ഭർത്താക്കന്മാരേ, ക്രിസ്തുവിന്റെ സ്നേഹം അനുകരിക്കുക
ഭൂമിയിലെ അവസാന രാത്രിയിൽ, യേശു വിശ്വസ്ത അപ്പൊസ്തലന്മാരോട് പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹ. 13:34, 35) അതെ, പരസ്പരം സ്നേഹിക്കേണ്ടവരാണ് സത്യക്രിസ്ത്യാനികൾ.
ക്രിസ്തീയ ഭർത്താക്കന്മാരെ സംബോധന ചെയ്തുകൊണ്ട് അപ്പൊസ്തലനായ പൗലൊസ് എഴുതി: “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.” (എഫെ. 5:25) ക്രിസ്തീയ ഭർത്താക്കന്മാർക്ക് ഈ തിരുവെഴുത്തു ബുദ്ധിയുപദേശം ദാമ്പത്യത്തിൽ എങ്ങനെ ബാധകമാക്കാനാകും, വിശേഷിച്ച് ഭാര്യ യഹോവയുടെ ഒരു സമർപ്പിത ദാസിയായിരിക്കുമ്പോൾ?
ക്രിസ്തുവിന് സഭ പ്രിയപ്പെട്ടതായിരുന്നു
“ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നത്” എന്നു ബൈബിൾ പറയുന്നു. (എഫെ. 5:28, 29) ക്രിസ്തുവിന് തന്റെ ശിഷ്യന്മാരോട് അതിയായ സ്നേഹമുണ്ടായിരുന്നു; അവർ അവന് അങ്ങേയറ്റം പ്രിയപ്പെട്ടവരായിരുന്നു. അവർ അപൂർണരായിരുന്നെങ്കിലും യേശു അവരോട് കനിവോടെയും കരുതലോടെയും ഇടപെട്ടു. ശിഷ്യന്മാരുടെ നന്മകളിലായിരുന്നു അവൻ ശ്രദ്ധിച്ചത്; കാരണം, ‘സഭയെ തനിക്കു വേണ്ടി തേജസ്സോടെ മുന്നിറുത്താൻ’ അവൻ ആഗ്രഹിച്ചു.—എഫെ. 5:27.
ക്രിസ്തുവിന് സഭയോടുള്ള സ്നേഹം വളരെ പ്രകടമായിരുന്നു. അതുപോലെയായിരിക്കണം ഭർത്താവിന് ഭാര്യയോടുള്ള സ്നേഹവും; അത് വാക്കിലും പ്രവൃത്തിയിലും നിറഞ്ഞുനിൽക്കണം. എന്നും ഭർത്താവിന്റെ സ്നേഹപരിലാളനകൾ ഏറ്റുവാങ്ങുന്ന ഒരു ഭാര്യ അതീവസന്തുഷ്ടയായിരിക്കും; താൻ വേണ്ടപ്പെട്ടവളാണെന്ന തോന്നൽ അത് അവളിലുളവാക്കും. എന്നാൽ ഭർത്താവിനാൽ അവഗണിക്കപ്പെടുന്ന ഒരു ഭാര്യ സകലസുഖസൗകര്യങ്ങൾക്കു നടുവിലും മനസ്സുനീറിക്കഴിയുകയായിരിക്കും.
ഭാര്യയോടുള്ള സ്നേഹവും വിലമതിപ്പും ഭർത്താവിന് പലവിധങ്ങളിൽ കാണിക്കാനാകും. അദ്ദേഹം ഭാര്യയെ മറ്റുള്ളവർക്കു പരിചയപ്പെടുത്തുന്നത് മാന്യതയോടെ ആയിരിക്കും. അവൾ നൽകുന്ന പിന്തുണയെ പ്രശംസിക്കാനും കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടി അവൾ ചെയ്തിട്ടുള്ള കാര്യങ്ങൾ അഭിമാനത്തോടെ പറയാനും അദ്ദേഹം മടി കാണിക്കില്ല. ഇരുവരും മാത്രമുള്ളപ്പോൾ അവൾക്ക് അദ്ദേഹത്തിന്റെ സ്നേഹം അനുഭവവേദ്യമാകും. കയ്യിലൊന്നു പിടിക്കുക, ഹൃദ്യമായൊന്നു പുഞ്ചിരിക്കുക, ആശ്ലേഷിക്കുക, അല്ലെങ്കിൽ ഒന്ന് അഭിനന്ദിക്കുക ഇതൊക്കെ കൊച്ചുകൊച്ചുകാര്യങ്ങളായിരിക്കാം. പക്ഷേ സ്ത്രീമനസ്സിന് അതൊക്കെ വലിയകാര്യങ്ങൾത്തന്നെയാണ്, അവൾ അത് ആഗ്രഹിക്കുന്നുണ്ട്.
‘അവരെ “സഹോദരന്മാർ” എന്നു വിളിക്കാൻ ലജ്ജിച്ചില്ല’
ക്രിസ്തുയേശു തന്റെ ‘[അഭിഷിക്ത അനുഗാമികളെ] സഹോദരന്മാർ എന്നു വിളിച്ചു.’ (എബ്രാ. 2:11, 12, 17) അതിൽനിന്ന്, ഭാര്യയെ നിങ്ങളുടെ ഒരു ക്രിസ്തീയ സഹോദരികൂടിയായി കണക്കാക്കേണ്ടതാണെന്നു മനസ്സിലാക്കാം. അവളുടെ വിവാഹപ്രതിജ്ഞയെക്കാളും പ്രാധാന്യമർഹിക്കുന്നതാണ് അവൾ യഹോവയ്ക്ക് ചെയ്തിരിക്കുന്ന സമർപ്പണം. അവൾ സ്നാനമേറ്റത് വിവാഹത്തിനു മുമ്പോ പിമ്പോ ആയിരുന്നാലും ഇതു സത്യമാണ്. യോഗങ്ങളിൽ അഭിപ്രായം പറയാൻ ക്ഷണിക്കുമ്പോഴുംമറ്റും പരിപാടി നടത്തുന്ന സഹോദരൻ നിങ്ങളുടെ ഭാര്യയെ “സഹോദരി” എന്ന് ഉചിതമായി അഭിസംബോധന ചെയ്യുന്നു. അതെ, അവൾ നിങ്ങളുടെയും സഹോദരിയാണ്; സഭയിൽ മാത്രമല്ല വീട്ടിലും. രാജ്യഹാളിൽ അവളോട് ഇടപെടുന്ന അതേ വിധത്തിൽ, ദയയോടും സൗമ്യതയോടും കൂടെ വീട്ടിലും ഇടപെടേണ്ടതുണ്ട്.
സഭയിൽ നിങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വങ്ങളുണ്ടെങ്കിൽ സഭയിലെയും കുടുംബത്തിലെയും ചുമതലകൾ ഒരുമിച്ചു കൊണ്ടുപോകുന്നത് ചിലപ്പോഴൊക്കെ ബുദ്ധിമുട്ടായി തോന്നിയേക്കാം. മൂപ്പന്മാരുടെയും ശുശ്രൂഷാ ദാസന്മാരുടെയും ഇടയിലെ നല്ല സഹകരണവും ചില സഭാ ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കുന്നതും സമയം കണ്ടെത്താൻ നിങ്ങളെ സഹായിക്കും. അങ്ങനെ ലഭിക്കുന്ന സമയം നിങ്ങൾക്ക് ഭാര്യക്കുവേണ്ടി നീക്കിവെക്കാനാകും. നിങ്ങളുടെ സമയവും ശ്രദ്ധയും ഏറ്റവും ആവശ്യമുള്ള സഹോദരിയാണ് നിങ്ങളുടെ ഭാര്യ. സഭയിൽ നിങ്ങൾ വഹിക്കുന്ന ഉത്തരവാദിത്വങ്ങൾ മറ്റു സഹോദരന്മാർക്കും നന്നായി നിർവഹിക്കാനാകുമെന്നോർക്കുക. എന്നാൽ ഭാര്യയോടുള്ള പ്രതിബദ്ധത നിറവേറ്റാൻ നിങ്ങൾക്കുമാത്രമേ കഴിയൂ.
ഭാര്യയുടെ ശിരസ്സുകൂടിയാണ് നിങ്ങൾ. “ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ” എന്ന് ബൈബിൾ പറയുന്നു. (1 കൊരി. 11:3) ഈ ഉത്തരവാദിത്വം നിങ്ങൾ എങ്ങനെ നിർവഹിക്കും? മേൽപ്പറഞ്ഞ വാക്യം ഇടയ്ക്കിടെ ഓർമിപ്പിച്ചുകൊണ്ടും ബഹുമാനിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുമല്ല അത് ചെയ്യേണ്ടത്, പിന്നെയോ സ്നേഹപൂർവമായിരിക്കണം. ശിരഃസ്ഥാനം ഏറ്റവും നന്നായി പ്രയോഗിക്കാനുള്ള മാർഗം യേശുവിനെ അനുകരിച്ചുകൊണ്ട് ഭാര്യയോട് ഇടപെടുക എന്നതാണ്.—1 പത്രൊ. 2:21.
നിങ്ങൾ എന്റെ “സ്നേഹിതന്മാർ”
യേശു ശിഷ്യന്മാരെ സ്നേഹിതന്മാർ എന്നു വിളിച്ചു. യേശു അവരോടു പറഞ്ഞു: “യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ടു ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല; ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതുകൊണ്ടു നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു.” (യോഹ. 15:14, 15) യേശുവും ശിഷ്യന്മാരും കാര്യങ്ങൾ തുറന്നുസംസാരിച്ചിരുന്നു. അവർ പല കാര്യങ്ങളും ഒരുമിച്ചു ചെയ്തു. കാനായിലെ കല്യാണവിരുന്നിന് “യേശുവിനെയും ശിഷ്യന്മാരെയും . . . ക്ഷണിച്ചിരുന്നു.” (യോഹ. 2:2) അവർ ഒരുമിച്ചുപോയി ഇരിക്കാറുള്ള പല സ്ഥലങ്ങളുമുണ്ടായിരുന്നു. അതിലൊന്നായിരുന്നു ഗെത്ത്ശെമെന തോട്ടം. ‘അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നു’ എന്ന് ബൈബിൾ പറയുന്നു.—യോഹ. 18:2.
ഭർത്താവിന്റെ ഏറ്റവുമടുത്ത സുഹൃത്താണ് താനെന്ന് ഭാര്യക്ക് തോന്നണം. ഒരുമിച്ചു കാര്യങ്ങൾ ചെയ്തുകൊണ്ട് ജീവിതത്തിലെ നല്ല നിമിഷങ്ങൾ പങ്കിടുന്നതിന്റെ സന്തോഷത്തെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരുമിച്ച് ദൈവത്തെ സേവിക്കുക. ഒരുമിച്ചു ബൈബിൾ പഠിക്കുക. ഒരുമിച്ചു നടക്കാനും ഭക്ഷണംകഴിക്കാനും അന്യോന്യം സംസാരിക്കാനും സമയം കണ്ടെത്തുക. വിവാഹിതദമ്പതികൾ എന്നതിനെക്കാളുപരി അടുത്ത സുഹൃത്തുക്കളായിരിക്കുക; അങ്ങനെ ജീവിതം ധന്യമാക്കുക.
അവൻ “അവസാനത്തോളം അവരെ സ്നേഹിച്ചു”
യേശു തന്റെ ശിഷ്യന്മാരെ ‘അവസാനത്തോളം സ്നേഹിച്ചു.’ (യോഹ. 13:1) ചില ഭർത്താക്കന്മാർ ക്രിസ്തുവിനെ അനുകരിക്കാൻ പരാജയപ്പെടുന്നത് ഇക്കാര്യത്തിലാണ്. അവർ ‘യൌവനത്തിലെ ഭാര്യയെ’ ഉപേക്ഷിക്കുന്നു; പലപ്പോഴും കുറെക്കൂടെ ചെറുപ്പമായ ഒരാളെ വിവാഹം കഴിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.—മലാ. 2:14, 15.
എന്നാൽ വില്ലിയെപ്പോലുള്ള ഭർത്താക്കന്മാർ ക്രിസ്തുവിനെ അനുകരിക്കുന്നു. ആരോഗ്യസ്ഥിതി വഷളായിക്കൊണ്ടിരുന്നതിനാൽ വില്ലിയുടെ ഭാര്യക്ക് വർഷങ്ങളോളം നിരന്തര പരിചരണം ആവശ്യമായിരുന്നു. വില്ലി സാഹചര്യത്തെ എങ്ങനെയാണ് വീക്ഷിച്ചത്? അദ്ദേഹം പറയുന്നതിങ്ങനെ: “എന്റെ ഭാര്യയെ ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമായിട്ടാണ് എപ്പോഴും ഞാൻ കരുതിയിട്ടുള്ളത്. അവളോടുള്ള എന്റെ സ്നേഹത്തിൽ ആ വിലമതിപ്പ് പ്രകടവുമായിരുന്നു. സുഖത്തിലും ദുഃഖത്തിലും അവളോടൊപ്പമുണ്ടായിരിക്കുമെന്ന് 60 വർഷങ്ങൾക്കു മുമ്പ് ഞാൻ അവൾക്ക് വാക്കു കൊടുത്തിരുന്നു. ആ വാക്ക് ഞാൻ ഒരിക്കലും മറക്കില്ല.”
അതുകൊണ്ട് ക്രിസ്തീയ ഭർത്താക്കന്മാരേ, ക്രിസ്തുവിന്റെ സ്നേഹം അനുകരിക്കുക. നിങ്ങളുടെ ക്രിസ്തീയ സഹോദരിയും ആത്മമിത്രവുമായ ജീവിതസഖിയെ വാത്സല്യപൂർവം പരിപാലിക്കുക.
[20-ാം പേജിലെ ചിത്രം]
ഭാര്യയാണോ നിങ്ങളുടെ ആത്മമിത്രം?
[20-ാം പേജിലെ ചിത്രം]
‘ഭാര്യയെ സ്നേഹിക്കുക’