വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ട” എന്ന് യെഹെസ്കേൽ 18:20 പറയുന്നു. എന്നാൽ, ‘പിതാക്കന്മാരുടെ അകൃത്യം മക്കളുടെ മേൽ സന്ദർശിക്കും’ എന്ന് പുറപ്പാടു 20:5-ൽ കാണുന്നു. ഈ രണ്ടു തിരുവെഴുത്തുകൾ പരസ്പര വിരുദ്ധമാണോ?
അല്ല. ആദ്യത്തെ വാക്യം ഓരോരുത്തരും വ്യക്തിപരമായി കണക്കുബോധിപ്പിക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ഒരാൾ ചെയ്യുന്ന തെറ്റിന്റെ അനന്തരഫലം പിൻഗാമികളും അനുഭവിക്കേണ്ടിവന്നേക്കാം എന്ന യഥാർഥ്യം എടുത്തുകാണിക്കുകയാണ് അടുത്ത വാക്യം.
ഓരോരുത്തരും വ്യക്തിപരമായി കണക്കുബോധിപ്പിക്കേണ്ടതുണ്ടെന്ന കാര്യം യെഹെസ്കേൽ 18-ാം അധ്യായം ഊന്നിപ്പറയുന്നു. “പാപം ചെയ്യുന്ന ദേഹി മരിക്കും” എന്നാണ് 4-ാം വാക്യം പറയുന്നത്. “എന്നാൽ ഒരു മനുഷ്യൻ നീതിമാനായിരുന്നു നീതിയും ന്യായവും പ്രവർത്തിക്കുന്നു എങ്കിൽ” “അവൻ നിശ്ചയമായി ജീവിച്ചിരിക്കും” എന്ന് തുടർന്ന് വായിക്കുന്നു. (യെഹെ. 18:5, 9) അതെ, കണക്കുബോധിപ്പിക്കാൻതക്ക പ്രായമായ ഓരോരുത്തരെയും ‘അവനവന്റെ വഴിക്കു തക്കവണ്ണമാണ് ന്യായം വിധിക്കുന്നത്.’—യെഹെ. 18:30.
ലേവ്യനായ കോരഹിന്റെ കാര്യത്തിൽ ഇതാണ് സംഭവിച്ചത്. ഇസ്രായേല്യരുടെ മരുപ്രയാണ കാലത്ത്, യഹോവ തന്നെ ഏൽപ്പിച്ചിരുന്ന നിയമനങ്ങളിൽ കോരഹ് അതൃപ്തനായിത്തീർന്നു. പൗരോഹിത്യശുശ്രൂഷ കാംക്ഷിച്ച കോരഹും അവനോടൊപ്പം ചേർന്ന മറ്റുചിലരും യഹോവയുടെ പ്രതിനിധികളായ മോശയ്ക്കും അഹരോനും എതിരെ മത്സരിച്ചു. അർഹതയില്ലാത്ത ഈ പദവി നേടിയെടുക്കാൻ ധിക്കാരപൂർവം ശ്രമിച്ചതുകൊണ്ട് കോരഹിനെയും അവന്റെ കൂട്ടരെയും യഹോവ കൊന്നുകളഞ്ഞു. (സംഖ്യാ. 16:8-11, 31-33) എന്നാൽ കോരഹിന്റെ പുത്രന്മാർ ഈ മത്സരികളുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല. പിതാവിന്റെ അകൃത്യത്തിന് ദൈവം അവരോട് കണക്കുചോദിച്ചതുമില്ല. യഹോവയോട് വിശ്വസ്തരായിരുന്നതുകൊണ്ട് അവർ രക്ഷപ്പെട്ടു.—സംഖ്യാ. 26:10, 11.
പുറപ്പാടു 20:5-ൽ പത്തു കൽപ്പനയുടെ ഭാഗമായി കൊടുത്തിരിക്കുന്ന മുന്നറിയിപ്പിന്റെ കാര്യമോ? ഇവിടെയും സാഹചര്യം പരിശോധിക്കേണ്ടതുണ്ട്. യഹോവ ഇസ്രായേൽ ജനതയുമായി ന്യായപ്രമാണ ഉടമ്പടി ചെയ്തു. ഉടമ്പടിയിലെ വ്യവസ്ഥകൾ കേട്ടശേഷം ഇസ്രായേല്യർ, “യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്ന് പരസ്യമായി പ്രഖ്യാപിച്ചു. (പുറ. 19:5-8) അങ്ങനെ ആ ജനത ഒന്നാകെ യഹോവയുമായി ഒരു പ്രത്യേക ബന്ധത്തിലേക്കുവന്നു. പുറപ്പാടു 20:5-ലെ വാക്കുകൾ ആ ജനതയെ ഒന്നടങ്കം അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം.
ഇസ്രായേല്യർ യഹോവയോട് വിശ്വസ്തരായിരുന്ന കാലത്ത് യഹോവ അവരെ സമൃദ്ധമായി അനുഗ്രഹിച്ചു. (ലേവ്യ. 26:3-8) എന്നാൽ ഇസ്രായേല്യർ യഹോവയെ തള്ളിക്കളഞ്ഞ് വ്യാജദൈവങ്ങളുടെ പിന്നാലെ പോയപ്പോൾ യഹോവ അവർക്കുള്ള സംരക്ഷണവും അനുഗ്രഹങ്ങളും പിൻവലിച്ചു, ആ ജനത കഷ്ടതയിലായി. (ന്യായാ. 2:11-18) എന്നാൽ അവരിൽ ചിലർ അപ്പോഴും യഹോവയോടു വിശ്വസ്തരും അവന്റെ കൽപ്പനകൾ പ്രമാണിക്കുന്നവരും ആയിരുന്നു. (1 രാജാ. 19:14, 18) വിശ്വസ്തരായിരുന്ന അവർക്കും ആ ജനത്തിന്റെ അകൃത്യംനിമിത്തം കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടിവന്നു. പക്ഷേ ആ വിശ്വസ്തരോട് യഹോവ സ്നേഹദയ കാണിച്ചു.
ഇസ്രായേല്യർ യഹോവയുടെ നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് അവന്റെ നാമത്തെ ജനതകൾക്കിടയിൽ നിന്ദാവിഷയമാക്കിയപ്പോൾ അവരെ ബാബിലോണിന്റെ അടിമത്തത്തിലാക്കാൻ അവൻ തീരുമാനിച്ചു. വ്യക്തികളും ജനത ഒന്നടങ്കവും ആ ശിക്ഷ അനുഭവിച്ചു. (യിരെ. 52:3-11, 27) ഇസ്രായേൽ ജനതയുടെ പാപം വളരെ ഗുരുതരമായിരുന്നു. അതുകൊണ്ടുതന്നെ പുറപ്പാടു 20:5-ൽ പ്രസ്താവിക്കുന്നതുപോലെ, പിതാക്കന്മാർ ചെയ്ത തെറ്റിന്റെ പരിണതഫലങ്ങൾ മൂന്നോ നാലോ ഒരുപക്ഷേ അതിലേറെയോ തലമുറകൾ അനുഭവിക്കേണ്ടിവന്നു എന്ന് ബൈബിൾ വ്യക്തമാക്കുന്നു.
മാതാപിതാക്കൾ ചെയ്ത തെറ്റിന്റെ ഫലം അനുഭവിക്കേണ്ടിവന്ന ചില കുടുംബങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. മഹാപുരോഹിതനായ ഏലി “നീചന്മാരും” അധർമികളുമായ തന്റെ പുത്രന്മാരെ പുരോഹിതന്മാരായി തുടരാൻ അനുവദിച്ചുകൊണ്ട് യഹോവയെ മുഷിപ്പിച്ചു. (1 ശമൂ. 2:12-16, 22-25) യഹോവയെക്കാൾ അധികമായി ഏലി പുത്രന്മാരെ ബഹുമാനിച്ചതുകൊണ്ട് അവന്റെ കുടുംബത്തെ മഹാപുരോഹിതസ്ഥാനത്തുനിന്നു നീക്കംചെയ്യുമെന്ന് യഹോവ കൽപ്പിച്ചു. ഏലിയുടെ വംശത്തിൽ പിറന്ന അബ്യാഥാരിന്റെ (ഏലിയുടെ പ്രപൗത്രപുത്രൻ) കാലത്ത് അങ്ങനെ സംഭവിച്ചു. (1 ശമൂ. 2:29-36; 1 രാജാ. 2:27) ഗേഹസിയുടെ കാര്യത്തിലും പുറപ്പാടു 20:5 സത്യമായി. സൗഖ്യംപ്രാപിച്ച സിറിയൻ സൈന്യാധിപനായ നയമാനിൽനിന്ന് സമ്മാനങ്ങൾ കൈവശപ്പെടുത്താനായി എലീശായുടെ ബാല്യക്കാരൻ എന്ന തന്റെ സ്ഥാനം അവൻ ദുരുപയോഗംചെയ്തു. എലീശാ മുഖാന്തരം യഹോവ ഗേഹസിക്കെതിരെ ന്യായവിധി പ്രഖ്യാപിച്ചു: “നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും.” (2 രാജാ. 5:20-27) അതെ, ഗേഹസി ചെയ്ത തെറ്റിന്റെ ഫലം അവന്റെ പിൻതലമുറകളും അനുഭവിക്കേണ്ടിവന്നു.
ഏതു ശിക്ഷയാണ് നീതിപൂർവകവും ഉചിതവും എന്നു തീരുമാനിക്കാനുള്ള പൂർണാവകാശം സ്രഷ്ടാവും ജീവദാതാവുമായ യഹോവയ്ക്കുണ്ട്. പിതാക്കന്മാരുടെ തെറ്റുകളുടെ ദുരന്തഫലങ്ങൾ മക്കളോ പിൻതലമുറകളോ അനുഭവിക്കേണ്ടിവന്നേക്കാമെന്ന് മേൽപ്പറഞ്ഞ സംഭവങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ യഹോവ “പീഡിതന്മാരുടെ നിലവിളി” കേൾക്കും. ആത്മാർഥമായി യഹോവയിലേക്കു തിരിയുന്നവർക്ക് അവന്റെ കടാക്ഷവും അവനിൽനിന്ന് ആശ്വാസവും പ്രതീക്ഷിക്കാനാകും.—ഇയ്യോ. 34:27.
[29-ാം പേജിലെ ചിത്രം]
കോരഹിനും കൂട്ടർക്കും അവരുടെ മത്സരഗതിക്ക് കണക്കുബോധിപ്പിക്കേണ്ടിവന്നു