“വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ”
അമിലിയ പെടെഴ്സണിന്റെ കഥ
രൂത്ത് ഇ. പപ്പസ് പറഞ്ഞപ്രകാരം
എന്റെ അമ്മ അമിലിയ പെടെഴ്സൺ ജനിച്ചത് 1878-ലാണ്. ഒരു സ്കൂൾ അധ്യാപിക ആയിത്തീർന്ന അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ദൈവത്തിലേക്ക് ആളുകളെ അടുപ്പിക്കണം എന്നതായിരുന്നു. ഞങ്ങളുടെ വീട്ടിലുള്ള വലിയ ട്രങ്ക് നോക്കിയാൽ മതി അതു മനസ്സിലാകാൻ. യു.എസ്.എ-യിലെ മിനിസോട്ടയിലുള്ള ജാസ്പർ എന്ന ചെറുപട്ടണത്തിലാണ് ഞങ്ങളുടെ വീട്. ചൈനയിലേക്കു പോയി മിഷനറി പ്രവർത്തനം നടത്തണം എന്ന് ആഗ്രഹിച്ച് അമ്മ വാങ്ങിയതാണ് ആ വലിയ ട്രങ്ക്. എന്നാൽ അമ്മയുടെ അമ്മ മരിച്ചതോടെ ഇളയ സഹോദരങ്ങളെ നോക്കേണ്ട ഉത്തരവാദിത്വം അമ്മയ്ക്കായി, അതോടെ ആ മോഹം നടക്കാതെപോയി. 1907-ൽ എന്റെ അമ്മയുടെ വിവാഹം നടന്നു. തിയഡോർ ഹോലിനായിരുന്നു വരൻ. ഏഴു മക്കളിൽ ഇളയവളായ ഞാൻ 1925 ഡിസംബർ 2-നാണ് ജനിച്ചത്.
ബൈബിളിനെക്കുറിച്ച് ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അമ്മയ്ക്കുണ്ടായിരുന്നു. ദുഷ്ടന്മാരെ തീയിലിട്ടു ദണ്ഡിപ്പിക്കുന്ന സ്ഥലമാണ് നരകം എന്ന പഠിപ്പിക്കലായിരുന്നു അവയിലൊന്ന്. ഒരിക്കൽ ലൂഥറൻ സഭയിലെ ഒരു സൂപ്പർവൈസറോട് അമ്മ ഇതിനുള്ള ബൈബിളിന്റെ വിശദീകരണം തേടി. ബൈബിൾ എന്തുപറഞ്ഞാലും ശരി അഗ്നിനരകം എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു പഠിപ്പിക്കലാണെന്നാണ് അദ്ദേഹം പറഞ്ഞത്.
ആത്മീയ ദാഹം ശമിക്കുന്നു
1900-ങ്ങളുടെ തുടക്കത്തിൽ അമ്മയുടെ അനുജത്തി എമ്മ, മിനിസോട്ടയിലെ നോർത്ത് ഫീൽഡിൽ സംഗീതം പഠിക്കാൻ പോയി. മിലിയൂസ് ക്രിസ്റ്റ്യൻസൺ എന്ന അധ്യാപകന്റെ വീട്ടിലാണ് എമ്മ താമസിച്ചത്. അന്ന് ബൈബിൾ വിദ്യാർഥികൾ എന്ന് അറിയപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികളിൽ ഒരാളായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. “എന്റെ ചേച്ചിക്ക് ബൈബിൾ വായിക്കാനും പഠിക്കാനും ഒക്കെ വളരെ ഇഷ്ടമാണ്,” എമ്മ അവരോടു പറഞ്ഞു. അധികം താമസിയാതെ ക്രിസ്റ്റ്യൻസണിന്റെ ഭാര്യ അമ്മയ്ക്കൊരു കത്തയച്ചു. അമ്മയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം അതിലുണ്ടായിരുന്നു.
ഒരിക്കൽ ലോറ ഓറ്റ്ഹൗട്ട് സഹോദരി സാക്ഷീകരിക്കുന്നതിനായി സൗത്ത് ഡക്കോട്ടയിലെ സൂ ഫോൾസിൽനിന്ന് റെയിൽ മാർഗം ജാസ്പറിൽ വന്നു. അവർ കൊടുത്ത പ്രസിദ്ധീകരണങ്ങൾ നന്നായി വായിച്ചു പഠിച്ച അമ്മ 1915 ആയപ്പോഴേക്കും പഠിച്ച സത്യങ്ങൾ മറ്റുള്ളവരോടു പറയാനും ആ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യാനും തുടങ്ങി.
1916-ൽ ലോവയിലെ സൂ സിറ്റിയിൽ നടക്കുന്ന കൺവെൻഷന് റസ്സൽ സഹോദരൻ വരുന്ന വിവരം അമ്മ അറിഞ്ഞു. അവിടെ പോകണം എന്നുതന്നെ അമ്മ തീരുമാനിച്ചു. എന്നാൽ ഈ സമയത്ത് അമ്മയ്ക്ക് അഞ്ചുമക്കളുണ്ടായിരുന്നു, ഇളയവൻ മോർവന് അന്ന് വെറും അഞ്ചുമാസം പ്രായം. എന്നിട്ടും മക്കളെയെല്ലാം കൂട്ടി 160 കിലോമീറ്റർ അകലെയുള്ള സൂ സിറ്റിയിലേക്ക് അമ്മ ട്രെയിൻ കയറി. അവിടെവെച്ച് അമ്മ റസ്സൽ സഹോദരന്റെ പ്രസംഗം കേട്ടു, “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” കണ്ടു, സ്നാനമേൽക്കുകയും ചെയ്തു. വീട്ടിൽ മടങ്ങിയെത്തിയ അമ്മ കൺവെൻഷനെക്കുറിച്ച് ഒരു ലേഖനം എഴുതി, അത് ജാസ്പർ ജേർണലിൽ പ്രസിദ്ധീകരിച്ചു.
1922-ൽ ഒഹായോയിലെ സീഡാർ പോയിന്റിൽ നടന്ന കൺവെൻഷനിലും അമ്മ സംബന്ധിച്ചു. 18,000-ത്തോളം പേരാണ് അന്നവിടെ കൂടിവന്നത്. അതിനുശേഷം, ദൈവരാജ്യം ഘോഷിക്കുന്നതിന് അമ്മ ഒരിക്കലും മുടക്കം വരുത്തിയില്ല. “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ” എന്ന് ഞങ്ങളോടു പറയുന്നതിനു തുല്യമായിരുന്നു അമ്മയുടെ ജീവിതം.—യെശ. 30:21.
ശുശ്രൂഷയുടെ ഫലങ്ങൾ
1920-കളുടെ ആരംഭത്തിൽ എന്റെ മാതാപിതാക്കൾ ജാസ്പറിൽനിന്നു താമസം മാറി. ഡാഡിക്ക് നല്ലൊരു ബിസിനസ്സുണ്ടായിരുന്നു, വലിയൊരു കുടുംബത്തെ പോറ്റേണ്ട ഉത്തരവാദിത്വവും. ബൈബിൾ പഠിക്കാൻ അമ്മയുടെ അത്രയുമൊന്നും ആഗ്രഹം ഡാഡിക്കില്ലായിരുന്നു. എങ്കിലും പ്രസംഗവേലയെ മുഴുഹൃദയാ പിന്തുണയ്ക്കാനും സഞ്ചാര ശുശ്രൂഷകർക്കായി (അന്ന് പിൽഗ്രിംസ് എന്ന് അറിയപ്പെട്ടിരുന്നു) ഞങ്ങളുടെ വീട് തുറന്നുകൊടുക്കാനും അദ്ദേഹം മടിച്ചില്ല. സഞ്ചാരമേൽവിചാരകന്മാരുടെ പ്രസംഗം കേൾക്കാനായി മിക്കവാറും നൂറിലധികം ആളുകൾ ഞങ്ങളുടെ വീട്ടിൽ തടിച്ചുകൂടിയിരുന്നു; എല്ലാ മുറികളും അവർ കയ്യടക്കിയിരുന്നു!
ഒരു ദിവസം അമ്മയുടെ അനുജത്തി ലെറ്റി വീട്ടിലേക്കു ഫോൺ വിളിച്ച് തന്റെ അയൽക്കാരായ എഡ് ലാർസണും ഭാര്യക്കും ബൈബിൾ പഠിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു. എനിക്ക് അന്ന് ഏതാണ്ട് ഏഴുവയസ്സുണ്ട്. ബൈബിളിൽനിന്നു മനസ്സിലാക്കിയ കാര്യങ്ങൾ സത്യമാണെന്ന് അംഗീകരിച്ച അവർ അയൽക്കാരിയായ മാർത്ത വാൻ ഡാലനെയും അവരോടൊപ്പം ബൈബിൾ പഠിക്കാൻ ക്ഷണിച്ചു. അങ്ങനെ മാർത്തയും എട്ടു മക്കൾ അടങ്ങുന്ന അവരുടെ കുടുംബം മുഴുവനും സത്യം സ്വീകരിക്കാനിടയായി. a
ഗൊർഡെൻ കമറൂഡ് എന്ന ചെറുപ്പക്കാരൻ ഡാഡിയോടൊപ്പം ജോലി ചെയ്യാൻ തുടങ്ങിയത് ഏതാണ്ട് ആ കാലത്താണ്. ഞങ്ങളുടെ വീട്ടിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയായിരുന്നു അദ്ദേഹത്തിന്റെ വീട്. “നിന്റെ മുതലാളിയുടെ പെൺമക്കളെ സൂക്ഷിച്ചുകൊള്ളണം. അവരുടേത് ഒരു വിചിത്ര മതമാണ്” എന്നൊരു മുന്നറിയിപ്പ് ഗൊർഡന് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ബൈബിൾ പഠിക്കാൻ തുടങ്ങിയ ഗൊർഡന് താൻ സത്യം കണ്ടെത്തിയെന്നു ബോധ്യമായി. വെറും മൂന്നുമാസത്തിനകം അദ്ദേഹം സ്നാനമേറ്റു. അദ്ദേഹത്തിന്റെ മാതാപിതാക്കളും വിശ്വാസികളായി. അങ്ങനെ ഞങ്ങൾ—ഹോലിൻ, കമറൂഡ്, വാൻ ഡാലൻ കുടുംബങ്ങൾ—ഉറ്റ സുഹൃത്തുക്കളായി.
കരുത്തുപകർന്ന കൺവെൻഷനുകൾ
സീഡാർ പോയിന്റിലെ കൺവെൻഷനുശേഷം പിന്നെയൊരിക്കലും അമ്മ ഒരു കൺവെൻഷനും മുടക്കിയിട്ടില്ല; അത്രയ്ക്ക് പ്രോത്സാഹനം പകരുന്നതായിരുന്നു അത്. അത്തരം കൂടിവരവുകൾക്കായി അമ്മയോടൊപ്പം ദീർഘയാത്രകൾ നടത്തിയിരുന്നതിന്റെ ഓർമകൾ ഇന്നും എന്റെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു. 1931-ൽ ഒഹായോയിലെ കൊളംബസ്സിൽ നടന്ന കൺവെൻഷൻ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു; ബൈബിൾ വിദ്യാർഥികൾ അന്നാണ് യഹോവയുടെ സാക്ഷികൾ എന്ന പേരു സ്വീകരിച്ചത്. (യെശ. 43:10-12) 1935-ൽ വാഷിങ്ടൺ ഡി.സി.-യിൽ നടന്ന കൺവെൻഷനും എനിക്കു മറക്കാനാവില്ല; വെളിപ്പാടിൽ പറഞ്ഞിരിക്കുന്ന ‘മഹാപുരുഷാരത്തെ’ തിരിച്ചറിയിച്ച ചരിത്രപ്രധാനമായ പ്രസംഗം നടന്നത് അന്നാണ്. (വെളി. 7:9) അന്നു സ്നാനമേറ്റ 800 പേരിൽ എന്റെ സഹോദരിമാരായ ലിലിയനും യൂനിസും ഉണ്ടായിരുന്നു.
1937-ൽ ഒഹായോയിലെ കൊളംബസ്സിലും 1938-ൽ വാഷിങ്ടണിലെ സിയാറ്റിലിലും 1939-ൽ ന്യൂയോർക്കിലും നടന്ന കൺവെൻഷനുകളിൽ ഞങ്ങൾ കുടുംബസമേതം സംബന്ധിച്ചു. ഞങ്ങളോടൊപ്പം വാൻ ഡാലൻ, കമറൂഡ് കുടുംബങ്ങളും മറ്റു പലരും ഉണ്ടായിരുന്നു. യാത്രാമധ്യേ ഞങ്ങൾ പലയിടങ്ങളിലും ക്യാമ്പുചെയ്തു. യൂനിസും ലിയോ വാൻ ഡാലനും 1940-ൽ വിവാഹിതരായി. താമസിയാതെ ഇരുവരും പയനിയറിങ് ആരംഭിച്ചു. അതേ വർഷം ലിലിയനും ഗൊർഡൻ കമറൂഡുമായുള്ള വിവാഹം നടന്നു; അവരും പയനിയർമാരായി.
1941-ൽ മിസോറിയിലെ സെന്റ് ലൂയിസിൽ നടന്ന കൺവെൻഷൻ അവിസ്മരണീയമായിരുന്നു. അവിടെ പ്രകാശനം ചെയ്ത കുട്ടികൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ആയിരക്കണക്കിനു കുട്ടികൾ ഇരുകൈയും നീട്ടി ഏറ്റുവാങ്ങി. ആ കൺവെൻഷൻ എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അധികം താമസിയാതെ 1941 സെപ്റ്റംബർ 1-ന് ചേട്ടൻ മോർവനും ഭാര്യ ജോയിസിനുമൊപ്പം ഞാൻ പയനിയറിങ് തുടങ്ങി. അന്ന് എനിക്ക് വയസ്സ് 15.
ഞങ്ങളുടേത് ഒരു കർഷക സമൂഹമായിരുന്നു. മിക്കവാറും കൺവെൻഷനുകൾ വിളവെടുപ്പുകാലത്ത് നടന്നിരുന്നതിനാൽ സഹോദരങ്ങൾക്കെല്ലാം അവയിൽ പങ്കെടുക്കുക അസാധ്യമായിരുന്നു. അതുകൊണ്ട് കൺവെൻഷൻ കഴിഞ്ഞ് എല്ലാവരും മുറ്റത്ത് ഒരുമിച്ചുകൂടി പരിപാടികളുടെ മുഖ്യാശയങ്ങൾ ചർച്ചചെയ്യുമായിരുന്നു. സന്തോഷകരമായ കൂടിവരവുകളായിരുന്നു അവ.
ഗിലെയാദും വിദേശ നിയമനവും
ഇതിനിടെ മിഷനറി സേവനത്തിന് പയനിയർമാരെ പരിശീലിപ്പിക്കുന്നതിനായി 1943 ഫെബ്രുവരിയിൽ ഗിലെയാദ് സ്കൂൾ ആരംഭിച്ചു. വാൻ ഡാലൻ കുടുംബത്തിലെ ആറുപേരാണ് ആദ്യത്തെ ക്ലാസ്സിനുണ്ടായിരുന്നത്—എമിൽ, ആർതർ, ഹോമർ, ലിയോ എന്നിവരും അവരുടെ ബന്ധുവായ ഡൊണൾഡും ലിയോയുടെ ഭാര്യ, അതായത് എന്റെ ചേച്ചി യൂനിസും. സമ്മിശ്ര വികാരങ്ങളോടെയാണ് ഞങ്ങൾ അവരെ യാത്ര അയച്ചത്; ഇനിയെന്നാണ് തമ്മിൽ കാണാനാകുക എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ബിരുദം നേടിയശേഷം അവരെയെല്ലാം പോട്ടറിക്കോയിലേക്കാണ് നിയമിച്ചത്. അന്നവിടെ ഒരു ഡസനിൽ താഴെ സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ.
ഒരുവർഷം കഴിഞ്ഞ് ലിലിയനും ഗൊർഡനും അതുപോലെ മോർവനും ജോയിസിനും ഗിലെയാദിന്റെ മൂന്നാമത്തെ ക്ലാസ്സിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. പോട്ടറിക്കോയിലേക്കാണ് അവരെയും നിയമിച്ചത്. 18 വയസ്സുള്ളപ്പോൾ, 1944 സെപ്റ്റംബറിൽ നടന്ന ഗിലെയാദ് സ്കൂളിന്റെ നാലാമത്തെ ക്ലാസ്സിൽ ഞാൻ പങ്കെടുത്തു. 1945 ഫെബ്രുവരിയിൽ ബിരുദം നേടിയശേഷം ഞാനും പോർട്ടറിക്കോയിൽ എന്റെ സഹോദരങ്ങളോടൊപ്പം ചേർന്നു. അതൊരു പുതിയ ലോകംതന്നെയായിരുന്നു എനിക്ക്! സ്പാനിഷ് ഭാഷ പഠിച്ചെടുക്കുക ബുദ്ധിമുട്ടായിരുന്നെങ്കിലും ആദ്യകാലങ്ങളിൽത്തന്നെ ഞങ്ങളിൽ ചിലർക്ക് 20-ലേറെ ബൈബിളധ്യയനങ്ങൾ നടത്താൻ കഴിഞ്ഞിരുന്നു. യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നു എന്നത് തീർച്ചയാണ്. ഇന്ന് പോർട്ടറിക്കോയിൽ ഏകദേശം 25,000 സാക്ഷികളാണുള്ളത്!
ദുരന്തങ്ങൾ വേട്ടയാടുന്നു
1950-ൽ മകൻ മാർക്ക് ജനിച്ചശേഷവും ലിയോയും യൂനിസും പോർട്ടറിക്കോയിൽത്തന്നെ താമസിച്ചു. വീട്ടിലുള്ളവരെയെല്ലാം കാണുന്നതിനുവേണ്ടി അവർ 1952 ഏപ്രിൽ 11-ന് വിമാനമാർഗം യാത്രതിരിച്ചു. പറന്നുയർന്ന വിമാനം പൊടുന്നനെ കടലിൽ തകർന്നുവീണു. അപകടത്തിൽ ലിയോയും യൂനിസും കൊല്ലപ്പെട്ടു. രണ്ടുവയസ്സുമാത്രം പ്രായമുള്ള മാർക്ക് വെള്ളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്നു. രക്ഷപെട്ടവരിൽ ഒരാൾ അവനെ രക്ഷാബോട്ടിൽ എത്തിച്ചു, പിന്നീട് കൃത്രിമ ശ്വാസോച്ഛ്വാസം നൽകി. അങ്ങനെ അവൻ രക്ഷപെട്ടു.b
അഞ്ചുവർഷത്തിനുശേഷം 1957 മാർച്ച് 7-ന് രാജ്യഹാളിലേക്കു പോകുകയായിരുന്നു മമ്മിയും ഡാഡിയും. യാത്രാമധ്യേ കാറിന്റെ ടയർ പഞ്ചറായി. വഴിയരികിൽ ടയറു മാറ്റിക്കൊണ്ടിരിക്കുമ്പോൾ അതുവഴി കടന്നുപോയ ഒരു കാർ ഡാഡിയെ ഇടിച്ചുവീഴ്ത്തി. തത്ക്ഷണം ഡാഡി മരിച്ചു. ശവസംസ്കാര ശുശ്രൂഷയ്ക്ക് 600 പേരോളം കൂടിവന്നു; എല്ലാവർക്കും ഡാഡിയെ വലിയ ബഹുമാനമായിരുന്നു. അന്നു നടന്ന പ്രസംഗം ഒരു വലിയ സാക്ഷ്യമായിമാറി.
പുതിയ നിയമനങ്ങൾ
ഡാഡിയുടെ മരണത്തിനു തൊട്ടുമുമ്പാണ് എനിക്ക് അർജന്റീനയിൽ സേവിക്കാനുള്ള നിയമനം ലഭിച്ചത്. 1957 ആഗസ്റ്റിൽ ഞാൻ ആൻഡീസ് പർവതനിരയുടെ അടിവാരത്തുള്ള മെൻഡോസയിൽ എത്തിച്ചേർന്നു. ഗിലെയാദിന്റെ മുപ്പതാമത്തെ ക്ലാസ്സിൽനിന്നു ബിരുദം നേടിയ ജോർജ് പപ്പസിനെ 1958-ൽ അർജന്റീനയിലേക്കു നിയമിച്ചു. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. 1960 ഏപ്രിലിൽ ഞങ്ങൾ വിവാഹിതരായി. 1961-ൽ 83-ാം വയസ്സിൽ എന്റെ അമ്മ മരണമടഞ്ഞു. സത്യത്തിന്റെ പാതയിൽ വിശ്വസ്തതയോടെ നടക്കുകയും അതിലൂടെ നടക്കാൻ മറ്റനേകരെ സഹായിക്കുകയും ചെയ്ത ആളായിരുന്നു എന്റെ അമ്മ.
പത്തുവർഷം വ്യത്യസ്ത മിഷനറി ഹോമുകളിലായി മറ്റു മിഷനറിമാരോടൊപ്പം സേവിക്കാൻ എനിക്കും ജോർജിനും കഴിഞ്ഞു. പിന്നെ ഒരു ഏഴുവർഷം ഞങ്ങൾ സർക്കിട്ട് വേലയിൽ ഉണ്ടായിരുന്നു. എന്നാൽ 1975-ൽ ഞങ്ങൾക്ക് ഐക്യനാടുകളിലേക്കു മടങ്ങേണ്ടിവന്നു, രോഗികളായിരുന്ന ചില കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി. 1980-ൽ ഐക്യനാടുകളിലെ സ്പാനീഷ് സഭകളുടെ ഒരു സർക്കിട്ടിന്റെ മേൽവിചാരകനായിരിക്കാൻ ജോർജിനു ക്ഷണം ലഭിച്ചു. ഏതാണ്ട് 600 സ്പാനീഷ് സഭകളാണ് അന്ന് അവിടെ ഉണ്ടായിരുന്നത്. 26 വർഷത്തോളം അവിടെയുള്ള മിക്ക സഭകളും സന്ദർശിക്കാനും സഭകൾ 3000-ത്തിലധികമായി പെരുകുന്നതു കാണാനും ഞങ്ങൾക്കു കഴിഞ്ഞു.
അവർ സത്യത്തിന്റെ ‘വഴിയിൽ’ നടന്നിരിക്കുന്നു
തന്റെ കുടുംബത്തിലെ ഇളംതലമുറയിലുള്ളവരും മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കുന്നതു കാണാനുള്ള അവസരം അമ്മയ്ക്കു ലഭിച്ചിരുന്നു. ഉദാഹരണത്തിന് എസ്ഥേറിന്റെ (എന്റെ ചേച്ചി) മകളായ കാരൾ 1953-ൽ പയനിയറിങ് തുടങ്ങി. ഡെന്നിസ് ട്രെമ്പോറിനെ വിവാഹം കഴിച്ച അവൾ അദ്ദേഹത്തോടൊപ്പം ഇന്നും മുഴുസമയ സേവനത്തിലാണ്. എസ്ഥേറിന്റെ മറ്റൊരു മകൾ ലോയിസും ഭർത്താവ് വെൻഡൽ ജെൻസണും 41-ാം ഗിലെയാദ് ക്ലാസ്സിൽനിന്നു ബിരുദം നേടിയശേഷം 15 വർഷം നൈജീരിയയിൽ മിഷനറിമാരായിരുന്നു. വിമാനാപകടത്തിൽ മാതാപിതാക്കൾ മരണമടഞ്ഞ മാർക്കിനെ ലിയോയുടെ സഹോദരിയായ രൂത്ത് ലാ ലെൻഡും ഭർത്താവ് കർട്ടിസും ദത്തെടുത്തു. മാർക്കും ഭാര്യ ലവോണും വർഷങ്ങളോളം പയനിയർമാരായിരുന്നു. തങ്ങളുടെ നാലു മക്കളെയും അവർ സത്യത്തിന്റെ ‘വഴിയിൽ’ വളർത്തിക്കൊണ്ടുവന്നു.—യെശ. 30:21.
എന്റെ സഹോദരങ്ങളിൽ ഒർലൻ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. 90 പിന്നിട്ട അദ്ദേഹം ഇപ്പോഴും യഹോവയെ വിശ്വസ്തമായി സേവിക്കുന്നു. ഞാനും ജോർജും ഇപ്പോഴും മുഴുസമയ ശുശ്രൂഷയുടെ സന്തോഷം ആസ്വദിക്കുന്നു.
അമ്മ തന്നിട്ടുപോയത്
അമ്മയുടെ വിലപ്പെട്ട ഒരു സ്വത്ത് എന്റെ കൈവശമുണ്ട്—ഒരു മേശ. എന്റെ ഡാഡി വിവാഹ സമ്മാനമായി അമ്മയ്ക്കു നൽകിയതാണത്. മേശയുടെ ഒരു വലിപ്പിൽ അമ്മ സൂക്ഷിച്ചുവെച്ചിരുന്ന ഒരു ആൽബമുണ്ട്. അതിൽ അമ്മ എഴുതിയ എഴുത്തുകളും പത്രത്തിൽ പ്രസിദ്ധീകരിച്ചുവന്ന അമ്മയുടെ ലേഖനങ്ങളുമുണ്ട്. നല്ലൊരു സാക്ഷ്യമായി മാറിയ ആ ലേഖനങ്ങളിൽ ചിലത് 1900-ത്തിന്റെ തുടക്കത്തിലുള്ളതാണ്. മിഷനറിമാരായ മക്കൾ അമ്മയ്ക്ക് എഴുതിയ കത്തുകളും ആ അമൂല്യ ശേഖരത്തിലുണ്ട്. അവ വായിച്ചാലും വായിച്ചാലും എനിക്കു മതിവരില്ല! പ്രോത്സാഹനം പകരുന്ന കത്തുകളായിരുന്നു അമ്മ എപ്പോഴും ഞങ്ങൾക്ക് അയച്ചിരുന്നത്. ഒരു മിഷനറിയാകാൻ കൊതിച്ച അമ്മയ്ക്ക് അതു സാധിച്ചില്ല. എന്നാൽ മിഷനറി സേവനത്തോടുള്ള അമ്മയുടെ അടങ്ങാത്ത സ്നേഹം ആ പാത തിരഞ്ഞെടുക്കാൻ പിൻതലമുറകളെ പ്രേരിപ്പിച്ചു. എന്റെ അമ്മയോടും ഡാഡിയോടുമൊപ്പം ഞങ്ങളെല്ലാവരും പറുദീസാഭൂമിയിൽ ഒത്തുചേരുന്ന ആ ദിവസത്തിനായി കാത്തുകാത്തിരിക്കുകയാണ് ഞാൻ!—വെളി. 21:3, 4.
[അടിക്കുറിപ്പുകൾ]
a 1983 ജൂൺ 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 27-30 പേജുകളിൽനിന്ന് മാർത്തയുടെ മകൻ എമിൽ എച്ച്. വാൻ ഡാലന്റെ ജീവിതകഥ വായിച്ചറിയുക.
b 1952 ജൂൺ 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്) 3-4 പേജുകൾ കാണുക.
[17-ാം പേജിലെ ചിത്രം]
അമിലിയ പെടെഴ്സൺ
[18-ാം പേജിലെ ചിത്രം]
1916: അമ്മയും ഡാഡിയും (കൈയിലിരിക്കുന്നത് മോർവൻ); താഴെ, ഇടത്തുനിന്ന് വലത്തോട്ട്: ഓർലൻ, എസ്ഥേർ, ലിലിയൻ, മിൽഡ്രഡ്
[19-ാം പേജിലെ ചിത്രം]
ലിയോയും യൂനിസും മരണത്തിനു തൊട്ടുമുമ്പ്
[20-ാം പേജിലെ ചിത്രം]
1950: ഇടത്തുനിന്ന് വലത്തോട്ട്, മുകളിൽ: എസ്ഥേർ, മിൽഡ്രഡ്, ലിലിയൻ, യൂനിസ്, രൂത്ത്; താഴെ: ഒർലൻ, അമ്മ, ഡാഡി, മോർവൻ
[20-ാം പേജിലെ ചിത്രം]
ജോർജും രൂത്ത് പപ്പസും സർക്കിട്ട് സേവനത്തിൽ; 2001