് ഓർത്തുനോക്കൂ!—സങ്കീ. 65:2.
ആത്മവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കുക
16. ചെമ്മരിയാടുതുല്യരായവരോട് യഹോവയ്ക്കുള്ള താത്പര്യം പ്രസംഗവേലയിൽ ദൃശ്യമായിരിക്കുന്നത് എങ്ങനെ?
16 ഹൃദയപരമാർഥതയുള്ളവർ എവിടെ ജീവിച്ചാലും യഹോവയ്ക്ക് അവരുടെ കാര്യത്തിൽ താത്പര്യമുണ്ടെന്നുള്ളതിനു മറ്റൊരു തെളിവാണ് ഗോളവ്യാപക പ്രസംഗവേല. (ഉല്പ. 18:25) ചെമ്മരിയാടുതുല്യരായ ആളുകളുടെ അടുക്കലേക്ക് തന്റെ ദാസരെ നയിക്കാൻ യഹോവ ദൂതന്മാരെ ഉപയോഗിക്കാറുണ്ട്—ഒറ്റപ്പെട്ട പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ അടുക്കലേക്കുപോലും. (വെളി. 14:6, 7) ഒന്നാം നൂറ്റാണ്ടിലുണ്ടായ ഒരു സംഭവം ഇതിനുദാഹരണമാണ്. സുവിശേഷകനായ ഫിലിപ്പൊസിനെ യഹോവ ഒരു ദൂതൻ മുഖാന്തരം എത്യോപ്യക്കാരനായ ഉദ്യോഗസ്ഥന്റെ അടുക്കലേക്കു നയിച്ചു. ഫിലിപ്പൊസ് അദ്ദേഹത്തിനു തിരുവെഴുത്തുകൾ വിശദീകരിച്ചുകൊടുത്തു. അദ്ദേഹം സുവാർത്ത സ്വീകരിക്കുകയും സ്നാനമേറ്റ് യേശുവിന്റെ ശിഷ്യനായിത്തീരുകയും ചെയ്തു.b—യോഹ. 10:14; പ്രവൃ. 8:26-39.
17. ഭാവിയെക്കുറിച്ച് നാം അമിതമായി ഉത്കണ്ഠപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്?
17 ഈ വ്യവസ്ഥിതി അതിന്റെ അന്ത്യത്തോട് അടുക്കുന്തോറും മുൻകൂട്ടിപ്പറയപ്പെട്ട ‘ഈറ്റുനോവ്’ ഏറിക്കൊണ്ടിരിക്കും. (മത്താ. 24:8) ഉദാഹരണത്തിന് സാമ്പത്തികരംഗത്തെ അസ്ഥിരത, രൂക്ഷമായ കാലാവസ്ഥ, വർധിച്ച ഉപഭോഗം എന്നിവമൂലം ഭക്ഷ്യവസ്തുക്കളുടെ വില ഇനിയും കുതിച്ചുയരാൻ ഇടയുണ്ട്. തൊഴിലില്ലായ്മ രൂക്ഷമായേക്കാം. തൊഴിൽ ചെയ്യുന്നവർക്കാകട്ടെ, കൂടുതൽ സമയം ജോലിചെയ്യാനുള്ള കടുത്ത സമ്മർദം നേരിടേണ്ടിവന്നേക്കാം. എന്തുതന്നെ സംഭവിച്ചാലും, ആത്മീയ കാര്യങ്ങൾ ഒന്നാമതുവെക്കുകയും കണ്ണ് ‘ചൊവ്വുള്ളതായി’ സൂക്ഷിക്കുകയും ചെയ്യുന്ന ആർക്കും ഉത്കണ്ഠകളാൽ ഭാരപ്പെടേണ്ടിവരില്ല. യഹോവ തങ്ങളെ സ്നേഹിക്കുന്നുവെന്നും തങ്ങൾക്കായി കരുതുമെന്നും അവർക്കറിയാം. (മത്താ. 6:22-34) ഉദാഹരണത്തിന്, ബി.സി. 607-ലെ യെരൂശലേമിന്റെ നാശത്തോടനുബന്ധിച്ചുള്ള പ്രക്ഷുബ്ധനാളുകളിൽ യഹോവ യിരെമ്യാവിനെ പുലർത്തിയതെങ്ങനെയെന്നു നോക്കാം.
18. യെരൂശലേമിന്റെ ഉപരോധസമയത്ത് യിരെമ്യാവിന് യഹോവയുടെ സ്നേഹം അനുഭവിച്ചറിയാനായത് എങ്ങനെ?
18 ബാബിലോൺ യെരൂശലേമിനെ ഉപരോധിച്ചിരുന്ന സമയത്ത് യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് തടവിലായി; ചുറ്റും ശത്രുക്കളും. മറ്റുള്ളവരെ ആശ്രയിച്ചുകഴിയേണ്ട ഈ അവസ്ഥയിൽ അവന് ആഹാരം എവിടെനിന്നു ലഭിക്കും? തടവിലല്ലായിരുന്നെങ്കിൽ എങ്ങനെയെങ്കിലും അതു കണ്ടെത്താമായിരുന്നു. എന്നാൽ യിരെമ്യാവ് അപ്പോഴും, തന്നെ പുലർത്തുമെന്ന് ഉറപ്പുനൽകിയിരുന്ന ദൈവത്തിലാശ്രയിച്ചു; മനുഷ്യരിൽ ആശ്രയിച്ചില്ല. യഹോവ വാക്കുപാലിച്ചോ? ഉവ്വ്. ‘നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ ദിവസംപ്രതി ഒരു അപ്പം’ അവനു കിട്ടുന്നുവെന്ന് യഹോവ ഉറപ്പുവരുത്തി. (യിരെ. 37:21) ക്ഷാമവും വ്യാധികളും മരണവും ദുരിതം വിതച്ച നാളുകളായിരുന്നു അത്. യിരെമ്യാവിനൊപ്പം ബാരൂക്കും ഏബെദ്-മേലെക്കും മറ്റുചിലരും ദുഷ്കരമായ ആ നാളുകളെ അതിജീവിക്കുകയുണ്ടായി.—യിരെ. 38:2; 9:15-18.
19. ഭാവിയിലേക്കു നോക്കുമ്പോൾ നമ്മുടെ തീരുമാനം എന്തായിരിക്കണം?
19 യഹോവയുടെ “കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു.” (1 പത്രൊ. 3:12) സ്വർഗീയ പിതാവ് നിങ്ങളെ ശ്രദ്ധിക്കുന്നുവെന്നതിൽ നിങ്ങൾ സന്തോഷിക്കുന്നുണ്ടോ? നിങ്ങളുടെ നന്മയെപ്രതിയാണ് ദൈവം അങ്ങനെ ചെയ്യുന്നതെന്ന അറിവ് നിങ്ങൾക്ക് സുരക്ഷിതത്വബോധം നൽകുന്നുണ്ടോ? ഭാവിയിലെന്തു സംഭവിച്ചാലും, ദൈവത്തോടു കൂടെ നടക്കാൻ ദൃഢനിശ്ചയം ചെയ്യുക. അതേ, പിതൃനിർവിശേഷമായ വാത്സല്യത്തോടെ യഹോവയുടെ കണ്ണ് തന്റെ വിശ്വസ്തരുടെമേൽ എപ്പോഴും ഉണ്ടായിരിക്കും.—സങ്കീ. 32:8; യെശയ്യാവ് 41:13 വായിക്കുക.
[അടിക്കുറിപ്പുകൾ]
a ഈ കത്തുകൾ ക്രിസ്തുവിന്റെ അഭിഷിക്ത അനുഗാമികൾക്കുള്ളതായിരുന്നു. എങ്കിലും ദൈവത്തിന്റെ എല്ലാ ദാസന്മാർക്കും അതു ബാധകമാണ്.
b ദിവ്യവഴിനടത്തിപ്പിന്റെ മറ്റൊരു ഉദാഹരണം പ്രവൃത്തികൾ 16:6-10-ൽ കാണാം. ഏഷ്യയിലും ബിഥുന്യയിലും പ്രസംഗിക്കുന്നതിൽനിന്ന് പൗലൊസിനെയും കൂട്ടാളികളെയും ‘പരിശുദ്ധാത്മാവു വിലക്കിയതായി’ അവിടെ നാം വായിക്കുന്നു. എന്നാൽ മക്കെദോന്യയിൽ പോയി പ്രസംഗിക്കാനുള്ള ക്ഷണം അവർക്കു ലഭിക്കുന്നു. അവിടെ സൗമ്യരായ അനേകംപേർ സുവാർത്ത കേട്ടനുസരിച്ചു.
നിങ്ങൾക്കു വിശദീകരിക്കാമോ?
• ‘ദൈവത്തോടുകൂടെ നടക്കുന്നുവെന്ന്’ നമുക്ക് എങ്ങനെ തെളിയിക്കാം?
• ബാരൂക്കിനോടുള്ള തന്റെ സ്നേഹം യഹോവ കാണിച്ചത് എങ്ങനെ?
• ക്രിസ്തീയ സഭയുടെ ശിരസ്സായ യേശു തന്റെ പിതാവിന്റെ ഗുണങ്ങൾ എങ്ങനെയാണു പ്രതിഫലിപ്പിക്കുന്നത്?
• ഈ ദുർഘടനാളുകളിൽ ദൈവത്തിൽ ആശ്രയിക്കുന്നുവെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാം?
[9-ാം പേജിലെ ചിത്രങ്ങൾ]
ബാരൂക്കിന്റെ കാര്യത്തിൽ യിരെമ്യാവ് ചെയ്തതുപോലെ ഇന്ന് മൂപ്പന്മാർ യഹോവയുടെ കരുതൽ പ്രതിഫലിപ്പിക്കുന്നു
[10-ാം പേജിലെ ചിത്രം]
തക്കസമയത്ത് യഹോവ സഹായിക്കുന്നതെങ്ങനെ?