എത്രയുംവേഗം മടങ്ങിവരാൻ അവരെ സഹായിക്കുക
“ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്.”—യോഹ. 6:68.
1. ശിഷ്യന്മാർ പലരും യേശുവിനെ ഉപേക്ഷിച്ചുപോയെങ്കിലും പത്രൊസ് എന്താണു പറഞ്ഞത്?
യേശുവിന്റെ ഒരു ഉപദേശം ഉൾക്കൊള്ളാനാകാതെ ഒരിക്കൽ കുറെ ശിഷ്യന്മാർ അവനെ വിട്ടുപോകുകയുണ്ടായി. “നിങ്ങൾക്കും പൊയ്കൊൾവാൻ മനസ്സുണ്ടോ?” എന്ന് യേശു അപ്പൊസ്തലന്മാരോടു ചോദിച്ചു. “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്” എന്നായിരുന്നു പത്രൊസിന്റെ മറുപടി. (യോഹ. 6:51-69) വാസ്തവത്തിൽ അവർക്കു പോകാൻ അന്ന് വേറെ ഒരിടവുമില്ലായിരുന്നു—യഹൂദമതത്തിന് “നിത്യജീവന്റെ വചനങ്ങൾ” അന്യമായിരുന്നു. ഇന്ന്, വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോണിന്റെ പക്കലും അവയില്ല. ദൈവത്തിന്റെ ആട്ടിൻപറ്റം വിട്ടുപോയവരിൽ ആരെങ്കിലും യഹോവയെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നെങ്കിൽ, ‘ഉറക്കത്തിൽനിന്ന് ഉണർന്ന്’ കൂട്ടത്തിലേക്കു മടങ്ങാൻ അവർ ഇനി വൈകിക്കൂടാ.—റോമ. 13:11.
2. നീതിന്യായപരമോ രഹസ്യസ്വഭാവമുള്ളതോ ആയ കാര്യങ്ങൾ സംബന്ധിച്ച് എന്തു മനസ്സിൽപ്പിടിക്കണം?
2 ഇസ്രായേലിലെ കാണാതെപോയ ആടുകളുടെ കാര്യത്തിൽ യഹോവ തത്പരനായിരുന്നു. (യെഹെസ്കേൽ 34:15, 16 വായിക്കുക.) സമാനമായി ക്രിസ്തീയ മൂപ്പന്മാർക്കും കൂട്ടംതെറ്റിയ ആടുകളെ സഹായിക്കാനുള്ള ആഗ്രഹവും ഉത്തരവാദിത്വവും ഉണ്ട്. സഹായം ആഗ്രഹിക്കുന്ന നിഷ്ക്രിയനായ ഒരു വ്യക്തിയുമായി അധ്യയനം നടത്താൻ മൂപ്പന്മാർ ഒരു പ്രസാധകനെ ചുമതലപ്പെടുത്തിയെന്നു കരുതുക. ആ വ്യക്തി ഗുരുതരമായ ഒരു പാപം ചെയ്തിട്ടുള്ളതായി പ്രസാധകൻ മനസ്സിലാക്കുന്നെങ്കിൽ എന്ത്? നീതിന്യായപരമോ രഹസ്യസ്വഭാവമുള്ളതോ ആയ കാര്യങ്ങളിൽ ഉപദേശം നൽകാതെ വിവരം മൂപ്പന്മാരെ അറിയിക്കാൻ അദ്ദേഹത്തോടു പറയുക. അദ്ദേഹം അങ്ങനെ ചെയ്യുന്നില്ലെങ്കിൽ പ്രസാധകൻ ആ വിവരം മൂപ്പന്മാരെ അറിയിക്കണം.—ലേവ്യ. 5:1; ഗലാ. 6:1.
3. കാണാതെപോയ ആടിനെ തിരിച്ചുകിട്ടിയ മനുഷ്യന്റെ പ്രതികരണം എന്തായിരുന്നു?
3 നൂറ് ആടുകളുണ്ടായിരുന്ന ഒരു മനുഷ്യന്റെ ദൃഷ്ടാന്തം കഴിഞ്ഞ ലേഖനത്തിൽ നാം പരിചിന്തിച്ചുവല്ലോ. കൂട്ടത്തിലൊരെണ്ണം നഷ്ടപ്പെട്ടപ്പോൾ മറ്റ് 99-തിനെയും വിട്ടേച്ച് ആ മനുഷ്യൻ കാണാതെപോയതിനെ തേടിപ്പോയി. അതിനെ കണ്ടുകിട്ടിയപ്പോൾ അയാൾക്കുണ്ടായ സന്തോഷം ഒന്നോർത്തുനോക്കൂ! (ലൂക്കൊ. 15:4-7) ദൈവത്തിന്റെ കാണാതെപോയ ആടുകളിൽ ഒരെണ്ണം തിരികെവരുമ്പോൾ നമുക്കെല്ലാം അതേ സന്തോഷംതന്നെയാണുള്ളത്. നിഷ്ക്രിയനായ വ്യക്തിയോടുള്ള സ്നേഹം നിമിത്തം മൂപ്പന്മാരും മറ്റു ചില സഹോദരങ്ങളും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ടാകണം. അദ്ദേഹം മടങ്ങിവന്ന് ദൈവത്തിന്റെ പിന്തുണയും സംരക്ഷണവും അനുഗ്രഹവും ആസ്വദിക്കണമെന്നാണ് അവരും ആഗ്രഹിക്കുന്നത്. (ആവ. 33:27; സങ്കീ. 91:14; സദൃ. 10:22) നിഷ്ക്രിയനായ വ്യക്തിയെ സഹായിക്കാൻ അവസരം ലഭിക്കുന്നവർക്ക് എന്തു ചെയ്യാനാകും?
4. ഗലാത്യർ 6:2, 5-ൽ എന്തു പാഠമാണുള്ളത്?
4 യഹോവ തന്റെ ആടുകളായ നമ്മെ സ്നേഹിക്കുന്നു, നമുക്കു കഴിയുന്നത് മാത്രമേ നമ്മോട് അവൻ ആവശ്യപ്പെടുന്നുള്ളൂ. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട്, സഭയിലേക്കു മടങ്ങിവരാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാനാകും. ബൈബിൾ പഠിക്കുന്നതും യോഗങ്ങൾക്കു ഹാജരാകുന്നതും സുവാർത്ത പ്രസംഗിക്കുന്നതും പോലുള്ള കാര്യങ്ങളാണ് അവൻ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത്. ഗലാത്യർ 6:2, 5 വായിച്ചു ചർച്ചചെയ്യുന്നത് ഉചിതമായിരിക്കും. ‘ഭാരങ്ങൾ ചുമക്കാൻ’ ക്രിസ്ത്യാനികൾക്ക് അന്യോന്യം സഹായിക്കാനാകുമെങ്കിലും “ഓരോരുത്തൻ താന്താന്റെ ചുമട്” അതായത് ആത്മീയ ഉത്തരവാദിത്വങ്ങൾ സ്വയം ചുമക്കേണ്ടതുണ്ട്. ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തത നാംതന്നെ തെളിയിക്കേണ്ടതുണ്ട്—നമുക്കുവേണ്ടി വേറെയാർക്കും അതു ചെയ്യാനാവില്ല.
‘ഉപജീവനചിന്തകളാണോ ഭാരപ്പെടുത്തിയത്?’
5, 6. (എ) നിഷ്ക്രിയരായ സഹവിശ്വാസികൾ സംസാരിക്കുമ്പോൾ നാം ശ്രദ്ധയോടെ കേൾക്കേണ്ടത് എന്തുകൊണ്ട്? (ബി) ദൈവജനവുമായി സഹവസിക്കാതിരിക്കുന്നതിന്റെ അപകടങ്ങൾ തിരിച്ചറിയാൻ നിഷ്ക്രിയരെ എങ്ങനെ സഹായിക്കാം?
5 നിഷ്ക്രിയരായവരെ എങ്ങനെ സഹായിക്കാനാകും എന്നു നിശ്ചയിക്കാൻ മൂപ്പന്മാരും പക്വതയുള്ള പ്രസാധകരും അവർ പറയുന്നത് നന്നായി ശ്രദ്ധിക്കണം. ‘ഉപജീവനചിന്തകളാൽ ഭാരപ്പെട്ടിട്ട്’ സഭയിൽ വരാതായ ഭാര്യയെയും ഭർത്താവിനെയും സന്ദർശിക്കുന്ന ഒരു മൂപ്പനാണു നിങ്ങളെന്നു കരുതുക. (ലൂക്കൊ. 21:34) സാമ്പത്തിക പ്രശ്നങ്ങളോ വർധിച്ച കുടുംബ ഉത്തരവാദിത്വങ്ങളോ ആയിരിക്കാം അവരെ നിഷ്ക്രിയത്വത്തിലേക്കു തള്ളിവിട്ടത്. ‘അൽപ്പമൊന്ന് സ്വസ്ഥമായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ എന്ന് അവർ പറഞ്ഞേക്കാം. എന്നാൽ സ്വയം ഒറ്റപ്പെടുത്തുന്നതല്ല പരിഹാരമെന്ന് ചൂണ്ടിക്കാണിക്കുക. (സദൃശവാക്യങ്ങൾ 18:1 വായിക്കുക.) അവരോടു നയപൂർവം ഇങ്ങനെ ചോദിക്കാനായേക്കും: ‘യോഗങ്ങൾക്കു ഹാജരാകാതിരുന്നതുകൊണ്ട് നിങ്ങളുടെ സന്തോഷം വർധിച്ചിട്ടുണ്ടോ? നിങ്ങളുടെ കുടുംബജീവിതം മെച്ചപ്പെട്ടോ? യഹോവയിൽ ആശ്രയിച്ചുകൊണ്ട് സന്തോഷം കണ്ടെത്താൻ നിങ്ങൾ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടോ?’—നെഹെ. 8:10.
6 സഭയുമായുള്ള സഹവാസം കുറഞ്ഞതു നിമിത്തം അവരുടെ ആത്മീയതയ്ക്കും സന്തോഷത്തിനും മങ്ങലേറ്റിരിക്കുന്നു എന്നു തിരിച്ചറിയാൻ ഇതുപോലുള്ള ചോദ്യങ്ങൾ സഹായകമാണ്. (മത്താ. 5:3; എബ്രാ. 10:24, 25) സുവാർത്താ പ്രസംഗം നിറുത്തിക്കളഞ്ഞതും സന്തോഷം നഷ്ടമാകുന്നതിന് കാരണമായെന്ന് അവരെ ബോധ്യപ്പെടുത്താനായേക്കും. (മത്താ. 28:19, 20) അങ്ങനെയെങ്കിൽ അവർ ജ്ഞാനപൂർവം ഏതു നടപടി സ്വീകരിക്കേണ്ടതുണ്ട്?
7. കൂട്ടംവിട്ടുപോയവരെ എന്തിനുവേണ്ടി പ്രോത്സാഹിപ്പിക്കാനാകും?
7 യേശു പറഞ്ഞു: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. . . . ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.” (ലൂക്കൊ. 21:34-36) കൂട്ടംവിട്ടുപോയെങ്കിലും ഒരിക്കൽ ആസ്വദിച്ചിരുന്ന സന്തോഷം വീണ്ടും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരെ, പരിശുദ്ധാത്മാവിനും ദിവ്യസഹായത്തിനുമായി പ്രാർഥിക്കാനും അതിനുചേർച്ചയിൽ പ്രവർത്തിക്കാനും പ്രോത്സാഹിപ്പിക്കാനാകും.—ലൂക്കൊ. 11:13.
ഇടർച്ചയുണ്ടായതാണോ കാരണം?
8, 9. ഇടർച്ച ഹേതുവായി നിഷ്ക്രിയനായ വ്യക്തിയോട് ഒരു മൂപ്പന് എങ്ങനെ ന്യായവാദം ചെയ്യാം?
8 മനുഷ്യർ അപൂർണരായതിനാൽ അഭിപ്രായ ഭിന്നതകൾ ഉടലെടുക്കുക സ്വാഭാവികമാണ്, ഇത് ചിലർക്ക് ഇടർച്ചയ്ക്കു കാരണമായേക്കാം. സഭയിലെ ആദരണീയനായ ഒരു വ്യക്തി ദൈവവചനത്തിനു നിരക്കാത്ത വിധത്തിൽ പ്രവർത്തിച്ചതായിരിക്കാം സഭയിൽനിന്നു വിട്ടുനിൽക്കാൻ ചിലർക്കു കാരണമായത്. ഇത്തരമൊരു വ്യക്തിയെ സന്ദർശിക്കുന്ന മൂപ്പന് യഹോവ ആർക്കും ഇടർച്ചവരുത്തുന്നില്ലെന്നു ചൂണ്ടിക്കാണിക്കാനാകും. പിന്നെ എന്തിന് ഒരുവൻ യഹോവയോടും അവന്റെ ജനത്തോടുമുള്ള ബന്ധം വിച്ഛേദിക്കണം? സംഭവിച്ചത് എന്താണെന്ന് ‘സർവഭൂമിക്കും ന്യായാധിപതിയായവന്’ അറിയാമെന്നും അവൻ അത് ഉചിതമായ വിധത്തിൽ കൈകാര്യം ചെയ്യുമെന്നുമുള്ള ഉത്തമ വിശ്വാസത്തിൽ തുടർന്നും അവനെ സേവിക്കുകയല്ലേ വേണ്ടത്? (ഉല്പ. 18:25; കൊലൊ. 3:23-25) എന്തിലെങ്കിലും തട്ടി ഒരാൾ നിലത്തു വീണുവെന്നിരിക്കട്ടെ, ഒന്ന് എഴുന്നേൽക്കാൻകൂടി ശ്രമിക്കാതെ അയാൾ മനപ്പൂർവം അവിടെത്തന്നെ കിടക്കുമോ?
9 ഒരുകാലത്ത് ഇടർച്ചവരുത്തിയ സംഗതി പിന്നീട് അത്ര വലിയൊരു പ്രശ്നമായി പലർക്കും തോന്നിയിട്ടില്ലെന്ന് മൂപ്പന് നിഷ്ക്രിയനായ വ്യക്തിയുടെ ശ്രദ്ധയിൽപ്പെടുത്താനാകും. ഒരുപക്ഷേ, ഇടർച്ചയ്ക്കു കാരണമായ സംഗതിപോലും ഇപ്പോൾ ഇല്ലായിരിക്കാം. ഒരു ബുദ്ധിയുപദേശം ലഭിച്ചതാണ് ഇടർച്ചയ്ക്കു കാരണമായതെങ്കിലോ? പ്രാർഥനാപൂർവം ആ സാഹചര്യം പുനർവിചിന്തനം ചെയ്യുന്നത് തന്റെ ഭാഗത്തും അൽപ്പമെങ്കിലും തെറ്റുണ്ടെന്നും ആ ബുദ്ധിയുപദേശം തനിക്ക് ഇടർച്ചയ്ക്കു കാരണമാകരുതായിരുന്നു എന്നും മനസ്സിലാക്കാൻ സഹായകമാണ്.—സങ്കീ. 119:165; എബ്രാ. 12:5-13.
ഏതെങ്കിലും പഠിപ്പിക്കലിനോടുള്ള വിയോജിപ്പാണോ കാരണം?
10, 11. ചില ബൈബിൾ പഠിപ്പിക്കലുകളുമായി വിയോജിപ്പുള്ളവരെ സഹായിക്കുമ്പോൾ ഏതു ന്യായവാദം ഫലപ്രദമാണ്?
10 ചില തിരുവെഴുത്തു പഠിപ്പിക്കലുകളുമായി വിയോജിക്കുന്നതുകൊണ്ടായിരിക്കാം ചിലർ സഭയിൽനിന്നു വിട്ടുനിൽക്കുന്നത്. ഈജിപ്തിന്റെ അടിമത്തത്തിൽനിന്നു മോചിതരായ ഇസ്രായേല്യർ അവർക്കുവേണ്ടി ദൈവം ചെയ്ത ‘പ്രവൃത്തികളെ മറന്നുകളഞ്ഞു,’ അവർ “അവന്റെ ആലോചനെക്കു കാത്തിരുന്നതുമില്ല.” (സങ്കീ. 106:13) വിശ്വസ്തനും വിവേകിയുമായ അടിമ പ്രദാനം ചെയ്യുന്നത് ഏറ്റവും മുന്തിയ ആത്മീയ ആഹാരമാണെന്ന് നിഷ്ക്രിയനായ വ്യക്തിയെ ഓർമിപ്പിക്കുന്നത് നന്നായിരിക്കും. (മത്താ. 24:45) അദ്ദേഹം സത്യം പഠിച്ചത് ഈ സരണിയിൽ നിന്നല്ലേ; ആ സ്ഥിതിക്ക് സത്യത്തിന്റെ പാതയിൽ അദ്ദേഹത്തിനു വീണ്ടും നടന്നുകൂടേ?—2 യോഹ. 4.
11 യേശുവിന്റെ ഒരു പഠിപ്പിക്കൽ ഉൾക്കൊള്ളാനാകാതെ അവനെ വിട്ടുപോയ ശിഷ്യന്മാരെക്കുറിച്ച് ഓർമിപ്പിക്കുന്നതും ഉചിതമാണ്. (യോഹ. 6:53, 66) ക്രിസ്തുവിനെയും അവന്റെ വിശ്വസ്ത അനുഗാമികളെയും ഉപേക്ഷിക്കുകവഴി അവർക്കു നഷ്ടമായത് എന്താണ്? അവരുടെ ആത്മീയതയും സന്തോഷവും. ക്രിസ്തീയ സഭയുമായുള്ള സഹവാസം നിറുത്തിയവർക്ക് സമൃദ്ധമായ ആത്മീയ ഭക്ഷണം ലഭിക്കുന്ന മറ്റൊരിടം കണ്ടെത്താനായിട്ടുണ്ടോ? ഇല്ല, അങ്ങനെയൊന്നില്ല എന്നതുതന്നെ കാരണം!
ഗുരുതരമായ പാപം ചെയ്തിട്ടുണ്ടായിരിക്കുമോ?
12, 13. നിഷ്ക്രിയനായ ഒരു വ്യക്തി ഗുരുതരമായ പാപം ചെയ്തിരിക്കുന്നതായി സമ്മതിക്കുന്നെങ്കിൽ അദ്ദേഹത്തെ എങ്ങനെ സഹായിക്കാനാകും?
12 ഗുരുതരമായ പാപം ചെയ്തതിനാലാണ് ചിലർ സഭയുമായുള്ള സഹവാസം നിറുത്തിക്കളയുന്നത്. മൂപ്പന്മാരോടു കുറ്റം ഏറ്റുപറഞ്ഞാൽ പുറത്താക്കപ്പെടുമോ എന്ന് അവർ ഭയക്കുന്നു. എന്നാൽ തിരുവെഴുത്തുവിരുദ്ധമായ നടപടി ഉപേക്ഷിക്കുകയും ആത്മാർഥമായി അനുതപിക്കുകയും ചെയ്യുന്നെങ്കിൽ അവരെ സഭയിൽനിന്നു പുറത്താക്കില്ല. (2 കൊരി. 7:10, 11) മറിച്ച് സഭയിലേക്ക് അവരെ സ്വാഗതം ചെയ്യുകയേയുള്ളൂ, മൂപ്പന്മാർ ആവശ്യമായ ആത്മീയസഹായം നൽകുകയും ചെയ്യും.
13 നിഷ്ക്രിയനായ പ്രസാധകനെ സഹായിക്കാൻ നിയോഗിക്കപ്പെട്ട പക്വതയുള്ള ഒരു പ്രസാധകനാണു നിങ്ങളെന്നു കരുതുക. ആ വ്യക്തി ഗുരുതരമായ പാപം ചെയ്തിരിക്കുന്നു എന്നു നിങ്ങളോടു പറയുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും? മുമ്പ് സൂചിപ്പിച്ചതുപോലെ, നിങ്ങൾ ആ പ്രശ്നത്തിൽ ഇടപെടുന്നതിനു പകരം വിവരം മൂപ്പന്മാരെ അറിയിക്കാൻ ആ വ്യക്തിയോടു നിർദേശിക്കുക. അദ്ദേഹം അത് ആഗ്രഹിക്കുന്നില്ലെങ്കിൽ എന്തു ചെയ്യാനാകും? ഇത്തരം കാര്യങ്ങളോടു ബന്ധപ്പെട്ട ദിവ്യനിർദേശങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുക; അങ്ങനെ യഹോവയുടെ നാമത്തെയും സഭയുടെ ആത്മീയ ക്ഷേമത്തെയുംകുറിച്ച് നിങ്ങൾക്കു ചിന്തയുണ്ടെന്നു തെളിയിക്കാനാകും. (ലേവ്യപുസ്തകം 5:1 വായിക്കുക.) മടങ്ങിവരാനും ദൈവേഷ്ടത്തിനു ചേർച്ചയിൽ ജീവിക്കാനും ആഗ്രഹിക്കുന്നവരെ സഹായിക്കാൻ സജ്ജരാണ് മൂപ്പന്മാർ. സ്നേഹപൂർവമായ ശിക്ഷണം ആവശ്യമായി വന്നേക്കാം. (എബ്രാ. 12:7-11) ദൈവത്തിനെതിരെ പാപം ചെയ്തുപോയി എന്നു സമ്മതിക്കുകയും തെറ്റായ ആ ഗതി ഉപേക്ഷിക്കുകയും ആത്മാർഥമായി അനുതപിക്കുകയും ചെയ്യുന്നെങ്കിൽ മൂപ്പന്മാർ അദ്ദേഹത്തെ സഹായിക്കും, യഹോവയുടെ ക്ഷമ ലഭിക്കുകയും ചെയ്യും.—യെശ. 1:18; 55:7; യാക്കോ. 5:13-16.
ധൂർത്തപുത്രന്റെ മടങ്ങിവരവ് സന്തോഷം കൈവരുത്തുന്നു
14. ധൂർത്തപുത്രന്റെ ദൃഷ്ടാന്തകഥ സ്വന്തവാക്കുകളിൽ വിവരിക്കുക.
14 ദൈവത്തിന്റെ മേച്ചിൽപ്പുറം വിട്ടുപോയ ഒരാളെ മടങ്ങിവരാൻ സഹായിക്കുമ്പോൾ ലൂക്കൊസ് 15:11-24-ലെ യേശുവിന്റെ ദൃഷ്ടാന്തകഥ ഉപയോഗിക്കാൻ സാധിച്ചേക്കും. ആ കഥയിലെ ചെറുപ്പക്കാരൻ തനിക്കു കിട്ടിയ സ്വത്തെല്ലാം ധൂർത്തടിച്ചുകളഞ്ഞു. ഒടുവിൽ അവന് തന്റെ കുത്തഴിഞ്ഞ ജീവിതത്തോടു മടുപ്പുതോന്നി. വിശപ്പും ദാഹവും വീടിനെക്കുറിച്ചുള്ള ചിന്തയും അവനെ ഒരു തീരുമാനത്തിലെത്തിച്ചു—വീട്ടിലേക്കു മടങ്ങുക! അവനെ അങ്ങകലെ കണ്ടമാത്രയിൽത്തന്നെ അവന്റെ പിതാവ് ഓടിച്ചെന്ന് അവന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് ചുംബിച്ചു. പിതാവിന് തന്റെ സന്തോഷം അടക്കാനായില്ല! ഈ ദൃഷ്ടാന്തകഥ ചിന്തിക്കുന്നത് മടങ്ങിവരാൻ നിഷ്ക്രിയരായവരെ പ്രേരിപ്പിച്ചേക്കും. ഈ വ്യവസ്ഥിതി അവസാനിക്കാൻ അധികസമയം ബാക്കിയില്ലാതിരിക്കെ, ‘വീട്ടിലേക്കു മടങ്ങാൻ’ അവർ ഇനി വൈകിക്കൂടാ!
15. ചിലർ സഭയിൽനിന്ന് അകന്നുപോകുന്നത് എന്തുകൊണ്ട്?
15 സഭ വിട്ടുപോകുന്ന മിക്കവരും ഈ ദൃഷ്ടാന്തകഥയിലെ ധൂർത്തപുത്രൻ പോയതുപോലെയല്ല പോകുന്നത്. ചിലർ വളരെ സാവധാനത്തിലാണ് സഭയിൽനിന്ന് അകന്നുപോകുന്നത്, ഒരു വള്ളം മെല്ലെമെല്ലെ തീരത്തുനിന്ന് ഒഴുകി അകലുന്നതുപോലെ. ആത്മീയകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാകാത്തവിധം ചിലരെ ഉത്കണ്ഠകൾ ഭാരപ്പെടുത്തുന്നു. സഹവിശ്വാസികളിലൊരാൾ തനിക്ക് ഇടർച്ചക്കല്ലാകാൻ ചിലർ അനുവദിച്ചിരിക്കുന്നു. ചില തിരുവെഴുത്ത് ഉപദേശങ്ങളോടുള്ള വിയോജിപ്പായിരിക്കാം മറ്റുചിലരുടെ പ്രശ്നം. ചിലരാകട്ടെ തിരുവെഴുത്തുവിരുദ്ധ നടപടികളിൽ ഏർപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും ഇങ്ങനെ വ്യത്യസ്ത കാരണങ്ങളാൽ നിഷ്ക്രിയരായിത്തീർന്നവരെ എത്രയും വേഗം മടങ്ങിവരാൻ സഹായിക്കുന്നതിന് ഇതുവരെ ചർച്ചചെയ്ത വിവരങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനാകും.
“വരൂ മകനേ, നിന്റെ വീട്ടിലേക്ക്”
16-18. (എ) വർഷങ്ങളായി നിഷ്ക്രിയനായിരുന്ന വ്യക്തിയെ ഒരു മൂപ്പൻ സഹായിച്ചത് എങ്ങനെ? (ബി) ഈ സഹോദരൻ എന്തുകൊണ്ടാണ് നിഷ്ക്രിയനായത്, അദ്ദേഹത്തിന് എന്തു സഹായം ലഭിച്ചു, സഭ അദ്ദേഹത്തെ എങ്ങനെ സ്വീകരിച്ചു?
16 ഒരു ക്രിസ്തീയ മൂപ്പൻ പറയുന്നു: “നിഷ്ക്രിയരായവരെ തേടിപ്പോകുന്നതിൽ ഞങ്ങളുടെ സഭയിലെ മൂപ്പന്മാർ വളരെ താത്പര്യമുള്ളവരാണ്. ഞാൻ സത്യം പഠിപ്പിച്ച ഒരു സഹോദരന്റെ കാര്യമാണ് ഇപ്പോൾ എന്റെ മനസ്സിൽ വരുന്നത്. ഏതാണ്ട് 25 വർഷമായി നിഷ്ക്രിയനായ അദ്ദേഹം, വളരെ ദുഷ്കരമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുകയായിരുന്നു. അതുകൊണ്ട്, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നത് എങ്ങനെ പ്രയോജനം ചെയ്യുമെന്ന് ഞാൻ വിശദീകരിച്ചു കൊടുത്തു. കുറച്ചുനാളുകൾക്കുശേഷം അദ്ദേഹം രാജ്യഹാളിൽ വരാൻ തുടങ്ങി, മടങ്ങിവരാനുള്ള തന്റെ തീരുമാനത്തിന്റെ ഭാഗമായി ഒരു ബൈബിളധ്യയനത്തിന് അദ്ദേഹം സമ്മതിച്ചു.”
17 താൻ നിഷ്ക്രിയനായതിന്റെ കാരണം അദ്ദേഹംതന്നെ പറയുന്നതു ശ്രദ്ധിക്കുക: “ആത്മീയകാര്യങ്ങൾക്കുപരിയായി ലൗകികകാര്യങ്ങൾക്ക് ഞാൻ ശ്രദ്ധനൽകാൻ തുടങ്ങി. അപ്പോൾ വ്യക്തിപരമായ പഠനവും വയൽസേവനവും യോഗങ്ങളും എല്ലാം ഞാൻ ഉപേക്ഷിച്ചു. ഞാൻപോലും അറിയാതെ ഞാൻ സഭയുടെ ഭാഗമല്ലാതായിത്തീർന്നു. എനിക്ക് അധ്യയനമെടുത്ത മൂപ്പൻ എന്നോടു കാണിച്ച ആത്മാർഥതയും താത്പര്യവുമാണ് തിരിച്ചുവരാൻ എന്നെ സഹായിച്ചത്.” ബൈബിളധ്യയനം ആരംഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ ഒന്നൊന്നായി ഒതുങ്ങിത്തുടങ്ങി. അദ്ദേഹം പറയുന്നു: “എന്റെ ജീവിതത്തിൽ എനിക്കു നഷ്ടമായിക്കൊണ്ടിരുന്നത് യഹോവയുടെയും അവന്റെ സംഘടനയുടെയും സ്നേഹവും വഴിനടത്തിപ്പുമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.”
18 എന്തു സ്വീകരണമാണ് സഹോദരന് സഭയിൽ ലഭിച്ചത്? അദ്ദേഹം പറയുന്നു: “യേശുവിന്റെ ദൃഷ്ടാന്തത്തിലെ ധൂർത്തപുത്രനെപ്പോലെയാണ് എനിക്കനുഭവപ്പെട്ടത്. 30 വർഷമായി സഭയോടൊത്ത് സജീവമായി പ്രവർത്തിക്കുന്ന പ്രായമുള്ള ഒരു സഹോദരി എന്നോട് ‘വരൂ മകനേ, നിന്റെ വീട്ടിലേക്ക്’ എന്നു പറഞ്ഞു. അതെന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. അതേ, എന്റെ വീട്ടിൽ എത്തിയ അനുഭവം! ആ മൂപ്പനും മുഴുസഭയും എന്നോടു കാണിച്ച സ്നേഹത്തിനും ക്ഷമയ്ക്കും താത്പര്യത്തിനും ഞാൻ ആത്മാർഥമായി നന്ദിപറയുന്നു. യഹോവയോടും അയൽക്കാരനോടുമുള്ള അവരുടെ യഥാർഥ സ്നേഹമാണ് മടങ്ങിവരാൻ എന്നെ സഹായിച്ചത്.”
ഉടൻ നടപടി സ്വീകരിക്കാൻ പ്രേരിപ്പിക്കുക
19, 20. താമസംവിനാ മടങ്ങിവരാൻ നിഷ്ക്രിയരായവരെ നിങ്ങൾക്കെങ്ങനെ പ്രോത്സാഹിപ്പിക്കാം, നമ്മുടെ പ്രാപ്തിക്ക് അതീതമായതൊന്നും ദൈവം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നില്ലെന്ന് നിങ്ങൾക്ക് എങ്ങനെ വ്യക്തമാക്കാം?
19 ഈ വ്യവസ്ഥിതിയുടെ അന്ത്യം ആസന്നമാണ്. അതുകൊണ്ട് ഒട്ടുംവൈകാതെ ക്രിസ്തീയ യോഗങ്ങളിൽ പങ്കെടുക്കാൻ നിഷ്ക്രിയരായവരെ പ്രോത്സാഹിപ്പിക്കുക. സത്യാരാധന വിട്ടുപോയാൽ മാത്രമേ ജീവിതപ്രശ്നങ്ങളിൽനിന്നും മോചനം ലഭിക്കുകയുള്ളൂവെന്നു വിശ്വസിപ്പിക്കാനും ദൈവവുമായുള്ള അവരുടെ ബന്ധം തകർക്കാനും സാത്താൻ ശ്രമിക്കുകയാണെന്ന് അവരോടു പറയുക. യേശുവിന്റെ വിശ്വസ്ത അനുഗാമികളായിരുന്നാൽ മാത്രമേ യഥാർഥ ആശ്വാസം കണ്ടെത്താനാകൂ എന്ന് അവർക്ക് ഉറപ്പുകൊടുക്കാനാകും.—മത്തായി 11:28-30 വായിക്കുക.
20 നമുക്കു ചെയ്യാനാകുന്നത് നാം ചെയ്യണം. അതാണ് ദൈവം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നതെന്ന് നിഷ്ക്രിയരായവരെ ഓർമിപ്പിക്കുക. യേശുവിന്റെ മരണത്തിനുമുമ്പ് ലാസറിന്റെ സഹോദരിയായ മറിയ വിലയേറിയ തൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തപ്പോൾ യേശു പറഞ്ഞു: “അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? . . . അവൾ തന്നാൽ ആവതു ചെയ്തു.” (മർക്കൊ. 14:6-8) ആലയ ഭണ്ഡാരത്തിൽ രണ്ടു കാശ് വഴിപാടു നൽകിയ ദരിദ്രയായ വിധവയെ യേശു പ്രശംസിക്കുകയുണ്ടായി. അവളും തന്നാൽ ആവതു ചെയ്തു. (ലൂക്കൊ. 21:1-4) നമ്മിൽ മിക്കവർക്കും ചെയ്യാനാകുന്ന കാര്യങ്ങളാണ് ക്രിസ്തീയ യോഗങ്ങളിലും രാജ്യപ്രസംഗവേലയിലും പങ്കെടുക്കുകയെന്നത്. ഇപ്പോൾ നിഷ്ക്രിയരായിരിക്കുന്ന പലർക്കും യഹോവയുടെ സഹായത്താൽ ഇതൊക്കെയും ചെയ്യാനാകും.
21, 22. യഹോവയിലേക്കു തിരിയുന്നവർക്ക് എന്ത് ഉറപ്പുനൽകാൻ നിങ്ങൾക്കാകും?
21 കൂട്ടംവിട്ടുപോയവർക്ക് സഹോദരങ്ങളെ അഭിമുഖീകരിക്കാൻ മടിയുണ്ടെങ്കിൽ ധൂർത്തപുത്രൻ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഉണ്ടായ സന്തോഷം അവരെ ഓർമിപ്പിക്കാനാകും. നിഷ്ക്രിയരായവർ മടങ്ങിവരുമ്പോൾ സമാനമായ സന്തോഷമാണ് സഭയിലുണ്ടാകുന്നത്. പിശാചിനെ എതിർക്കാനും ദൈവത്തോട് അടുത്തുചെല്ലാനും വേണ്ട നടപടികൾ ഇപ്പോൾത്തന്നെ കൈക്കൊള്ളാൻ അവരെ പ്രോത്സാഹിപ്പിക്കുക.—യാക്കോ. 4:7, 8.
22 ‘യഹോവയുടെ അടുക്കലേക്കു തിരിയുന്നവരെ’ കാത്തിരിക്കുന്നത് ആഹ്ലാദനിർഭരമായ വരവേൽപ്പാണ്. (വിലാ. 3:40) ദൈവസേവനത്തിലായിരുന്ന കാലത്ത് അവർ അതിരറ്റ സന്തോഷം ആസ്വദിച്ചിരുന്നു എന്നതിനു സംശയമില്ല. തെല്ലും വൈകാതെ കൂട്ടത്തിലേക്കു തിരികെവരുന്നവരെ അനേകം അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു.
ഉത്തരം പറയാമോ?
• ഇടർച്ച ഹേതുവായി നിഷ്ക്രിയനായ ഒരു ക്രിസ്ത്യാനിയെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും?
• ഒരു പഠിപ്പിക്കൽ സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള ഒരാളുമായി എങ്ങനെ ന്യായവാദം ചെയ്യാനാകും?
• സഹോദരങ്ങളെ വീണ്ടും അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുള്ളവരെ എങ്ങനെ സഹായിക്കാനായേക്കും?
[13-ാം പേജിലെ ചിത്രം]
നിഷ്ക്രിയനായ സഹവിശ്വാസി സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കുക
[15-ാം പേജിലെ ചിത്രം]
ധൂർത്തപുത്രന്റെ ദൃഷ്ടാന്തകഥയെക്കുറിച്ചു ധ്യാനിക്കുന്നത് കൂട്ടത്തിലേക്കു മടങ്ങിവരാൻ ചിലരെ പ്രേരിപ്പിച്ചേക്കാം