നിങ്ങൾ നിഷ്കളങ്കരായി നടക്കുമോ?
‘മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയില്ല.’—ഇയ്യോ. 27:5.
1, 2. നാം എന്തു സ്വായത്തമാക്കണം, ഏതു ചോദ്യങ്ങൾ നാം പരിഗണിക്കും?
പണിയാൻ ഉദ്ദേശിക്കുന്ന വീടിന്റെ പ്ലാൻ പരിശോധിക്കുകയാണു നിങ്ങൾ. നിങ്ങൾക്കത് നന്നായി ഇഷ്ടപ്പെട്ടു. നിങ്ങൾക്കും കുടുംബത്തിനും എന്തുകൊണ്ടും യോജിക്കുന്ന ഒരു പ്ലാൻ. എന്നാൽ ആ പ്ലാൻകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകണമെങ്കിലോ? അതിനു ചേർച്ചയിൽ ഒരു വീടു പണിത്, അതിലേക്കു താമസം മാറ്റേണ്ടതുണ്ട്; യഥാസമയം കേടുപോക്കി സംരക്ഷിക്കുകയും വേണം.
2 ഇതിനു സമാനമാണ് നിഷ്കളങ്കതയുടെ കാര്യവും. നമുക്കും നാം സ്നേഹിക്കുന്നവർക്കും വളരെ പ്രയോജനം ചെയ്യുന്ന ഒരു സവിശേഷ ഗുണമായി അതിനെ നാം അംഗീകരിച്ചേക്കാം. എന്നാൽ ആ ഗുണം നാം സ്വായത്തമാക്കുകയും നിലനിറുത്തുകയും വേണം, എങ്കിലേ അതുകൊണ്ടു പ്രയോജനമുള്ളൂ. ഇന്നൊരു വീടു സ്വന്തമാക്കുന്നത് നല്ല ചെലവുള്ള കാര്യമാണ്. (ലൂക്കൊ. 14:28, 29) നിഷ്കളങ്കതയും ഏതാണ്ട് അതുപോലെയാണ്, അത് സ്വായത്തമാക്കുന്നതിന് സമയവും ശ്രമവും ചെലവഴിക്കേണ്ടതുണ്ട്. എന്നാൽ അതൊരു പാഴ്ചെലവല്ല, ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്. അതുകൊണ്ട് പിൻവരുന്ന ചോദ്യങ്ങൾ നമുക്കു പരിചിന്തിക്കാം: നമുക്ക് എങ്ങനെ നിഷ്കളങ്കത സ്വായത്തമാക്കാം, നിലനിറുത്താം? നിഷ്കളങ്ക പാതയിൽ നടക്കാൻ ഒരുവൻ എപ്പോഴെങ്കിലും പരാജയപ്പെടുന്നെങ്കിൽ എന്ത്?
നിഷ്കളങ്കത: എങ്ങനെ സ്വായത്തമാക്കാം?
3, 4. (എ) നിഷ്കളങ്കത സ്വായത്തമാക്കാൻ യഹോവ നമ്മെ എങ്ങനെയെല്ലാം സഹായിക്കുന്നു? (ബി) നിഷ്കളങ്കരാകാൻ യേശുവിന്റെ മാതൃക നമ്മെ എങ്ങനെ സഹായിക്കും?
3 നിഷ്കളങ്കതയിൽ നടക്കണമോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തന്നുകൊണ്ട് യഹോവ നമ്മെ ആദരിച്ചിരിക്കുന്നുവെന്ന് കഴിഞ്ഞ ലേഖനത്തിൽ നാം കാണുകയുണ്ടായി. എന്നാൽ ഇക്കാര്യത്തിൽ അവൻ യാതൊരു സഹായവും നൽകുന്നില്ലെന്നാണോ അതിനർഥം? അല്ല. ഈ അമൂല്യഗുണം സ്വായത്തമാക്കേണ്ടത് എങ്ങനെയെന്ന് അവൻ നമ്മെ പഠിപ്പിക്കുന്നു; പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കാൻ നമ്മെ സഹായിക്കുന്നതിന് പരിശുദ്ധാത്മാവിനെയും നിർലോപം നൽകുന്നു. (ലൂക്കൊ. 11:13) നിഷ്കളങ്ക പാതയിൽ നടക്കാൻ ശ്രമിക്കുന്നവർക്ക് അവൻ ആത്മീയ സംരക്ഷണവും പ്രദാനംചെയ്യുന്നു.—സദൃ. 2:7.
4 മുഖ്യമായും, തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചുകൊണ്ടാണ് നിഷ്കളങ്കരായിരിക്കാൻ സാധിക്കുന്നത് എങ്ങനെയെന്ന് യഹോവ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. പൂർണ അനുസരണത്തിന്റെ മാതൃകയായിരുന്നു യേശുവിന്റെ ജീവിതം. ‘മരണത്തോളം അനുസരണമുള്ളവനായിരുന്നു’ അവൻ. (ഫിലി. 2:8) അവൻ ചെയ്തതിലൊക്കെയും സ്വർഗീയ പിതാവിനോടുള്ള അനുസരണം ദൃശ്യമായിരുന്നു. അങ്ങേയറ്റം പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും അവൻ അനുസരണം കൈവിട്ടില്ല. “എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം” നിറവേറട്ടെ എന്നാണ് അവൻ യഹോവയോടു പ്രാർഥിച്ചത്. (ലൂക്കൊ. 22:42) ‘അനുസരണത്തിന്റെ കാര്യത്തിൽ എനിക്കും ഇതേ മനോഭാവമാണോ ഉള്ളത്?’ നമുക്കോരോരുത്തർക്കും ചോദിക്കാം. ശരിയായ ആന്തരത്തോടെ അനുസരണമുള്ളവരായി നടക്കുന്നെങ്കിൽ നമുക്കു നിഷ്കളങ്കരായിത്തീരാനാകും. അനുസരണം വളരെ പ്രധാനമായിരിക്കുന്ന ചില മേഖലകൾ നമുക്കിപ്പോൾ നോക്കാം.
5, 6. (എ) തനിച്ചായിരിക്കുമ്പോഴും നിഷ്കളങ്കരായിരിക്കേണ്ടതിന്റെ പ്രാധാന്യം ദാവീദ് വ്യക്തമാക്കിയത് എങ്ങനെ? (ബി) ഒറ്റയ്ക്കായിരിക്കുമ്പോൾ നമ്മുടെ നിഷ്കളങ്കത പരിശോധിക്കപ്പെട്ടേക്കാവുന്നത് എങ്ങനെ?
5 തനിച്ചായിരിക്കുമ്പോൾപ്പോലും നാം യഹോവയോട് അനുസരണമുള്ളവരായിരിക്കണം. ഇത്തരം സാഹചര്യങ്ങളിൽ നിഷ്കളങ്കനായിരിക്കേണ്ടതിന്റെ പ്രാധാന്യം ദാവീദ് തിരിച്ചറിഞ്ഞിരുന്നു. (സങ്കീർത്തനം 101:2 വായിക്കുക.) രാജാവായിരുന്നതിനാൽ അവനു ചുറ്റും പലപ്പോഴും ആളുകളുണ്ടായിരുന്നു, നൂറുകണക്കിന്, ചിലപ്പോൾ ആയിരക്കണക്കിനുപോലും. (സങ്കീർത്തനം 26:12 താരതമ്യം ചെയ്യുക.) രാജാവ് പ്രജകൾക്കു മാതൃകയായിരിക്കണമായിരുന്നു, അതുകൊണ്ട് അത്തരം അവസരങ്ങളിൽ നിഷ്കളങ്കതയോടെ അവൻ പെരുമാറേണ്ടിയിരുന്നു. (ആവ. 17:18, 19) രാജഭവനത്തിന്റെ സ്വകാര്യതയിലായിരിക്കുമ്പോഴും നിഷ്കളങ്ക പാതയിൽനിന്നു വ്യതിചലിക്കരുതെന്ന് ദാവീദ് പഠിച്ചിരുന്നു. നമ്മെ സംബന്ധിച്ചെന്ത്?
6 “ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല” എന്ന് സങ്കീർത്തനം 101:3-ൽ അവൻ എഴുതി. നീചമായ കാര്യങ്ങൾ കാണാനുള്ള അനേകം അവസരങ്ങൾ ഇന്നു നമ്മുടെ മുന്നിലുണ്ട്, വിശേഷിച്ചും ഒറ്റയ്ക്കായിരിക്കുമ്പോൾ. ഇക്കാര്യത്തിൽ പലർക്കും ഇന്റർനെറ്റ് ഒരു കെണിയാണ്. അനുചിതവും അശ്ലീലം നിറഞ്ഞതുമായ കാര്യങ്ങൾ കാണുക അത് എളുപ്പമാക്കിത്തീർക്കുന്നു. അതിനു വഴിപ്പെട്ടാൽ, മേൽപ്പറഞ്ഞ വാക്കുകൾ എഴുതാൻ ദാവീദിനെ നിശ്വസ്തനാക്കിയ ദൈവത്തോടുള്ള അനുസരണമായിരിക്കുമോ? അശ്ലീലം എന്തുകൊണ്ടും ഹാനികരമാണ്; തെറ്റായ ആഗ്രഹങ്ങളെ ആളിക്കത്തിക്കാനും മനസ്സാക്ഷിയെ വികലമാക്കാനും വിവാഹബന്ധങ്ങൾ ശിഥിലമാക്കാനും ഉൾപ്പെട്ടിരിക്കുന്ന ഏവർക്കും മാനഹാനി വരുത്താനും അതിനാകും.—സദൃ. 4:23; 2 കൊരി. 7:1; 1 തെസ്സ. 4:3-5.
7. ആരും അടുത്തില്ലാത്തപ്പോൾ നിഷ്കളങ്കത്വം കാത്തുസൂക്ഷിക്കാൻ ഏതു തത്ത്വം നമ്മെ സഹായിക്കും?
7 സ്നേഹവാനായ സ്വർഗീയ പിതാവിന്റെ നോട്ടം നമ്മുടെമേലുണ്ട്; അതുകൊണ്ടുതന്നെ അവന്റെ ദാസന്മാരാരും ഒരിക്കലും ഒറ്റയ്ക്കാണെന്നു പറയാനാവില്ല. (സങ്കീർത്തനം 11:4 വായിക്കുക.) പ്രലോഭനങ്ങൾക്കു കീഴടങ്ങാതിരിക്കുമ്പോൾ, മത്തായി 5:28-ലെ യേശുവിന്റെ വാക്കുകളുടെ അന്തഃസത്ത ഉൾക്കൊണ്ടു പ്രവർത്തിക്കുകയായിരിക്കും നിങ്ങൾ. അതു കാണുന്നത് യഹോവയ്ക്ക് എത്ര സന്തോഷമായിരിക്കും! തെറ്റുചെയ്യാൻ പ്രേരിപ്പിക്കുന്ന ദൃശ്യങ്ങളിൽ യാതൊരു കാരണവശാലും നോക്കില്ല എന്ന് ദൃഢനിശ്ചയം ചെയ്യുക. അശ്ലീലം വായിക്കുകയോ അതിൽ നോക്കുകയോ ചെയ്യുന്നതുപോലുള്ള ലജ്ജാകരമായ കാര്യങ്ങൾക്കായി നിങ്ങളുടെ വിലയേറിയ നിഷ്കളങ്കത്വം നഷ്ടപ്പെടുത്തരുത്!
8, 9. (എ) ദാനീയേലിന്റെയും സുഹൃത്തുക്കളുടെയും നിഷ്കളങ്കത പരിശോധിക്കപ്പെട്ടത് എങ്ങനെ? (ബി) യഹോവയെയും സഹാരാധകരെയും സന്തോഷിപ്പിക്കാൻ യുവസാക്ഷികൾക്ക് എങ്ങനെ കഴിയും?
8 അവിശ്വാസികളോടൊപ്പം ആയിരിക്കുമ്പോഴും യഹോവയെ അനുസരിച്ചുകൊണ്ട് നമുക്ക് നിഷ്കളങ്കത കാത്തുസൂക്ഷിക്കാനാകും. ദാനീയേലിനെയും അവന്റെ മൂന്നു സുഹൃത്തുക്കളെയും കുറിച്ച് ഓർക്കുക. യുവാക്കളായിരുന്ന അവരെ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയി. യഹോവയെ അറിയാത്ത അവിശ്വാസികളുടെ ഇടയിലായിരുന്ന അവർക്ക് ന്യായപ്രമാണം വിലക്കിയിരുന്ന ഭക്ഷണം കഴിക്കാനുള്ള ശക്തമായ സമ്മർദം ഉണ്ടായി. വിട്ടുവീഴ്ച ചെയ്യാനുള്ള ന്യായീകരണങ്ങൾ കണ്ടെത്തുക എളുപ്പമായിരുന്നു. അവർ ചെയ്യുന്നത് എന്താണെന്നു നോക്കാൻ മാതാപിതാക്കളോ പുരോഹിതന്മാരോ മറ്റു മുതിർന്നവരോ ആരും അടുത്തുണ്ടായിരുന്നില്ല. പക്ഷേ അവർ എന്തുചെയ്താലും യഹോവ അറിയുമായിരുന്നു. അതുകൊണ്ട് സമ്മർദവും ഭക്ഷിക്കാതിരുന്നാൽ ഉണ്ടായേക്കുമായിരുന്ന അപകടവും വകവെക്കാതെ അവർ ഒരു ഉറച്ച നിലപാട് എടുത്തു: യഹോവയെ അനുസരിക്കുക!—ദാനീ. 1:3-9.
9 ഇതുപോലെ ഉറച്ച നിലപാട് എടുക്കുന്നവരാണ് യഹോവയുടെ ഇന്നത്തെ യുവസാക്ഷികളും. ദൈവത്തിന്റെ നിലവാരങ്ങളോടു പറ്റിനിന്നുകൊണ്ട് അവർ കൂട്ടുകാരിൽനിന്നുള്ള ഹാനികരമായ സമ്മർദങ്ങൾ ചെറുത്തുനിൽക്കുന്നു. മയക്കുമരുന്ന്, അക്രമം, അസഭ്യംപറച്ചിൽ, അധാർമികത, ദുഷിച്ച മറ്റു നടപടികൾ എന്നിവ ഒഴിവാക്കുമ്പോൾ യുവാക്കളായ നിങ്ങൾ യഹോവയെ അനുസരിക്കുകയാണ്. നിഷ്കളങ്ക പാതയിൽ നടക്കുകയാണ് നിങ്ങൾ അപ്പോൾ. അത് നിങ്ങൾക്കു പ്രയോജനംചെയ്യുമെന്നു മാത്രമല്ല യഹോവയെയും നിങ്ങളുടെ സഹാരാധകരെയും സന്തോഷിപ്പിക്കുകയും ചെയ്യും.—സങ്കീ. 110:3.
10. (എ) പരസംഗം സംബന്ധിച്ച വികലമായ ഏതു കാഴ്ചപ്പാടാണ് നിഷ്കളങ്കത വിട്ടുകളയാൻ ചില ചെറുപ്പക്കാരെ പ്രലോഭിപ്പിച്ചത്? (ബി) പരസംഗത്തിന്റെ അപകടം തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ നിഷ്കളങ്കത സഹായിക്കുന്നത് എങ്ങനെ?
10 എതിർലിംഗത്തിൽപ്പെട്ടവരുമായി ഇടപെടുമ്പോഴും നാം ദൈവത്തെ അനുസരിക്കേണ്ടതുണ്ട്. ദൈവവചനം പരസംഗം നിഷേധിച്ചിരിക്കുന്നുവെന്ന് നമുക്കു നന്നായി അറിയാം. എന്നാൽ അനുസരണത്തിന്റെ പാതയിൽനിന്നു വ്യതിചലിക്കുക എളുപ്പമാണ്. ചില ചെറുപ്പക്കാർ അധരസംഭോഗം, ഗുദസംഭോഗം, പരസ്പരമുള്ള ഹസ്തമൈഥുനം എന്നിവപോലുള്ള കാര്യങ്ങളിൽ ഏർപ്പെട്ടിട്ട് അത് യഥാർഥ ലൈംഗികബന്ധമല്ലെന്നും അതുകൊണ്ട് അതിൽ അത്ര കുഴപ്പമില്ലെന്നും ന്യായീകരിച്ചേക്കാം. അത്തരം ചെറുപ്പക്കാർ മറന്നുപോകുന്നതോ സൗകര്യപൂർവം മറന്നുകളയുന്നതോ ആയ ഒന്നുണ്ട്: പരസംഗം എന്നതിന്റെ മൂലപദത്തിൽ, പുറത്താക്കൽ നടപടി ക്ഷണിച്ചുവരുത്തുന്ന ഇതുപോലുള്ള എല്ലാ ദുഷ്പ്രവൃത്തികളും ഉൾപ്പെടുന്നു എന്ന കാര്യം.a എന്നാൽ ഇതിലും ഖേദകരമായത് അവർ നിഷ്കളങ്കത കൈവിടുന്നു എന്നതാണ്. നിഷ്കളങ്കരായിരിക്കാൻ ശ്രമിക്കുമ്പോൾ നാം പഴുതുകൾക്കായി തിരയില്ല. ശിക്ഷിക്കപ്പെടാതെ എത്രത്തോളം പോകാൻ സാധിക്കുമെന്ന് നാം ശ്രമിച്ചുനോക്കരുത്. നീതിന്യായ നടപടികൾ ഭയന്നു മാത്രമായിരിക്കരുത് നാം തെറ്റുകൾ ഒഴിവാക്കുന്നത്. മറിച്ച് യഹോവയെ വേദനിപ്പിക്കാതിരുന്നുകൊണ്ട് അവനെ പ്രീതിപ്പെടുത്തുന്നതിലായിരിക്കണം നമ്മുടെ താത്പര്യം. പാപത്തോട് എത്രത്തോളം അടുത്തുചെല്ലാൻ കഴിയുമെന്നു നോക്കാതെ ‘ദുർന്നടപ്പു വിട്ടു ഓടിക്കൊണ്ട്’ അതിൽനിന്ന് എത്രയും അകലംപാലിക്കാൻ നാം ശ്രമിക്കണം. (1 കൊരി. 6:18) നിഷ്കളങ്ക മാർഗത്തിൽ നടക്കുന്നവരാണെന്ന് അങ്ങനെ നമുക്കു തെളിയിക്കാം.
നിഷ്കളങ്കത: എങ്ങനെ നിലനിറുത്താം?
11. അനുസരണത്തിന്റെ ഓരോ പ്രവൃത്തിയും നിസ്സാരമല്ലാത്തത് എന്തുകൊണ്ട്? ഉദാഹരിക്കുക.
11 നിഷ്കളങ്കത—അനുസരണത്തിലൂടെ നാം അതു സ്വായത്തമാക്കുന്നു; അനുസരണത്തിലൂടെ അതു നിലനിറുത്തുന്നു. അനുസരണത്തിന്റേതായ ഒരു പ്രവൃത്തിയെ നാം നിസ്സാരമായി കരുതിയേക്കാം. എന്നാൽ ഈ ഓരോ പ്രവൃത്തിയും കൂട്ടിവരച്ചാൽ നിഷ്കളങ്കതയുടെ നല്ലൊരു ചിത്രമാകും. ഈ ഉദാഹരണം നോക്കുക. ഒരു ഇഷ്ടിക നിസ്സാരവസ്തുവായി തോന്നിയേക്കാമെങ്കിലും, പല ഇഷ്ടികകൾ ശ്രദ്ധാപൂർവം ചേർത്തുവെച്ച് നമുക്ക് നല്ലൊരു വീടു പണിയാനാകും. നിസ്സാരമെന്നു തോന്നിയേക്കാമെങ്കിലും ഓരോ തവണയും അനുസരിച്ചുകൊണ്ട് നമുക്കു നിഷ്കളങ്കത നിലനിറുത്താം.—ലൂക്കൊ. 16:10.
12. അനീതിയും അന്യായവും സഹിക്കേണ്ടിവന്നപ്പോഴും നിഷ്കളങ്കത മുറുകെപ്പിടിക്കുന്നതിൽ ദാവീദ് എന്തു മാതൃകവെച്ചു?
12 കഷ്ടപ്പാടും അന്യായവും അനീതിയും സഹിച്ചുനിൽക്കുമ്പോൾ നമ്മുടെ നിഷ്കളങ്കത കൂടുതൽ വെളിവായി വരും. യഹോവയുടെ അഭിഷിക്തനായിരുന്ന ശൗൽ രാജാവിൽനിന്ന് അന്യായം സഹിക്കേണ്ടിവന്ന ദാവീദിന്റെ ജീവിതം ഇതിനൊരു ഉദാഹരണമാണ്. ശൗൽ രാജാവിന് യഹോവയുടെ അംഗീകാരം നഷ്ടമായിരുന്നു; യഹോവയുടെ പിന്തുണ ഇപ്പോൾ ദാവീദിനാണ്. ശൗൽ അധികാരത്തിൽ തുടർന്നെങ്കിലും ദാവീദിനോടുള്ള അസൂയ അവന്റെ ഉള്ളിൽ നുരഞ്ഞുപൊന്തുകയായിരുന്നു. തന്റെ സൈന്യത്തെ ഉപയോഗിച്ച് അവൻ ദാവീദിനെ വേട്ടയാടാൻ തുടങ്ങി. ഏതാനും വർഷത്തോളം ഈ അനീതി തുടരാൻ യഹോവ അനുവദിച്ചു. ദാവീദ് ദൈവത്തോട് നീരസപ്പെട്ടോ? സഹിച്ചുനിൽക്കുന്നതിൽ യാതൊരു അർഥവുമില്ലെന്ന് അവനു തോന്നിയോ? ഇല്ല. മറിച്ച് ദൈവത്തിന്റെ അഭിഷിക്തൻ എന്ന ശൗലിന്റെ സ്ഥാനത്തെ അവൻ അങ്ങേയറ്റം ബഹുമാനിച്ചു. തിരിച്ചടിക്കാൻ അവസരം ഉണ്ടായപ്പോൾ അവൻ അതിനു മുതിർന്നില്ല.—1 ശമൂ. 24:2-7.
13. വ്രണിതവികാരങ്ങൾ ഉള്ളപ്പോഴും നമുക്ക് നിഷ്കളങ്കത എങ്ങനെ നിലനിറുത്താം?
13 ദാവീദിന്റെ ദൃഷ്ടാന്തം ഇന്നും തെളിവാർന്നു നമ്മുടെ മുമ്പിലുണ്ട്! അപൂർണ മനുഷ്യർ അടങ്ങുന്ന ഒരു ലോകവ്യാപക സഭയിലെ അംഗങ്ങളാണു നാം. അവരിലാരെങ്കിലും അന്യായം പ്രവർത്തിച്ചേക്കാം, ഇനിയൊരുപക്ഷേ അവിശ്വസ്തരായെന്നും വരാം. എന്നിരുന്നാലും ദൈവജനത്തെ ഒന്നടങ്കം ദുഷിപ്പിക്കാൻ ആർക്കും സാധിക്കാത്ത ഒരു കാലത്താണു നാം ജീവിക്കുന്നത്. (യെശ. 54:17) എന്നാൽ സഹാരാധകരിലൊരാൾ നമ്മെ നിരാശപ്പെടുത്തുകയോ നമ്മുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയോ ചെയ്യുന്നെങ്കിലെന്ത്? ആ വ്യക്തിയോടുള്ള നീരസം നാം വെച്ചുകൊണ്ടിരിക്കുന്നെങ്കിൽ ദൈവമുമ്പാകെയുള്ള നമ്മുടെ നിഷ്കളങ്കത ചോദ്യം ചെയ്യപ്പെട്ടേക്കാം. ദൈവത്തോടു നീരസപ്പെടുന്നതിനോ വിശ്വസ്തഗതി ഉപേക്ഷിക്കുന്നതിനോ മറ്റുള്ളവരുടെ പെരുമാറ്റം ഒരിക്കലും ഒരു കാരണമാകരുത്. (സങ്കീ. 119:165) പരിശോധനകൾ സഹിച്ചുനിൽക്കുന്നത് നിഷ്കളങ്കരായിരിക്കാൻ നമ്മെ സഹായിക്കും.
14. നിഷ്കളങ്കരായവർ സംഘടനാപരമായ മാറ്റങ്ങളോടും ഉപദേശപരമായ പൊരുത്തപ്പെടുത്തലുകളോടും എങ്ങനെ പ്രതികരിക്കും?
14 കുറ്റം കണ്ടുപിടിക്കാനോ വിമർശിക്കാനോ ഉള്ള പ്രവണത ഒഴിവാക്കിക്കൊണ്ടും നമുക്കു നിഷ്കളങ്കത നിലനിറുത്താം. അങ്ങനെ യഹോവയോടു വിശ്വസ്തരായിരിക്കാം. മുമ്പെന്നത്തേതിലും അധികമായി അവൻ ഇന്നു തന്റെ ജനത്തെ അനുഗ്രഹിക്കുന്നു. ഭൂമിയിൽ സത്യാരാധനയ്ക്ക് ഇത്രയധികം ഉന്നതി കൈവന്നിട്ടുള്ള ഒരു കാലം ഉണ്ടായിട്ടില്ല. (യെശ. 2:2-4) ബൈബിൾ പഠിപ്പിക്കലുകളുടെ വിശദീകരണത്തിലോ സംഘടനാപരമായ കാര്യങ്ങളിലോ പൊരുത്തപ്പെടുത്തലുകൾ വരുത്തുമ്പോൾ അത് അംഗീകരിക്കുന്നതല്ലേ ജ്ഞാനം? ആത്മീയ സത്യം മേൽക്കുമേൽ പ്രകാശിച്ചുവരുന്നതിൽ നാം സന്തോഷിക്കുന്നു. (സദൃ. 4:18) ഒരു മാറ്റം നമുക്ക് ഉൾക്കൊള്ളാനാകുന്നില്ലെങ്കിൽ അതു മനസ്സിലാക്കാനുള്ള സഹായത്തിനായി യഹോവയോട് പ്രാർഥിക്കരുതോ? അതിന് ഉത്തരം ലഭിക്കുന്നതുവരെ അനുസരണമുള്ളവരായി നിഷ്കളങ്ക പാതയിൽ തുടരുന്നതല്ലേ നല്ലത്?
ഒരുവൻ നിഷ്കളങ്ക പാതയിൽ നടക്കുന്നില്ലെങ്കിൽ എന്ത്?
15. ആർക്കു മാത്രമേ നിങ്ങളുടെ നിഷ്കളങ്കത തകർക്കാനാകൂ?
15 വളരെ ഗൗരവം അർഹിക്കുന്ന ഒരു ചോദ്യമാണത്. കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ നിഷ്കളങ്കത തികച്ചും അനിവാര്യമായ ഒരു ഗുണമാണ്. അതില്ലാതെ നമുക്ക് യഹോവയുമായുള്ള ബന്ധം സാധ്യമല്ല, പ്രത്യാശയ്ക്കും വകയില്ല. ഇതു മനസ്സിൽ പിടിക്കുക: പ്രപഞ്ചത്തിൽ ഒരേയൊരു വ്യക്തിക്കുമാത്രമേ നിങ്ങളുടെ നിഷ്കളങ്കത തകർക്കാനാകൂ. നിങ്ങൾക്കുമാത്രം! ഈ സത്യം ഇയ്യോബ് മനസ്സിലാക്കിയിരുന്നു. അവൻ പറഞ്ഞു: ‘മരിക്കുവോളം [ഞാൻ] എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയില്ല.’ (ഇയ്യോ. 27:5) നിങ്ങൾക്കും അതേ നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ, നിങ്ങൾ യഹോവയുമായി അടുത്തു നിൽക്കുന്നെങ്കിൽ, നിഷ്കളങ്കത ഒരിക്കലും ഉപേക്ഷിക്കേണ്ടിവരില്ല.—യാക്കോ. 4:8.
16, 17. ഒരു വ്യക്തി ഗുരുതരമായ പാപം ചെയ്തുപോയാൽ എന്തു ചെയ്യരുത്, എന്തു ചെയ്യണം?
16 ഇങ്ങനെയൊക്കെയാണെങ്കിലും ചിലർക്കു നിഷ്കളങ്കത കൈമോശം വന്നിരിക്കുന്നു. ഗുരുതരമായ പാപങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ചിലർ അപ്പൊസ്തലന്മാരുടെ കാലത്തെന്നപോലെ ഇന്നുമുണ്ട്. നിങ്ങൾക്കതു സംഭവിച്ചിട്ടുണ്ടെങ്കിൽ, സാഹചര്യം ആശയറ്റതാണോ? അവശ്യം അങ്ങനെ ആകണമെന്നില്ല. അങ്ങനെയെങ്കിൽ എന്തു ചെയ്യാനാകും? അത് പരിചിന്തിക്കുന്നതിനുമുമ്പ്, എന്തു ചെയ്യരുത് എന്നു നമുക്കു നോക്കാം. മാതാപിതാക്കളിൽനിന്നും സഹക്രിസ്ത്യാനികളിൽനിന്നും മൂപ്പന്മാരിൽനിന്നും തെറ്റു മറച്ചുപിടിക്കുക എന്നതാണ് മനുഷ്യസഹജമായ ചായ്വ്. എന്നാൽ ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു: “തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.” (സദൃ. 28:13) തെറ്റുകൾ മറച്ചുവെക്കാൻ ശ്രമിക്കുന്നവർ ശുദ്ധ അബദ്ധമാണ് കാണിക്കുന്നത്, കാരണം ദൈവത്തിനു മറഞ്ഞിരിക്കുന്ന യാതൊന്നും ഇല്ല. (എബ്രായർ 4:13 വായിക്കുക.) യഹോവയെ സേവിക്കുന്നുവെന്ന് ഭാവിക്കുമ്പോൾപോലും പാപത്തിന്റെ വഴിയിലൂടെ നടക്കുന്നവരാണ് ചിലർ. ഇത് നിഷ്കളങ്കതയല്ല മറിച്ച് അതിന് നേർവിപരീതമാണ്. ഗുരുതരമായ പാപങ്ങൾ മറച്ചുവെക്കുന്നവരുടെ ആരാധന യഹോവയ്ക്കു സ്വീകാര്യമായിരിക്കില്ല എന്നുമാത്രമല്ല അത്തരം കാപട്യം അവനെ കോപിഷ്ടനാക്കുകയും ചെയ്യും.—സദൃ. 21:27; യെശ. 1:11-16.
17 ഒരു ക്രിസ്ത്യാനി ഗുരുതരമായ പാപം ചെയ്തുപോയാൽ തുടർന്ന് എന്തു ചെയ്യണമെന്ന കാര്യത്തിൽ ബൈബിൾ സംശയത്തിന് ഇടനൽകുന്നില്ല. ക്രിസ്തീയ മൂപ്പന്മാരുടെ സഹായം സ്വീകരിക്കേണ്ട സമയമാണത്. ഗുരുതരമായ ആത്മീയ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനായി യഹോവ വ്യക്തമായ ക്രമീകരണം ചെയ്തിട്ടുണ്ട്. (യാക്കോബ് 5:14 വായിക്കുക.) ലഭിച്ചേക്കാവുന്ന ശിക്ഷണനടപടികളെക്കുറിച്ചുള്ള ഭയം ആത്മീയ സൗഖ്യം തേടുന്നതിൽനിന്നു നിങ്ങളെ തടയരുത്. ഒരു കുത്തിവെപ്പോ ഓപ്പറേഷനോ പേടിച്ച് ബുദ്ധിയുള്ള ആരെങ്കിലും മാരകമായ ഒരു രോഗം ചികിത്സിക്കാതിരിക്കുമോ?—എബ്രാ. 12:11.
18, 19. (എ) നിഷ്കളങ്കത വീണ്ടെടുക്കാനാകുമെന്ന് ദാവീദിന്റെ ദൃഷ്ടാന്തം തെളിയിക്കുന്നത് എങ്ങനെ? (ബി) നിഷ്കളങ്കത സംബന്ധിച്ച് നിങ്ങളുടെ തീരുമാനം എന്താണ്?
18 പൂർണസൗഖ്യം നേടാനാകുമോ? ഒരിക്കൽ നഷ്ടമായാൽ നിഷ്കളങ്കത വീണ്ടെടുക്കാനാകുമോ? ദാവീദിന്റെ ദൃഷ്ടാന്തം ഒരിക്കൽക്കൂടി പരിശോധിക്കാം. അവൻ ഗുരുതരമായ പാപം ചെയ്തു: മറ്റൊരാളുടെ ഭാര്യയെ മോഹിച്ചു, അവളുമായി വ്യഭിചാരം ചെയ്തു, അവളുടെ നിരപരാധിയായ ഭർത്താവിനെ കൊല്ലാൻ ഏർപ്പാടു ചെയ്തു. ആ സമയത്ത് ദാവീദ് നിഷ്കളങ്കനായിരുന്നു എന്ന് പറയാനാകുമോ? എന്നാൽ സാഹചര്യം ആശയറ്റതായിരുന്നോ? ശക്തമായ ശിക്ഷണം ദാവീദിന് ആവശ്യമായിരുന്നു, അത് അവന് ലഭിക്കുകയും ചെയ്തു. അതേത്തുടർന്ന് അവൻ ആത്മാർഥമായി അനുതപിച്ചതിനാൽ യഹോവ അവനോടു കരുണ കാണിച്ചു. ആ ശിക്ഷണത്തിൽനിന്നു പാഠം പഠിച്ച അവൻ ദൈവത്തെ അനുസരിച്ചു നടന്നുകൊണ്ട് നഷ്ടപ്പെട്ട തന്റെ നിഷ്കളങ്കത വീണ്ടെടുത്തു. “നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്ക്കും” എന്നതിന്റെ നല്ലൊരു ഉദാഹരണമാണ് ദാവീദിന്റെ ജീവിതം. (സദൃ. 24:16) ദാവീദ് മരിച്ചശേഷം യഹോവ ശലോമോനോട് എന്താണു പറഞ്ഞതെന്നു നോക്കുക. (1 രാജാക്കന്മാർ 9:4 വായിക്കുക.) ഹൃദയപരമാർഥതയുള്ള ഒരുവനായി യഹോവ ദാവീദിനെ ഓർമിച്ചു. അനുതപിക്കുന്ന പാപികളുടെ കടുത്ത പാപക്കറകൾപോലും കഴുകിക്കളയാൻ തീർച്ചയായും യഹോവയ്ക്കു കഴിയും.—യെശ. 1:18.
19 സ്നേഹപൂർവം ദൈവത്തെ അനുസരിച്ചുകൊണ്ട് നിങ്ങൾക്കും നിഷ്കളങ്കനായിരിക്കാൻ ആകും. വിശ്വസ്തതയോടെ സഹിച്ചുനിൽക്കുക; ഗുരുതരമായ പാപം ചെയ്തുപോയെങ്കിൽ ആത്മാർഥമായി അനുതപിക്കുക. അമൂല്യമായ ഒരു നിധിയാണ് നിഷ്കളങ്കത! സങ്കീർത്തനക്കാരനെപ്പോലെ നമുക്കും ഒരു ഉറച്ച തീരുമാനമെടുക്കാം: “ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും.”—സങ്കീ. 26:11.
[അടിക്കുറിപ്പ്]
ഉത്തരം പറയാമോ?
• നിഷ്കളങ്കത എങ്ങനെ സ്വായത്തമാക്കാം?
• നിഷ്കളങ്കത എങ്ങനെ നിലനിറുത്താം?
• നിഷ്കളങ്കത എങ്ങനെ വീണ്ടെടുക്കാം?
[8-ാം പേജിലെ ചതുരം]
“ഇതിനു ഞാൻ എങ്ങനെ നന്ദി പറയും!”
ഒരു അപരിചിതയുടെ ദയാവായ്പിനെയും സത്യസന്ധതയെയും പുകഴ്ത്തിക്കൊണ്ട് ഒരു സ്ത്രീ പറഞ്ഞതാണ് മേലുദ്ധരിച്ച വാക്കുകൾ. അഞ്ചുമാസം ഗർഭിണിയായിരുന്ന അവർ ഒരു റെസ്റ്റൊറന്റിൽ തന്റെ പേഴ്സ് മറന്നുവെച്ചു. അവിടെനിന്നു പോന്ന് കുറെ കഴിഞ്ഞാണ് അവർ ഇക്കാര്യം അറിയുന്നത്. പേഴ്സിൽ $2,000 (ഏകദേശം 90,000 രൂപ) ഉണ്ടായിരുന്നു. സാധാരണ ഇത്രയും തുക അവർ കൊണ്ടുനടക്കാറുള്ളതല്ല. “ഞാൻ ആകെ തകർന്നുപോയി,” ഒരു പ്രാദേശിക ദിനപ്പത്രത്തോട് പിന്നീട് അവർ പറഞ്ഞു. എന്നാൽ ഒരു ചെറുപ്പക്കാരിക്ക് ആ പേഴ്സ് കണ്ടുകിട്ടി, ഉടൻതന്നെ അവൾ അതിന്റെ ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അവൾ അതുമായി പൊലീസ് സ്റ്റേഷനിൽ ചെന്നു, പൊലീസ് അതിന്റെ ഉടമസ്ഥയെ തിരഞ്ഞുപിടിച്ചു. “ഇതിനു ഞാൻ എങ്ങനെ നന്ദി പറയും!” നന്ദി പറയാൻ ആ സ്ത്രീക്കു വാക്കുകൾ ഇല്ലായിരുന്നു. ആ പണം തിരികെക്കൊടുക്കാൻ ചെറുപ്പക്കാരി ഇത്രയും ശ്രമം ചെയ്തത് എന്തുകൊണ്ടാണ്? യഹോവയുടെ സാക്ഷികളിൽ ഒരാളായ അവൾ “തന്റെ നിഷ്കളങ്കതയ്ക്കു കടപ്പെട്ടിരിക്കുന്നത് സ്വന്തം മതത്തോടാണ്” എന്ന് പത്രം റിപ്പോർട്ടുചെയ്തു.
[9-ാം പേജിലെ ചിത്രം]
പരിശോധന നേരിടുമ്പോഴും യുവാക്കൾക്ക് നിഷ്കളങ്കരായിരിക്കാൻ ആകും
[10-ാം പേജിലെ ചിത്രം]
നിഷ്കളങ്കത നഷ്ടമായെങ്കിലും ദാവീദ് അതു വീണ്ടെടുത്തു