യിരെമ്യാവിനെപ്പോലെ ഉണർന്നിരിക്കുക
“എന്റെ വചനം നിവർത്തിക്കേണ്ടതിന്നു ഞാൻ (യഹോവ) ജാഗരിച്ചുകൊള്ളും.”—യിരെ. 1:12.
1, 2. യഹോവ ‘ഉണർന്നിരിക്കുന്നതും’ ബദാം വൃക്ഷവും തമ്മിൽ എന്തു ബന്ധമുണ്ട്?
ലെബാനോനിലെയും ഇസ്രായേലിലെയും കുന്നുകളിൽ വർഷാരംഭത്തിൽ ആദ്യം പൂവിടുന്ന വൃക്ഷങ്ങളിൽ ഒന്നാണ് ബദാം. ഇളം ചുവപ്പു നിറത്തിലും വെള്ള നിറത്തിലും ഉള്ള അതിന്റെ മനോഹരമായ പൂക്കൾ ജനുവരി അവസാനത്തോടെ അല്ലെങ്കിൽ ഫെബ്രുവരി ആദ്യം ദൃശ്യമായിത്തുടങ്ങും. ഈ വൃക്ഷത്തിന്റെ എബ്രായ പേരിന് “ഉണർന്നെഴുന്നേൽക്കുന്നവൻ” എന്നാണ് വാച്യാർഥം.
2 യിരെമ്യാവിനെ തന്റെ പ്രവാചകനായി നിയമിച്ചപ്പോൾ അവനെ പ്രധാനപ്പെട്ട ഒരു കാര്യം പഠിപ്പിക്കുന്നതിന് യഹോവ ബദാം വൃക്ഷത്തിന്റെ ഈ സവിശേഷത ഉപയോഗിച്ചു. അവന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ യഹോവ ഒരു ദർശനത്തിലൂടെ ഈ വൃക്ഷത്തിന്റെ ഒരു കൊമ്പ് അവനെ കാണിക്കുകയുണ്ടായി. എന്തായിരുന്നു അതിന്റെ അർഥം? യഹോവ അത് വിശദീകരിച്ചു: “എന്റെ വചനം നിവർത്തിക്കേണ്ടതിന്നു ഞാൻ ജാഗരിച്ചുകൊള്ളും,” അഥവാ മറ്റൊരു ഭാഷാന്തരം പറയുന്നതുപോലെ, ‘ഉണർന്നിരിക്കും.’ (യിരെ. 1:11, 12) ബദാം വൃക്ഷം വർഷാരംഭത്തിൽത്തന്നെ ‘ഉണർന്നെഴുന്നേൽക്കുന്നതുപോലെ’ ആലങ്കാരിക അർഥത്തിൽ യഹോവ ‘അതികാലത്തേ’ എഴുന്നേൽക്കുമായിരുന്നു. എന്തിനായിരുന്നു അത്? അനുസരണക്കേടിന്റെ പരിണതഫലം എന്താകുമെന്ന് തന്റെ ജനത്തിനു മുന്നറിയിപ്പു കൊടുക്കാനായി പ്രവാചകന്മാരെ അയയ്ക്കുന്നതിന്. (യിരെ. 7:25) തന്റെ പ്രവചനം നിവൃത്തിയേറുംവരെ പിന്നെ യഹോവ വിശ്രമിച്ചില്ല, അവൻ ‘ജാഗരിച്ചിരുന്നു.’ വിശ്വാസത്യാഗം ഭവിച്ച യെഹൂദ ജനതയുടെമേൽ അങ്ങനെ, നിശ്ചയിച്ചിരുന്ന സമയത്ത് അതായത് ബി.സി. 607-ൽ യഹോവ ന്യായവിധി നടപ്പാക്കി.
3. യഹോവയെക്കുറിച്ച് ഏതു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും?
3 തന്റെ ഹിതം നിറവേറ്റാനായി യഹോവ ഇന്നും ജാഗ്രതയോടിരിക്കുന്നു അഥവാ ഉണർന്നിരിക്കുന്നു; വാക്കു പാലിക്കാതിരിക്കാൻ അവനു സാധിക്കില്ല. യഹോവയുടെ ഈ ജാഗരൂകത നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത്? ഈ 2011-ാമാണ്ടിലും തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കാൻ യഹോവ ‘ഉണർന്നിരിക്കുന്നു’ എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? യഹോവയുടെ മാറ്റംവരാത്ത വാഗ്ദാനങ്ങളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ആത്മീയ മയക്കംവിട്ട് ഉണരാനുള്ള സമയമാണിത്. (റോമ. 13:11) യഹോവയെപ്പോലെ, അവന്റെ പ്രവാചകനായ യിരെമ്യാവും ഉണർന്നിരുന്നു. തനിക്കു ലഭിച്ച നിയോഗം നിറവേറ്റാൻ യിരെമ്യാവ് ഉണർന്നിരുന്നത് എങ്ങനെയെന്നും എന്തുകൊണ്ടെന്നും നമുക്കിപ്പോൾ നോക്കാം. യഹോവ ഏൽപ്പിച്ചിരിക്കുന്ന വേലയിൽ അവിരാമം തുടരാൻ ആ വിവരങ്ങൾ തീർച്ചയായും നമ്മെ സഹായിക്കും.
അടിയന്തിര ശ്രദ്ധയർഹിക്കുന്ന ഒരു സന്ദേശം
4. തന്നെ ഏൽപ്പിച്ച സന്ദേശം അറിയിക്കുന്നതിന് യിരെമ്യാവിന് എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിയിരുന്നു, ആ സന്ദേശം അടിയന്തിര പ്രാധാന്യമുള്ളതായിരുന്നത് എന്തുകൊണ്ട്?
4 കാവൽക്കാരനായുള്ള നിയമനം യഹോവയിൽനിന്നു ലഭിക്കുമ്പോൾ യിരെമ്യാവിന് ഏതാണ്ട് 25-നോടടുത്ത് പ്രായമുണ്ടായിരുന്നിരിക്കണം. (യിരെ. 1:1, 2) പക്ഷേ, പ്രായത്തിലും പദവിയിലും ഉന്നതസ്ഥാനീയരായ ദേശത്തെ മൂപ്പന്മാരോടു സംസാരിക്കാൻ തനിക്ക് ഒട്ടും കഴിവില്ലെന്ന്, താൻ ഒരു ബാലനാണെന്ന് അവനു തോന്നി. (യിരെ. 1:6) പുരോഹിതന്മാരെയും കള്ളപ്രവാചകന്മാരെയും ഭരണാധികാരികളെയും “ഒടുങ്ങാത്ത മാത്സര്യത്തോടെ മറുതലിക്കുന്ന”വരെയും (പി.ഒ.സി.) “താന്താന്റെ വഴിക്കു” തിരിയുന്നവരെയും അവന് നിശിതമായി കുറ്റംവിധിക്കേണ്ടതുണ്ടായിരുന്നു, വരാനിരിക്കുന്ന ഭീതിജനകമായ വിനാശത്തെക്കുറിച്ച് അവരെ അറിയിക്കണമായിരുന്നു. (യിരെ. 6:13; 8:5, 6) അടിയന്തിര പ്രാധാന്യമുള്ള ഒരു സന്ദേശമായിരുന്നു യിരെമ്യാവിന് അറിയിക്കാനുണ്ടായിരുന്നത്: നാലുനൂറ്റാണ്ടോളം സത്യാരാധനയുടെ കേന്ദ്രമായി വർത്തിച്ചിരുന്ന, ശലോമോൻ പണിത പ്രൗഢഗംഭീരമായ ആലയം നശിക്കാനിരിക്കുന്നു; യെരുശലേമും യെഹൂദയും ശൂന്യമായി കിടക്കും, അതിലെ നിവാസികളെ തടവുകാരായി പിടിച്ചുകൊണ്ടുപോകും!
5, 6. (എ) യഹോവ ഇന്ന് യിരെമ്യാവർഗത്തെ എങ്ങനെ ഉപയോഗിക്കുന്നു? (ബി) എന്തിനെക്കുറിച്ചായിരിക്കും നാം തുടർന്നു പരിചിന്തിക്കുക?
5 ഈ ലോകത്തിനു വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ച് മനുഷ്യരാശിക്കു മുന്നറിയിപ്പു നൽകുന്നതിന് ആധുനിക കാലത്തും യഹോവ സ്നേഹപുരസ്സരം ആലങ്കാരിക കാവൽക്കാരെ നൽകിയിരിക്കുന്നു. അഭിഷിക്ത ക്രിസ്ത്യാനികളാണ് ആ കാവൽക്കാർ. നാം ജീവിക്കുന്ന കാലത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ പതിറ്റാണ്ടുകളായി ഈ യിരെമ്യാവർഗം ആളുകളെ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. (യിരെ. 6:17) യഹോവ കാലതാമസംവരുത്തുന്നവനല്ല എന്ന് ബൈബിൾ വ്യക്തമാക്കുന്നു. നിർണയിച്ചിരിക്കുന്ന സമയത്തുതന്നെ അവന്റെ ദിവസം വരും; മനുഷ്യരാരും പ്രതീക്ഷിക്കാത്ത ഒരു സമയത്തുതന്നെ.—സെഫ. 3:8; മർക്കോ. 13:33; 2 പത്രോ. 3:9, 10.
6 യഹോവ ജാഗരൂകനാണെന്നും കൃത്യസമയത്തുതന്നെ തന്റെ നീതിയുള്ള പുതിയ ലോകം ആനയിക്കുമെന്നുമുള്ള കാര്യം മനസ്സിൽപ്പിടിക്കുക. തങ്ങളുടെ സന്ദേശത്തിന്റെ അടിയന്തിരത തിരിച്ചറിഞ്ഞ് ഉണർവോടെ പ്രവർത്തിക്കാൻ യിരെമ്യാവർഗത്തിനും അവരുടെ സഹകാരികൾക്കും അത് പ്രോത്സാഹനമേകും. നിങ്ങളെ ഇത് വ്യക്തിപരമായി എങ്ങനെ ബാധിക്കുന്നു? യഹോവയെ സേവിക്കുമോ ഇല്ലയോ എന്ന് സകലരും തീരുമാനിക്കേണ്ടതുണ്ടെന്ന് യേശു സൂചിപ്പിക്കുകയുണ്ടായി. നമുക്ക് ഇപ്പോൾ, തന്റെ ദൗത്യം നിറവേറ്റുന്നതിനായി ഉണർന്നിരിക്കാൻ യിരെമ്യാവിനെ സഹായിച്ച മൂന്നുഗുണങ്ങൾ പരിചിന്തിക്കാം. യിരെമ്യാവിനെപ്പോലെ ഉണർവോടെ പ്രവർത്തിക്കാൻ ഈ ഗുണങ്ങൾ നമ്മെയും സഹായിക്കും.
ആളുകളോടുള്ള സ്നേഹം
7. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും പ്രസംഗവേലയിൽ തുടരാൻ യിരെമ്യാവിനെ സ്നേഹം പ്രചോദിപ്പിച്ചത് എങ്ങനെയെന്നു വിശദീകരിക്കുക.
7 വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും പ്രസംഗവേലയിൽ തുടരാൻ യിരെമ്യാവിനെ എന്താണ് പ്രചോദിപ്പിച്ചത്? ആളുകളോടുള്ള സ്നേഹം, അതാണ് അവനു പ്രചോദനമായത്. വ്യാജ ഇടയന്മാരാണ് ജനങ്ങളുടെ പ്രശ്നങ്ങൾക്കു മുഖ്യ ഉത്തരവാദികൾ എന്ന് യിരെമ്യാവിന് അറിയാമായിരുന്നു. (യിരെ. 23:1, 2) സ്നേഹത്തോടും സഹാനുഭൂതിയോടുംകൂടി വേല നിർവഹിക്കാൻ അവനെ സഹായിച്ചത് ഈ അറിവാണ്. തന്റെ സഹോദരങ്ങൾ ദൈവത്തിന്റെ വാക്കുകൾക്ക് ശ്രദ്ധകൊടുത്ത് ജീവനോടിരിക്കണമെന്ന് അവൻ ആഗ്രഹിച്ചു. അവർക്കു വരാനിരുന്ന ദുരന്തമോർത്ത് അവൻ കരയുകപോലും ചെയ്തു; അവരെക്കുറിച്ച് അവന് അത്രമാത്രം ചിന്ത ഉണ്ടായിരുന്നു. (യിരെമ്യാവു 8:21; 9:1 വായിക്കുക.) യഹോവയുടെ നാമത്തോടും അവന്റെ ജനത്തോടുമുള്ള യിരെമ്യാവിന്റെ അളവറ്റ സ്നേഹവും താത്പര്യവും വരച്ചുകാട്ടുന്നതാണ് വിലാപങ്ങൾ എന്ന ബൈബിൾ പുസ്തകം. (വിലാ. 4:6, 9) “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായ” ആളുകളെ കാണുമ്പോൾ ആശ്വാസദായകമായ ദൈവരാജ്യ സന്ദേശം അവരെ അറിയിക്കാൻ നിങ്ങളുടെ ഹൃദയവും വാഞ്ഛിക്കുന്നില്ലേ?—മത്താ. 9:36.
8. തനിക്കു നേരിട്ട കഷ്ടങ്ങളിൽ യിരെമ്യാവ് മുഷിഞ്ഞുപോയില്ല എന്ന് എന്തു തെളിയിക്കുന്നു?
8 യിരെമ്യാവ് ആരെ സഹായിക്കാൻ ആഗ്രഹിച്ചോ അവർതന്നെ അവനെ ഉപദ്രവിച്ചു. എന്നിട്ടും അവൻ പകരംവീട്ടുകയോ അവരെ വെറുക്കുകയോ ചെയ്തില്ല. അനുസരണംകെട്ട സിദെക്കീയാരാജാവിനോടുപോലും അവൻ ദീർഘക്ഷമയും ദയയും കാണിച്ചു! തന്നെ വധിക്കാൻ അനുമതി നൽകിയ ആ രാജാവിനോട് യഹോവയെ അനുസരിക്കാൻ യിരെമ്യാവ് താണുകേണ് അപേക്ഷിച്ചു എന്ന് ഓർക്കുക. (യിരെ. 38:4, 5, 19, 20) ആളുകളോടുള്ള നമ്മുടെ സ്നേഹം യിരെമ്യാവിന്റേതുപോലെ അത്ര ശക്തമാണോ?
ദൈവദത്തമായ ധൈര്യം
9. യിരെമ്യാവിനു ധൈര്യം ലഭിച്ചത് ദൈവത്തിൽനിന്നാണെന്ന് നമുക്ക് എങ്ങനെ അറിയാം?
9 യിരെമ്യാവിന്റെ നിയമനത്തെക്കുറിച്ച് യഹോവ അവനോട് ആദ്യമായി സംസാരിച്ചപ്പോൾ ഒഴിഞ്ഞുമാറാനാണ് അവൻ ശ്രമിച്ചത്. ഇതിൽനിന്ന് ഒരുകാര്യം മനസ്സിലാക്കാം: യിരെമ്യാവ് പിന്നീടു കാണിച്ച ധൈര്യവും അവന്റെ നിശ്ചയദാർഢ്യവും അവനു ജന്മസിദ്ധമായി കിട്ടിയതല്ല. മറിച്ച്, ദൈവത്തിൽ പൂർണമായി ആശ്രയിച്ചതുകൊണ്ടാണ് പ്രവാചകജീവിതത്തിനിടയിൽ അവന് അസാമാന്യ ധൈര്യം കാണിക്കാനായത്. “ഒരു മഹാവീരനെപ്പോലെ” യഹോവ അവനോടൊപ്പം ഉണ്ടായിരുന്നു; യഹോവ അവന് ആവശ്യമായ പിന്തുണ നൽകുകയും നിയമനം നിർവഹിക്കാൻ അവനെ ശക്തിപ്പെടുത്തുകയും ചെയ്തു. (യിരെ. 20:11) ഭൂമിയിലായിരുന്നപ്പോൾ യേശു പ്രകടമാക്കിയ ധൈര്യം കണ്ടിട്ട്, യിരെമ്യാവ് ഉയിർത്തെഴുന്നേറ്റുവന്നതാണോ എന്നുപോലും ചിലർ സംശയിക്കുകയുണ്ടായി. അത്രയ്ക്കു പ്രസിദ്ധമായിരുന്നു യിരെമ്യാവിന്റെ ധൈര്യം!—മത്താ. 16:13, 14.
10. അഭിഷിക്തശേഷിപ്പ് “ജനതകളുടെയും രാജ്യങ്ങളുടെയുംമേൽ” ആണെന്നു പറയുന്നത് എന്തുകൊണ്ട്?
10 ജനതകളെയും രാജ്യങ്ങളെയും ഒരു ന്യായവിധിദൂത് അറിയിക്കാൻ ‘ജനതകളുടെ രാജാവായ’ യഹോവ യിരെമ്യാവിനെ നിയോഗിച്ചു. (യിരെ. 10:6, 7, പി.ഒ.സി.) എന്നാൽ ഏത് അർഥത്തിലാണ് അഭിഷിക്തശേഷിപ്പ് “ജനതകളുടെയും രാജ്യങ്ങളുടെയുംമേൽ” ആയിരിക്കുന്നത്? (യിരെ. 1:10, പി.ഒ.സി.) യിരെമ്യാവിനു ലഭിച്ചതുപോലെ അഖിലാണ്ഡത്തിന്റെ പരമാധികാരിയിൽനിന്നാണ് യിരെമ്യാവർഗത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് ലോകമെമ്പാടുമുള്ള ജനതകൾക്കും രാജ്യങ്ങൾക്കും എതിരെ ന്യായവിധിസന്ദേശം ഉച്ചരിക്കാൻ ദൈവത്തിന്റെ ഈ അഭിഷിക്ത ദാസന്മാർ എന്തുകൊണ്ടും യോഗ്യരാണ്. താൻ നിശ്ചയിച്ചിരിക്കുന്ന സമയത്ത് നിശ്ചയിച്ചിരിക്കുന്ന വിധത്തിൽ ദൈവം ഇന്നുള്ള ജനതകളെയും രാജ്യങ്ങളെയും പിഴുതുകളയുമെന്നും അവയെ നാമാവശേഷമാക്കുമെന്നും യിരെമ്യാവർഗം പ്രഖ്യാപിക്കുന്നു. അത്യുന്നതനായ ദൈവത്തിൽനിന്ന് അധികാരം ലഭിച്ചിരിക്കുന്ന അവർ അവന്റെ നിശ്വസ്ത വചനം ഉപയോഗിച്ചാണ് അതു ചെയ്യുന്നത്. (യിരെ. 18:7-10; വെളി. 11:18) യഹോവയുടെ ന്യായവിധിസന്ദേശം ഭൂമിയിലെങ്ങും ഘോഷിക്കാനുള്ള ദൈവദത്ത നിയോഗം നിർവഹിക്കുന്നതിൽ ഉദാസീനത കാട്ടാതിരിക്കാൻ യിരെമ്യാവർഗം നിശ്ചയിച്ചുറച്ചിരിക്കുന്നു.
11. വിഷമംപിടിച്ച സാഹചര്യങ്ങൾ നേരിടേണ്ടിവരുമ്പോൾ മടുത്തുപോകാതെ പ്രസംഗിക്കാൻ നമ്മെ എന്തു സഹായിക്കും?
11 എതിർപ്പും നിസ്സംഗതയും മറ്റു വിഷമംപിടിച്ച സാഹചര്യങ്ങളും നേരിടേണ്ടിവരുമ്പോൾ ചിലപ്പോഴൊക്കെ നിരുത്സാഹം തോന്നുക സ്വാഭാവികം. (2 കൊരി. 1:8) എന്നാൽ മനസ്സുമടുത്തുപോകാതെ യിരെമ്യാവിനെപ്പോലെ മുന്നേറാൻ നമുക്കും കഴിയും. എങ്ങനെ? നമുക്ക് ഓരോരുത്തർക്കും ദൈവത്തോടു യാചനകഴിച്ചുകൊണ്ടിരിക്കാം, അവനിൽ ആശ്രയിക്കാം, സഹായത്തിനായി അവനിലേക്കു നോക്കിക്കൊണ്ട് ‘ധൈര്യം’ ആർജിക്കാം. (1 തെസ്സ. 2:2) ദൈവദത്ത ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിലുള്ള നമ്മുടെ ഉണർവും ജാഗ്രതയും ഒരിക്കലും നഷ്ടപ്പെട്ടുപോകരുത്. അവിശ്വസ്ത യെരുശലേമിന്റെ ആധുനിക പതിപ്പായ ക്രൈസ്തവലോകം നശിപ്പിക്കപ്പെടുമെന്ന കാര്യം അവിരാമം പ്രസംഗിക്കാൻ സത്യാരാധകരായ നാം ദൃഢനിശ്ചയം ചെയ്യണം. യിരെമ്യാവർഗത്തിനു പ്രഖ്യാപിക്കാനുള്ളത് ‘യഹോവയുടെ പ്രസാദവർഷം’ മാത്രമല്ല “നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും” കൂടിയാണ്.—യെശ. 61:1, 2; 2 കൊരി. 6:2.
ഹൃദയംനിറഞ്ഞ സന്തോഷം
12. യിരെമ്യാവ് തന്റെ സന്തോഷം നിലനിറുത്തി എന്ന് നമുക്ക് എങ്ങനെ അനുമാനിക്കാം, അതിന് അവനെ സഹായിച്ച മുഖ്യഘടകം എന്താണ്?
12 തന്റെ വേല നിർവഹിക്കുന്നത് യിരെമ്യാവിനു സന്തോഷമുള്ള കാര്യമായിരുന്നു. അവൻ യഹോവയോട് ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്റെ വചനങ്ങൾ എനിക്കു സന്തോഷവും എന്റെ ഹൃദയത്തിന്നു ആനന്ദവും ആയി; . . . യഹോവേ, നിന്റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.” (യിരെ. 15:16) സത്യദൈവത്തിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നതും അവന്റെ വചനം ഘോഷിക്കുന്നതും യിരെമ്യാവ് ഒരു പദവിയായി കണ്ടു. എന്നാൽ അവൻ ആളുകളുടെ പരിഹാസവർഷങ്ങൾക്കു ശ്രദ്ധകൊടുത്തപ്പോൾ അവന്റെ സന്തോഷം നഷ്ടമായി എന്നതു ശ്രദ്ധിക്കുക. തന്റെ സന്ദേശം എത്ര മഹത്തരമാണെന്നും എത്ര പ്രധാനമാണെന്നും ചിന്തിച്ചപ്പോൾ പക്ഷേ അവന് നഷ്ടമായ സന്തോഷം വീണ്ടുകിട്ടി.—യിരെ. 20:8, 9.
13. ഗഹനമായ ആത്മീയ സത്യങ്ങൾ പഠിക്കുന്നത് സന്തോഷം നിലനിറുത്താൻ അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്?
13 നമ്മുടെ ഈ കാലത്ത് പ്രസംഗവേലയിലുള്ള സന്തോഷം നിലനിറുത്തണമെങ്കിൽ നാം ദൈവവചനത്തിലെ ഗഹനമായ സത്യങ്ങളാകുന്ന ‘കട്ടിയായ ആഹാരം’ ഭക്ഷിക്കണം. (എബ്രാ. 5:14) വിശ്വാസം ശക്തമാക്കാൻ മനസ്സിരുത്തിയുള്ള പഠനം സഹായിക്കും. (കൊലോ. 2:6, 7) നാം ചെയ്യുന്ന കാര്യങ്ങൾ യഹോവയെ എത്രമാത്രം ബാധിക്കുന്നുണ്ടെന്നു മനസ്സിലാക്കാൻ അതിലൂടെ നമുക്കു കഴിയും. ബൈബിൾ വായിക്കാനും പഠിക്കാനും സമയം കിട്ടുന്നില്ലെങ്കിലോ? അനുദിന പ്രവർത്തനങ്ങൾ ഒന്നു വിലയിരുത്തുക. പഠിക്കാനും ധ്യാനിക്കാനുമായി ദിവസവും ഏതാനും മിനിട്ടുകളെങ്കിലും ചെലവഴിക്കാനായാൽ അതു നമ്മെ യഹോവയുമായി കൂടുതൽ അടുപ്പിക്കും; യിരെമ്യാവിന്റെ കാര്യത്തിലെന്നപോലെ, അതു നമ്മുടെ ‘ഹൃദയത്തിന് ആനന്ദവും സന്തോഷവും’ പകരും.
14, 15. (എ) യിരെമ്യാവ് വിശ്വസ്തമായി തന്റെ വേല നിർവഹിച്ചതുകൊണ്ട് എന്തു ഫലമുണ്ടായി? (ബി) പ്രസംഗവേലയെ ദൈവജനം എങ്ങനെ വീക്ഷിക്കുന്നു?
14 യഹോവയിൽനിന്നുള്ള മുന്നറിയിപ്പുകളും ന്യായവിധിസന്ദേശങ്ങളും യിരെമ്യാവ് മടുത്തുപോകാതെ പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ അതു മാത്രമല്ല, തനിക്ക് “പണിവാനും നടുവാനും” ഉള്ള നിയമനവും ഉണ്ടെന്ന് അവന് അറിയാമായിരുന്നു. (യിരെ. 1:10) അവന്റെ ആ ശ്രമങ്ങൾ ഫലം കണ്ടു. ബി.സി. 607-ലെ യെരുശലേമിന്റെ നാശത്തെ അതിജീവിക്കാൻ ചില യഹൂദന്മാർക്കും ഇസ്രായേല്യേതരർക്കും കഴിഞ്ഞത് അതുകൊണ്ടാണ്. രേഖാബ്യരും ഏബെദ്-മേലെക്കും ബാരൂക്കും അവരിൽ ഉൾപ്പെടുന്നു. (യിരെ. 35:19; 39:15-18; 43:5-7) യിരെമ്യാവിന്റെ വിശ്വസ്തരും ദൈവഭക്തരുമായ ഈ സുഹൃത്തുക്കളുടെ സ്ഥാനത്ത് ഇന്ന് ആരാണുള്ളത്? യിരെമ്യാവർഗത്തിന്റെ സഹകാരികളായി പ്രവർത്തിക്കുന്ന ഭൗമികപ്രത്യാശയുള്ള “മഹാപുരുഷാരം.” ഇവരെ ആത്മീയമായി ‘പണിയാൻ’ അതായത് വിശ്വാസത്തിൽ ബലപ്പെടുത്താൻ കഴിയുന്നത് യിരെമ്യാവർഗത്തിന് എത്ര സന്തോഷമുള്ള കാര്യമാണെന്നോ! (വെളി. 7:9) ഭൗമികപ്രത്യാശയുള്ള ഈ വിശ്വസ്ത സഹകാരികളും ഹൃദയപരമാർഥികളായ ആളുകളെ സത്യത്തിന്റെ പരിജ്ഞാനം നേടാൻ സഹായിക്കാനാകുന്നതിന്റെ ചാരിതാർഥ്യം അനുഭവിക്കുന്നു.
15 സുവാർത്താപ്രസംഗം ഒരു പൊതുജനസേവനം മാത്രമല്ല നമ്മുടെ ദൈവത്തിന് അർപ്പിക്കുന്ന ആരാധന കൂടിയാണെന്ന് ദൈവജനത്തിന് അറിയാം. ആളുകൾ കേട്ടാലും ഇല്ലെങ്കിലും പ്രസംഗവേലയിലൂടെ ദൈവത്തിനു വിശുദ്ധസേവനം അനുഷ്ഠിക്കുന്നത് നമുക്ക് ഏറെ സന്തോഷത്തിനു വകനൽകുന്നു.—സങ്കീ. 71:23; റോമർ 1:10 വായിക്കുക, അടിക്കുറിപ്പും കാണുക.
നിയമനം നിർവഹിക്കാൻ ‘ഉണർന്നിരിക്കുക’
16, 17. വെളിപാട് 17:10-ഉം ഹബക്കൂക്ക് 2:3-ഉം നമ്മുടെ ഈ കാലത്തിന്റെ അടിയന്തിരത വ്യക്തമാക്കുന്നത് എങ്ങനെ?
16 നാം ജീവിക്കുന്ന ഈ കാലത്തിന്റെ അടിയന്തിരത വിളിച്ചോതുന്നതാണ് വെളിപാട് 17:10-ലെ നിശ്വസ്ത പ്രവചനം. അതിൽപ്പറയുന്ന ഏഴാമത്തെ രാജാവായ ആംഗ്ലോ-അമേരിക്കൻ ലോകശക്തി ഇന്ന് അധികാരത്തിലുണ്ട്. ഈ ലോകശക്തിയെക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: “വന്നാൽപ്പിന്നെ അവൻ കുറച്ചുകാലം ഇരിക്കേണ്ടതാകുന്നു.” ആ “കുറച്ചുകാലം” ഇപ്പോൾ അവസാനിക്കാറായിരിക്കണം എന്നു നിഗമനം ചെയ്യാം. ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തെക്കുറിച്ച് ഹബക്കൂക്ക് പ്രവാചകൻ നമുക്കു നൽകിയിരിക്കുന്ന ഉറപ്പ് ഇതാണ്: “ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; . . . അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.”—ഹബ. 2:3.
17 ഒരു ആത്മപരിശോധന നടത്തുക: ‘നാം ജീവിക്കുന്ന കാലത്തിന്റെ അടിയന്തിരത പ്രതിഫലിപ്പിക്കുന്നതാണോ എന്റെ ജീവിതം? അന്ത്യം പെട്ടെന്നുവരുമെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ, അതിനു തെളിവുനൽകുന്നതാണോ എന്റെ ജീവിതരീതി? അടുത്തകാലത്തൊന്നും അന്ത്യം വരില്ലെന്നാണ് ഞാൻ കരുതുന്നതെന്നോ അന്ത്യം വരുമെന്ന കാര്യത്തിൽ എനിക്കു സംശയമുണ്ടെന്നോ കാണിക്കുന്നവിധത്തിലുള്ളതാണോ എന്റെ തീരുമാനങ്ങളും മുൻഗണനകളും?
18, 19. ഇത് മന്ദീഭാവം കാണിക്കാനുള്ള സമയമല്ലാത്തത് എന്തുകൊണ്ട്?
18 കാവൽക്കാരൻവർഗത്തിന്റെ ദൗത്യം പൂർത്തിയായിട്ടില്ല. (യിരെമ്യാവു 1:17-19 വായിക്കുക.) അഭിഷിക്തശേഷിപ്പ് “ഉറപ്പുള്ളോരു പട്ടണവും ഇരിമ്പുതൂണും” പോലെ അചഞ്ചലരായി നിൽക്കുന്നത് എത്ര സന്തോഷം പകരുന്ന കാഴ്ചയാണ്! അവർ “അരയ്ക്കു സത്യം കെട്ടി”യിട്ടുണ്ട്. അതായത്, തങ്ങളെ ഏൽപ്പിച്ച വേല പൂർത്തിയാക്കുന്നതിനുള്ള ശക്തിക്കായി അവർ ദൈവവചനത്തിൽ ആശ്രയിക്കുന്നു. (എഫെ. 6:14) മഹാപുരുഷാരവും നിശ്ചയദാർഢ്യത്തോടെ യിരെമ്യാവർഗത്തെ അവരുടെ ദൈവനിയമിത വേല നിർവഹിക്കാൻ സജീവമായി പിന്തുണയ്ക്കുന്നു.
19 രാജ്യവേലയിൽ മന്ദീഭാവം കാണിക്കാനുള്ള സമയമല്ല ഇത്. പകരം നമുക്ക് യിരെമ്യാവു 12:5-ലെ (വായിക്കുക.) വാക്കുകൾക്കു ശ്രദ്ധകൊടുക്കാം. ഇന്നുണ്ടാകുന്ന പരിശോധനകൾ നാമെല്ലാം സഹിച്ചുനിന്നേ മതിയാകൂ. വിശ്വാസത്തിന്റെ ഈ പരിശോധനകൾ നേരിടുന്നതിനെ ‘കാലാളുകളോടൊപ്പം’ ഓടുന്നതിനോട് ഉപമിക്കാം. എന്നാൽ “മഹാകഷ്ടം” അടുക്കുന്തോറും നാം കൂടുതൽ വെല്ലുവിളി നിറഞ്ഞ പ്രശ്നങ്ങൾ പ്രതീക്ഷിക്കേണ്ടതുണ്ട്. (മത്താ. 24:21) അവയെ നേരിടുന്നത് ‘കുതിരകളോടു മത്സരിച്ചോടുന്നതിനു’ സമാനമായിരിക്കും. കുതിച്ചുപായുന്ന കുതിരകൾക്കൊപ്പം ഓടാൻ കഴിയണമെങ്കിൽ ഒരു മനുഷ്യൻ അസാധാരണമായ ശക്തി ആർജിക്കേണ്ടതുണ്ട്. അതെ, നാം ഇപ്പോൾ നേരിടുന്ന പരിശോധനകളിൽ സഹിച്ചുനിൽക്കുന്നത് നേരിടാനിരിക്കുന്ന കഷ്ടങ്ങൾ സഹിക്കാൻ നമ്മെ സജ്ജരാക്കും.
20. എന്താണ് നിങ്ങളുടെ ദൃഢനിശ്ചയം?
20 പ്രസംഗിക്കാനുള്ള നിയോഗം വിജയകരമായി പൂർത്തിയാക്കാൻ യിരെമ്യാവിനെപ്പോലെ നമുക്കെല്ലാം സാധിക്കും! നീണ്ട 67 വർഷം വിശ്വസ്തമായി തന്റെ ശുശ്രൂഷ നിർവഹിക്കാൻ സ്നേഹം, ധൈര്യം, സന്തോഷം എന്നിവപോലുള്ള ഗുണങ്ങൾ യിരെമ്യാവിനെ പ്രേരിപ്പിച്ചു. യഹോവ തന്റെ വാക്കു പാലിക്കാൻ ‘ഉണർന്നും’ ‘ജാഗരിച്ചുമിരിക്കുന്നു;’ മനോഹരമായ ബദാം പുഷ്പങ്ങൾ നമ്മെ അനുസ്മരിപ്പിക്കുന്നത് അതാണ്. യഹോവയെ അനുകരിച്ചുകൊണ്ട് നമുക്കും നമ്മുടെ കർത്തവ്യം നിർവഹിക്കാൻ ‘ഉണർന്നും’ ‘ജാഗരിച്ചുമിരിക്കാം.’ യിരെമ്യാവിന് അതു കഴിഞ്ഞു, നമുക്കും കഴിയും!
ഓർമിക്കുന്നുവോ?
• തന്റെ നിയോഗം നിറവേറ്റാൻ സ്നേഹം യിരെമ്യാവിനെ സഹായിച്ചത് എങ്ങനെ?
• നമുക്ക് ദൈവദത്തമായ ധൈര്യം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
• സന്തോഷം നിലനിറുത്താൻ യിരെമ്യാവിനെ എന്താണ് സഹായിച്ചത്?
• ‘ഉണർന്നിരിക്കാൻ’ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
[31-ാം പേജിലെ ചിത്രങ്ങൾ]
എതിർപ്പുകൾ ഉണ്ടായാലും നിങ്ങൾ പ്രസംഗവേല തുടരുമോ?