വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
സാത്താൻ സ്വർഗത്തിൽനിന്ന് നിഷ്കാസനം ചെയ്യപ്പെട്ടത് എപ്പോൾ?—വെളി. 12:1-9.
ബൈബിളിലെ വെളിപ്പാട് പുസ്തകം, സാത്താൻ നിഷ്കാസനം ചെയ്യപ്പെട്ട സമയം കൃത്യമായി വെളിപ്പെടുത്തുന്നില്ല. എന്നിരുന്നാലും ആ സമയം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ചില സംഭവങ്ങളെക്കുറിച്ച് അതു പറയുന്നുണ്ട്. മിശിഹൈകരാജ്യത്തിന്റെ ജനനമാണ് അതിൽ ആദ്യത്തേത്. അതേത്തുടർന്ന്, “സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി.” ആ യുദ്ധത്തിൽ സാത്താൻ പരാജിതനാകുകയും അവനെ ഭൂമിയിലേക്കു തള്ളിക്കളയുകയും ചെയ്തു.
“ജാതികളുടെ കാലം” അവസാനിച്ചതും രാജ്യം സ്ഥാപിതമായതും 1914-ൽ ആണെന്നുള്ളതിന്റെ വ്യക്തമായ സൂചനകൾ തിരുവെഴുത്തുകൾ നൽകുന്നു.a (ലൂക്കൊ. 21:24) അതു കഴിഞ്ഞ് എപ്പോഴാണ് സാത്താന്റെ നിഷ്കാസനത്തിൽ കലാശിച്ച യുദ്ധം സ്വർഗത്തിൽ പൊട്ടിപ്പുറപ്പെട്ടത്?
“പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാൻ മഹാസർപ്പം [സാത്താൻ] അവളുടെ മുമ്പിൽ നിന്നു” എന്ന് വെളിപ്പാട് 12:4 പറയുന്നു. ജനിക്കാനിരിക്കുന്ന രാജ്യത്തെ, സാധ്യമെങ്കിൽ അത് പിറന്നുവീഴുമ്പോൾത്തന്നെ ഇല്ലായ്മചെയ്യാൻ സാത്താൻ ഉദ്ദേശിച്ചിരുന്നുവെന്ന് ഇതു കാണിക്കുന്നു. സാത്താന്റെ ആ ഉദ്ദേശ്യം നടപ്പിലാക്കാതെ യഹോവ തടഞ്ഞെങ്കിലും പുതുതായി ജന്മംകൊണ്ട രാജ്യത്തിന് ഹാനിവരുത്തണമെന്നുതന്നെ സാത്താൻ നിശ്ചയിച്ചുറച്ചിരുന്നു. അപ്പോൾ, ന്യായമായും രാജ്യത്തിന്റെ സംരക്ഷണാർഥം, “മീഖായേലും അവന്റെ ദൂതന്മാരും” മഹാസർപ്പത്തെയും അവന്റെ ദൂതന്മാരെയും’ സ്വർഗത്തിൽനിന്ന് എത്രയും പെട്ടെന്നു പുറന്തള്ളാനായിരിക്കില്ലേ ശ്രമിക്കുക? അങ്ങനെ നോക്കുമ്പോൾ, 1914-ൽ ദൈവരാജ്യം ജനിച്ചയുടൻതന്നെ സ്വർഗത്തിലെ യുദ്ധവും സാത്താന്റെ നിഷ്കാസനവും നടന്നിട്ടുണ്ടാകുമെന്ന് നിഗമനം ചെയ്യുന്നത് യുക്തിസഹമാണ്.
പരിഗണിക്കേണ്ട മറ്റൊരു വസ്തുതയാണ് അഭിഷിക്ത ക്രിസ്ത്യാനികളുടെ പുനരുത്ഥാനം. രാജ്യം സ്ഥാപിതമായി താമസിയാതെതന്നെ അത് ആരംഭിച്ചെന്നാണ് തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നത്.b (വെളി. 20:6) യേശുവിന്റെ അഭിഷിക്തസഹോദരന്മാരിൽ ആരും മഹാസർപ്പത്തോടും അവന്റെ ദൂതന്മാരോടും യുദ്ധംചെയ്യാൻ യേശുവിനെ അനുഗമിക്കുന്നതായി പറഞ്ഞിട്ടില്ല. ആ സ്ഥിതിക്ക്, ക്രിസ്തുവിന്റെ സഹോദരന്മാരുടെ പുനരുത്ഥാനം ആരംഭിക്കുന്നതിനു മുമ്പുതന്നെ സ്വർഗത്തിലെ ആ യുദ്ധവും, സാത്താന്റെയും ഭൂതങ്ങളുടെയും നിഷ്കാസനവും നടന്നുകഴിഞ്ഞിട്ടുണ്ടാവണം.
നാം കണ്ടതുപോലെ, സാത്താനെയും ഭൂതങ്ങളെയും സ്വർഗത്തിൽനിന്നു പുറന്തള്ളിയ കൃത്യമായ സമയം ബൈബിൾ വെളിപ്പെടുത്തുന്നില്ല. എന്നാൽ യേശുക്രിസ്തു 1914-ൽ സിംഹാസനസ്ഥനായ ഉടൻതന്നെ അതു സംഭവിച്ചു എന്ന് വ്യക്തമാണ്.
[അടിക്കുറിപ്പുകൾ]