ലോകത്തിന്റെയല്ല ദൈവത്തിന്റെ ആത്മാവിനെ പ്രാപിക്കുക
“നാമോ ലോകത്തിന്റെ ആത്മാവിനെയല്ല, ദൈവം നമുക്കു കനിഞ്ഞുനൽകിയിരിക്കുന്നതു ഗ്രഹിക്കേണ്ടതിന് ദൈവത്തിൽനിന്നുള്ള ആത്മാവിനെയത്രേ പ്രാപിച്ചിരിക്കുന്നത്.”—1 കൊരി. 2:12.
1, 2. (എ) സത്യക്രിസ്ത്യാനികൾ ഏതു യുദ്ധത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്? (ബി) നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?
സത്യക്രിസ്ത്യാനികൾ ഒരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. തഴക്കവും പഴക്കവുമുള്ള ശക്തനും തന്ത്രശാലിയും ആണ് ശത്രു. മനുഷ്യവർഗത്തിൽ ഭൂരിഭാഗത്തെയും കീഴ്പെടുത്താൻ അവനു കഴിഞ്ഞിരിക്കുന്നു. അത്ര ശക്തമാണ് അവന്റെ ആയുധം. പക്ഷേ, നാം നിരാശപ്പെടേണ്ടതില്ല. (യെശ. 41:10) ഏതൊരു ആക്രമണത്തെയും ചെറുത്തുതോൽപ്പിക്കാൻ കഴിയുന്ന ഒരായുധം നമുക്കുണ്ട്.
2 നാം ഏർപ്പെട്ടിരിക്കുന്നത് ആത്മീയ യുദ്ധത്തിലാണ്; ശത്രു പിശാചായ സാത്താനും. അവന്റെ മുഖ്യ ആയുധം ‘ലോകത്തിന്റെ ആത്മാവാണ്.’ (1 കൊരി. 2:12) എന്നാൽ അതിനെ പ്രതിരോധിക്കാൻ പറ്റിയ ഒരായുധം നമ്മുടെ പക്കലുണ്ട്: പരിശുദ്ധാത്മാവ്. ഈ യുദ്ധത്തിൽ ജയിക്കാനും ആത്മീയമായി കരുത്തുറ്റവരായിരിക്കാനും നാം ദൈവാത്മാവിനായി യാചിക്കുകയും അതിന്റെ ഫലം ജീവിതത്തിൽ പ്രകടിപ്പിക്കുകയും വേണം. (ഗലാ. 5:22, 23) ആകട്ടെ, എന്താണ് ലോകത്തിന്റെ ആത്മാവ്? അത് ഇത്ര പ്രബലമായിത്തീർന്നത് എങ്ങനെയാണ്? ലോകത്തിന്റെ ആത്മാവ് നമ്മെ സ്വാധീനിക്കുന്നുണ്ടോ എന്നു നമുക്ക് എങ്ങനെ തിരിച്ചറിയാം? ദൈവത്തിന്റെ ആത്മാവ് നേടുന്നതിനെക്കുറിച്ചും ഈ ലോകത്തിന്റെ ആത്മാവിനെ ചെറുക്കുന്നതിനെക്കുറിച്ചും യേശുവിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
ലോകത്തിന്റെ ആത്മാവ്—ഇത്ര വ്യാപകമായിരിക്കുന്നത് എന്തുകൊണ്ട്?
3. എന്താണ് ലോകത്തിന്റെ ആത്മാവ്?
3 ലോകത്തിന്റെ ആത്മാവ് ഉത്ഭവിക്കുന്നത് “ഈ ലോകത്തിന്റെ അധിപതി”യായ സാത്താനിൽനിന്നാണ്. യഹോവയുടെ പരിശുദ്ധാത്മാവിന് എതിരായാണ് അതു പ്രവർത്തിക്കുന്നത്. (യോഹ. 12:31; 14:30; 1 യോഹ. 5:19) ഈ ലോകത്തിലെ ആളുകളെ നിയന്ത്രിക്കുന്ന ദുസ്സ്വാധീനമാണ് അത്. ആളുകളെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്ന ഈ ശക്തി ദൈവത്തിന്റെ ഹിതത്തിനും ഉദ്ദേശ്യത്തിനും എതിരെ ചരിക്കാൻ അവരെ ഉത്തേജിപ്പിക്കുന്നു.
4, 5. ഈ ലോകത്തിന്റെ ആത്മാവ് ഇത്ര വ്യാപകമായിത്തീർന്നത് എങ്ങനെയാണ്?
4 സാത്താൻ ഉന്നമിപ്പിക്കുന്ന ഈ ആത്മാവ് ഇത്ര വ്യാപകമായിത്തീർന്നത് എങ്ങനെയാണ്? ആദ്യം സാത്താൻ ഏദെൻതോട്ടത്തിൽവെച്ച് ഹവ്വായെ വഞ്ചിച്ചു; ദൈവത്തിൽനിന്നു സ്വതന്ത്രയായാൽ അവളുടെ ജീവിതം മെച്ചപ്പെടുമെന്ന് അവൻ അവളെ പറഞ്ഞുവിശ്വസിപ്പിച്ചു. (ഉല്പ. 3:13) കല്ലുവെച്ചൊരു നുണയായിരുന്നു അത്! (യോഹ. 8:44) അടുത്തതായി അവൻ ഹവ്വായെ ഉപയോഗിച്ച് ആദാമിനെ വശത്താക്കി. അങ്ങനെ ആദാമും യഹോവയോട് അവിശ്വസ്തനായിത്തീർന്നു. ആദാമിന്റെ ഈ നടപടിക്ക് ദാരുണമായ ഒരു ഭവിഷ്യത്തുണ്ടായി: മനുഷ്യവർഗം പാപത്തിന്റെ അടിമകളായിത്തീർന്നു; സാത്താനിൽനിന്ന് ഉത്ഭവിക്കുന്ന അനുസരണക്കേടിന്റെ ആത്മാവിനു വശംവദരാകാനുള്ള പ്രവണത അങ്ങനെ അവർക്കു കൈമാറിക്കിട്ടി.—എഫെസ്യർ 2:1-3 വായിക്കുക.
5 ഒരു വലിയ സംഘം ദൂതന്മാരെയും സാത്താൻ തന്റെ വലയിലാക്കി. അവരാണ് ഭൂതങ്ങളായിത്തീർന്നത്. (വെളി. 12:3, 4) നോഹയുടെ കാലത്തെ ജലപ്രളയത്തിനു കുറച്ചുകാലം മുമ്പായിരുന്നു ദൈവത്തിനെതിരെയുള്ള ഈ മത്സരം. സ്വർഗത്തിലെ നിയമിതസ്ഥാനം ഉപേക്ഷിച്ചു ഭൂമിയിൽ വന്ന് തങ്ങളുടെ അസ്വാഭാവിക മോഹങ്ങൾ പിന്തുടരുന്നതാണ് നല്ലതെന്ന് ആ ദൂതന്മാർക്കു തോന്നി. (യൂദാ 6) ജഡശരീരം ഉപേക്ഷിച്ചു തിരികെച്ചെന്ന ഈ ഭൂതങ്ങളെ ഉപയോഗിച്ച് സാത്താൻ ഇന്ന് “ഭൂതലത്തെ മുഴുവൻ വഴിതെറ്റിക്കു”കയാണ്. (വെളി. 12:9) എന്നാൽ ബഹുഭൂരിപക്ഷം മനുഷ്യരും ഈ ഭൂതങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അജ്ഞരാണ് എന്നതാണ് സങ്കടകരമായ വസ്തുത.—2 കൊരി. 4:4.
ലോകത്തിന്റെ ആത്മാവ് നിങ്ങളെ സ്വാധീനിക്കുന്നുണ്ടോ?
6. ലോകത്തിന്റെ ആത്മാവ് നമ്മെ സ്വാധീനിക്കുന്നത് എപ്പോഴാണ്?
6 സാത്താന്റെ തന്ത്രങ്ങളെക്കുറിച്ച് ഇന്നു പലരും അജ്ഞരാണ്. പക്ഷേ, സത്യക്രിസ്ത്യാനികളുടെ കാര്യം അങ്ങനെയല്ല. സാത്താൻ എങ്ങനെയാണ് ആളുകളെ വഴിതെറ്റിക്കുന്നതെന്ന് ദൈവവചനത്തിൽനിന്ന് അവർ മനസ്സിലാക്കിയിട്ടുണ്ട്. (2 കൊരി. 2:11) നാം അനുവദിക്കാത്തപക്ഷം ലോകത്തിന്റെ ആത്മാവിനു നമ്മെ സ്വാധീനിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. നമ്മെ സ്വാധീനിക്കുന്നത് ദൈവത്തിന്റെ ആത്മാവാണോ ലോകത്തിന്റെ ആത്മാവാണോ എന്നു തിരിച്ചറിയാൻ നാലുചോദ്യങ്ങൾ നമുക്ക് ഇപ്പോൾ പരിചിന്തിക്കാം.
7. യഹോവയിൽനിന്ന് നമ്മെ അകറ്റാൻ സാത്താൻ എന്തു ചെയ്യുന്നു?
7 ഞാൻ തിരഞ്ഞെടുക്കുന്ന വിനോദം എന്നെക്കുറിച്ച് എന്തു വെളിപ്പെടുത്തുന്നു? (യാക്കോബ് 3:14-18 വായിക്കുക.) നമ്മുടെ ഉള്ളിൽ അക്രമത്തോടുള്ള സ്നേഹം വളർത്തിക്കൊണ്ട് ദൈവത്തിൽനിന്ന് നമ്മെ അകറ്റാൻ സാത്താൻ ശ്രമിക്കുന്നു. അക്രമത്തെ സ്നേഹിക്കുന്നവരെയെല്ലാം യഹോവ വെറുക്കുന്നു എന്ന് അവനറിയാം. (സങ്കീ. 11:5) അതുകൊണ്ട് നമ്മുടെ ജഡികമോഹങ്ങളെ ഉണർത്തുന്ന പ്രസിദ്ധീകരണങ്ങളും സിനിമകളും പാട്ടുകളും മാത്രമല്ല, അധാർമികതയും കൊടുംക്രൂരതയും പ്രവർത്തിക്കുന്ന കഥാപാത്രങ്ങളായി മാറാൻ കളിക്കാർക്ക് അവസരമൊരുക്കുന്ന ഇലക്ട്രോണിക് ഗെയിമുകളും സാത്താൻ ഇന്ന് ഉപയോഗിക്കുന്നു. നമ്മുടെ ഹൃദയത്തിൽ തിന്മയോട് അൽപ്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ സാത്താൻ തൃപ്തനാണ്; നാം തിന്മയോടൊപ്പം നന്മയെ സ്നേഹിച്ചാലും അവനു പ്രശ്നമില്ല.—സങ്കീ. 97:10.
8, 9. വിനോദം തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏതു ചോദ്യങ്ങൾ നാം സ്വയം ചോദിക്കണം?
8 എന്നാൽ ദൈവത്തിന്റെ ആത്മാവ് ആളുകളെ നിർമലരും സമാധാനപ്രിയരും കരുണാമയരും ആക്കിത്തീർക്കും. ‘ഞാൻ തിരഞ്ഞെടുക്കുന്ന വിനോദം എന്നിൽ നല്ല ഗുണങ്ങൾ വളർത്താൻ സഹായിക്കുന്നതാണോ’ എന്ന് നാം സ്വയം ചോദിക്കണം. ഉയരത്തിൽനിന്നുള്ള ജ്ഞാനം ‘കാപട്യം ഇല്ലാത്തതാണ്.’ അതുകൊണ്ട്, ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവർ അയൽക്കാരോട് സദാചാരത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും പറഞ്ഞിട്ട് വീട്ടിലിരുന്ന് അക്രമവും അധാർമികതയും കണ്ടുരസിക്കില്ല.
9 സമ്പൂർണഭക്തിയിൽ കുറഞ്ഞതൊന്നും യഹോവയ്ക്കു സ്വീകാര്യമല്ല. എന്നാൽ സാത്താനാകട്ടെ നമ്മുടെ ഒരു ആരാധനാക്രിയ മതി, സന്തോഷമാകും. യേശുവിനോട് അവൻ അത്രമാത്രമേ ആവശ്യപ്പെട്ടുള്ളൂ. (ലൂക്കോ. 4:7, 8) നമ്മോടുതന്നെ ചോദിക്കുക: ‘ഈ വിനോദം തിരഞ്ഞെടുത്താൽ ദൈവത്തിനു സമ്പൂർണഭക്തി നൽകാൻ എനിക്കു കഴിയുമോ? ലോകത്തിന്റെ ആത്മാവിനെ ചെറുക്കാൻ അത് എന്നെ സഹായിക്കുമോ അതോ കൂടുതൽ ബുദ്ധിമുട്ടാക്കിത്തീർക്കുമോ? വിനോദം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഞാൻ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ?’
10, 11. (എ) ഭൗതിക വസ്തുക്കളോട് ഏതു മനോഭാവം വളർത്തിയെടുക്കാനാണ് ലോകത്തിന്റെ ആത്മാവ് പ്രേരിപ്പിക്കുന്നത്? (ബി) ദൈവത്തിന്റെ ആത്മനിശ്വസ്ത വചനം ഏതു മനോഭാവമാണ് പ്രോത്സാഹിപ്പിക്കുന്നത്?
10 ഭൗതിക വസ്തുക്കളോടുള്ള എന്റെ മനോഭാവം എന്താണ്? (ലൂക്കോസ് 18:24-30 വായിക്കുക.) അത്യാഗ്രഹവും ധനമോഹവും ഊട്ടിവളർത്തിക്കൊണ്ട് ഈ ലോകത്തിന്റെ ആത്മാവ് ‘കണ്മോഹത്തെ’ പ്രോത്സാഹിപ്പിക്കുകയാണ്. (1 യോഹ. 2:16) പലരിലും ധനികരാകാനുള്ള ഒരു വ്യഗ്രത വളർത്താൻ അതിനു കഴിഞ്ഞിരിക്കുന്നു. (1 തിമൊ. 6:9, 10) ധാരാളം സ്വത്തും വസ്തുക്കളും ഉണ്ടെങ്കിൽപ്പിന്നെ ഒന്നും പേടിക്കാനില്ല എന്നു ചിന്തിക്കാൻ ആ ആത്മാവിനു നമ്മെ പ്രേരിപ്പിക്കാനാകും. (സദൃ. 18:11) എന്നാൽ ദൈവത്തെ സ്നേഹിക്കുന്നതിലധികം ധനത്തെ സ്നേഹിച്ചാൽ സാത്താന് വിജയം നൽകുകയാകും നാം. സ്വയം ചോദിക്കുക: ‘എന്റെ ലക്ഷ്യങ്ങളിൽ മാറ്റം വന്നിട്ടുണ്ടോ, സുഖസൗകര്യങ്ങൾക്കു പിന്നാലെയാണോ ഞാൻ ഇപ്പോൾ?’
11 ധനത്തെക്കുറിച്ച് ഒരു സമനിലയുള്ള വീക്ഷണം ഉണ്ടായിരിക്കാനും കുടുംബത്തെ പോറ്റാനായി കഠിനാധ്വാനം ചെയ്യാനുമാണ് ദൈവത്തിന്റെ ആത്മനിശ്വസ്ത വചനം പ്രോത്സാഹിപ്പിക്കുന്നത്. (1 തിമൊ. 5:8) ഉദാരമനസ്കനായ യഹോവയെ അനുകരിക്കാൻ അവന്റെ ആത്മാവ് ആളുകളെ സഹായിക്കും. ദൈവാത്മാവു ലഭിച്ചവർ അവനെപ്പോലെ ഉദാരമനസ്കരായിരിക്കും; അവർ ഇങ്ങോട്ടു കിട്ടാൻ പ്രതീക്ഷിക്കുന്നവരായിരിക്കില്ല, അങ്ങോട്ടു നൽകുന്നവരായിരിക്കും. അവർ വസ്തുവകകളെക്കാൾ ഉപരി ആളുകൾക്ക് വിലകൽപ്പിക്കും; നിറഞ്ഞമനസ്സോടെ, തങ്ങളെക്കൊണ്ട് ആകുന്നതുപോലെ അവർ മറ്റുള്ളവരെ സഹായിക്കും. (സദൃ. 3:27, 28) ദൈവസേവനത്തെ പിന്തള്ളി പണം സമ്പാദിക്കാൻ അവർ ഒരിക്കലും മുതിരില്ല.
12, 13. ലോകത്തിന്റെ ആത്മാവിൽനിന്നു വ്യത്യസ്തമായി ദൈവത്തിന്റെ ആത്മാവ് നമ്മെ നല്ല രീതിയിൽ സ്വാധീനിക്കുന്നത് എങ്ങനെ?
12 എന്റെ ഉള്ളിൽ പ്രവർത്തിക്കുന്നത് ഏത് ആത്മാവാണെന്നാണ് എന്റെ പെരുമാറ്റം കാണിക്കുന്നത്? (കൊലോസ്യർ 3:8-10, 13 വായിക്കുക.) ലോകത്തിന്റെ ആത്മാവ് ജഡത്തിന്റെ പ്രവൃത്തികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. (ഗലാ. 5:19-21) എല്ലാം നന്നായി പോകുമ്പോഴല്ല മറിച്ച് നാം പ്രശ്നങ്ങൾ നേരിടുമ്പോൾ, അതായത്, ഒരു സഹോദരനോ സഹോദരിയോ നമ്മെ അവഗണിക്കുമ്പോൾ, നമ്മെ വേദനിപ്പിക്കുമ്പോൾ, അല്ലെങ്കിൽ നമുക്കെതിരെ എന്തെങ്കിലും തെറ്റു ചെയ്യുമ്പോൾ ആണ് നമ്മെ സ്വാധീനിക്കുന്ന ആത്മാവ് ഏതാണെന്ന് വ്യക്തമാകുന്നത്. നമ്മെ സ്വാധീനിക്കുന്നത് ലോകത്തിന്റെ ആത്മാവാണോ ദൈവാത്മാവാണോ എന്ന് വീട്ടിലായിരിക്കുമ്പോഴുള്ള നമ്മുടെ പെരുമാറ്റവും തെളിയിക്കും. ‘കഴിഞ്ഞ ആറുമാസത്തിനുള്ളിൽ എന്റെ സ്വഭാവം മെച്ചപ്പെട്ടിട്ടുണ്ടോ, ക്രിസ്തുവിന്റേതുപോലെ ആയിട്ടുണ്ടോ, അതോ ഞാൻ ഉപേക്ഷിച്ച സംസാരവും പെരുമാറ്റവും വീണ്ടും എന്നിലേക്കു മടങ്ങിവന്നിരിക്കുകയാണോ’ എന്ന് ഒരു ആത്മപരിശോധന നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.
13 “പഴയ വ്യക്തിത്വം അതിന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞ് പുതിയ വ്യക്തിത്വം” ധരിക്കാൻ ദൈവാത്മാവിനു നമ്മെ സഹായിക്കാനാകും. കൂടുതൽ സ്നേഹവും കരുണയും ഉള്ളവരായിരിക്കാൻ അങ്ങനെ നമുക്കു കഴിയും. പരാതിക്കു കാരണമുണ്ടെന്നു കരുതുമ്പോഴും അന്യോന്യം ഉദാരമായി ക്ഷമിക്കാൻ നമുക്കു മനസ്സുണ്ടാകും. ആരെങ്കിലും നമ്മോട് അന്യായം പ്രവർത്തിച്ചു എന്നു തോന്നിയാലും നമ്മുടെ പെരുമാറ്റത്തിൽ “വിദ്വേഷവും കോപവും ക്രോധവും ആക്രോശവും ദൂഷണവും” ഒന്നും കടന്നുവരില്ല. പകരം ‘ആർദ്രാനുകമ്പയോടെ’ പ്രതികരിക്കാൻ നാം സർവശ്രമവും ചെയ്യും.—എഫെ. 4:31, 32.
14. ദൈവവചനത്തെ ലോകത്തിലുള്ള പലരും എങ്ങനെയാണ് വീക്ഷിക്കുന്നത്?
14 ഞാൻ ബൈബിൾ ഉപദേശിക്കുന്ന സദാചാരമൂല്യങ്ങളെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടോ? (സദൃശവാക്യങ്ങൾ 3:5, 6 വായിക്കുക.) ദൈവവചനത്തെ പുച്ഛിച്ചുതള്ളാനാണ് ലോകത്തിന്റെ ആത്മാവ് ആളുകളെ പ്രേരിപ്പിക്കുന്നത്. പാലിക്കാൻ ബുദ്ധിമുട്ടുള്ളതെന്നു തോന്നുന്ന ബൈബിൾ ഭാഗങ്ങൾ കണ്ടില്ലെന്നു നടിക്കാൻ അത്തരക്കാർ ശ്രമിക്കുന്നു. മാനുഷപാരമ്പര്യങ്ങളും തത്ത്വജ്ഞാനവുമാണ് അവർക്കു പഥ്യം. (2 തിമൊ. 4:3, 4) മറ്റുചിലർ ദൈവവചനത്തെ പാടേ തള്ളിക്കളയുന്നു. സ്വയം ജ്ഞാനികളായി കരുതുന്ന അത്തരക്കാർ ബൈബിളിന്റെ പ്രായോഗികതയും ആധികാരികതയും ചോദ്യംചെയ്യുന്നവരാണ്. വ്യഭിചാരം, സ്വവർഗരതി, വിവാഹമോചനം എന്നിവ സംബന്ധിച്ച ദിവ്യനിലവാരങ്ങളിൽ അവർ വെള്ളംചേർക്കുന്നു. “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും” ആണ് അവർ പറയുന്നത്. (യെശ. 5:20) ലോകത്തിന്റെ ഈ ആത്മാവ് നമ്മെ ബാധിച്ചിട്ടുണ്ടോ? പ്രശ്നങ്ങൾ നേരിടുമ്പോൾ നാം ആശ്രയിക്കുന്നത് സ്വന്തം ബുദ്ധിയിലോ മാനുഷജ്ഞാനത്തിലോ ആണോ? അതോ നാം ബൈബിളിന്റെ ബുദ്ധിയുപദേശത്തിനാണോ ശ്രദ്ധനൽകുന്നത്?
15. സ്വന്തം ജ്ഞാനത്തിൽ ആശ്രയിക്കുന്നതിനുപകരം നാം എന്തു ചെയ്യണം?
15 ബൈബിളിനോടുള്ള ആദരവ് നമ്മിൽ ഉൾനടാൻ ദൈവാത്മാവിനു കഴിയും. സങ്കീർത്തനക്കാരനെപ്പോലെ, ദൈവവചനത്തെ നമ്മുടെ കാലിനു ദീപവും പാതയ്ക്കു പ്രകാശവും ആയിട്ടായിരിക്കും നാം കാണുക. (സങ്കീ. 119:105) സ്വന്തം ജ്ഞാനത്തിൽ ആശ്രയിക്കുന്നതിനുപകരം തെറ്റും ശരിയും തിരിച്ചറിയാൻ നാം നോക്കുന്നത് ദൈവവചനത്തിലേക്കായിരിക്കും. നാം ബൈബിളിനെ ആദരിക്കാൻ മാത്രമല്ല അതിൽ അടങ്ങിയിരിക്കുന്ന ദിവ്യനിയമങ്ങളെ പ്രിയപ്പെടാനും പഠിക്കും.—സങ്കീ. 119:97.
യേശുവിന്റെ മാതൃകയിൽനിന്നു പഠിക്കുക
16. “ക്രിസ്തുവിന്റെ മനസ്സ്” ഉണ്ടായിരിക്കാൻ നാം എന്തു ചെയ്യണം?
16 ദൈവാത്മാവു നേടണമെങ്കിൽ നാം “ക്രിസ്തുവിന്റെ മനസ്സ്” വളർത്തിയെടുക്കണം. (1 കൊരി. 2:16) “ക്രിസ്തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവം . . . ഉണ്ടായിരിക്കാൻ” നാം അവന്റെ ചിന്താധാരയും അവന്റെ പ്രവർത്തനവിധവും മനസ്സിലാക്കുകയും അവ പകർത്തുകയും വേണം. (റോമ. 15:6; 1 പത്രോ. 2:21) അതിനുള്ള ചില മാർഗങ്ങൾ നമുക്കിപ്പോൾ പരിശോധിക്കാം.
17, 18. (എ) പ്രാർഥനയെക്കുറിച്ച് യേശുവിൽനിന്ന് എന്തു പഠിക്കാം? (ബി) നാം ‘ചോദിച്ചുകൊണ്ടിരിക്കേണ്ടത്’ എന്തുകൊണ്ട്?
17 ദൈവാത്മാവിനായി അപേക്ഷിക്കുക. പരിശോധനകൾ നേരിടുന്നതിനുമുമ്പ് യേശു ദൈവാത്മാവിന്റെ സഹായത്തിനായി പ്രാർഥിച്ചു. (ലൂക്കോ. 22:40, 41) പരിശുദ്ധാത്മാവിനുവേണ്ടി നമ്മളും പ്രാർഥിക്കണം. വിശ്വാസത്തോടെ അതിനായി യാചിക്കുന്നവർക്കെല്ലാം യഹോവ അതു ധാരാളമായി നൽകും. (ലൂക്കോ. 11:13) യേശു പറഞ്ഞു: “ചോദിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾക്കു നൽകപ്പെടും; അന്വേഷിച്ചുകൊണ്ടിരിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടിക്കൊണ്ടിരിക്കുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും; എന്തെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്ന ഏവനും കണ്ടെത്തുന്നു; മുട്ടുന്ന ഏവനും തുറന്നുകിട്ടുന്നു.”—മത്താ. 7:7, 8.
18 യഹോവയുടെ സഹായത്തിനുവേണ്ടിയും പരിശുദ്ധാത്മാവിനുവേണ്ടിയും യാചിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്: ഉടനടി ഉത്തരം ലഭിക്കുന്നില്ലെന്നു കരുതി പ്രാർഥന നിറുത്തിക്കളയരുത്. നാം ആവർത്തിച്ച്, സമയമെടുത്തു പ്രാർഥിക്കേണ്ടതുണ്ടായിരിക്കാം. ചിലപ്പോൾ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നതിനുമുമ്പ്, നമ്മുടെ വിശ്വാസം എത്ര ശക്തമാണെന്നും ആവശ്യപ്പെടുന്ന കാര്യം നാം എത്ര ഉത്കടമായി ആഗ്രഹിക്കുന്നുണ്ടെന്നും തെളിയിക്കാൻ യഹോവ സമയം അനുവദിച്ചേക്കാം.a
19. യേശു എപ്പോഴും എങ്ങനെയാണ് പ്രവർത്തിച്ചത്, നാം അവനെ അനുകരിക്കേണ്ടത് എന്തുകൊണ്ട്?
19 യഹോവയെ പൂർണമായി അനുസരിക്കുക. യേശു ചെയ്തതെല്ലാം തന്റെ പിതാവിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും യേശു തന്റെ മുമ്പിലുണ്ടായിരുന്ന സാഹചര്യം കൈകാര്യം ചെയ്യാൻ ആഗ്രഹിച്ചത് പിതാവ് ഉദ്ദേശിച്ചതുപോലെ ആയിരുന്നില്ല. പക്ഷേ അപ്പോഴും അവൻ പൂർണബോധ്യത്തോടെ പറഞ്ഞു: “എന്നാൽ എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം നിറവേറട്ടെ.” (ലൂക്കോ. 22:42) ‘ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നത് എളുപ്പമല്ലാത്തപ്പോൾപ്പോലും ഞാൻ അവനെ അനുസരിക്കാറുണ്ടോ?’ എന്ന് ചിന്തിച്ചുനോക്കുക. ജീവിച്ചിരിക്കണമെങ്കിൽ ദൈവത്തെ അനുസരിച്ചേ മതിയാകൂ. നമ്മെ നിർമിച്ച്, നമുക്കു ജീവൻ നൽകി പരിപാലിക്കുന്നത് അവനാണ്. അതുകൊണ്ട് നാം അവനെ പൂർണമായി അനുസരിക്കാൻ ബാധ്യസ്ഥരാണ്. (സങ്കീ. 95:6, 7) അനുസരണത്തിനു പകരംവെക്കാൻ മറ്റൊന്നുമില്ല. അതില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ ആർക്കും കഴിയില്ല.
20. യേശുവിന്റെ ജീവിതം എന്തിനെ ചുറ്റിപ്പറ്റിയായിരുന്നു, നമുക്ക് അവനെ എങ്ങനെ അനുകരിക്കാം?
20 ബൈബിൾ നന്നായി പഠിക്കുക. തന്റെ വിശ്വാസം തകർക്കാൻ സാത്താൻ നേരിട്ടു നടത്തിയ ശ്രമത്തെ യേശു തിരുവെഴുത്തുകൾ ഉദ്ധരിച്ചുകൊണ്ടാണ് പ്രതിരോധിച്ചത്. (ലൂക്കോ. 4:1-13) തന്നെ എതിർത്ത മതനേതാക്കളെ നേരിട്ടപ്പോഴും യേശുവിനു പിൻബലമേകിയത് ദൈവവചനമായിരുന്നു. (മത്താ. 15:3-6) ദൈവവചനം പഠിക്കുകയും നിവർത്തിക്കുകയും ചെയ്യുന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു അവന്റെ മുഴുജീവിതവും. (മത്താ. 5:17) വിശ്വാസം ശക്തിപ്പെടുത്തുന്ന തിരുവെഴുത്താശയങ്ങൾക്കൊണ്ട് നമ്മളും നമ്മുടെ മനസ്സ് നിറയ്ക്കണം. (ഫിലി. 4:8, 9) വ്യക്തിപരമായ പഠനത്തിനും കുടുംബാധ്യയനത്തിനും സമയം കണ്ടെത്തുക ചിലർക്കു ബുദ്ധിമുട്ടായിരിക്കാം. എന്നാൽ സമയം കണ്ടെത്തുകയല്ല സമയം ഉണ്ടാക്കുകയാണ് വേണ്ടത്.—എഫെ. 5:15-17.
21. ദൈവവചനം മെച്ചമായി മനസ്സിലാക്കാനും അതു ബാധകമാക്കാനും ഏതു ക്രമീകരണം നാം പ്രയോജനപ്പെടുത്തണം?
21 എല്ലാ ആഴ്ചയും കുടുംബാരാധനയ്ക്കായി ഒരു സായാഹ്നം “വിശ്വസ്തനും വിവേകിയുമായ അടിമ” ഒരുക്കിത്തന്നിരിക്കുന്നു; വ്യക്തിപരമായ പഠനത്തിനും കുടുംബാധ്യയനത്തിനും വേണ്ടിയാണ് അത്. (മത്താ. 24:45) ഈ അവസരം നിങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുന്നുണ്ടോ? ഉദാഹരണത്തിന്, ഇഷ്ടമുള്ള ഒരു വിഷയമെടുക്കുക. യേശു അതേക്കുറിച്ച് എന്താണ് പഠിപ്പിച്ചതെന്ന് ചിട്ടയോടെ പരിചിന്തിക്കാൻ നിങ്ങൾക്കു കഴിയുമോ? ക്രിസ്തുവിന്റെ മനസ്സ് നേടിയെടുക്കാൻ അത്തരം പഠനം സഹായിക്കും. നിങ്ങൾക്കു താത്പര്യമുള്ള വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്) ഉപയോഗിക്കുക. 2008 മുതൽ 2010 വരെയുള്ള വീക്ഷാഗോപുരത്തിന്റെ പൊതുപതിപ്പിൽ “യേശുവിൽനിന്നു പഠിക്കുക” എന്ന ലേഖനപരമ്പര കാണാനാകും. ഒരുപക്ഷേ ഇവ അധ്യയനവേളയിൽ നിങ്ങൾക്കു പരിചിന്തിക്കാം. 2006 മുതലുള്ള ഉണരുക!യിൽ “ഉത്തരം പറയാമോ?” എന്നൊരു പംക്തി ഉണ്ടായിരുന്നു. ദൈവവചനത്തെക്കുറിച്ചുള്ള നമ്മുടെ പരിജ്ഞാനം വർധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു അത്. ഇടയ്ക്കിടെ ഇത്തരം പംക്തികൾ കുടുംബാരാധനയിൽ ഉൾപ്പെടുത്തിനോക്കൂ.
ലോകത്തെ ജയിച്ചടക്കാൻ നമുക്കാകും
22, 23. ലോകത്തെ ജയിച്ചടക്കാൻ നാം എന്തു ചെയ്യണം?
22 ദൈവത്തിന്റെ ആത്മാവ് നമ്മെ നയിക്കണമെങ്കിൽ നാം ഈ ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കണം. അത് അത്ര എളുപ്പമല്ല; കഠിനമായ ഒരു പോരാട്ടംതന്നെ വേണ്ടിവരും. (യൂദാ 3) പക്ഷേ നമുക്ക് വിജയിക്കാനാകും! യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്. എന്നാൽ ധൈര്യപ്പെടുവിൻ! ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”—യോഹ. 16:33.
23 ലോകത്തിന്റെ ആത്മാവിനെ എതിർക്കുകയും ദൈവാത്മാവ് നേടാൻവേണ്ടി നമ്മാലാവുന്നതെല്ലാം ചെയ്യുകയും ചെയ്താൽ നമുക്കും ഈ ലോകത്തെ ജയിച്ചടക്കാനാകും. “ദൈവം നമുക്ക് അനുകൂലമെങ്കിൽ നമുക്കു പ്രതികൂലം ആർ?” (റോമ. 8:31) ദൈവാത്മാവിനെ പ്രാപിക്കുകയും ദൈവവചനത്തിൽ കാണുന്ന അതിന്റെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുന്നെങ്കിൽ നാം സന്തോഷവും സമാധാനവും സംതൃപ്തിയും, തൊട്ടുമുന്നിലെത്തിയിരിക്കുന്ന പുതിയ ലോകത്തിൽ നിത്യജീവനും നേടും.
[അടിക്കുറിപ്പ്]
a കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 170-173 പേജുകൾ കാണുക.
ഓർമിക്കുന്നുവോ?
• ലോകത്തിന്റെ ആത്മാവ് ഇത്ര വ്യാപകമായിരിക്കുന്നത് എന്തുകൊണ്ട്?
• ഏതു നാലുചോദ്യങ്ങൾ നാം സ്വയം ചോദിക്കണം?
• ദൈവാത്മാവിനെ പ്രാപിക്കാൻ ചെയ്യേണ്ട ഏതു മൂന്നുകാര്യങ്ങളാണ് നാം യേശുവിൽനിന്നു പഠിക്കുന്നത്?
[8-ാം പേജിലെ ചിത്രം]
ദൂതന്മാരിൽ ചിലർ ഭൂതങ്ങളായത് എങ്ങനെ?
[10-ാം പേജിലെ ചിത്രം]
ആളുകളെ നിയന്ത്രിക്കാൻ സാത്താൻ ലോകത്തിന്റെ ആത്മാവിനെ ഉപയോഗിക്കുന്നു, നമുക്ക് ആ ‘ചരടുകൾ’ പൊട്ടിച്ചെറിയാനാകും