അവരുടെ വിശ്വാസം അനുകരിക്കുക
അവൻ സഹിച്ചുനിന്നു
ശീലോവിൽ എങ്ങും ദുഃഖം തളംകെട്ടി നിൽക്കുകയാണ്. അത് ശമൂവേലിന്റെ മനസ്സിനെയും മഥിക്കുന്നുണ്ട്. എവിടെയും വിലാപം മാത്രം. സ്ത്രീകളും കുട്ടികളും അലമുറയിടുകയാണ്; ഒരിക്കലും തിരിച്ചുവരില്ലാത്ത അച്ഛന്മാരെയും ഭർത്താക്കന്മാരെയും പുത്രന്മാരെയും സഹോദരന്മാരെയും കുറിച്ചോർത്ത്. എന്താണ് സംഭവിച്ചത്? ഫെലിസ്ത്യരുമായുള്ള ഘോരയുദ്ധത്തിൽ ഇസ്രായേൽ പരാജയപ്പെട്ടു; ഏതാണ്ട് 30,000 പടയാളികളാണ് പോർക്കളത്തിൽ മരിച്ചുവീണത്! അതും, മറ്റൊരു യുദ്ധത്തിൽ 4,000 പേരെ നഷ്ടമായതിന്റെ ദുഃഖം മാറുന്നതിനുമുമ്പ്.—1 ശമൂവേൽ 4:1, 2, 10.
ഇതു പക്ഷേ, ദുരന്തങ്ങളുടെ പരമ്പരയിലെ ഒരു കണ്ണിമാത്രം. ഈ മഹാസംഹാരത്തിനുമുമ്പ് മഹാപുരോഹിതനായ ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയുടെയും ഫീനെഹാസിന്റെയും നേതൃത്വത്തിൽ യഹോവയുടെ നിയമപെട്ടകം ശീലോവിൽനിന്ന് എടുത്തുകൊണ്ടുപോയിരുന്നു. സമാഗമനകൂടാരത്തിന്റെ അതിവിശുദ്ധ ഭാഗത്ത് സൂക്ഷിച്ചിരുന്ന ഈ പെട്ടകം ദൈവത്തിന്റെ സാന്നിധ്യത്തിന്റെ പ്രതീകമായിരുന്നു. എന്നാൽ, ഫെലിസ്ത്യരെ ജയിക്കാൻ പെട്ടകം തങ്ങളെ സഹായിക്കുമെന്ന മിഥ്യാധാരണയിൽ ജനം അത് യുദ്ധഭൂമിയിലേക്ക് കൊണ്ടുപോയി. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. ഹൊഫ്നിയെയും ഫീനെഹാസിനെയും വധിച്ച് ഫെലിസ്ത്യർ പെട്ടകം പിടിച്ചെടുത്തു.—1 ശമൂവേൽ 4:3-11.
നൂറ്റാണ്ടുകളോളം ശീലോവിലെ സമാഗമനകൂടാരത്തിൽ ഉണ്ടായിരുന്ന ആ ദിവ്യസാന്നിധ്യമാണ് ഇപ്പോൾ പൊയ്പോയിരിക്കുന്നത്. ഈ ദുരന്തവാർത്ത കേട്ട് നടുങ്ങിപ്പോയ 98 വയസ്സുള്ള ഏലി തന്റെ ഇരിപ്പിടത്തിൽനിന്ന് പുറകോട്ടു വീണ് കഴുത്തൊടിഞ്ഞു മരിക്കുന്നു. അന്നുതന്നെ, വിധവയായിത്തീർന്ന അദ്ദേഹത്തിന്റെ മരുമകളും മരിക്കുന്നു, പ്രസവത്തെത്തുടർന്ന്. “മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി” എന്നു വിലപിച്ചുകൊണ്ടാണ് അവൾ മരിക്കുന്നത്. അതെ, ആ വാക്കുകൾ സത്യമായിരുന്നു! ശീലോവിന്റെ മഹത്ത്വം പൊയ്പോയിരുന്നു!—1 ശമൂവേൽ 4:12-22.
ആരെയും പിടിച്ചുലയ്ക്കാൻപോന്ന ഈ സാഹചര്യങ്ങളിൽ ശമൂവേൽ പതറിപ്പോയോ? യഹോവയുടെ പ്രീതിയും സംരക്ഷണവും നഷ്ടമായ ഒരു ജനതയെ സഹായിക്കുകയെന്ന ദുഷ്കരമായ ദൗത്യം ഏറ്റെടുക്കാൻ അവനു കഴിയുമോ? വിശ്വാസത്തിന്റെ മാറ്റുരയ്ക്കുന്ന പരിശോധനകളും പ്രതിബന്ധങ്ങളും നിത്യേന അഭിമുഖീകരിക്കുന്ന നമുക്ക് ശമൂവേലിന്റെ ജീവിതാനുഭവത്തിൽനിന്ന് എന്തെങ്കിലും പഠിക്കാനാകുമോ? നമുക്കു നോക്കാം.
അവൻ “നീതി നടപ്പാക്കി”
വിവരണം തുടർന്നു പറയുന്നത് നിയമപെട്ടകത്തെക്കുറിച്ചാണ്—അത് പിടിച്ചെടുത്തതിന്റെ പേരിൽ ഫെലിസ്ത്യർക്ക് നേരിട്ട കഷ്ടങ്ങളെക്കുറിച്ചും അങ്ങനെ അവർ അത് തിരിച്ചേൽപ്പിക്കുന്നതിനെക്കുറിച്ചും. വിവരണം വീണ്ടും ശമൂവേലിനെക്കുറിച്ചു പറയുമ്പോൾ ഏതാണ്ട് 20 സംവത്സരം കടന്നുപോയിരുന്നു. (1 ശമൂവേൽ 7:2) ആ 20 വർഷക്കാലം ശമൂവേൽ എന്തു ചെയ്യുകയായിരുന്നു? ബൈബിളിൽ അതിനുള്ള സൂചനയുണ്ട്.
ഈ കാലഘട്ടം തുടങ്ങുമ്പോൾ, ശമൂവേൽ യഹോവയുടെ വചനം ഇസ്രായേലിനെ അറിയിച്ചുകൊണ്ടിരുന്നതായി രേഖ പറയുന്നു. (1 ശമൂവേൽ 4:1) 20 വർഷത്തിനുശേഷം ശമൂവേലിനെക്കുറിച്ചു വീണ്ടും പറയവെ, അവൻ വർഷന്തോറും ഇസ്രായേലിലെ മൂന്നുപട്ടണങ്ങൾ സന്ദർശിച്ച് അവർക്ക് ന്യായപാലനം നടത്തിപ്പോന്നതായി നാം കാണുന്നു; സന്ദർശനങ്ങൾക്കുശേഷം ശമൂവേൽ രാമയിലെ തന്റെ ഭവനത്തിലേക്ക് മടങ്ങിപ്പോകുമായിരുന്നു. (1 ശമൂവേൽ 7:15-17) ഇതിൽനിന്ന് ഒരുകാര്യം മനസ്സിലാക്കാം: ആ 20 വർഷക്കാലത്തെ ശമൂവേലിന്റെ ജീവിതം വളരെ തിരക്കേറിയതായിരുന്നു.
ഏലിയുടെ പുത്രന്മാരുടെ അധാർമികതയും അഴിമതിയും ജനത്തിന്റെ വിശ്വാസത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്. പലരും വിഗ്രഹാരാധനയിലേക്കു തിരിയാൻ അത് ഇടയാക്കിയതായി കാണപ്പെടുന്നു. എന്നാൽ 20 വർഷത്തെ സേവനത്തിനുശേഷം ശമൂവേൽ യഹോവയുടെ വാക്കുകൾ ജനത്തെ അറിയിക്കുന്നു: “നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത്പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും.”—1 ശമൂവേൽ 7:3.
ഫെലിസ്ത്യരുടെ ഉപദ്രവംകൊണ്ട് ജനം പൊറുതിമുട്ടി. ഇസ്രായേൽസൈന്യം പരാജയപ്പെട്ട സ്ഥിതിക്ക് ദൈവജനത്തെ അനായാസം അടിച്ചമർത്താമെന്ന് ഫെലിസ്ത്യർ കരുതിയിരിക്കാം. എന്നാൽ ജനം യഹോവയിലേക്കു തിരിയുന്നപക്ഷം അവൻ അവരെ വിടുവിക്കുമെന്ന് ശമൂവേൽ ഉറപ്പുകൊടുത്തു. ജനം അതിനു മനസ്സുകാണിച്ചോ? ഉവ്വ്! അവർ ശമൂവേലിന്റെ വാക്കുകേട്ട് തങ്ങളുടെ വിഗ്രഹങ്ങളെ നീക്കിക്കളയുകയും “യഹോവയെ മാത്രം” ആരാധിക്കുകയും ചെയ്തു. ശമൂവേൽ മുഴു ഇസ്രായേലിനെയും മിസ്പയിൽ (യെരുശലേമിനു വടക്കുള്ള പർവതപ്രദേശത്തെ ഒരു പട്ടണം) കൂട്ടിവരുത്തി. കൂടിവന്ന ജനം, തങ്ങളുടെ കടുത്ത പാപത്തെക്കുറിച്ച് അനുതപിക്കുകയും ഉപവസിക്കുകയും ചെയ്തു.—1 ശമൂവേൽ 7:4-6.
ദൈവജനം മിസ്പയിൽ കൂടിവന്നിരിക്കുന്നെന്നു കേട്ടപ്പോൾ ഫെലിസ്ത്യർ ജനത്തെ ആക്രമിക്കാൻ പുറപ്പെട്ടു. അവരെ വകവരുത്തുകയായിരുന്നു ലക്ഷ്യം. ഇതറിഞ്ഞ് പരിഭ്രാന്തരായ ജനം തങ്ങൾക്കായി പ്രാർഥിക്കാൻ ശമൂവേലിനോട് അപേക്ഷിക്കുന്നു. യഹോവയ്ക്ക് ഒരു ഹോമയാഗം അർപ്പിച്ചുകൊണ്ട് അവൻ ജനത്തിനുവേണ്ടി പ്രാർഥിച്ചു. യാഗാർപ്പണത്തിനിടെ ഫെലിസ്ത്യസൈന്യം മിസ്പയിലെത്തി. അപ്പോൾ യഹോവ ശമൂവേലിന് ഉത്തരമരുളി. യഹോവയുടെ ക്രോധം ഫെലിസ്ത്യർക്കെതിരെ ജ്വലിച്ചു. “യഹോവ . . . ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി അവരെ പരിഭ്രമിപ്പിച്ചു.”—1 ശമൂവേൽ 7:7-10.
ഒരു ഇടിമുഴക്കത്തിന്റെ ശബ്ദം കേൾക്കുമ്പോൾ അമ്മയുടെ പിന്നിലൊളിക്കുന്ന കുട്ടികളെപ്പോലെ ഭീരുക്കളായിരുന്നോ ഈ പടയാളികൾ? അല്ല, പൊരുതി പരിചയിച്ച ധീരയോദ്ധാക്കളായിരുന്നു അവർ. അങ്ങനെയെങ്കിൽ അവരെ സംഭ്രാന്തരാക്കാൻപോന്ന ഈ ഇടിമുഴക്കം അസാധാരണമായ ഒന്നായിരുന്നുവെന്ന് സ്പഷ്ടം. ഇടിയുടെ കാതടപ്പിക്കുന്ന ശബ്ദമാണോ അവരെ പരിഭ്രാന്തരാക്കിയത്? ഇനി, തെളിഞ്ഞ ആകാശത്തുനിന്ന് അപ്രതീക്ഷിതമായി കേട്ട ഇടിനാദമാണോ അവരെ കുഴക്കിയത്? അതോ മലകളിൽത്തട്ടി പ്രതിധ്വനിച്ച അതിന്റെ മുഴക്കമാണോ? എന്തായിരുന്നാലും, ആ ഇടിമുഴക്കം ഫെലിസ്ത്യസൈന്യത്തെ കിടിലംകൊള്ളിച്ചു! ആകെ കുഴങ്ങിപ്പോയ ആ അക്രമികൾ നിസ്സഹായരായ ഇരകളായി! അതെ, പിടിച്ചടക്കാൻ വന്നവർ പിടിക്കപ്പെട്ടുപോയി! ഇസ്രായേൽ ജനം ഫെലിസ്ത്യരെ തോൽപ്പിച്ച് യെരുശലേമിന്റെ തെക്കുപടിഞ്ഞാറെ ഭാഗംവരെ പിന്തുടർന്ന് അവരെ സംഹരിച്ചു.—1 ശമൂവേൽ 7:11.
ദൈവജനത്തെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവായിരുന്നു ആ യുദ്ധം. ശമൂവേൽ ഇസ്രായേലിന് ന്യായപാലനം ചെയ്ത ശിഷ്ടകാലത്തൊക്കെയും ഫെലിസ്ത്യർ പിൻവാങ്ങിനിന്നു. പട്ടണങ്ങൾ ഒന്നൊന്നായി ഇസ്രായേലിനു തിരികെ കിട്ടി.—1 ശമൂവേൽ 7:13, 14.
നൂറ്റാണ്ടുകൾക്കുശേഷം, ‘നീതി നടപ്പാക്കിയ’ വിശ്വസ്തരായ ന്യായാധിപന്മാരെയും പ്രവാചകന്മാരെയും കുറിച്ചു പറയവെ പൗലോസ് അപ്പൊസ്തലൻ ശമൂവേലിന്റെ പേരും പരാമർശിച്ചു. (എബ്രായർ 11:32, 33) ദൈവദൃഷ്ടിയിൽ ശരിയായതു ചെയ്യാൻ ശമൂവേൽ ദൈവജനത്തെ സഹായിക്കുകതന്നെ ചെയ്തു. പ്രശ്നപൂരിതമായ സാഹചര്യങ്ങളിലും യഹോവയ്ക്കായി കാത്തിരിക്കുകയും തന്റെ ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ നിർവഹിക്കുകയും ചെയ്തുകൊണ്ട് അവൻ കർമോത്സുകനായി നിലകൊണ്ടു. യഹോവ ചെയ്ത നന്മകളെപ്രതി അവൻ യഹോവയോടു കൃതജ്ഞതയുള്ളവനായിരുന്നു. മിസ്പയിലെ വിജയത്തെ തുടർന്ന്, ദൈവം തന്റെ ജനത്തെ സംരക്ഷിച്ചതിന്റെ സ്മാരകമായി അവൻ ഒരു കല്ല് നാട്ടി.—1 ശമൂവേൽ 7:12.
ശമൂവേലിനെപ്പോലെ നീതിയോടു പറ്റിനിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ശമൂവേലിന്റെ സഹിഷ്ണുതയിൽനിന്നും താഴ്മയിൽനിന്നും കൃതജ്ഞതാ മനോഭാവത്തിൽനിന്നും പാഠം ഉൾക്കൊള്ളുക. നമുക്കെല്ലാം അവശ്യംവേണ്ട ഗുണങ്ങളാണവ. നന്നേ ചെറുപ്പത്തിൽത്തന്നെ ഈ സദ്ഗുണങ്ങൾ വളർത്തിയെടുത്തത് പിൽക്കാലത്ത് കഠിനമായ പരിശോധനകളെ നേരിടാൻ ശമൂവേലിനെ സജ്ജനാക്കി.
“നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല”
വാർധക്യത്തിലായിരിക്കുന്ന ശമൂവേലിനെയാണ് പിന്നെ നാം കാണുന്നത്. അവന്റെ പുത്രന്മാരായ യോവേലും അബീയാവും മുതിർന്നിരിക്കുന്നു. ന്യായപാലനത്തിൽ തന്നെ സഹായിക്കാനുള്ള ഉത്തരവാദിത്വം ശമൂവേൽ അവരെ ഏൽപ്പിച്ചു. സങ്കടകരമെന്നു പറയട്ടെ, അവർ അവന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ശമൂവേൽ സത്യസന്ധനും നീതിനിഷ്ഠനുമായിരുന്നെങ്കിലും അവന്റെ പുത്രന്മാർ, ‘ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുകളഞ്ഞു.’—1 ശമൂവേൽ 8:1-3.
ഒരിക്കൽ ഇസ്രായേൽ മൂപ്പന്മാർ ഒന്നിച്ചുകൂടി ഒരു പരാതിയുമായി ശമൂവേലിനെ സമീപിച്ചു. “നിന്റെ പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല,” അവർ പറഞ്ഞു. (1 ശമൂവേൽ 8:4, 5) ശമൂവേലിന് ഇക്കാര്യം അറിയാമായിരുന്നോ? അതേക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. പക്ഷേ ഒന്നു തീർച്ച, മക്കളുടെ വഴിവിട്ട ഗതി കണ്ടില്ലെന്നു നടിച്ച ഏലിയെപ്പോലെ ആയിരുന്നില്ല ശമൂവേൽ. മക്കളെ തിരുത്തുന്നതിൽ വീഴ്ച വരുത്തിയ ഏലിയെ യഹോവ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്തു. ‘നീ നിന്റെ പുത്രന്മാരെ എന്നെക്കാൾ ബഹുമാനിച്ചത് എന്ത്?’ എന്ന് യഹോവ അവനോടു ചോദിച്ചു. (1 ശമൂവേൽ 2:27-29) എന്നാൽ, ശമൂവേലിൽ യഹോവ അങ്ങനെയൊരു കുറ്റം ആരോപിക്കുന്നതായി കാണുന്നില്ല.
മക്കളുടെ ദുഷ്ചെയ്തികൾ ശമൂവേലിനുണ്ടാക്കിയ മനോവ്യഥയെയോ നാണക്കേടിനെയോ കുറിച്ച് ബൈബിൾ രേഖ ഒന്നും പറയുന്നില്ല. പക്ഷേ ഇന്നത്തെ പല മാതാപിതാക്കൾക്കും ശമൂവേലിന്റെ വികാരം മനസ്സിലാകും. ഈ അന്ത്യകാലത്ത് മാതാപിതാക്കളോടു മത്സരിക്കുകയും അവരുടെ ശാസനയെ മറുക്കുകയും ചെയ്യുന്ന പ്രവണത കുട്ടികൾക്കിടയിൽ വ്യാപകമാണ്. (2 തിമൊഥെയൊസ് 3:1-5) അതിന്റെ പേരിൽ വൈകാരിക വേദന അനുഭവിക്കുന്ന മാതാപിതാക്കൾക്ക് ശമൂവേലിന്റെ മാതൃക ഒരു വഴികാട്ടിയാണ്; അത് അവർക്ക് ഏറെ ആശ്വാസം പകരും. പുത്രന്മാരുടെ ദുർന്നടപടികൾ ശമൂവേലിന്റെ വിശ്വസ്തതയെ ബാധിച്ചോ? ഇല്ല. അവൻ തന്റെ വിശ്വസ്തഗതിയിൽനിന്ന് അണുവിടപോലും വ്യതിചലിച്ചില്ല. ഗുണദോഷവും ശാസനകളുമൊന്നും ഫലിക്കാത്തപ്പോഴും അച്ഛനമ്മമാരുടെ നല്ല മാതൃക ഒരുപക്ഷേ മക്കളുടെ മനസ്സിന് പരിവർത്തനം വരുത്തിയേക്കാം. അങ്ങനെയുള്ള മാതാപിതാക്കൾ അവരുടെ സ്വർഗീയ പിതാവായ യഹോവയ്ക്ക് അഭിമാനമായിരിക്കും, ശമൂവേലിനെപ്പോലെ.
‘ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണം’
ശമൂവേലിന്റെ പുത്രന്മാരുടെ ദുർന്നടപടികളിൽ മനംമടുത്ത് ഇസ്രായേല്യ മൂപ്പന്മാർ, ‘ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണം’ എന്ന് ശമൂവേലിനോട് അഭ്യർഥിക്കുന്നു. തങ്ങളുടെ ദുരാഗ്രഹവും സ്വാർഥബുദ്ധിയും ഇത്രയേറെ ഭവിഷ്യത്തുകൾ വരുത്തിവെക്കുമെന്ന് ശമൂവേലിന്റെ പുത്രന്മാർ ചിന്തിച്ചുകാണില്ല. ആകട്ടെ, ജനത്തിന്റെ ഈ ആവശ്യം കേട്ടപ്പോൾ അവർ തന്നെ തിരസ്കരിക്കുകയാണെന്ന് ശമൂവേലിനു തോന്നിയോ? പതിറ്റാണ്ടുകളോളം ഇസ്രായേലിന് ന്യായപാലനം നടത്തിയ വ്യക്തിയാണ് ശമൂവേൽ. ഇപ്പോൾ ശമൂവേലിനെപ്പോലെ വെറുമൊരു പ്രവാചകനെയല്ല ജനം ആവശ്യപ്പെടുന്നത്. തങ്ങൾക്ക് ന്യായപാലനം ചെയ്യാൻ ഒരു രാജാവിനെയാണ്! ചുറ്റുമുള്ള ജനതകൾക്കുള്ളതുപോലെ തങ്ങളുടെ അധിപനായി ഒരു രാജാവിനെ! എന്തായിരുന്നു ശമൂവേലിന്റെ പ്രതികരണം? “അവർ പറഞ്ഞ കാര്യം ശമൂവേലിന്നു അനിഷ്ടമായി” എന്നു നാം വായിക്കുന്നു.—1 ശമൂവേൽ 8:5, 6.
ശമൂവേൽ ഇതേപ്പറ്റി യഹോവയോടു പ്രാർഥിച്ചപ്പോൾ യഹോവ എന്താണു പറഞ്ഞത്? “ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നത്.” യഹോവയുടെ ഈ വാക്കുകൾ ശമൂവേലിന്റെ മനസ്സിനെ തെല്ലൊന്ന് ആശ്വസിപ്പിച്ചിരിക്കണം. പക്ഷേ സർവശക്തനോടുള്ള എത്ര കടുത്ത അനാദരവായിരുന്നു ജനത്തിന്റെ ആ അപേക്ഷ! ഒരു മാനുഷരാജാവിന്റെ ന്യായപാലനം ജനത്തിന് എത്ര ക്ലേശങ്ങൾ വരുത്തിക്കൂട്ടുമെന്ന വസ്തുത അവരുടെ ശ്രദ്ധയിൽപ്പെടുത്താൻ യഹോവ പ്രവാചകനോടു നിർദേശിച്ചു. ശമൂവേൽ അങ്ങനെ ചെയ്തെങ്കിലും ജനം തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു. “അല്ല, ഞങ്ങൾക്കു ഒരു രാജാവു വേണം,” ഏകസ്വരത്തിൽ അവർ പറഞ്ഞു. എന്നും ദൈവത്തെ അനുസരിക്കുകമാത്രം ചെയ്തിട്ടുള്ള ശമൂവേൽ പുറപ്പെട്ട് യഹോവ തിരഞ്ഞെടുത്ത പുരുഷനെ രാജാവായി അഭിഷേകം ചെയ്തു.—1 ശമൂവേൽ 8:7-19.
എന്നാൽ മനസ്സില്ലാമനസ്സോടെ, മുറുമുറുത്തുകൊണ്ടാണോ ശമൂവേൽ അതു ചെയ്തത്? മനസ്സിലെ നിരാശ നീരസമായി വളരാൻ അവൻ അനുവദിച്ചോ? ഇത്തരമൊരു സാഹചര്യത്തിൽ മിക്കവരും അങ്ങനെയാകും പ്രതികരിക്കുക. ശമൂവേൽ പക്ഷേ അതു ചെയ്തില്ല. അവൻ ശൗലിനെ അഭിഷേകം ചെയ്തെന്നു മാത്രമല്ല, ശൗലിനെ യഹോവ തിരഞ്ഞെടുത്തതാണെന്ന വസ്തുത അംഗീകരിക്കുകയും ചെയ്തു. പുതിയ രാജാവിനെ അംഗീകരിച്ചുകൊണ്ട് അവനോടുള്ള വിധേയത്വത്തിന്റെ അടയാളമായി ശമൂവേൽ, രാജാവിനെ ചുംബിക്കുന്നതായും നാം വിവരണത്തിൽ വായിക്കുന്നു. തുടർന്ന് അവൻ ജനത്തോട്, “യഹോവ തിരഞ്ഞെടുത്തവനെ നിങ്ങൾ കാണുന്നുവോ? സർവ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ” എന്നു പറഞ്ഞു.—1 ശമൂവേൽ 10:1, 24.
യഹോവ തിരഞ്ഞെടുത്ത രാജാവിന്റെ കുറവുകളല്ല നന്മകളാണ് ശമൂവേൽ ശ്രദ്ധിച്ചത്. ഇനി തന്നെ സംബന്ധിച്ചാണെങ്കിൽ, തന്റെ വിശ്വസ്ത ജീവിതരേഖയിലാണ് അവൻ മനസ്സു കേന്ദ്രീകരിച്ചത്. അഭിപ്രായസ്ഥിരതയില്ലാത്ത ജനത്തിന്റെ അംഗീകാരം അവൻ ഒരിക്കലും കാംക്ഷിച്ചിരുന്നില്ല. (1 ശമൂവേൽ 12:1-4) ആത്മീയ അപകടങ്ങളെക്കുറിച്ച് ജനത്തിനു ബോധംവരുത്തുകയും യഹോവയോട് വിശ്വസ്തരായിരിക്കാൻ അവരെ ഉദ്ബോധിപ്പിക്കുകയും ചെയ്തുകൊണ്ട് വിശ്വസ്തതയോടെ അവൻ തന്റെ നിയോഗം നിറവേറ്റി. ശമൂവേലിന്റെ ഉപദേശം അവരുടെ മനസ്സിൽത്തട്ടി. പശ്ചാത്താപം തോന്നിയ അവർ തങ്ങൾക്കുവേണ്ടി യഹോവയോട് അപേക്ഷിക്കാൻ ശമൂവേലിനോട് യാചിച്ചു. അതിനു ശമൂവേൽ നൽകിയ മറുപടി ശ്രദ്ധാർഹമാണ്: “എന്നെ സംബന്ധിച്ചാകട്ടെ, നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാതിരുന്ന് കർത്താവിനോടു (യഹോവയോടു) പാപം ചെയ്ക എന്നത് അചിന്ത്യമാണ്. ഞാൻ നിങ്ങൾക്കു നേരും ചൊവ്വുമുള്ള വഴി ഉപദേശിച്ചു തരും.”—1 ശമൂവേൽ 12:21-24, ഓശാന ബൈബിൾ.
ഒരു പ്രത്യേക പദവിക്കായി നിങ്ങൾക്കു പകരം വേറൊരാളെ തിരഞ്ഞെടുക്കുന്നുവെന്നു കരുതുക. നിങ്ങൾക്കു നിരാശ തോന്നുമോ? ഇത്തരം സാഹചര്യങ്ങളിൽ അസൂയയ്ക്കോ നീരസത്തിനോ വഴിപ്പെടരുത് എന്ന വസ്തുത നമ്മെ അനുസ്മരിപ്പിക്കുന്നതാണ് ശമൂവേലിന്റെ ദൃഷ്ടാന്തം. തന്റെ ഓരോ വിശ്വസ്തദാസന്മാരെയും കുറിച്ച് ദൈവത്തിനു വ്യക്തമായ ഉദ്ദേശ്യമുണ്ട്; അവന്റെ സേവനത്തിൽ നമുക്കെല്ലാം ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്.
“നീ അവനെക്കുറിച്ചു എത്രത്തോളം ദുഃഖിക്കും?”
ശൗലിനെ ശമൂവേലിനു ബോധിച്ചതിൽ അതിശയിക്കാനില്ല. കാരണം അവൻ ഉത്തമനായ ഒരു പുരുഷനായിരുന്നു. അരോഗദൃഢഗാത്രനും സുമുഖനുമായ ആ ചെറുപ്പക്കാരൻ ധീരനും കാര്യശേഷിയുള്ളവനും ആയിരുന്നു. താൻ വലിയവനാണെന്ന ഭാവവും അവന് ഇല്ലായിരുന്നു. (1 ശമൂവേൽ 10:22, 23, 27) ഇതിലെല്ലാം ഉപരി, ദൈവദത്തമായ മറ്റൊരു പ്രാപ്തി അവനുണ്ടായിരുന്നു. ഇച്ഛാസ്വാതന്ത്ര്യം! അതായത്, തീരുമാനങ്ങളെടുക്കാനും സ്വന്തം ജീവിതഗതി നിശ്ചയിക്കാനുമുള്ള പ്രാപ്തി. (ആവർത്തനപുസ്തകം 30:19) ഈ സവിശേഷ പ്രാപ്തി അവൻ ശരിയായി ഉപയോഗിച്ചോ?
അധികാരത്തിന്റെ പ്രഭയിൽ ഒരാൾക്ക് മിക്കപ്പോഴും ആദ്യം കൈമോശം വരുന്നത് എളിമയായിരിക്കും. സങ്കടകരമെന്നു പറയട്ടെ, ശൗലിന്റെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. ശൗലിന്റെ എളിമ അഹന്തയ്ക്ക് വഴിമാറി. ശമൂവേൽ മുഖാന്തരം യഹോവ നൽകിയ നിർദേശങ്ങൾ പിൻപറ്റാൻ അവൻ കൂട്ടാക്കിയില്ല. ഒരു സന്ദർഭത്തിൽ അക്ഷമനായിത്തീർന്ന ശൗൽ, ശമൂവേൽ അർപ്പിക്കേണ്ടിയിരുന്ന ഒരു യാഗം അർപ്പിച്ചു. അതിന്റെ പേരിൽ ശമൂവേൽ അവനെ ശാസിക്കുകയും രാജത്വം ശൗലിന്റെ കുടുംബത്തിൽനിന്ന് നീങ്ങിപ്പോകുമെന്ന് മുന്നറിയിക്കുകയും ചെയ്തു. ബുദ്ധിയുപദേശത്തിൽനിന്ന് പാഠം ഉൾക്കൊള്ളുന്നതിനു പകരം ശൗൽ വലിയ പാതകങ്ങൾ ചെയ്തുകൂട്ടുകയാണുണ്ടായത്.—1 ശമൂവേൽ 13:8, 9, 13, 14.
അമാലേക്യരുമായി യുദ്ധം ചെയ്യാൻ ശമൂവേൽ മുഖാന്തരം യഹോവ ശൗലിനോടു പറഞ്ഞു. അവരുടെ ദുഷ്ടരാജാവായ ആഗാഗിനെ വധിക്കണമെന്ന് യഹോവ കൽപ്പിച്ചിരുന്നു. എന്നാൽ, ശൗൽ ആഗാഗിനെ വധിച്ചില്ലെന്നു മാത്രമല്ല, നശിപ്പിച്ചു കളയണമെന്ന് യഹോവ കൽപ്പിച്ചിരുന്ന കൊള്ളമുതലിൽ മേൽത്തരമായവ എടുക്കുകയും ചെയ്തു. ശൗലിനെ തിരുത്താൻ ശ്രമിച്ചപ്പോഴാണ് അവൻ എത്ര മാറിപ്പോയി എന്ന് ശമൂവേലിനു മനസ്സിലായത്. എളിമയോടെ ഗുണദോഷം സ്വീകരിക്കുന്നതിനു പകരം ശൗൽ എന്താണു ചെയ്തതെന്നോ? തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് കുറ്റം ജനത്തിന്റെമേൽ കെട്ടിവെക്കാൻ നോക്കി. കൊള്ളയിൽ ചിലത് യഹോവയ്ക്ക് യാഗം കഴിക്കാൻ എടുത്തതാണെന്നു പറഞ്ഞുകൊണ്ട് ശമൂവേലിന്റെ ശാസനയെ നിസ്സാരീകരിക്കാനാണ് അവൻ ശ്രമിച്ചത്. ഈ സന്ദർഭത്തിലാണ് ശമൂവേൽ പിൻവരുന്ന വിഖ്യാതമായ പ്രസ്താവന നടത്തുന്നത്: “അനുസരിക്കുന്നതു യാഗത്തെക്കാളും . . . നല്ലത്.” തുടർന്ന്, ശമൂവേൽ ധൈര്യസമേതം യഹോവയുടെ തീരുമാനം അവനെ അറിയിക്കുന്നു. രാജത്വം ശൗലിന്റെ പക്കൽനിന്നെടുത്ത് ഉത്തമനായ മറ്റൊരു പുരുഷനു കൊടുക്കും എന്നതായിരുന്നു ആ തീരുമാനം.—1 ശമൂവേൽ 15:1-33.
ശൗലിന്റെ പെരുമാറ്റം ശമൂവേലിനെ വല്ലാതെ വിഷമിപ്പിച്ചു. ആ രാത്രി മുഴുവൻ അവൻ അതേക്കുറിച്ച് യഹോവയോടു നിലവിളിച്ചു. എന്തിന്, അവൻ ശൗലിനെപ്രതി വിലാപം കഴിക്കുകപോലും ചെയ്തു. ഏറെ നന്മകളുള്ള, പ്രജാതത്പരനായ ഒരു രാജാവിനെയാണ് ശമൂവേൽ ശൗലിൽ കണ്ടത്. പക്ഷേ അവന്റെ പ്രതീക്ഷകൾ അസ്ഥാനത്തായി. ശമൂവേലിന്റെ മനസ്സിനു ബോധിച്ച ആളേയല്ല അവൻ ഇന്ന്. സദ്ഗുണങ്ങൾ ഒന്നൊന്നായി നഷ്ടപ്പെട്ട അവൻ ഇപ്പോൾ യഹോവയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഈ സംഭവത്തിനുശേഷം ശൗലിനെ കാണാൻ ശമൂവേൽ കൂട്ടാക്കുന്നില്ല. അങ്ങനെയിരിക്കെയാണ് യഹോവ ശമൂവേലിന് സൗമ്യമായൊരു തിരുത്തൽ നൽകുന്നത്: “യിസ്രായേലിലെ രാജസ്ഥാനത്തിൽനിന്നു ഞാൻ ശൗലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ചു എത്രത്തോളം ദുഃഖിക്കും? കൊമ്പിൽ തൈലം നിറെച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്ത്ലേഹെമ്യനായ യിശ്ശായിയുടെ അടുക്കൽ അയക്കും; അവന്റെ മക്കളിൽ ഞാൻ ഒരു രാജാവിനെ കണ്ടിരിക്കുന്നു.”—1 ശമൂവേൽ 15:34, 35; 16:1.
അപൂർണ മനുഷ്യരുടെ അവിശ്വസ്തത യഹോവയുടെ ഉദ്ദേശ്യങ്ങളെ ഒരുതരത്തിലും ബാധിക്കില്ല. ഒരാൾ അവിശ്വസ്തനായാൽ തന്റെ ഹിതം നിറവേറ്റാൻ യഹോവ മറ്റൊരാളെ ഉപയോഗിക്കും. ഒടുവിൽ, ശൗലിനെ പ്രതിയുള്ള ശമൂവേലിന്റെ ദുഃഖം ശമിച്ചു. യഹോവയുടെ നിർദേശപ്രകാരം ശമൂവേൽ ബേത്ത്ലെഹെമിലുള്ള യിശ്ശായിയുടെ ഭവനത്തിലേക്ക് പുറപ്പെടുന്നു. അവിടെ അവൻ യിശ്ശായിയുടെ പുത്രന്മാരെ കാണുന്നു. അഴകും ആരോഗ്യവും തികഞ്ഞവരായിരുന്നു അവർ. എന്നാൽ യിശ്ശായിയുടെ മൂത്തപുത്രനെ കണ്ട് അവനെ അഭിഷേകം ചെയ്യാനൊരുങ്ങിയ ശമൂവേലിനെ യഹോവ തടയുന്നു: “അവന്റെ മുഖമോ പൊക്കമോ നോക്കരുതു; . . . മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” (1 ശമൂവേൽ 16:7) ഒടുവിൽ യിശ്ശായിയുടെ ഇളയ പുത്രന്റെ ഊഴമായി. അവനെ അഭിഷേകം ചെയ്യാൻ യഹോവ കൽപ്പിക്കുന്നു. ദാവീദായിരുന്നു അവൻ, യഹോവ തിരഞ്ഞെടുത്ത പുതിയ രാജാവ്!
ശൗലിനു പകരം ദാവീദിനെ രാജാവാക്കാനുള്ള യഹോവയുടെ തീരുമാനം ശരിയായിരുന്നെന്ന് പിൽക്കാല വർഷങ്ങളിൽ ശമൂവേലിന് ബോധ്യമായി. ശൗൽ ഒന്നിനൊന്ന് അധഃപതിച്ചുകൊണ്ടിരുന്നു. അസൂയാലുവായിത്തീർന്ന ശൗൽ ദാവീദിനെ കൊല്ലാൻവരെ മുതിർന്നു; ഒടുവിൽ അവൻ വിശ്വാസത്യാഗിയായി മാറി. എന്നാൽ ആകർഷകമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ദാവീദ്. ധൈര്യശാലിയും ദൈവത്തോടു കൂറുള്ളവനും ആയിരുന്നു അവൻ. ജീവിതാവസാനത്തോട് അടുത്തപ്പോൾ ശമൂവേലിന്റെ വിശ്വാസം എന്നത്തേതിലും ബലിഷ്ഠമായി. ആത്യന്തികമായി യഹോവയ്ക്ക് പരിഹരിക്കാനാകാത്തതായി ഒന്നുമില്ലെന്ന് അവനു മനസ്സിലായി. എന്തിന്, ദുഷ്കരമായ ഒരു സാഹചര്യത്തെ അനുഗ്രഹമായി മാറ്റാൻപോലും അവനു കഴിയും. ഏതാണ്ട് ഒരു നൂറ്റാണ്ടു ദീർഘിച്ച ഒരു വിശ്വസ്ത ജീവിതരേഖ പിന്നിൽ അവശേഷിപ്പിച്ചിട്ടാണ് ശമൂവേൽ മരിക്കുന്നത്. സകല ഇസ്രായേല്യരും അവനെച്ചൊല്ലി വിലാപം കഴിച്ചതിൽ അതിശയിക്കാനില്ല. ഇന്നത്തെ ഓരോ ദൈവദാസന്മാരും സ്വയം ചോദിക്കണം: ‘ഞാൻ ശമൂവേലിന്റെ വിശ്വാസം അനുകരിക്കുമോ?’
[17-ാം പേജിലെ ചിത്രം]
പ്രിയപ്പെട്ടവരുടെ വേർപാട് വരുത്തിവെച്ച വേദന സഹിക്കാൻ ശമൂവേൽ ജനത്തെ സഹായിച്ചത് എങ്ങനെ?
[18-ാം പേജിലെ ചിത്രം]
സ്വന്തം പുത്രന്മാർ വഴിപിഴച്ചുപോയതിന്റെ ദുഃഖം മറികടക്കാൻ ശമൂവേലിനു കഴിഞ്ഞത് എങ്ങനെ?